ഹൃദ്യമീ ജീവിതം

ജീവിതത്തിന്റെ ആഴം തേടിയ ഏതു യാത്രയും അതിരുകളില്ലാത്ത ഹിമ ധവളിമയുടെ നിശ്ചലത്വത്തില്‍ അകപ്പെട്ടു പോയിട്ടുണ്ട്. എങ്ങനെയാണ് ആ വെളിച്ചം നിറഞ്ഞ ഇരുട്ടില്‍ നിന്ന് പുറത്തുവന്നതെന്ന് ചോദിച്ചാല്‍ അവര്‍ക്കെല്ലാം ഒരേ മറുപടിയാണ്: അജ്ഞാതം. അനുഗ്രഹം. അതൊരു മഹത്തായ അതിജീവനം.

ഒന്ന്

അവര്‍ വന്നത് നിന്നെ ചോദ്യംചെയ്തു തോല്പിക്കാനായിരുന്നു. ചോദ്യങ്ങളായ ചോദ്യങ്ങളുടെയെല്ലാം പിന്നാലെ നടന്നവനാണ് നീയെന്ന് അവര്‍ക്കറിയില്ലായിരുന്നു. വിഡ്ഢിയെപ്പോലെ നീയവരുടെ മുന്നില്‍ വിനീതനായി. അവരുടെ അറിവില്‍ ആശ്ചര്യം പൂണ്ടു. നീ ആ പഴയ നിന്നെ അവരില്‍ കണ്ട് ആസ്വദിക്കുകയായിരുന്നു.
വിശന്നുപൊരിയുന്നവരുടെ ലോകത്ത് എന്തിനീ വേദാന്തം? കല, സാഹിത്യം, സംഗീതം! നാടു കത്തുമ്പോള്‍ വീണവായന! അതായിരുന്നു തുടക്കം. ആ ക്ഷുഭിതയൗവനങ്ങളെ നീ സ്‌നേഹത്തോടെ കേട്ടിരുന്നു. എല്ലാം പറഞ്ഞുകഴിഞ്ഞപ്പോള്‍ നീ നിന്നെ അവരോടു പറഞ്ഞു.
അന്നു നീ യുവാവായിരുന്നു. രക്തം തിളക്കുന്നവനായിരുന്നു. അഹിംസയുടെ പ്രവാചകന്റെയടുത്ത് നീ ക്ഷോഭത്തോടെയിരുന്നു. വര്‍ഗ്ഗസമരത്തിലൂടെ മാത്രം പരിഹരിക്കേണ്ട പ്രശ്‌നത്തെ പച്ചക്കറിയിലൂടെ പരിഹരിക്കാന്‍ ശ്രമിക്കുന്ന ആ വൃദ്ധനോട് ഒരു രീതിയിലും നിനക്ക് യോജിക്കാനാവില്ലായിരുന്നു.
സമയമേറെ കഴിഞ്ഞാണ് നിന്നിലേക്ക് ആ മുഖം തിരിഞ്ഞത്. ഒറ്റ ശ്വാസത്തില്‍ നീയതു പറഞ്ഞു. അഹിംസയല്ല മാര്‍ഗ്ഗം. വര്‍ഗ്ഗസമരമാണ്. ഉള്ളവനും ഇല്ലാത്തവനും എന്ന വൈരുദ്ധ്യം ഇല്ലാതാവണം. തൊഴിലാളി മുതലാളിക്കെതിരെ യുദ്ധം ചെയ്യണം.
അദ്ദേഹം ചിരിച്ചു. നിങ്ങള്‍ പറയുന്നത് ആത്മാര്‍ത്ഥമായാണോ?
അതെ എന്ന് നിശ്ചയദാര്‍ഢ്യം!
അപ്പോള്‍ ഞാന്‍ ആത്മാര്‍ത്ഥതയില്ലാത്തവനോ?
അതിനു നിനക്കു മറുപടിയില്ലായിരുന്നു. കൃശഗാത്രനായ ആ വൃദ്ധനോളം ആത്മാര്‍ത്ഥത
മറ്റൊരാളിലും നീ കണ്ടിരുന്നില്ല.അന്നു നീ അറിഞ്ഞ ഒരറിവുണ്ട്: സത്യത്തിനു് ഒരു മുഖമല്ല ഉള്ളത്.
അത് സൂര്യരശ്മി തടവുന്ന തുഷാരബിന്ദുവിന് ഒരു നിറമേയുള്ളൂ എന്ന് ശഠിക്കുന്നതുപോലെയുള്ള
ഏകപക്ഷീയതയാണ്.
നീ പറഞ്ഞത് അവര്‍ കേട്ടിരുന്നു. അന്നു നീ ആ വൃദ്ധന്റെയടുത്ത് എല്ലാ അഹന്തയുമടക്കി ഇരുന്നതുപോലെ.
അതെ നിത്യ! നീ കടന്നുവന്ന വഴികള്‍ തന്നെയാണ് നിനക്കിങ്ങനെ മണ്ണുതൊട്ടുള്ള ജീവിതം സാദ്ധ്യമാക്കിയത്. നിന്റെ മുന്‍വിധികളെയെല്ലാം അലിയിക്കുന്നയിടങ്ങളിലേക്കായിരുന്നു
നിന്റെ തീര്‍ത്ഥാടനങ്ങളൊക്കെയും. ആ പുണ്യയാത്രകള്‍ നല്കിയ വെളിച്ചങ്ങളായിരുന്നു
നിന്നില്‍നിന്നും ഒഴുകിവന്ന ജീവസംഗീതമത്രയും. ഞങ്ങളുടെ ചോദ്യങ്ങള്‍ക്ക് നീ പകര്‍ന്നു നല്കിയത് വെറും ഉത്തരങ്ങളായിരുന്നില്ല. മറിച്ച്, ജീവിതമായിരുന്നു. അതിനു നിന്നെ പ്രാപ്തനാക്കിയത് നീ നീയായി ജീവിച്ച ജീവിതമായിരുന്നു.

