വിങ്ങും ഓർമ്മയായി ഡോ. വന്ദന
കോട്ടയം കടുത്തുരുത്തി കുറ്റിച്ചിറ നമ്പിച്ചിറക്കാലയിൽ വീടിന്റെ ഗേറ്റിൽ ഏതാനും മാസങ്ങൾക്ക് മുമ്പ് ഒരു ബോർഡ് വച്ചു. ഡോ. വന്ദന ദാസ് എം.ബി.ബി.എസ് എന്നാണ് ആ ബോർഡിൽ എഴുതിയിരുന്നത്. വീട്ടുകാരുടെ മാത്രമല്ല, കുറ്റിച്ചിറ ഗ്രാമവാസികളുടെയാകെ കണ്ണിലുണ്ണിയായ കുട്ടി ഡോക്ടർ വന്ദനയ്ക്ക് ഗംഭീര സ്വീകരണമൊരുക്കാൻ അവർ കാത്തിരിക്കുകയായിരുന്നു. എന്നാൽ മേയ് 10 ന് രാത്രി 8 മണിയോടെ വീടിന്റെ പൂമുഖത്തേക്കെത്തിയത് വെള്ള തുണിയിൽ പൊതിഞ്ഞ വന്ദനയുടെ ചലനമറ്റ ദേഹമായിരുന്നു. ഒരു നാടിന്റെ മുഴുവൻ അഭിമാനമാകേണ്ടിയിരുന്ന അവളുടെ വേർപാടിൽ തേങ്ങിക്കരഞ്ഞത് ആ ഗ്രാമം മാത്രമായിരുന്നില്ല. കേരളമാകെയാണ് കലർപ്പില്ലാത്ത കണ്ണീരിൽ തേങ്ങിക്കരഞ്ഞത്.
ആശുപത്രികളിൽ രോഗികൾക്ക് ആശ്വാസത്തിന്റെ ദൈവസാന്നിദ്ധ്യമാണ് ഡോക്ടർമാർ. രോഗചികിത്സ നേടിയശേഷം ചെകുത്താന്മാരായി മാറുന്ന നരാധമന്മാരിൽ നിന്ന് ഡോക്ടർമാരെ ആര് രക്ഷിക്കുമെന്ന ചോദ്യത്തിനു മുന്നിൽ പകച്ചു നിൽക്കുകയാണിപ്പോൾ കേരളം. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ മേയ് 10 ന് പുലർച്ചെ ഒരു നരാധമന്റെ കൊലക്കത്തിക്കിരയായി അതിദാരുണമായി കൊലചെയ്യപ്പെട്ട കോട്ടയം കടുത്തുരുത്തി കുറ്റിച്ചിറ നമ്പിച്ചിറക്കാലയിൽ വീട്ടിൽ കെ.ജി മോഹൻദാസിന്റെയും വസന്തകുമാരിയുടെയും ഏകമകൾ ഡോ.വന്ദന ദാസ് (23) എന്നേയ്ക്കും കേരളത്തിന്റെ വേദനയായി മാറി. ഡോക്ടറാകണമെന്ന വന്ദനയുടെയും പൊന്നുമകളെ ഡോക്ടറായി കാണണമെന്ന മാതാപിതാക്കളുടെയും സ്വപ്നങ്ങളെ നിമിഷ നേരം കൊണ്ട് തല്ലിക്കൊഴിച്ചപ്പോൾ കേരളം ഞെട്ടിത്തരിച്ചു. വാർത്ത കേട്ടവർക്ക് വിശ്വസിക്കാനായില്ല. കേരളത്തിലെന്നല്ല, ഒരു യുവ ഡോക്ടർ ഡ്യൂട്ടിക്കിടെ അതിദാരുണമായി കൊല്ലപ്പെടുന്ന സംഭവം രാജ്യത്തിനു തന്നെ കേട്ടുകേൾവിയില്ലാത്തതാണ്. അങ്ങനെ അക്കാര്യത്തിലും കേരളം നമ്പർ വണ്ണായി. കൊട്ടാരക്കര താലൂക്കാശുപത്രിയിൽ അന്നേ ദിവസം പുലർച്ചെയുണ്ടായ അനിഷ്ട സംഭവങ്ങളിൽ പ്രതിയായത് കൊല്ലം നെടുമ്പന യു.പി സ്കൂൾ അദ്ധ്യാപകൻ വെളിയം ചെറുകരക്കോണം ശ്രീനിലയത്തിൽ ജി.സന്ദീപ് (42) ആണ്. കൊല്ലം മിയ്യണ്ണൂർ അസീസിയ മെഡിക്കൽ കോളേജ് വിദ്യാർത്ഥിനിയായ വന്ദന ദാസ് ഹൗസ് സർജൻസിയോടനുബന്ധിച്ചുള്ള മൂന്ന് മാസത്തെ റൂറൽ സർവ്വീസിന്റെ ഭാഗമായാണ് കൊട്ടാരക്കര താലൂക്കാശുപത്രിയിലെത്തിയത്.
