അപരബോധത്തിന്റെ ആഴക്കയം
അഹം എന്ന് ഓരോരുത്തരും പറയുന്നത് ഒന്നല്ലയെന്നും അത് അനേകമുണ്ടെന്നും ആ അനേകങ്ങളുടെ ആത്മസത്യം സമൂഹസത്യമായിമാറുമ്പോഴുള്ള പ്രാപഞ്ചികതയുടെ വഴിയാണ് ഏകത്വം എന്നുമാണ് ഗുരു ഉദ്ദേശിച്ചത്. അതായത് എല്ലാവരും ഒന്നാണെന്ന ബോധം അനിവാര്യമാണെന്നും എല്ലാവരും പലതാണെന്ന ബോധം അഹന്തയുടെതാണെന്നും വ്യക്തം. ഈ വിശാലമായ ലോകവീക്ഷണമാണ് ഗുരുതത്ത്വങ്ങളുടെ ആത്മാവ്.
ജ്ഞാനഗുരുവായ ശ്രീനാരായണഗുരുവിനെക്കുറിച്ച് ആവര്‍ത്തിച്ച് പഠിക്കുന്തോറും അത്ഭുതവും ആദരവും വര്‍ദ്ധിക്കുന്നു. പ്രപഞ്ചസത്തയും മാനവസത്തയും തമ്മില്‍ അഭേദ്യമായി അന്വേഷിച്ച മഹായോഗിയായിരുന്നു അദ്ദേഹം. അറിയാനും അറിയിക്കാനുമാണ് ജീവിതം വിനിയോഗിക്കേണ്ടതെന്ന ലളിതമായ പാഠം പകര്‍ന്നുതന്ന ഗുരു, എതിര്‍വാദങ്ങളോട് മത്സരിച്ചിരുന്നില്ല.
എല്ലാ മതതത്ത്വങ്ങളോടും ന്യായവാദങ്ങളോടും അനുരഞ്ജനത്തിന്റെ രീതിയാണ് അദ്ദേഹം പിന്തുടര്ന്നിരുന്നത്. അദ്വൈതദര്‍ശനത്തെ കാലികമായും സാമൂഹികമായും എങ്ങനെ പ്രായോഗികമാക്കാമെന്ന അന്വേഷണവും ഗുരുവിന്റെ കര്‍മ്മത്തില്‍ ഉള്‍ച്ചേര്‍ന്നിരുന്നു. സമൂഹമെന്ന വലിയ ആശയത്തെയാണ് ഗുരു ഉയര്‍ത്തിപ്പിടിച്ചത്. അത്തരമൊരാശയത്തിലേക്കു ഉയരണമെങ്കില്‍ മനുഷ്യവര്ഗ്ഗത്തിനുവേണ്ടത് അറിവെന്ന വെളിച്ചമാണ്. ആ വെളിച്ചം അഹന്തയെ നീക്കാനുള്ളതുകൂടിയാണ്. ആത്മബോധമല്ല അപരബോധമാണ് വേണ്ടത് എന്ന വിശ്വമാനവികതയുടെ താത്ത്വികമായ അന്വേഷണവഴിയാണ് ഗുരു കാട്ടിത്തന്നത്.
അറിവെന്ന സത്യത്തെ ശാശ്വതമാക്കിത്തീര്ക്കാനുള്ള അദ്വൈതജ്ഞാനത്തെക്കുറിച്ചാണ് ഗുരു നിരന്തരം ഉദ്ബോധിപ്പിച്ചത്. ഒരുപക്ഷേ അതാണ് ഗുരുവിന് ഇക്കാലഘട്ടത്തിലും പ്രസക്തിയേറുന്നത്. ഗുരു എന്ന വാക്കിന്റെന്റെ അര്‍ത്ഥം ഇരുട്ടിനെ അകറ്റുന്നവന്‍, ജ്ഞാനരൂപിയായ പ്രകാശം പരത്തുന്നവന്‍ എന്നൊക്കെയെങ്കില് പൂര്‍ണ്ണാര്‍ത്ഥത്തില്‍ അതുതന്നെയാണ് ശ്രീനാരായണഗുരു.
