സിനിമാക്കാരുടെ പേനയുടെ മുന !
നമ്മുടെ മാറിക്കൊണ്ടിരിക്കുന്ന സാമൂഹ്യ യാഥാര്‍ത്ഥ്യത്തിന്റെ വ്യസനം നിറഞ്ഞ മുഖങ്ങളെ ചിലര്‍ ഉയര്‍ത്തിപ്പിടിച്ച ക്യാമറയ്ക്കു മുമ്പിലെന്നതിനേക്കാള് ഭംഗിയായി കോര്ത്തുവെയ്ക്കുന്നത് പുസ്തകങ്ങളിലാണ്. സ്വയം തീര്‍ത്ത ദുര്‍ബലമായൊരു സ്വപ്നലോകത്തില്‍ നിന്ന് പുറത്തുവരാന്‍ അവര്‍ ആശ്രയിക്കുന്നത് അക്ഷരങ്ങളെയാണ്. സുഖത്തിലും സൗന്ദര്യാനുഭൂതിയിലും മുഴുകാത്ത നാളുകളില്‍ അവര്‍ ഓര്ത്തുവെച്ചെഴുതുന്ന ഓര്‍മ്മകള്‍ക്കും അനുഭവങ്ങള്‍ക്കും ഇവിടുത്തെ ചില എഴുത്തുകാരികള്‍ എഴുതുന്ന കിടപ്പറ / അടുക്കള രഹസ്യങ്ങളേക്കാള്‍ തീവ്രതയുണ്ട്. ഭാഷയുടെ തകര്‍ച്ചയിലേക്ക് അടിവച്ചുനീങ്ങുന്ന ഈ ചെറിയ (മലയാളം) ഭാഷയില്‍ സാമ്പ്രദായിക എഴുത്തുകാര്‍ കെട്ടിവെയ്ക്കുന്ന അല്പത്വത്തെയും ദുരയെയും തട്ടിത്തെറിപ്പിക്കാന്‍ സിനിമാക്കാരുടെ പേനയ്ക്ക് ഒരു പ്രത്യേകതരം മുനയാണുള്ളത്.
The moment we cry in a film is
not when things are sad but when
they turn out to be more beautiful
than we expected them to be.
- Alain de Botton
സിനിമാക്കാരുടെ സര്‍ഗജീവിതത്തെ പല ഘട്ടങ്ങളായി തരംതിരിക്കുന്ന വിമര്ശകന്മാര് അവരുടെ രണ്ടാംഘട്ടത്തിലെ ചില ഇടപെടലുകളെ അപൂര്ണസംഭാവനയായി ഉയര്‍ത്തിക്കാട്ടാറുണ്ട്. ഒരാളുടെ മൊത്തം കലയുടെ യാഥാര്‍ത്ഥ്യത്തിന്റെ നേര്‍ക്കുള്ള സമീപനത്തിന് വ്യാപ്തിയും ഗൗരവവും കൈവരുന്നത് ആവിഷ്ക്കരണ ശൈലി അതിന്റെ എല്ലാ ലയസൗന്ദര്യത്തോടും കൂടി നിരന്തരം കൈകാര്യം ചെയ്യാത്ത മറ്റൊരു മീഡിയത്തിലേക്ക് ചേക്കേറുമ്പോഴായിരിക്കും. നമ്മുടെ മാറിക്കൊണ്ടിരിക്കുന്ന സാമൂഹ്യ യാഥാര്‍ത്ഥ്യത്തിന്റെ വ്യസനം നിറഞ്ഞ മുഖങ്ങളെ ചിലര്‍ ഉയര്‍ത്തിപ്പിടിച്ച ക്യാമറയ്ക്കു മുമ്പിലെന്നതിനേക്കാള് ഭംഗിയായി കോര്ത്തുവെയ്ക്കുന്നത് പുസ്തകങ്ങളിലാണ്. സ്വയം തീര്‍ത്ത ദുര്‍ബലമായൊരു സ്വപ്നലോകത്തില്‍ നിന്ന് പുറത്തുവരാന്‍ അവര്‍ ആശ്രയിക്കുന്നത് അക്ഷരങ്ങളെയാണ്. സുഖത്തിലും സൗന്ദര്യാനുഭൂതിയിലും മുഴുകാത്ത നാളുകളില്‍ അവര്‍ ഓര്ത്തുവെച്ചെഴുതുന്ന ഓര്‍മ്മകള്‍ക്കും അനുഭവങ്ങള്‍ക്കും ഇവിടുത്തെ ചില എഴുത്തുകാരികള്‍ എഴുതുന്ന കിടപ്പറ / അടുക്കള രഹസ്യങ്ങളേക്കാള്‍ തീവ്രതയുണ്ട്. ഭാഷയുടെ തകര്‍ച്ചയിലേക്ക് അടിവച്ചുനീങ്ങുന്ന ഈ ചെറിയ (മലയാളം) ഭാഷയില്‍ സാമ്പ്രദായിക എഴുത്തുകാര്‍ കെട്ടിവെയ്ക്കുന്ന അല്പത്വത്തെയും ദുരയെയും തട്ടിത്തെറിപ്പിക്കാന്‍ സിനിമാക്കാരുടെ പേനയ്ക്ക് ഒരു പ്രത്യേകതരം മുനയാണുള്ളത്. വെറുതെ കുറെ അനുഭവങ്ങളെയോ ഓര്‍മ്മകളെയോ ക്രിയാംശാരൂപത്തില് ഒതുക്കിയെടുക്കുകയല്ല മറിച്ച് സങ്കോചിച്ചൊടുങ്ങാന് സാധ്യതയുളള ഓര്‍മ്മയുടെ എലുകകളെ കൂടി അവര്‍ പൂരിപ്പിച്ചെടുക്കുന്നു. ഇവയൊന്നും ചലച്ചിത്ര നിരൂപണം എന്നുവിളിക്കാവുന്ന ചലച്ചിത്രഗദ്യങ്ങളാവണമെന്നില്ല. സിനിമയുടെ തിരക്കുപിടിച്ച മൂലകളില്‍ നിന്നും മാറി അനായാസമായി പേനയെ കൂര്‍പ്പിക്കുന്ന സിനിമാക്കാരായ എഴുത്തുകാര്‍ക്ക് പുറംവാതില്‍ കാഴ്ചകള്‍ എന്നു പറയാവുന്നവ നന്നേ വിരളമാണെന്നു നമുക്ക് തോന്നിയേക്കാം. ഇത്രയധികം ചലച്ചിത്രകാരന്മാരായ എഴുത്തുകാരെ സൃഷ്ടിച്ചിട്ടുള്ളത് മലയാളഭാഷ മാത്രമായിരിക്കും.
