ജീവിതം എന്തെന്ന്പഠിപ്പിച്ചവരുടെ കുഴപ്പങ്ങള്‍ !

കീഴടങ്ങുന്ന എഴുത്തുകാരനില്‍ നിന്നും മുറിച്ചുമാറ്റപ്പെടുന്ന സ്വാതന്ത്ര്യത്തെ മരണമെന്നാണ് വിളിക്കേണ്ടത്. ജീവിതത്തെ ഏറ്റവും അധികം (ഇന്ന്) മലിനപ്പെടുത്തുന്നത് ജീവിതമെന്തെന്ന് പഠിപ്പിച്ച ചിലഎഴുത്തുകാരുടെ ഇപ്പോഴത്തെ നിലപാടുകളാണ്. അവരില്‍ ചിലര്‍ സര്‍ഗാത്മക കള്ള ദീനക്കാരും മറ്റു ചിലര്‍ ഗൗതമസിദ്ധാര്‍ത്ഥന്‍മാരുമാണ്. ഇവിടെ ഭീരുത്വത്തില്‍ നിന്നാണ് നിക്ഷ്പക്ഷതയും പക്ഷപാതവും ഉണ്ടാകുന്നത്. നമ്മുടെ എഴുത്തുകാരില്‍ അധൈര്യം നിറയ്ക്കുന്നത് ജീവിതമെന്ന ഭാരമാണ്. ഇമ്പമുള്ള പ്രയോഗങ്ങള്‍ കൊണ്ട് ജീവിതത്തെ നിര്‍വ്വചിച്ച പ്രമുഖര്‍ ഇന്നത് മറന്നുപോയിരിക്കും. അവനവന്‍ എന്ന കണ്ടന്റിനെ (ഉള്ളടക്കത്തെ) കുറിച്ച് ഒരു കാലത്ത് പറഞ്ഞു വെച്ചതൊക്കെ ഇന്ന് ആശയങ്ങളുടെ മൃത്യുബോധമായി മാറുകയാണ്.

In the end, it’s not
the years in your life
that count.
It’s the life in your years.
Abraham Lincoln

