നേതൃത്വത്തിൽ മൂന്ന് പതിറ്റാണ്ട് ആദരവേകി മഹാസംഗമം

കേരളത്തിലെ ഏറ്റവും വലിയ സാമൂഹിക, വിപ്ലവ പ്രസ്ഥാനമായ എസ്.എൻ.ഡി.പി യോഗം നേതൃത്വ സ്ഥാനത്ത് വെള്ളാപ്പള്ളി നടേശൻ മൂന്ന് പതിറ്റാണ്ട് തികയ്ക്കുന്ന അപൂർവ്വതയ്ക്ക് സാക്ഷിയാകാൻ പതിനായിരങ്ങൾ ഒഴുകിയെത്തി. നവോത്ഥാന മുന്നേറ്റത്തിന്റെ ചരിത്ര പാരമ്പര്യം പേറുന്ന ചേർത്തലയിൽ ശ്രീനാരായണ ഗുരു നൽകിയ ഭൂമിയിൽ പടുത്തുയർത്തിയ ശ്രീനാരായണ മെമ്മോറിയൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ അങ്കണം മറ്റൊരു ചരിത്ര മുഹൂർത്തത്തിന് വേദിയായി. നാടിന്റെ മാമാങ്കമായി മാറിയ മഹാസംഗമത്തിൽ വെള്ളാപ്പള്ളി നടേശന് ആശംസകൾ ചൊരിയാൻ കേരള മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരായ പി.പ്രസാദ്, സജി ചെറിയാൻ, വി.എൻ വാസവൻ, പി.രാജീവ് എന്നിവരും എത്തിയിരുന്നു.

എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ആദരിക്കാൻ ചേര്‍ത്തല യൂണിയന്‍ സംഘടിപ്പിച്ച മഹാസംഗമവേദിയിൽ മുഖ്യമന്ത്രി പിണറായി വിജയനും വെള്ളാപ്പള്ളി നടേശനും ഒന്നിച്ച് കൈഉയർത്തി സദസ്സിനെ അഭിവാദ്യം ചെയ്യുന്നു.

കേരളത്തിലെ ഏറ്റവും വലിയ സാമൂഹിക, വിപ്ലവ പ്രസ്ഥാനമായ എസ്.എൻ.ഡി.പി യോഗ ചരിത്രത്തിൽ നേതൃത്വ സ്ഥാനത്ത് വെള്ളാപ്പള്ളി നടേശൻ മൂന്ന് പതിറ്റാണ്ട് തികയ്ക്കുന്ന അപൂർവ്വതയ്ക്ക് സാക്ഷിയാകാൻ പതിനായിരങ്ങൾ ഒഴുകിയെത്തി. നവോത്ഥാന മുന്നേറ്റത്തിന്റെ ചരിത്ര പാരമ്പര്യം പേറുന്ന ചേർത്തലയിൽ ശ്രീനാരായണ ഗുരു നൽകിയ ഭൂമിയിൽ പടുത്തുയർത്തിയ ശ്രീനാരായണ മെമ്മോറിയൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ അങ്കണം മറ്റൊരു ചരിത്ര മുഹൂർത്തത്തിന് വേദിയായി. ആ അസുലഭ മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ കേരളത്തിന്റെ നാനാഭാഗത്തു നിന്നും ഒഴുകിയെത്തിയത് യോഗം, യൂണിയൻ, ശാഖാ ഭാരവാഹികളും പ്രവർത്തകരും മാത്രമല്ല, സമൂഹത്തിന്റെ വിവിധ ശ്രേണികളിലുള്ള ബഹുജനങ്ങളുമുണ്ടായിരുന്നു.