ജോയ് മാത്യുവിന്റെ ‘ തീപിടിച്ച പര്‍ണ്ണശാലകള്‍ ‘ എന്ന ഓര്‍മ്മപ്പുസ്തകം ബൗദ്ധികനിലവാരം പുലര്‍ത്തുന്നതാണ്. ലോകത്തെ തലകീഴായ് പിടിച്ച് നിരീക്ഷിച്ച സുരാസുവും നാടകകലയുടെ പിന്‍ബലമുപയോഗിച്ച് ഒരു കാലഘട്ടത്തെ വെല്ലുവിളിച്ച മധുമാഷും മലയാളത്തിന്റെ ഗ്രാംഷി എന്നു വിളിപ്പേരുള്ള ടി.എന്‍. ജോയിയും ഈ ഓര്‍മ്മപ്പുസ്തകത്തില്‍ ഒരു വൈകാരിക ചൂടായി ഉരുകി തിളയ്ക്കുന്നു. ‘ ചുവടുകള്‍ ബാക്കിയായ പൂരക്കളി ‘ എന്ന കുറിപ്പില്‍ ജോണ്‍ എബ്രഹാമിനെ കുറിച്ചെഴുതിയതു നോക്കുക – ‘ I am the Hitler of my cinema’ എന്ന് ഉരുവിട്ടു നടന്നിരുന്ന ജോണിന് സിനിമയുണ്ടാക്കുന്നതിലും ജനാധിപത്യമാവാം എന്ന വസ്തുത സമ്മതിച്ചുതരുവാന്‍ ഏറെ പാടുപെടേണ്ടി വന്നു. ‘ ഇത്തരം ഓര്മ്മകളെഴുതാന് പേനയുടെ മുന കൂടിയേ തീരൂ. രമേഷ് പിഷാരടി എന്ന നടനെ ഒരു തമാശക്കാരനും ഹാസ്യസാമ്രാട്ടുമൊക്കെ മാത്രമായി ചിത്രീകരിച്ചുവെങ്കില്‍ നമുക്കു തെറ്റി. രമേഷിന്റെ ‘ചിരി പുരണ്ട ജീവിതങ്ങള്‍ ‘ എന്ന പുസ്തകം മുഴുവന്‍ സത്യമാണോ എന്നു ചോദിച്ചേക്കാം. അതിന് പിഷാരടി പറയുന്ന മറുപടിയിതാണ് – ‘സ്വന്തം ജീവിതാനുഭവങ്ങളില്‍ നര്‍മ്മത്തിന്റെ വെള്ളം ചേര്‍ത്ത് കൊഴുപ്പിച്ച് പറയുന്ന ഈ കഥകള്‍ മുഴുവന്‍ സത്യമല്ല, എന്നാല്‍ കള്ളവുമല്ല. ‘ വായിക്കാന്‍ പ്രേരിപ്പിക്കുന്ന ഈ ഓര്‍മ്മകള്‍ക്കും അടുക്കള / കിടപ്പറ രഹസ്യങ്ങളേക്കാള്‍ പതിന്മടങ്ങ് മൂര്‍ച്ചയുണ്ട്. പേനയുടെ മുന കൂര്‍പ്പിക്കാന്‍ അറിഞ്ഞുകൂടാത്ത സിനിമാക്കാരനാണ് വിനീത് ശ്രീനിവാസന്. ‘ വിനീത വിസ്മയം ‘ എന്ന പുസ്തകം ഫസലു റഹ്മാന്റെ കേട്ടെഴുത്തുകളാണ്. ഒരു സൗഹൃദ അനുഭവം എന്നതില്‍ കവിഞ്ഞ് മറ്റൊന്നും പകര്ത്തിയെടുക്കാനില്ലാത്ത പുസ്തകമായി ‘ വിനീത വിസ്മയം ‘ ഒടുങ്ങുകയാണ്. സിനിമയില്‍ ദുരുപയോഗം ചെയ്യപ്പെട്ട ഒരു പദമാണ് എന്റര്ടെയിന്മെന്റെന്ന് തിരിച്ചറിഞ്ഞ് ഇപ്പുറത്ത് കുറച്ചു ഗൗരവങ്ങളെ കൂട്ടിവെച്ചവരാണീ എഴുത്തുകാരൊക്കെ.
