ബഫർ സോണിൽ ഉലഞ്ഞ് മലയോരം

ലക്ഷക്കണക്കായ പാവങ്ങളും ആദിവാസി സമൂഹവും പട്ടികജാതി വിഭാഗങ്ങളുമാണ് പരിസ്ഥിതിലോല മേഖലാ വിഷയത്തിൽ ഏറ്റവുമധികം കരുണയർഹിക്കുന്നത്. സംഘടിത മത,രാഷ്ട്രീയ ശക്തികളുടെ തീട്ടൂരത്തിനു മുന്നിൽ വിനീതവിധേയരായി നിൽക്കുന്ന ഭരണ- പ്രതിപക്ഷ കക്ഷികൾക്കൊന്നും ഇവരുടെ സങ്കടവും ബുദ്ധിമുട്ടുകളും ആവലാതികളും കേൾക്കാനുള്ള മനസ്സുണ്ടാകില്ല. പതിറ്റാണ്ടുകൾക്ക് മുമ്പേ ഉപജീവനത്തിനായി കാടുകയറിയ ഹൈന്ദവരും പിന്നാക്ക,പട്ടികജാതി വിഭാഗങ്ങളുമടങ്ങുന്ന ഇവരുടെ ജീവിതം ഏറെ പരിതാപകരമായ അവസ്ഥയിലാണ്. വനവാസികളായ പട്ടികവർഗ്ഗ വിഭാഗങ്ങളുടെ ജീവിതവും അതിനെക്കാൾ ദുരിതപൂർണ്ണമാണ്

കേരളത്തിന്റെ മലയോരമേഖലയിലും വനാതിർത്തിയിലും ജീവിക്കുന്ന ലക്ഷക്കണക്കിന് പാവപ്പെട്ട കുടുംബങ്ങളെ കടുത്ത ആശങ്കയിലാഴ്ത്തുന്ന പ്രശ്നമായി മാറിയിരിക്കുകയാണ് പരിസ്ഥിതിലോല മേഖലയുമായി ബന്ധപ്പെട്ട വിഷയം. സംരക്ഷിത വനങ്ങളുടെ ഒരു കിലോമീറ്റർ പരിധി പരിസ്ഥിതിലോല മേഖല അഥവ ‘ഇക്കോ സെൻസിറ്റീവ് സോൺ’ (ഇ.എസ്.ഇസഡ്) ആക്കണമെന്ന സുപ്രീംകോടതി ഉത്തരവ് കേരളത്തിൽ വൻ പ്രതിഷേധത്തിനാണ് വഴിവച്ചിരിക്കുന്നത്. മലയോര മേഖലയിലെ ജനവാസ പ്രദേശങ്ങളിലെ കുടിയേറ്റ കർഷകരാണ് ആശങ്കയുടെ കൊടുമുടിയിൽ പ്രത്യക്ഷ സമരവുമായി രംഗത്തിറങ്ങിയിട്ടുള്ളത്. ഏതാനും വർഷങ്ങൾക്ക് മുമ്പ് പശ്ചിമഘട്ട സംരക്ഷണത്തിനായി മാധവ്ഗാഡ് ഗിൽ റിപ്പോർട്ടിലെ ശുപാർശകൾ നടപ്പാക്കാൻ ശ്രമിച്ചപ്പോഴാണ് ഇതിനുമുമ്പ് മലയോര മേഖല ശക്തമായ പ്രതിഷേധത്തിനും സമരങ്ങൾക്കും വേദിയായത്. വന്യമൃഗങ്ങളോടും മണ്ണിനോടും പടവെട്ടി കാലങ്ങളായി വിയർപ്പിൽ പടുത്തുയർത്തിയ ഭവനവും വസ്തുവും കാർഷിക സമൃദ്ധിയുമൊക്കെ നഷ്ടപ്പെടുമോ എന്ന കടുത്ത ആശങ്കയിൽ നിന്നുയർന്നതാണീ പ്രതിഷേധം. വന്യമൃഗ ശല്യവും കാർഷികോൽപ്പന്നങ്ങളുടെ വിലത്തകർച്ചയും മൂലം പ്രതിസന്ധിയിലായ പാവപ്പെട്ട കർഷകരുടെ ഇപ്പോഴത്തെ അവസ്ഥ ഇടിവെട്ടേറ്റതിന് സമാനമാണ്. ആലപ്പുഴ, കാസർകോട് ജില്ലകളൊഴികെയുള്ള 12 ജില്ലകളെയും ഇത് ബാധിക്കുമെങ്കിലും ഇടുക്കി, വയനാട് ജില്ലകളെയാണ് ഏറ്റവുമധികം ബാധിക്കുക. സംരക്ഷിത വന പ്രദേശങ്ങൾക്ക് ചുറ്റും ഒരു കിലോമീറ്റർ പരിസ്ഥിതിലോല മേഖലയാക്കണമെന്നാണ് സുപ്രീം കോടതി ജൂൺ 3 ന് പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നത്.

