‘ലൂണ’ വെറുമൊരു പൂച്ചയല്ല
ചെറുകഥ എന്ന സാമാന്യ സംജ്ഞക്കുപരിയായി തീരെ ചെറിയ കഥകൾ എന്നാണ് ഇതിലെ കഥകളെ വിശേഷിപ്പിക്കേണ്ടത്. മനുഷ്യപ്രകൃതത്തെയും ജീവിതവൈചിത്ര്യങ്ങളെയും അതിസൂക്ഷ്മമായി കാണുകയും രേഖപ്പെടുത്തുകയും ചെയ്യാനുള്ള കഴിവിൽ നിന്നാണ് ഈ കഥകൾ പിറവിയെടുക്കുന്നത്. ഒരു രാഷ്ട്രീയ നേതാവിന്റെ അഹങ്കാരത്തോടെയുള്ള രംഗപ്രവേശവും ഒടുവിൽ തലയിൽ 12 തുന്നിക്കെട്ടിടേണ്ടി വരുന്ന സാഹചര്യം ക്ഷണിച്ചുവരുത്തുന്നതും ‘പോക്കുവരവ്’ എന്ന കഥയെ ഇന്നത്തെ രാഷ്ട്രീയ സാഹചര്യവുമായി കൂട്ടിയിണക്കാം.
ഒറ്റപ്പെടലിന്റെ വിഭ്രാന്തിയിൽ കഴിഞ്ഞ അവളുടെ മനസ്സിന്റെ പിരിമുറുക്കത്തിന് അയവ് നൽകിയത് ‘ലൂണ’ എന്ന പൂച്ചയായിരുന്നു. പൂച്ചയ്ക്ക് ഇതെങ്ങനെ സാധിക്കുന്നുവെന്ന് കേൾക്കുന്നവർ അത്ഭുതം കൂറാം. അത് വെറുമൊരു പൂച്ചയല്ല. ഒരു മകളെപ്പോലെ അവൾ ലൂണയെ ലാളിച്ചു വളർത്തി. അതോടെ അവളുടെ ഒറ്റപ്പെടലിന് വിരാമമായി. ലൂണ അവളുടെ ജീവിതത്തിന്റെ ഭാഗമായി. ഓഫീസിലെ തിരക്കുകളിൽ മുഴുകുമ്പോഴും വീട്ടിലെത്തിയാൽ കൂട്ടിന് ലൂണ ഉണ്ടെന്ന ആശ്വാസമായിരുന്നു. ഒരിയ്ക്കൽ മുറിയുടെ മൂലയിലിരുന്ന ലൂണ കരഞ്ഞുകൊണ്ട് അടുത്തേക്ക് വന്നു. അതുവരെ കേട്ടിട്ടില്ലാത്ത അപൂർവ ശബ്ദത്തിൽ കരഞ്ഞു. ലൂണയുടെ കണ്ണുകൾ ചുവന്ന് തീഗോളം പോലെയായി. ലൂണയുടെ വിടർന്ന കണ്ണുകളിലേക്ക് നോക്കിയപ്പോൾ അങ്ങ് ദൂരെ, കാതങ്ങൾക്കകലെ കാനഡ എന്ന രാജ്യത്തെ ഒരു നഗരത്തിലെ തെരുവാണ് തെളിഞ്ഞു വന്നത്. അവിടെ എന്താണ് സംഭവിക്കുന്നതെന്നറിയാൻ വായനക്കാരന് തീർച്ചയായും ആകാംക്ഷയുണ്ടാകും. അജിത് നീലികുളത്തിന്റെ ആദ്യ കഥാസമാഹാരമായ ‘ലൂണ’ യിലെ ‘ലൂണ’ എന്ന കഥയിലെ ഒരു ഭാഗമാണ് മുകളിൽ വിവരിച്ചത്. കഥയിലെ നായികയുടെ ജീവിതത്തിന്റെ സുഖദു:ഖങ്ങളും അതിന്റെ നിമ്നോന്നതങ്ങളും വായനക്കാരനെ തീർച്ചയായും ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്നതാകും. ലൂണയുടെ തുടർന്നുള്ള ഭാഗങ്ങളിൽ അതിന്റെ ഉത്തരം കണ്ടെത്താനാകും. 18 കഥകളുടെ സമാഹാരമായ ലൂണയിൽ കഥാകാരൻ വരച്ചിടുന്നത് ബ്യൂറോക്രസിയുടെ നീരാളിപ്പിടുത്തത്തിൽ ഉദ്യോഗസ്ഥർ നേരിടുന്ന സ്വത്വ സംഘർഷങ്ങളുടെ നേർക്കാഴ്ചയാണ്. ചെറുകഥ എന്ന സാമാന്യ സംജ്ഞയെക്കാൾ വളരെ ചെറിയ കഥകൾ എന്നാണ് ലൂണയുടെ അവതാരിക എഴുതിയ കവിയും എഴുത്തുകാരനും മുൻ ചീഫ് സെക്രട്ടറിയുമായ കെ. ജയകുമാർ വിലയിരുത്തിയത്. ശീർഷകകഥയായ ‘ലൂണ’ എന്ന കഥയിലെ ലൂണ എന്ന പൂച്ച, മനസ്സിന്റെ അതീന്ദ്രിയ ശേഷിയുടെ പ്രതീകമാണോ എന്ന് തോന്നിപ്പോകും. ഇന്നലെകളെയും നാളെകളെയും കാണാൻ ലൂണയുടെ കണ്ണുകളിലൂടെ സാധിക്കുന്നു. പാരാസൈക്കോളജിയെക്കുറിച്ചുള്ള കഥാകൃത്തിന്റെ താത്പര്യം ലൂണയിൽ മാത്രമല്ല, മറ്റു ചില കഥകളിലും പ്രതിഫലിക്കുന്നുണ്ട്.