കഥയിലെ
പിന്കണ്ണുകള്
മലയാളത്തിലെ ചില കഥകള്‍ സിനിമാറ്റിക്കായി നമുക്കു മുമ്പിലെത്താറുണ്ട്. അതു കാഴ്ചയുടെ കാലത്തിന്റെ വ്യാഖ്യാനമാണ്. വളരെ അടുപ്പം നിറഞ്ഞ ഒരു ജീവിതാന്തരീക്ഷം അന്യമായി മാറുന്ന പ്രക്രിയയെയാണ് ഇപ്പോള്‍ നാം ജീവിതമെന്നു വിളിക്കുന്നത്. ഒരിക്കലും പണിതീരാത്ത നഗരമായി മനുഷ്യനെയും അവന്റെ ഏകാന്തതയെയും ചിത്രീകരിക്കുന്ന ഒരു കഥ എസ്.ആര്. ലാല്‍ എഴുതിയിട്ടുണ്ട്. ‘രണ്ട് സ്നേഹിതര്‍ ‘ (മാതൃഭൂമി ആഴ്ചപ്പതിപ്പ് 2023 ഏപ്രില്‍ 9 ) എന്നു ശീര്ഷകപ്പെടുത്തിയിട്ടുള്ള കഥയില്‍ മനുഷ്യന്റെ തുരുമ്പെടുത്തുപോയ ഓര്‍മ്മയെ ചെറുതല്ലാത്ത ചില അഫോറിസങ്ങള്‍ കൊണ്ട് പൂരിപ്പിക്കുന്നുണ്ട്. ‘രണ്ട് സ്നേഹിത ‘രില്‍ ലാല്‍ ഇങ്ങനെ കുറിക്കുന്നു – ‘ആവശ്യങ്ങളാണല്ലോ ഓര്‍മ്മകളെ നിലനിര്‍ത്തുന്നത്. മനുഷ്യരെന്നത് കേവലം ചില ഓര്‍മ്മകള്‍ സൂക്ഷിക്കുന്നവരാണ്. സ്ഥായിയായ ഓര്‍മ്മകള്‍ എത്രയോ വിരളമാണ്. മനസ്സു തുറന്ന് സംസാരിക്കാന്‍ പറ്റിയ ആരുമിപ്പോള്‍ ഭൂമിയില്‍ അവശേഷിച്ചിരിപ്പില്ല’ . ഇത് ഏകാന്തതയെ കുറിച്ചും മറവി എന്ന പാപത്തെക്കുറിച്ചുമുള്ള ഒരു സിനിമാറ്റിക് കഥയാണ്. ഓര്‍മ്മ ഒരു സ്ക്രീന്‍ സ്പേസാണ്. മറവി അതിന്റെ വെട്ടിത്തിരുത്തലുകളാണ്. ബാലഗോപാല്‍ എന്ന വ്യക്തിയുടെ മൂകമായ വ്യക്തിത്വസംഘട്ടനങ്ങളുടെ മൂര്‍ച്ച ഉരച്ചുനോക്കുന്ന ഈ കഥ ഒരു സ്ക്രീനിലെന്ന മട്ടിലാണ് നമ്മുടെ ബോധത്തിലിടം നേടുന്നത്. വി. എച്ച്. നിഷാദിന്റെ ‘ഏപ്രിലിന്റെ കഥകള്‍’ ( ഭാഷാപോഷിണി 2023 ഏപ്രില്‍) മൂന്ന് മൈക്രോ കഥകള്‍ ചേര്‍ന്നതാണ്. ‘മുയലുകള്‍’ എന്ന കഥ മുയല്വേട്ടക്കാരനായ അമ്മാവന്റെ വന്യതയാല്‍ ആകര്‍ഷിക്കപ്പെടുന്ന, ധാരാളിത്തം കൊണ്ട് മദിപ്പിക്കുന്ന പാരിസ്ഥിതിക കൊള്ളയുടെ ചിത്രീകരണമാണ്. ‘സ്കൂട്ടര്‍’ എന്ന കഥ. പെണ്ണ് സൈക്കിള്‍ പോലും പഠിച്ചു കൂടാതിരുന്ന കാലത്തെ അട്ടിമറിച്ചതിന്റെ ഹ്രസ്വചരിത്രമാണ്. ‘വായനക്കാര്‍’ എന്ന മൂന്നാമത്തെ കഥ വായനയുടെ സംസ്കാരത്തെ ചൊല്ലിയുള്ള പ്രായം കുറഞ്ഞ ആകുലതകളാണ്. ഈ കഥകള്‍ക്ക് കഥാകാരന്മാരേക്കാള് വീര്യം വെച്ച പിന്കണ്ണുകളുണ്ട്. കാരണം ഈ കഥകളൊക്കെയും സിനിമാറ്റിക്കാണ്.
