പെണ്‍സാഹിത്യം ആരോഗ്യത്തിന് ഹാനികരമാണ്!
ഏതെങ്കിലുമൊരു തത്വശാസ്ത്രത്തിന്റെ ചെപ്പിലൊതുങ്ങാത്തവണ്ണം വാഴ്വിന്റെ വൈരുദ്ധ്യങ്ങൾ വർദ്ധിച്ചുവരുന്ന ഒരു സാഹിത്യശാഖയായി ഇപ്പോൾ പെൺസാഹിത്യം മാറുകയാണ്. ഭൂതകാലത്തിന്റെ തുടർച്ചയായ അസ്വാതന്ത്ര്യത്തെ ആഘോഷിക്കുന്ന എഴുത്തുകാരികളുണ്ടിപ്പോഴും. ചിലപ്പോൾ അതിന്റെ വിപരീതവും നിഷേധവുമായ വർത്തമാനത്തിന്റെ രൂപരേഖ തിരയുന്നതിനിടയിൽ സമൂഹത്തിന്റെ
പഴംമനസ്സിന്റെ കലവറകളിൽ മയക്കം കൊള്ളുന്ന അരാജകവാദത്തിന്റെ പൗരാണിക സ്മൃതികളെയും പുതിയകാലത്തിന്റെ നിർമ്മിത അരാജകവാദത്തെയും കുലുക്കിയുണർത്താൻ എത്ര നിരൂപകർ തയ്യാറാവുന്നു.
പാരമ്പര്യത്തിന്റെ ചില അംശങ്ങളെ നിരന്തരമായി ചോദ്യം ചെയ്യുന്നതിലൂടെ മാത്രമേ വര്‍ത്തമാന കാലഘട്ടത്തിന്റെ അന്ത:സത്ത മനസ്സിലാക്കാനാവൂ എന്നത് ഒരു വസ്തുതയാണ്. ഏതെങ്കിലുമൊരു തത്വശാസ്ത്രത്തിന്റെ ചെപ്പിലൊതുങ്ങാത്തവണ്ണം വാഴ്വിന്റെ വൈരുദ്ധ്യങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന ഒരു സാഹിത്യശാഖയായി ഇപ്പോള്‍ പെണ്‍സാഹിത്യം മാറുകയാണ്. ഭൂതകാലത്തിന്റെ തുടര്‍ച്ചയായ അസ്വാതന്ത്ര്യത്തെ ആഘോഷിക്കുന്ന എഴുത്തുകാരികളുണ്ടിപ്പോഴും. ചിലപ്പോള്‍ അതിന്റെ വിപരീതവും നിഷേധവുമായ വര്‍ത്തമാനത്തിന്റെ രൂപരേഖ തിരയുന്നതിനിടയില്‍ സമൂഹത്തിന്റെ പഴംമനസ്സിന്റെ കലവറകളില്‍ മയക്കം കൊള്ളുന്ന അരാജകവാദത്തിന്റെ പൗരാണിക സ്മൃതികളെയും പുതിയകാലത്തിന്റെ നിര്‍മ്മിത അരാജകവാദത്തെയും കുലുക്കിയുണര്‍ത്താന്‍ ഇവിടുത്തെ എത്ര നിരൂപകര്‍ തയ്യാറാവുന്നു. കലാമര്മ്മജ്ഞരില് അഗ്രഗണ്യനായെ ഹെര്‍ബര്‍ട്ട് റീഡിന്റെ വളരെ പ്രശസ്തമായ ഒരു വാദമിതാണ് – ‘നല്ല രൂപങ്ങള്‍ വാര്‍ത്തെടുക്കുന്ന വികാരമാണ് കല.” വികാരങ്ങള്‍കൊണ്ടു മാത്രം കലാസൃഷ്ടി നടക്കുന്നതെങ്ങനെയെന്ന് സ്വാഭാവികമായും നാം ചോദിച്ചുപോകുന്ന ചില മുഹൂര്‍ത്തങ്ങളെയാണ് നമ്മുടെ എഴുത്തുകാരികള്‍ ഇപ്പോള്‍ അക്ഷരങ്ങളുടെ അരങ്ങളവില് എത്തിക്കുന്നത്. മനുഷ്യോപഭോഗത്തിലൂടെ പൂര്‍ണ്ണമായും നശിക്കാത്ത പ്രതീകങ്ങളാണ് കലാശില്പങ്ങളെന്ന് ലാംഗര്‍ ചൂണ്ടിക്കാണിച്ചതിന്റെ നേരേ വിപരീതമാണ് നമ്മുടെ പെണ്‍സാഹിത്യം. സിംബലുകള്‍ യുക്തിഗതങ്ങളോ അല്ലാത്തവയോആകാം. പക്ഷെ, ഭാഷ യുക്തിഗതവും ചിത്രീകരണ സമര്‍ത്ഥവുമായ പ്രതീകമാണ്. ഭാഷ ഉപയോഗിച്ചു നിര്‍മ്മിക്കപ്പെടുന്ന ഈ കലയെ അനുഭൂതിയെന്നാണ് ഡ്യൂവി (Dewey) വിളിക്കുന്നത്. പക്ഷെ പെണ്‍സാഹിത്യം അനുഭൂതിയാകാന്‍ വിസമ്മതിക്കുന്നു. അത് അതിവികാരമായും അതിലഹരിയായും അമിത സ്വകാര്യനിര്മ്മിതിയായും ഒടുങ്ങി മാറുന്നു.
ഇവിടെ ‘വെറുതെ ‘ എഴുതപ്പെടുന്ന പെണ്സാഹിത്യമുണ്ട്. അത് നിര്‍മ്മിത സദാചാരത്തിന്റെ ഉറവതുറന്നുവിടലാണ്. ശരീരത്തിന്റെ വിക്കുകളാണധികവും മൂപ്പ് കൂടിയ ചരക്കായി നമ്മിലേക്കെത്തുന്നത്. പെണ്‍ശരീരത്തിന്റെ ശരിയായ അന്തസ്സ് മനസ്സിലാക്കുകയോ അത് വീണ്ടെടുക്കുകയോ ചെയ്യാത്ത അത്തരം എഴുത്തുകാരികള്‍ ആക്രമിക്കപ്പെടേണ്ടതുണ്ട്. ‘ഞാന്‍ ഒന്നു നിവര്‍ന്നു നില്ക്കാം. നിങ്ങള്‍ എന്റെ സ്വകാര്യ ഭാഗങ്ങളുടെ ഒരു ഫോട്ടോ എടുക്കൂ’ എന്നു പറയും മാതിരിയാണ് ചില എഴുത്തുകാരികളുടെ ശരീരമെടുപ്പുകള്. ഈ നിര്‍മ്മിത അരാജകത്വം അവരുടെ എഴുത്തുകളിലുമുണ്ട്. ഒന്നുരണ്ട് പീറക്കഥകളെഴുതി സാഹിത്യത്തില്‍ ഇടം നേടിയ പെര്‍വെര്‍ട്ടഡ് എഴുത്തുകാരിയാണ് യമ. കല വികാരസംസ്കരണത്തിനുള്ള ഒരുപാധിയാണെന്ന് അവരിപ്പോഴും വിശ്വസിക്കുന്നു. അത്തരത്തില്‍ ഫിലോസഫി / ആട്ടോബയോഗ്രഫി എന്ന ടാഗ്ലൈനില് എഴുതപ്പെട്ട ഒരു പുസ്തകമാണ് യമയുടെ ‘ പെണ്‍ജിപ്സികളുടെ ജീവിതകാലം.” ഇതില്‍ നിറയെ പടര്‍ന്നു നില്‍ക്കുന്നത് നിര്‍മ്മിത അരാജകത്വമാണ്. ഈ സാഹിത്യം വായനക്കാരന്റെ ആരോഗ്യത്തിന് ഹാനികരമാണ്. പെണ്‍ജിപ്സികളുടെ ജീവിതകാലത്തിലെ ചിലത് ഉദ്ധരിക്കാം:
1
