ട്രാന്‍സ്‌ജെന്‍ഡര്‍ ലിറ്ററേച്ചറും മലയാളിയുടെ ഒളിച്ചുവെച്ച വായനകളും

ശരീരശാസ്ത്രപരമായി വൈരുധ്യങ്ങളില്ലാതെ രക്ഷപ്പെട്ടവരായതുകൊണ്ടു
മാത്രം അങ്ങനെയല്ലാതായിപ്പോയ തങ്ങളെ പരിഹസിക്കുന്ന ഭൂരിപക്ഷത്തോടു ഹിജഡകൾ പ്രതികാരം കാട്ടുന്നത് അവസരം വന്നു ചേരുമ്പോഴൊക്കെ അവരുടെ സ്ത്രീകളെ കണക്കിൽ കവിഞ്ഞ് അസഭ്യം പറഞ്ഞുകൊണ്ടും തങ്ങളുടെ തന്നെ ലൈംഗിക/ഗുഹ്യഭാഗങ്ങളുടെ പ്രകൃതിവിരുദ്ധതയെ ഉടുതുണി പൊക്കിക്കാണിച്ചുകൊണ്ടുമാണ്. സ്ത്രീത്വം അവർക്ക് ഒരുപക്ഷേ കൂടുതൽ ആവിഷ്കാരസ്വാതന്ത്ര്യം നൽകുന്നുവെന്നതിന്റെ സൂചനകളെയാണ് മാധവിക്കുട്ടിയുടെ ‘ നപുംസകങ്ങൾ ‘ എന്ന കഥ ചൂണ്ടിക്കാണിക്കുന്നത്.

It is revolutionary
for any trans person to
choose to be seen and
visible in a world that tells
us we should not exist.

  - Laverna Cox

ആകൃതിയിലും പ്രകൃതിയിലും ഒരുപോലെ സാധാരണത്വം കലര്‍ന്ന മനുഷ്യര്‍ ട്രാന്‍സ് ജീവിതമെന്ന കേവലമായ യുക്തിബോധത്തെ പരിഹസിച്ചുകൊണ്ട് ഇവിടെ വിഹരിക്കുന്നു. യഥാതഥതലത്തില്‍ നടക്കുന്ന സംഭവങ്ങള്‍ക്ക് പണ്ടത്തെ ഐതിഹ്യങ്ങളും മിത്തുകളും വര്‍ണ്ണശബളമായൊരു മേല്പാളിയൊരുക്കുന്നു. ഇത്തരത്തില്‍ ഇഴപാകിനില്ക്കുന്ന ആണധികാരത്തെ തോല്‍പ്പിക്കുകയും ആണ്‍- പെണ്‍ ധാരാളിത്തം നിറഞ്ഞ സാഹിത്യഭാവനയ്ക്കുമേല്‍ കുതിച്ചുയരാനുള്ള ചവിട്ടുപടിയൊരുക്കുകയും ചെയ്യുന്ന കലാപ്രവര്‍ത്തകര്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനിടയില്‍ നിന്നും ഉദയം ചെയ്യുന്നുണ്ട്. സല്‍മാന്‍ റുഷ്ദിയുടെ മൂറിന്റെ അന്ത്യനിശ്വാസം എന്ന നോവലിലെ ഒരു കഥാപാത്രം ഇങ്ങനെ പറയുന്നുണ്ട് – ‘ നമ്മള്‍ മാന്ത്രിക സ്വഭാവമുള്ള ഒരു വംശമാണ്. ‘ ട്രാന്‍സ് എന്ന വംശചേതനയുടെ ആത്മാവില്‍ കുടികൊള്ളുന്ന ഈ സവിശേഷത കണ്ടെത്താനും സാക്ഷാത്ക്കരിക്കാനുള്ള ഒരു ശ്രമം ഇന്ത്യയൊട്ടുക്ക് നടക്കുന്നുണ്ട്. പക്ഷെ ആ സര്‍ഗാത്മക ഇടപെടലുകളെയെല്ലാം ഒളിച്ചുവെച്ച് വായിക്കുന്ന ഒരു ചെറിയ മലയാളിയും ഇന്ത്യയിലാകമാനമുണ്ട്. കേരളത്തിലെ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് ആറാമിന്ദ്രിയത്തിന്റെ പ്രവര്‍ത്തനത്തിലൂടെ കൈവരിച്ച ചില ലാവണ്യസമ്പാദ്യങ്ങളെ ഒന്നു അഴിച്ചുവിടര്‍ത്തി നോക്കിയാല്‍ ചില ദുരൂഹതകള്‍ മാറിക്കിട്ടും.

