പെണ്ണും ഭാഷയും തമ്മിലെന്ത് ?

മലയാള പെൺസാഹിത്യത്തിലേക്കു വരുമ്പോൾ കാര്യങ്ങളുടെ ഗതി മാറുന്നു. തീർന്നുപോയ ജീവിതത്തെ തിരിച്ചുപിടിക്കാനോ , ആഖ്യാനവും ജീവിതവും രണ്ടായിത്തീരുന്നിടത്തുനിന്നും തിരികെയെത്തി ഒന്നാക്കാനുള്ള യത്നമോയൊന്നും നാം കാണുന്നില്ല. ഭാഷയെ ആയുധമാക്കാനോ അത് അതിന്റെ കർമ്മം ചെയ്യുന്നുവെന്ന് ചരിത്രത്തിന് പറഞ്ഞുകൊടുക്കാനോ നമ്മുടെ എഴുത്തുകാരികൾക്കാവുന്നില്ല. സ്ത്രീ അവളുടെ വൈകാരിക ഗർഭഗൃഹത്തെയാണ് തുറന്നുവെയ്ക്കുന്നത്. പക്ഷെ ഇന്നാവശ്യം ബൗദ്ധിക ഗർഭത്തിന്റെ വേലികൾ തുറക്കുകയെന്നതാണ്.