പ്രതിമകള്‍ അല്ലെങ്കില്‍ കലാരൂപങ്ങള്‍ അതുമല്ലെങ്കില്‍ ഒരു പുസ്തകം എപ്പോഴാണ് അനങ്ങുന്നത് ? ആ അനക്കം ചക്രങ്ങള്‍ ഘടിപ്പിക്കുമ്പോള്‍ വാഹനം ഓടുന്നതുപോലെയുള്ള ഒന്നല്ല. അതൊരു വെറും സ്ഥാനചലനം തന്നെയല്ല. കലാരൂപത്തിനുളളില് നിന്നും നമ്മുടെ ഉള്ളിലേക്കുള്ള അമൂര്‍ത്തമായ ഒരു ഭാഷയുടെ ഒഴുക്കിലാണ് ആ ചലനം സംഭവിക്കുന്നത്. അതു പലപ്പോഴും വ്യക്തിപരം കൂടിയാണ്. (പുറം. 56 )
2
ഗ്രാസ് മോശമാണ്. വലിച്ചിട്ട് എത്ര നേരായി. ഒരു കിക്കും ഇല്ലല്ലോ (പുറം. 38 ) ഇത്തരം വഴിവിട്ട ഭാഷ്യങ്ങള്‍ക്കു പുറമേ ചില വിവേകരഹിത തത്വചിന്തകളും ഈ എഴുത്തുകാരി ഇറക്കിവെയ്ക്കുന്നുണ്ട് – ‘ ദിവസങ്ങളും രാത്രികളും പ്രപഞ്ചത്തിന്റെ വെറും പറ്റിപ്പ് പരിപാടികളാണ് ‘. യമയുടെ ‘ പെണ്‍ജിപ്സികളുടെ ജീവിതകാലം ‘ മൊത്തത്തില്‍ ശവരതികളുടെ പൊതുശ്മശാനമാണ്. ഇന്‍ഡീസന്റ് ഫ്യൂണറല്‍ കാത്തുകിടക്കുന്ന ഇത്തരം രചനകളെ ഉന്നത സാഹിത്യ സൃഷ്ടിയായൊക്കെ ഉള്‍ക്കൊള്ളുന്നവരാണ് മലയാളികള്‍.തെറിയെ കമ്മ്യൂണിക്കേറ്റീവ് മീഡിയമാക്കി കൈകാര്യം ചെയ്യുന്ന ഇന്ദുമേനോന് അടക്കമുള്ളവര്‍ ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്. കാരണം ഇവയൊക്കെയും അശ്ലീല സാഹിത്യമാണ്. അവ ഹാനികരവുമാണ്.
വായനക്കാരന്
നെഞ്ചിടിപ്പേകുന്ന കഥകള്‍
നമ്മുടെ എഴുത്തുകാരികളില്‍ ചിലര്‍ തീവ്രവാദസംഘങ്ങളില്‍ നില്‍ക്കുന്നവരെ പോലെയാണ് ചിന്തിക്കുന്നത്. അവരുടേതു മാത്രമായ ഒരു ഭാഷ സൃഷ്ടിച്ചുകൊണ്ടാണ് അവര്‍ സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നത്. അത്തരത്തില്‍ വിസ്തൃതിയാര്ന്നതും അപൂര്‍വ്വ സാധ്യതകളടങ്ങിയതുമായ വിഷയങ്ങളെ കൈകാര്യം ചെയ്തിരുന്നവരാണ് മാധവിക്കുട്ടിയും രാജലക്ഷ്മിയുമൊക്കെ. നമ്മുടെ നടപ്പുചരിത്രത്തിന്റെ ആത്മനിഷ്ഠവും സൂക്ഷ്മവുമായ ആന്തരഭാവങ്ങളെ പെണ്തത്വചിന്തയുടെ നിരാധാരതകളില് നിന്നും മോചിപ്പിക്കാനാണ് സാറാ ജോസഫും