വെളിച്ചം തേടുന്ന വിചാരങ്ങള്‍

പ്രതിസന്ധികളിലൂടെ പ്രവഹിക്കേണ്ടതു കൂടിയാണ് ജീവിതം. അല്പം ഞെരുക്കമുള്ളിടത്തേ ജീവിതത്തിന്റെ തനിമ നാം അനുഭവിക്കുകയുള്ളൂ. എല്ലാം ലഭ്യമായിടം ആലസ്യവും നീരസവുമാണ്. കാത്തിരിപ്പില്ലെങ്കില്‍ പ്രണയത്തിനെന്താണ് മൂല്യം? എന്നും പൗര്‍ണ്ണമിയായാല്‍ രാത്രിയ്‌ക്കെന്താണ് ഭംഗി? മാറി വരുന്ന ഋതുക്കളില്ലെങ്കില്‍ പിന്നെന്തു പ്രകൃതി? എപ്പോഴും സന്തോഷമെങ്കില്‍ പിന്നെ സന്തോഷത്തിനെന്താണ് പ്രസക്തി?

ഒന്ന്
നമ്മുടെ അഭാവം അനുഭവിപ്പിക്കുന്നതെവിടെയോ അവിടെയാണ് സമാധാനം. അതിന് നാം നമ്മില്‍നിന്നും നമ്മെ വിടര്‍ത്തി ചുറ്റുപാടുകളിലെ നന്മകളിലേക്കും സൗന്ദര്യങ്ങളിലേക്കും ഉണരേണ്ടതുണ്ട്. അതു നമ്മെ
നമ്മിലേക്ക് കൂടുതല്‍ആഴത്തില്‍ സഞ്ചരിക്കാനുള്ള വഴിയൊരുക്കിത്തരും. നാം എന്നാല്‍ കേവലം ഒരു വ്യക്തിമാത്രമല്ലെന്ന് അത് തൊട്ടുതരും. സമഷ്ടിസാന്നിദ്ധ്യത്തെ അനുഭവിപ്പിക്കും. ഹിമാലയത്തിന്റെ ഉച്ചിയിലും സാഗരസാന്നിദ്ധ്യത്തിലും നിറനിലാവിലും നക്ഷത്രമിന്നലിലും കുഞ്ഞിന്‍ കുസൃതിയിലും ശാന്തമായ പുഴയരികിലും പ്രണയസൗഹൃദനിമിഷങ്ങളിലും നാം നമ്മിന്‍നിന്നുമുണര്‍ന്ന് ആ തനിമയിലലിഞ്ഞ് ഹൃദയത്തില്‍ ഹൃദയംചേര്‍ത്ത് ഇരുന്നുപോയിട്ടുണ്ട്. ഇനിയുമിനിയും അനുഭവിക്കാന്‍ അനുഗ്രഹമരുളണേ എന്ന് നാം നമ്മോടുതന്നെ പ്രാര്‍ത്ഥിച്ചുപോയിട്ടുള്ളത് നാം നമ്മില്‍നിന്നും കൊഴിഞ്ഞുപോയ നിമിഷങ്ങളെയോര്‍ത്താണ്.
ഇല്ലായ്മയുടെ മഹത്വം അനുഭവിച്ച ആ നിമിഷങ്ങളിലേക്ക് വിരല്‍ചൂണ്ടിയാണ് ലാവോത്സു പറഞ്ഞത്; ഉള്ളതിന്റെ പ്രയോജനമിരിക്കുന്നത് ഇല്ലായ്മയിലാണെന്ന്. രണ്ട് ഇന്നലെകള്‍ നല്കിയ അനുഭവങ്ങളുടെ കയ്പും മധുരവും അത്ര എളുപ്പം എടുത്തുകളയാനാവില്ല. നാളെയിലേക്ക് നീളുന്ന പ്രത്യാശയും ആകാംക്ഷയും നിറഞ്ഞ ആ ആധിയെ ഇല്ലാതാക്കാനെളുപ്പവുമല്ല. ഇന്ന് നമുക്കു മുന്നിലുള്ള വെല്ലുവിളികളില്‍ നിന്ന് അകന്നു മാറാനുമാവില്ല. കാരണം ഇതൊക്കെ ചേര്‍ന്നാണ് ജീവിതം. ഇതില്ലാതാവുന്നതാണ് മരണം. ഇതിന്റെ ഏറ്റക്കുറച്ചിലുകളാണ് ഇരുട്ടായും വെളിച്ചമായും ജീവിതത്തില്‍ പ്രസരിക്കുന്നത്. ഇവിടെ, ഇപ്പോള്‍, ഈ നിമിഷത്തില്‍ നിറഞ്ഞിരിക്കുക. ആനന്ദിക്കുക. എന്നൊക്കെ പറയുന്നത് കവിതയാണ്. അതും നാം ആസ്വദിക്കണം. കാരണം കവിതയും ജീവിതമാണ്.
