ധന്യത നൽകുന്നത്ധനം

ജീവിതത്തിന്റെ ആഴം തേടിയ ഏതു യാത്രയും അതിരുകളില്ലാത്ത ഹിമ ധവളിമയുടെ നിശ്ചലത്വത്തില്‍ അകപ്പെട്ടു പോയിട്ടുണ്ട്. എങ്ങനെയാണ് ആ വെളിച്ചം നിറഞ്ഞ ഇരുട്ടില്‍ നിന്ന് പുറത്തുവന്നതെന്ന് ചോദിച്ചാല്‍ അവര്‍ക്കെല്ലാം ഒരേ മറുപടിയാണ്: അജ്ഞാതം. അനുഗ്രഹം. അതൊരു മഹത്തായ അതിജീവനം.
ഒന്ന്
എഴുത്തിനിരുത്തേണ്ടത് ഹൃദയത്തെയാണ്. പാരസ്പര്യത്തിന്റെ ആദ്യാക്ഷരം കുറിക്കേണ്ടത് ആ ആകാശത്തിലാണ്.അരുളുള്ളവനാണ് ജീവിയെന്ന വചനം അവിടെ സ്പന്ദിച്ചുകൊണ്ടേയിരിക്കണം. അതാവണം എഴുത്തിനിരുത്ത്. കാതിനെ ശ്രുതിമധുരമായ ശ്രവണംകൊണ്ടും നാക്കിനെ ഉള്ളുതൊടുന്ന വാക്കുകൊണ്ടും കണ്ണിനെ കുളിര്‍മ്മയുള്ള കാഴ്ചകൊണ്ടും ത്വക്കിനെ ഹൃദ്യമായ സ്പര്‍ശംകൊണ്ടും എല്ലാ പ്രഭാതങ്ങളിലും എഴുത്തിനിരുത്തണം. ചിന്തയെ നേരുള്ള വിചാരംകൊണ്ടും കര്‍മ്മത്തെ നിറവുള്ള കരുണകൊണ്ടും പരനെ
അപരനാക്കുന്ന മനനംകൊണ്ടും സ്മൃതികളെ ശ്രുതികളാക്കുന്ന ധ്യാനംകൊണ്ടും നാം നമ്മെ എഴുതിക്കൊണ്ടേയിരിക്കണം. കുഞ്ഞുങ്ങളെയല്ല; മറിച്ച്, കുഞ്ഞുങ്ങളാവാന്‍ നാം നമ്മെയാണ് ആദ്യം എഴുത്തിനിരുത്തേണ്ടത്.
രണ്ട്
എഴുതുന്നതെല്ലാം എന്നോടുള്ള കേഴലാണ്. പറയുന്നതെല്ലാം എന്നിലേക്കുള്ള ചൂണ്ടുവിരലാണ്. അറിയാതെ പോയത്, കാണാതെ പോയത്, കേള്‍ക്കാതെ പോയത്, ഉള്ളിലാരോ പിറുപിറുക്കുമ്പോള്‍ തെളിഞ്ഞു കേള്‍ക്കാനായി മാത്രം എഴുതുന്നവ. പറയുന്നവ. സ്വയം പഠിക്കാന്‍ ഏറ്റവും എളുപ്പമായ വഴി അത് പഠിപ്പിക്കലാണെന്ന് ഗുരു. പഠിപ്പിക്കലിനിടയില്‍ ആ പാഠം മറന്നു പോകരുതെന്നും ഗുരു. തെളിഞ്ഞിരിക്കാന്‍ തെളിച്ചെടുക്കേണ്ടതുണ്ട്. തെളിച്ചെടുക്കാനോ തിമിര്‍ത്തു പെയ്യേണ്ടതുണ്ട്. പെയ്തു തിമിര്‍ക്കുമ്പോള്‍ തെളിമയ്ക്കാണെന്ന കാര്യം മറഞ്ഞു പോകേണ്ടന്നും മൗനമന്ദഹാസത്തോടെ ഗുരു. ഈശ്വരന്‍ സ്വയമറിയാനാണത്രെ സംസൃഷ്ടമായത്. നാം നമ്മെയറിയുന്നതോ നമ്മുടെ പ്രതികരണങ്ങളിലൂടെയും. എന്റെ ചിന്തയില്‍, വാക്കില്‍, നോക്കില്‍,
സ്പര്‍ശത്തില്‍, സ്പന്ദിക്കുന്നത് അപരനോടുള്ള പ്രതികരണമേയല്ല. അത് ഞാന്‍ എന്താണെന്ന് എന്നോടു തന്നെ പറയുകയാണ്. എന്നെ എനിക്ക് വെളിപ്പെടുത്തുകയാണ്.
