കടവരേ വിരിഞ്ഞ കൈരവം

കഥ എന്നത് യഥാർത്ഥത്തിൽ അതിന്റെ തീം മാത്രമല്ല, കഥ പറച്ചിലിന്റെ രീതി കൂടിയാണ്. അതുകൊണ്ടുതന്നെ പുതിയ പുതിയ രീതികൾ വന്നുകൊണ്ടിരിക്കുന്നുവെങ്കിൽ മാത്രമേ കഥയ്ക്ക് പുതുമയും കഥ എന്ന മേഖലയ്ക്ക് വളർച്ചയും ഉണ്ടാകൂ. പാരമ്പര്യത്തെ പിന്തുടരാൻ ഒരു ക്രിയേറ്റീവ് റൈറ്ററുടെ ആവശ്യമില്ല. പാരമ്പര്യ രീതിയിലുള്ള കഥകൾ വീണ്ടും വീണ്ടും നിർമിക്കാൻ ഒരു ഫോട്ടോസ്റ്റാറ്റ് മെഷീനോ ഇന്നത്തെ കാലത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസോ മതിയാകും.

‘ഞാനോ തിങ്കളിന്നാരാധകന്‍,
നമുക്കൊന്നിനെപ്പറ്റിയും
മിണ്ടാതെ, തിങ്കളെ-
പ്പറ്റിപ്പറഞ്ഞേയിരിക്കാം’