എഴുത്തുകാരെ നമുക്ക് രണ്ടായി വിഭജിക്കാം – കീഴടങ്ങുന്നവരും കീഴടങ്ങാത്തവരും . കാലത്തെ ആഴത്തില്‍ ഉഴുതുമറിക്കുന്നവര്‍ ഒരിടത്തും കീഴടങ്ങാറില്ല. കലാകാരന്റെ പരസ്യജീവിതത്തെ ചോദ്യം ചെയ്തിരുന്ന ചില എഴുത്തുകാര്‍ കാലത്തിന്റെ ചുവരില്‍ നിന്നും പുറത്താണ്. പക്ഷെ അവരുടെ ചില വാക്യാര്‍ച്ചനകള്‍ക്ക് ഇന്നും പ്രസക്തിയുണ്ട്. അവരുടെ ചില നിലപാടുകളുടെ വിശുദ്ധമായ ധീരതയെ അംഗീകരിക്കുക ഈ കാലഘട്ടത്തിന്റെ അനിവാര്യതയാണ്. അപ്പോഴും അജ്ഞത കൊണ്ടു തടിച്ചവരും ദാര്‍ശനികക്ഷാമം കൊണ്ടു മെലിഞ്ഞവരുമായി മാറിയ ചിലരുണ്ട്. കീഴടങ്ങുന്ന എഴുത്തുകാരനില്‍ നിന്നും മുറിച്ചുമാറ്റപ്പെടുന്ന സ്വാതന്ത്ര്യത്തെ മരണമെന്നാണ് വിളിക്കേണ്ടത്. ജീവിതത്തെ ഏറ്റവും അധികം (ഇന്ന്) മലിനപ്പെടുത്തുന്നത് ജീവിതമെന്തെന്ന് പഠിപ്പിച്ച ചില എഴുത്തുകാരുടെ ഇപ്പോഴത്തെ നിലപാടുകളാണ്. അവരില്‍ ചിലര്‍ സര്‍ഗാത്മക കള്ള ദീനക്കാരും മറ്റു ചിലര്‍ ഗൗതമസിദ്ധാര്‍ത്ഥന്‍മാരുമാണ്. ഇവിടെ ഭീരുത്വത്തില്‍ നിന്നാണ് നിക്ഷ്പക്ഷതയും പക്ഷപാതവും ഉണ്ടാകുന്നത്. നമ്മുടെ എഴുത്തുകാരില്‍ അധൈര്യം നിറയ്ക്കുന്നത് ജീവിതമെന്ന ഭാരമാണ്. ഇമ്പമുള്ള പ്രയോഗങ്ങള്‍ കൊണ്ട് ജീവിതത്തെ നിര്‍വ്വചിച്ച പ്രമുഖര്‍ ഇന്നത് മറന്നുപോയിരിക്കും. അവനവന്‍ എന്ന കണ്ടന്റിനെ (ഉള്ളടക്കത്തെ) കുറിച്ച് ഒരു കാലത്ത് പറഞ്ഞു വെച്ചതൊക്കെ ഇന്ന് ആശയങ്ങളുടെ മൃത്യുബോധമായി മാറുകയാണ്. ചില ആശയങ്ങളില്‍ നിന്ന് മനുഷ്യന്‍ പുറത്തായി. മനുഷ്യന്‍ എന്ന സത്തയെ പുരാതന ഉപകരണമാക്കി മാറ്റുന്നത് അവന്റെ നിലപാടുമാറ്റമാണ്. ചില എഴുത്തുകാരുടെ വാദങ്ങള്‍ ജീവിതത്തിന്റെ വെറും പരസ്യങ്ങള്‍ മാത്രമാണ്. പക്ഷെ അത് ജീവിതമല്ല. അതു വായിക്കുന്നവര്‍ ചില നാശനഷ്ടങ്ങളില്‍ അകപ്പെടും. നേരത്തെ ജനിച്ചതുകൊണ്ട് നേരത്തേ കേള്‍ക്കാന്‍ വിധിക്കപ്പെട്ട ചിലതിനെ പലയിടത്തു നിന്നായി പെറുക്കിയെടുത്ത് ‘ ജീവിതം എന്നെ എന്തു പഠിപ്പിച്ചു ?’ എന്ന ടാഗ്‌ലൈന്റെ ചുവട്ടില്‍ കൊണ്ടുനിരത്തുന്നതിനെ ജീവിതദര്‍ശനമായി (Philosophy of life) ആയി കണക്കാക്കേണ്ടതുണ്ടോ ? നമ്മുടെ പ്രമുഖരില്‍ ചിലര്‍ കലാശാലാകഥാപാത്രങ്ങള്‍ മാത്രമാണ്. അവര്‍ നല്ല മനുഷ്യരാവാന്‍ വിസമ്മതിക്കുന്നു. അവര്‍ നുണകളുടെ ബന്ധുക്കളായി തീര്‍ന്നതിന്റെയും സത്യത്തിനു കുട പിടിച്ചതിന്റെയും ശേഷപത്രമാണ് ടി. എന്‍. ജയചന്ദ്രന്‍ സമ്പാദനം നിര്‍വ്വഹിച്ച ‘ജീവിതം എന്നെ എന്തു പഠിപ്പിച്ചു?’ (ഗ്രീന്‍ ബുക്‌സ്) എന്ന പുസ്തകം. അതിവേഗത്തിലുള്ള (ആന്തര) മനുഷ്യപരിണാമത്തെ കാലികമായ കത്തിപ്പിടിക്കലിനു വിധേയമാക്കുന്ന അത്തരം ചില ജീവിതപാഠങ്ങള്‍ ഉദ്ധരിക്കാം. അസംഖ്യം പാഠങ്ങളായി പിരിഞ്ഞ് ചിതറുകയും പ്രവഹിക്കുകയും ചെയ്യുന്ന അത്തരം ചില വാചകങ്ങള്‍ എഴുത്തുകാരന്റെ നിലപാടുകളെ അടയാളപ്പെടുത്തുന്നവയാണ്.

ജനാധിപത്യ സമ്പ്രദായത്തില്‍ രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ അനിവാര്യമാണ്. അതു തുറന്നു പ്രകടിപ്പിക്കാന്‍ തന്റേടം വേണം. രാഷ്ട്രീയ പാര്‍ട്ടികളില്‍ അംഗമായി പ്രവര്‍ത്തിക്കുക ഇക്കാലത്ത് അപമാനകരമാണ്.

– ജോര്‍ജ് ഓണക്കൂര്‍
ജീവിതം എന്നെ എന്തു പഠിപ്പിച്ചു ?

