ഭാഷയുടെ ആകൃതി (കേരളത്തിന്റെയും) !
മലയാള ഭാവന കഥയുടെ കലയെയും അതിന്റെ ചുറ്റുപാടുകളെയും മനുഷ്യവല്‍ക്കരിക്കാന്‍ ദാര്‍ശനിക സൗന്ദര്യത്തെ വിരളമായി മാത്രമേ വിനിയോഗിക്കാറുള്ളു. കഥാനിര്‍മ്മാണം കഥാകാരനില്‍ നിന്ന് സ്വാതന്ത്ര്യം മാത്രമല്ല പുറത്തേയ്ക്കയ്ക്കുന്നത് മറിച്ച് സൗന്ദര്യം കൂടിയാണ്. ജീവിതം എന്ന അസംസ്‌കൃത വിഭവത്തെ മറ്റൊരു ആവിഷ്‌കാരത്തിനു വേണ്ടി തിരഞ്ഞു പോകുമ്പോള്‍ ശീലിച്ചുവെച്ചിട്ടുള്ള മൂല്യങ്ങളെ തകിടം മറിക്കേണ്ടി വരും.
That’s the thing
about books.
They let you
travel without
moving your feet.
-Jhumpa Lahiri
ഭാഷ എന്ന വസ്തുവിന്റെ കാതല്‍ ലിപിയാണ്. ഭാഷ അതില്‍ തന്നെ ഒരു ദേശമാണ്. അതുകൊണ്ട് അതിനൊരു ആകൃതിയുണ്ട്. ഏത് ലിപിക്കും ഒരു കലാവിദ്യയുണ്ട്. അത് ഒരു കാലത്തിലോ ബിന്ദുവിലോ മാത്രമായി നിലകൊള്ളാന്‍ ഇഷ്ടപ്പെടുന്നില്ല. അതിന് അകമേയും പുറമേയും വ്യാജമായി നിലനില്‍ക്കാനാവില്ല. ഒരൊറ്റതാളിനാലും പുസ്തകം നിര്‍മ്മിക്കാം. മലയാളത്തിലെ ലിപികളെ നോക്കൂ – അവയോരോന്നും കെട്ടുപിണഞ്ഞതും ചുറ്റിക്കെട്ടുള്ളതുമായ ഓരോ ദേശങ്ങളെ പോലെയാണ്. അവയ്ക്കു വേണമെങ്കില്‍ ചുറ്റിപ്പിണയാതെ മറ്റൊന്നാകാമായിരുന്നു. അപ്പോഴും അവയ്ക്ക് അര്‍ത്ഥങ്ങളുടെ സ്വത്വരൂപമാകാന്‍ കഴിയുന്നു. നാം പലപ്പോഴും അവയെ പാകമാകാത്ത വൈറ്റ് സ്‌പേസിലേക്ക് (white space) നിര്‍ബന്ധിച്ചു കൊണ്ടിരുത്തുകയാണ് ചെയ്യുന്നത്. മലയാളത്തിലെ ചില്ലക്ഷരങ്ങളെ നോക്കൂ – അവ വിശാല പേപ്പറുകളില്‍ നീന്തി തുടിക്കാന്‍ ആഗ്രഹിക്കുന്നില്ല. അവ അതിന്റെ പൂര്‍വവഴികളെ നിരാകരിക്കുകയാണ് ചെയ്യുന്നത്. അപ്പോഴും സദാ മാറിക്കൊണ്ടിരിക്കുന്ന സൗന്ദര്യമാകാന്‍ അവയ്ക്കാവുന്നു. നമ്മുടെ ബൗദ്ധിക വ്യവഹാരങ്ങളിലും ചിന്താപരമായ ഘടനകളിലും സമൂലമായ ഒരു വീക്ഷണ വ്യതിയാനം സംഭവിച്ചു കഴിഞ്ഞു. ഇതൊരു ബിഗ് പ്രോജക്ട് പാരഡൈം ഷിഫ്റ്റാണ്. ഈ വ്യവസ്ഥാവ്യതിയാനം സാഹിത്യത്തിന്റെ കാര്യത്തിലും നടപ്പിലാക്കേണ്ടതുണ്ട്. ഭാഷയ്ക്ക് അതിന്റെ ആകൃതിയും സ്വാതന്ത്ര്യവും നാം തിരിച്ചു നല്‍കേണ്ടതുണ്ട്. അതിന് ചില സങ്കല്പങ്ങള്‍ താഴെ വീഴേണ്ടതുണ്ട്.