മേയ് 10 ന്
പുലർച്ചെ സംഭവിച്ചത്
10 ന് പുലർച്ചെ നാലേമുക്കാൽ മണിയോടെയാണ് കൊട്ടാരക്കര താലൂക്കാശുപത്രി അത്യാഹിതവിഭാഗത്തിലേക്ക് സന്ദീപുമായി പൂയപ്പള്ളി പൊലീസെത്തുന്നത്. നാട്ടുകാർ ഉപദ്രവിക്കുന്നുവെന്നും രക്ഷിക്കണമെന്നും കൊല്ലം പൊലീസ് കൺട്രോൾ റൂമിലേക്ക് നേരത്തെ സന്ദീപ് ഫോണിലൂടെ ആവശ്യപ്പെട്ടിരുന്നു. ഈ വിവരം കൺട്രോൾ റൂമിൽ നിന്ന് പൂയപ്പള്ളി പൊലീസിൽ അറിയിച്ചു. അതനുസരിച്ച് വെളുപ്പിന് സന്ദീപിന്റെ വീട്ടിലെത്തിയ പൊലീസിനോട് തന്നെ ആരോ കൊല്ലാൻ ശ്രമിക്കുന്നുവെന്ന് പറഞ്ഞു. തുടർന്ന് സ്ഥലവാസികളായ ബിനു, രാജേന്ദ്രൻപിള്ള എന്നിവർക്കൊപ്പം സന്ദീപിനെയും കയറ്റി പൊലീസ് വൈദ്യപരിശോധനയ്ക്കായി താലൂക്കാശുപത്രിയിലെത്തി. അത്യാഹിത വിഭാഗത്തിലെ ഡ്രസിംഗ് റൂമിൽ ഡ്യൂട്ടി ഡോക്ടർ പൗർണമിയും ഹൗസ് സർജന്മാരായ മുഹമ്മദ് ഷിബിനും വന്ദനയുമാണുണ്ടായിരുന്നത്. മുറിവ് വൃത്തിയാക്കിയ ശേഷം എക്സ് റേ എടുക്കാൻ പുറത്തിറങ്ങിയതോടെയാണ് സന്ദീപിന്റെ സ്വഭാവം മാറിയത്. ഇതിനിടെ ആരുടെയും ശ്രദ്ധയിൽ പെടാതെ ഡ്രസിംഗ് റൂമിൽ നിന്ന് കൈക്കലാക്കിയ കത്രിക ഉപയോഗിച്ച് യാതൊരു പ്രകോപനവുമില്ലാതെ ആദ്യം രാജേന്ദ്രൻ പിള്ളയെ ആക്രമിച്ചു. തടയാൻ ശ്രമിച്ച ഹോംഗാർഡ് അലക്സ് കുട്ടിയെയും ബിനുവിനെയും കത്രികകൊണ്ട് കുത്തി. എ. എസ്.ഐ മണിലാലിനും കുത്തേറ്റു.
