ദയയുടെ മഹാസാഗരം
ഒരു വെളിച്ചം നമ്മുടെ ഉള്ളില്‍ വരുമ്പോള്‍ കരുണയുടെയും ദയയുടെയും കരുതലിന്റെയുമൊക്കെ കടല്‍ നെഞ്ചില്‍ വന്നു നിറയുന്നത് പോലെയാണ്. അതുവരെ നമ്മളില്‍ നിന്ന് അകറ്റി നിര്‍ത്തിയിരുന്നവരെയെല്ലാം നമ്മള്‍ ചേര്‍ത്ത് പിടിക്കും. ആരില്‍ നിന്നൊക്കെയാണോ നമ്മള്‍ അകന്നു നിന്നത്, അവരിലേക്കെല്ലാം നമ്മള്‍ കടന്നു ചെല്ലും. അങ്ങനെ ദയയുടെ ഒരു മഹാസാഗരമായി നമ്മുടെ ബോധം മാറും
അകവും പുറവും തിങ്ങും
മഹിമാ വാര്‍ന്ന നിന്‍പദം
പുകഴ്ത്തുന്നു ഞങ്ങളങ്ങു
ഭഗവാനേ ജയിക്കുക
നമ്മള്‍ ഇതുവരെ പറഞ്ഞ അറിവുകളെയെല്ലാം ആഴത്തില്‍ ധ്യാനാത്മകമാക്കുമ്പോള്‍, അറിവുകളെയെല്ലാം നമ്മുടെ ജീവിതത്തിലേക്ക്, നമ്മുടെ ബോധത്തിലേക്ക് സ്വാംശീകരിക്കുമ്പോള്‍ നെഞ്ചില്‍ വന്നുറയുന്ന ഒരു മഹിമയുണ്ട്. അതുവരെ സങ്കുചിതമായിരുന്ന നമ്മുടെ ബോധം വികസിച്ച് വിശ്വവിശാലമായ വെളിച്ചത്തിലേക്ക് ഉണരും. ആ ഒരു മഹിമയിലേക്കുണര്‍ന്ന് പറയുകയാണ്; അവിടെ അകമെന്നോ പുറമെന്നോ ഇല്ല. അകമെന്നും പുറമെന്നുമൊക്കെ തോന്നിയിരുന്നത് അറിവില്ലായ്മ കൊണ്ടാണ്. ബോധത്തിന് വികാസമില്ലാത്തതു കൊണ്ടാണ്.
ഗുരു പറഞ്ഞ അറിവുകളിലൂടെയൊക്കെ സഞ്ചരിച്ചപ്പോള്‍ അകവും പുറവും തിങ്ങി നില്‍ക്കുന്ന ഒരു മഹിമ അനുഭവിക്കാന്‍ കഴിയുന്നു. നിന്റെ നാമം അകവും പുറവും തിങ്ങി നില്‍ക്കുന്ന മഹിമാവായി അനുഭവിക്കുന്നു. ഇപ്പോള്‍ ഉള്ളില്‍ നിറഞ്ഞു നില്‍ക്കുന്ന മഹിമയുണ്ടെല്ലോ, അകവും പുറവും തിങ്ങി നില്‍ക്കുന്ന വെളിച്ചമുണ്ടെല്ലോ, അത് എന്നെന്നും ജയിക്കട്ടെ. അത് ഒരിക്കലും അഴിഞ്ഞു പോകാതെ ഹൃദയത്തില്‍ എപ്പോഴും നിറഞ്ഞു നില്‍ക്കട്ടെ.
ജയിക്കുക മഹാദേവ!
ദീനാവന പ രായണ!
ജയിക്കുക ചിദാനന്ദ!
ദയാ സിന്ധോ ജയിക്കുക!
ആ മഹിമാവില്‍ ഇരുന്നിട്ട് നമ്മള്‍ പറയുകയാണ്, ജയിക്കുക മഹാദേവ. ഉള്ളിലുള്ള എല്ലാ ഇരുട്ടും മാറി കുറച്ചു സമയത്തേക്കെങ്കിലും എന്റെ നെഞ്ചില്‍ വെളിച്ചമായി നില്‍ക്കുന്ന ഭാവമേ; നീ ജയിക്കുക. നീ എന്നെന്നും നിലനില്‍ക്കുക. ദുഃഖമനുഭവിക്കുന്ന, വേദന അനുഭവിക്കുന്നവര്‍ക്കെല്ലാം സംരക്ഷകനായിരിക്കുന്ന, ആശ്രയമായിരിക്കുന്ന വെളിച്ചമേ, ദയാസിന്ധുവായിരിക്കുന്നവനേ, അനുകമ്പയും അരുളുമൊക്കെ ആയിരിക്കുന്നവനേ, എന്റെ ചിദാകാശത്തില്‍ ആനന്ദമായി, സമാധാനമായി വിളങ്ങുന്നവനേ, നീ ജയിക്കുക എന്നാണ് ആ അനുഭവത്തില്‍ ധ്യാനാത്മകമായി അമര്‍ന്നിരുന്ന് നമ്മോടു തന്നെ പ്രാര്‍ത്ഥിക്കുന്നത്.