മനുഷ്യനെ സ്‌നേഹിക്കാന്‍ അവനില്‍ നിന്നു അകന്നുനില്‍ക്കുകയാണ് നല്ലത്. അത്രയങ്ങ് അടുത്തു ചെല്ലുമ്പോള്‍ അവന്റെ ഉള്ളിലെ കാടുകളും കയങ്ങളും ചതുപ്പുകളുമൊക്കെ കാണേണ്ടി വരും.

– പെരുമ്പടവം ശ്രീധരന്‍ /
ജീവിതം എന്നെ എന്തു പഠിപ്പിച്ചു?

സാഹിത്യകാരനായി പ്രശോഭിക്കണമെങ്കില്‍ നരനായി ജനിച്ചാല്‍ പോരാ, നായരായി ജനിക്കണം. നക്‌സലൈറ്റോ കമ്യൂണിസ്റ്റോ ഏറ്റവും കുറഞ്ഞത് വികലാംഗനോ ആകണം.

– പുനത്തില്‍ കുഞ്ഞബ്ദുള്ള /
ജീവിതം എന്നെ എന്തു പഠിപ്പിച്ചു ?


ജീവിതമെന്ന ഭാരപ്പെട്ട കലയിലേക്കുള്ള സ്വാഭാവികമായ എത്തിച്ചേരലാണ് ഒരു കാലത്ത് ഇവര്‍ ഉന്നയിച്ച ഈ വാദങ്ങള്‍. ഇത് ഇന്നത്തെ അവനവന്‍ പ്രകാശനമല്ല. യാഥാര്‍ത്ഥ്യങ്ങളിലെ റദ്ദ് ചെയ്യപ്പെടാത്ത സത്യമാണത്. പക്ഷെ എം. കെ. സാനു ജീവിതം എന്നെ എന്തു പഠിപ്പിച്ചു എന്നെഴുതിയ പരമ്പരയില്‍ സ്വന്തം സമുദായത്തെ താഴ്ത്തിക്കെട്ടിയതിനെ ( സമുദായത്തിന്റെ പേര് പോലും വെളിപ്പെടുത്താതെ ആക്ഷേപിച്ചതിനെ) ചോദ്യം ചെയ്യേണ്ടതുണ്ട്. ആത്മാവില്‍ സൗന്ദര്യമുളള ( ഉണ്ടെന്നു നാം തെറ്റിദ്ധരിച്ച) ഒരു വിമര്‍ശകന്‍ അവനവന്‍ എന്ന ഉള്ളടക്കത്തെ ഇറക്കി കളിക്കുന്നതു നോക്കുക :

‘ഒരു പ്രത്യേക സമൂഹത്തിലാണ് ഞാന്‍ പിറന്നു വീണത്. എന്റെ സ്വഭാവത്തെയും വീക്ഷണത്തെയും നിയന്ത്രിക്കുന്നതില്‍ ആ സമൂഹം വലിയ പങ്കു വഹിച്ചിട്ടുണ്ട്. എങ്കിലും ആ സമൂഹത്തിലെ വൈകൃതങ്ങളുമായി പൊരുത്തപ്പെടാന്‍ ഒരിക്കലും എനിക്കു കഴിഞ്ഞിട്ടില്ല. അതുകൊണ്ട് , പരിവര്‍ത്തനത്തിന്റെ ശക്തികളുമായി ബന്ധപ്പെടുന്നിടത്ത് ഞാന്‍ ജീവിതത്തിന് ഒരു ലക്ഷ്യം കണ്ടെത്തുന്നു’ .

– എം. കെ. സാനു /
ജീവിതം എന്നെ എന്തു പഠിപ്പിച്ചു ?

എം. കെ. സാനുവിന്റെ ഇത്തരം വാദങ്ങള്‍ പാഴ് വര്‍ത്തമാനങ്ങളാണ്. സമുദായാഭിമുഖ്യ താല്‍പര്യങ്ങള്‍ ഇന്ന് വെളിച്ചം കുടിച്ചു കൊഴുത്ത ഒരു യാഥാര്‍ത്ഥ്യമാണ്. ജീവിക്കുന്നുവെന്നതിന്റെ രേഖയായി സമുദായം മാറിക്കഴിഞ്ഞു. സെറിബ്രത്തിന്റെ രസമുകുളങ്ങള്‍ ഇപ്പോള്‍ തെളിച്ചെടുക്കുന്നത് ജാതിയുടെ സങ്കേതങ്ങളെയാണെന്ന് ജീവിതം എന്തെന്നു പഠിപ്പിക്കുന്ന സാനുവിന് അറിയാത്തതു പോലെ അഭിനയിക്കുകയാണ്.