കെ. രേഖയുമൊക്കെ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. വായനക്കാരന് നെഞ്ചിടിപ്പേകുന്ന കഥകള്‍ അതിര്‍ത്തികള്‍ കടന്ന് സഞ്ചരിക്കുന്നവയാണ്. നമ്മുടെ എഴുത്തുകാരികള്‍ക്ക് ഇവിടുത്തെ ആണ്പത്രാധിപന്മാരും ആണ്പ്രസാധകന്മാരും ചേര്‍ന്നൊരുക്കിയ കെണികളില്‍പ്പെട്ട് അവരുടെ സ്വത്വബോധം ശിഥിലമായി തീരുന്നു. അവര്‍ക്ക് ചുറ്റുപാടുകള്‍ കൊതികളുടെ മാത്രമല്ല, പേരില്ലാത്ത പേടികളുടെയും അതിവേഗം വളര്‍ച്ച പ്രാപിക്കുന്ന ആപത്തിന്റേയും കൂടി സങ്കേതമാക്കി ഒരുക്കി നല്‍കുന്നത് അവരാണ്. ഇതിനിടയില്‍ ഉണ്ടാകുന്ന ചില ഒറ്റപ്പെട്ട കഥകള്‍ അടഞ്ഞ സ്ത്രീത്വത്തിനപ്പുറത്തുള്ള കലാരഹസ്യം നമുക്ക് കൊണ്ടുത്തരുന്നുണ്ട്.
തനൂജ ഭട്ടതിരിയുടെ ‘ ത്രസിപ്പിക്കുന്ന കണ്ണുകള്‍ ‘ (സമകാലിക മലയാളം 2023 മെയ് 15) എന്ന കഥ സ്ത്രീ അവള്‍ക്ക് അനുവദിക്കപ്പെട്ട സ്വാതന്ത്ര്യത്തിനപ്പുറത്തേക്കു പോയി കാര്യങ്ങളെ വ്യത്യസ്തമായി പറയാന്‍ ശ്രമിക്കുന്നതിന്റെ രേഖകളാണ് അവശേഷിപ്പിക്കുന്നത്. ഒരു പുരുഷനുള്ളത് രണ്ടു കണ്ണുകളാണ്. പക്ഷെ ഒരു സ്ത്രീക്ക് നാല് കണ്ണുകളുണ്ട്. രണ്ടെണ്ണം പുറമേയുള്ള കാഴ്ചകള്‍ കാണാനുളളവയാണെങ്കില് അവളുടെ മുലക്കണ്ണുകള്‍ സ്നേഹത്തെ എപ്പോഴും ഉറഞ്ഞുപോകാതെ നിലനിര്‍ത്തുന്ന ആന്തര കണ്ണുകളാക്കി തനൂജ ചിത്രീകരിക്കുന്നു. ഇത് സ്ത്രീയുടെ സ്വാതന്ത്ര്യപ്രഖ്യാപനമാണ്. പക്ഷെ ഇതില്‍ അശ്ലീലതയില്ല. തുറന്നു പറച്ചിലിന്റെ ഞരമ്പുകള്‍ വെട്ടിത്തിരിച്ചില്‍ നടത്തുന്നില്ല. സാധാരണ സംഭവങ്ങളുടെ കൂര്പ്പുപയോഗിച്ച് അസാധാരണ പ്ലോട്ടുകള്‍ തീര്‍ക്കുന്ന കഥാകാരിയാണ് ഷാഹിന ഇ. കെ. ഷാഹിനയുടെ ‘ പുസ്തകങ്ങളുടെ വീട് ‘ (പ്രഭാതരശ്മി 2023 ഏപ്രില്‍ 15 – മെയ് 15) എന്ന കഥയും പുസ്തകജീവിയായ ഒരു എഴുത്തുകാരിയുടെ ആത്മഗതങ്ങളായും വായിച്ചെടുക്കാം. ഇവയൊക്കെയും വായനക്കാരന് തൂക്കം കുറയാത്ത നെഞ്ചിടിപ്പേകുന്നു.
