ജീവിതം ജീവിതം പറയുമ്പോള്‍

മനസ്സ് ഒരു വികൃതിയാണ്. അത് ഒരു വലയത്തിലകപ്പെട്ടാല്‍ പിന്നെ ചിന്തയും വാക്കും കര്‍മ്മവും അതിനെ ചുറ്റിപ്പറ്റി മാത്രമാകും. അതുവരെ സുഗമമായി ഒഴുകിയിരുന്ന വെളിച്ചങ്ങളെല്ലാം ഏതോ ആഴങ്ങളില്‍ മറഞ്ഞു കിടക്കും. ശരിക്കും ചുഴിയിലകപ്പെട്ട ഒരവസ്ഥയാണതെന്ന് ആ വലയത്തില്‍നിന്ന് പുറത്തു വരുന്നതുവരെ അറിയുകയേയില്ല. അതുകൊണ്ടാണ് നാരായണഗുരു പറഞ്ഞത് ‘പ്രകൃതി പിടിച്ചു ചുഴറ്റിടും പ്രകാരം സുകൃതികള്‍ പോലുമഹോ ചുഴന്നിടുന്നു’ എന്ന്.

ഒന്ന്

തുടക്കം, ഒടുക്കം എന്നീ വേലികള്‍ക്കിടയില്‍ ജീവിതം ഇടുങ്ങിപ്പോയതുകൊണ്ടാകണം ആശയുടെയും നിരാശയുടെയും ഇരുളിലേക്ക് നാം വീണുപോയത്. എവിടെ തുടങ്ങിയെന്നോ എവിടെ അവസാനിക്കുമെന്നോ പറയാനാവാത്ത ജീവന്റെ പ്രവാഹമാണ് ജീവിതമെന്ന് അറിഞ്ഞനുഭവിക്കുന്നവന് തുടക്കവുമില്ല, ഒടുക്കവുമില്ല. തുടക്കവും ഒടുക്കവും ഇല്ലാതാവുന്നതോടെ ആശനിരാശകളുടെ കെട്ടുകളും അഴിഞ്ഞു തുടങ്ങും. താത്വികമായി ഇതാണ് സത്യമെങ്കിലും ഒരു തുടക്കമില്ലാതെ ജീവിക്കാനാവാത്ത നാം എന്തു ചെയ്യും?
തുടങ്ങിയാല്‍ അത് ഒടുങ്ങുമെന്നും ഒടുങ്ങിയാല്‍ സങ്കടമാകുമെന്നും എത്ര അനുഭവിച്ചിട്ടും നാം വീണ്ടും തുടങ്ങുന്നത് മറ്റൊരു വഴി ജീവനില്‍ നാമ്പിടാത്തതിനാല്‍ തന്നെയാണ്. ഇവിടെയാണ് കാല്പനികം എന്നൊക്കെപ്പറഞ്ഞ് നാം തള്ളിക്കളയുന്ന ഉപനിഷത്തുക്കള്‍ പോലെയുള്ള ഗ്രന്ഥങ്ങള്‍ സംസാരിക്കുന്ന ഭാഷയും നാം കേള്‍ക്കാന്‍ തയ്യാറാകേണ്ടത്.
നമുക്ക് അനുഭവമില്ല എന്ന ഒരൊറ്റ കാരണത്താലാണ് എന്തും കാല്പനികമായിരിക്കുന്നതെന്ന് നമുക്കു മറക്കാതിരിക്കാം. ഇലക്ട്രിസിറ്റിയെ കുറിച്ചറിയാത്ത ആള്‍ക്ക് സ്വിച്ചിട്ടാൽ ബള്‍ബു കത്തുന്നതു കണ്ടാല്‍ അത്ഭുതമാണ്. എന്നാല്‍ അതിനു പിന്നിലെ സത്യം അറിയുന്നതോടെ അത് പച്ചപ്പരമാര്‍ത്ഥം പരമ യാഥാര്‍ത്ഥ്യം.
ആത്മീയതയുടെ അത്ഭുതകഥകളെക്കുറിച്ചല്ല പറയുന്നത്. ജീവനില്‍ മറഞ്ഞും തെളിഞ്ഞും വിളങ്ങുന്ന സമാധാനത്തിനുള്ള സാദ്ധ്യതയെക്കുറിച്ചാണ്. ജീവിതം അനന്തമാണെന്നറിയുന്ന ബോധത്തിലേ സമാധാനം സജീവമാകൂ. അനുഭവിച്ചവര്‍ പറഞ്ഞ ആ വാക്കിനെ നമുക്ക് ഹൃദയത്തിലേക്കാവാഹിക്കാം. പിച്ചവെച്ച് നടന്നു തുടങ്ങാം.