ചേർത്തല എസ്.എൻ.ഡി.പി യൂണിയൻ ഒരുക്കിയ മഹാസംഗമം ജനപങ്കാളിത്തം കൊണ്ടും പ്രമുഖവ്യക്തികളുടെ സാന്നിദ്ധ്യം കൊണ്ടും ശ്രദ്ധേയമായപ്പോൾ സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക, വിദ്യാഭ്യാസ മേഖലയിലെ വിശിഷ്ട വ്യക്തിത്വങ്ങളും ആ ഉജ്ജ്വല മുഹൂർത്തത്തെ നെഞ്ചേറ്റാൻ എത്തി. നാടിന്റെ മാമാങ്കമായി മാറിയ സംഗമത്തിൽ വെള്ളാപ്പള്ളി നടേശന് ആശംസകൾ ചൊരിയാൻ കേരള മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരായ പി.പ്രസാദ്, സജി ചെറിയാൻ, വി.എൻ വാസവൻ, പി.രാജീവ് എന്നിവരും എത്തിയിരുന്നു. എസ്.എൻ.ഡി.പി യോഗം കുടുംബ യൂണിറ്റുകളിൽ നിന്നും ശാഖായോഗങ്ങളിൽ നിന്നും മേഖലാതലങ്ങളിൽ നിന്നും ഒഴുകിയെത്തിയവരുടെ മഹാസംഗമം വെള്ളാപ്പള്ളി നടേശന്റെ ജന്മനാടായ ചേർത്തലയിൽ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ മഹാവിളംബര വേദിയായി മാറി. യൂണിയൻ തലത്തിലൊരുക്കിയ സ്വീകരണമെങ്കിലും സംസ്ഥാനത്തിനകത്തും പുറത്തുമുള്ള യൂണിയൻ ഭാരവാഹികളും സംഘടനകളും ജനറൽ സെക്രട്ടറിക്ക് ആശംസ ചൊരിയാനെത്തി. മുഖ്യമന്ത്രിയും മന്ത്രിമാരും നേതാക്കളും വെള്ളാപ്പള്ളിനടേശനെ സ്നേഹാദരങ്ങളുടെ വാക്കുകളാൽ ആശംസ ചൊരിഞ്ഞപ്പോൾ നിറഞ്ഞ കയ്യടിയോടെയും ആവേശത്തോടെയും സദസ്സ് സ്വീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ സ്നേഹോപഹാരം സമ്മാനിച്ചപ്പോൾ ഇരുവരെയും ഒന്നിച്ച് കൂറ്റൻ പൂമാലകൾ അണിയിച്ച് വിവിധ സംഘടനകളും വ്യക്തികളും സ്വീകരിച്ചു. ഏപ്രിൽ 11 ന് വൈകിട്ട് 4 മണിക്കാണ് മഹാസംഗമം നിശ്ചയിച്ചിരുന്നതെങ്കിലും അതിനും മണിക്കൂറുകൾക്ക് മുമ്പേ തന്നെ ശ്രീനാരായണ മെമ്മോറിയൽ ബോയ്സ് സ്കൂൾ മൈതാനം ജനസഞ്ചയത്താൽ നിറഞ്ഞു കവിഞ്ഞിരുന്നു. എസ്.എൻ.ഡി.എസ് വോളണ്ടിയർമാരും പൊലീസും ഭാരവാഹികളും കൃത്യമായ ആസൂത്രണത്തിലൂടെ തിരക്ക് നിയന്ത്രിച്ചു.
എസ്.എൻ.ഡി.പി യോഗത്തിന്റെയും എസ്.എൻ ട്രസ്റ്റിന്റെയും അമരക്കാരനായി 30 വർഷം പിന്നിടുന്ന വെള്ളാപ്പള്ളിനടേശനെ അനുമോദിക്കാൻ എത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിയും സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസറും ചേർന്ന് സ്വീകരിച്ചു. തുഷാർ വെള്ളാപ്പള്ളി മുഖ്യമന്ത്രിക്ക് ബൊക്കെ നൽകി. തുടർന്ന് ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മുഖ്യമന്ത്രിയെ കൈപിടിച്ച് വേദിയിലേക്കാനയിച്ചു. വേദിയിലേക്കെത്തിയ ഇരുവരും ചേർത്ത്പിടിച്ച കൈകൾ ഉയർത്തി സദസിനെ അഭിവാദ്യം ചെയ്തു. വേനൽചൂടകറ്റാൻ സംഘാടകർ നൽകിയ വിശറി ഉയർത്തി സദസ്സ് മുഴുവൻ എഴുന്നേറ്റ് നിന്ന് പ്രത്യഭിവാദ്യം അർപ്പിച്ചു. വിശറിയിൽ വെള്ളാപ്പള്ളിയുടെയും മുഖ്യമന്ത്രിയുടെയും ചിത്രം പതിച്ചിരുന്നു. പിന്നാലെ മന്ത്രിമാരും വേദിയിലെത്തി.

എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ആദരിക്കാന്‍ ചേര്‍ത്തല യൂണിയന്‍ സംഘടിപ്പിച്ച മഹാസംഗമത്തിലെ
സദസ് വിശിഷ്ടാതിഥികളെ അഭിവാദ്യം ചെയ്യുന്നു

