കുറുംകഥകളും ബൃഹത് ചിന്തകളും
സാഹിത്യം അസ്വസ്ഥതയിൽ നിന്നാണ് ഉടലെടുക്കുന്നത്. ആ അസ്വസ്ഥത വായനക്കാരിലും ഉണ്ടാകണം. അപ്പോഴാണ് അവർ ചിന്തിക്കാൻ തുടങ്ങുക. ചിന്തയെ ഉണർത്താത്ത സാഹിത്യത്തിന് നിലനിൽപ്പില്ല.
ലഘു ആഖ്യാനവും ബൃഹത് ആഖ്യാനവും തമ്മിൽ വലിയ അന്തരം ഉണ്ടല്ലോ. കുറും കഥകൾ അല്ലെങ്കിൽ ലഘു ആഖ്യാനങ്ങളുടെ സാധ്യത എപ്രകാരം നോക്കിക്കാണുന്നു ?
സാഹിത്യത്തിൽ എല്ലാത്തരം ആഖ്യാനങ്ങൾക്കും സാധ്യത ഉണ്ടെന്നാണ് ഞാൻ കരുതുന്നത്. എങ്കിലും ഏറെ ദൈർഘ്യമുള്ള കഥകളുടെ വായന തുടങ്ങും മുൻപേ തന്നെ ചെറിയൊരു മുഷിച്ചിൽ അനുഭവപ്പെടും. പണ്ടും നമ്മുടെ സാഹിത്യത്തിൽ ഇത്തരത്തിലുള്ള നീളൻ കഥകളൊക്കെ ഉണ്ടായിട്ടുണ്ട്. ഉറൂബിന്റെ രാച്ചിയമ്മ പോലെ.തട്ടും തടവുമില്ലാതെയൊഴുകിപ്പോകുന്ന കഥകൾക്കൊപ്പം വായനക്കാരും ഒഴുകിപ്പോകും. ഇപ്പോൾ അത്തരം എഴുത്തുകാരോ എഴുത്തോ ഇല്ലല്ലോ. ഉണ്ടായാൽ കഥകളുടെ ദൈർഘ്യം തീർച്ചയായും ഒരു പ്രശ്നമായി തോന്നുകയില്ല.ഇപ്പോൾ ഉണ്ടാകുന്ന പല കഥകളും കോതിയൊതുക്കേണ്ടതുണ്ട് എന്നൊരഭിപ്രായം എനിക്കുണ്ട്. ഒതുക്കമുള്ള കഥകൾക്കാണ് ശക്തി എന്നാണ് ഞാൻ വിശ്വസിക്കുന്നത്.
ആക്ഷേപഹാസ്യം ഉൾക്കൊള്ളിച്ചുകൊണ്ടുള്ള രചനാ രീതി കഥകളെ അപേക്ഷിച്ച് എത്രത്തോളം ഫലപ്രദമാണ്?
ആക്ഷേപഹാസ്യം കൊള്ളേണ്ടിടത്ത് കൊള്ളും.അതിന്റെ ഫലശ്രുതി നീണ്ടുനിൽക്കുകയും ചെയ്യും.നർമ്മവും രതിയും കഥകളെ ഓർമ്മയിൽ നിലനിർത്തും എന്നാണ് എന്റെ വായനാനുഭവം. ബഷീറും മാധവിക്കുട്ടിയും വായനക്കാരുടെ മനസ്സിൽ നിന്ന് മാഞ്ഞു പോകാത്തത് അതുകൊണ്ടാണല്ലോ. എന്നിരിക്കിലും നർമ്മത്തിന് വേണ്ടി നർമ്മം പ്രയോഗിക്കുന്നതിലോ രതിക്കുവേണ്ടി രതി ചിത്രീകരിക്കുന്നതിലോ ഞാൻ വിശ്വസിക്കുന്നില്ല.രണ്ടും സ്വാഭാവികമായി ഉരുത്തിരിഞ്ഞു വരണം. കഥയിൽ ഞാൻ ഏറ്റവും കൂടുതൽ പ്രാധാന്യം കൽപ്പിക്കുന്നത് സ്വാഭാവികതയ്ക്കാണ്. ഫാന്റസി പ്രയോഗിക്കുമ്പോൾ കാര്യങ്ങൾ വ്യത്യസ്തമാകും.