കാണുന്ന കാലത്തെ
കവിത
ചില കവിതകള്‍ ധ്യാനം എന്ന രഹസ്യത്തിന്റെ ആനന്ദസാരത്തെ പെയിന്റ് ചെയ്യും. ജ്ഞാനധാരകളുടെ മഹാപ്രവാഹത്തില്‍ നര്‍ത്തനമാടുന്ന ബുദ്ധിയാണ് സെബാസ്റ്റ്യന്റേത്. അതുകൊണ്ടുതന്നെ മറ്റു കവികളേക്കാള്‍ അതിശയകരമായി അയാള്‍ കവിത നെയ്യുന്നു. പരിസ്ഥിതിയിലെ ദൈവികാവശിഷ്ടങ്ങള്ക്ക് മാംസപുഷ്ടി നല്കാന് കവിതയെന്ന മാധ്യമത്തെ സെബാസ്റ്റ്യന്‍ സൂക്ഷ്മമായി വിനിയോഗിക്കുന്ന വിധം പ്രകടമാക്കുന്ന കവിതയാണ് ‘വാട്ടര്‍കളര്‍ ‘ (മാതൃഭൂമി ആഴ്ചപ്പതിപ്പ് 2023 ഏപ്രില്‍ 09-15). ഇരുട്ടില്‍ ജീവിതത്തിന് നിറം കൊടുക്കുന്ന മനുഷ്യരെ വെളിച്ചത്തില്‍ മുക്കിപ്പിടിക്കാന്‍ സെബാസ്റ്റ്യന്‍ നടത്തുന്ന ശ്രമത്തെ കാണുന്ന കാലത്തിലെ കവിതയായി കണ്ട് അഥവാ സിനിമാറ്റിക് പൊയട്രിയായി ഉള്‍ക്കൊണ്ടു കൊണ്ട് നിരീക്ഷിക്കേണ്ടതുണ്ട്. പ്രകൃതിയാണ് ഏറ്റവും നല്ല ചിത്രകാരിയെന്ന് സെബാസ്റ്റ്യന്‍ പ്രഖ്യാപിക്കുകയാണ്. ‘ വാട്ടര്‍കളര്‍ ‘ എന്ന കവിതയുടെ ആദ്യ – അവസാന വരികള്‍ ഉദ്ധരിച്ചാല്‍ ഈ കാണുന്ന കാലത്തെ അഥവാ കവിത തന്നെ പെയിന്റിങ്ങായി രൂപപ്പെടുന്നതിന്റെ സത്യങ്ങള്‍ വെളിപ്പെട്ടു വരും.
പുഴയിലെ കുഞ്ഞുതിരകള്ക്കുമേലേ
പകലിനെ നേര്‍പ്പിച്ചു വരച്ചുകൊണ്ടിരുന്നു,
നാലുമണി .
ഇനി ചെറുതോണികളുടെ വരവാണ്
ഇരുട്ടിന് നിറം തേക്കാന്‍.
അതാ ആ ഒറ്റയാന് മിന്നാമിനുങ്ങ്
പറന്നുയരുന്നു
കറുത്തവാനില് നക്ഷത്രങ്ങളെ വരക്കുവാന്‍
- വാട്ടര്‍കളര്‍ / സെബാസ്റ്റ്യന്‍
ഈയാഴ്ചയിലെ
പുസ്തകം
സിനിമയില്‍ നമ്മുടെ കാലം
/ ഒ.കെ. ജോണി
(മാതൃഭൂമി ബുക്സ് )