സുപ്രീംകോടതി നിർദ്ദേശത്തെത്തുടർന്നാണ് കേരളത്തിലെ 23 സംരക്ഷിത വനപ്രദേശങ്ങൾക്ക് ചുറ്റുമുള്ള ഒരുകിലോമീറ്റർ ഇക്കോ സെൻസിറ്റീവ് സോണിൽ ഉൾപ്പെടുന്ന ജനവാസ മേഖലകളും മറ്റും കൃത്യമായി നിർണ്ണയിക്കാൻ സംസ്ഥാന റിമോട്ട് സെൻസിംഗ് ആന്റ് എൻവയോൺമെന്റ് സെന്ററിനെ (കെ.എസ്.ആർ.ഇ.സി) സർക്കാർ ചുമതലപ്പെടുത്തിയത്. എന്നാൽ കൃത്യത ഉറപ്പാക്കാനും ജനവാസ ഇടങ്ങൾ നിർണ്ണയിക്കാനുമെന്ന പേരിൽ ഉപഗ്രഹ സർവെയിലൂടെ കെ.എസ്.ആർ.ഇ.സി തയ്യാറാക്കിയ പ്രാഥമിക റിപ്പോർട്ട് സർക്കാർ വെബ്സൈറ്റിലൂടെ പുറത്തുവന്നതോടെയാണ് പ്രതിഷേധവുമായി മലയോര കർഷകരും സംഘടനകളും രംഗത്തിറങ്ങിയത്.

റിപ്പോർട്ടിനൊപ്പം പ്രസിദ്ധീകരിച്ച ഭൂപടവും വ്യാപക ആശയക്കുഴപ്പത്തിനിടയാക്കി. റിപ്പോർട്ട് അശാസ്ത്രീയവും അപൂർണ്ണവുമെന്നാരോപിച്ചാണ് സമരം. പ്രതിഷേധം ശക്തമായതോടെ സുപ്രീം കോടതി ആവശ്യപ്പെട്ട പ്രകാരം ഉപഗ്രഹ സർവെ റിപ്പോർട്ട് നൽകുന്നതിനൊപ്പം നേരിട്ടുള്ള സ്ഥലപരിശോധന (ഫീൽഡ് സർവെ) കൂടി പൂർത്തിയാക്കി ജനുവരി 11 ന് മുമ്പ് സുപ്രീംകോടതിക്ക് റിപ്പോർട്ട് നൽകുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നത്. 11 നാണ് കോടതി ഇനി കേസ് പരിഗണിക്കുന്നത്. ഉപഗ്രഹ സർവ്വെ റിപ്പോർട്ടിലെ അപാകത പരിഹരിയ്ക്കാനാണ് സ്ഥലപരിശോധന കൂടി നടത്തുന്നത്. പുതിയ റിപ്പോർട്ട് കേന്ദ്ര ഉന്നതാധികാര സമിതിക്കും നൽകും. 2020- 21 ൽ സംസ്ഥാന വനം വകുപ്പ് തയ്യാറാക്കിയ പഴയ ഭൂപടമാണ് അടിസ്ഥാന രേഖയെന്ന് മുഖ്യമന്ത്രി പറയുകയും ആവശ്യപ്പെട്ട റിപ്പോർട്ട് നൽകുന്നതിനു പകരം പഴയ റിപ്പോർട്ട് നൽകുമ്പോൾ സുപ്രീം കോടതിയിൽ നിന്ന് എന്ത് പ്രതികരണമാകും ഉണ്ടാകുകയെന്നത് നിർണായകമാണ്. സംരക്ഷിത വന പ്രദേശങ്ങൾക്ക് ചുറ്റും പൂജ്യം കിലോമീറ്റർ എന്ന പരിധി നിശ്ചയിച്ച്, ജനവാസമേഖലകളെ പൂർണമായും ഒഴിവാക്കിയുള്ള റിപ്പോർട്ടും ഭൂപടവുമാണ് 2020- 21 ൽ കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയത്തിന് കേരളം നൽകിയത്.