  • ജലാലുദ്ദീന്‍ റൂമി
സ്വാമി അവ്യയാനന്ദ

ഈ റൂമിക്കവിതാവരിയുടെ പട്ടുനൂല്‍ത്താര പിന്‍തുടര്‍ന്നാല്‍ ചെന്നെത്താവുന്ന ഒരിടമുണ്ട്. അത് സ്വാമി അവ്യയാനന്ദ എഴുതിയ, ‘ശിവഗിരി, നമ്മുടെ പുണ്യതീര്‍ത്ഥം’ എന്ന പുസ്തകത്തിലെ ‘ഗുരുദേവരചനാവഴിയിലെ നിലാഭംഗികള്‍’ എന്ന ലേഖനമാണ്. നിലാവലിഞ്ഞ കടല്‍മഷിയുപയോഗിച്ചാണ് സ്വാമി എഴുതുന്നത്. ആ വിരലുകള്‍ക്കും കാണും നിലാപ്പതുമ. ബിസിനീതന്തുമരീചികേശനാണ്, മുണ്ഡനം ചെയ്ത ശിരസ്സും മസൃണമായ മുഖചന്ദ്രമണ്ഡലവുമല്ല, സ്വാമിയുടേത്. നല്ല അഴകുണ്ട് സ്വാമിയുടെ നിലാവെഴുത്തിന്, നിലാവിതളുകള്‍ പോലെ, മസൃണം, സ്‌നിഗ്ദ്ധം.
നേരിയ പാവനഗന്ധമുണ്ട്.
‘ചാരുവൃക്ഷദളഭിന്നമായി, വീ-
ണോരു പൂക്കളുടെ മട്ടുചോട്ടിലായ്
ചേരുമീ മുറി നിലാവെടുത്തു കാ-
ന്തോരു! നിന്റെ കുറുകുന്തല്‍ കെട്ടിടാം’
എന്ന് രാഗപരവശനാകുന്ന ‘കുമാരസംഭവ’ത്തിലെ പരമശിവനെയാണിതോര്‍മ്മിപ്പിക്കുന്നത്. ഗുരു കവിതയില്‍ നിന്നു പെറുക്കിയെടുത്ത നിലാനുറുങ്ങുകള്‍ കൊണ്ട് സ്വാമി, വാഗ്‌ദേവിയായ ശ്രീശാരദയുടെ കേശഭാരമലങ്കരിക്കുന്നു. ‘ശ്രീമച്ഛങ്കരപാണി പല്ലവകിരല്ലോലംബമാലോല്ലസല്‍മാലാലോലകലാപകാളകബരീഭാരവലി’യാണല്ലോ ഗുരുവിന്റെ ഭദ്രകാളി. നിലാവുകൊണ്ടുള്ള വാഗര്‍ച്ചനയെന്നു പറയാം. ‘ബാലപ്പിറ ചൂടിയ (കാരുണ്യാവാരിധി’യെ കവി, കവിതയുടെ കടലാലര്‍ച്ചിക്കുന്നു. ‘പവിഴമലയ്ക്കു മുളച്ചെഴും നിലാവ്’ എന്നാണ് ഗുരു ‘ശിവശതക’ത്തില്‍ മുക്കണ്ണന്റെ മുഗ്ദ്ധമായ പുഞ്ചിരിയെ വിവരിക്കുന്നത്. ആ പുഞ്ചിരിയുടെ നിലാവെളിച്ചം വീണു തിളങ്ങുന്നവയാണ് അവ്യയാനന്ദസ്വാമിയുടെ ഇന്ദുകാന്തം പോലെ അലിവിയന്ന വാക്കുകള്‍.
ഗ്രാമീണകര്‍ഷകരുടെ നിലാപ്പൂജയെപ്പറ്റി പറഞ്ഞുകൊണ്ടാണ് സ്വാമി തന്റെ ലേഖനം തുടങ്ങുന്നത്. അത് ചലച്ചിത്രഗാനങ്ങളിലെ നിലാവെഴുത്തിലൂടെ ആശാന്റെ ശാരദാസ്തവത്തിലെ ‘ശരച്ചന്ദ്രമരീചിക’യിലെത്തുന്നു.
‘ഹാ!കൃശാ,തരുതലത്തിലിന്ദുവി-
ന്നേകരശ്മിയതു പോലെയാരിവള്‍?’ എന്നും ആശാന്‍ . ശരല്‍ക്കാല മേഘം പോലെ ശുഭ്രയാണ് ശാരദ, ശരത്തിന്റെയും അംബിക.
‘ജടാഹീന്ദ്രകുന്ദം’ എന്നെഴുതി, ഗണപതിയെപ്പോലും സര്‍പ്പഭൂഷണനാക്കുകയും ആ സര്‍പ്പഭൂഷയെപ്പോലും പരിമൃദുലവും പരിമളവാഹിയുമായ മുല്ലപ്പൂമാലയാക്കുകയും ചെയ്യുന്നുണ്ട് ഗുരു. ശിവശതകത്തില്‍ ‘മതി’ എന്ന മനസ്സിന്റെയും തിങ്കളിന്റെയും (തിങ്കളും കൊന്നയും ചൂടുമീശന്‍’ എന്ന് കുണ്ഡലിനിപ്പാട്ടില്‍) ഒരു തിരുവിളയാടല്‍ തന്നെ കാഴ്ചവയ്ക്കുന്നുണ്ട് നാരായണകവി. ഒടുവില്‍ ലോകം നിറയുന്ന നിലാക്കുളിര്‍വെണ്‍മയുടെ പ്രസരമേറ്റ് ‘ദേവലോകക്കുള’ത്തില്‍ ആമ്പലുകള്‍ വിരിയുന്നു. അന്തരംഗസരസ്സിലാണ് ആ ആമ്പലുകള്‍ അഥവാ ആത്മാവിന്റെ സൂക്ഷ്മസരോവരത്തില്‍
‘പാരമാര്‍ത്തിയൊടു പൂനിലാവിതി-
ന്നേരമത്ര വളരെക്കുടിക്കയാല്‍
സ്വൈര്യമുക്തമധുപാരവത്തൊടും