വെളിച്ചമെന്നത് വ്യക്തികേന്ദ്രിതമായാല് പോരെന്നും അത് സമഷ്ടിയുടെ ജീവിതമാകെ കടന്നുകയറേണ്ടതാണെന്നുമുള്ള വിശാലമായ ആശയമാണ് ഗുരുവിന്റെ ദര്‍ശനം. പ്രപഞ്ചത്തിന്റെ പൊരുള്‍തന്നെ വെളിച്ചമാകണമെന്ന ഗുരുസങ്കല്പം അനിര്‍വചനീയമായ ഏകത്വദര്‍ശനത്തിന്റെ കാതലാണ്. അഹം എന്ന് ഓരോരുത്തരും പറയുന്നത് ഒന്നല്ലയെന്നും അത് അനേകമുണ്ടെന്നും ആ അനേകങ്ങളുടെ ആത്മസത്യം സമൂഹസത്യമായിമാറുമ്പോഴുള്ള പ്രാപഞ്ചികതയുടെ വഴിയാണ് ഏകത്വം എന്നുമാണ് ഗുരു ഉദ്ദേശിച്ചത്. അതായത് എല്ലാവരും ഒന്നാണെന്ന ബോധം അനിവാര്യമാണെന്നും എല്ലാവരും പലതാണെന്ന ബോധം അഹന്തയുടെതാണെന്നും വ്യക്തം. ഈ വിശാലമായ ലോകവീക്ഷണമാണ് ഗുരുതത്ത്വങ്ങളുടെ ആത്മാവ്.
ഈ അപരബോധം, വാസ്തവത്തില്‍ ഒരു ഭൗതികന് പൂര്‍ണ്ണമായി ഉണ്ടാവണമെന്നില്ല. ഒരു യതിക്ക് അതിലേക്കെത്താന്‍ വേഗത്തില്‍ സാധിക്കുന്നു. അതിനര്‍ത്ഥം എല്ലാവരും യതിമാരാകണമെന്നല്ല. മറിച്ച് സുഖം, സ്വാര്‍ത്ഥത, സ്വകാര്യസ്വത്ത് തുടങ്ങിയ വ്യക്തികേന്ദ്രിതഘടകങ്ങള് അപ്രസക്തമാണെന്നതാണ് ഗുരുവാദം. ചാഞ്ചല്യമുള്ള മനസ്സുകള്‍ക്ക് അപരബോധം ഉണ്ടാവില്ലായെന്നതു സത്യം. അതുകൊണ്ട് ഒരു യഥാര്‍ത്ഥ യതിയുടെതുപോലുള്ള മാനസികതലം മനുഷ്യരെല്ലാം നിലനിര്‍ത്തണം.
“പ്രിയമൊരു ജാതി,യിതെന്‍ പ്രിയം ത്വദീയ-
പ്രിയ,മപരപ്രിയമെന്നനേകമായി
പ്രിയവിഷയം പ്രതി വന്നിടും ഭ്രമം, തന്
പ്രിയമപരപ്രിയമെന്നറിഞ്ഞിടേണം”
(ആത്മോപദേശശതകം-21)
ഓരോരുത്തര്‍ക്കും ഓരോ പ്രിയമുണ്ടെന്നും ആ പ്രിയം പലതായിത്തീരുന്നുവെന്നും അത്തരം പ്രിയങ്ങള്‍ അല്ലലുണ്ടാക്കുന്നുവെന്നും അതിനാല്‍ അപരപ്രിയമാണ് തന്റെ പ്രിയമെന്നു തിരിച്ചറിയുമ്പോള്‍ ഉണ്ടാകുന്ന ആനന്ദം ചെറുതല്ലെന്നും പറയുന്നു. ‘പരമാര്‍ത്ഥത്തില്‍ പരനും ഞാനും ഭവാനുമൊന്നല്ലീ’എന്ന മഹാകവി ഉള്ളൂരിന്റെ പ്രേമസംഗീതസത്തപോലെ എത്തണമെങ്കില്‍ ആത്മജ്ഞാനം ഉണ്ടാവണമെന്നു സാരം.