രണ്ട്
എന്താണ് ധ്യാനമെന്ന് ഒരാള്‍ ചോദിച്ചപ്പോള്‍ ഇങ്ങനെയാണ് പറയാൻ തോന്നിയത്:
നാം ഒരു പൂവു കാണുമ്പോള്‍ പൂ മാത്രമല്ല കാണുന്നത്. പല കാഴ്ചകളില്‍ ഒരു കാഴ്ച മാത്രമാണത്. കുറച്ചുസമയം പൂവിനടുത്തു ചിലവഴിക്കാന്‍ തയ്യാറാണെങ്കില്‍ പൂവിന്റെ ആത്മാവിലേക്കു പ്രവേശിക്കാനുള്ള വഴി അതു തുറന്നു തരും. ഇതളുകളുടെ മാര്‍ദ്ദവവും വര്‍ണ്ണവൈവിധ്യവും കേസരങ്ങളും അതീവലോലമായ നാഡികളുമെല്ലാം ഒരു മഹാപ്രപഞ്ചംപോലെ വിരിഞ്ഞുവരും. പല കാഴ്ചകളില്‍ ഒരു കാഴ്ച മാത്രമായിരുന്നു അതുവരെ പൂവെങ്കില്‍ ഇപ്പോള്‍ നാം പൂവിന്റെ സവിശേഷതകളെ അനുഭവിക്കുകയാണ്. കണ്ണുകൊണ്ടാണ് നാം നോക്കുന്നതെങ്കിലും എല്ലാ ഇന്ദ്രിയങ്ങളും ആ പൂവിലേക്ക് സ്വാഭാവികമായി ഏകമുഖമായിത്തീരും. ഒരിന്ദ്രിയം സജീവമാകുമ്പോള്‍ മറ്റിന്ദ്രിയങ്ങളെല്ലാം അതിനോടൊപ്പം സജീവമാകുകയെന്നത് ഇന്ദ്രിയങ്ങളുടെ സ്വാഭാവികസ്ഥിതിയാണ്. നാം നിശ്ചലരാവും. ഏകാഗ്രമായ ശ്രദ്ധ ഇന്ദ്രിയങ്ങളില്‍ നിറയും. പൂ നമ്മിലും നാം പൂവിലും അമർന്ന് പോകും. ഏതോ മൗനത്താൽ എല്ലാം വലയം ചെയ്യപ്പെട്ടിരിക്കുന്നെന്ന ആനുഭൂതികമായ ഒരുണര്‍വിലേക്കാവും ആ അനുഭവം നമ്മെ കൊണ്ടുപോകുക. ഇന്ദ്രിയങ്ങളെല്ലാം ഏതോ ഉണ്മയില്‍ വിലയം പ്രാപിക്കും. അവിടെയാണ് നാം നമ്മുടെ ധ്യാനസ്ഥലി അനുഭവിച്ചറിയുക. അത് ബാഹ്യത്തെ സൂക്ഷ്മമായി അനുഭവിക്കാന്‍ സമയം കൊടുക്കാന്‍ തയ്യാറായാല്‍ സംഭവിക്കുന്ന അപൂര്‍വതയാണ്.
മൂന്ന്
കണ്ണുകള്‍ കാഴ്ചയില്‍ നിന്നും കാതുകള്‍ കേള്‍വിയില്‍ നിന്നും മറ്റിന്ദ്രിയങ്ങളും മനസ്സും ബുദ്ധിയും അതതിന്റെ കര്‍മ്മലോകങ്ങളില്‍ നിന്നും മെല്ലെമെല്ലെ ഒഴുകിയൊഴുകി അതുണര്‍ന്നുവന്ന ഗര്‍ഭപാത്രത്തിലേക്ക് നിമീലിതമായിപ്പോകുന്ന നിമിഷങ്ങളിലാണ് ജീവിതം അതിന്റെ എല്ലാ ഉണര്‍വോടുംകൂടി ഒരമ്മ കുഞ്ഞിനോടു കഥ പറയുന്നതുപോലെ തന്റെ തനിമയാര്‍ന്ന വാത്സല്യത്തെ പറഞ്ഞുതുടങ്ങുക. നാദാത്മകമായ ആ അറിവിന്റെ കരുണയേറ്റ് ഇന്ദ്രിയങ്ങളും മനസ്സും ബുദ്ധിയും മെല്ലെയുണര്‍ന്ന് പുറത്തോട്ടു നോക്കുമ്പോള്‍, കാണുന്ന കാഴ്ചകളത്രയും കേള്‍ക്കുന്ന വാക്കുകളത്രയും സ്പര്‍ശരുചിഗന്ധങ്ങളൊക്കെയും വികാരവിചാര സ്പന്ദനങ്ങളൊക്കെയും മൗനാത്മകമായ ആവിഷ്‌ക്കാരങ്ങള്‍! അറിവായ അറിവുകളിലെല്ലാം കനിവിന്റെ മൃദുത്വം! ജീവിതത്തിനുതന്നെ ഒരു ജീവിതം കിട്ടിയതുപോലുള്ള നവോന്മേഷം ഉള്ളതിനെ നന്നായനുഭവിക്കാനുള്ള നന്നാവല്‍ മാത്രമേ വേണ്ടതുള്ളൂവെന്നു പറയുന്ന അറിവുകളിലേക്കുമാത്രം ധ്യാനാത്മകമായാല്‍ മതിയെന്ന് ആരോ ഉള്ളിലിരുന്ന് മൊഴിയുന്നുണ്ട്. ആ മൊഴിയിലാണ്, സാരമത്രയും സത്തായിരിക്കുന്നതെന്ന് ജ്ഞാനം.