സാറാ ജോസഫ്
മാധവിക്കുട്ടി
ഒരു ലെസ്ബിയന്‍ വിവാഹത്തില്‍ രണ്ടുപേരും ഭരിക്കപ്പെടുന്നവള്‍ എന്ന അര്‍ത്ഥമില്ലാത്ത മറ്റൊരു തട്ടകത്തിലേക്ക് ഭാര്യ എന്ന പദത്തെ മാറ്റിപ്പാര്‍പ്പിക്കുന്നു. അതുപോലെ തന്നെ ഒരു ഗേ ബന്ധത്തില്‍ രണ്ടുപേരും ഭരിക്കുന്നവന്‍ എന്ന അര്‍ത്ഥമില്ലാത്ത ഭര്‍ത്താവ് എന്ന തസ്തികപ്പെടലിന് തീറെഴുതിക്കൊടുക്കപ്പെടുന്നു. ട്രാന്‍സ്‌ജെന്‍ഡറിന് ഇനിയും മലയാളത്തില്‍ ഒരു പദമുണ്ടായിട്ടില്ല. അതുകൊണ്ടാണ് തമിഴില്‍ നിന്നെടുത്ത രണ്ടു പദങ്ങളെ സാറാ ജോസഫ് മുന്നോട്ടുവയ്ക്കുന്നത്