ഫിക്ഷന്റെ കലയിലെ ബയോപിക് രേഖകള്‍ !

ആര്‍. ഉണ്ണി

കഥയുടെ കലയില്‍ ഒരു പുതിയ മിത്തോളജിക്കുവേണ്ടിയുളള അന്വേഷണങ്ങള്‍ ഒന്നും ഇപ്പോള്‍ നടക്കാറില്ല. ‘ Letters on the Aesthetics Education of man ‘എന്ന കൃതിയില്‍ ഷില്ലര്‍ നടത്തുന്ന ഒരു നിരീക്ഷണം ശ്രദ്ധേയമാണ് – ‘സൗന്ദര്യാത്മക ഏകത കലയുടെ എല്ലാ മേഖലകളിലും പ്രത്യക്ഷമാകും’. ഇതേ ഷില്ലര്‍ രണ്ടു തരം ചോദനകളെ കുറിച്ച് പറയുന്നുണ്ട്. ഒന്നാമത്തേത് ഇന്ദ്രിയാത്മകമായ ചോദനയാണ് (sensuous drive). രണ്ടാമത്തേത് ലീലാപരമായ ചോദനയാണ് (play drive). ഈ രണ്ടു ചോദനകളെയും ഒരുപോലെ കൂട്ടിക്കലര്‍ത്തുന്ന, കഥയ്ക്ക് ബയോപിക് രേഖകളുടെ ആഴമണയ്ക്കുന്ന ഒരു കഥ ആര്‍. ഉണ്ണി എഴുതിയിട്ടുണ്ട്. മനുഷ്യനില്‍ എല്ലായ്‌പ്പോഴും ഇന്ദ്രിയങ്ങളും സദാചാരവും തമ്മില്‍ നിലനില്‍ക്കുന്ന ഒരു സംഘര്‍ഷം ഉണ്ട്. ഈ സംഘര്‍ഷമാണ് ഇന്ദ്രിയാനുഭവങ്ങളുളള മനുഷ്യനെ കഥാപാത്ര രൂപങ്ങളിലേക്കും അതുമായി ബന്ധപ്പെട്ട ചിന്തകളിലേക്കും തിരികെ വിളിക്കുന്നത്. ആര്‍. ഉണ്ണിയുടെ ‘ സ്വയംഭാഗം ‘ (മാതൃഭൂമി ആഴ്ചപ്പതിപ്പ് 2023 ജൂണ്‍ 25 ) എന്ന കഥ ഒന്നിലധികം പേരുടെ ബയോപിക് രേഖയായി മാറുന്നത് സാഹിത്യാസ്വാദകരായ രണ്ടു പേര്‍ക്കിടയിലെ ഇന്ദ്രിയാത്മകമായ സംവാദം കൊണ്ടാണ്. ഈ കഥയിലെ സംവാദരൂപങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നവര്‍ സി. ജെ. തോമസ്, പി. കുഞ്ഞിരാമന്‍ നായര്‍ , എന്‍. വി. കൃഷ്ണവാരിയര്‍, ഇടശ്ശേരി , ഇ.കെ. നായനാര്‍, സി. പി., ചിന്ത രവി, പവിത്രന്‍ , ടി. വി. ചന്ദ്രന്‍ , ചങ്ങമ്പുഴ , അയ്യപ്പപ്പണിക്കര്‍, സുഗതകുമാരി , വിഷ്ണുനാരായണന്‍ നമ്പൂതിരി, തകഴി ശിവശങ്കരപ്പിള്ള , ഇടപ്പള്ളി രാഘവന്‍പിള്ള , കെ. ശാരദാമണി, കാഫ്ക, ദാന്തെ എന്നിവരാണ്.