രണ്ട്
ജനിച്ചത് മനുഷ്യനായിട്ടായിരുന്നു. പെട്ടെന്നാണ് മുസ്ലിമായത്. പിന്നെ ആലുവായ്ക്കാരന്‍. തൃശൂര്‍ക്കാരന്‍. കേരളീയന്‍. ഇന്ത്യന്‍. ഏഷ്യന്‍. ഭൂമിക്കാരന്‍. അങ്ങനെയങ്ങനെ.
മുന്നോട്ടുള്ള യാത്രയ്ക്കിടയില്‍ ചില മനുഷ്യരെ കണ്ടുമുട്ടി. തല തിരിഞ്ഞ മനുഷ്യര്‍! അവര്‍ പിന്നിലോട്ടു നടക്കാനാണ് പഠിപ്പിച്ചത്. മനുഷ്യന്‍ എന്നു വിളിച്ചുതുടങ്ങിയിടത്തു നിന്നും അമ്മയുടെ ഗര്‍ഭപാത്രം വഴി അണ്ഡത്തിലൂടെയും ബീജത്തിലൂടെയും പിന്നിലോട്ട് ഒഴുകിയൊഴുകി
ചെന്നു നിന്നത് പേരിട്ടു വിളിക്കാനാവാത്ത, നാമരൂപങ്ങളുടെ നിഴലേല്‍ക്കാത്ത പൊരുളിനു മുന്നില്‍! നിറഞ്ഞ ഹൃദയത്തോടെ, അsഞ്ഞു പോയ കണ്ണുകളോടെ, വിനീതനായി നില്ക്കുക മാത്രമെ
ഇനി ചെയ്യാനുള്ളൂ എന്നു ബോധ്യമായി.
സ്വത്വം എന്നത് എന്തല്ല എന്നേ അറിയേണ്ടതുള്ളൂ എന്ന് അങ്ങനെയാണ് അനുഭവിച്ചത്. ഇsയ്ക്കിടയ്ക്ക് വഴുതിപ്പോകുന്ന ആ അനുഭവത്തെ വീണ്ടും വീണ്ടും നിജസ്ഥിതിയില്‍ കൊണ്ടുവരാനാണ് അറിവുകളായ അറിവുകളൊക്കെയും എന്നറിയുമ്പോഴാണ് അറിവ് വിനയമായി മാറുക.