മലയാളത്തിലിതുവരെയുണ്ടായിട്ടുള്ളത് മൂന്ന് ട്രാന്‍സ് ആത്മകഥകളാണ്. അവ മൂന്നും ആണ് പെണ്ണായതിന്റെ ജീവശാസ്ത്രരേഖകളാണ്. ബാഹ്യമായ നിരീക്ഷണങ്ങള്‍കൊണ്ട് തൃപ്തിയടയുന്നതിനു പകരം തങ്ങള്‍ ഇടപഴകുന്ന ജനതയുടെ ചരിത്രത്തിന്റെയും സംസ്‌കാരത്തിന്റെയും കള്ളറകളിലേക്ക് പ്രവേശനം നേടിയെടുത്തതിന്റെ സൂക്ഷ്മസാക്ഷ്യങ്ങളാണവ. വിജയരാജമല്ലികയുടെ ‘ മല്ലികാവസന്തം’ എന്ന ആത്മകഥയില്‍ അമ്മ എന്ന പദത്തിന്റെ കുറുകിപ്പോയ അര്‍ത്ഥങ്ങളെ പരിഹരിക്കേണ്ടതിന്റെ ആവശ്യകതയെ ചൂണ്ടിക്കാട്ടുന്നുണ്ട് – ‘സ്വന്തം മകന്റെ ഗര്‍ഭപാത്രം ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു കളയുകയും അവനെ ആണായി മാത്രം വളരാന്‍ നിര്‍ബന്ധിക്കുകയും പിന്നീട് കാലം അവനിലെ പെണ്ണിനെ പുറത്തേക്ക് കൊണ്ടുവരികയും ചെയ്യുമ്പോള്‍ നെഞ്ചുരുകി മാപ്പിനായി കേഴുന്ന അമ്മ ഒരുപക്ഷേ മലയാളികള്‍ക്ക് അപരിചിതമായിരിക്കും. എന്നാല്‍ അങ്ങനെ ചിലതല്ല, പലതുമുണ്ട്. അമ്മ എന്ന വാക്കിന് നമ്മുടെ സാഹിത്യശില്പികള്‍ നല്‍കുന്ന മാനം വളരെ ചുരുങ്ങിപ്പോയി എന്നത് വാസ്തവം. ‘ (മല്ലികാവസന്തം, പുറം. 167). ഈ ആത്മകഥാകാരിയുടെ അസ്തിത്വത്തിന്റെ ചരിത്രത്തിലേക്ക് കണ്ണയച്ചുകൊണ്ട് നാം എത്തിച്ചേരുന്ന നിഗമനം പുതുമയുളള ഒന്നാണ്. അമയ പ്രസാദ് എന്ന ട്രാന്‍സ്‌ജെന്‍ഡറുടെ ‘ പെണ്ണായ ഞാന്‍ ” എന്ന ആത്മകഥയിലെ ജീവിതത്തെ അക്കക്കണക്കില്‍ രണ്ടു ഭാഗങ്ങളായി തിരിക്കാമെങ്കില്‍ അവയുടെ ഘനം ഒരിക്കലും തുല്യമായിരിക്കുകയില്ല. ഈ രണ്ടു ഖണ്ഡങ്ങളില്‍ ഏതിലാണ് അയാളുടെ കുട്ടിക്കാലത്തിന്റേയും കൗമാരത്തിന്റെയും വര്‍ഷങ്ങള്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നത്, ഏതില്‍ അയാളുടെ മുതിര്‍ച്ചയുടെ കാലഘട്ടം അടങ്ങിയിരിക്കുന്നു എന്നതിനെ ആശ്രയിച്ചുള്ള ഒന്നായിരിക്കും ഈ ഭാരവ്യത്യാസം. അമയയുടെ പെണ്ണായ ഞാന്‍ എന്ന ആത്മകഥയില്‍ കാമശബ്ദതാരാവലി എന്നൊരു സെഗ് മെന്റുണ്ട്. അതിവിടുത്തെ മാര്‍ദ്ദവം മുറ്റിയ സദാചാര പോലീസിങ്ങിനെതിരെയുളള കലഹമാണ്. അനില്‍കുമാറും ജി. രശ്മിയും ചേര്‍ന്നെഴുതിയ ‘ അവളിലേക്കുള്ള ദൂരം’ എന്ന ആത്മകഥാപുസ്തകവും ആണും പെണ്ണും കെട്ടവനോ(ളോ) ? എന്നുള്ള ആക്ഷേപങ്ങള്‍ക്കൊരു തിരുത്ത് എന്ന നിലയിലാണ് നമ്മിലേക്കെത്തുന്നത്. ഈ മൂന്ന് ആത്മകഥകളും സ്ത്രീ/പുരുഷ നിര്‍മ്മിതമായൊരു ലോകത്തിന്റെ പെരുമാറ്റക്രമങ്ങള്‍ക്കും അധികാരഘടനകള്‍ക്കും എതിരെ നിന്നുകൊണ്ട് ഈ എഴുത്തുകാര്‍ സ്വയം നിര്‍വ്വചിക്കാന്‍ നടത്തുന്ന ശ്രമത്തിന്റെ സാഫല്യമാണ്. മലയാളി ഒളിച്ചുവെച്ച് വായിക്കുന്ന ഈ ആത്മകഥകളെ പക്ഷെ തുറസ്സായ ഒരിടത്തിരുന്ന് വായിക്കാത്തിടത്തോളം കാലം പുതിയ മലയാളിയിലെ ആ ഗൂഢവ്യക്തി മാറിപ്പോകുകയില്ല. സ്വന്തം ശരീരവും സര്‍ഗ്ഗക്രിയയും തമ്മിലുള്ള ബന്ധത്തിന്റെ നിഗൂഢതകള്‍ കണ്ടെത്തുന്നതിലൂടെ പുരുഷ / സ്ത്രീയധികാരത്തിനു വെളിയില്‍ നില്‍ക്കുന്ന തന്റെ കലാവ്യക്തിത്വം ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ തിരിച്ചറിയുകയും പ്രഖ്യാപിക്കുകയും ചെയ്യുകയാണിവിടെ.

സല്‍മാന്‍ റുഷ്ദി

നപുംസകങ്ങള്‍ :
ഒരു പുനര്‍വായന.

ശാരീരികമായിപ്പോലും ആണെന്നോ പെണ്ണെന്നോ തിരിച്ചറിയാനാവാതെ സംഘര്‍ഷങ്ങളനുഭവിക്കുന്ന ഹിജഡകളുടെ ലോകത്തിലേക്കാണ് മാധവിക്കുട്ടിയുടെ ‘നപുംസകങ്ങള്‍ ‘ എന്ന കഥ നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത്. ഒരു മനുഷ്യസ്വത്വത്തിന്റെ ജീവിതത്തില്‍ പിതൃബിംബത്തിന്റെ അഭാവം ആണ് എല്‍. ജി. ബി. ടി. ക്യൂ. പുരുഷന്‍ / സ്ത്രീ എന്ന പ്രബലമായ ബൈനറി സമൂഹത്തില്‍ എക്കാലത്തും ഉണ്ടാവും. ഈ ദ്വന്ദ്വത്തില്‍ സാധാരണ പുരുഷനെയും സാധാരണ സ്ത്രീയെയും കൂടാതെ പലതരം ആണത്തങ്ങളും പലതരം പെണ്ണത്തങ്ങളും ഉണ്ടെന്നതാണ് ഇപ്പോള്‍ ദൃശ്യതയിലേക്ക് വരുന്ന എല്‍. ജി. ബി. റ്റി. ക്യൂ ന്യൂനപക്ഷത്തില്‍ നിന്ന് മനസ്സിലാക്കേണ്ടത്. മാധവിക്കുട്ടി ‘ ചന്ദനമരങ്ങള്‍ ‘ എന്ന കഥയിലും സ്വവര്‍ഗ്ഗാനുരാഗികളുടെ വൈകാരിക പ്രപഞ്ചത്തെയും അവരുടെ അവകാശപോരാട്ടങ്ങളെപ്പറ്റിയും ഒക്കെ എഴുതിയിട്ടുണ്ട്. ജനിതകമായും ആന്തരികാവയവപരമായും ബാഹ്യപ്രകൃതിപരമായും മാത്രമാണ് നാം ട്രാന്‍സ് വ്യവസ്ഥയെ കണക്കാക്കുന്നത്. മാനസികമായി കൂടി നിര്‍ണ്ണയിക്കപ്പെടുന്നതാണ് ലിംഗപരത എന്നു സ്ഥാപിക്കാനാണ് മാധവിക്കുട്ടി ‘ നപുംസകങ്ങള്‍ ‘ എന്ന കഥയെഴുതിയത്. ഈ കഥ നപുംസകങ്ങളുടെ പ്രതികാരരീതികളെ കുറിച്ചും സംക്ഷിപ്തമായി പറഞ്ഞുവയ്ക്കുന്നുണ്ട്. ശരീരശാസ്ത്രപരമായി വൈരുധ്യങ്ങളില്ലാതെ രക്ഷപ്പെട്ടവരായതുകൊണ്ടു മാത്രം അങ്ങനെയല്ലാതായിപ്പോയ തങ്ങളെ പരിഹസിക്കുന്ന ഭൂരിപക്ഷത്തോടു ഹിജഡകള്‍ പ്രതികാരം കാട്ടുന്നത് അവസരം വന്നു ചേരുമ്പോഴൊക്കെ അവരുടെ സ്ത്രീകളെ കണക്കില്‍ കവിഞ്ഞ് അസഭ്യം പറഞ്ഞുകൊണ്ടും തങ്ങളുടെ തന്നെ ലൈംഗിക/ഗുഹ്യഭാഗങ്ങളുടെ പ്രകൃതിവിരുദ്ധതയെ ഉടുതുണി പൊക്കിക്കാണിച്ചുകൊണ്ടുമാണ്. സ്ത്രീത്വം അവര്‍ക്ക് ഒരുപക്ഷേ കൂടുതല്‍ ആവിഷ്‌കാരസ്വാതന്ത്ര്യം നല്‍കുന്നുവെന്നതിന്റെ സൂചനകളെയാണ് മാധവിക്കുട്ടിയുടെ ‘ നപുംസകങ്ങള്‍ ‘ എന്ന കഥ ചൂണ്ടിക്കാണിക്കുന്നത്.