പുതിയ കാലത്തിന്റെ ശീലങ്ങളെ ഈ കഥ ധിക്കരിക്കുന്നു. കാലത്തിന്റെയും അതിനൊത്തുള്ള അഭിരുചികളുടെയും മാറ്റം പല നിലയ്ക്കാണ് പ്രകടമാവുന്നത്. ഈ കഥ ചരിത്ര ഖണ്ഡങ്ങളെയും ദേശഖണ്ഡങ്ങളെയും തമ്മില്‍ കൂട്ടിയിണക്കുന്നു. ബയോപിക് ഹെറിറ്റേജ് ടൂറിസത്തേക്കാള്‍ ബയോപിക് ചരിത്രത്തെ മിനുക്കിയെടുക്കാനാണ് ഉണ്ണി ശ്രമിക്കുന്നത്.നിര്‍മ്മിത ചരിത്രത്തിന്റെ കച്ചവടം കൊഴുപ്പിക്കുന്ന ഒരു നാട്ടില്‍ ഫിക്ഷന്റെ കലയുടെ പിന്‍വാതില്‍ വഴി ബയോപിക് ചരിത്രത്തെ അവതരിപ്പിക്കുക വഴി സാംസ്‌കാരിക തത്വചിന്തയുടെ മൂല്യങ്ങളെ കൂടിയാണ് ഉണ്ണി രൂപപ്പെടുത്തിയെടുക്കുന്നത്. ഉടച്ചുതകര്‍ക്കാനാവാത്ത , ജീവിതമെന്തെന്നു പഠിപ്പിച്ചവരെയാണ് ഉണ്ണിയും വിരല്‍ നീട്ടി കാണിക്കുന്നത്.

കവിതാക്കെണികളുടെകാലം.

( സമീപകാല ) മലയാളകവിത അമിതസ്വാതന്ത്ര്യഗാനമായി തീര്‍ന്നിട്ടു നാളുകളായി. അതിന്ന് സ്വാനുകരണത്തിന്റെ കലയാണ്. നമ്മുടെ കവികളില്‍ പലരും നല്ല ഒന്നാന്തരം കപട മോറലിസ്റ്റുകളാണ്. അയാളുടെ ചിരി പോലും ശക്തമായ ഒരു മതിലാണ്.അതുകൊണ്ടുതന്നെ ആര്‍ക്കും കടന്നുകയറാനാവാത്ത കവാടമാക്കി കവിതയുടെ ശരീരത്തെ ദുര്‍ബലപ്പെടുത്തുന്ന ഒരു വികലവേദാന്തത്തെ കവികള്‍ തന്നെ രൂപപ്പെടുത്തിയെടുക്കുന്നുണ്ട്. കവിത സംസ്‌കാരത്തിന്റെ അവശിഷ്ടമായി തീരാന്‍ ഇനി അധിക സമയമെടുക്കില്ല. വാക്കുകള്‍ക്ക് പ്രതീകങ്ങളായി നില്‍ക്കേണ്ടി വരുന്ന ഗതികേടിനെ കുറിച്ച് കവികള്‍ ആലോചിക്കുന്നില്ല. കവിതയിലെ പ്രതീകങ്ങളുടെ നാവ് മുറിച്ചോ , പിഴുതോ ദുര്‍ബലപ്പെടുത്തുന്നതിന്റെ വലിയൊരു സാക്ഷ്യപത്രമാണ് പി. എന്‍. ഗോപീകൃഷ്ണന്റെ ‘പി ‘ (ഗ്രന്ഥാലോകം , 2023 ജൂണ്‍) എന്ന കവിത. പി. കുഞ്ഞിരാമന്‍ നായരുടെ ‘സൗന്ദര്യപൂജ എന്ന കവിതയൊക്കെ പ്രകൃത്യുപാസനതന്നെയാണ്. കാഴ്ചയിലെ വര്‍ണപ്പൊലിമയ്ക്കപ്പുറം വികാരങ്ങളുടെ പകര്‍ച്ചയായി പ്രകൃതിഭാവങ്ങള്‍ ഇവിടെ മാറുകയാണ്. നമ്മുടെ നാടിനെ വികൃതമാക്കുന്നതും മലിനമാക്കുന്നതും വേസ്റ്റല്ലെന്നും അത് കവിതയാണെന്നും ഒരു സുഹൃത്ത് ഈയുളളവനെ ഓര്‍മ്മിപ്പിച്ചിരുന്നു. പി. കുഞ്ഞിരാമന്‍ നായരുടെ ബയോപിക് രേഖയുടെ ഒരു ശകലം പോലും ധ്വനിപ്പിക്കാനാവാത്ത ദുര്‍ബലരചനയാണ് ഗോപീകൃഷ്ണന്റെ ‘ പി ‘ . ഈ കവി എഴുതുന്ന എല്ലാ വാക്കുകളുടെയും അര്‍ത്ഥം ഒന്നു തന്നെയാണെന്നതിന്റെ സ്ഥിരീകരണമാണീ കവിതയും.