കേരളത്തിൽ 16 വന്യജീവി സങ്കേതങ്ങളും 5 ദേശീയോദ്യാനങ്ങളും രണ്ട് കടുവ സങ്കേതങ്ങളും ഉൾപ്പെടെയാണ് 23 സംരക്ഷിത വനപ്രദേശങ്ങളാണുള്ളത്. ഈ സങ്കേതങ്ങൾക്കെല്ലാം കൂടി 3211.74 ചതുരശ്ര കിലോമീറ്റർ വിസ്തൃതി വരും. ഒരു കിലോമീറ്റർ ഇക്കോ സെൻസിറ്റീവ് സോൺ പരിധി യാഥാർത്ഥ്യമായാൽ ഉദ്ദേശ്യം നാലു ലക്ഷം ഏക്കറോളം വിസ്തൃതിയിൽ ജനജീവിതത്തെയും കൃഷിയെയും ബാധിക്കുമെന്നാണ് കരുതുന്നത്. ബഫർസോൺ വിഷയത്തിൽ പ്രത്യക്ഷസമരവുമായി രംഗത്തിറങ്ങി സർക്കാരിനെ പത്മവ്യൂഹത്തിൽ പെടുത്താൻ നേതൃത്വം നൽകുന്നത് പതിവുപോലെ ക്രൈസ്തവ സഭകളും മതമേലദ്ധ്യക്ഷന്മാരുമാണ്. അവരുടെ സംഘടിത ശക്തിയെയും അവരുടെ വോട്ട് ബാങ്കിനെയും ഭയന്നാണിപ്പോൾ സർക്കാർ പലവിധ നടപടികളുമായി മുന്നിട്ടിറങ്ങിയതെന്നതാണ് വാസ്തവം. മദ്ധ്യകേരളത്തിൽ നൂറുകണക്കിനേക്കർ വനഭൂമിയും റവന്യുഭൂമിയും കൈയ്യേറിയും വെട്ടിപ്പിടിച്ചും പട്ടയം വാങ്ങിയും സ്വന്തമാക്കിയവരുണ്ട്. സമ്പന്നരും അതിസമ്പന്നരുമായ വൻകിട കുടിയേറ്റ കർഷകർ നേതൃത്വം നൽകുന്ന കേരള കോൺഗ്രസ് പോലെയുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ശക്തി കേന്ദ്രം കൂടിയാണീ മേഖല. ക്രൈസ്തവ സഭകളും ഉന്നത രാഷ്ട്രീയ, ഉദ്യോഗസ്ഥ, പാറക്വാറി ലോബികളുടെ സ്വാധീനവും ചേരുമ്പോൾ സർക്കാരിന്റെ മുട്ടുവിറപ്പിക്കാനാകും. ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് തള്ളിക്കളയാൻ ഇക്കൂട്ടർ പ്രയോഗിച്ച തന്ത്രങ്ങൾ വിജയം കണ്ടതിന്റെ ബലത്തിലാണ് ഇപ്പോൾ അതേമാതൃകയിൽ രംഗത്തിറങ്ങിയിട്ടുള്ളത്.

അന്ന് സമരക്കാർക്ക് എല്ലാവിധ പിന്തുണയും നൽകിയ സി.പി.എമ്മാണ് ഇപ്പോൾ ഭരണപക്ഷത്തെന്നത് കാലത്തിന്റെ കാവ്യനീതിയാകാം. അവർക്ക് പിന്തുണയുമായി യു.ഡി.എഫും എത്തിക്കഴിഞ്ഞു.

അന്ന് സമരക്കാർക്ക് എല്ലാവിധ പിന്തുണയും നൽകിയ സി.പി.എമ്മാണ് ഇപ്പോൾ ഭരണപക്ഷത്തെന്നത് കാലത്തിന്റെ കാവ്യനീതിയാകാം. അവർക്ക് പിന്തുണയുമായി യു.ഡി.എഫും എത്തിക്കഴിഞ്ഞു.

