ഗുരു എന്ന വിജ്ഞാനഗീത

അറിവും അറിയപ്പെടുന്നതും ഒന്നാണെന്നുള്ള അറിവില്ലെങ്കിൽ ആ അറിവ് പൂർണ്ണമായ അറിവാകുന്നില്ല. അറിവും അറിയപ്പെടുന്നതും അറിയുന്നവനും ചേർന്നാലേ അറിവിന്റെ നിറവുണ്ടാകൂ. അറിവു നിറവിലൂടെ അതല്ലാതൊന്നുമില്ലെന്നു കാണാനുള്ള കഴിവാണ് അറിവ് എന്നു ബോധ്യമാകുന്നു. പ്രപഞ്ച തത്വത്തെയപ്പാടെ അറിവിലേക്കാവാഹിക്കുന്ന അഗാധമായ ഉപദർശനത്തിലേക്കു നയിക്കുന്ന ലളിത സുന്ദരമായ ‘ അറിവ് ‘ എന്ന ഗുരുകാവ്യം അനന്യ താത്വിക വചനമായി, ജ്ഞാന ഗീതയായി നിലകൊള്ളുകയാണ്.

മനുഷ്യമനസ്സിനെ അഗാധമായി സ്വാധീനിക്കുകയും സമൂഹത്തെയാകെ പരിവർത്തിപ്പിക്കുകയും ചെയ്യാൻ പ്രാപ്തമായ നിരവധി ഉൽബോധനങ്ങളുണ്ട് ശ്രീനാരായണഗുരുവിന്റേതായി. അങ്ങേയറ്റം ആഴമുള്ള കാര്യങ്ങൾ അതീവലളിതമായി അവതരിപ്പിക്കുവാനുള്ള ഗുരുവിന്റെ കഴിവ് അപാരമാണ്. ഒരിക്കൽ ശ്രീനാരായണ സാഹിത്യത്തെക്കുറിച്ച് പ്രഭാഷണം നടത്തവെ അതു കേട്ട പലരും ആ വിഷയത്തിൽ വിശദമായ പഠനം കാലഘട്ടം ആവശ്യപ്പെടുന്നുണ്ടെന്ന് അഭിപ്രായപ്പെട്ടു. പ്രൊഫ. ബാലകൃഷ്ണൻ നായർ സാർ അറുപതുകളിൽ ഗുരുകൃതികളുടെ വ്യഖ്യാനങ്ങൾ നടത്തിത്തുടങ്ങിയപ്പോഴാണ് ഗുരുവിനെ സംബന്ധിക്കുന്ന സാഹിത്യപരമായ ഗഹനവും അത്ഭുതകരവുമായ ഒരു ലോകമുണ്ടെന്ന് നാം അറിയുന്നത്. ചിലർ ആ വഴിക്ക് തുടർന്ന് പരിശ്രമിക്കുകയുമുണ്ടായി. എന്നാൽ വിശദമായ ഒരു പഠനത്തിനു മുതിർന്നപ്പോഴാണ് ആഴക്കടൽ പോലെ നിലയില്ലാത്ത വിധം അഗാധമാണ് ഗുരുദേവ കൃതികളുടെ അന്തസ്സത്ത എന്നു മനസ്സിലാകുന്നത്. ഏതോ ഒരു പ്രചോദനത്താലെന്നവിധം രണ്ടു വർഷക്കാലത്തെ നിരന്തരമായ ശ്രമത്തിലൂടെ ഗുരുവിന്റെ എല്ലാ കൃതികളെയും സൗന്ദര്യപരമായും ദർശനപരമായും സമീപിച്ചു കൊണ്ട് ‘ ശ്രീനാരായണ സാഹിത്യ ദർശനം’ എന്ന കൃതി എനിക്കു പൂർത്തിയാക്കാനായി. സാഹിത്യ പ്രവർത്തക സഹകരണ സംഘം 2017 ൽ ഗ്രന്ഥം പ്രസിദ്ധീകരിക്കുകയും ചെയ്തു.