എട്ടിലൊന്ന് എന്ന വിശാല സ്‌പേസിലിട്ട് അക്ഷരങ്ങളെ ചുറ്റിക്കെട്ടേണ്ടതുണ്ടോ എന്ന ആശയത്തി നിന്ന് പ്രസക്തിയേറുന്നു. ക്രമം തെറ്റിക്കുമ്പോഴാണ് നവീനതയും സൗന്ദര്യവും പുതുതായുണ്ടാകുന്നത് എന്ന് ബെന്‍ ഓക്രി വാദിച്ചിട്ടുണ്ട്. ഒരു വാക്കിനെയോ വാക്യത്തെയോ അതര്‍ഹിക്കാത്ത വിശാല സ്‌പേസിലേക്ക് പിടിച്ചിരുത്തുക വഴി അതിന്റെ യാഥാര്‍ത്ഥ്യമെന്നതിനേക്കാള്‍ അതിന്റെ പാരഡിയെയാണ് നിങ്ങള്‍ സൃഷ്ടിക്കുന്നത്. എട്ടിലൊന്ന് എന്ന കളവിന് വിപരീതമായി സഞ്ചരിച്ച പുസ്തകങ്ങളെ ഒന്നു അടയാളപ്പെടുത്തുകയാണ് ഈ ലേഖകന്റെ ലക്ഷ്യം. ലിപിയെന്നത് ഒരു വ്യവസായ ഉല്‍പന്നമാകുന്നതിനും മുമ്പ് ഒരു കലാ ഉല്‍പന്നമായിരുന്നുവെന്നതിന്റെ സാക്ഷ്യമായി ഇവിടെ നിരവധി കൃതികള്‍ ഉണ്ടായിട്ടുണ്ട്.
പുസ്തകത്തിന്റെ സ്ഥിരമായ ഐഡന്റിറ്റിയാണ് എട്ടിലൊന്ന്. പക്ഷെ ഇതെഴുതുന്ന എഴുത്തുകാരന് ഒരു മുഖമല്ലല്ലോ ഉളളത്. എല്ലാ ലിപികളും അതുപോലെ തന്നെ സഞ്ചാരികളാണ്. കഥകളിയിലെ നടന് നളനാകാന്‍ കഥകളിയിലെ കഥാപാത്രമായേ മതിയാകൂ എന്നു പറയും പോലെയാണ് ഒരു ലിപിക്ക് ആശയത്തിന്റെയുളളിലേ നിലനില്‍പ്പുളളുവെന്നു പറയുന്നതും. വാക്യത്തിന്റെ ആകൃതിയാണ് അതിന്റെ സ്ഥലവും കാലവും. അതിന്റെ ശതകോടി ശ്വാസങ്ങളുണ്ട്. അതിനെ ആകൃതിപ്പെടുത്താന്‍ ഒരു വിശാല സ്‌പേസിനേക്കാള്‍ ഉതകുക അതിന്റെ വണ്ണത്തിനൊത്ത സ്‌പേസാണ്. ഒരു വാക്യത്തിനു വേണ്ടി എട്ടിലൊന്നിന്റെ വിസ്തീര്‍ണ്ണം ഉപയോഗിക്കുമ്പോള്‍ ആ സ്ഥലം ഒരു മിഥ്യയായി തീരുന്നു. വാക്കുകള്‍ക്കു താമസിക്കാനുള്ള സ്ഥലം കഴിച്ചാല്‍ ബാക്കി മിഥ്യകളെ ഊട്ടാനോ വില്‍ക്കാനോ ഉള്ള വ്യാജസ്ഥലമാണ്. ഏറ്റവും ചെറിയ സ്‌പേസില്‍ ജീവിതം തിളച്ചുമറിയുന്നതിനെ നമ്മുടെ എഴുത്തുകാര്‍ ആവിഷ്‌കരിച്ചതിന്റെയും മൈക്രോ പുസ്തകം രൂപമെടുത്തതിന്റെയും സാക്ഷ്യങ്ങള്‍ നിരത്താം.