നാല്
ആകാശങ്ങളായ ആകാശങ്ങളിലെല്ലാം പറന്നു. ഭൂമിയായ ഭൂമിയിലെല്ലാം പരതി. കടലായ കടലിലെല്ലാം നീന്തി. പേരായ പേരിലെല്ലാം വിളിച്ചു. മനമായ മനങ്ങളിലെല്ലാം തേടി. തളര്‍ന്നു തളര്‍ന്നു ഒരിടത്തിരുന്നപ്പോള്‍ ആരോ വന്നു ചോദിച്ചു: എന്തിനെയാണു തേടുന്നത്? തേടിത്തേടി തേടല്‍ മാത്രമായി മാറിയ ബോധം ആ ചോദ്യത്തിനു മുന്നില്‍ നിശ്ചലമായി. അതുവരെ ചോദ്യങ്ങളില്‍ ഉടക്കിക്കിടന്ന ജീവിതം അടഞ്ഞുകിടന്ന വാതിലുകളെല്ലാം തുറന്നിട്ടു. ഇന്ദ്രിയങ്ങള്‍ സജീവമായി, മനസ്സ് വിരിഞ്ഞു, ഹൃദയം തുറന്നു, ബുദ്ധി തെളിഞ്ഞു, ചുറ്റുപാടുകളിലേക്കുണര്‍ന്ന ജീവിതം, ജീവിതത്തെ സ്നേഹിക്കാന്‍ തുടങ്ങി, അതുവരെ ചുറ്റിപ്പറ്റി നിന്നിരുന്ന ചോദ്യങ്ങള്‍ അനന്തതയില്‍ വിലയിച്ചു. ഉത്തരങ്ങളായ ഉത്തരങ്ങളെല്ലാം പിൻവലിഞ്ഞു.. ഇനി ആകെയുള്ളത് ജീവിതംമാത്രം. അതിന്റെ ശ്രുതിമധുരമായ നാദംമാത്രം. കരുണാര്‍ദ്രമായ വിങ്ങല്‍ മാത്രം. പ്രാര്‍ത്ഥനാന്വിതമായ കണ്ണുനീര് മാത്രം. അങ്ങനെയങ്ങനെ. ജീവിതം ജീവിതത്തെ, ജീവിതത്തില്‍ നിന്നുതന്നെ കണ്ടെടുത്തു.