ശ്രീനാരായണഗുരുവിന്റെ രചനകളിൽ എന്നെ അത്യധികം സ്വാധീനിച്ച രചന ‘അറിവ് ‘ എന്ന കവിതയാണ്. സ്വാനുഭവത്തെ ആസ്പദമാക്കി ഗുരു അരുൾ ചെയ്ത ‘അറിവ്’ നിശിതമായ അപഗ്രഥന ശക്തി പ്രകടിതമാക്കിക്കൊണ്ട് അറിവിന്റെ പ്രകാശ കിരണങ്ങൾ എമ്പാടും വാരി വിതറുന്നു. എന്നാൽ ഏകാഗ്രമായ സമീപനത്തിൽ ആഴമേറിയ ദർശന തലത്തിലേക്ക് മനുഷ്യരെ നയിച്ചു കൊണ്ട് അറിവിന്റെ അത്ഭുതം ലോകം സൂക്ഷ് മ സഞ്ചാരത്തിനായി കാട്ടിത്തരുന്നു. ‘ആര്യാ ‘ വൃത്തത്തിൽ ലളിതമലയാള പദാവലിയാൽ മെനഞ്ഞെടുത്തിട്ടുള്ള പതിനഞ്ചു പദ്യങ്ങൾ മാത്രമടങ്ങുന്ന ‘ അറിവ് ‘ എന്ന മൂന്നക്ഷരങ്ങൾ എല്ലാ ജ്ഞാനസങ്കേതങ്ങളെയും വിജ്ഞാന സ്രോതസ്സുകളെയും തന്നിലേക്ക് ആവാഹിച്ച് ലോകസത്യമായ അറിവിനെ പരമകാഷ്ഠയിൽ പ്രതിഷ്ഠിക്കുന്നു. ഇന്ദ്രിയാദികളായി മാറുന്ന അറിവ് എങ്ങനെയാണ് ലോകത്തെ പ്രതീതമാക്കുന്നതെന്ന് വിശദമാക്കുമ്പോൾ അറിവു രചന പര്യവസാനം കുറിക്കുകയായി. ഉദാരവും ഐശ്വര്യനിഷ്ഠവും ആദർശ ദീപ്തവുമായ ഉന്നതമായൊരു വിശ്വാസ ദാർഢ്യത്തിലേക്ക് അദ്വൈതത്തിലുറപ്പിച്ച ഗോവണി ഘടിപ്പിച്ച് അറിവനുവാചകനെ കയറ്റിവിട്ട് മന്ത്രതന്ത്രാദികളുടെയും വേദോപനിഷത്തുകളുടെയും അറിവാഴങ്ങളെ ചെപ്പിലൊളിപ്പിക്കുന്ന അനശ്വരവിദ്യ ‘അറിവ് ‘ എന്ന കൃതിയിലൂടെ ഗുരു അനുഭവവേദ്യമാക്കുന്നു.
അറിവും അറിയപ്പെടുന്നതും ഒന്നാണെന്നുള്ള അറിവില്ലെങ്കിൽ ആ അറിവ് പൂർണ്ണമായ അറിവാകുന്നില്ല. അറിവും അറിയപ്പെടുന്നതും അറിയുന്നവനും ചേർന്നാലേ അറിവിന്റെ നിറവുണ്ടാകൂ. അറിവു നിറവിലൂടെ അതല്ലാതൊന്നുമില്ലെന്നു കാണാനുള്ള കഴിവാണ് അറിവ് എന്നു ബോധ്യമാകുന്നു. പ്രപഞ്ച തത്വത്തെയപ്പാടെ അറിവിലേക്കാവാഹിക്കുന്ന അഗാധമായ ഉപദർശനത്തിലേക്കു നയിക്കുന്ന ലളിത സുന്ദരമായ ‘ അറിവ് ‘ എന്ന ഗുരുകാവ്യം അനന്യ താത്വിക വചനമായി, ജ്ഞാന ഗീതയായി നിലകൊള്ളുകയാണ്.