പി. കുഞ്ഞിരാമന്‍ നായര്‍
പി. എന്‍. ഗോപീകൃഷ്ണന്‍

ഒരു ശ്മശാനത്തില്‍ രാത്രിയിലാണ്
ഞാന്‍ അയാളെ കണ്ടത്.
പി.യുടെ അലസഛായയില്‍ .

നിങ്ങളാണോ പി. കുഞ്ഞിരാമന്‍ നായര്‍ ?

അയാള്‍ തലയാട്ടി.
ഞാനെങ്ങനെ വിശ്വസിക്കും ?

അയാള്‍ ഒരു വാക്ക് കുനിഞ്ഞെടുത്തു.
ഉന്നം നോക്കി മുകളിലേക്ക് വീശിയെറിഞ്ഞു.

ഒരു കുല നക്ഷത്രം
എന്റെ മുന്നില്‍
പൊട്ടിച്ചിതറി വീണു.

– പി / പി. എന്‍. ഗോപീകൃഷ്ണന്‍
( ഗ്രന്ഥാലോകം, 2023 ജൂണ്‍ )

കവിതയിലെ ഈ നിര്‍മ്മിത അഭിനയം ഗോപീകൃഷ്ണന്‍ തുടങ്ങിയിട്ട് എത്രയോ നാളായി . ഒരു പുതിയ പടി പോലും മാറ്റിച്ചവിട്ടിയിട്ടില്ലാത്ത ഈ കവി ഇന്ന് കവിതയിലെ ഒരു ചീത്ത വാസനയാണ്.

ഈയാഴ്ചയിലെ പുസ്തകം

ലേഡീസ് കംപാര്‍ട്ട്‌മെന്റ് / ബിജു മുത്തത്തി
( മാതൃഭൂമി ബുക്‌സ് )

പല കാരണങ്ങളാല്‍ ചിന്നമായ മനസ്സുകളാണ് ജീവിത യാഥാര്‍ത്ഥ്യം എന്തെന്ന് പഠിപ്പിക്കുന്നത്. സ്വയമൊരു കലഹമോ തീജ്വാലയോ ഒക്കെയായി മാറിയ ജീവിതങ്ങളാണ് അക്ഷരാര്‍ത്ഥത്തില്‍ ജീവിതമെന്തെന്നു പഠിപ്പിക്കുന്നത്. ഒരു സെന്‍കഥ സംക്ഷേപിച്ചുകൊണ്ട് ലേഡീസ് കംപാര്‍ട്ടുമെന്റ് പരിചയപ്പെടുത്താമെന്നു വിചാരിക്കുന്നു.
‘രാജാവിനു ലോകചരിത്രം പഠിക്കണം. മന്ത്രിമാര്‍ ലഭ്യമായ ചരിത്ര പുസ്തകങ്ങളൊക്കെ വരുത്തി രാജാവിനു മുന്നില്‍ വെച്ചു. പുസ്തകങ്ങളുടെ കൂമ്പാരം കണ്ടപ്പോള്‍ തനിക്കിതൊന്നും വായിക്കാന്‍ നേരമില്ലെന്നും ലോകചരിത്രത്തിന്റെ ഒരു സംക്ഷേപം കിട്ടിയാല്‍ മതിയെന്നുമായി രാജാവ്. മന്ത്രിമാര്‍ ഗുരുവിനെ ചെന്നു കണ്ടു. ഗുരു മനുഷ്യചരിത്രം ചുരുക്കത്തില്‍ എഴുതിക്കൊടുത്തതിങ്ങനെ:

മനുഷ്യര്‍ ജനിക്കുന്നു ,
മനുഷ്യര്‍ ജീവിക്കുന്നു ,
മനുഷ്യര്‍ മരിച്ചും പോകുന്നു.