ഒരു കുറും കഥാ പുസ്തകം പ്രസിദ്ധീകരിക്കാം എന്ന തോന്നൽ ഉണ്ടായത് എങ്ങനെയാണ് .പ്രത്യേകിച്ച് ഇത്തരം മൈക്രോ കഥകളുടെ നിലനിൽപ്പും ആരാധകരും ദാരിദ്ര്യവസ്ഥയിലാണെന്നിരിക്കെ ?
ഇപ്പോൾ പല എഴുത്തുകാരും കുറിയ കഥകൾ എഴുതുന്നുണ്ട്. കുറുംകഥകൾ പൊടിക്കഥകൾ മിന്നൽ കഥകൾ എന്നിങ്ങനെ പല പേരുകൾ വിളിക്കുന്നു എന്നേയുള്ളൂ. ഞാൻ എഴുപത്തിനാലിലാണ് ആദ്യമായി ഈ ഇനത്തിൽപ്പെട്ട കഥകൾ എഴുതിയത്. എന്തുകൊണ്ടോ അത് തുടർന്നില്ല. പിന്നീട് ‘ഇന്ന്’ മാസികയിലാണ് അതിന്റെ തുടർച്ച സാധ്യമായത്. ഇപ്പോൾ പത്തു തൊണ്ണൂറെണ്ണമായി . അറുപത്തഞ്ചോളം കഥകൾ ചേർത്ത് പൂർണ്ണ പബ്ലിക്കേഷൻസ് ഒരു സമാഹാരം പുറത്തിറക്കിയിട്ടുണ്ട്. ഇത്തരം കഥകൾ അങ്ങനെ തന്നെ ഓർത്തെടുക്കാൻ ആവും എന്നൊരു മെച്ചവും ഉണ്ട്.ചില വിഷയങ്ങൾ കൈകാര്യം ചെയ്യാൻ ഏറ്റവും പറ്റിയ മാധ്യമമായി തോന്നിയിട്ടുമുണ്ട്. എന്റെ കുറുംകഥകൾ ആദ്യം മുപ്പത്തിയഞ്ച് കഥകളുള്ള പഴയ ഓട്ടോഗ്രാഫ് മോഡലിലുള്ള പുസ്തകമായിരുന്നു. അത് എല്ലായ്പ്പോഴും ഹാൻഡ് ബാഗിൽ കൊണ്ടുനടക്കുന്ന ഒരു വായനക്കാരിയുണ്ടെന്ന് ഫേസ്ബുക്കിൽ നിന്ന് ആരോ കണ്ടെത്തി എന്നെ അറിയിച്ചിട്ടുണ്ട്. ആ അജ്ഞാത വായനക്കാരിക്ക് എന്റെ അഭിവാദനങ്ങൾ.
എളുപ്പത്തിൽ കാര്യം പറഞ്ഞു പോകാം എന്നതിനേക്കാൾ ടീച്ചറിന്റെ അഭിപ്രായത്തിൽ ഇത്തരം ഒരു കഥാ ശാഖ നിലനിൽക്കേണ്ടതുണ്ടോ ? അല്ലെങ്കിൽ ഇത്തരം പരീക്ഷണ ശാഖകൾ ഇനിയും മലയാള സാഹിത്യത്തോട് ചേരേണ്ടതുണ്ടോ ?