സന്ദീപ് അക്രമാസക്തനായതോടെ ഒപ്പമെത്തിയവരും പൊലീസുകാരും ആശുപത്രിയിലെ മറ്റു ജീവനക്കാരും ഓടി തൊട്ടടുത്ത മുറികളിലേക്ക് കയറി വാതിലടച്ചു. തുടർന്ന് ഒബ് സർവേഷൻ റൂമിലിരുന്ന വന്ദനയുടെ നേർക്ക് ഇയാൾ പാഞ്ഞടുത്തു. രക്ഷപ്പെടാനാകാതെ ഒറ്റപ്പെട്ടുപോയ വന്ദനയെ തള്ളി താഴെയിട്ട ശേഷം കുത്തി. ഡോ. ഷിബിൻ ഓടിയെത്തി സന്ദീപിന്റെ കാലിൽ പിടിച്ച് വലിച്ചുമാറ്റാൻ ശ്രമിച്ചു. രക്ഷപ്പെടാനായി എഴുന്നേറ്റ വന്ദനയെ വീണ്ടും കുത്തി. പരിക്കേറ്റ വന്ദനയെ തോളിലേറ്റി രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ വന്ദനയുടെ പിന്നിൽ നിന്ന് മുതുകിലും കുത്തി. അക്രമാസക്തനായ പ്രതിയെ കീഴ് പ്പെടുത്താൻ പൊലീസുകാരോ ഹോംഗാർഡോ ശ്രമിച്ചിരുന്നെങ്കിൽ സ്ഥിതി ഇത്രയേറെ വഷളാകുമായിരുന്നില്ല. സാരമായി പരിക്കേറ്റ വന്ദനയെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം കിംസ് ആശുപത്രിയിലും എത്തിച്ചെങ്കിലും രാവിലെ 8.25 ന് മരണം സ്ഥിരീകരിച്ചു.
11 കുത്തുകളാണ് വന്ദനയുടെ ദേഹത്ത് ഏറ്റത്. മൂന്ന് കുത്തുകൾ തലയിലും ആറെണ്ണം ദേഹത്തും. പിന്നിൽ നിന്ന് കുത്തിയപ്പോൾ ശ്വാസകോശം തുളച്ചുണ്ടായ മുറിവുകളാണ് മരണകാരണമായത്. ആംബുലൻസ് ഡ്രൈവർ രാജേഷ് എത്തിയാണ് സന്ദീപിനെ കീഴ്പ്പെടുത്തിയത്. പൂയപ്പള്ളി സ്റ്റേഷൻ ഗ്രേഡ് എസ്.ഐ ബേബി മോഹൻ, രാജേഷ് എന്നിവർക്കും പരിക്കേറ്റു. ലാത്തിപോലുമില്ലാതെ എത്തിയ പൊലീസുകാർ അക്രമിവിളയാട്ടം നിയന്ത്രിക്കാനോ അക്രമിയെ കീഴ്പ്പെടുത്താനോ ശ്രമിക്കാതെ പേടിച്ച് പുറത്തേക്കോടിയതാണ് നിസ്സഹായയായി നിന്ന ഒരു പെൺകുട്ടിയുടെ വിലപ്പെട്ട ജീവനെടുക്കുന്നതിലെത്തിയത്. പിന്നീട് രാജേഷ് പ്രതിയെ കീഴ് പ്പെടുത്തിയ ശേഷമാണ് പൊലീസുകാർ മടങ്ങിയെത്തിയത്.
ഇടതുകാലിൽ മുറിവുമായി മുടന്തി ആശുപത്രിയിലേക്കെത്തിയ സന്ദീപിന് ചികിത്സ നൽകുന്നതിന്റെ ദൃശ്യങ്ങൾ അയാൾ തന്നെ മൊബൈലിൽ പകർത്തിയിരുന്നു. പൊലീസെത്തി വീട്ടിൽ നിന്ന് സന്ദീപിനെ ജീപ്പിൽ കയറ്റുമ്പോഴേ അയാൾ പരസ്പരവിരുദ്ധമായാണ് സംസാരിച്ചിരുന്നത്. എന്നിട്ടും അയാളുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നാതിരുന്ന പൊലീസിന്റെ കുറ്റകരമായ അനാസ്ഥയാണ് ഒരു പാവം ഡോക്ടറുടെ ജീവൻ തന്നെ കവരാൻ കാരണമായ അനിഷ്ട സംഭവങ്ങളിലേക്ക് നയിച്ചത്. സംരക്ഷണം നൽകേണ്ട സംവിധാനം തന്നെ പൂർണമായും തകർന്നുവെന്നും പൊലീസ് പരാജയപ്പെട്ടുവെന്നും ഹൈക്കോടതി ഡിവിഷൻ ബഞ്ചിലെ ജസ്റ്റിസുമാരായ ദേവൻ രാമചന്ദ്രനും ഡോ. കൗസർ എടപ്പഗത്തും രൂക്ഷമായി വിമർശിച്ചത് ഈ സാഹചര്യത്തിലാണ്.