കുമാരനാശാന്റെ ‘കരുണ ‘ മുതല്‍ ‘നളിനി ‘ വരെയുള്ള കൃതികളും ചങ്ങമ്പുഴയുടെ ‘ വാഴക്കുലയും ‘ അശോകന്‍ ചരുവിലിന്റെ ‘ ഛായാപടം ‘, വൈശാഖന്റെ ‘ നേര്‍വളവുകള്‍ ‘ , യു. കെ. കുമാരന്റെ ‘ സംഘടിതം ‘, ബി. മുരളിയുടെ ‘നിന്റെ ചോരയിലെ വീഞ്ഞ് ‘ എന്നീ നോവലുകളും ബഷീറിന്റെ കൃതികളും എട്ടിലൊന്ന് വിസ്തീര്‍ണ്ണത്തിലല്ല നമുക്കു മുമ്പിലെത്തിയത്. എം. കൃഷ്ണന്‍ നായരുടെ ‘ സൗന്ദര്യത്തിന്റെ സന്നിധാനത്തില്‍ ‘ എന്ന നിരൂപണ കൃതിയ്ക്കും എട്ടിലൊന്നിന്റെ പാരഡിയായിരുന്നില്ല. ആന്‍ഡ്രിയ ഗിബ്‌സന്റെ ‘Take me with you’, ഉംബര്‍ട്ടോ എക്കോയുടെ ‘ How to spot a fascist ‘ എന്നീ പുസ്തകങ്ങളും സാമ്പ്രദായികതയെ ഉദിപ്പിക്കുന്നില്ല. പുതിയ മനുഷ്യന് അക്ഷരങ്ങളുടെയോ വാചകങ്ങളുടെയോ സ്വത്വത്തെ പുല്‍കാനാവില്ലെന്നും പകരം അക്കങ്ങളും കോഡുകളുമാണ് പുതിയ സ്വത്വമെന്നും തിരിച്ചറിയുന്ന പക്ഷം എല്ലാ കെട്ടുകളെയും പൊട്ടിക്കേണ്ടതുണ്ട്. കേരളത്തിന്റെ ആകൃതിയില്‍ ഒരു പുസ്തകത്തെ എന്താണ് സ്വപ്‌നം കണ്ടാല്‍. Slant Books കളുടെ കാലമല്ലേയിത്. മലയാള ലിപികള്‍ അത്തരം ഒരു സ്വാതന്ത്ര്യത്തെ പൊതി അഴിച്ചുവെച്ചതുകൊണ്ടാണ് വീരാന്‍കുട്ടി ഓട്ടോഗ്രാഫ് വലിപ്പത്തില്‍ എസ്. എം. എസ് കവിതകള്‍ എന്നു ബ്രാന്റു ചെയ്ത ‘തൊട്ടുതൊട്ടു നടക്കുമ്പോള്‍ ‘ എന്ന കാവ്യപുസ്തകം നമ്മിലേക്കെത്തിച്ചത്.
മരിച്ചുപോകല്‍
ശരിക്കും പിണങ്ങിപ്പോകല്‍ തന്നെ.
എവിടേക്കാണു പോകുന്നതെന്നു
പറയുകേയില്ല.
