അഭിപ്രായവും അത് പറയാനുള്ള ധൈര്യവും
എഴുത്തു കളരിയിലേക്കു പോകുന്ന കുട്ടികള്‍ വഴിയില്‍വെച്ച് ആരോടും സംസാരിക്കാന്‍ പാടില്ല. അതിന് ആശാന്മാര് ഒരു വിദ്യ കണ്ടെത്തിയിരുന്നു. വീട്ടില്‍നിന്നും പുറപ്പെടുമ്പോള്‍ വായ്ക്കകത്ത് വെള്ളം എടുക്കുക, അത് ഇറക്കാതെ സൂക്ഷിക്കുക. പള്ളിക്കൂടത്തിലെത്തിയാല്‍ ആശാനോ ചട്ടമ്പിയോ കാണുന്നതരത്തില്‍ അതു പുറത്തേക്ക് തുപ്പിക്കളയണം.
പോകുമ്പോള്‍ മൗനികളായി നടന്നിരുന്നവര്‍ കളരിയില്‍ നിന്നു തിരിച്ചുവരും വഴി ആകാവുന്നത്ര ബഹളമുണ്ടാക്കും. അപ്പോഴും നാണു മൗനത്തിലായിരിക്കും. ആവശ്യത്തിനുമാത്രം സംസാരിക്കുക ഇതാണ് പതിവ്.
ഒരു ശിക്ഷപോലെ വായനിറച്ചും വെള്ളവും കൊണ്ട് കളരിയില്‍ പോവുന്നത് പ്രയാസമായി.
ആശാനോട് നാണു ഒരുദിവസം പരാതി പറഞ്ഞു.
”വഴിയില്‍ സംസാരിക്കുന്നവര്‍ മാത്രം വായില്‍ വെള്ളവും കൊണ്ടു വന്നാല്‍ മതിയല്ലോ”
ചെമ്പഴന്തി മൂത്തപിള്ള ആശാന് നാണുവിന്റെ പരാതി കേട്ടപ്പോള്‍ സന്തോഷിക്കുകയാണ് ചെയ്തത്. ഏതുകാര്യത്തിലും സ്വന്തമായി ഒരഭിപ്രായമുണ്ട്. അത് മറ്റുള്ളവരുടെ മുമ്പില്‍ പറയാനുള്ള ധൈര്യവുമുണ്ട്.
”നാണുവിന് മറ്റുള്ളവരോട് സംസാരിക്കണമെന്ന് തോന്നാറില്ലേ?”
മൂത്തപിള്ള ആശാന് ചോദിച്ചു.
”ആവശ്യത്തിന് സംസാരിക്കണമല്ലോ! അനാവശ്യമായി വേണ്ട.” നാണു വിനയത്തോടെ പറഞ്ഞു.
തിരിച്ചുപോകുമ്പോള്‍ നാണു മൗനിയായിരിക്കുമെന്നും ആവശ്യത്തിനു മാത്രമേ സംസാരിക്കുകയുള്ളു എന്നും മൂത്തപിള്ള ആശാന് മറ്റു കുട്ടികളില്‍നിന്നും മനസ്സിലാക്കി. അന്നുമുതല്‍ വീട്ടില്‍ നിന്നും വായില്‍ വെള്ളം നിറച്ചു വരേണ്ടതില്ലെന്ന് ആശാന് അറിയിച്ചു. നാണുവിനോട് ആശാനുള്ള സ്നേഹം വര്‍ദ്ധിച്ചു എന്നു മറ്റുള്ള കുട്ടികള്‍ മനസ്സിലാക്കി.