മാധവിക്കുട്ടി

സ്‌ത്രീസൃഷ്ടിക്കുന്ന ഭാഷ നേർസന്ദേശവാഹികൾ ആയി ക്കൊള്ളണമെന്നില്ല. പലപ്പോഴും സമൂഹത്തിനു ചമയ്ക്കുന്ന ഭാഷ്യമോ വ്യാഖ്യാനങ്ങളോ വെറും അഭിപ്രായങ്ങളോ ആയി സന്ദേശങ്ങൾ ഒളിച്ചുവെയ്ക്കപ്പെടുകയാണ് പതിവ്. അവ അന്തർലീനമോ ഗുപ്തമോ ആയ ചെറിയ ചെറിയ ഖണ്ഡങ്ങളായിട്ടാണ് ഇരിപ്പുറപ്പിക്കുന്നത്. അപ്പോഴും അവ സമൂഹരൂപകങ്ങളായി സ്വയം അവതരിക്കുകയും ചെയ്യും. മാധവിക്കുട്ടിയുടെ അതുല്യതൂലികയ്ക്കു മാത്രം വരച്ചെടുക്കാൻ പറ്റിയ അപൂർവ്വ കഥാപാത്രങ്ങളെ പിന്നീടാരെങ്കിലും സൃഷ്ടിച്ചിട്ടുണ്ടോയെന്നു ചോദിച്ചാൽ ഒട്ടും മിഴിവില്ലാത്ത ഒരു ദീർഘമൗനം ചുറ്റും പരക്കും. മലയാളഭാഷയെ പേടിപ്പിച്ച് വിരട്ടി അകറ്റുന്നതും വായനക്കാരന്റെ മനോനിലകളിൽ അസൗന്ദര്യത്തെ ചുറ്റിക്കറക്കുന്നതും ഗൗരവം കുറഞ്ഞ ചില പെണ്ണെഴുത്തുകളാണ്. സമയത്തിന്റെ അഥവാ കാലത്തിന്റെ ചിറകടി കേൾക്കാത്തവരാണ് നമ്മുടെ ഭൂരിഭാഗം എഴുത്തുകാരികളും. സാഹിത്യ കമ്പോളത്തിലെ ഒരു കൺസ്യൂമർ ട്രിക്ക് ഉൽപന്നമായി സ്ത്രീ മാറിയതിന്റെ നിരവധി സാക്ഷ്യങ്ങളുണ്ട്. അപ്രാപ്യമായതിനു സ്വാദ് വർദ്ധിക്കുമെന്ന മാനുഷ ഉപബോധം ഉപയോഗിച്ചാണ് പെൺനിർമ്മിത ചരക്കുകൾ വിറ്റഴിക്കപ്പെടുന്നത്. ഈ അനുഷ്ഠാനപരതയെ പെട്ടെന്ന് തിരിച്ചറിയിപ്പിച്ചു തരുന്നത് മലയാളത്തിലെ ചില്ലക്ഷരങ്ങളാണ്. മലയാളത്തിലെ ചില്ലക്ഷരങ്ങൾക്ക് സ്ത്രീസ്വരൂപത്തിന്റെ ആകൃതികളാണുള്ളത്. വീർത്തതും ചുറ്റിക്കെട്ടുള്ളതും അമിതമായി കുലച്ചിറങ്ങി വരുന്നവയും ഒക്കെയാണ് ചില്ലക്ഷരങ്ങൾ. പെൺ’ എന്നതില ‘ൺ’ ഉം ‘പെണ്ണുങ്ങൾ ‘ എന്നതിലെ ‘ൾ ‘ ഉം ആസക്തിയുടെ കല്യാണസൗഗന്ധികങ്ങൾ തേടി വരുന്നതിന്റെയും സാഫല്യനിർവൃതി എളുപ്പം കയ്യാളുന്നതിന്റെയും പ്രതീകാത്മക അർത്ഥങ്ങളായി തുടരുകയാണ്. സ്ത്രീക്ക് ശരീരമെടുപ്പ് വാഗ്ദാനം ചെയ്യുന്ന ചില രഹസ്യങ്ങളെ ഈ ലിപികൾ തന്നെ കൊണ്ടുപിടിച്ച ഉപഭോഗാസക്തിയാൽ എടുത്തുയർത്തുന്നുണ്ട്. ചില്ലറ ആത്മധൈര്യം കൊണ്ടല്ല മാധവിക്കുട്ടി ഇത്തരം ആനന്ദമൂർച്ഛകളെ മറികടന്നത്. പെണ്ണിന്റെ ന്യൂറോണിന്റെ മായാജാലക്കളികളെ പക്ഷെ ഇംഗ്ലീഷ് എഴുത്തുകാരികൾക്ക് വെറും ഇരുപത്തിയാറ് അക്ഷരങ്ങൾ കൊണ്ട് പൂരിപ്പിക്കാനാവും. സ്ത്രീയുടെ ന്യൂറൽ സർക്യൂട്ടുകളെ പൂർണ്ണമായി വിവരിക്കാൻ ഇംഗ്ലീഷിലെ ഇരുപത്തിയാറ് ലിപികൾ ധാരാളം മതിയെന്ന് തെളിയിച്ചുകൊണ്ടിരിക്കുന്ന നിരവധി എഴുത്തുകാരികളുണ്ട്. ഭാഷ എന്ന കർമ്മമണ്ഡലത്തിലെ വ്യവഹാരത്തിന്റെ ശരീരപ്രത്യക്ഷവും ഉപയോഗവിദ്യയും ( വിധിയും ) ഉപകരണവുമാണ് വിപണിയിലെ സ്ത്രീശരീരമെന്ന് ഇന്നും വിശ്വസിക്കുന്ന മലയാളികളായ എഴുത്തുകാരികൾ ഇനി പറയാൻ പോകുന്ന വിദേശ എഴുത്തുകാരികളെ ഒന്നു മനസ്സുവെച്ച് വായിച്ചാൽ നിലനിൽക്കുന്ന തെറ്റിദ്ധാരണകൾ മാറിക്കിട്ടും. സ്ത്രീയുടെ ജീവിതത്തിന് അതിർത്തികളില്ലെന്നും അവൾ എന്തെങ്കിലുമൊക്കെ തുറന്നടിച്ചു പറയുന്നതുകൊണ്ട് സ്ത്രീയല്ലാതായി തീരുന്നില്ലെന്നും സാക്ഷ്യപ്പെടുത്തുന്ന ചില എഴുത്തുകൾ ഇന്നും ലോകകവിതയിൽ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. അവരുടെ എഴുത്തിൽ ലിംഗസൂചനകളെക്കാൾ രാഷ്ട്രീയസൂചനകളാണുള്ളത്. അതുകൊണ്ട് പുരുഷൻ സൃഷ്ടിച്ച ഭാഷയുടെ മുമ്പിൽ പരിപൂർണ്ണമായി കീഴടങ്ങുന്നില്ല. മലയാളലിപികളുടെ മോഹസിദ്ധി വിദ്യ ചില നേരങ്ങളിലെങ്കിലും യാഥാർത്ഥ്യത്തെ മറന്നുകൊണ്ടുള്ള ഭീകരപരിണതിയിലാണ് എത്തിച്ചേരുന്നത്. അത് വിപണിയുടെ കിരാതത്വമാണ്. ഇംഗ്ലീഷ് ലിപികൾ ഓരോന്നും ഓരോ പാർശ്വങ്ങളിലേക്കും നീട്ടിപ്പിടിച്ച കത്തികളാണ്. ഒളിപ്പിച്ചു വെച്ചിരിക്കുന്ന ദംഷ്ട്രകൾ പക്ഷെ ഉപഭോഗിയെ വരുതിയിലാക്കുന്നത് സൗമ്യമായിട്ടാണ്. ഒരു ഫാന്റസി ലോകത്തേക്ക് മാത്രം സ്ഥാനാന്തരണം ചെയ്യപ്പെടാത്ത അത്തരം ചില എഴുത്തുകളെ പരിശോധിച്ചേ മതിയാകൂ.