എസ്.എൻ ട്രസ്റ്റ് ബോർഡംഗം പ്രീതി നടേശൻ വേദിയിൽ ദീപപ്രകാശനം നിർവഹിച്ചു. 90 കുട്ടികൾ ഒന്നായി ചേർന്നാലപിച്ച ദൈവദശകം പ്രാർത്ഥനാഗീതം തീർത്ത ഭക്തിയുടെ അന്തരീക്ഷത്തിലാണ് മഹാസമ്മേളനം ആരംഭിച്ചത്. ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ മുഖ്യമന്ത്രി ആദരിച്ചു. വെള്ളാപ്പള്ളിനടേശൻ മുഖ്യമന്ത്രിക്ക് ഉപഹാരം സമർപ്പിച്ചു. വിദ്യാലയം തുടങ്ങാൻ ശ്രീനാരായണ ഗുരു വിട്ടുനൽകിയ സ്ഥലത്ത് നിർമ്മിച്ച ശ്രീനാരായണ മെമ്മോറിയൽ ബോയ്സ് എച്ച്.എസ്.എസിന് ആദരവർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ സ്മരിച്ചു. ലോകത്തിന് വലിയ സന്ദേശം നൽകിയ ഗുരുവിന്റെ പാദസ്പർശമേറ്റ് പവിത്രമായതും ഓർമ്മകൾ നിറയുന്നതുമായ മണ്ണിൽ നടന്ന ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞത് സന്തോഷകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലോകത്തിന് അനേകം പ്രതിഭകളെ സംഭാവനയായി നൽകിയ സ്കൂളാണിത്. വിപ്ലവകവി വയലാർ രാമവർമ്മ, കെ.ആർ ഗൗരി അമ്മ, സുശീല ഗോപാലൻ, എ.കെ ആന്റണി, സി.കെ ചന്ദ്രപ്പൻ, വയലാർ രവി തുടങ്ങിയ പ്രഗത്ഭമതികൾ പഠിച്ചുയർന്ന് വിവിധ മേഖലകളിലെത്തിയത് ഇവിടത്തെ പഠനശേഷമാണ്. സ്കൂളിന്റെ ആ പാരമ്പര്യം കാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വെള്ളാപ്പള്ളി നടേശൻ മറുപടി പ്രസംഗം നടത്തി.

മഹാസംഗമത്തിന് തുടക്കം കുറിച്ച് പ്രീതി നടേശൻ ദീപ പ്രകാശനം നടത്തുന്നു

എസ്.എൻ.ഡി.പി യോഗം പ്രസിഡന്റ് ഡോ.എം.എൻ സോമൻ, വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസർ, ചേർത്തല നഗരസഭ ചെയർപേഴ്സൺ ഷേർളി ഭാർഗ്ഗവൻ, യു.ഡി.എഫ് ജില്ലാ ചെയർമാൻ അഡ്വ. സി.കെ ഷാജി മോഹൻ, ബി.ജെ.പി ജില്ലാ പ്രസി‌ഡന്റ് അഡ്വ. പി.കെ ബിനോയ്, ബി.ഡി.ജെ. എസ് സംസ്ഥാന ജനറൽ സെക്രട്ടറി പി. എസ് ജ്യോതിസ് എന്നിവർ സംസാരിച്ചു. പി.പി ചിത്തരഞ്ജൻ എം.എൽ.എ യും ചടങ്ങിൽ സംബന്ധിച്ചു. സ്വാഗതസംഘം ചെയർമാൻ കെ.പി നടരാജൻ സ്വാഗതവും ജനറൽ കൺവീനർ പി.ഡി ഗഗാറിൻ നന്ദിയും പറഞ്ഞു.
മഹാസംഗമത്തിന്റെ ഭാഗമായി നടന്ന കലാ കായിക മത്സരങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ ശാഖയ്ക്ക് മുൻ യൂണിയൻ സെക്രട്ടറിമാരായിരുന്ന എൻ.പി തണ്ടാരുടെയും പി.കെ സുരേന്ദ്രന്റെയും പേരിലുള്ള ഒരു ലക്ഷം രൂപയുടെ കാഷ് അവാർഡ് തുകയുടെ ഡി.ഡി പരേതരുടെ ചെറുമകൻ ജ്യോതിസ് മഹാദേവൻ യോഗം ജനറൽ സെക്രട്ടറിവെള്ളാപ്പള്ളി നടേശന് കൈമാറി. യൂണി യൻ അഡ്‌മിനിസ്‌ട്രേറ്റർ ടി.അനിയപ്പൻ, യോഗം കൗൺസിലർ പി.ടി മന്മഥൻ, സ്വാഗതസംഘം വർക്കിംഗ് ചെയർമാൻ പി.എസ് ജ്യോതിസ്, മേഖലാ ഭാരവാഹികളായ കെ.എൽ അശോകൻ, ബിജുദാസ്, തൃദീപ് കുമാർ, പി.ജി രവീന്ദ്രൻ, അനിൽ ഇന്ദീവരം, ജെ.പി വിനോദ്, ആർ.രാജേന്ദ്രൻ, വനിതാസംഘം ഭാരവാഹികളായ ബിൻസി, സുനിതാ സേതുനാഥ് തുടങ്ങിയവരാണ് ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്.

Author

Scroll to top
Close
Browse Categories