അങ്ങനെ ഒരു വെളിച്ചം നമ്മുടെ ഉള്ളില്‍ വരുമ്പോള്‍ കരുണയുടെയും ദയയുടെയും കരുതലിന്റെയുമൊക്കെ കടല്‍ നെഞ്ചില്‍ വന്നു നിറയുന്നത് പോലെയാണ്. അതുവരെ നമ്മളില്‍ നിന്ന് അകറ്റി നിര്‍ത്തിയിരുന്നവരെയെല്ലാം നമ്മള്‍ ചേര്‍ത്ത് പിടിക്കും. ആരില്‍ നിന്നൊക്കെയാണോ നമ്മള്‍ അകന്നു നിന്നത്, അവരിലേക്കെല്ലാം നമ്മള്‍ കടന്നു ചെല്ലും. അങ്ങനെ ദയയുടെ ഒരു മഹാസാഗരമായി നമ്മുടെ ബോധം മാറും. ആ ഒരു അനുഭവത്തിനാണ് ദൈവം എന്ന് പേരിട്ട് വിളിക്കേണ്ടതെന്ന് ഗുരു ഈ വരികളിലൂടെ പറയുകയാണ്.
ആഴമേറും നിന്‍ മഹസ്സാ-
മാഴിയില്‍ ഞങ്ങളാകവേ
ആഴണം വാഴണം നിത്യം
വാഴണം വാഴണം സുഖം.
വളരെ ഹൃദ്യമായി പല തരത്തിലുള്ള അറിവിലൂടെ, കൃതജ്ഞതയിലൂടെ, അനുഭവത്തിലൂടെയൊക്കെ നമ്മള്‍ കടന്നുപോയി. ആഴമേറിയ അനുഭവത്തിലേക്ക് കുറച്ചു സമയമെങ്കിലും ഇരുന്നു പോകും. ഈ പ്രാര്‍ത്ഥനയില്‍ അലിഞ്ഞാണ് നമ്മള്‍ ഇത് ചൊല്ലുന്നതെങ്കില്‍, നമ്മുടെ ഹൃദയത്തിലേക്ക് സ്വാംശീകരിക്കുന്നതെങ്കില്‍, വെളിച്ചമാകുന്ന ഒരു സാഗരത്തിലേക്ക് വീണ് പോയതുപോലെയുള്ള, അമര്‍ന്നതുപോലെയുള്ള, നിറഞ്ഞതുപോലെയുള്ള ഒരനുഭവമാണ് നമുക്കുണ്ടാകുന്നത്. ആ ആഴിയില്‍ എന്റെ നെഞ്ച് അമര്‍ന്നുപോയിരിക്കുന്നു. അവിടെ ഇനി ആഴ്ന്ന് ധ്യാനാത്മമകമായിട്ടിരിക്കണം. അവിടെതന്നെ വാഴണം. സങ്കുചിതമായ ലോകത്തിലേക്ക് ഉണര്‍ന്ന് വരാതെ വിശാലമായ ലോകത്തില്‍ തന്നെ നിലനില്‍ക്കാന്‍ എന്നെന്നും എനിക്ക് കഴിയണം.
അങ്ങനെയുള്ള അനുഭവത്തിനെയാണ് സുഖം എന്ന് പറയുന്നത്. അതിനു വേണ്ടിയാണ് ഞാന്‍ പ്രാര്‍ത്ഥിക്കുന്നത്. വേറൊന്നിനും വേണ്ടിയിട്ടല്ല. മഹിമയാകുന്ന, വെളിച്ചമാകുന്ന, മഹസ്സാകുന്ന ആഴിയില്‍ സദാ നിറഞ്ഞിരിക്കാനും എന്നെന്നും അവിടെ വാഴാനുംവേണ്ടി. ആ മഹിമാവില്‍, അറിവില്‍ അസ്പന്ദമായി കരുണയോടു കൂടി, ദയയോടു കൂടി, അനുഭൂതിയോടു കൂടി എന്നെന്നും അവിടെ നിറഞ്ഞിരിക്കാന്‍. അതിനുവേണ്ടിയാണ് ഉള്ളിലുള്ള ദൈവത്തോട്, വെളിച്ചത്തോട് ഞാന്‍ പ്രാര്‍ത്ഥിക്കുന്നത്. അതാണ് പരമമായ സുഖത്തെ പ്രദാനം ചെയ്യുക എന്ന് പറഞ്ഞിട്ടാണ് ഗുരു ആ പ്രാര്‍ത്ഥന നിര്‍ത്തുന്നത്.
അപ്പോള്‍ നമ്മള്‍ വിചാരിച്ചതുപോലെയുള്ള ഒരു ലോകത്തിലേക്കെത്തിക്കാനല്ല ഗുരു ദൈവദശകം എഴുതി തന്നിട്ടുള്ളത്, പറഞ്ഞു തന്നത്. നമ്മളില്‍ തന്നെയുള്ള വിശാലമായ ലോകത്തിലേക്ക് ഉണര്‍ന്നു വന്നിട്ട് ആ ആഴിയില്‍ ദയയോടും ആനന്ദത്തോടും കൂടി നിത്യവാസിയാകാന്‍ വേണ്ടിയിട്ടാണ്. ആനുഭൂതികമായ പ്രപഞ്ചത്തില്‍ പരിപൂര്‍ണ്ണമായി വിലയിച്ച് സമാധാനത്തിലായിരിക്കാന്‍ വേണ്ടിയിട്ടാണ് ഗുരു നമുക്ക് ദൈവദശകം എഴുതി തന്നിട്ടുള്ളത് എന്ന കാര്യം നമ്മള്‍ ഓര്‍ക്കണം