എന്നാൽ സഭയുടെയോ, രാഷ്ട്രീയ, ഉദ്യോഗസ്ഥ ലോബിയുടെയോ പിന്തുണയില്ലാത്ത ലക്ഷക്കണക്കായ പാവങ്ങളും ആദിവാസി സമൂഹവും പട്ടികജാതി വിഭാഗങ്ങളുമാണ് പരിസ്ഥിതിലോല മേഖലാ വിഷയത്തിൽ ഏറ്റവുമധികം കരുണയർഹിക്കുന്നത്. സംഘടിത മത,രാഷ്ട്രീയ ശക്തികളുടെ തീട്ടൂരത്തിനു മുന്നിൽ വിനീതവിധേയരായി നിൽക്കുന്ന ഭരണ- പ്രതിപക്ഷ കക്ഷികൾക്കൊന്നും ഇവരുടെ സങ്കടവും ബുദ്ധിമുട്ടുകളും ആവലാതികളും കേൾക്കാനുള്ള മനസ്സുണ്ടാകില്ല. പതിറ്റാണ്ടുകൾക്ക് മുമ്പേ ഉപജീവനത്തിനായി കാടുകയറിയ ഹൈന്ദവരും പിന്നാക്ക,പട്ടികജാതി വിഭാഗങ്ങളുമടങ്ങുന്ന ഇവരുടെ ജീവിതം ഏറെ പരിതാപകരമായ അവസ്ഥയിലാണ്. വനവാസികളായ പട്ടികവർഗ്ഗ വിഭാഗങ്ങളുടെ ജീവിതവും അതിനെക്കാൾ ദുരിതപൂർണ്ണമാണ്. ചെറുകിട കർഷകരും കൂലിപ്പണിക്കാരുമായ ഇവർക്ക് രാഷ്ട്രീയ പിൻബലമോ മതസ്വാധീനമോ ഇല്ലാത്തതിനാൽ കാട് വെട്ടിപ്പിടിക്കാനോ റവന്യു ഭൂമി കൈയ്യേറാനോ തീർത്തും അശക്തരാണിവർ. എല്ലാവിധ ചൂഷണങ്ങൾക്കും വിധേയരായി ജീവിതം തള്ളിനീക്കുന്ന ഇവരാണ് ഇപ്പോഴത്തെ സാഹചര്യത്തിൽ ഏറ്റവുമധികം പരിഗണന ലഭിക്കേണ്ടവർ.

വീഴ്ച വനം വകുപ്പിനും

നിലവിലെ ഒരു കിലോമീറ്റർ ചുറ്റളവിലെ ഇക്കോ സെൻസിറ്റീവ് സോണിലെ ജനവാസ കേന്ദ്രങ്ങൾ മൂന്ന് മാസത്തിനകം സംസ്ഥാന സർക്കാർ വനം, പരിസ്ഥിതി, കാലാവസ്ഥാ മന്ത്രാലയത്തിനും കേന്ദ്ര എംപവേഡ് കമ്മിറ്റിക്കും നൽകാനാണ് 2022 ജൂൺ 3 ന് സുപ്രീം കോടതി വിധിയിൽ ആവശ്യപ്പെട്ടത്. മൂന്ന് മാസത്തിനകം വസ്തുതകൾ ഹാജരാക്കി ഇളവിന് അപേക്ഷിക്കണമെന്നും കോടതി വിധിയിൽ പറഞ്ഞിരുന്നു. എന്നാൽ വിധിവന്ന് മാസങ്ങൾ കഴിഞ്ഞിട്ടും സംസ്ഥാന സർക്കാർ ഒരു നടപടിയും സ്വീകരിക്കാതെ നിസ്സംഗത പാലിച്ചതാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്കിടയാക്കിയത്. മറ്റു പല സംസ്ഥാനങ്ങളും കോടതി നിർദ്ദേശിച്ച സമയപരിധിക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കുകയും ഒരു കിലോമീറ്റർ പരിധി അരകിലോമീറ്ററായി ഇളവ് നേടുകയും ചെയ്തു. ഇനി ജനുവരി 11 ന് സുപ്രീം കോടതി കേസ് പരിഗണിക്കുമ്പോൾ കേരളം തട്ടിക്കൂട്ടി ഉണ്ടാക്കി സമർപ്പിക്കുന്ന റിപ്പോർ‌ട്ടിൽ കോടതി എന്ത് പറയുമെന്നത് കാത്തിരുന്ന് കാണേണ്ടതാണ്. ഇക്കോ സെൻസിറ്റീവ് സോണിലെ സർവെ നമ്പരുകളും നിർമ്മിതികളും വ്യക്തിഗത വിവരങ്ങളും അടയാളപ്പെടുത്തി ഉപഗ്രഹ ചിത്രം സഹിതം ബഫർസോൺ എന്ന് രേഖയായി സുപ്രീം കോടതിയിൽ നൽകുന്നത് കൈയേറ്റ വിവരങ്ങൾ വ്യക്തമായി നൽകുന്നതു പോലെയാകുമെന്ന് പീച്ചി കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് മുൻ രജിസ്ട്രാർ ഡോ.സി.എം ജോയി പറഞ്ഞു. ബഫർസോണിൽ എങ്ങനെ പട്ടയം നൽകിയെന്ന ചോദ്യം തന്നെ നേരിടേണ്ടി വന്നേക്കാമെന്നും അദ്ദേഹം പറഞ്ഞു.

