ആഘോഷിക്കപ്പെടുന്ന എഴുത്തുകാരും ആഘോഷിക്കപ്പെടാത്ത പുസ്തകങ്ങളും
ഭാവിയുടെ അര്‍ത്ഥം ഗ്രഹിക്കുന്നവര്‍ക്കു മാത്രമേ നിത്യകാലത്തിന്റെ ഉടമയാകാന്‍ കഴിയുകയുള്ളൂ. അസമത്വങ്ങളുടെ കാലത്ത് ചാരുകസേരയിലിരുന്ന് കവിത കുറിച്ച ഉള്ളൂരും വള്ളത്തോളും മഹാകവിപട്ടമൊക്കെ സ്വീകരിച്ച് ഇന്നും ഗ്രന്ഥശാലകളിലെ ഷെല്ഫുകളില് വിശ്രമിക്കുകയാണ്. പക്ഷെ ‘ദുരവസ്ഥയും ‘ , ‘ ചണ്ഡാലഭിക്ഷുകി’യും ‘ വീണപൂവും’ എഴുതിയ കുമാരനാശാന് ഇന്നും ചര്‍ച്ചയാകുകയാണ്. ആശാന്റെ കവിതകള്‍ വ്യക്തിപരതയില്‍ തടഞ്ഞു കിടന്നവയല്ല. അതില്‍ സമൂഹപരതയുടെ മുഴക്കം നിലനിന്നിരുന്നു. ചുറ്റുപാടിനെ വെറുക്കാത്ത ഒരാള്‍ക്കേ അസമത്വങ്ങളെ എതിര്‍ക്കാനാവൂ.
വായന ശല്യക്കാരിയായ പ്രചോദനമാകാന്‍ വിസമ്മതിക്കുന്ന കാലത്തിലാണ് നാമിപ്പോഴുള്ളത്. താറുമാറായിക്കിടക്കുന്ന വായന എന്ന മാനവിക പ്രഹസനത്തെ ശമനം കിട്ടാത്ത അസ്വസ്ഥതയാക്കി നിലനിര്‍ത്തുന്നത് നിസ്സാരങ്ങളായ ആശയങ്ങളാണ്. വെളിച്ചത്തില്‍ ഞടുങ്ങി കീഴ്മേല്‍ മറിഞ്ഞുകൊണ്ട് അറിവിനെ അനുഭവിക്കാനുള്ള സ്ഥലമല്ലിപ്പോള് ആഘോഷിക്കപ്പെടുന്ന എഴുത്തുകാരുടെ പുസ്തകങ്ങള്‍. പക്ഷെ ഈ ആഘോഷങ്ങള്‍ക്കപ്പുറം ഒരു സാധാരണ വായനക്കാരനെ താക്കീത് ചെയ്യുന്ന ചില പുസ്തകങ്ങള്‍ ആഘോഷിക്കപ്പെടുന്നില്ലെങ്കിലും അവ കാലത്തെ ചലിപ്പിക്കുന്നവയാണ്. സൗന്ദര്യാത്മക തത്വചിന്തയെ ജീവിതത്തെ ക്കുറിച്ചുള്ള ജീവിത ചിന്തയാക്കി ഉയര്ത്തിനിര്ത്തുന്നവരാണ് പക്ഷെ ആഘോഷിക്കപ്പെടാത്ത പുസ്തകങ്ങളുടെ ഉല്പാദകര്. പ്രഖ്യാപിത നിര്‍വ്വചനങ്ങളില്‍ നിന്നും മാറിനില്‍ക്കുന്ന പുസ്തകങ്ങളെ പിടിച്ചെടുക്കാന്‍ മലയാളി ഇനിയും പരിശീലിക്കേണ്ടിയിരിക്കുന്നു. സുബോധത്തില്‍ നിരന്തരം തിളച്ചുകൊണ്ട് പുതിയൊരു തത്വശാസ്ത്രത്തെ ജീവിപ്പിച്ചെടുക്കുന്നവര് പൊതുവെ ആഘോഷിക്കപ്പെടുന്നതായി എവിടെയും രേഖപ്പെടുത്തപ്പെട്ടിട്ടില്ല. ജീവിതരഹസ്യങ്ങളെ കൃത്യമായി വിശദീകരിച്ചവരാരും ഏറെ ആഘോഷിക്കപ്പെട്ടവരല്ല. വെളിപ്പെടുത്തലുകളിലേക്ക് വരാന്‍ വിസമ്മതിക്കുന്ന ചില ജീവിത ചിന്തകളെ മറച്ചു പിടിക്കാനുള്ള സര്‍ഗ്ഗാത്മക പദ്ധതി കൂടിയാണ് ആഘോഷരഹിതര്ക്കുള്ളത്. ഇത് ആഘോഷിക്കപ്പെടാത്ത എഴുത്തുകാരുടെ പ്രധാന വശ്യതയാണ്. ജീവിതത്തെ കുറിച്ച് വലിയ വാഗ്ദാനങ്ങള്‍ നല്‍കാത്ത അത്തരം കൃതികളിലേക്ക് കടക്കണമെങ്കില്‍ പാശ്ചാത്യ സൗന്ദര്യ ശാസ്ത്രത്തിന്റെ സഹായം കൂടിയേ തീരൂ. അഗാധമനോഭാവത്തിലേക്ക് പുതിയ കുതിപ്പുകള്‍ തീര്‍ക്കുന്ന കലയുടെ രക്തവും മണ്ണും ഉള്ളടക്കം ചെയ്യപ്പെട്ടിരിക്കുന്നത് പാശ്ചാത്യ സൗന്ദര്യ ദര്‍ശനങ്ങളിലാണ്. സൗന്ദര്യത്തിന്റെ ഈ അര്ദ്ധമിസ്റ്റിക്കല് പ്രയോഗത്തെ തൊടുന്ന വര്‍ക്കേ ആഘോഷിക്കപ്പെടാത്ത പുസ്തകങ്ങളിലെ വലിയ ആശയലോകത്തെ ഉള്‍ക്കൊള്ളാനാവൂ. ഹൈഡഗറിന്റെ The orign of the work of art എന്ന പ്രബന്ധത്തില്‍ ലോകവും പ്രകൃതിയും തമ്മിലുള്ള സംഘര്‍ഷത്തില്‍ നിന്നാണ് കല ഉത്ഭവിക്കുന്നതെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. മൂടിവെക്കുകയും തുറന്നു കാട്ടുകയും ചെയ്യുന്നതിലെ സംഘര്‍ഷമാണ് കലയുടെ സത്യം എന്ന വസ്തുതയെയാണ് ഹൈഡഗര്‍ അവതരിപ്പിച്ചത്. ഒരു വസ്തുവിനെ പ്രത്യക്ഷപ്പെടാന്‍ അനുവദിക്കുന്നത് ആശയമാണെന്ന തത്വമാണിതില് നിഴലിക്കുന്നത്. കല ഒരു ലോകം തുറക്കുകയും അതിനെ ബലവത്താക്കുകയും ചെയ്യുന്നു. ഭാഷയുടെ അടുക്കിനെ സാഹിത്യമാണെന്ന് വ്യാജം പറഞ്ഞ് നാമകരണം ചെയ്യാനേ ആഘോഷിക്കപ്പെടുന്ന എഴുത്തുകാര്ക്കാവൂ.