വിജയരാജമല്ലിക
അമയ പ്രസാദ്
സൂര്യ ഇഷാന്‍

ഭിന്നലിംഗ സൂത്തവും
തിരുനങ്ക / തിരുനമ്പി പ്രയോഗങ്ങളും

എം. ആര്‍. വിഷ്ണുപ്രസാദ് കവിതയുടെ പരീക്ഷണ ലാബില്‍ ജീവിക്കുന്ന കവിയാണ്. ഭാഷ ഈ കവിക്ക് ഒരു മാജിക് പ്രോപ്പര്‍ട്ടിയാണ്. സാഹിത്യായനത്തില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ ലിറ്ററേച്ചര്‍ പഠനവിധേയമാക്കുമ്പോള്‍ ആ ശാഖയെ വിശദീകരിക്കാന്‍ ഏറ്റവും യോഗ്യമായ കവിത വിഷ്ണുപ്രസാദിന്റെ ‘ഭിന്നലിംഗ സൂത്ത ‘മാണ്. ദാമ്പത്യം എന്ന വ്യവസ്ഥാപിത സ്ഥാപനത്തിലെ ഭര്‍ത്താവ് , ഭാര്യ എന്നീ വാക്കുകള്‍ സ്വവര്‍ഗപ്രണയികള്‍ വിനിയോഗിക്കുമ്പോള്‍ ഒളിച്ചുവായനക്കാരനായ മലയാളി അസ്വസ്ഥനാകുന്നുണ്ട്. ഒരു ലെസ്ബിയന്‍ വിവാഹത്തില്‍ രണ്ടുപേരും ഭരിക്കപ്പെടുന്നവള്‍ എന്ന അര്‍ത്ഥമില്ലാത്ത മറ്റൊരു തട്ടകത്തിലേക്ക് ഭാര്യ എന്ന പദത്തെ മാറ്റിപ്പാര്‍പ്പിക്കുന്നു. അതുപോലെ തന്നെ ഒരു ഗേ ബന്ധത്തില്‍ രണ്ടുപേരും ഭരിക്കുന്നവന്‍ എന്ന അര്‍ത്ഥമില്ലാത്ത ഭര്‍ത്താവ് എന്ന തസ്തികപ്പെടലിന് തീറെഴുതിക്കൊടുക്കപ്പെടുന്നു. ട്രാന്‍സ്‌ജെന്‍ഡറിന് ഇനിയും മലയാളത്തില്‍ ഒരു പദമുണ്ടായിട്ടില്ല. അതുകൊണ്ടാണ് തമിഴില്‍ നിന്നെടുത്ത രണ്ടു പദങ്ങളെ സാറാ ജോസഫ് മുന്നോട്ടുവയ്ക്കുന്നത്. പുരുഷന്റെ ശരീരമാണെങ്കിലും സ്ത്രീയുടെ മനസ്സുള്ള ട്രാന്‍സ്‌ജെന്‍ഡറിനെ തിരുനങ്ക എന്നു വിളിക്കുന്നു. സ്ത്രീയുടെ ശരീരമാണെങ്കിലും പുരുഷന്റെ മാനസികഭാവങ്ങളുള്ള ട്രാന്‍സ്‌ജെന്‍ഡറിനെ തിരുനമ്പി എന്നു വിളിക്കുന്നു. പക്ഷെ ഇത്തരം വിളിപ്പേരുകള്‍ക്കുമപ്പുറമാണ് ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ സ്വത്വമെന്ന് വിഷ്ണുപ്രസാദിന്റെ കവിത സ്ഥാപിക്കുന്നു.