ബഫർസോൺ അല്ല,
ഇക്കോ സെൻസിറ്റീവ്
സോൺ

സർക്കാരും വനം വകുപ്പും ഇപ്പോൾ ബഫർസോൺ എന്ന പേരിൽ നടത്തുന്ന പ്രചാരണം തന്നെ തെറ്റാണെന്നാണ് വിദഗ്ദ്ധർ പറയുന്നത്. സർക്കാരും സമരം ചെയ്യുന്നവരും പറയുന്നതുപോലെ സംരക്ഷിത മേഖലയ്ക്ക് ചുറ്റും ഒരു കിലോമീറ്റർ ബഫർസോണല്ല, മറിച്ച് ഇക്കോ സെൻസിറ്റീവ് സോൺ ആണ് വിടേണ്ടത്. സംരക്ഷിത വനമേഖലകളിലെ വനം, വന്യജീവി മാനേജ്മെന്റ് പ്ളാൻ പ്രകാരം വനമേഖലയെ മൂന്നായി തിരിച്ചിട്ടുണ്ട്. ഏറ്റവും ഉള്ളിലുള്ളത് കോർസോൺ, അതിനു പുറത്ത് ബഫർസോൺ. അതിനും പുറത്താണ് ഇക്കോ സെൻസിറ്റീവ് സോൺ. ഇക്കോ സെൻസിറ്റീവ് സോണിലാണ് ഒരു കിലോമീറ്റർ പരിസ്ഥിതിലോല മേഖലയായി നിലനിർത്തണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചിട്ടുള്ളത്. അല്ലാതെ ബഫർസോണിലല്ല. ഇക്കോ സെൻസിറ്റീവ് മേഖലയിൽ ജനവാസമുള്ള കാര്യം സുപ്രീം കോടതിക്കും അറിവുള്ളതാണ്. ഇതിന്റെ വിശദ വിവരമാണ് കോടതി മുമ്പാകെ സമർപ്പിക്കാൻ ആവശ്യപ്പെട്ടത്. ഈ മേഖലയിൽ നിലവിലുള്ള ജനവാസത്തെ നിയമം ഒരു തരത്തിലും ബാധിക്കുകയില്ലെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ഇക്കോ സെൻസിറ്റീവ് സോണിൽ നിന്ന് നിലവിലുള്ള ആരെയും കുടിയൊഴിപ്പിക്കില്ല. കൃഷിക്ക് നിയന്ത്രണമോ വിലക്കോ ഉണ്ടാകില്ല. നിലവിലുള്ള കെട്ടിടങ്ങൾക്കോ താമസത്തിനോ ഭൂമി വില്പനയ്ക്കോ യാതൊരു വിലക്കുമില്ല. എന്നാൽ ഭാവിയിൽ ഈ മേഖലയിൽ വൻകിട കെട്ടിട സമുച്ചയങ്ങൾ, ഫാക്ടറികൾ, ക്വാറികൾ തുടങ്ങിയവയ്ക്ക് മാത്രം നിയന്ത്രണം ഉണ്ടാകും. ജനവാസ കേന്ദ്രങ്ങളെ കാടാക്കി മാറ്റാനുള്ള ഒരു നിർദ്ദേശവും സുപ്രീം കോടതി നൽകിയിട്ടില്ല. വനാതിർത്തി നിർണ്ണയിക്കുന്ന ജണ്ടയിൽ നിന്ന് ഉള്ളിലോട്ട് ഒരടി പോലും ഇനി കൈയ്യേറാൻ കഴിയില്ല.