Two kinds of fair : carnie and perambulator
of the local: shiny peppers on paper plates.

  • Karen Leona Anderson /
    ( Reciept : midway entertainment presents )

Your wisest muscle is the wet engine
of discontent.

  • Julianna Baggott
    ( For furious nursing baby )

We are the excess of the story
that which it cannot contain.

Elaine Equi
( A story begins )
ഇവരാരും പുരുഷൻ സൃഷ്ടിച്ച പ്രതീകങ്ങളുടെ പിന്നാലെ പായുന്നില്ല. പെയ്സിലി റെക്ഡൽ ( Paisley Rekdal), ജെയിൻ ഹിർഷ് ഫീൽഡ് (Jane Hirshfield), എറിക്ക ഡോസൻ ( Erica Dawson ), ജെന്നിഫർ ചാങ് (Jennifer Chang), റെബേക്ക ഹെസൽടൺ (Rebecca Hazelton), എലിസബത്ത് ഹസൻ (Elizabeth Hazen), ഡെയ്സി ഫ്രൈഡ് (Daisy Fried), വെൻഡി ബാർക്കർ (Wendy Barker ) തുടങ്ങി എത്രയോ സമകാലിക എഴുത്തുകാരികളാണ് തിരക്കുക്കൂട്ടി വിൽക്കപ്പെടുന്നവരായി ലോകസാഹിത്യത്തിലുളളത്. ഇവരാരും സാഹിത്യകല എന്ന കൺസ്യൂമർ യന്ത്രത്തെ പ്രവർത്തിപ്പിക്കുന്ന ബാറ്ററികളല്ല. പ്രണയം, യുദ്ധം, വിധി, കുറ്റബോധം ഇവയെല്ലാം ഇണക്കിയ ധാരാളം പ്രതിരോധ രചനകൾ മുകളിൽ വിവരിച്ച എഴുത്തുകാരികൾ സൃഷ്ടിച്ചിട്ടുണ്ട്. എഴുത്തുകാരിക്ക് ഭാവനയേക്കാൾ അധികമായ വിഭ്രാന്തികളുടെ കൺപാർക്കൽ ആവശ്യമാണെന്ന വലിയ ബോധമാണ് ഈ എഴുത്തുകാരികൾ കൈമാറുന്നത്.