ആത്മാവിന്റെ
പായല്പ്പരപ്പിലെഴുതപ്പെട്ടവ.
കവിതയെഴുതുന്നതാര്ക്കുവേണ്ടി എന്ന ചോദ്യത്തിന്റെ പ്രതിധ്വനികളും കളമൊഴികളും ഇടകലര്‍ന്നുകിടക്കുന്ന നമ്മുടെ കാവ്യമണ്ഡലത്തില്‍ വേറിട്ടൊരു ലോഹനാദം കേള്പ്പിക്കുന്നതാരൊക്കെ എന്ന ചോദ്യത്തിനു പ്രസക്തിയുണ്ടിപ്പോള്. കവിതയ്ക്കുള്ളില്‍ തെളിമയുള്ള ഒരു ഉളിയുടെ ഒച്ച കരുതിവെച്ചിട്ടുള്ള പെണ്‍കവികള്‍ നന്നേ കുറവാണ്. നന്നേ ചെറിയ ശതമാനം പെണ്‍കവികള്‍ മാത്രം കൊത്തിയെടുത്ത കാവ്യശില്പത്തില് പതിഞ്ഞുകിടപ്പുള്ള വരകളും കോറലുകളും പെണ്സ്വത്വത്തിനും (സത്യത്തിനും ) മൂര്‍ച്ചകൂട്ടുന്നതായി നമുക്ക് തോന്നിയേക്കാം. ഫ്രോയിഡിന്റെ മനോവിജ്ഞാനത്തിന്റെ നേരിട്ടുള്ള ഉപയോഗം സമ്മാനിക്കുന്ന അര്‍ത്ഥവ്യാപ്തിയാണ് ചില കവിതകളെ (കവികളെയും) ശ്രദ്ധിപ്പിക്കുന്നത്. വിജയലക്ഷ്മിയെ പോലുള്ള കവികള്‍ തുടങ്ങിവെച്ച പാരമ്പര്യത്തിന്റെ സൗന്ദര്യാത്മകമായ മോന്തായത്തെ പിന്തുടരുന്നവരുടെ ചില കവിതകള്‍ ഈയടുത്തകാലത്ത് ശ്രദ്ധിക്കാനിടയായി. കണിമോളുടെ ‘ഇങ്ങനെ’, പ്രമീളാദേവിയുടെ ‘ഇലയിലെ മരം’ , ആര്യാംബികയുടെ ‘മഞ്ഞശലഭങ്ങളുടെ വീട് ‘ (മാതൃഭൂമി ആഴ്ചപ്പതിപ്പ് , 2023 മെയ് 7-13), ഷീജ വക്കത്തിന്റെ ‘ ഊര്ക്ക് പോകലാം കണ്ണേ ( മാതൃഭൂമി ആഴ്ചപ്പതിപ്പ് 2023 മെയ് 28 ), വിജിലയുടെ ‘ഉയിര്പ്പുലില്ലി (മാതൃഭൂമി ആഴ്ചപ്പതിപ്പ് 2023 മെയ് 21) എന്നീ കവിതകള്‍ വാക്കുകള്‍ കൊണ്ടു മുറുക്കിത്തുപ്പിയ ചോരയാണെന്നു മനസ്സിലാക്കാന്‍ നമ്മെ ഉറ്റുനോക്കുന്ന ഒരു കുറിപ്പടിയുടെ രംഗം ആവശ്യമില്ല. നീണ്ട മൗനങ്ങള്‍ക്കു ശേഷം കവിതയുടെ അകിട് പൊട്ടിക്കുന്ന കവിയാണ് ബിന്ദു കൃഷ്ണന്. ധ്യാനത്തിന്റെ വിത്തുപൊട്ടാന് കാത്തുകിടക്കുന്ന ഈ കവി ‘പ്രവാസം’ (സമകാലിക മലയാളം വാരിക 2023 മെയ് 29 ) എന്നു ശീര്ഷകപ്പെടുത്തിയ ഒരു കവിതയുമായി എത്തിയിട്ടുണ്ട്. ആത്മാവിന്റെ പായല്പ്പരപ്പിലെഴുതപ്പെട്ട ആ കവിത കുടിയേറ്റത്തിന്റെ മാര്‍ദ്ദവം മുറ്റിയ പദബിംബഘടനയിലൂടെ നമ്മെ കൈപിടിച്ചു കൊണ്ടുപോകുന്നു.