മലയാളത്തിലിതുവരെയുണ്ടായിട്ടുള്ളത് മൂന്ന് ട്രാന്‍സ് ആത്മകഥകളാണ്. അവ മൂന്നും ആണ് പെണ്ണായതിന്റെ ജീവശാസ്ത്രരേഖകളാണ്. ബാഹ്യമായ നിരീക്ഷണങ്ങള്‍കൊണ്ട് തൃപ്തിയടയുന്നതിനു പകരം തങ്ങള്‍ ഇടപഴകുന്ന ജനതയുടെ ചരിത്രത്തിന്റെയും സംസ്‌കാരത്തിന്റെയും കള്ളറകളിലേക്ക് പ്രവേശനം നേടിയെടുത്തതിന്റെ സൂക്ഷ്മസാക്ഷ്യങ്ങളാണവ

എം. ആര്‍. വിഷ്ണുപ്രസാദ്

ശരീരമോരോന്നും ഭിന്നലൈംഗികം
അനന്തമാം ഭീതിയിലാണാണും
പെണ്ണുെപെണ്ണുമായ് മരുവുമ്പോള-
റികവയ്യ ഭിന്നലൈംഗിക വേദന .

സ്ത്രീലിംഗപുല്ലിംഗമല്ലോ
ലോകം മുറിവായ് നീറും
ദ്വിലിംഗ വേദനയതിനെ മായ്ക്കും
ഭിന്നമാം ലിംഗരൂപങ്ങള്‍ .

  • ഭിന്നലിംഗസൂത്തം /
    എം. ആര്‍. വിഷ്ണുപ്രസാദ്
    (ആറ്റംപാട്ട്)

ദൃശ്യകവിതയുടെ ഈ കാലത്തില്‍ തകര്‍പ്പന്‍ വേഗത്തില്‍ മാറിമറിഞ്ഞ ആഗോളക്രമത്തിന്റേയും ദേശീയവ്യവസ്ഥയുടെയും ഇത്തരം സമ്മര്‍ദ്ദങ്ങളോട് പ്രതികരിച്ചുകൊണ്ട് സ്വന്തം കലാസ്വത്വത്തെ നവീകരിക്കുന്നതോടൊപ്പം ജെന്‍ഡര്‍ പൊളിറ്റിക്‌സിന്റെ പതിവുതാളങ്ങളെ മാറ്റിച്ചവിട്ടാനുമാണ് ഈ കവി ശ്രമിക്കുന്നത്. ഈ കവിത തിരുനങ്ക, തിരുനമ്പി എന്നീ പ്രയോഗങ്ങളെ മലയാളിക്കുേ വേണ്ടി സ്വാഗതം ചെയ്യുകയാണ്.

ഈയാഴ്ചയിലെ
പുസ്തകം.

പെണ്ണായവളുടെ
കവിതകള്‍ /
വിജയരാജമല്ലിക
(ബുക്കര്‍ മീഡിയ പബ്ലിക്കേഷന്‍സ് )
മലയാളത്തിലെ ആദ്യത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ കവിയാണ് വിജയരാജമല്ലിക. ‘ദൈവത്തിന്റെ മകള്‍ ‘ , ‘ ആണ്‍നദി’ എന്നീ കാവ്യപുസ്തകങ്ങള്‍ കൂടാതെ ‘ പെണ്ണായവളുടെ കവിതകള്‍ ‘ ഉള്‍പ്പെട്ട മൂന്നു കവിതാസമാഹാരങ്ങള്‍ പൊതുവില്‍ പങ്കിടുന്ന സര്‍ഗ്ഗരചനയുടെ കാലാവസ്ഥ ട്രാന്‍സ് യുഗപ്പിറവിയെക്കുറിച്ചുള്ള സ്പഷ്ടമായ മോഹങ്ങളും ആശങ്കകളുമാണ്. ഈ രചനകളുടെ ഉള്ളടക്കത്തിലേക്ക് കടന്നുചെല്ലുമ്പോള്‍ അവയില്‍ നീറിത്തരിച്ചു നില്‍ക്കുന്ന ഉല്‍ക്കണ്ഠകളുടെയും അമര്‍ഷങ്ങളുടെയും കണ്ണീരിനെ ഒഴുക്കിക്കളയുന്ന ആയുധമായി കവിത മാറുന്നതു കാണാം. ട്രാന്‍സ് എന്ന ശരീരത്തിന്റെ അറയുടെ അക്ഷരപ്പൂട്ടാണ് പെണ്ണായവളുടെ കവിതകള്‍ എന്ന പുസ്തകത്തിലെ ഓരോ കവിതയും. നിലനില്പിന്റെ ആത്യന്തിക പ്രശ്‌നങ്ങള്‍ ഏറ്റുവാങ്ങാന്‍ പാകത്തില്‍ തന്റെ മൂല്യസങ്കല്പങ്ങളില്‍ തീക്ഷ്ണമായൊരു അഴിച്ചുപണിയും കൂട്ടിച്ചേര്‍ക്കലും നടത്താന്‍ കവിത എങ്ങനെ ഒരു ട്രാന്‍സ് വുമണിനെ സഹായിക്കുന്നുവെന്നറിയാന്‍ ചില വരികള്‍ ഉദ്ധരിക്കാം.