മലയാള പെൺസാഹിത്യത്തിലേക്കു വരുമ്പോൾ കാര്യങ്ങളുടെ ഗതി മാറുന്നു. തീർന്നുപോയ ജീവിതത്തെ തിരിച്ചുപിടിക്കാനോ , ആഖ്യാനവും ജീവിതവും രണ്ടായിത്തീരുന്നിടത്തുനിന്നും തിരികെയെത്തി ഒന്നാക്കാനുള്ള യത്നമോയൊന്നും നാം കാണുന്നില്ല. ഭാഷയെ ആയുധമാക്കാനോ അത് അതിന്റെ കർമ്മം ചെയ്യുന്നുവെന്ന് ചരിത്രത്തിന് പറഞ്ഞുകൊടുക്കാനോ നമ്മുടെ എഴുത്തുകാരികൾക്കാവുന്നില്ല. സ്ത്രീ അവളുടെ വൈകാരിക ഗർഭഗൃഹത്തെയാണ് തുറന്നുവെയ്ക്കുന്നത്. പക്ഷെ ഇന്നാവശ്യം ബൗദ്ധിക ഗർഭത്തിന്റെ വേലികൾ തുറക്കുകയെന്നതാണ്. മാധവിക്കുട്ടിക്കുശേഷം ഈ ദൗത്യത്തെ കേടുപറ്റാതെ നിവർത്തിക്കുന്നത് സാറ ജോസഫ് , ചന്ദ്രമതി, ഗ്രേസി തുടങ്ങിയവർ മാത്രമാണ്. പ്രണയം എന്ന ചുഴലിക്കാറ്റിനു മീതെ കിടന്നുറങ്ങാൻ മാത്രമേ നമ്മുടെ ചില എഴുത്തുകാരികൾക്കാവുന്നുള്ളു. കന്നി എഴുത്തുകാരികൾ എന്ന നിലയ്ക്കുള്ള പാരിതോഷികങ്ങൾ വാരിയെടുക്കുന്നവരൊന്നും പ്രക്ഷുബ്ധവും സ്ഫോടനാത്മകവുമായ പശ്ചാത്തലങ്ങളെ സൃഷ്ടിക്കാതെ ഗൗരവം കുറഞ്ഞ രചനകളിൽ ഏർപ്പെടുന്നു. ചുറ്റും നടക്കുന്ന ന്യൂസ് റീലുകൾക്ക് അതിവായനയുടെയോ അതിഭാവനയുടെയോ പരിവേഷം നൽകുകമാത്രമാണ് അവർ ചെയ്യുന്നത്. അസൂയ കലരാത്ത ഭാവനയുടെ പൊട്ടിപ്പോയ പൂപ്പാത്രങ്ങളാണ് പുതിയ എഴുത്തുകാരികളുടെ പുസ്തകങ്ങൾ. പ്രണയവിളംബരത്തെപ്പോലും അതിലൈംഗികത കലർത്തി ആഖ്യാനിക്കുകയും രതിക്രിയാജ്വരബാധിതരെ പോലെ വ്യാപരിക്കുകയുമാണവർ ചെയ്യുന്നത്. പരിപക്വ ലൈംഗികതയെ കുറിച്ച് അറിവൊന്നുമില്ലാത്തവരെപോലെയാണ് അവർ എഴുത്തിൽ ഇടപെടുന്നത്. മലയാളത്തിലെ എഴുത്തുകാരികൾ സ്ത്രീയുടെ മിഴികളെ ജലധാരായന്ത്രങ്ങളായേ ഇന്നും കാണുന്നുള്ളു. അവളുടേതുമാത്രമായ ഒരു ഭാഷയുടെ കുറവാണിത്.

കഥയുടെ
പെൺകടൽ !