പ്രസീത ചാലക്കുടി
മോളി കണ്ണമാലി
വൈക്കം വിജയലക്ഷ്മി
തൃപ്തി ഷെട്ടി

നാല്‍പത്തിയൊന്നു കൊച്ചു പെണ്‍ ഇതിഹാസങ്ങളാണ് ലേഡീസ് കംപാര്‍ട്ട്‌മെന്റ് എന്ന പുസ്തകം. ഫാന്റസിയെ യാഥാര്‍ത്ഥ്യമായി പരിഗണിക്കുന്ന മനുഷ്യര്‍ക്കു മുമ്പിലേക്കാണ് ഈ പെണ്‍ജീവിതങ്ങള്‍ മിഴി തുറന്നെത്തുന്നത്. ഭാവിയെ ഉറപ്പോടെ വരവേറ്റവരാണവര്‍. ജീവിതത്തെ ഒരു ഋജുരേഖയിലൂടെയെന്നതിനേക്കാള്‍ പല വഴികളിലൂടെ ധ്വനിപ്പിക്കാനാണ് ബിജു മുത്തത്തി ശ്രമിക്കുന്നത്. ഇതില്‍ നടി കണ്ണമാലി മോളിയുടെ ചവിട്ടുനാടകകലയെ കുറിച്ച് ബിജു ഇങ്ങനെയെഴുതുന്നു – ‘ചവിട്ടുനാടകം എന്റെ രക്തത്തിലലിഞ്ഞു പോയതാണ്. ഞാന്‍ നടക്കുമ്പോള്‍ കണ്ടില്ലേ, മൂളിപ്പാട്ടുപാടിയാണു നടക്കുന്നത്. എന്റെ സ്വഭാവതാ . ഉളളിലൊരു ടെന്‍ഷന്‍ തട്ടിക്കഴിഞ്ഞാല്‍ ഞാനീ പാട്ടുപാടിത്തന്നെ നടക്കും. പാടുകയും കരയുകയും ചെയ്യും. ഉള്ളിലൊരു സങ്കടം കയറിക്കഴിഞ്ഞാല്‍ പിന്നെ രക്ഷ ചവിട്ടു നാടകമേയുള്ളു. ഇതുപോലെ കട്ടികൂടിയ ജീവിതങ്ങളെയാണ് ബിജു പകര്‍ന്നുവെയ്ക്കുക്കുന്നത്. ‘കണ്ണുകളെന്തിനു വേറേ ‘ എന്ന കുറിപ്പില്‍ വൈക്കം വിജയലക്ഷ്മിയെക്കുറിച്ചും ‘ ചാലക്കുടിയിലെ പെണ്‍’മണി’ ‘ എന്ന കുറിപ്പില്‍ പ്രസീത ചാലക്കുടിയെ കുറിച്ചും ‘ തൃപ്തിയായി ജീവിതം ‘ എന്ന കുറിപ്പില്‍ കേരളത്തിലെ ആദ്യത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ സംരംഭകയായ തൃപ്തി ഷെട്ടിയെ കുറിച്ചുമൊക്കെ വായിക്കുമ്പോള്‍ ജീവിതമെന്തെന്നു പഠിപ്പിക്കുന്നവരുടെ കുഴപ്പങ്ങളേക്കാള്‍ മേന്മകളിലേക്ക് നാം എത്തിച്ചേരുന്നു.