പിഞ്ഞിപ്പോകും ജീവിതം
വേര്പെട്ടകലുന്ന വക്കുകള്‍
ചേര്‍ത്തുനിര്‍ത്താന്‍
തുന്നിത്തുന്നി
സമയത്തോട് പടവെട്ടി
പ്രണയം മറന്നങ്ങനെ
കുറെ പുണ്യ സ്ത്രീജന്മങ്ങള്.
ജീവിതമഹാരോഗത്തിന് അടിപ്പെട്ട സ്ത്രീമനുഷ്യരാശിയുടെ അവസാനത്തെ അഭയകേന്ദ്രമായി സ്ത്രീസ്വത്വത്തെ കൊണ്ടാടുന്ന ഈ ഖണ്ഡത്തിലാണ് ആത്മാവില്‍ പതിഞ്ഞുകിടക്കുന്ന ആദിസ്മൃതികളിലേക്കു കടക്കാനുള്ള അനുരണനങ്ങള്‍ ബിന്ദു ഒളിപ്പിച്ചുവെയ്ക്കുന്നത്.
ഈയാഴ്ചയിലെ
പുസ്തകം
ഇരുള്പ്പൂവ് /
രാഖി ആര്. ആചാരി
യൂണിക്കോഡ് സെല്‍ഫ് പബ്ലിഷിങ്ങ് കോ
പാരമ്പര്യത്തില്‍ നിന്ന് അപാരമ്പര്യത്തിലേക്കെന്നതിനേക്കാള് പുതിയ പാരമ്പര്യത്തിലേക്ക് കൂടുമാറ്റം നടത്തുന്ന ചില കവികളുണ്ട്. പാരമ്പര്യത്തിന്റെ അന്ത്യപകുതി ഒരു ഭാവപ്പകര്‍ച്ചയ്ക്ക് സാക്ഷ്യം വഹിക്കുന്നതിന്റെ രേഖകളാണിതൊക്കെ. ഒരു പുതിയ കവി പതിവു താളങ്ങള്‍ മാറ്റിച്ചവിട്ടാന്‍ ധൈര്യപ്പെടുന്നതിനെ ചെറുതായി കണ്ടുകൂടാ. ഇടവിടാതുള്ള പരീക്ഷണകൗതുകം പ്രകടിപ്പിച്ചുപോന്ന പെണ്‍കവികള്‍ പഴമയിലേക്ക് തിരിച്ചുപോകാന്‍ ശ്രമിക്കുന്നതും ഈ ഘട്ടത്തിലാണ്. ഈവിധം ഭാവഗീതത്തിന്റെ കൊച്ചിതളുകള്ക്കുള്ളില് സ്വന്തം ഹൃദയത്തിന്റെ നെടുവീര്‍പ്പുകളും ആഹ്ലാദ മൂര്‍ച്ഛകളും ഒളിപ്പിച്ച് ശീലമുള്ളവളോ ഒരു നവകാല്പനികയോ അല്ലാത്ത ഒരാള്‍ പുതിയ പാരമ്പര്യത്തിലേക്ക് കടക്കുന്നതിനെ ഗൗരവമായി കണ്ടേ മതിയാകൂ. രണ്ടായിരത്തിയിരുപത്തിരണ്ടിലെ ഒ എന്‍. വി യുവസാഹിത്യപുരസ്കാരം ലഭിച്ച കൃതിയാണ് ഇരുള്പ്പൂവ് . മരിച്ചുകൊണ്ടിരിക്കുന്ന ഭൂമിയുടെ കരച്ചിലുകള്‍ ഈ കവിയുടെ സ്വരവുമായി ഇടകലര്‍ന്ന് നിലവിലുള്ള അധീശത്വക്രമങ്ങള്ക്കു നേരേ വെല്ലുവിളിയുയര്‍ത്തുന്നതാണ് നാം കാണുന്നത്. പതിവു ചോദ്യങ്ങളും പതിവുത്തരങ്ങളും ഉള്‍ച്ചേര്‍ന്ന പരിമിതമായ വൃത്തത്തില്‍ ഒതുങ്ങി നില്ക്കാന് വിസമ്മതിക്കുന്ന ഈ കവിതകളെ പുതിയ പാരമ്പര്യത്തിന്റെ നവചിറകൊച്ചകളായി കണ്ട് വിലയിരുത്തേണ്ടതുണ്ട്. ഇത് പെണ്‍സാഹിത്യത്തിന്റെ ആരോഗ്യത്തിന്റെ കുഴപ്പങ്ങളെ ദുരീകരിക്കുന്നതെങ്ങനെയെന്നറിയാന് ചില വരികള്‍ ഉദ്ധരിക്കാം.
