‘എന്ന് സ്വന്തം കുഞ്ഞുണ്ണി’
ഡോ.അബേഷ് രഘുവരൻ
കുട്ടികൾക്കായി ഒരുക്കിയ പുസ്തകം
കുഞ്ഞുണ്ണിയുടെ ലോകയാത്ര, അവൻ പരിചയപ്പെടുന്ന ആളുകൾ, കാണുന്ന സംഭവങ്ങൾ, നിരീക്ഷിക്കുന്ന കാര്യങ്ങൾ, അതിന്റെയൊക്കെ പിന്നിലെ ശാസ്ത്രരഹസ്യങ്ങൾ….
കു ട്ടികളിൽ അന്യംനിന്നുപോകുന്ന വായനാശീലത്തിലേക്ക് അവരെ മെല്ലെമെല്ലെ അടുപ്പിക്കുക എന്നതാണ് പരമമായ ലക്ഷ്യം. ഒപ്പം ചുറ്റും കാണുന്ന ഓരോ കാഴ്ചകളിലും അവനിൽ ജിജ്ഞാസ ഉണർത്തുക എന്നതും. ‘അതെന്തുകൊണ്ട്?, അങ്ങനെ സംഭവിക്കുന്നതെന്ത്?’ ഇങ്ങനെയുള്ള ഓരോ ചോദ്യവും ഓരോ കുട്ടിയിലും ഉണർത്താൻ കഴിഞ്ഞാൽ അവൻ അതിനുത്തരം തേടിപ്പിടിക്കാൻ ലോകത്തിന്റെ ഏതറ്റം വരെയും പോകും. ആ യാത്രയിൽ നമുക്ക് അവനൊപ്പം നിൽക്കാം….
വിവിധ പത്രമാധ്യമങ്ങളിൽ കുട്ടികൾക്കായുള്ള ശാസ്ത്ര പംക്തികളിൽ പ്രസിദ്ധീകരിച്ച ലേഖനങ്ങളുടെ സമാഹാരമാണിത്. അതിനെ കുഞ്ഞുണ്ണിയെന്ന കുട്ടിയുടെ യാത്രയുമായും, അവൻ അതിനുശേഷം കൂട്ടുകാരുമായി സംവദിക്കുന്ന ഈമെയിലുകളായും ചിട്ടപ്പെടുത്തിയിരിക്കുന്നു എന്നുമാത്രം.
പറയുവാനുള്ളത് മുതിർന്നവരോടാണ്. നിങ്ങളുടെ കുട്ടികൾക്ക് ഈ പുസ്തകം സമ്മാനിക്കണം. അവരുടെ വായനാശീലത്തെയും, ജിജ്ഞാസയെയും തട്ടിയുണർത്തണം. ഓരോ വസ്തുക്കളുടെയും, സംഭവങ്ങളുടെയും കാരണങ്ങൾ അവർ വായിച്ചറിയട്ടെ. അതിനുപിന്നിലെ ശാസ്ത്രത്തെ അവർ തൊട്ടറിയട്ടെ. അറിവിന്റെ ഒരു കടുകുമണിയോളം മാത്രമേ ഇതിലൂടെ വാഗ്ദ്ധാനം ചെയ്യുന്നുള്ളൂ.
പക്ഷേ, ഇത് പകർന്നുനൽകുന്ന ഊർജ്ജം അവർക്ക് ലോകത്തെത്തന്നെ വെട്ടിപ്പിടിക്കാൻ കെൽപ്പുള്ളതാണെങ്കിൽ… ഈ കുഞ്ഞുപുസ്തകം പേറുന്നതും ആ പ്രതീക്ഷയാണ്.