ഈയാഴ്ചയിലെ
ഇലസ്‌ട്രേഷന്‍

പ്രോഗ്രസ്സീവ് ആര്‍ട്ടിസ്റ്റുകള്‍ മുന്നോട്ടുവെച്ച സ്വാതന്ത്ര്യം എന്ന ആശയം തന്നെയാണ് മറ്റൊരു രീതിയില്‍ സമകാലിക ഇലസ്‌ട്രേറ്റര്‍മാരുടെയും പിടിവള്ളി. പ്രത്യയശാസ്ത്രചര്‍ച്ചകള്‍ക്കു പകരം മാര്‍ക്കറ്റിംഗ് പാക്കേജുകളുടെ നടത്തിപ്പുകാരായി കലയെ ഉദ്ധരിക്കുന്നത് ഇലസ്‌ട്രേറ്റര്‍മാരാണ്. അവര്‍ കലയെ ജനകീയമാക്കുകയാണ് ചെയ്യുന്നത്. കലയുടെ സാമ്പ്രദായിക ഫാക്കല്‍റ്റിയായി പുതിയ കലാകാരന്‍ ചുരുങ്ങുന്നില്ല. പുതിയ ഇലസ്‌ട്രേറ്റര്‍ ബഹുതലസ്പര്‍ശിയായ മാധ്യമ ബോധത്തിന്റെ ഉല്‍പ്പന്നമായി കലയെ പ്രതിഷ്ഠിക്കുന്നു. ഇതു കലയുടെ പുതിയ ജീവചരിത്രമാണ്. ഒരു ഇമേജിനെയും അതിനുള്ളിലെ ജീവിതത്തെയും പരലുകള്‍ ആക്കാന്‍ അവയ്ക്ക് പല ചെത്തുമുഖങ്ങള്‍ നല്‍കുന്ന കൈവേലക്കാരനാണ് സചീന്ദ്രന്‍ കാറഡുക്ക എന്ന ഇലസ്‌ട്രേറ്റര്‍. ഗ്രന്ഥാലോകത്തിലെ (2023 ജൂണ്‍) ഇരുപത്തിയൊന്നു കവിതകള്‍ക്കും വരച്ചിരിക്കുന്നത് സചീന്ദ്രനാണ്. ചില വരകളെ പരാമര്‍ശിക്കേണ്ടതുണ്ടെന്നു ഈ ലേഖകന്‍ വിശ്വസിക്കുന്നു. കാര്യമാത്ര പ്രസക്തമായ ഒരു ചിത്രണരീതി സചീന്ദ്രന്‍ വളര്‍ത്തിയെടുത്തുവെന്ന് ഈ ഇലസ്‌ട്രേഷനുകള്‍ കാണിക്കുന്നു. ഇന്ത്യന്‍ മിനിയേച്ചറുകളിലൊക്കെ കാണും പോലെ രൂപപരമായ ക്ലിപ്തതകള്‍ കൊണ്ട് ശൈലീപരമാക്കിയ ഒട്ടേറെ പ്രകൃതിചിത്രണ താത്പര്യങ്ങള്‍ സചീന്ദ്രന്‍ സ്വരൂപിക്കുന്നുണ്ട്. കുരീപ്പുഴ ശ്രീകുമാറിന്റെ ‘ രാക്കെണി ‘ എന്ന കവിതയ്ക്ക് വരച്ചിരിക്കുന്നത്കായല്‍പ്പരപ്പിന്റെ അടിത്തട്ടില്‍ രണ്ടു മീനുകള്‍ തമ്മില്‍ ചുംബിക്കുന്നതാണ്. വി. എം. ഗിരിജയുടെ’ കുളി’ എന്ന കവിതയ്ക്ക് സ്‌നാനന്തരം ധ്യാനത്തില്‍ തുടരുന്ന സ്ത്രീയെയും അവളുടെ സ്‌ത്രൈണ ആത്മീയതയെയുമാണ് ചിത്രീകരിക്കുന്നത്. പ്രകൃതി, സ്ഥലം, കാലം എന്നിവയെ മുന്‍പത്തെപ്പോലെയല്ല ഇപ്പോള്‍ അനുഭവിപ്പിക്കുന്നത്. ഇലസ്‌ട്രേഷനെ ഒരു വസ്തുവെന്ന നിലയില്‍ നാം കാണുകയും അതില്‍ നിന്ന് അര്‍ത്ഥവും സൗന്ദര്യവും നേടുന്നതും ഒരു ബിന്ദുവിലോ കാലത്തിലോ നില കൊള്ളാത്ത ഒന്നായി പുതിയ ഇലസ്‌ട്രേറ്റമാര്‍ അതിനെ മാറ്റിയെടുത്തതുകൊണ്ടാണ്. സചീന്ദ്രന്റെ പ്രകൃതിയാഖ്യാനങ്ങള്‍ മത്സ്യസഞ്ചാരം സൗന്ദര്യാത്മകമാണെന്ന തത്വത്തില്‍ കൊണ്ട് കാണിയെ പ്രതിഷ്ഠിക്കുന്നു.

സചീന്ദ്രന്‍ കാറഡുക്ക
കുരീപ്പുഴ ശ്രീകുമാര്‍

ഈയാഴ്ചയിലെ
അഫോറിസം .

മനസ്
സ്വപ്‌നങ്ങളുടെ
തുറമുഖമാണ് .

Author

Scroll to top
Close
Browse Categories