“അറിയപ്പെടുമിത വേറ -/ ല്ലറിവായിടും തിരഞ്ഞിടും നേരം;/ അറിവിതിലൊന്നായതു കൊ /ണ്ടറിവല്ലാതെങ്ങുമില്ല വേറൊന്നുo /
അറിവില്ലെന്നാലില്ലീ -/ യറിയപ്പെടുമെന്നതുണ്ടി തെന്നാലും /” ഇങ്ങനെയാരംഭിക്കുന്ന ഗുരു കാവ്യം അറിവെന്നാൽ ഉൺമയാണെന്നും ഉള്ളിൽ ഉള്ളതു തന്നെയാണ് ഉൺമയെന്നും വ്യക്തമാക്കുന്നു. അസ്തിത്വവും അവയെപ്പറ്റിയുള്ള അറിവും വ്യത്യസ്തമല്ല. അറിയുന്നത് ഉണ്ട് ; ഉള്ളതേ അറിയാൻ കഴിയൂ. ” അറിവിതിലേതറിയുന്നീലറി വെന്നാലെങ്ങു നിന്നു വന്നീടും ” എന്ന ചോദ്യമുയർത്തി പത്താമത്തെ പദ്യം അറിവിന്റെ മറ്റൊരു ലോകത്തേക്കുള്ള വാതായനമാണു തുറന്നിടുന്നത്.

അറിവിന്റെ സൂക്ഷ് മ ലോകത്തെ വിവിധ ഘട്ടങ്ങളിൽ വെളിപ്പെടുത്തിയിട്ടുള്ള ഗുരു , ജ്ഞാന-അജ്ഞാനങ്ങളെ സംബന്ധിച്ചുള്ള ശ്രദ്ധേയ നിരീക്ഷണങ്ങളും നടത്തിയിട്ടുണ്ട്. അസ്തി, ഭാതി ,പ്രിയം, രൂപം, നാമം എന്നിങ്ങനെയുള്ള പഞ്ചമ ഘടകങ്ങൾ വസ്തുക്കളിലെല്ലാം അടങ്ങിയിട്ടുണ്ടെന്നും ഇവയിൽ ജ്ഞാനി ആദ്യ മൂന്നു ഘടകങ്ങളും അജ്ഞാനി ശിഷ്ടമുള്ളവയും ഗ്രഹിക്കുന്നുവെന്ന തത്വം നിലനിൽക്കെ അസ്തി, ഭാതി, പ്രിയം എന്നിവ അജ്ഞാനവേളകളിലും സ്ഫുരിക്കുന്നുവെന്ന് ഗുരു സമർത്ഥിച്ചിട്ടുണ്ട്. ജ്ഞാനത്തെ പ്രതിനിധാനം ചെയ്യുന്ന എല്ലാ അവസ്ഥകളെയും അഭിസംബോധന ചെയ്തിട്ടുള്ള ഗുരു അറിവിനു മാത്രമായി തന്റെ ചിന്താസരണിയിൽ പ്രത്യേക ഇടം നൽകുകയുണ്ടായി.
“അറിയപ്പെടുമിതിയൊന്നീയറിവിൻ പൊരി വീണു ചിന്തിയഞ്ചായി / അറിയുന്ന വനെന്നറിയാ മറിവെന്നറി യുന്നവനുമൊന്നാകിൽ ” എന്നു രേഖപ്പെടുത്തി ഇന്ദ്രിയാദികളിലേക്കുള്ള അറിവിന്റെ പരിവർത്തന രഹസ്യം വെളിവാക്കുന്ന ഗുരു ‘അറിവ് ‘ പരമമായ സത്യമാണെന്ന് അർത്ഥശങ്കയില്ലാതെ അദ്വൈത ദർശനത്തിന്റെ പശ്ചാത്തലത്തിൽ സ്ഥിരീകരിക്കുന്നു.
അയത്നലളിതമെന്ന പ്രതീതി സൃഷ്ടിക്കുന്നുണ്ടെങ്കിലും അതീവഗഹനമായ ‘ അറിവ്‌ കാവ്യം ‘ എത്രയധികം അപഗ്രഥനങ്ങൾക്കും പൂർത്തീകരിക്കാനാകാത്ത വിധം വ്യത്യസ്തമാ യ അറിവാശയങ്ങളുടെ അനന്യ രചനയായി, ആലോചനാ സാധ്യതകളുടെ ചക്രവാള സീമയായി വർത്തിക്കുന്നു. ഗുരു എന്ന വിജ്ഞാന ഗീതയ്ക്കു മുന്നിൽ കാലം അതോടെ അഞ്ജലീബദ്ധമാകുകയും ചെയ്യുന്നു. 9447901994

Author

Scroll to top
Close
Browse Categories