രണ്ട്
പ്രതിസന്ധികളിലൂടെ പ്രവഹിക്കേണ്ടതു കൂടിയാണ് ജീവിതം. അല്പം ഞെരുക്കമുള്ളിടത്തേ ജീവിതത്തിന്റെ തനിമ നാം അനുഭവിക്കുകയുള്ളൂ. എല്ലാം ലഭ്യമായിടം ആലസ്യവും നീരസവുമാണ്. കാത്തിരിപ്പില്ലെങ്കില്‍ പ്രണയത്തിനെന്താണ് മൂല്യം? എന്നും പൗര്‍ണ്ണമിയായാല്‍ രാത്രിയ്‌ക്കെന്താണ് ഭംഗി? മാറി വരുന്ന ഋതുക്കളില്ലെങ്കില്‍ പിന്നെന്തു പ്രകൃതി? എപ്പോഴും സന്തോഷമെങ്കില്‍ പിന്നെ സന്തോഷത്തിനെന്താണ് പ്രസക്തി? പ്രകൃതിയുടെ സ്വാഭാവിക സഞ്ചാരങ്ങളെ അറിയാതെ ഒരിക്കലും സംഭവിക്കാത്ത തുടര്‍ച്ചകളെ മോഹിച്ച് പ്രയത്‌നിക്കുന്നതിനാലല്ലേ നാമിങ്ങനെ ഉള്ളതുകൂടി അനുഭവിക്കാനാവാതെ വിഷമിക്കുന്നത്?!
മൂന്ന്
അരതിയാണ് ബോധമനുഭവിക്കുന്ന ഏറ്റവും രോഗാതുരമായ അവസ്ഥ. അറിവ് ജീവിതത്തിന്റെ നിരര്‍ത്ഥകതയിലേക്ക് നമ്മെ നയിക്കുമ്പോള്‍ അതേ അറിവുകൊണ്ട് പുല്‍ക്കൊടി മുതല്‍ പരംപൊരുള്‍ വരെ എല്ലാറ്റിലും പ്രേമാതുരമായ താല്പര്യത്തെ ഉണര്‍ത്തി ജീവിക്കുകയാണ് ചെയ്യേണ്ടത്. ഇന്ദ്രിയങ്ങളെയും മനസ്സിനെയും ബുദ്ധിയെയും അതതിന്റെ ലോകങ്ങളില്‍ പ്രസന്നമായി വ്യാപരിപ്പിക്കുമ്പോഴാണ് നിരര്‍ത്ഥകത എന്ന ആ സത്യം കൂടുതല്‍ അര്‍ത്ഥവത്തായിത്തീരുക. അത് നമുക്ക് നീരസവും അതൃപ്തിയും നിറഞ്ഞ തമസ്സിലേക്കാവും ആ അറിവ് നമ്മെ നയിക്കുക.
നാല്
നക്ഷത്രങ്ങളും വെണ്‍മേഘങ്ങളും നിലാവ് പൊഴിക്കും ചന്ദ്രനും ആകാശത്തേക്കുണര്‍ന്നു നില്ക്കുന്ന മലനിരകളും ഉച്ചിയില്‍ ഹിമം ചൂടിയ പര്‍വ്വതങ്ങളും അതിവിശാലമായ താഴ് വരകളും കുതിച്ചു പാഞ്ഞൊഴുകുന്ന നദികളും വിജനതകളില്‍ ധ്യാന നിരതരായ തപസ്വികളും പറഞ്ഞതൊന്നു മാത്രം: ജീവിതം ഒരു സാദ്ധ്യതയാണ്. ചിന്തകൊണ്ട് അത് കലുഷമാക്കരുത്. വിഭാഗീയതകൊണ്ട് അക്രമമാകരുത്. ശരികളെ വശത്താക്കി തെറ്റാകരുത്. ഞാനെന്നും നീയെന്നും മുറിച്ചു മാറ്റരുത്. അലിവുകൊണ്ട് അത് വെളിച്ചമാകണം. അറിവുകൊണ്ട് അത് അന്‍പാകണം. ഹൃദയംകൊണ്ട് അത് ഹൃദ്യമാകണം. നന്മകൊണ്ട് അത് നന്ദിയാകണം. അതെ. ജീവിതം ഒരു സാദ്ധ്യതയാണ്. മരിച്ചു ജീവിക്കാതെ ജീവിച്ചു മരിക്കേണ്ട സാദ്ധ്യത. അതു നാം അറിയാതെ പോകരുതെന്നേ ഏതു സൗന്ദര്യത്തിനും പറയാനുള്ളൂ. ഏതറിവിനും മൊഴിയാനുള്ളൂ. ഏതു കാറ്റിനും ചൊല്ലാനുള്ളൂ. അതു നാം കേട്ടിരുന്നെങ്കില്‍! അതു നാം തൊട്ടിരുന്നെങ്കില്‍!