ഹാ! ജീവിതം. അതേതൊക്കെ വഴിയിലൂടെയാണ് വെളിച്ചമാകുന്നത്. ഇരുട്ടിനെപോലും നിലാവാക്കുന്നത്! നന്ദി ചൊല്ലി നിറയേണ്ട ജീവിതം നിന്ദയോടെ അകറ്റാതിരിക്കണം. ഹൃദ്യമായി പുലരേണ്ട രാവുകള്‍ ക്ഷുദ്രമാക്കി പൊലിയാതെ കാക്കണം!
മൂന്ന്
തങ്ങിനില്ക്കാത്തിടത്തോളം ഏതു യാത്രയും ഉദാത്തമാണ്. അത് നമ്മെ നമ്മില്‍നിന്ന് നമ്മിലേക്കും തുടര്‍ന്ന് അനന്തതയിലേക്കും വഴിതെളിക്കും. ഉറച്ചു നില്ക്കാനല്ല നിറഞ്ഞ ഉറവയാകാനും നിലയ്ക്കാതെ ഒഴുകാനുമാവും അത് പറയുക. കടന്നുവന്ന വഴിയമ്പലങ്ങള്‍ ഉദാത്തം തന്നെ. എന്നാല്‍ കൃതജ്ഞത നമ്മെ എവിടെയും തളച്ചിടാതിരിക്കട്ടെ. കടന്നു പോകേണ്ട വഴികള്‍ നിറവുറ്റതുതന്നെ. എന്നാല്‍ വിശ്വാസം നമ്മുടെ യാത്രയെ അന്ധമാക്കാതിരിക്കട്ടെ. യാത്രികന് വിശ്വാസം നിര്‍ബന്ധമെങ്കില്‍ അത് യാത്രയിലാവട്ടെ. അതു പകരുന്ന ഉണര്‍വ്വുകളിലാകട്ടെ. അതെ! നാം വഴിയാത്രികര്‍. വഴിമാത്രം വഴിയായവര്‍.
നാല്
യാത്ര എന്നും കൂടെയുണ്ടായിരുന്നു. ഞാന്‍ കൂടെ കൂട്ടിയതല്ല. അതെന്നെ കൂടെ കൂട്ടുകയായിരുന്നു. ഒരു തെന്നലായൊഴുകിയെത്തി തങ്ങിനില്ക്കുന്നതില്‍ നിന്നെല്ലാം അതെന്നെ പറത്തിക്കൊണ്ടുപോയി. മലയും കടലും പുഴയും പാടവും കാടും നഗരവും ഗ്രാമവും മനുഷ്യനും പൂവും മരവും! അങ്ങനെയങ്ങനെ കാണേണ്ടതെല്ലാം തൊട്ടും തലോടിയും ചേര്‍ത്തു തന്നു. കൊള്ളേണ്ടതിനെ കൊള്ളാനും തള്ളേണ്ടതിനെ തള്ളാനും അകമേ മൊഴിഞ്ഞത് യാത്രകളായിരുന്നു. അള്ളിപ്പിടിച്ച പലതും കൊഴിഞ്ഞു വീണു. അകറ്റി നിറുത്തിയത് അടുത്തുവന്നു. ജീവിതം! ജീവിതം! എന്ന് മൗനം പറഞ്ഞു. ഒഴുകൂ ഒഴുകൂ എന്ന് വചനം മൊഴിഞ്ഞു. കീഴടക്കാനൊന്നുമില്ല കീഴൊതുങ്ങാനേയുള്ളൂ; അതിജീവിക്കേണ്ടതില്ല ജീവനം മതി; തേടേണ്ടതില്ല നടന്നാല്‍ മതി. യാത്രയ്ക്ക് അത്രയേ പറയാനുള്ളൂ. ദൂരേക്കു ദൂരേക്കു നോക്കാതെ ആധിയും വ്യാധിയും പേറാതെ ഒന്നിനും വേണ്ടിയതല്ലാതെ നടന്നു നടന്നേ പോകുക! ശാന്തം!