പരിസ്ഥിതി വിഷയത്തിന് പ്രാധാന്യം കൽപ്പിക്കാതെ

കേരളത്തിന്റെ പരിസ്ഥിതിയും വനങ്ങളുടെയും വന്യജീവികളുടെയും സംരക്ഷണവും സംബന്ധിച്ച് കാലാകാലങ്ങളായി സർക്കാരുകൾ ഏറ്റവും നിരുത്തരവാദപരമായ നിലപാട് സ്വീകരിക്കുകയും അശാസ്ത്രീയമായി കൈകാര്യം ചെയ്യുന്നതിന്റെയും ഏറ്റവും ഒടുവിലത്തെ ദൃഷ്ടാന്തമാണ് ഇപ്പോൾ പരിസ്ഥിതി ലോല മേഖലയുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദവും പ്രതിഷേധവും. കേരളത്തിലെ കാലാവസ്ഥയിലുണ്ടായ പ്രകടമായ മാറ്റവും അടിയ്ക്കടിയുണ്ടാകുന്ന വെള്ളപ്പൊക്കവും ഉരുൾപൊട്ടലുമെല്ലാം ഈ അനാസ്ഥയുടെ ഭാഗമായുണ്ടാകുന്ന പ്രകൃതികോപങ്ങളാണെന്നത് ശാസ്ത്രലോകം വളരെക്കാലമായി പറയുന്നതാണ്. കാട് കൈയ്യേറി വെട്ടിത്തെളിച്ച് മനുഷ്യർ കാടകത്തേക്ക് കയറുമ്പോൾ വന്യമൃഗങ്ങൾ ഭക്ഷണം തേടി കാടുവിട്ട് നാടിറങ്ങേണ്ടി വരുന്നതും ഇന്ന് സർവ്വസാധാരണമായിരിക്കുന്നു. വിഷയത്തിൽ വ്യക്തത വരുത്താൻ ജസ്റ്റിസ് തോട്ടത്തിൽ ബി. രാധാകൃഷ്ണന്റെ നേതൃത്വത്തിൽ അഞ്ചംഗ വിദഗ്ദ്ധ സമിതിയെ സെപ്തംബർ 30 ന് സർക്കാർ നിയോഗിച്ചിരുന്നു. നേരിട്ടുള്ള സ്ഥലപരിശോധന നടത്താതെ ഗൂഗിളിന്റെ സഹായത്തോടെയാണ് വീടുകളും വിദ്യാഭ്യാസ, വാണിജ്യ സ്ഥാപനങ്ങളും മറ്റും നിർണ്ണയിച്ചതെന്ന് വേണം കരുതാൻ. എന്നാൽ ഉപഗ്രഹ സർവെ റിപ്പോർട്ട് അന്തിമമല്ലെന്നും ഇത് സുപ്രീംകോടതിയിൽ സമർപ്പിക്കില്ലെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിട്ടുള്ളത്. തോട്ടത്തിൽ രാധാകൃഷ്ണൻ ചെയർമാനായ വിദഗ്ദ്ധ സമിതിയുടെ സ്ഥലപരിശോധനാ റിപ്പോർട്ട് ലഭിച്ച ശേഷമേ സുപ്രീംകോടതിയിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കുയുള്ളുവെന്നും സർക്കാർ പറയുന്നു. 115 പഞ്ചായത്തുകളാണ് പ്രധാനമായും ഇക്കോ സെൻസിറ്റീവ് സോൺ ആശങ്കയിലുള്ളത്. സംരക്ഷിത വനമേഖലയ്ക്ക് ചുറ്റുമുള്ള ഒരുകിലോമീറ്റർ പരിസ്ഥിതി ലോല മേഖല സംബന്ധിച്ച ആശങ്കയും പ്രതിസന്ധിയും പരിഹരിയ്ക്കാൻ 115 പഞ്ചായത്തുകളിലും ഹെൽപ് ഡസ്ക്കുകളും ആരംഭിച്ചിട്ടുണ്ട്. സംരക്ഷിതമേഖലയ്ക്ക് ചുറ്റും ഒരുകിലോമീറ്റർ പരിസ്ഥിതിലോല മേഖലയാക്കണമെന്ന സുപ്രീംകോടതി ഉത്തരവ് ജനവാസമേഖലയെ ബാധിക്കുമെന്നാണ് മലയോരവാസികളുടെആശങ്ക. മനുഷ്യ- വന്യമൃഗ സംഘർഷം കുറയ്ക്കുക, വനനശീകരണത്താലുള്ള മണ്ണൊലിപ്പ് തടയുക, ഉരുൾ പൊട്ടൽ ഒഴിവാക്കുക, ജൈവവൈവിദ്ധ്യനാശം ലഘൂകരിക്കുക, ദേശീയ വന്യജീവി ആക്ഷൻ പ്ളാൻ നടപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് 2022 ജൂൺ 3 ന് ഒരു വനാതിർത്തിയുടെ കിലോമീറ്റർ ഇക്കോ സെൻസിറ്റീവ് സോണായി സുപ്രീം കോടതി പ്രഖ്യാപിച്ചത്.

ആദ്യം ഉയർന്നത്
10 കിലോ മീറ്റർ പരിധി

കേരളത്തിൽ ഒരു സംരക്ഷിത വനത്തിന്റെയും ലോലമേഖല പ്രഖ്യാപിക്കാത്തതിനാൽ 2011 മുതൽ 10 കിലോമീറ്റർ ലോലമേഖലയായി നിലനിൽക്കുകയാണ്. പരിസ്ഥിതി ലോല മേഖല സംബന്ധിച്ച് ഉത്തരവ് പുറത്ത വന്നതിന് പിന്നാലെ ജനവാസമേഖലകളെ സംബന്ധിച്ച് ഉയരുന്ന ആശങ്കയിൽ അനുഭാവപൂർവ്വമായ സമീപനമാണെന്നാണ് കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കുന്നത്.