“അപരനുവേണ്ടിയഹര്‍ന്നിശം പ്രയത്നം
കൃപണത വിട്ടു കൃപാലു ചെയ്തിടുന്നു;
കൃപണനധോമുഖനായ്ക്കിടന്നു ചെയ്യു-
ന്നപജയകര്‍മ്മമവന്നു വേണ്ടി മാത്രം”
(ആത്മോപദേശശതകം-23)
കൃപണന് (സ്വാര്‍ത്ഥന്‍) കൃപാലുവാകാന്‍ സാധിക്കില്ല. കാരണം അയാള്‍ക്ക് ലോകത്തിന്റെ സുഖം എന്നൊന്നില്ല. വ്യക്തിസുഖം മാത്രമേയുള്ളൂ. കൃപാലുവാകാന്‍ കഴിയുന്നവര്‍ക്കു മാത്രമേ മനുഷ്യത്വം നിലനിര്‍ത്താനാവൂ. സന്ന്യാസവും സന്ന്യാസസമാനമായ ജീവിതവും നല്കുന്ന പാഠം അതാകുന്നു.
ആത്മപ്രകാശത്തിന്റെ പരിമളത്തെക്കുറിച്ച് ആധികാരികമായും ആദ്ധ്യാത്മികമായും ദര്‍ശിച്ച അദ്വൈതിയായ ഗുരുവിന്റെ ജീവിതദര്‍ശനം എന്തായിരുന്നു എന്നതിന് ഇതില്‍പ്പരം തെളിവ് ആവശ്യമില്ലല്ലോ? പ്രകാശമാണ് താന്‍ എന്ന അറിവാണ് ഒരാള്‍ക്ക് ആത്യന്തികമായി ഉണ്ടാവേണ്ടത്. അതുണ്ടാവുമ്പോള്‍ അയാള്‍ക്ക് ലോകത്തെ കൂടുതല്‍ പ്രകാശിപ്പിക്കാന്‍ സാധിക്കുന്നു. എന്നാല്‍ പ്രകാശം കാണാനുള്ള കണ്ണ് എങ്ങനെയുള്ളതാണെന്നുകൂടി ഗുരു പറയുന്നുണ്ട്.
“കാണുന്നു കണ്ണിഹ തുറക്കിലടയ്ക്കിലന്ധന്‍
താനുള്ളില്‍ മേവുമറിവിങ്ങു വരായ്കയാലേ;
ജ്ഞാനം പുറത്തു തനിയേ വരികയില്ല, കണ്ണു
വേണം വരുന്നതിനു, കണ്ണിനു കാന്തിപോലെ.”
എന്ന ‘അദ്വൈതദീപിക’യിലെ ശ്ലോകത്തില്‍ പറയുന്നതുപോലെ, ആത്മാവിനെ ദര്‍ശിക്കുന്ന കണ്ണ് ഉള്‍ക്കണ്ണാണ്. ആ ഉള്ക്കണ്ണിനുമാത്രമേ അഹംബോധത്തെ ഇല്ലാതാക്കാന്‍ കഴിയൂ. എങ്കില്‍ മാത്രമേ അപരത്വത്തിലേയ്ക്ക് ഉയരാന്‍ കേവലമനുഷ്യന് സാധ്യമാകൂ. ഈ അപരത്വമന്വേഷിക്കലാണ് ജീവിതമെന്നും അതിനപ്പുറമൊരു മോക്ഷമാര്ഗ്ഗമില്ലെന്നും ദര്‍ശിക്കുകയാണ് ഗുരു ചെയ്തത്. പരീക്ഷിക്കപ്പെടുകയും കുറച്ചൊക്കെ പരാജയപ്പെടുകയും വീണ്ടും പരിവര്‍ത്തനത്തിന് വിധേയമാക്കപ്പെടുകയും ചെയ്യുന്ന തത്ത്വശാസ്ത്രങ്ങള്ക്കിടയില് ഗുരുദര്‍ശനം കൂടുതല്‍ പ്രോജ്വലിച്ചുവരാന് കാരണം ഈ അപരബോധത്തെക്കുറിച്ചുള്ള ഉള്‍ക്കാഴ്ചയാണ്. നാം ആരാണെന്ന് അറിയുന്നതുപോലെ തന്നെ പ്രധാനമാണ് നാം മറ്റുള്ളവരെ അറിയാന്‍ ശ്രമിക്കുന്നതും. ഗുരുസമീപനത്തിന്റെ നന്മ കെടാതെ നില്‍ക്കുന്നത് ഇത്തരം അപരദുഃഖത്തെക്കുറിച്ചുള്ള കെടാത്ത ഉല്‍ക്കണ്ഠകള്‍ കൊണ്ടാണ്.