മൂന്ന്
ഒരു നായയെ നോക്കി ഇത് നായയാണെന്നു പറഞ്ഞാല്‍ അതിപ്പോള്‍ പറയേണ്ടതുണ്ടോ? കണ്ടാലറിയാമല്ലോ എന്നു നാം തിരിച്ചു ചോദിക്കും. ഞാന്‍ മനുഷ്യനാണെന്ന് ഒരാള്‍ പറഞ്ഞാല്‍ പറഞ്ഞയാള്‍ക്ക് എന്തോ കുഴപ്പമുണ്ടെന്ന് നാം പരസ്പരം പരിഹസിച്ച് ചിരിക്കും. ഹാ! മനുഷ്യര്‍ നാം!
മനുഷ്യന് മനുഷ്യത്വം ജാതിയെന്ന് മനുഷ്യരോട് പറയേണ്ടി വരുന്ന നിവൃത്തികേട്. നാം ലജ്ജയില്ലാതെ, അഭിമാനത്തോടെ മറ്റെന്തൊക്കൊ പറഞ്ഞ് അതില്‍ അഭിരമിക്കുന്നു.
മാവ് ചൂണ്ടി ഇത് പ്ലാവെന്നും പൂച്ചയെ ചൂണ്ടി ഇത് എലിയെന്നും പറയുന്നതില്‍ ഒരു തെറ്റുമില്ലെന്നു ധരിക്കുന്ന നാം മനുഷ്യരുടെ കണ്ണ് എന്നാണ് ഒന്നു തുറന്നു കിട്ടുക !
”പേരൂരു തൊഴിലീ മൂന്നും
പോരുമായതു കേള്‍ക്കുക
ആരു നീയെന്നു കേള്‍ക്കേണ്ട
നേരു മെയ് തന്നെ ചൊല്കയാല്‍” എന്നാണ് നാരായണ ഗുരു പറഞ്ഞത്.
ജാതി ഏതെന്ന് ശരീരം തന്നെ പറയുന്നുണ്ടല്ലോ! പിന്നെ എന്തേ മനുഷ്യാ, നിനക്ക് നീ ആരെന്ന് സംശയം?! എന്ന അദ്ദേഹത്തിന്റെ ചോദ്യം നമ്മുടെ നെഞ്ചില്‍ പതിച്ചിരുന്നെങ്കില്‍ !

നാല്
എവിടെനിന്നോ തുടങ്ങിയ ഒരു യാത്ര. എവിടെയോ ഇതു പോയി അവസാനിക്കും. അതിനിടയില്‍ ഇവിടെയും ഇത്തിരിക്കാലം.
ജീവിതത്തിനു താല്പര്യം യാത്രയാണ്. നമ്മുടെ താല്പര്യം മറ്റെന്തൊക്കെയോ ആണ്.
താല്പര്യങ്ങള്‍ തമ്മിലുള്ള ഈ അന്തരമാണ് ജീവന്‍ അനുഭവിക്കുന്ന ഏറ്റവും വലിയ പ്രയാസം.
വഴിതന്നെ ലക്ഷ്യമാക്കണമെന്ന് മനസ്സിനെ പറഞ്ഞു മനസ്സിലാക്കിച്ചാല്‍ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമായി. അതോടെ ധൃതികള്‍ക്കെല്ലാം ശമനം കിട്ടും. സമാധാനത്തോടെ സമാധാനത്തെ അനുഭവിക്കാനാകും. ജീവിതത്തെ അനുഭവിക്കാനാകും.
ജീവിക്കാനായി പെടാപാടുപെട്ട് ജീവിതംതന്നെ മറന്നുപോയ നമുക്ക് ഇനി ജീവിതത്തെയാണ് ജീവിതത്തില്‍നിന്നു കണ്ടെടുക്കേണ്ടത്.

Author

Scroll to top
Close
Browse Categories