ചെറുകഥ എന്ന സാമാന്യ സംജ്ഞക്കുപരിയായി തീരെ ചെറിയ കഥകൾ എന്നാണ് ഇതിലെ കഥകളെ വിശേഷിപ്പിക്കേണ്ടത്. മനുഷ്യപ്രകൃതത്തെയും ജീവിതവൈചിത്ര്യങ്ങളെയും അതിസൂക്ഷ്മമായി കാണുകയും രേഖപ്പെടുത്തുകയും ചെയ്യാനുള്ള കഴിവിൽ നിന്നാണ് ഈ കഥകൾ പിറവിയെടുക്കുന്നത്. ഒരു രാഷ്ട്രീയ നേതാവിന്റെ അഹങ്കാരത്തോടെയുള്ള രംഗപ്രവേശവും ഒടുവിൽ തലയിൽ 12 തുന്നിക്കെട്ടിടേണ്ടി വരുന്ന സാഹചര്യം ക്ഷണിച്ചുവരുത്തുന്നതും ‘പോക്കുവരവ്’ എന്ന കഥയെ ഇന്നത്തെ രാഷ്ട്രീയ സാഹചര്യവുമായി കൂട്ടിയിണക്കാം. ഒതുക്കത്തോടെ കഥപറയാനുള്ള വൈഭവമാണ് സമാഹാരത്തിലെ മിക്ക കഥകളിലും ദർശിക്കാവുന്നത്. ‘പ്രീവിയസ് എക്സ്പീരിയൻസ്’, പ്രജനനകാലം, വരുമാന സർട്ടിഫിക്കറ്റ്, പീരങ്കിമൈതാനം, തുടങ്ങിയ കഥകളിലെല്ലാം ഇത് പ്രകടമാണ്. സമൂഹത്തിന്റെയും കാലത്തിന്റെയും താപമാപിനിയായി കഥകൾ രൂപാന്തരപ്പെടുമ്പോൾ കാലത്തെയും സമൂഹത്തെയും അറിയാൻ ശ്രമിക്കുന്ന വായനക്കാരന് അവാച്യമായ വായനാനുഭൂതി ലൂണ എന്ന കഥാസമാഹാരം പകർന്നു നൽകുമെന്ന് ഉറപ്പാക്കാം. കൊല്ലത്തെ സുജിലി പബ്ളിക്കേഷൻസ് പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ വില 150 രൂപയാണ്.
റവന്യു വകുപ്പിൽ കൊല്ലം കളക്ട്രേറ്റിൽ നിന്ന് ഡെപ്യൂട്ടി തഹസീൽദാറായി വിരമിച്ച അജിത് നീലികുളം കരുനാഗപ്പള്ളി നീലികുളം മുതലിശ്ശേരിൽ റിട്ട. ജയിൽ സൂപ്രണ്ട് വി.വിദ്യാധരന്റെയും കെ.ശാന്തമ്മയുടെയും മകനാണ്. കൊല്ലം ശ്രീനാരായണ കോളേജിൽ നിന്ന് കെമിസ്ട്രിയിൽ ബിരുദം നേടി. കോളേജ് യൂണിയൻ നടത്തിയ ചെറുകഥാമത്സരത്തിൽ ഏറ്റവും നല്ല ചെറുകഥാകൃത്തായി തിരഞ്ഞെടുക്കപ്പെട്ടു. കായിക്കര കുമാരനാശാൻ സ്മാരകസമിതി സംസ്ഥാനതലത്തിൽ കോളേജ് വിദ്യാർത്ഥികൾക്കായി നടത്തിയ ചെറുകഥാ മത്സരത്തിൽ ഒന്നാം സ്ഥാനവും കാഷ് അവാർഡും ലഭിച്ചു. ‘കേരളകൗമുദി’ വാരാന്ത്യ പതിപ്പിൽ 1996 ഡിസംബർ 1ന് പ്രസിദ്ധീകരിച്ച ‘ചെപ്പ് കിലുക്കി വന്ന സുലോചന’ എന്ന ഫീച്ചറിന് നാടക ആസ്വാദന സമിതി അവാർഡ് ലഭിച്ചു. കൊല്ലം ജില്ലയിലെ റവന്യു ജീവനക്കാരുടെ സാഹിത്യ പ്രസിദ്ധീകരണമായ ‘ലയം’ മാസിക, താളം തപാൽ മാസിക എന്നിവയുടെ ചീഫ് എഡിറ്ററായിരുന്നു. ഇപ്പോഴും ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ സജീവം. കൊല്ലം ആശാൻ ഫൗണ്ടേഷൻ ചെയർമാനായ അജിത്, കൊല്ലം വാളത്തുംഗൽ വെൺപാലക്കര കന്നിമ്മൽ വീട്ടിലാണ് താമസം. ഭാര്യ കെ.എ ലാലി വിജി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപികയാണ്. മക്കൾ: ആർഷ അജിത്, അമിഷാ അജിത്. ഫോൺ: 9447864858, 8547396858.