അബദ്ധത്തിൽ ഭാവനയാൽ മാറിനൽകപ്പെട്ട എഴുത്തിന്റെ സത്യം വിശദീകരിക്കുന്ന രംഗങ്ങളും ദൃശ്യപാഠാന്തരങ്ങളുമല്ല നമ്മുടെ ചില മുതിർന്ന എഴുത്തുകാരികൾ കൈമാറിക്കൊണ്ടിരിക്കുന്നത്. മറിച്ച് കല്പിതകഥയുടെ രൂപത്തിൽ ആണധികാരത്തിന്റെ കാലത്തിലെ വിഹ്വലതകളെ തന്നെയാണ് സത്യത്തിന്റെ രൂപത്തിൽ നിജപ്പെടുത്തുന്നത്. തടവിലാക്കപ്പെട്ട പെൺമനസ്സിനെ പല രീതിയിൽ ആവിഷ്കരിക്കുന്ന എഴുത്തുകാരിയാണ് സാറ ജോസഫ്. ആൺകോയ്മയുടെ കാലത്തിൽ കുറ്റബോധം ഏൽപ്പിച്ചുകൊടുത്ത ബാധ്യതകൾക്കു പുറത്തുകടക്കാൻ സാറ ജോസഫ് തീർക്കുന്നഅക്ഷരമാന്ത്രിക വിദ്യകൾക്ക് ഇന്ന് പ്രസക്തിയേറി വരുന്നു. സാറ ജോസഫിന്റെ “ആതി” എന്ന നോവൽ ജലസ്രോതസ്സിനെ സംരക്ഷിക്കാൻ കുഞ്ഞിമാതുവിനുളള കഴിവിനെ കുറിച്ച് ചില വിശദീകരണങ്ങൾ നൽകുന്നുണ്ട്. ഇതിലെ കുമാരൻ ആണധികാരത്തിന്റെ പ്രതീകമാണ്. ആതിയുടെ വെളളത്തിന്റെയും വിത്തിന്റെയും കാവൽക്കാരിയായിരുന്ന കുഞ്ഞിമാതു പക്ഷെ പുരുഷമേൽക്കോയ്‌മയുടെ ഇരയാവുകയാണ്. സാറ ജോസഫിന്റെ “ആളോഹരി ആനന്ദം ” എന്ന നോവലിലേക്കു വരുമ്പോഴും ചരിത്രത്തിന്റെ നെറുകയിലെവിടെയോ വെച്ച് മെട്രിയാർക്കി എന്ന മാതൃകേന്ദ്രീകൃത സംഹിതയ്ക്കേറ്റ ഉടച്ചിലിനെക്കുറിച്ചുളള സന്ദേഹമാണ് പങ്കുവയ്ക്കുന്നത്. കുടുംബവും മതവും ആൺനിർമ്മിതിയാണെന്ന ബോധ്യത്തെയാണ് ആളോഹരി ആനന്ദം തുറന്നുകാട്ടുന്നത്. ഇത്തരം രാഷ്ട്രീയാവബോധങ്ങളെ നമ്മുടെ എത്ര എഴുത്തുകാരികൾ അഡ്രസ് ചെയ്യുന്നുവെന്നത് ഒരു മുഴുത്ത ചോദ്യമാണ്. തൃശൂർ ജില്ലയിലെ പെരിങ്ങോട്ടുകര എന്ന ഗ്രാമത്തെ മുൻനിർത്തി എഴുതപ്പെട്ട സി. എസ്. ചന്ദ്രികയുടെ ” പിറ” എന്ന നോവൽ പെൺമനസ്സിന്റെ ഉൾത്തടങ്ങളെയാണ് വരച്ചുകാട്ടുന്നത്. ഇതിലെ ലക്ഷ്മി എന്ന കഥാപാത്രത്തിന്റെ അതിജീവനത്തിന്റെ കഥ പറയുമ്പോൾ തന്നെ ചിത്രയുടെ പോരാട്ടത്തിന്റെ കഥ കൂടി ചന്ദ്രിക അനാവരണപ്പെടുത്തുന്നുണ്ട്. പൊതുസമൂഹം സ്ത്രീയ്ക്കു കൽപ്പിച്ചു നൽകിയ വിവാഹം, ദാമ്പത്യം, മാതൃത്വം തുടങ്ങിയ പദവികളെ പവിത്രതയോടെ നിറവേറ്റുന്ന ലക്ഷ്മിയെയാണ് ചന്ദ്രിക അവതരിപ്പിക്കുന്നത്. മാധവിക്കുട്ടിയുടെ “വണ്ടിക്കാളകൾ ” സർഗാത്മകമായ പ്രണയത്തിന്റെ നാനാർത്ഥത്തെയാണല്ലോ തൊട്ടുകാണിക്കുന്നത്. ബോംബെയിലെ ഒരു ആശുപത്രിയുടെ പശ്ചാത്തലത്തിൽ എഴുതപ്പെട്ട ഈ കൃതിയും പുരുഷാധിപത്യത്തെ തന്നെയാണ് ചോദ്യം ചെയ്യുന്നത്. ഇവരൊക്കെയാണ് കഥയുടെ പെൺകടലായി ഇപ്പോഴും ഇളകുന്നത്.

കവിതയുടെ
പെൺകടൽ !

പെൺസാഹിത്യത്തെ കുറിച്ച് ഹെലൻ സിക്സസ് നടത്തിയ ഒരു പ്രസ്താവന ശ്രദ്ധേയമാണ് -“നിർവീര്യതയുടെ പക്ഷത്ത് നിൽക്കുന്നവരാണ് പെൺകൊത്തികൾ. ” ഇത് ഒരു പരിധിവരെ ശരിയാണെന്ന് അനിത തമ്പിയെ പോലുള്ള കവികൾ സ്ഥാപിക്കുമ്പോൾ കവിയരങ്ങുകളിലും സാഹിത്യോത്സവങ്ങളിലും അവാർഡു ഡയസുകളിലുമൊന്നും പ്രത്യക്ഷപ്പെടാത്ത കണിമോൾ ഈ പ്രസ്താവനയെ മുറിച്ചു കടക്കുകയാണ്.