അഞ്ച്
പറയാന്‍ വെമ്പിയതും അകമേ വിതുമ്പിയതും പറയാതെ തൊട്ടതോടെയാണ് നീയെനിക്ക് ഗുരുവായത്. തേടിയലഞ്ഞതും പാടിപ്പതിഞ്ഞതും പാടേ മറന്നതോടെയാണ് നീ എന്നില്‍ തെളിഞ്ഞു തുടങ്ങിയത്. സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും പെടാപാടുപെടുന്ന ഹൃദയം സ്നേഹത്തിലേക്ക് തിരിഞ്ഞതോടെയാണ് ആകാശങ്ങളെല്ലാം വിരിഞ്ഞു വന്നത്. അകത്തേക്കു നോക്കാന്‍ പുറത്തോട്ടാണൊഴുകേണ്ടതെന്ന് അടക്കം പറഞ്ഞപ്പോഴാണ് ഗുരുത്വമെന്തെന്ന് അകം നിറഞ്ഞത്. ഉന്നതിയിലെത്താന്‍ ഓടേണ്ടതില്ലെന്നും നില്ക്കുന്നിടത്ത് നിറഞ്ഞാല്‍ മതിയെന്നും നീ മന്ദഹസിച്ചതോടെയാണ് യാത്രകളെല്ലാം ധന്യതയായത്. ചിന്തകളെല്ലാം അനുഗ്രഹമെന്നും ധ്യാനിക്കയെന്നാല്‍ വിശ്രമമെന്നും നെഞ്ചോടുചേര്‍ന്ന് പറഞ്ഞതോടെയാണ് ചിന്തകളെല്ലാം ചിന്മയമായതും ധ്യാനങ്ങളെല്ലാം ഒഴിവുകളായതും. ഗുരോ! നിന്നിലണയാന്‍ വെമ്പിയ ബോധം എന്നിലേക്കാഴത്തില്‍ തിരിഞ്ഞപ്പോഴാണ് തേടിയതെല്ലാം എന്നെയാണെന്നും പാടിയതെല്ലാം ഞാന്‍തന്നെയെന്നും അകവും പുറവും തിങ്ങിവിരിഞ്ഞത്.
ആറ്
ജീവിതത്തിലൂടെ പ്രത്യാശയോടെ പ്രവഹിക്കുമ്പോഴും ചില ചുഴികള്‍ നമ്മെ വന്നു പുല്കാതിരിക്കില്ല. അമാവാസിയുടെ ഇരുള്‍ സ്പര്‍ശമേല്‍ക്കാതെ ഒരു പൗര്‍ണ്ണമിയും ആകാശത്തില്‍ വിരിഞ്ഞിട്ടുമില്ല. ആകാശം തൊട്ടു നില്ക്കുന്ന ഹിമപര്‍വ്വതത്തിലേക്ക് അത്യുത്സാഹത്തോടെ സഞ്ചരിക്കുന്നവന്‍ കടല്‍പോലെ പരന്നുകിടക്കുന്ന തൂവെള്ള മഞ്ഞില്‍ വഴിയറിയാതെ അകപ്പെടുമ്പോള്‍ അനുഭവിക്കുന്ന ഒരു നിര്‍വികാരതയുണ്ട്. അത് ഭയമല്ല. ആശങ്കയുമല്ല. നിര്‍ജ്ജീവമായിപ്പോകുന്ന ഒരു വിരസാവസ്ഥ. ജീവിതത്തിന്റെ ആഴം തേടിയ ഏതു യാത്രയും ആ അതിരുകളില്ലാത്ത ഹിമ ധവളിമയുടെ നിശ്ചലത്വത്തില്‍ അകപ്പെട്ടു പോയിട്ടുണ്ട്. എങ്ങനെയാണ് ആ വെളിച്ചം നിറഞ്ഞ ഇരുട്ടില്‍ നിന്ന് പുറത്തുവന്നതെന്ന് ചോദിച്ചാല്‍ അവര്‍ക്കെല്ലാം ഒരേ മറുപടിയാണ്: അജ്ഞാതം. അനുഗ്രഹം. അതൊരു മഹത്തായ അതിജീവനം.
ഡിപ്രഷന്‍ എന്നു നാം ഇംഗ്ലീഷില്‍ രോഗമായി പറയുന്ന ആ മനോരോഗംപോലെ ഒന്ന്. മനസ്സിനെ നശിപ്പിക്കുന്ന ആ രോഗം ഇവിടെ ദിവ്യമായ ആകാശത്തിലേക്കുള്ള വഴി തുറക്കലാണ്. ഒരേ ലക്ഷണം. ഒരേ ഭാവം. ഒരേ സഞ്ചാരം! നിരാശയുടെയും ദു:ഖത്തിന്റെയും ഇരുളിമയില്‍ അകപ്പെട്ടു പോകുന്ന സഹൃദയരോട് ആ വഴിയില്‍ സഞ്ചരിച്ചവര്‍ക്ക് എന്നും ഒന്നേ പറയാനുള്ളൂ. ഒരു കാര്‍മേഘവും സൂര്യനു കീഴെ അധികനേരം തങ്ങി നില്ക്കുന്നില്ല. ജീവിതം ഏകമുഖമല്ല. ബഹുവിധമായ ഏറ്റിറക്കങ്ങളിലൂടെയേ സജീവമായ എന്തും പ്രവഹിക്കുകയുള്ളൂ. കാലത്തില്‍ വിശ്വസിച്ച് ക്ഷമയോടെയും സ്നേഹത്തോടെയും കാത്തിരിക്കാന്‍ നമുക്കാവുമെങ്കില്‍ കൂടുതല്‍ തെളിമയുള്ള ഒരു ധാരയിലേക്കാവും നാം പ്രവേശിക്കുക. നമ്മുടെ ഓരോരുത്തരുടെയും പൂര്‍വ്വകാലാനുഭവത്തിലേക്ക് വെറുതെ ഒന്നു തിരിഞ്ഞു നോക്കിയാല്‍ മതി. അതെത്ര സത്യമാണെന്ന് തെളിയാന്‍. ഓരോ വിത്തും മരമാവാനും പൂക്കാനും വെമ്പുമ്പോഴും വളര്‍ച്ചയുടെ സ്വാഭാവിക സഞ്ചാരത്തില്‍ ഇടപെടുന്നേയില്ല. പെട്ടെന്ന് പൂക്കുന്നില്ലല്ലോയെന്ന് വിതുമ്പുന്നില്ല. പരാതി പരിഭവങ്ങളില്‍ ഉഴറുന്നില്ല. എല്ലാ ആഴത്തോടെയും ആ അന്തര്‍ദാഹത്തില്‍ ധ്യാനനിരതരാകുന്നതേയുള്ളൂ. അതെ. വഴിയിലെ കാര്‍മേഘങ്ങളെ പഴിക്കേണ്ടതില്ല. അതും സജീവമായ വഴിയമ്പലമാണ്. അവിടെ അല്പമൊന്നു വിശ്രമിച്ച് ആ സഹജമായ യാത്രയുടെ ഭാവഹാവാദികളെ നമുക്ക് ഹൃദയപൂര്‍വം സ്വീകരിക്കാം. നിശ്ചലത്വവും യാത്രയാണെന്ന് നമുക്ക് മറക്കാതിരിക്കാം.
ഏഴ്
തേടുന്നത് ലഭിക്കാത്തതില്‍ നാം പലപ്പോഴും ദു:ഖിതരാണ്. അത് സ്വാഭാവികം. എന്നാല്‍ ലഭിക്കുന്നതില്‍ നമുക്ക് കൃതജ്ഞതയുണ്ടോ? വളരെ കുറവാണ്. അതെത്ര അസ്വാഭാവികമാണ്? എത്ര ലഭിച്ചാലും ലഭിക്കാത്തതിനെ പ്രതിയുള്ള വിഷാദം ഇത്രയും അലട്ടുന്ന മറ്റൊരു ജീവിയുണ്ടാകില്ല. ജീവിതം എന്നെന്നും അതൃപ്തിയോടെ തുടരുന്നതിനു കാരണവും മറ്റൊന്നല്ല. കിട്ടുംതോറും കിട്ടാനുള്ള ദാഹം കൂടുന്നു. കിട്ടുംതോറും നാം കൂടുതല്‍ ദരിദ്രരാവുന്നു. ആവശ്യത്തിനുള്ളപ്പോള്‍ നാം ധാരാളികളായിരുന്നു. കുറെയൊക്കെ തൃപ്തരായിരുന്നു. ആവശ്യത്തില്‍ കൂടുതല്‍ ലഭിക്കാന്‍ തുടങ്ങിയതോടെ നാം പഞ്ഞമുള്ളവരായിത്തുടങ്ങി. ഇതെന്തൊരു പ്രതിഭാസമാണ്. ഇപ്പോള്‍ അല്പം ടൈറ്റിലാണെന്ന് ഏറ്റവും കൂടുതല്‍ പറയുന്നവര്‍ ആരാണ്? ഉള്ളവരാണ്. ആവശ്യത്തില്‍ കൂടുതല്‍ ആര്‍ജ്ജിക്കുന്നവരില്‍ ആലസ്യവും നീരസവും കൂടി വരുമെന്നത് അനുഭവിക്കാത്ത ആരുമില്ല.
ആവശ്യത്തില്‍ കൂടുതല്‍ ഭക്ഷണം കഴിച്ചതിനുശേഷമുള്ള അനുഭവം തന്നെ സാക്ഷി. ഉള്ളതില്‍നിന്ന് ഒരു പങ്ക് അതില്ലാത്തവരിലേക്കു പകരാന്‍ കഴിയുന്നവര്‍ ധന്യരാകും. ധനാഢ്യരാകും. കാരണം കൊടുക്കുംതോറും കൂടുകയും ആര്‍ജ്ജിക്കുംതോറും കുറയുകയും ചെയ്യുന്ന അപൂര്‍വ്വാനുഭൂതിയാണ് തൃപ്തി. നമ്മിലുള്ളത്, അത് ധനമോ അറിവോ സ്നേഹമോ കരുണയോ അതെന്തുമാകട്ടെ. ഒരല്പം അതത്രയും അത്യാവശ്യമായിരിക്കുന്നവരിലേക്ക് പകര്‍ന്നു നോക്കൂ. അന്നു രാത്രി നാം ഏറ്റവും ശാന്തതയോടെ ഉറങ്ങും.