- മരിച്ചുപോകല്‍ / വീരാന്‍കുട്ടി
( തൊട്ടുതൊട്ടു നടക്കുമ്പോള്‍ )
നമ്മള്‍ മിനി സ്‌കേര്‍ട്ടിടും . പക്ഷെ പുസ്തകങ്ങളുടെ മിനിയേച്ചര്‍ സംസ്‌കാരത്തെ ഉടച്ചുകളയും. കേരളത്തെ നോക്കൂ , മലയാള ലിപികളെ നോക്കൂ , കെട്ടുപിണഞ്ഞതല്ലേ ! നിവര്‍ത്തിയെടുത്തിട്ടില്ലൊന്നിനെയും. നെറ്റില്‍ പരതാനുളള വസ്തുവായി മാറിയോ ഭാഷയും അതിന്റെ ആകൃതികളും.
കഥയുടെ
ദര്‍ശന ലാവണ്യം
മലയാള ഭാവന കഥയുടെ കലയെയും അതിന്റെ ചുറ്റുപാടുകളെയും മനുഷ്യവല്‍ക്കരിക്കാന്‍ ദാര്‍ശനിക സൗന്ദര്യത്തെ വിരളമായി മാത്രമേ വിനിയോഗിക്കാറുള്ളു. കഥാനിര്‍മ്മാണം കഥാകാരനില്‍ നിന്ന് സ്വാതന്ത്ര്യം മാത്രമല്ല പുറത്തേയ്ക്കയ്ക്കുന്നത് മറിച്ച് സൗന്ദര്യം കൂടിയാണ്. ജീവിതം എന്ന അസംസ്‌കൃത വിഭവത്തെ മറ്റൊരു ആവിഷ്‌കാരത്തിനു വേണ്ടി തിരഞ്ഞു പോകുമ്പോള്‍ ശീലിച്ചുവെച്ചിട്ടുള്ള മൂല്യങ്ങളെ തകിടം മറിക്കേണ്ടി വരും. സമൂഹത്തിന്റെ മറ്റേപ്പിളര്‍പ്പില്‍ നിലനില്‍ക്കുന്ന മഹാഭൂരിപക്ഷത്തിന്റെ പല ദോഷങ്ങളെയും ആവിഷ്‌കരിക്കാന്‍ വി. ഷിനിലാല്‍ എന്ന കഥാകാരന്‍ വിനിയോഗിക്കുന്നത് ചില പ്രായോഗിക തത്വചിന്തകളെയാണ് . സമകാലിക സദാചാരത്തെ വെല്ലുവിളിക്കാന്‍ പേശീബലം ലഭിച്ച ഒരു കഥയാണ് വി. ഷിനിലാലിന്റെ
‘ക്രിയ ‘(ഭാഷാപോഷിണി, ആഗസ്റ്റ് , 2023 ). ജീവിതത്തെയും രതിയുടെ മന:ശാസ്ത്രത്തെയും മനുഷ്യന്റെ സത്യസന്ധതയുടെ പ്രകടമായ വ്യവഹാരമല്ലാതായി കാണുന്ന ഒരു കാലത്തില്‍ മനുഷ്യന്‍ അവനെതന്നെ മറച്ചുവയ്ക്കുന്നതിന്റെ ദാര്‍ശനിക പാഠങ്ങളാണ് വി. ഷിനിലാല്‍ ക്രിയ എന്ന കഥയിലൂടെ കൈമാറുന്നത്. എല്ലാറ്റിനും ഐഡന്റിറ്റി നഷ്ടമായ ഒരു കാലത്തില്‍ ചുറ്റും നില്‍ക്കുന്ന സ്ത്രീകളെ ലൈംഗിക ഉപകരണമായി മാത്രം കാണുന്നതിനെ ഷിനിലാല്‍ എതിര്‍ക്കുന്നത് ദാര്‍ശനിക പ്രത്യയങ്ങള്‍ ഉപയോഗിച്ചാണ്. ഷിനിലാലിന്റെ ക്രിയ എന്ന കഥയിലെ വാക്യാര്‍ച്ചനകള്‍ ഭാഷയുടെയും ദേശത്തിന്റെയും ആകൃതി കൂടിയായി രൂപമെടുക്കുകയാണ്.