ഓരോ വീട്ടിലുമുണ്ട്
ഒരു കരിസ്മാറ്റിക്
കൺവെൻഷൻ സെന്റർ.

ഓരോ വീടും ഒരു അമീബയാണ്.
എന്നാൽ
അമീബ ഒരു
ഏകകോശ ജീവിയല്ല.

  • ഡിവൈൻ കോമഡി/ കണിമോൾ
    (ഫുട്‌പാത്തിൽ ഒരുറുമ്പ് )

അടുക്കളയിൽ
ഉള്ളിയരിഞ്ഞ്
ഉളളിയരിഞ്ഞ്
ഉള്ളു തുറക്കാം.

  • തുറവി / കണിമോൾ
    ( ഉന്മാദികൾക്ക് ഒരു പൂവ്)

ആന്തരിക യുദ്ധദൈന്യത ഒരു സ്ത്രീയുടെ ഹൃദയത്തിലും അതിനു പുറത്തും എൽപ്പിക്കുന്ന മുറിവുകളെ തന്നെയാണ് കണിമോൾ ഈവിധം ചിത്രീകരിക്കുന്നത്. സത്യം പലപ്പോഴും ഭാവനയുടെ രൂപത്തിലും ശ്വാസമെടുക്കുമെന്ന് ഇതുപോലെയൊക്കെ പ്രഖ്യാപിക്കുന്നത് ചില അപ്രശസ്തരാണ്. പ്രണയത്തിന്റെ എപിക് ബൈബിളായി കാവ്യം രചിച്ചവരൊക്കെയും ശരീരത്തിന്റെ ആന്തരികദേശങ്ങളെ തുറന്നുകാട്ടുകയാണ് പലപ്പോഴും ചെയ്തിട്ടുള്ളത്. രജനി മേനോൻ എന്ന കവി സിനിമാദൃശ്യം പോലെയൊന്നാക്കി ആ ഉന്മാദത്തെ വരയുന്നതു നോക്കുക:

പ്രണയമെന്ന വൻതിരമാല ആഞ്ഞടിച്ചു തകർത്തൊരു
കപ്പൽപ്പോലെയാണ് ചില ഹൃദയങ്ങൾ
പിന്നെ ദിശപോലുമറിയാതൊരു പോക്കാണ്
എങ്ങോട്ടെന്നില്ലാതെ.

  • ഹൃദയങ്ങൾ/ രജനി മേനോൻ
    ( നിനക്കായ് ഞാൻ എഴുതുന്നു )

ഇത് ശ്രദ്ധേയമായ മറ്റൊരു പെൺകവി എഴുതിയിരുന്നെങ്കിൽ പ്രത്യക്ഷലൈംഗികതാദൃശ്യങ്ങളാൽ മുഴപ്പിച്ചു നിർത്തിയേനെ. ഏറ്റവും വലിയ പാഴ് ചെയ്തിയായി സ്ത്രീയാഖ്യാനത്തെ മുദ്രകുത്തുന്നത് വഴിവിട്ട ലൈംഗികചുവകളാണ്.

ഈയാഴ്ചയിലെ
പുസ്തകം
മയിലരസു / ലിജിന കടുമേനി
( ഇൻസൈറ്റ് പബ്ലിക്ക )

