ഗാന്ധിദര്‍ശനങ്ങള്‍ ആനന്ദാശ്രമം ജനങ്ങളിലേക്ക് എത്തിക്കുന്നു
ചങ്ങനാശേരി: ഭാരതം പോലും ഗാന്ധിജിയെ തിരസ്കരിക്കുന്ന ഈ കാലഘട്ടത്തില്‍ ഗാന്ധിയന്‍ ദര്‍ശനങ്ങളെ ജനങ്ങളിലേക്ക് എത്തിക്കാന്‍ ശ്രമിക്കുകയാണ് ആനന്ദാശ്രമമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പറഞ്ഞു.
ശ്രീനാരായണഗുരു ആനന്ദാശ്രമം സന്ദര്‍ശിച്ചതിന്റെ നൂറാം വാര്‍ഷികത്തിന്റെ ഭാഗമായി എസ്.എന്‍.ഡി.പി യോഗം ഒന്ന് എ ആനന്ദാശ്രമം ശാഖയില്‍ ശതാബ്ദി ആഘോഷ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വൈക്കം സത്യഗ്രഹത്തിന്റെ ഇടത്താവളമായിരുന്നു ആനന്ദാശ്രമം. കേരളത്തിലെ നിരവധി ചരിത്രമുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ആനന്ദാശ്രമത്തില്‍ വൈക്കം സത്യഗ്രഹത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ തന്നെ ശ്രീനാരായണഗുരുവിന്റെ ആനന്ദാശ്രമസന്ദര്ശനത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുന്നത് ഉചിതമാണെന്നും അദ്ദേഹം പറഞ്ഞു.
നിത്യസത്യങ്ങളില്‍ അധിഷ്ഠിതമാണ് ഗുരുദര്‍ശനം
ചങ്ങനാശ്ശേരി: ശ്രീനാരായണഗുരു ദര്‍ശനങ്ങളുടെ പ്രസക്തിയ്ക്ക് ഒരു കാലത്തും മങ്ങലേല്‍ക്കില്ലെന്നും നിത്യസത്യങ്ങളില്‍ അധിഷ്ഠിതമാണ് ഗുരുവിന്റെ ദര്ശനങ്ങളെന്നും പശ്ചിമബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദബോസ് പറഞ്ഞു.
ശ്രീനാരായണഗുരു ആനന്ദാശ്രമം സന്ദര്‍ശിച്ചതിന്റെ നൂറാം വാര്‍ഷികത്തിന്റെ ഭാഗമായി എസ്എന്‍ഡിപി യോഗം ഒന്ന് എ ആനന്ദാശ്രമം ശാഖയില്‍ മഹാത്മാഗാന്ധിയുടെ പ്രതിമ അനാച്ഛാദനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ കാലഘട്ടത്തില്‍ സംഘടന കൊണ്ട് ശക്തരാകാനും വിദ്യകൊണ്ട് പ്രബുദ്ധരാകാനും ഗുരു പറഞ്ഞതും സമൂഹത്തിന്റെ പുരോഗതിയെ കാംക്ഷിച്ചാണ്. ഗാന്ധിജിയുടെ പ്രതിമസ്ഥാപിക്കുന്നതിലൂടെ സാമൂഹിക നവോത്ഥാന യാത്രയുടെ ആദ്യചുവട് ആനന്ദാശ്രമത്തില്‍ നിന്നാണെന്നും അദ്ദേഹം പറഞ്ഞു.
എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് സമ്മേളനം ഉദ്ഘാടനം ചെയ്തു. ചങ്ങനാശ്ശേരി യൂണിയന് പ്രസിഡന്റ് ഗിരീഷ്കോനാട്ട് അദ്ധ്യക്ഷത വഹിച്ചു. അഡ്വ. ജോബ്മൈക്കിള്‍ എം.എല്‍.എ. മുഖ്യപ്രഭാഷണം നടത്തി. യൂണിയന് സെക്രട്ടറി സുരേഷ് പരമേശ്വരന് ശതാബ്ദി സന്ദേശം നല്കി.