1
സ്ത്രീ ഒരു യന്ത്രം കണക്കെ അയാള്‍ക്കുമേല്‍ ചലിച്ചുകൊണ്ടിരുന്നു.
2
തന്റെ മേല്‍ സഞ്ചരിക്കുന്ന സ്ത്രീ ഇപ്പോള്‍ ഒരു വൃദ്ധയാണ്. എത്രയോ കാലമായി ഇതേ പ്രക്രിയ ആവര്‍ത്തിച്ചു ചെയ്താണ് അവള്‍ വൃദ്ധയായത്.
3
ജനനത്തിനും മരണത്തിനും ഇടയിലെ പാറലാണ് ജീവിതം.
4
ആനന്ദത്തിനു വേണ്ടിയാണ് ഭൂമിയില്‍ ജീവന്‍ നിലകൊള്ളുന്നത്.
5
ദാഹം.
ജീവിതവും അതിനുള്ളിലെ രതിയും ഒരിക്കലും അസ്തമിക്കാത്ത ദാഹമാണെന്നാണ് വി. ഷിനിലാലിന്റെ ‘ക്രിയ’ പറഞ്ഞുവയ്ക്കുന്നത്. കഥ അവസാനിക്കുന്നത് ഇങ്ങനെയാണ്:
ക്രിയ – മരണം എന്നു കൂടി പ്രയോഗാര്‍ഥം. മനുഷ്യന്‍ നിത്യതയിലേക്കുള്ള സത്തയാണെന്ന് അഭിപ്രായപ്പെട്ടത് സോക്രട്ടീസാണ്. ആ സത്തയ്‌ക്കേല്‍ക്കുന്ന ഭാവനാപരമായ സംഭവങ്ങളുടെ ശുദ്ധാവസ്ഥ ഇവിടെ യാഥാര്‍ത്ഥ്യമായി തുടരുകയാണ്.
സച്ചിദാനന്ദന്റെ
മഴ I തീ I മരം I കാറ്റ് I മണ്ണ്
സച്ചിദാനന്ദന്റെ കവിതയില്‍ ഇന്നും ഒരു സംഗീതാത്മക ദു:ഖമുണ്ട്. അത് അജ്ഞാതത്വം ഉയര്‍ത്തിവിടുന്ന ആകുലതകളാണ്. അറിവു തന്നെ ധൂര്‍ത്തായി തീരുന്നിടത്ത് ധ്യാനം കൊണ്ടു മനുഷ്യവര്‍ഗ്ഗത്തിനു സഞ്ചരിക്കാനുള്ള പ്രായോഗികമായ വഴിയാക്കി കവിതയെ മാറ്റുകയാണ് ചെയ്യുന്നത്. ഇവിടെ കവിതയുടെ മതം കുറെ സംശയങ്ങളും സ്‌നിഗ്ദ്ധതകളും വാങ്മയങ്ങളുമായി പ്രത്യക്ഷമാവുകയാണ്. കവിതയില്‍ സച്ചിദാനന്ദന്‍ ഒരുക്കുന്ന ഒരു പ്രകൃതിയുണ്ട്. ആ പ്രകൃതി മനുഷ്യനുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുന്ന