മലയാള കാവ്യസംസ്കാരത്തിലെ ആവർത്തനവിരസവും നീചവുമായ ഒന്നിനെ പ്രതിരോധിച്ച് മറ്റൊന്നു പരിചയപ്പെടുത്തുന്ന പെൺകവികൾ ഇന്നുള്ളത് ഗോത്രസമൂഹങ്ങളിലാണ്. നാശോന്മുഖമാകുന്ന ഒരു ഗോത്രലോകത്തിന്റെ പൊരുളുകളെ കുറിച്ചുള്ള തീവ്രമായ അറിവുകളാണ് ധന്യ വേങ്ങച്ചേരിയെ പോലുള്ളവർ പകർന്നു നൽകിയിട്ടുള്ളത്. സസ്യങ്ങൾക്ക് സമാനമായ ഹൃദയാഭിമുഖ്യത്തിലേക്ക് കാതുകൂർപ്പിക്കുന്ന ഒരു ഗോത്രകവിയാണ് ലിജിന കടുമേനി. കാടിന്റെ ആത്മാവിന്റെ കേൾവി പ്രയോഗങ്ങൾ ഇനി നാം കണ്ടെടുക്കുക ഇവിടുത്തെ സാമ്പ്രദായിക ദളിതെഴുത്തുകളിൽ നിന്നാവില്ല. തന്റേതായ യാതൊന്നും കാടിന്റെമേൽ കയറ്റിവയ്ക്കാൻ ലിജിന ഇഷ്ടപ്പെടുന്നില്ല. പ്രകൃതിയെ ചൂഷണം ചെയ്യാനുള്ള സ്ഥാപനമായി കാണുന്ന കാലത്തിൽ അതിനുളളിൽ അതിന്റെ സത്തയെ കറന്നെടുക്കാൻ ശ്രമിക്കുന്നവർക്ക് ചെറുതല്ലാത്ത ദർശനങ്ങൾ അവർ ജീവിക്കുന്ന പരിസരങ്ങൾ വെച്ചുനീട്ടും. കാടിന്റെയും കാടിന്റെ മക്കളുടെയും സംഗീതാത്മകമായ ദുഃഖത്തെയാണ് ലിജിന തന്റെ കവിതകളിൽ ആവിഷ്കരിക്കുന്നത്. ” മയിലരസു ” എന്ന കാവ്യപുസ്തകത്തിലെ ആദ്യകവിത തന്നെ ജാതിവെറിയെ കുറിച്ചുളളതാണ്.

പാഠഭേദത്തിലോ ഗുരുവും ചൊല്ലുന്നു
ഒരു ജാതി ഒരു മതമാണ് മർത്യന്
ഒരു ജാതി ഒരു മതമാണ് മർത്യന്

ഇത് കേട്ടെനുള്ളം ചിരിക്കവേ
ടീച്ചറോ പറയുന്നു
എസ് ടി കുട്ട്യോള് നാളെ
ജാതി സർട്ടിഫിക്കറ്റ് കൊണ്ട് വരണം.

  • ജാതി / ലിജിന കടുമേനി
    ( മയിലരസു)
ലിജിന കടുമേനി

ലിജിനയുടെ കവിതകളിലുള്ളത് ആർത്തമായ കരച്ചിലുകളാണ്. സ്വാർത്ഥലാഭത്തിനു വേണ്ടിയുള്ള ഉപഭോഗത്തിലൂടെ നാം ജീവിക്കുന്ന ചുറ്റുപാടിന്റെ ശുദ്ധി നഷ്ടമാകുന്നതിനെയാണ് മയിലരസുവിലെ ഓരോ കവിതകളും ചൂണ്ടിക്കാട്ടുന്നത്. ലിജിന’ ജാതി’ എന്ന കവിതയിൽ ഗുരുവിന്റെ വചനങ്ങളെ സൈറ്റ് ചെയ്യുന്നതു പോലും ഇവിടുത്തെ ഗോത്രസമൂഹം ഇന്നും നേരിടുന്ന ജാതീയതയുടെ ബലിഷ്ഠവും അധികാരജന്യവുമായ യാഥാർത്ഥ്യത്തെ ചൂണ്ടിക്കാട്ടാനാണ്. ഈ കവിതകളിലെല്ലാം ലിജിന അവളുടേതു മാത്രമായി സൃഷ്ടിച്ചെടുത്ത ഒരു ഭാഷ ചുരുൾ നിവരുന്നതു കാണാം.

ഈയാഴ്ചയിലെ
ഇലസ്ട്രേഷൻ !