2001 ൽ എ.ബി വാജ്പേയി പ്രധാനമന്ത്രിയും പ്രഫുൽ പട്ടേൽ വനം, പരിസ്ഥിതി മന്ത്രിയുമായിരുന്നപ്പോഴാണ് സംരക്ഷിത വനങ്ങളുടെ 10 കിലോമീറ്റർ ദൂരം പരിസ്ഥിതിലോല മേഖലയാക്കണമെന്ന നിർദ്ദേശം ആദ്യമായുണ്ടായത്. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ അനങ്ങാതിരുന്നതിനെ തുടർന്ന് 2006 ൽ സുപ്രീം കോടതി അന്ത്യശാസനം നൽകി. 2011 ൽ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം മാർഗ്ഗരേഖ പുറത്തിറക്കി. മുൻപ് പലതവണ സുപ്രീംകോടതി അന്ത്യശാസനം നൽകിയെങ്കിലും അത് അവഗണിക്കപ്പെടുകയായിരുന്നു. തുടർന്നാണ് ഇപ്പോഴത്തെ വിധിയുണ്ടായത്. കേരളത്തിൽ ഒരു സംരക്ഷിത വനത്തിന്റെയും ലോലമേഖല പ്രഖ്യാപിക്കാത്തതിനാൽ 2011 മുതൽ 10 കിലോമീറ്റർ ലോലമേഖലയായി നിലനിൽക്കുകയാണ്. പരിസ്ഥിതി ലോല മേഖല സംബന്ധിച്ച് ഉത്തരവ് പുറത്ത വന്നതിന് പിന്നാലെ ജനവാസമേഖലകളെ സംബന്ധിച്ച് ഉയരുന്ന ആശങ്കയിൽ അനുഭാവപൂർവ്വമായ സമീപനമാണെന്നാണ് കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കുന്നത്. ഇതിൽ കേന്ദ്രത്തിന് പിടിവാശിയില്ലെന്നും പരമാവധി സംസ്ഥാനങ്ങൾക്ക് അനൂകൂലമായ നിലപാട് സുപ്രീം കോടതിയിൽ നിന്ന് നേടാനുള്ള ഇടപെടലുണ്ടാകുമെന്നും കേന്ദ്രം വ്യക്തമാക്കുന്നു. ഉന്നതാധികാരസമിതി വഴിയോ കേന്ദ്രം നേരിട്ടോ സുപ്രീം കോടതിയെ സമീപിക്കും. ഉത്തരവ് പ്രായോഗികമായി നടപ്പാക്കുന്നതിൽ വലിയ വെല്ലുവിളിയുണ്ടെന്നാണ് വനം പരിസ്ഥിതി മന്ത്രാലയത്തിന്റെയും വിലയിരുത്തൽ. വന്യജീവി സങ്കേതങ്ങളുടെയും ദേശീയ ഉദ്യാനങ്ങളുടെയും ഒരു കിലോമീറ്റർ ചുറ്റളവിൽ പരിസ്ഥിതി ലോലമേഖലയാക്കണമെന്നും ഇവിടങ്ങളിലെ ഖനന, നിർമ്മാണ പ്രവർത്തനങ്ങൾ നിയന്ത്രിക്കണമെന്നും ജൂൺ 3 ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഈ മേഖലകളിലെ കെട്ടിടങ്ങളുടെയും നിർമ്മാണ പ്രവർത്തനങ്ങളുടെയും റിപ്പോർട്ട് മൂന്ന് മാസത്തിനകം സമർപ്പിക്കണമെന്നും കോടതി നിർദ്ദേശിച്ചിരുന്നു. കേരളത്തിൽ വന്യജീവിസങ്കേതങ്ങളും ദേശീയ ഉദ്യാനങ്ങളുമായി 24 കേന്ദ്രങ്ങളാണുളളത്. ഇവയുടെ ഒരോ കിലോമീറ്റർ ചുറ്റളവിൽ ഖനനത്തിനും വൻതോതിലുളള നിർമ്മാണങ്ങൾക്കും മില്ലുകൾ ഉൾപ്പെടെ മലിനീകരണമുണ്ടാക്കുന്ന പ്രവർത്തനങ്ങൾക്കുമാകും നിയന്ത്രണം വരിക.