ഒന്നാണ്. സച്ചിദാനന്ദന്റെ ‘രണ്ടാംവട്ടം ‘ എന്ന കവിതയില്‍ പുരാണത്തിന്റെ ഭൗതികവും ഉപയോഗാധിഷ്ഠിതവുമായ മാര്‍ഗ്ഗമാണ് പരീക്ഷിക്കുന്നത്. ഓരോ ബിംബത്തെയും കാലത്തിന്റെ അവസ്ഥയാക്കി ചിത്രീകരിക്കുകയാണിവിടെ. പരാജയപ്പെടുന്നവരെ കൂടി പ്രതീകവത്കരിക്കാനാണ് സച്ചിദാനന്ദന്‍ ശ്രമിക്കുന്നത്. പ്രകൃതി എപ്പോഴും വിജയിക്കുന്ന ഒരു ഭാവന മാത്രമല്ലെന്നും അതിന്റെ ജൈവകുലത്തിന് എപ്പോള്‍ വേണമെങ്കിലും ക്ഷതമേറ്റിരിക്കാമെന്നും ‘സീത’ എന്ന ബയോപിക് രേഖയിലൂടെ ചൂണ്ടിക്കാട്ടുകയാണ് ചെയ്യുന്നത്. രണ്ടാംവട്ടം എന്ന കവിതയുടെ ഓരോ ലീഫിലുമായി പ്രത്യക്ഷപ്പെടുന്നത് മഴ , തീ, മരം, കാറ്റ്, മണ്ണ് എന്നീ പ്രതീകബിംബങ്ങളാണ്. കവിത അവസാനിക്കുന്നത് നോക്കൂ:
മഴ തോര്‍ന്നു , തീ കെട്ടു , മരം ഉണങ്ങി,
കാറ്റ് ശമിച്ചു. മണ്ണില്‍ നിന്ന്
സീത മെല്ലെ ഉയര്‍ന്നു വന്നു:
ഇരുപതു പൂങ്കുലകളേന്തുന്ന
പൂത്ത ഒരു അശോകമായി
രാമന്‍ ഇല്ലാതെ .
- രണ്ടാംവട്ടം / സച്ചിദാനന്ദന്‍
(ഭാഷാപോഷിണി 2023 ആഗസ്റ്റ് )
എല്ലാം മണ്ണാകുമെന്നു പറയുന്ന ചിന്തയുടെ ഒടുവില്‍ വ്യത്യസ്തമായ ഒരു പാഠവും കൂട്ടിവായനയും സച്ചിദാനന്ദന്‍ തുടങ്ങി വയ്ക്കുകയാണ് ചെയ്യുന്നത്. എന്തിനെയും വലിച്ചടുപ്പിക്കുന്ന മണ്ണ് കഠിനമായ പ്രവൃത്തികളിലേക്കു കടക്കുന്നു. എന്തിനെയും ഇല്ലായ്മ ചെയ്ത ശേഷം മണ്ണ് പിന്നെയും കൊരുത്തെടുക്കുന്ന ഏകോപനത്തിന്റെ ലാവണ്യാനുഭൂതിയെയാണ് സച്ചിദാനന്ദന്‍ കാട്ടിത്തരുന്നത്
ഈയാഴ്ചയിലെ
പുസ്തകം.
VEDIPEDIA
vedic wisdom on your mobile (vol-1)
K Vinay Kumar/ Romansons Print House
പുസ്തക നിര്‍മ്മാതാവിന്റെ മനസ്സില്‍ വന്നുപോയ അനേകം വ്യാജചിന്തകളില്‍ ഒന്നു മാത്രമാണ് എട്ടിലൊന്ന് എന്ന ആകൃതി. അത് പുതിയ ഭാഷയുടെ ആകൃതിയാകാന്‍ വിസമ്മതിക്കുകയാണ് ചെയ്യുന്നത്. ഡിജി മോഡേണിസത്തിന്റെ ആനുകൂല്യങ്ങളെ വിനിയോഗിക്കുകയും മനശകലങ്ങള്‍ക്കുള്ളില്‍ അതിനെ എതിര്‍ക്കുകയും ചെയ്യുന്നതിന്റെ വലിയ ഉദാഹരണമാണ് ചെറിയ മീറ്റര്‍ വാക്യങ്ങള്‍ക്ക് എട്ടിലൊന്ന് എന്ന പാകമാകാത്ത വസ്ത്രം ധരിപ്പിക്കുന്നതിന്റെ സാക്ഷ്യങ്ങള്‍. പുസ്തകനിര്‍മ്മിതിയുമായി ബന്ധപ്പെട്ട് നാം ചെയ്യുന്നതൊക്കെ പുതിയ ഭൂതകാലത്തെയാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. അതിനിടയില്‍ ഒരു പുതിയ ഭാവിയെ ചൂണ്ടികാണിക്കുന്ന പുസ്തകമാണ് ‘vedipedia ‘. മൊബൈല്‍ ഫോണ്‍ ഒരു പോക്കറ്റ് ടെലിവിഷനായി മാറിയ കാലത്തില്‍ അതേ വലിപ്പത്തിലും ഡിസൈനിലും നിര്‍മ്മിക്കപ്പെട്ട പുസ്തകമാണിത്. വെറും ഇരുപത്തിയാറ് ലിപികള്‍ കൊണ്ട് ഇംഗ്ലീഷ് ഭാഷ നടത്തുന്ന അതേ മാജിക്കുകളെ തന്നെയാണ് പുസ്തകങ്ങളുടെ ആകൃതിയിലും നിര്‍മ്മിതിയിലും സാധ്യമാക്കുന്നതും. ഒരു പ്രൊഫൈല്‍ പേജ് എങ്ങനെ കലാപരമാകുന്നോ അതുപോലെയാണ് ഡിജിറ്റല്‍ ഫോര്‍മാറ്റിലുള്ള മൊബൈല്‍ ഫോണിന്റെ പൂമുഖവാതില്‍ രൂപത്തില്‍ എത്തിയിട്ടുള്ള Vedipedia യയും. ഈ പുസ്തകത്തിന്റെ ഉള്ളടക്കത്തിലേക്ക് വരുമ്പോഴും കെ. വിനയകുമാറിന്റെ ദാര്‍ശനിക ബുദ്ധി മുറ്റിനില്‍ക്കുന്ന വേദിക് അറിവുകളെയാണ് നാം മുഖാമുഖം കാണുന്നത്. ഇത് പുസ്തകനിര്‍മ്മാതാവിന്റെ പുതിയ കലാകാരപദവിയാണ്. ഇതിലെ Vedas in times of covid, vedas beyond 5 G , the spiritual ombudsman , empirical philosophy, eco- philosophy തുടങ്ങിയ കുറിപ്പുകള്‍ ജീവിതത്തെ മാറ്റിപ്പണിയാനുള്ളവയാണ്. ഇതിലെ mystical wisdom എന്ന കുറിപ്പില്‍ ഇങ്ങനെ വായിക്കാം :
The vedic philosophy is synonymous with spirituality.
It is replete with profound mystical wisdom.
ഇവിടെ കലയില്‍ മികച്ചത് എന്ന പദവിയില്ല. ഏതു മികച്ചതും വിലപ്പെട്ടതു തന്നെയാണ്. പക്ഷെ ഭാഷയുടെ ആകൃതിപ്പെടലാണ് ചില പുസ്തകങ്ങളെ ശ്രദ്ധിപ്പിക്കുന്നത്. പുസ്തകമെന്ന ആശയത്തിന് ഇപ്പോഴും എട്ടിലൊന്നിന്റെ മീറ്ററാണുള്ളത്. അതിനെ മറിച്ചിടാന്‍ Vedipedia യ്ക്കാവുന്നു.