സ്ത്രീക്കു വേണ്ടി വീട്ടകത്തും വീട്ടിനു പുറത്തും സാധ്യതകൾ സൃഷ്ടിക്കാൻ വെമ്പൽ കൊളളുന്നവരെപോലെയോ ചുമതലപ്പെട്ടവരെ പോലെയോ ഒക്കെയാണ് ഇവിടുത്തെ മെൻ ആർട്ടിസ്റ്റുകൾ പെരുമാറുന്നത്. ഒരു സ്ത്രീയെന്ന നിലയിൽ കലാകാരിയിൽ നിക്ഷേപിക്കപ്പെടേണ്ടത് സ്ത്രീത്വത്തിന്റെ ഭാരങ്ങൾ മാത്രമാണോ . ഒരു ചിത്രകാരിയെ അവളുടെ ഏകാന്തതയിൽ വെച്ചു മാത്രം നിരീക്ഷിക്കേണ്ടതുണ്ട്. ഇവിടുത്തെ ആൺ ആർട്ടിസ്റ്റുകളുടെ ഔദാര്യങ്ങളിൽ വിളയുന്ന ഏകാന്തതയുടെ ഒരു പെൺപൂവല്ല മറിയം ജാസ്മിൻ എന്ന ചിത്രകാരി. അതുകൊണ്ടവർക്ക് സ്ത്രീയെ പ്രകൃതിയായും പ്രകൃതിയെ സ്ത്രീയായും ആഖ്യാനപ്പെടുത്താനാവുന്നു. ജാസ്മിന്റെ ആന്തരികമായ അനക്കത്തെ പരിശോധിച്ചാൽ നാമെത്തുക പ്രകൃതിയുടെ അനക്കങ്ങളിലേക്കാണ്.
നിലവിലുളള പെൺചിത്രകലയിലെ സ്ത്രീനക്ഷത്രങ്ങളിൽ നിന്നും അടർത്തിമാറ്റി ജാസ്മിനെ വായിക്കാൻ നാം ബാധ്യസ്ഥരാണ്. മറിയം ജാസ്മിന്റെ ഒരു സ്ത്രീ എന്ന ചിത്രം പ്രകൃതിയിൽ ലയിച്ചു നിൽക്കുന്നതാണ് നാം കാണുന്നത്. ഒരറ്റത്ത് ഭൂമിയിൽ നിന്നും ഉയർന്നുനിൽക്കുന്ന ഒരു വൃക്ഷത്തിന്റെ നെടുങ്കണ്ടം കാണാം. അതിന്റെ ബാക്ക് സ്കോറിൽ വൃക്ഷതൈകളും ആകാശത്തേക്കു നീളുന്ന ഇലയും ഉണ്ട് . സ്ത്രീയുടെ മുടിയിഴകളിലൂടെ ഒഴുകിനീങ്ങുന്ന രണ്ടു കടലാസുവഞ്ചികളെയും നെഞ്ചിൽ ജീവൻ തുടിച്ചു നിൽക്കുന്ന രണ്ടു വിസ്തൃത ഇലകളെയും കാണാം. സ്ത്രീക്ക് അനുവദിക്കപ്പെട്ടിട്ടുള്ള ദുഃഖത്തിന്റെ തോതും സന്തോഷത്തിന്റെ ഗ്രാഫും പ്രകൃതിയോളം വിസ്തൃതമാക്കപ്പെട്ടതാണെന്നും , രണ്ട് ഇലപടർപ്പുകൾ കൊണ്ട് ശരീരത്തെ മൂടിപ്പുതയ്ക്കുന്ന പ്രതീകം വഴി ജീവന്റെ തുടിപ്പിനാധാരമായ പാലൂട്ടുന്ന സ്തനങ്ങളുടെ ഗ്രീൻ പൊളിറ്റിക്സിനെയാണ് മറിയം ജാസ്മിൻ സങ്കോചങ്ങളേതുമില്ലാതെ നിർഭയം ആവിഷ്കരിക്കുന്നത്. ഒരേസമയം കർത്താവും കർതൃവിധേയമായ വസ്തുവും ആകുക എന്ന വിചിത്രമായ അനുഭവമാണ് മറിയം ജാസ്മിന്റെ ഒട്ടുമിക്ക വരകളുടെയും സവിശേഷത.

മറിയം ജാസ്മിൻ

ഈയാഴ്ചയിലെ
അഫോറിസം !

ശിരസ്സിലെ
ആഡംബര ഇലകളാണ്
മുടികൾ.
(ആ ഞെട്ടുകൾക്കു ചുറ്റും
സൗന്ദര്യത്തിന്റെ പൂന്തോപ്പാണ് )

Author

Scroll to top
Close
Browse Categories