കൽക്കി സുബ്രഹ്‌മണ്യത്തിന്റെ പെയിന്റിംഗ്

കുപ്പയില്‍ ,സാരി ചുറ്റിയവര്‍
മുന്നില്‍ നിന്നു കൈനീട്ടുമ്പോള്‍
സൂക്ഷിച്ചു നോക്കൂ
ചിലപ്പോള്‍ ആ മുഖം നിനക്ക്
പരിചിതമാകും.

എന്നിട്ടും നിന്റെ നോട്ടങ്ങളില്‍
അവര്‍ എങ്ങും എത്താത്ത ഹിജഡ
നീ പൂര്‍ണയാണോ ?
തീവണ്ടിയും കാലവും
ഒരുപോലെ…
രണ്ടും മുമ്പോട്ടേ പോകു
ഇടയ്ക്ക് സ്റ്റേഷനുകളുണ്ട്.

  • ഹിജഡ /
    വിജയരാജമല്ലിക
    ( പെണ്ണായവളുടെ കവിതകള്‍)
കല്‍ക്കി സുബ്രമഹ്ണ്യം.

സ്വയം ദഹിച്ചില്ലാതെയാകുന്ന ഈ കാവ്യാനുഭവം പിക് ചര്‍ പൊയട്രിയുടെ തലം വിട്ട് നമ്മുടെ അകക്കാമ്പില്‍ നീറ്റല്‍ പടര്‍ത്തുന്നതായി നമുക്കനുഭവപ്പെടുന്നുണ്ടെങ്കില്‍ സ്വന്തം കമ്മ്യൂണിറ്റിയോട് സ്‌നേഹത്തിന്റെ മുറുക്കം സൂക്ഷിക്കുന്ന ഒരാളുടെ മൃദുലത തുളുമ്പുന്ന പിടച്ചിലായി കൂടി ഈ കവിതകളെ വായിച്ചെടുക്കേണ്ടതുണ്ട്.