ഈയാഴ്ചയിലെ
ഇല്ലസ്‌ട്രേഷന്‍
മരണം തിന്മയാണെങ്കില്‍ ആ തിന്മ കീഴ്‌പ്പെടുത്തിയ ഒരു ചിത്രകാരനുണ്ട്. വിചിത്ര സ്വത്വമായിരുന്ന ഒരു ചിത്രകാരനെ മരണം കവര്‍ന്നു കൊണ്ടുപോയിട്ട് ദിവസങ്ങളേയായിട്ടുള്ളു. അയാള്‍ അപൂര്‍ണമായി ഉപേക്ഷിച്ചുപോയ നിഷേധത്തിന്റെ ഭാരം ഇനി ആരു ചുമലിലേല്‍ക്കുമെന്നറിയില്ല. മരണം എന്ന തുരുമ്പു മൂടിപ്പോയ ചിത്രകാരനാണ് മിഥുന്‍ മോഹന്‍. വൈരുദ്ധ്യ ഭാഷങ്ങളിലൂടെ ചിത്രകലയുടെ അതിരുകളെ ഭേദിച്ച മിഥുന്‍ ജൂണ്‍ നാലിന് മലയാളിയോട് വിട പറഞ്ഞുവെങ്കിലും കാല്‍പനികതയുടെ മുഴക്കങ്ങളെ അതിജീവിച്ച ഒരാള്‍ എന്ന നിലയില്‍ മിഥുന്‍ ഇവിടെയുണ്ടാവും. ചിത്രകലയില്‍ പുതിയ പോഷണവ്യവസ്ഥകളുടെ അരങ്ങു കുറിച്ച ഈ ചിത്രകാരന്റെ അതിവൈകാരികമായ നരേറ്റീവുകളെ മാംസളമായ നാച്വറലിസമായി വായിച്ചെടുത്തേ മതിയാകൂ. മിഥുന്‍ വരച്ചത് ഒരു കറുത്ത ഗാന്ധിജിയെയാണ്. ഇന്ത്യ എല്ലാ കാലത്തും അസ്വാതന്ത്ര്യത്തിന്റെ ഇരുട്ടു പുതച്ചു തന്നെയാണ് കഴിയുന്നതെന്ന് സ്ഥാപിക്കാന്‍ മിഥുന്റെ ഗാന്ധിക്കു കഴിഞ്ഞു. Budha of Bamiyan ബുദ്ധധ്യാനത്തിന്റെ മുദ്രഭാഷയെ ചൂണ്ടിക്കാണിക്കുന്നു. Laughter under the cloud എന്ന ചിത്രം രണ്ടു കുരങ്ങന്‍മാരുടെ ചിരിയാണ്. അതു മനുഷ്യനെ നോക്കി പരിഹസിക്കുന്നതിന്റെ ഭാവാര്‍ത്ഥങ്ങളെയാണ് മുഖത്തിന്റെ പ്രതലത്തില്‍ ആണിയടിച്ചുവെയ്ക്കുന്നത്. ‘കാപ്പിരി ‘ , സ്വയം ഉന്തുന്ന മനുഷ്യന്‍ ‘ ഒക്കെ ശ്രദ്ധേയങ്ങള്‍ തന്നെയാണ്. ശാശ്വതമായ അടിമത്തത്തിന്റെ രേഖീകരണമാണ് കാപ്പിരിയിലുള്ളത്. ഇത്രയധികം രാഷ്ട്രീയമായി ചിത്രകലയുടെ സംസ്‌കാരത്തെ പുണര്‍ന്ന ഒരാള്‍ മരണം മൂലം കലയുടെ ചരിത്രത്തില്‍ നിന്നും പുറത്താകുമ്പോള്‍ ചേഷ്ടകളുടെ സ്ഥലപരതയില്‍ കണ്ണിറുക്കി പിടിച്ച് ചിത്രം കാണാനാണ് കാലം ഇനി നമ്മെ ക്ഷണിക്കുന്നത്.
ഈയാഴ്ചയിലെ
അഫോറിസം
ആകാശത്തോളം
പൊക്കാവുന്ന
രണ്ടു കോടാലികളാണ്
കണ്ണുകള്‍.