സാങ്കേതികത മുറ്റിനില്ക്കുന്നതോ വിപണി പിടിച്ചതോ ആയ സിനിമകളെ കുറിച്ച് നിരൂപണം ആവശ്യമില്ലായെന്നു വിശ്വസിക്കുന്നവരാണ് നാം. കഥ പറഞ്ഞു പോകുന്നതില്‍ നിന്ന് വിഘടിച്ച്, ദൃശ്യങ്ങളുടെ അര്‍ത്ഥം ചുരത്തിയെടുക്കാന് പക്ഷെ നിരൂപണം കൂടിയേ തീരൂ. ചലച്ചിത്ര നിരൂപകന്റെ നിരീക്ഷണങ്ങള്‍ കൊണ്ട് ആഖ്യാനവും ആശയവിനിമയവും സാദ്ധ്യമാക്കാനാണ് ഓരോ സിനിമാപുസ്തകവും ശ്രമിക്കുന്നത്. സിനിമാകലയില് വ്യാജവ്യക്തിത്വം നിര്മ്മിച്ചെടുത്തവരെ കുറിച്ചാണ് നമ്മുടെ പല ചലച്ചിത്ര നിരൂപകരും പൂരപ്രബന്ധങ്ങള്‍ എഴുതുന്നത്. ഇവിടുത്തെ നിരൂപണങ്ങള്‍ പലതും തിരക്കഥയുടെ സ്പ്ലിറ്റ് രൂപം നിര്‍മ്മിക്കലോ കഥയുടെ സംക്ഷിപ്ത രൂപം രേഖീകരിക്കലോ ഒക്കെയാണ്. സാധാരണ പ്രവണതകള്‍ക്കോ ഗതാനുഗതികത്വത്തിനോ തെല്ലും വഴങ്ങാത്ത ചലച്ചിത്രനിരൂപകനാണ് ഒ. കെ. ജോണി. ‘ സിനിമയില്‍ നമ്മുടെ കാലം ‘ എന്ന പുസ്തകം പതിവു രീതികള്‍ തെറ്റിച്ചുകൊണ്ടാണ് എഴുതപ്പെട്ടിരിക്കുന്നത്. വിപണി പിടിക്കാത്ത സിനിമകളിലൂടെ സഞ്ചരിക്കുക, വിനോദോപാധി മാത്രമാണ് സിനിമ എന്ന വിശ്വാസത്തെ പൊളിയ്ക്കുക, എഴുതുന്ന സിനിമകളെ രാഷ്ട്രീയമായി വിലയിരുത്തുക തുടങ്ങിയ ദൗത്യങ്ങളാണ് ജോണി നിശ്ശബ്ദമായി നിര്‍വ്വഹിക്കുന്നത്. സിനിമയില്‍ അടൂരിന്റെ അരനൂറ്റാണ്ടിനെ കുറിച്ചും ഗൊദാര്‍ദിന്റെ രാഷ്ട്രീയ സിനിമയെ കുറിച്ചും സത്യജിത് റായി, മൃണാള്‍ സെന്‍ , സൊളാനസ്, കെ.പി. കുമാരന് , എം.ടി എന്നിവരെക്കുറിച്ചുമൊക്കെയാണ് ജോണി എഴുതുന്നത്. ലോക- ഇന്ത്യന്‍ – മലയാള സിനിമയുടെ ദൃശ്യവ്യവസ്ഥകളെ മാറ്റിമറിച്ച ചലച്ചിത്രകാരന്മാരെയാണ് ജോണി അക്ഷരങ്ങളില്‍ കൊത്തിയെടുക്കുന്നത്. ദൃഢവും വ്യക്തവുമായ കാഴ്ച സമ്മാനിക്കുന്നതിലാണ് ഇവരുടെ സിനിമകളുടെ ആകര്‍ഷണീയതയുടെ ഉത്സുകകേന്ദ്രം സ്ഥിതി ചെയ്യുന്നത്. സിനിമാനിരൂപണത്തിന് ജനസമ്മതിയുടെ ഉള്‍ക്കാമ്പ് പകരുകയല്ല ജോണിയുടെ ലക്ഷ്യം. ആശ്ചര്യജനകമായ പലതിനെയും മാറ്റിനിര്‍ത്താന്‍ ജോണിയുടെ ‘ സിനിമയില്‍ നമ്മുടെ കാലം ‘ എന്ന പുസ്തകത്തിനാവുന്നു.