യുണെസ്ക്കോയുടെ
എം.എ.ബി പദ്ധതി

യു.എന്നിന്റെ കീഴിലുള്ള ‘യുനെസ്ക്കോ’ എന്ന സംഘടന അംഗീകരിച്ച എം.എ.ബി പദ്ധതി (Man And Biosphere) യിൽ മനുഷ്യനും ജൈവമണ്ഡലവും തമ്മിലുള്ള പരസ്പര ബന്ധത്തെ ശാസ്ത്രീയമായി എങ്ങനെ ഊട്ടിയുറപ്പിക്കാമെന്ന് വ്യക്തമായി നിർദ്ദേശിക്കുന്നുണ്ട്. മലയോര, വനമേഖലകളിൽ ജീവിക്കുന്ന വന്യജീവികളുടെ സ്വൈരജീവിതത്തിന് തടസ്സമുണ്ടാക്കാതെയും മനുഷ്യരുടെ ജീവിതത്തിന് പ്രാധാന്യം നൽകിയുമുള്ള നിർദ്ദേശങ്ങളാണ് പദ്ധതിയിലൂടെ യുനസ്ക്കോ വ്യക്തമാക്കുന്നത്.

യു.എന്നിന്റെ കീഴിലുള്ള ‘യുനെസ്ക്കോ’ എന്ന സംഘടന അംഗീകരിച്ച എം.എ.ബി പദ്ധതി (Man And Biosphere) യിൽ മനുഷ്യനും ജൈവമണ്ഡലവും തമ്മിലുള്ള പരസ്പര ബന്ധത്തെ ശാസ്ത്രീയമായി എങ്ങനെ ഊട്ടിയുറപ്പിക്കാമെന്ന് വ്യക്തമായി നിർദ്ദേശിക്കുന്നുണ്ട്. മലയോര, വനമേഖലകളിൽ ജീവിക്കുന്ന വന്യജീവികളുടെ സ്വൈരജീവിതത്തിന് തടസ്സമുണ്ടാക്കാതെയും മനുഷ്യരുടെ ജീവിതത്തിന് പ്രാധാന്യം നൽകിയുമുള്ള നിർദ്ദേശങ്ങളാണ് പദ്ധതിയിലൂടെ യുനസ്ക്കോ വ്യക്തമാക്കുന്നത്. പരിസ്ഥിതി സംരക്ഷണത്തിന് ലോകം മുഴുവൻ അംഗീകരിച്ച ഇത്തരം പദ്ധതികളൊന്നും കണക്കിലെടുക്കാതെ താത്ക്കാലിക നേട്ടങ്ങൾക്കുള്ള ലൊട്ടുലൊടുക്ക് പദ്ധതികളാണ് കേരളത്തിൽ കാലങ്ങളായി നടപ്പാക്കി വരുന്നത്. ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികളാണ് ഇതിന് പ്രധാനമായും വേണ്ടത്. ഇത്തരം പദ്ധതികൾ നടപ്പാക്കാൻ നിയോഗിക്കുന്ന സമിതികളിൽ വിദഗ്ധരെ ഉൾപ്പെടുത്തുന്നതിനു പകരം രാഷ്ട്രീയ പാർട്ടി പ്രതിനിധികളെ കുത്തിനിറയ്ക്കുന്നുവെന്നതാണ് കേരളം നേരിടുന്ന ഏറ്റവും വലിയ ദുര്യോഗമെന്ന് വയനാട് കൽപ്പറ്റയിലെ എം.എസ് സ്വാമിനാഥൻ ഫൗണ്ടേഷൻ മുൻ എക്സിക്യൂട്ടീവ് ഡയറക്ടറും ടാക്സോണമിസ്റ്റുമായ ഡോ. എൻ. അനിൽകുമാർ പറഞ്ഞു. പുറം രാജ്യങ്ങളിൽ വനമേഖലയിലെ ഇക്കോ സെൻസിറ്റീവ് സോണുകളുടെ സന്തുലിതാവസ്ഥ നിലനിർത്താനായി പുതിയ ആവാസവ്യവസ്ഥയെ സൃഷ്ടിച്ച് ആ മേഖലയുടെ ജൈവവൈവിദ്ധ്യം നിലനിർത്താൻ വ്യക്തമായ നടപടികളുണ്ടാകും. നിർഭാഗ്യവശാൽ കേരളത്തിൽ അത്തരം പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകാൻ സംസ്ഥാന വനംവകുപ്പോ കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടോ (കെ.എഫ്.ആർ.ഐ) മെനക്കെടുന്നില്ലെന്നത് നിർഭാഗ്യകരമാണെന്നും ഡോ.അനിൽകുമാർ പറഞ്ഞു.

Author

Scroll to top
Close
Browse Categories