നൊമ്പരപ്പെടുത്തുന്ന
ഓർമ്മയായി വന്ദന
മേയ്11 ന് ഉച്ചയ്ക്ക് 2.45 ഓടെ വന്ദനയുടെ ഭൗതികദേഹം ചിതയിലേക്ക് എടുക്കുമ്പോഴും അണമുറിയാത്ത ജനപ്രവാഹമാണ് നിറകണ്ണുകളോടെ മുട്ടുച്ചിറ നമ്പിച്ചിറക്കാലായിൽ വീട്ടിലേക്ക് ഒഴുകിയെത്തിയത്. വീട്ടുവളപ്പിൽ വന്ദനയുടെ അമ്മാവന്റെ മകൻ നിവേദ് ചിതയ്ക്ക് തീ കൊളുത്തിയപ്പോൾ ഡോ.വന്ദന ദാസ് നിത്യസ്മരണയിലേക്ക് മാഞ്ഞു. തലേദിവസം രാത്രി 8 മണിയോടെ മൃതദേഹം വീട്ടിലെത്തിച്ചതുമുതൽ പിറ്റെ ദിവസം സംസ്ക്കരിക്കുന്നതുവരെ എത്തിയ ജനസഞ്ചയത്തിന് കണക്കില്ലായിരുന്നു. അസീസിയ മെഡിക്കൽ കോളേജിലെയും മറ്റു മെഡിക്കൽ കോളേജുകളിലെയും വിദ്യാർത്ഥികൾ, ഡോക്ടർമാർ തുടങ്ങിയവർ കൂട്ടമായെത്തി അന്ത്യാഞ്ജലി അർപ്പിച്ചു. ഏകമകൾക്ക് മുത്തം നൽകാൻ അച്ഛൻ കെ.ജി മോഹൻദാസും അമ്മ വസന്തകുമാരിയും വാവിട്ട് നിലവിളിച്ചുകൊണ്ടെത്തിയപ്പോൾ അടക്കിപ്പിടിച്ച തേങ്ങലുകൾ പൊ ട്ടിക്കരച്ചിലായി മാറി. മകളുടെ ചേതനയറ്റ മുഖത്ത് അമ്മ മാറിമാറി ചുംബിച്ചപ്പോൾ അത് കണ്ടുനിന്നവരുടെയും നിയന്ത്രണം വിട്ടു. ഏകമകളെ ഡോക്ടറാക്കണമെന്ന മോഹൻദാസിന്റെയും വസന്തകുമാരിയുടെയും സ്വപ്നമാണ് അവിടെ ചിതയിലൊടുങ്ങിയത്. അബ് കാരി കരാറുകാരനായ മോഹൻദാസും വസന്തകുമാരിയും ഏകമകളുടെ ഇഷ്ടത്തിനൊപ്പം സ്വർഗ്ഗതുല്യമായ ജീവിതമാണ് ഒരുക്കിയത്. കുട്ടിക്കാലത്തേ ഡോക്ടറാകണമെന്ന മകളുടെ ആഗ്രഹം സാധിച്ചുകൊടുക്കാൻ അവർ ആവുന്നതെല്ലാം ചെയ്തു. പഠനത്തിൽ മിടുക്കിയായിരുന്നു വന്ദന.എസ്.എൻ.ഡി.പി യോഗം കടുത്തുരുത്തി യൂണിയൻ മുൻ കൗൺസിലറും കുറുപ്പുന്തറ 2283 -ാം നമ്പർ ശാഖാ വൈസ് പ്രസിഡന്റുമാണ് മോഹൻദാസ്. എം.ബി.ബി.എസ് പഠനം പൂർത്തിയാക്കിയ ശേഷം വന്ദനയെ പി.ജി ക്ക് വിടാനുള്ള തീരുമാനത്തിനും വിധി അനുവദിച്ചില്ല.