ഈയാഴ്ചയിലെ
ഇലസ്ട്രേഷന്
നാം കാഴ്ചയുടെ ശാന്തിയും അശാന്തിയും തിരിച്ചറിയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. കണ്ണിന്റെ വ്യായാമം വര്‍ദ്ധിപ്പിക്കുക മാത്രമാണോ ഇലസ്ട്രേഷന്റെ ലക്ഷ്യം എന്നൊരു ചോദ്യം ഇപ്പോള്‍ പല ദിക്കുകളില്‍ നിന്നെത്തുന്നുണ്ട്. എല്ലാ ചിത്രങ്ങളിലും ഒന്നുമില്ലെന്നു തോന്നുന്ന ഒരര്ത്ഥമുണ്ടെന്ന തിരിച്ചറിവിന് നാം പലപ്പോഴും കണ്ണു നല്‍കാറില്ല. ചിത്രകല നിറനിബിഡമായിത്തീര്ന്നത് കവിതയുടെയും കഥയുടെയും നോവലിന്റെയുമൊക്കെ പ്രതലത്തിലോ വൈറ്റ് സ്പേസിലോ ആണെന്നതും ഒരു ധാരണയായി വളര്‍ന്നിട്ടുണ്ടിപ്പോള്‍. പ്രകടമായ കാഴ്ചകളില്‍ നിന്ന് പ്രജ്ഞയെ മയക്കിവിളിച്ച് പ്രകടമല്ലാത്ത കാഴ്ചകളിലേക്ക് നയിക്കുന്ന ചിത്രകാരനാണ് ജെ. ആര്. പ്രസാദ്. ഭീതിതവും ദുരിതപൂര്‍ണവുമായ വികാരങ്ങളെ ആവിഷ്കരിക്കുമ്പോള്‍ പോലും അതിനുള്ളില്‍ സൗന്ദര്യമെന്ന ഘടകത്തെ വിന്യസിച്ചു നിര്‍ത്തുന്ന വിധം ശ്രദ്ധേയമാണ്. ജീവിതത്തെ രൂപം എന്ന ഒരു സങ്കല്‍പ്പത്തില്‍ വെച്ചാണ് പ്രസാദ് ട്രീറ്റ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ പ്രസാദിന്റെ ചിത്രങ്ങള്‍ നമ്മെ ആന്തരികസംവാദത്തിന്റെ അന്തിമഗുണങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു. കലാപൂര്‍ണ്ണ മാസികയുടെ ഈ (ഏപ്രില്‍ 2023 ) ലക്കം കവിതാപ്പതിപ്പാണ്. അതില്‍ അറുപത്തിയഞ്ച് കവിതകളാണുള്ളത്. ഇരുപത്തിയാറോളം കവിതകള്‍ക്ക് വരച്ചിരിക്കുന്നത് ജെ. ആര്. പ്രസാദാണ്. കെ. ജയകുമാറിന്റെ ‘പ്രണയവിളംബരം’ എന്ന കവിതയ്ക്കു വരച്ച ഒരു ചിത്രം കവിതയുടെ അവസാനവരികള്ക്കുള്ള വിശദീകരണമാണ്.
ആരെല്ലാം വന്നാലും പോയാലും
ആളുകള്‍ ഇഴഞ്ഞാലും കൊഴിഞ്ഞാലും
പ്രണയത്തിനു ധാതുക്ഷയമില്ല.
വാര്ദ്ധക്യപ്രണയത്തിന്റെ മുഖഭാഷയെയാണ് പ്രസാദ് ഇതില്‍ ആവിഷ്കരിച്ചിരിക്കുന്നത്. വിമീഷ് മണിയൂരിന്റെ ‘ മിമിക്രി ‘ എന്ന കവിതയ്ക്കൊക്കെ വരച്ചിരിക്കുന്ന ചിത്രം മിമിക്രി എന്ന കലയുടെ ശബ്ദാടുക്കുകളെ പല മുഖങ്ങള്‍ ഉപയോഗിച്ച് ചിത്രീകരിച്ചിരിക്കുകയാണ്. ജെ. ആര്. പ്രസാദ് സര്‍ഗാത്മക രചനകള്‍ക്കു വേണ്ടി ചിത്രമൊരുക്കുമ്പോള്‍ ഒരു വസ്തുവിന്റെയും ഛായാപകര്പ്പാകാതിരിക്കാന് നടത്തുന്ന പ്രയത്നത്തെ അംഗീകരിച്ചേ മതിയാകൂ.
ഈയാഴ്ചയിലെ
അഫോറിസം
ഇരുട്ടിന്റെ
കറകളെ പെറ്റിടുന്ന
പൊട്ടിത്തുറന്ന
ക്യാന്‍വാസാണ്
കണ്ണ്.