എവിടെ ചെന്നൊരു തീക്കനല്‍ വാരി
എടുത്തു കുളിച്ചൊരു പെണ്ണായി നീ
എവിടെ ചെന്നൊരു ചെങ്കനല്‍ മീതെ
നടന്നു നടന്നൊരു പെണ്ണായി നീ.
( പെണ്‍പിറവി )
ചുവപ്പിന്റെ അടിയൊഴുക്കുകളില്‍
ഒഴുകി ഒഴുകി ഭയത്തിന്റെ തീരത്തടിഞ്ഞവള്
അവള് പെണ്ണ് ! വെറും പെണ്ണ് !
( പെണ്ണായ് മാറുമ്പോള്‍ )
ഒരു പെണ്‍ജീവിതം അവസാനിക്കാന്‍ പോകുന്നതിന്റെ വേവലാതിയും അവളുടെ പിറവിയെക്കുറിച്ചുള്ള അസ്പഷ്ടമായ മോഹങ്ങളും ആശങ്കകളും കവിമനസ്സില്‍ വലിഞ്ഞുമുറുകുന്നതിന്റെ അടയാളങ്ങളാണ് ഇരുള്പ്പൂവിലുള്ളത്. ഇവ കാമകവിതകളല്ല. അതുകൊണ്ട് ആരോഗ്യത്തിനു ഹാനികരവുമല്ല.
ഈയാഴ്ചയിലെ
ഇല്ലസ്ട്രേഷന്.
ചിത്രകലയുടെ ധര്‍മ്മവും നീതിയും വിപ്ലവകരമയി പുന:ക്രമീകരിക്കപ്പെട്ട സാഹചര്യത്തിലാണ് കേരളത്തില്‍ വേരുള്ളതും എന്നാല്‍ സാഹചര്യങ്ങള്‍ സ്ഥലപ്പെടുത്തിയതുമായ ചില കലാകാരികളെ മിത്തായി ഭാവന ചെയ്യാന്‍ മലയാളി ശീലിച്ചു തുടങ്ങിയത്. കലയുടെ സവിശേഷ സര്‍ക്കിളുകള്‍ മലയാളീകരിക്കപ്പെട്ടേ മതിയാകുവെന്ന വാശിയൊക്കെ നാം ഉപേക്ഷിക്കേണ്ടിയിരിക്കുന്നു. കല എന്ന ഉപസമൂഹസൃഷ്ടിക്ക് കാരണമാകുന്ന ഒരാള്‍ സാമൂഹ്യഭാവനയുടെ സൃഷ്ടിയായി കലയുടെ വിനിമയമേഖലയെ മലയാളത്തില്‍ സ്വപ്നം കാണുന്നുണ്ടെങ്കില്‍ അതിനെ അംഗീകരിക്കുകയാണ് വേണ്ടത്. ഇത്തരം ഒരു ആമുഖം കുറിക്കുമ്പോള്‍ മുമ്പിലുള്ളത് ചെന്നൈയില്‍ സ്ഥലപ്പെട്ടിട്ടുള്ള , ‘നൂറ് ദിനം നൂറ് ചിത്രങ്ങള്‍ ‘ എന്ന അത്ഭുതം തീര്‍ത്ത ദീപ്തി ജയനാണ്. കേരളം കലയുടെ കാര്യത്തില്‍ ഭൂമിശാസ്ത്രപരിധിക്കകത്ത് ഒതുങ്ങാത്ത ആശയമായി മാറി