നാണു ചട്ടമ്പി

പഠിക്കാനായി മറ്റൊരു നാട്ടില്‍ എത്തിയിരിക്കുകയാണ്. കുമ്മമ്പള്ളി രാമന്‍പിള്ള ആശാനെപ്പറ്റി പറഞ്ഞുകേട്ടപ്പോള്‍ അല്പം ഭയംതോന്നി. എന്നാല്‍ അദ്ദേഹം സംസ്‌കൃതം പഠിച്ചതിന്റെ കാരണങ്ങളെപ്പറ്റി അറിഞ്ഞപ്പോള്‍ ബഹുമാനം വര്‍ദ്ധിച്ചു.

ചെറുപ്പത്തില്‍ കഥകളിക്കമ്പക്കാരനായിരുന്നു രാമന്‍പിള്ള. കഥകളിയില്‍ നല്ല പരിശീലനം നേടി. അരങ്ങുകളില്‍ നിറഞ്ഞാടി നല്ല കഥകളി നടനെന്നു പേരെടുത്തു. ഒരിക്കല്‍ കഥകളി നടന്നുകൊണ്ടിരുന്നപ്പോള്‍ മുദ്ര പിഴച്ചു. സംസ്‌കൃതത്തില്‍ ജ്ഞാനമില്ലാത്തതുകൊ ണ്ടാണ് അങ്ങനെയുണ്ടായതെന്ന് കൂടെയുള്ളവര്‍ പരിഹസിച്ചു.

അന്ന് രാമന്‍പിള്ളക്ക് പതിനഞ്ചു വയസ്സാണ് പ്രായം. വേഷം അഴിച്ചുവെച്ച് എല്ലാവരും കേള്‍ക്കെ പറഞ്ഞു സംസ്‌കൃതം പഠിക്കാതെ ഇനി കഥകളി അരങ്ങില്‍ കയറില്ല. നല്ല വേഷക്കാരന്‍. എല്ലാവര്‍ക്കും സമ്മതന്‍. ഇങ്ങനെ പറഞ്ഞപ്പോള്‍ അതൊരു വീരപ്രതിജ്ഞപോലെ മറ്റുള്ളവര്‍ക്ക് തോന്നി.
കൈലാസശാസ്ത്രികള്‍ എന്ന സംസ്‌കൃതപണ്ഡിതന്റെ ശിഷ്യനായി. അഞ്ചു വര്‍ഷക്കാലം സംസ്‌കൃതം പഠിച്ചു. പിന്നീട് കുറച്ച് ജ്യോതി ഷം പഠിച്ചു. അതുകൊണ്ടും തൃപ്തനാകാതെ ചെമ്പകശ്ശേരി പോറ്റിയുടെ അടുക്കല്‍ പോയി വൈദ്യവും പഠിച്ചു. പഠനമൊക്കെ കഴിഞ്ഞപ്പോള്‍ കാശിക്ക് പോയി സന്ന്യാസം സ്വീകരിക്കണമെന്നായി ചിന്ത. എന്നാല്‍ ബന്ധുക്കള്‍ ആ ശ്രമത്തില്‍നിന്നു പിന്തിരിപ്പിച്ചു. വീട്ടില്‍ കൂട്ടിക്കൊണ്ടുവന്നു. വിവാഹം നടത്തിച്ചു. അതിനുശേഷമാണ് കുട്ടികളെ പഠിപ്പിക്കുന്നതിന് വിദ്യാലയം തുടങ്ങിയത്.
കായംകുളത്തെ കുമ്മമ്പള്ളി രാമന്‍പിള്ള ആശാന്റെ എഴുത്തുകളരിയെ ചേവണ്ണൂര്‍ കളരി എന്നും വിളിച്ചിരുന്നു. ചേവണ്ണൂര്‍ തറവാടിനോടു ചേര്‍ന്ന ഒറ്റമുറിയും വരാന്തയുമായിരുന്നു രാമന്‍പിള്ള ആശാന്റെ പാഠശാല.
അറുപതില്‍പരം വിദ്യാര്‍ത്ഥികളുണ്ട് അവിടെ പഠിക്കുവാന്‍. അതില്‍ ആറു കുട്ടികള്‍ മാത്രമാണ് ഈഴവര്‍. മറ്റുള്ളവര്‍ ബ്രാഹ്മണര്‍, നായര്‍, വാരിയര്‍ തുടങ്ങിയവരാണ്. വിദ്യാലയത്തിലെത്തുന്ന ബ്രാഹ്മണക്കുട്ടികള്‍ക്ക് ഉയരമുള്ള രണ്ടു കട്ടകളിന്മേല്‍ പലകവെച്ച് ഉയര്‍ത്തിയായിരുന്നു ഇരിപ്പിടം. നായര്‍ കുട്ടികള്‍ക്ക് പനംപായ വിരിച്ചതില്‍ ഇരിക്കാം. ഈഴവക്കുട്ടികള്‍ ഓലക്കീറിലിരിക്കണം.