ആശുപത്രി ആക്രമണത്തിന്റെ ആദ്യരക്തസാക്ഷി
ദുരന്തനിവാരണ വിദഗ്ദ്ധനായ മുരളി തുമ്മാരുകുടി ഏപ്രിൽ 1 ന് തന്റെ ഫേസ്ബുക്കിൽ കുറിച്ച പോസ്റ്റാണ് ഇപ്പോൾ ചർച്ചയാകുന്നത്. ‘മാസത്തിൽ 5 ആരോഗ്യപ്രവർത്തകരാണ് കേരളത്തിൽ രോഗികളുടെയോ ബന്ധുക്കളുടെയോ ആക്രമണത്തിനിരയാകുന്നത്. ഭാഗ്യവശാൽ ഇതുവരെ ആരും മരിച്ചില്ല. ഭാഗ്യം മാത്രമാണ്. അത്തരത്തിൽ ഒരു മരണം ഉണ്ടാകും. നിശ്ചയമാണ്’
കൃത്യം ഒരുമാസം പിന്നിട്ടപ്പോൾ ഡോ. വന്ദനദാസ് എന്ന യുവ ഡോക്ടർ ആദ്യരക്തസാക്ഷിയായി. ആശുപത്രികളും ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും നിരന്തരം ആക്രണമങ്ങൾക്കിരയാകുന്ന പശ്ചാത്തലത്തിലാണ് അദ്ദേഹം ഇങ്ങനെയൊരു ഫേസ്ബുക്ക് കുറിപ്പിട്ടത്. നിരന്തരം ആക്രമണങ്ങളുണ്ടായിട്ടും ഐ.എം.എ, കെ.ജി.എം.ഒ.എ തുടങ്ങിയ സംഘടനകൾ പ്രതിഷേധവും പണിമുടക്കുകളും നടത്തിയിട്ടും സർക്കാരിൽ നിന്ന് കാര്യമായ നടപടികളൊന്നുമുണ്ടായില്ല. ഓരോ തവണ ആശുപത്രികൾക്ക് നേരെ ആക്രമണം ഉണ്ടാകുമ്പോഴും റിപ്പോർട്ട് തേടിയിട്ടുണ്ടെന്ന പതിവ് പല്ലവി പറയുന്ന ആരോഗ്യമന്ത്രിയും സർക്കാർ സംവിധാനങ്ങളും കാട്ടിയ കടുത്ത അനാസ്ഥയുടെ ഫലമാണിപ്പോഴത്തെ സംഭവമെന്നതിൽ തർക്കമില്ല.
ഡോക്ടർ രാജ്യം വിട്ടോടി ,
എന്നിട്ടും
കഴിഞ്ഞ മൂന്ന് വർഷത്തിനിടെ കേരളത്തിലുണ്ടായത് 200 ഓളം ആശുപത്രി ആക്രമണങ്ങളാണ്. രണ്ട് വർഷത്തിനിടെ 170 ആരോഗ്യ പ്രവർത്തകർ ആക്രമിക്കപ്പെട്ടു. ഇതിൽ ഒരാൾ പോലും ശിക്ഷിക്കപ്പെട്ടതായി അറിവില്ല. ഡോക്ടർമാർക്കും ആശുപത്രികൾക്കും സംരക്ഷണം നൽകാനെന്ന പേരിൽ 2012 ലുണ്ടാക്കിയ ആശുപത്രി സംരക്ഷണ നിയമ പ്രകാരം അക്രമികൾക്ക് മൂന്ന് വർഷം കഠിന തടവും അരലക്ഷം രൂപ പിഴയുമാണ് ശിക്ഷയെന്ന് പറയുന്നുണ്ട്. കേസ് രജിസ്റ്റർ ചെയ്ത് തുടർ നടപടികൾ തുടങ്ങുമ്പോഴേക്കും പ്രതികൾക്ക് വേണ്ടി രാഷ്ടീയ പാർട്ടികൾ രംഗത്തിറങ്ങും. വാദികളായ ആരോഗ്യപ്രവർത്തകരെ സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയും കേസ് പിൻവലിപ്പിക്കാനോ ദുർബ്ബലപ്പെടുത്താനോ ശ്രമമുണ്ടാകും. കേസ് കോടതിയിലെത്തിയാൽ തുടർ നടപടികളുണ്ടാകില്ല. കാര്യമായ ശിക്ഷ ലഭിക്കാത്തതിനാൽ അക്രമങ്ങൾ നാൾക്ക് നാൾ വർദ്ധിക്കുന്നത് പതിവായി. ഇക്കഴിഞ്ഞ നവംബറിൽ തിരുവനന്തപുരത്തെ പ്രമുഖ ആശുപത്രിയിൽ ട്യൂമർ ബാധിച്ച് ചികിത്സയിൽ കഴിഞ്ഞ രോഗി മരിച്ചുവെന്ന വിവരം അറിയിച്ച വനിതാ ഡോക്ടറുടെ വയറ്റിൽ രോഗിയുടെ ഭർത്താവ് ചവിട്ടിയ സംഭവം ഏറെ വാർത്തയായതാണ്. ‘എനിക്ക് ഡോക്ടർ പണി വേണ്ട, ന്യൂറോ സർജനുമാകേണ്ട, ഞാൻ രാജ്യം വിടുകയാണ്. ചവിട്ടേറ്റ് ആശുപത്രിയിൽ കഴിയവെ കാണാനെത്തിയ സഹപ്രവർത്തകരോടാണ് വനിതാ ഡോക്ടർ ഇങ്ങനെ പറഞ്ഞത്.
ആ ഡോക്ടർ പറഞ്ഞതുപോലെ ജോലി ഉപേക്ഷിച്ച് വിദേശത്ത് പോയിട്ടും ആരോഗ്യവകുപ്പിന് ഒരുകുലുക്കവും ഉണ്ടായില്ല. ഇങ്ങനെ ഒന്നിനു പിന്നാലെ ഒന്നായി ആശുപത്രികൾക്കും ആരോഗ്യപ്രവർത്തകർക്കും നേരെ ആക്രമണം ഉണ്ടായിട്ടും സർക്കാരോ ആരോഗ്യവകുപ്പോ ഇരുന്നിടത്ത് നിന്ന് അനങ്ങിയതേയില്ല. 15-ാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനത്തിൽ 2021 ആഗസ്റ്റ് 4 ന് ഡോക്ടർമാർക്കെതിരെയുള്ള അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് കോൺഗ്രസിലെ മാത്യു കുഴൽനാടൻ എം.എൽ.എ ഒരു ചോദ്യം ഉന്നയിച്ചു. സംസ്ഥാനത്ത് ഡോക്ടർമാർക്കെതിരെ രോഗികളിൽ നിന്നും ബന്ധുക്കളിൽ നിന്നുമുള്ള അക്രമങ്ങൾ വർദ്ധിച്ചു വരുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് ആരോഗ്യമന്ത്രി വീണ ജോർജ് നൽകിയ മറുപടി കേട്ട് ഡോക്ടർമാർ പോലും ഞെട്ടിയിരുന്നു. ഡോക്ടർമാർക്കെതിരായ അക്രമങ്ങൾ വർദ്ധിച്ചു വരുന്നത് ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി !
ഡോക്ടർമാരിൽ ചിലരെങ്കിലും തല്ലുകിട്ടേണ്ടവരാണെന്ന വിവാദ പരാമർശത്തിനും കേരള നിയസഭ വേദിയായിരുന്നു. കെ.ബി ഗണേശ് കുമാർ എം.എൽ.എ ആണ് ഇത്തരത്തിലൊരു വിവാദ പരാമർശം നടത്തിയത്. ഡോക്ടർമാരുടെ സംഘടനകൾ ഇതിനെതിരെയും രൂക്ഷമായി പ്രതികരിച്ചിരുന്നു. ഡോ. വന്ദനയുടെ ദാരുണമായ മരണം നടന്നപ്പോൾ വന്ദനയുടെ സഹപ്രവർത്തകർ എം.എൽ.എ യുടെ ഈ പ്രസ്താവനയെക്കുറിച്ച് അതീവ രോഷത്തോടെയാണ് പ്രതികരിച്ചത്.