എന്നതിനെയാണ് നാം ഇവിടെ മുഖവിലയ്ക്കെടുക്കേണ്ടത്. ചിത്രകലയ്ക്കുള്ളത് ഒരു ഏകലോകജീവിതമാണ്. കാരണം ഓരോ നിറവും ഓരോ തരം ഭാഷയാണ് സംസാരിക്കുന്നത്. അപ്പോഴും അത് ഒരു ഏകലോകഭാഷയെ കാട്ടിത്തരും. അധികയോഗ്യതയുള്ള പ്രവാസി ചിത്രകാരിയാണ് ദീപ്തി. ലോകപെണ്ചിത്രകലയില് നിരവധി ഫിഗര്‍ സ്കാനുകള്‍ നാം കണ്ടിട്ടുണ്ട്. എലിസബത്ത് വീഷി ലബ്രാത്തിന്റെ ‘ചിത്രകാരിയും മകളും ‘ , മേരി ബ്രാക്ക്യു മോണ്ടിന്റെ ‘ചായനേരം ‘ , ഈവ ഗോണ്സാലിസിന്റെ ‘പ്രഭാതം’ , മേരി കാസറ്റിന്റെ ‘അമ്മയും കുഞ്ഞും ‘ തുടങ്ങിയ ചിത്രങ്ങള്‍ കണ്ടിട്ടുളളവര് ഈ ചിത്രകാരിയെ ദേശാതിര്‍ത്തികളുടെ പേരില്‍ എങ്ങനെ മാറ്റി നിര്‍ത്തും. എല്ലാ കുടിയേറ്റങ്ങളും ലോകകലയുടെ സംസ്കൃതിയില്‍ വലിയ ചലനങ്ങളുണ്ടാക്കിയിട്ടുണ്ട്. മനുഷ്യരൂപങ്ങളിലുളള ഒരു അതിതാല്പര്യം വളര്‍ത്തിയെടുത്ത ഇലസ്ട്രേറ്ററാണ് ദീപ്തി. ഭൂതവും ഭാവിയും വര്‍ത്തമാനവും ഉള്ള ഒരു ശരീരത്തെ ഭാവന ചെയ്യാന്‍ ദീപ്തിക്കറിയാം. അതിന്റെ ഒടുവിലത്തെ സാക്ഷ്യമാണ് ഗോപകുമാര്‍ ജി കെ യുടെ ‘കൊച്ചുറാണി കൊലക്കേസ് ‘ ( കലാകൗമുദി 2023 മെയ് 28 ജൂണ്‍ 4 ) എന്ന കഥയ്ക്ക് ദീപ്തി നടത്തിയ വരകള്‍. സാമാന്യ യുക്തികളനുസരിച്ച് പരിണമിച്ചുകൊണ്ടിരിക്കുന്ന മൂന്ന് പെയര്‍ ശരീരങ്ങളെ കഥ മെനയാനുള്ള സാധ്യതയായിട്ടാണ് ദീപ്തി കാണുന്നത്. ഒരുതരം സിനിമാറ്റിക് – ഫോട്ടോജനിക് സാധ്യതകള്‍ തുളുമ്പിവരുന്ന യാഥാര്‍ത്ഥ്യബോധമാണ് ദീപ്തിയുടെ ഒട്ടുമിക്ക രചനകളും.
ഈയാഴ്ചയിലെ
അഫോറിസം
ഓര്‍മ്മ സൃഷ്ടിച്ച മരണങ്ങളാണ് ഓരോ മറവികളും.