കളരിയിലെത്തിയ നാണുവിന് ഈ കാര്യങ്ങളൊന്നും അറിയില്ല. ഉയര്‍ന്ന ഇരിപ്പിടത്തില്‍ തന്നെ തന്റെ സ്ഥാനമെന്നു നിശ്ചയിച്ചു അവിടെയിരുന്നു.
ബ്രാഹ്മണരും മറ്റും ജാതി ചോദിച്ചു മനസ്സിലാക്കി മാറിയിരിക്കാന്‍ ആവശ്യപ്പെട്ടു. അയിത്തക്കാരനെന്നു വിളിച്ചു ആക്ഷേപിച്ചു. പ്രതാപികളായിരുന്ന എട്ടുവീട്ടില്‍ പിള്ളമാരുടെ പിന്‍മുറക്കാരനായിരുന്ന മൂത്തപിള്ളയാശാന്റെ എഴുത്തുകളരിയില്‍ ജാതിയെപ്പറ്റി ആരും പറഞ്ഞിരുന്നില്ല. ഇവിടെയിപ്പോള്‍ ജാതിവ്യത്യാസമാണ് ആദ്യം പ്രശ്‌നമായത്.

നാരായണന്‍ തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും വേണ്ടതില്ല എന്ന അഭിപ്രായക്കാരനാണ്. പക്ഷെ സംഘം ചേര്‍ന്ന് ആക്ഷേപിക്കുന്നവരോട് വാദപ്രതിവാദം നടത്താന്‍ ശ്രമിച്ചില്ല. മാറി ഓലക്കീറിലിരുന്നു. എന്നിട്ട് ജാതി അഭിമാനികളുടെ നേരെ നോക്കി തലയുയര്‍ത്തി ചോദിച്ചു.
”ഇനി നാം ശ്വാസം എവിടെനിന്നു പിടിക്കണം”
ആ ചോദ്യത്തിന്റെ അര്‍ത്ഥം മനസ്സിലായവര്‍ അതേപ്പറ്റി ചിന്തിച്ചു. വായു എല്ലാവര്‍ക്കും ഒരുപോലെയാണ്. ബ്രാഹ്മണരും നായരും ശ്വാസംപിടിക്കുന്ന സ്ഥലത്തുനിന്ന് ഈഴവന്‍ ശ്വാസംപിടിച്ചാല്‍ അയിത്തമാവുകയില്ലേ എന്നാണ് പരിഹാസ ചോദ്യം.

തീരെ ചെറിയ കുട്ടിയല്ല. ഇരുപത്തിമൂന്ന് വയസ്സുള്ള യുവാവാണ് നാരായണന്‍. അതുകൊണ്ട് നാരായണനുമായി ഉണ്ടായ പ്രശ്‌നങ്ങള്‍ കുമ്മമ്പളളി രാമന്‍പിള്ള ആശാന്‍ വന്നപ്പോള്‍ കുട്ടികളെല്ലാം ഒരു പരാതിയായി പറഞ്ഞു. ഇനി നാം ശ്വാസം എവിടെനിന്നു പിടിക്കണം എന്നും നാരായണന്‍ ചോദിച്ചു എന്നറിഞ്ഞപ്പോള്‍ ആശാന് കാര്യം വ്യക്തമായി.