പ്രതി സന്ദീപ്
മദ്യത്തിനടിമ
ഡോ. വന്ദനയെ അതിക്രൂരമായി കൊലപ്പെടുത്തിയ പ്രതി സന്ദീപ് മദ്യത്തിനും മയക്ക് മരുന്നിനും അടിമയാണ്. എയ്ഡഡ് സ്കൂൾ അദ്ധ്യപകനായ ഇയാൾ വെളിയം കുടവട്ടൂർ ചെറുകരക്കോണം ശ്രീനിലയത്തിൽ അദ്ധ്യാപക ദമ്പതികളായ പരേതനായ ഗോപിനാഥൻ പിള്ളയുടെയും സരസമ്മയുടെയും രണ്ട് മക്കളിൽ ഇളയതാണ്. മദ്യപിച്ചുള്ള പ്രശ്നങ്ങൾ പതിവായതോടെ വർഷങ്ങൾക്ക് മുമ്പ് സന്ദീപിനെ ലഹരിമോചന കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ചികിത്സ പാതിവഴിയിലെത്തിയപ്പോൾ മുങ്ങി. പിന്നെയും മദ്യപാനം തുടർന്നതോടെ മാനസിക നില തെറ്റിയതെന്നാണ്കരുതുന്നത്. അദ്ധ്യാപികയായ ഭാര്യയെയും ആക്രമിക്കാൻ ശ്രമിച്ചതോടെ അവർ സന്ദീപിനെ ഉപേക്ഷിച്ച് മക്കളുമായി വീടുവിട്ടു പോയി. ഉമ്മന്നൂർ വിലങ്ങറ യു.പി സ്കൂൾ അദ്ധ്യാപകനായിരുന്ന സന്ദീപിന് അവിടെ കുട്ടികൾ കുറഞ്ഞതോടെ ജോലി നഷ്ടമായി. പ്രൊട്ടക്ഷൻ ലിസ്റ്റിലായ സന്ദീപിനെ പല സ്കൂളുകളിലും മാറ്റി നിയമിച്ചു. 2021 ഡിസംബറിലാണ് നെടുമ്പന യു.പി സ്കൂളിൽ താത്ക്കാലികമായെത്തിയത്. കഴിഞ്ഞ അദ്ധ്യയന വർഷം സ്കൂൾ തുറന്ന ശേഷമുള്ള ആദ്യദിനത്തിൽ മദ്യപിച്ചെത്തിയ സന്ദീപിനെ ഹെഡ് മാസ്റ്റർ വിലക്കി. അതോടെ മാന്യനായി എത്തിയിരുന്നതെന്നാണ് സഹ അദ്ധ്യാപകർ പറയുന്നത്. ഇപ്പോൾ പൂജപ്പുര സെൻട്രൽ ജയിലിൽ റിമാന്റിൽ കഴിയുന്ന സന്ദീപ് മദ്യം ലഭിക്കാത്തതിനാൽ സെല്ലിനുള്ളിൽ ബഹളം വയ്ക്കുകയാണ്. ഇങ്ങനെയുള്ള ഒരാളുടെ സ്വഭാവം അറിയാമായിരുന്നിട്ടും വേണ്ടത്ര മുൻകരുതലില്ലാതെ കൊട്ടാരക്കര താലൂക്കാശുപത്രിയിലെത്തിച്ച പൊലീസുകാരിൽ നിന്നുണ്ടായ കനത്ത വീഴ്ചയാണ് വന്ദനയുടെ ദാരുണമായ കൊലപാതകത്തിൽ കലാശിച്ചതെന്ന് നിസ്സംശയം പറയാം. സന്ദീപിന്റെ കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ വന്ദനയ്ക്ക് മതിയായ ചികിത്സ തക്കസമയത്ത് ലഭിച്ചില്ലെന്ന പരാതിയും ഉയർന്നിട്ടുണ്ട്. വന്ദനയുടെ സഹപാഠികളാണ് ഈ ആരോപണം ഉന്നയിക്കുന്നത്. ശ്വാസകോശത്തിനേറ്റ മുറിവ് തക്കസമയത്ത് കണ്ടെത്താനോ അതിനാവശ്യമായ അടിയന്തിര ചികിത്സ നൽകാനോ കഴിഞ്ഞില്ല. ട്രോമ കെയർ ആശുപത്രിയായ താലൂക്കാശുപത്രിയിൽ നിന്ന് തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലെത്തിച്ച ശേഷം തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. അതിനിടെ രണ്ട് മണിക്കൂറോളം നഷ്ടപ്പെട്ടിരുന്നു. അവിടെ എത്തിയപ്പോഴേക്കും നില വഷളായിരുന്നു. വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ചികിത്സയോട് പ്രതികരിക്കാതെ മെല്ലെ മരണത്തിലേക്ക് നടന്നകലുകയായിരുന്നു വന്ദന. പൊലീസിന്റെയും അധികൃതരുടെയും അനാസ്ഥ മൂലമാണ് തന്റെ മകളുടെ വിലപ്പെട്ട ജീവൻ നഷ്ടമായതെന്ന് വന്ദനയുടെ പിതാവ് മോഹൻദാസ്, തന്നെ കാണാനെത്തിയ ആരോഗ്യമന്ത്രി വീണ ജോർജിനോടും മുൻ ആരോഗ്യ മന്ത്രി കെ.കെ ശൈലജയോടും വളരെ വൈകാരികമായി പറഞ്ഞു. പൊലീസിന് കസേരയെങ്കിലും എടുത്ത് അക്രമിയെ അടിയ്ക്കാമായിരുന്നില്ലേ ? എന്തിനാണ് ഈ പൊലീസ് സംവിധാനം പ്രവർത്തിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
ഒടുവിൽ കണ്ണു തുറന്ന്
സർക്കാർ
ഡോ.വന്ദന ദാസ് എന്ന യുവ ഡോക്ടർ ഡ്യൂട്ടിയ്ക്കിടെ ദാരുണമായി കൊല്ലപ്പെടുകയും ഹൈക്കോടതി വടിയെടുക്കുകയും ചെയ്തതോടെ ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാൻ ആശുപത്രി സംരക്ഷണ നിയമത്തിൽ അടിയന്തര ഭേദഗതിക്ക് സർക്കാർ നീക്കം തുടങ്ങി. അക്രമികൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുന്ന ഭേദഗതി ഓർഡിനൻസ് അടുത്ത മന്ത്രിസഭാ യോഗത്തിൽ കൊണ്ടു വരാനാണ് തീരുമാനം. പ്രധാന ആശുപത്രികളിൽ പൊലീസ് ഔട്ട് പോസ്റ്റും സ്ഥാപിക്കും. മൂന്ന് മുതൽ 10 വർഷം വരെ തടവും 5 ലക്ഷം രൂപ പിഴയും ഈടാക്കുന്ന നിയമഭേദഗതിയ്ക്കാണ് നീക്കം. മൂന്ന് വർഷം വരെ തടവും അരലക്ഷം രൂപ പിഴയുമാണ് നിലവിലെ നിയമത്തിലുള്ളത്. അത് ഫലപ്രദമായി നടപ്പാക്കുന്നുമില്ല. വളരെക്കാലമായി ഡോക്ടർമാരുടെ സംഘടനകൾ നിരന്തരം ആവശ്യപ്പെടുകയും സർക്കാർ അത് കാര്യമായി എടുക്കാതിരിക്കുകയും ചെയ്ത സാഹചര്യത്തിൽ ഒരു യുവ വനിതാ ഡോക്ടറുടെ ജീവൻ ബലിയർപ്പിക്കേണ്ടി വന്നു സർക്കാരിന് കണ്ണ് തുറക്കാനെന്നത് ഖേദകരമാണ്. പുതിയ നിയമഭേദഗതി കൊണ്ട് ആരോഗ്യമേഖലയിൽ ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കും അക്രമികളിൽ നിന്ന് സംരക്ഷണം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അവരെല്ലാം. പുതിയ നിയമഭേദഗതികൾ എത്രത്തോളം ഫല പ്ര ദമാകുമെന്നത് കാത്തിരുന്ന് കാണേണ്ടതാണ്.