അഞ്ച്
മനസ്സ് ഒരു വികൃതിയാണ്. അത് ഒരു വലയത്തിലകപ്പെട്ടാല്‍ പിന്നെ ചിന്തയും വാക്കും കര്‍മ്മവും അതിനെ ചുറ്റിപ്പറ്റി മാത്രമാകും. അതുവരെ സുഗമമായി ഒഴുകിയിരുന്ന വെളിച്ചങ്ങളെല്ലാം ഏതോ ആഴങ്ങളില്‍ മറഞ്ഞു കിടക്കും. ശരിക്കും ചുഴിയിലകപ്പെട്ട ഒരവസ്ഥയാണതെന്ന് ആ വലയത്തില്‍നിന്ന് പുറത്തു വരുന്നതുവരെ അറിയുകയേയില്ല. അതുകൊണ്ടാണ് നാരായണഗുരു പറഞ്ഞത് ‘പ്രകൃതി പിടിച്ചു ചുഴറ്റിടും പ്രകാരം സുകൃതികള്‍ പോലുമഹോ ചുഴന്നിടുന്നു’ എന്ന്. കാര്‍മേഘത്തിലകപ്പെട്ട സൂര്യന്റെ അവസ്ഥയാണത്. അങ്ങനെ ഒരവസ്ഥയിലകപ്പെട്ടാല്‍ ഏറ്റവും ചുരുങ്ങിയത് താനകപ്പെട്ടിരിക്കുന്നു എന്നറിയലാണ് ഏറ്റവും പ്രധാനം. പിന്നെ ചിന്തയ്ക്കൊപ്പം വാക്കിനെയും കര്‍മ്മത്തെയും വലിച്ചിഴക്കാതെ മൗനം പാലിക്കുകയെന്ന പ്രയാസകരമായ സംയമം.
ഇതൊക്കെ പറയാനെളുപ്പമാണെങ്കിലും ജീവിക്കുക എളുപ്പമല്ല. അതുകൊണ്ടു തന്നെയാണ് ഒരേ അനുഭവങ്ങളുടെ തുടര്‍ച്ച മാത്രമായി നമ്മുടെ ജീവിതം മാറുന്നത്. സ്വാതന്ത്ര്യത്തിന്റെ ആകാശം ഏറ്റവും വിശാലമായി നമുക്ക് അനുഭവമായി വരിക നാം അകപ്പെടുന്ന ഒരു വികൃതിയില്‍നിന്ന് സംയമത്താല്‍ നമുക്ക് വിടുതല്‍ കിട്ടുന്ന ആ അനുഗൃഹീത നിമിഷത്തിലാവും.നമുക്കു തന്നെ നമ്മോട് ആദരവു തോന്നുന്ന അത്തരം അനുഭവങ്ങളിലൂടെ കടന്നുപോകുമ്പോഴാണ് ജീവിതം ഹാ! എത്ര ധന്യം എന്നു നാം ആരോടെന്നില്ലാതെ പറഞ്ഞു പോവുക.

Author

Scroll to top
Close
Browse Categories