ഇത്തരം കഥകളിൽ ചിലതു വായിക്കുമ്പോൾ സൂചികൊണ്ട് കുത്തുന്നത് പോലെ തോന്നും. അത്തരം ഒരു അവസ്ഥ വായനക്കാരിൽ ഉണ്ടാക്കാൻ കഥാകൃത്തിന് നല്ല ഭാവനശേഷിയും കയ്യൊതുക്കവും വേണം. സമൂഹത്തിലെ നേരിയ ചലനം പോലും ഒപ്പിയെടുക്കാൻ എഴുത്തുകാരന്റെ മനസിനു കഴിയണം.. ഏതു മേഖലയിലായാലും പരീക്ഷണമൊക്കെ കൊള്ളാം പക്ഷേ പരീക്ഷണത്തിന് വേണ്ടിയുള്ള പരീക്ഷണം ആകരുത് എന്നേയുള്ളൂ.
ഒരു കഥയുടെ ജന്മം ടീച്ചറിൽ ഉണ്ടാകുന്നത് ഏത് വിധത്തിലാണ് ? ടീച്ചറുടെ കഥകൾ വായിക്കുമ്പോൾ പലപ്പോഴും ഒരു അസ്വസ്ഥതയിൽ നിന്ന് സ്വസ്ഥതയിലേക്കുള്ള പ്രയാണം പോലെ തോന്നാറുണ്ട് . കുറും കഥകൾ ടീച്ചറിലെ അത്തരം അസ്വസ്ഥതകളുടെ പ്രതിഫലനമാണോ ?
ഒരു കഥ എങ്ങനെയാണ് എന്റെയുള്ളിൽ ഉരുവം കൊള്ളുന്നത് എന്നകാര്യം ഞാൻ മുൻപും പറഞ്ഞിട്ടുണ്ട്. ‘പെറുക്കിത്തീനി’ എന്നാണ് ഞാൻ എന്നെത്തന്നെ വിശേഷിപ്പിക്കുന്നത്. അതായത് വീണു കിട്ടുന്നത് പെറുക്കിയെടുത്ത് ഭക്ഷിക്കുന്നവൾ.ചിലപ്പോൾ ഒരു മിന്നലിൽ ചില കഥാ ബീജങ്ങൾ മുളപൊട്ടാറുണ്ടെന്ന് പറഞ്ഞാലും ശരിയാകും.പണ്ടത്തെ കുട്ടികൾ മാഞ്ചോട്ടിൽ നിന്ന് കാറ്റിനോടും അണ്ണാറക്കണ്ണനോടും ഒക്കെ മാമ്പഴം ഉലുത്തിയിടാൻ അഭ്യർത്ഥിക്കുന്നത് പോലെയാണ് ചിലപ്പോൾ എന്റെയും കാര്യം.’കിട്ടിയാൽ കിട്ടി’ എന്ന മട്ടിലാവും അപ്പോൾ കഥയുടെ കാര്യം. ചിലതൊക്കെ ഏറെനാൾ ഉള്ളിൽ ചുമന്ന് നടക്കുമ്പോഴാകും പുറത്തുവരിക. കഥയ്ക്ക് വരാൻ അങ്ങനെ എത്രയെത്ര വഴികൾ എന്നാണ് ഞാൻ ആശ്ചര്യപ്പെടുന്നത്.
എന്തായാലും കലകളിൽ സംഗീതത്തിനു മാത്രമേ മനുഷ്യമനസിനെ സ്വസ്ഥതയിൽ എത്തിക്കാൻ കഴിയൂ എന്നാണ് എന്റെ അനുഭവം.സാഹിത്യം അസ്വസ്ഥതയിൽ നിന്നാണ് ഉടലെടുക്കുന്നത്. ആ അസ്വസ്ഥത വായനക്കാരിലും ഉണ്ടാകണം.അപ്പോഴാണ് അവർ ചിന്തിക്കാൻ തുടങ്ങുക. ചിന്തയെ ഉണർത്താത്ത സാഹിത്യത്തിന് നിലനിൽപ്പില്ല. ചിന്തിക്കാത്തവർ എങ്ങനെയാണ് ഈ ലോകത്ത് മാറ്റങ്ങൾ കൊണ്ടുവരിക.