കൈരവം കടവരേ വിരിഞ്ഞുതേ’ (കുമാരസംഭവം, എട്ടാം സര്‍ഗ്ഗം, കുണ്ടൂരിന്റെ പരിഭാഷ)
‘മൗനനിലയത്തില്‍ മൊഴിയഴകിന്റെ ദേവത’ എന്ന ചിത്തരഞ്ജകമായ ശീര്‍ഷകമാണ്.
മറ്റൊരു ലേഖനത്തിന് : ഗുരുവിന്റെ ‘ദേവീസ്തവ’ത്തിന്റെ വായന. പ്രഭാതത്തിന്റെ സൗമ്യരുചിയെപ്പറ്റിപ്പറഞ്ഞുകൊണ്ടാണ് ഉപന്യാസത്തിന്റെ തുടക്കം. ആശാന്‍ പ്രഭാതത്തെയും സാന്ധ്യശാന്തിയെയും ഉപാസിച്ചിരുന്നു. ‘ഉഷസ്സന്ധ്യ’പോലൊരുപമാനം അത്തരമൊരു കവിയിലേ ഉരുവാകു; ചിന്താവിഷ്ടയായ സീത’യിലെ സന്ധ്യയോടു വിട ചൊല്ലുന്ന സീതയും. പ്രഭാതചാരുതയില്‍ നിന്ന് ഗുരുവിന്റെ ദേവീസ്തവത്തിലേയ്ക്കു നീങ്ങുന്ന സ്വാമി അതിലെ, പഥ്യാവൃത്തത്തിലുള്ള ശ്ലോകങ്ങളോരോന്നായി ഇതള്‍ വിടര്‍ത്തിക്കാട്ടുന്നു. ഉള്ളില്‍ വെള്ളത്താമരപ്പൂവിന്റെ കര്‍ണ്ണിക പോലെ ദേവീരൂപം പ്രത്യക്ഷമാകുന്നു.
‘അല പൊങ്ങി വന്നു നുര തുള്ളിയുള്ളാഴി നി-
ന്നലയുന്നു പെണ്‍കുതിരയല്ലി മല്ലിന്നു നീ’ ഈ പെണ്‍കുതിരയെ -ബഡവയെ-തെല്ല് കൗതുകത്തോടെയാണ് സ്വാമി നോക്കിക്കാണുന്നത്. ഗുരുദേവന് പ്രിയപ്പെട്ട കല്പനയായിരുന്നിരിക്കണം ഇത്. ‘ഘോടീവൃന്ദസമാനധാടി യുയുധീം’ എന്ന് ‘ഭദ്രകാള്യഷ്ടക’ത്തില്‍. കടലിനെ അടക്കുന്നവളാണ് ഈ അശ്വിനി; അശാന്ത സമുദ്രത്തെ ശാന്തസമുദ്രമാക്കുന്നവള്‍.
സമാനരീതിയില്‍ നാരായണഗുരുവിന്റെ സാഗരകല്പനകളെക്കുറിച്ചുമെഴുതുന്നുണ്ട് അവ്യയാനന്ദസ്വാമി, ‘എരിനരകാബ്ധി’യായും ‘മൗനഘനാമൃതാബധി’യായും ‘മുഴുമതിയാഴി’യായും ‘പൊന്‍വിളക്കിളയ്ക്കുമാഴി’യായും ‘ഭവാബ്ധി’യായും ‘ആനന്ദലബ്ധി’യായും ‘അറിവാമാഴ’യായും ‘ആടലാം കട’ലായും ‘തിരയറ്റുയരുംകട’ (നിസ്തരംഗ സമുദ്രം)ലായും ‘മഹസ്സാമാഴി’യായും ‘കരുണക്കട’ലായും അതുപലമപ്പെടുന്നു. കരിങ്കടലിനെ പാല്‍ക്കടലാക്കുകയായിരുന്നു ഗുരു, തന്റെ കാവ്യമഥനത്തിലൂടെ.
‘കടലിലെഴും തിര പോലെ കായമോരോ-
ന്നുടനുടനേറിയുയര്‍ന്നമര്‍ന്നി’ടുന്ന
ഭവസാഗരത്തെ അങ്ങനെയാണ് ഗുരു തരണം ചെയ്തത്.
‘അരുളുള്ളവനാണ് ജീവി’ എന്ന നവാക്ഷരീമന്ത്രത്തെക്കുറിച്ചും എണ്ണപോലെ പരക്കുന്ന സ്‌നേഹമെന്ന സ്‌നിഗ്ദ്ധവികാരത്തെക്കുറിച്ചും വായനയെക്കുറിച്ചും ശിവഗിരി തീര്‍ത്ഥാടനത്തെക്കുറിച്ചും ഗുരുവിന്റെ സാഹോദര്യസങ്കല്പത്തെക്കുറിച്ചും ശിവഗിരി എന്ന ശാരദാനികേതനത്തിന്റെ പ്രകൃതി രമണീയതയെപ്പറ്റിയും പക്ഷികളെ സ്‌നേഹിച്ച സെന്റ് ഫ്രാന്‍സിസിനെക്കുറിച്ചും മര്‍ത്ത്യസ്‌നേഹത്തിന്റെ മധു നിറയാത്ത മൃണ്‍മയതത്ത്വശാസ്ത്രങ്ങളെക്കുറിച്ചുമാണ് തന്റെ മസൃണഭാഷയില്‍ മറ്റു ലേഖനങ്ങളില്‍ സ്വാമി എഴുതുന്നത്. ‘വടിവേലും തങ്കക്കുന്നിന്റെ നെടിയ കാടാര്‍ന്ന സാനു’വില്‍ വസിക്കുന്ന മധുകരന്റെ മൂളല്‍ പോലുള്ള ഈ എഴുത്ത് സ്വാമി, ഇനിയും തുടരട്ടെ- അവിരാമം, അഭിരാമം.
7034487718

Author

Scroll to top
Close
Browse Categories