അഞ്ച്
മരണംവന്ന് കൂട്ടിക്കൊണ്ടുപോകുമ്പോള്‍ ധന്യതയോടെ സ്മരിക്കാന്‍ ഒരു നന്മയെങ്കിലും പകര്‍ന്നു വയ്ക്കണം. ഒരു നോട്ടമെങ്കിലും കരുണയാകണം ഒരു സ്പര്‍ശമെങ്കിലും തലോടലാകണം. ഒരിത്തിരി സമയമെങ്കിലും സ്വയം നല്കണം. ഒരിക്കലെങ്കിലും ജീവിതത്തെ നന്ദിയോടെ സ്മരിക്കണം. ഒരാളോടെങ്കിലും പരാതിപരിഭവമില്ലാതെ പൊറുക്കണം. ഒരാളെങ്കിലും എന്നെ മനസ്സിലാക്കിയെന്നറിയണം. ഒരിക്കലെങ്കിലും ആവശ്യക്കാര്‍ക്ക് സാന്നിദ്ധ്യമാകണം. ഒരു ചെടിയെങ്കിലും നടണം. ഒരു കിളിക്കെങ്കിലും ദാഹജലം പകരണം. രണ്ടുമണി ധാന്യമെങ്കിലും മുറ്റത്തു വിതറണം. ഒരിക്കലെങ്കിലും ആകാശംനോക്കി കിടക്കണം. നക്ഷത്രങ്ങളോടിത്തിരി കിന്നാരം പറയണം. മലമുകളിലോ കടലോരത്തോ വെറുതെ നടക്കണം. പ്രാരാബ്ധം പറഞ്ഞ് ഇതൊന്നും നാം ഒഴിവാക്കരുത്. കാരണം മരണത്തിനൊപ്പം നമുക്ക് ധന്യതയോടെ പോകേണ്ടതുണ്ട്.
ആറ്
ഏതു ദര്‍ശനത്തെയാണ് നിങ്ങള്‍ പിന്തുടരുന്നതെന്ന് പലരും ചോദിക്കാറുണ്ട്. ഞാന്‍ ഒരു ദര്‍ശനത്തെയും പിന്തുടരുന്നില്ലെന്നും ജീവിതത്തെ ഉണര്‍വ്വുള്ളതാക്കാന്‍ സഹായിക്കുന്ന ഹൃദ്യമായ ഏതു ദര്‍ശനത്തെയും ഹൃദയത്തോട് ചേര്‍ത്തു വയ്ക്കാറുണ്ടെന്നുമാണ് മറുപടി പറയാറ്. പുതിയ കാലം ആവശ്യപ്പെടുന്നത് സ്വരലയമാണ്. അനേകം ദാര്‍ശനിക സംഗീതധാരകള്‍ മനുഷ്യബോധത്തില്‍നിന്നും ഉണരുകയും ആ ധാരയെ ചുറ്റിപ്പറ്റി അനേകം കൂട്ടങ്ങള്‍ ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. ഇനി ഈ കൂട്ടങ്ങള്‍ ഒന്നിച്ചിരുന്ന് വലിയൊരു കൂട്ടമാകേണ്ടതുണ്ട്. അവിടെയേ ചെറു കൂട്ടങ്ങള്‍തമ്മിലുള്ള സംശയത്തിനും സംഘര്‍ഷത്തിനും അയവു വരികയുള്ളൂ. ഒരു വിഷയത്തില്‍ മിടുക്കരായവര്‍ തനിക്ക് അപരിചിതമായ മറ്റൊരു വിഷയത്തിനരികില്‍ ചെന്നിരിക്കാന്‍ മനസ്സു കാണിച്ചാല്‍ അവിടെ സംഭവിക്കുന്നതാണ് വിനയം. അത്തരം വിനയങ്ങളാണ് നമ്മില്‍ സംഭവിക്കേണ്ടത്.
ഏഴ്
പരിസ്ഥിതിസംരക്ഷകര്‍ സംഗീതജ്ഞര്‍ക്കൊപ്പവും മതവിശ്വാസി ശാസ്ത്രചിന്തകരോടൊത്തും ചിത്രം വരയ്ക്കുന്നവര്‍ സാഹിത്യകാരന്മാര്‍ക്കൊപ്പവും ദാര്‍ശനികന്മാര്‍ കവികള്‍ക്കൊപ്പവും ഇരുന്നു ശീലിക്കേണ്ടതുണ്ട്. പള്ളിയില്‍ അമ്പലക്കാരും അമ്പലത്തില്‍ ചര്‍ച്ചുകാരും വന്നിരുന്ന് സ്‌നേഹം പറയാനുള്ള അവസരമുണ്ടായിരുന്നെങ്കിലെന്ന് ആശിച്ചുപോയിട്ടുണ്ട്. ഒരു യുക്തിവാദിക്ക് മതവിശ്വാസിയോടൊപ്പം വാദിക്കാനും ജയിക്കാനുമല്ലാതെ സൗഹൃദത്തോടെ ഇരിക്കാന്‍ കഴിഞ്ഞാല്‍ മതവിശ്വാസങ്ങളിലെ അന്ധത്വവും യുക്തിവാദത്തിലെ കാര്‍ക്കശ്യവും മയപ്പെടുകതന്നെ ചെയ്യും.