നാരായണന്‍ ഒരു സാധാരണ വിദ്യാര്‍ത്ഥിയല്ല. ചിന്തയും ഫലിതബോധവും പ്രത്യുല്പന്നമതിത്വവുമുള്ള യുവാവാണ്. നാരായണനെ സൂക്ഷിച്ചുനോക്കി ആ വ്യക്തിത്വം വിലയിരുത്തി മറ്റുള്ളവരോടു പറഞ്ഞു.
”നിങ്ങള്‍ നിയന്ത്രിക്കേണ്ട. ഞാന്‍ നോക്കിക്കൊള്ളാം.”
ഒരു കഠിനശിക്ഷയാണ് എല്ലാവരും പ്രതീക്ഷിച്ചത്. കളരിയില്‍ വന്നുകയറിയ ദിവസം തന്നെ പ്രശ്‌നക്കാരനായി മാറിയവനെ നന്നായി ശിക്ഷിക്കണമെന്നും പലരും ആഗ്രഹിച്ചു.

ഗുരുനാഥനെ വിനയാദരവുകളോടെ നോക്കി മുഖം താഴ്ത്തിയിരിക്കുന്ന നാരായണനെ അടുത്തേക്ക് വിളിച്ചു. ഭയമോ ഭാവഭേദമോ ഇല്ലാതെ ബഹുമാനപൂര്‍വ്വം പതുക്കെ നടന്ന് അടുത്തുവന്ന നാരായണനെ നോക്കി ഗുരു ചോദിച്ചു.
”എന്താണ് പേര്?”
”നാരായണന്‍. എല്ലാവരും നാണു എന്നു വിളിക്കും.”
”നാണുവല്ല. നാരായണനും വേണ്ട. ഞാന്‍ നാണന്‍ എന്നാണ് വിളിക്കുക. ഇഷ്ടമാണോ?”
കുമ്മമ്പള്ളി രാമന്‍പിള്ള ആശാന്‍ ചോദിച്ചു.
”ഗുരുനാഥന്‍ അര്‍ത്ഥപൂര്‍ണ്ണമായ വാക്കുകളേ പ്രയോഗിക്കുകയുള്ളു. അതുകൊണ്ട് എന്തു പേരുവിളിച്ചാലും സമ്മതം.”
നാരായണന്‍ പറഞ്ഞതു കേട്ടപ്പോള്‍ ആശാന്‍ ഒരുനിമിഷം ചിന്താവിമൂകനായി. വാക്കുകളിലും പെരുമാറ്റത്തിലും ഇത്രയും വിനയവും അനുഭാവവുമുള്ള ഒരു ശിഷ്യന്‍ കൂട്ടത്തില്‍ വേറെയാരുമില്ല.

ഗുരു നാരായണനെ അടുത്തുപിടിച്ചു നിര്‍ത്തി എല്ലാവരോടുമായി പറഞ്ഞു.
”ഇന്നു മുതല്‍ ഈ എഴുത്തുകളരിയിലെ കാര്യങ്ങള്‍ നോക്കുന്ന ഒന്നാമനായി അതായത് ചട്ടമ്പിയായി ഈ നാണുവിനെ നിശ്ചയിക്കുന്നു. എല്ലാവര്‍ക്കും സമ്മതമല്ലേ?”
നാരായണനോട് അനുഭാവം തോന്നിയ വളരെയേറെ സതീര്‍ത്ഥ്യര്‍ സമ്മതമാണെന്ന് വിളിച്ചുപറഞ്ഞു. ഗുരുനാഥനെ ധിക്കരിക്കാനാവാത്തതിനാല്‍ മറ്റുള്ളവരും സമ്മതംമൂളി. അങ്ങനെ നാരായണന്‍ ഗുരുവിന് നാണനും മറ്റുള്ളവര്‍ക്ക് നാണു ചട്ടമ്പിയുമായി.

Author

Scroll to top
Close
Browse Categories