ഈയാഴ്ചയിലെ ഇലസ്‌ട്രേഷന്‍

‘ We are not the others ‘ -Reflections of a transgender activist എന്ന പുസ്തകത്തിലൂടെ ലോകപ്രശസ്തയായ ട്രാന്‍സ്‌ജെന്‍ഡറാണ് ചിത്രകാരിയും എഴുത്തുകാരിയും ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റുമായ കല്‍ക്കി സുബ്രമഹ്ണ്യം. 2021 ഏപ്രില്‍ 11 ന് ഇറങ്ങിയ മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ‘ കല്‍ക്കി എന്ന മനുഷ്യന്‍ ‘ എന്ന ശീര്‍ഷകത്തോടെയും മുഖചിത്രത്തോടെയും വന്ന മാതൃഭൂമി മലയാളികള്‍ ഓര്‍ക്കുന്നുണ്ടാവും. മലയാളിയുടെ ഒളിച്ചുവെച്ച വായനയില്‍ നിന്ന് ഒരുപക്ഷേ മറവി കല്‍ക്കിയെ കുടഞ്ഞുമാറ്റിയിട്ടുണ്ടാവും. ഇന്‍ഡ്യയിലെ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനിടയിലെ ശ്രദ്ധേയയായ ചിത്രകാരിയാണ് കല്‍ക്കി. വെയര്‍ ആര്‍ട് സ് (wear arts ) എന്ന ജനുസ് തന്നെ ഈ ചിത്രകാരിയുടെ ക്രെഡിറ്റില്‍ പെടുന്നതാണ്. നമ്മുടെ കണ്ണുകള്‍ കാഴ്ചകളുടെ ബാഹുല്യത്താല്‍ അന്ധകാരജടിലമായിരിക്കുന്നു. കല്‍ക്കി എന്ന ചിത്രകാരി പ്രകൃതിയുമായി ഇണങ്ങിയും പിണങ്ങിയുമാണ് നിറങ്ങളെ തമ്മില്‍ കൂട്ടിയോജിപ്പിക്കുന്നത്. ഇന്‍ഡ്യത്വത്തെ നേരിട്ട് വിപണനം ചെയ്യാനോ ട്രാന്‍സ്‌ജെന്‍ഡര്‍ പൊളിറ്റിക്‌സിനെ പ്രചരിപ്പിക്കാനോ അല്ല കല്‍ക്കി വരയുടെ ഭാഷയെ വിനിയോഗിക്കുന്നത്. ചിത്രകലയെ ഒരു മലഞ്ചരക്ക് പോലെ കയറ്റി അയയ്ക്കാന്‍ കൊതിക്കാത്ത കല്‍ക്കിയുടെ വരയുടെ രാഷ്ട്രീയം മനസ്സിലാക്കാന്‍ ചില ചിത്രങ്ങളെ നിരീക്ഷിച്ചേ മതിയാകൂ. കല്‍ക്കി പ്രധാനമായും വരയ്ക്കുന്നത് സ്ത്രീ / പുരുഷ മുഖങ്ങളെയാണ്. അതില്‍ തിളച്ചു വരുന്ന ദൈന്യതയുടെ ഭാവാര്‍ത്ഥങ്ങളാണുള്ളത്. നിരാലംബരായ സ്ത്രീകളെ ചിത്രീകരിക്കുമ്പോള്‍ അതിന്റെ ഒരു ഛേദത്തില്‍ ട്രാന്‍സ് സ്വത്വത്തിന്റെ ഇനിയും പിടിതരാത്ത അനാഥത്വത്തെ നിറങ്ങള്‍കൊണ്ട് വ്യഞ്ജിപ്പിക്കുകയും ധ്വനിപ്പിക്കുകയും ചെയ്യുന്നുണ്ട്. ആണധികാരത്തിന്റെ രാഷ്ട്രീയത്തെ വിശലകനം ചെയ്യാന്‍ മൃഗമുഖരൂപങ്ങളെയാണ് ആഖ്യാനപ്പെടുത്തുന്നത്. ചെഗുവേരയുടെ മുഖമൊക്കെ വരയ്ക്കുമ്പോള്‍ ഒരു മനുഷ്യായുസ്സിന്റെ ശരാശരി ‘പൊതു’ വലിപ്പത്തെയാണ് നിറങ്ങള്‍ കൊണ്ട് രേഖീകരിക്കുന്നത്. പാരീസ് ചിത്രകാരിയായ മേരി ലാറന്‍സിന്‍ ‘ group of artists ‘ എന്ന ചിത്രം വരച്ചതു പോലെയോ ഫ്രീഡാ കാഹ്ലോ the broken column വരച്ചതുപോലെയോ ഒക്കെയാണ് കല്‍ക്കി സ്ത്രീയാഖ്യാനങ്ങള്‍ സാധ്യമാക്കുന്നത്. ചിത്രകല കാഴ്ചയാണെന്നും അതില്‍ സത്യവും അസത്യവും നിലനില്‍ക്കുന്നുവെന്നും , ഈ രണ്ടവസ്ഥകളും കാണിയെ ഭ്രമിപ്പിക്കുമെന്നുമാണ് കല്‍ക്കിയുടെ മൊത്തം ഇലസ്‌ട്രേഷന്‍സ് വാദിക്കുന്നത്.

ഈയാഴ്ചയിലെ
അഫോറിസം.
പക്ഷിക്കൂട് നോക്കൂ,
എല്ലാ പക്ഷികളും
തുന്നല്‍ വിദഗ്ദ്ധരാണ്.

Author

Scroll to top
Close
Browse Categories