ഇത്തരം ഒരു പ്രതിസന്ധി നിലനില്‍ക്കുന്നതിനാല്‍ തന്നെ ഹൈഡഗറിന്റെ ‘ ലാംഗ്വേജ്’ (language) എന്ന പ്രബന്ധത്തിന് സമകാലിക വീര്യം ഏറുന്നു. ഈ പ്രബന്ധത്തില്‍ ഒരു പ്രധാനപ്പെട്ട പ്രസ്താവനയുണ്ട്. അതിങ്ങനെയാണ് -‘ ഭാഷ മനുഷ്യനെ സംസാരിക്കുന്നു. ഒരുപക്ഷെ ഇവിടെ ഇന്ന് ആഘോഷിക്കപ്പെടുന്ന എഴുത്തുകാരുടെ രചനകളില്‍ സാധാരണ മനുഷ്യനും അവന്റെ’ dasein’ ഉം (being there) ഒഴികെ മറ്റെല്ലാമുണ്ട്. സാര്‍ത്ര് ‘ എന്താണ് സാഹിത്യം’ എന്ന കൃതിയില്‍ എഴുത്ത് എങ്ങനെയാണ് അനുഭവത്തിന് രൂപം നല്‍കുന്നതെന്ന് വ്യക്തമാക്കുന്നുണ്ട്. ഒരാളെ ലോകത്തിലേക്ക് മടക്കിക്കൊണ്ടു പോകാന്‍ ശേഷിയുള്ളത് ആഘോഷിക്കപ്പെടുന്നവര്ക്കല്ല എന്ന ധ്വനി സാര്‍ത്ര് അതില്‍ ഉയര്‍ത്തി നിര്‍ത്തുന്നുണ്ട്. ഒരു പക്ഷെ ഈ ആശയത്തിനുള്ള പിന്‍ബലമാണ് ഇമ്മാനുവല്‍ ലെവിനാസിന്റെ ‘ റിയാലിറ്റി ആന്റ് ഇറ്റ്സ് ഷാഡോ ‘ എന്ന പുസ്തകത്തിലെ ചില നിരീക്ഷണങ്ങള്‍. കല എന്നത് യാഥാര്‍ത്ഥ്യത്തെ ഇരട്ടിപ്പിക്കലാണെന്നും ഒരു നിഴല്‍ പോലെ അതു സാന്ദ്രമാണെന്നുമൊക്കെയാണ് ലെവിനാസ് വാദിക്കുന്നത്. കലയ്ക്ക് വക്രോക്തിയുടെ സ്വഭാവം നല്‍കുന്നത് കലയ്ക്കും യാഥാര്‍ത്ഥ്യത്തിനുമിടയിലെ ഇടവേളയാണെന്നും ലെവിനാസ് നിരീക്ഷിക്കുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ മറ്റ് മനുഷ്യരുമായി ഉണ്ടാക്കുന്ന കടപ്പാടുകളുടെ ചെലവിലാണ് ആളുകള്‍ കലയുമായി ഇടപെടുന്നത്. മലയാളി വായനക്കാരെ കബളിപ്പിച്ചുകൊണ്ടിരിക്കുന്ന സമകാലിക എഴുത്തുകാര്‍ പുസ്തകങ്ങളുടെ കമ്പോളത്തില്‍ വില്പനച്ചരക്കായി നിലനില്‍ക്കുന്നത് ഉല്പാദിപ്പിക്കപ്പെടുന്ന കലയുടെ മേന്മയെന്നതിനേക്കാള് ആഘോഷത്തിന്റെ ഭാഗമായി സംഭവിക്കുന്ന കടപ്പാടുകളുടെ ചെലവിലാണ്.
നമ്മുടെ ആഘോഷിക്കപ്പെടുന്ന എഴുത്തുകാരില്‍ ഭൂരിഭാഗവും ജഡവസ്തുക്കളാണ്. അവയ്ക്ക് വിഗ്രഹങ്ങളുടെ സ്വഭാവമാണുള്ളത്. അവരുടെ പല കലാസൃഷ്ടികളും അവസാനം ഒരു പ്രതിമയെ പോലെ ആയിത്തിരുന്നു. ബാലചന്ദ്രന് ചുള്ളിക്കാട്, കെ. ആര്. മീര തുടങ്ങിയവരുടെ പുസ്തകങ്ങള്‍ വാങ്ങിക്കപ്പെടുകയാണ് ചെയ്യുന്നത്. അവര്‍ ഇന്ന് വായിക്കപ്പെടുന്നില്ല. കാരണം അവര്‍ കലയുടെ ഭാവിയിലേക്ക് സങ്കല്പ്പ പ്രവേശമാണ് നടത്തുന്നത് എന്ന വസ്തുത വായനക്കാരന് തിരിച്ചറിഞ്ഞു കഴിഞ്ഞു. ബാലചന്ദ്രന്റെ ‘തോട്ടി ‘ , ‘ ഒരു മുദ്രാവാക്യ കവിത’ തുടങ്ങിയ ആഖ്യാനങ്ങള്‍ അദ്ദേഹത്തിലെ കവിയെ കഴുത്തു ഞെരിച്ചു കൊല്ലുകയാണ്. ഹെഗലിന്റെ ‘ കലയുടെ മരണം ‘ എന്ന സിദ്ധാന്തത്തെ ഓര്‍മ്മിപ്പിക്കുന്ന ഒരു പ്രബന്ധം ഗ്യാനി വത്തിമോ എഴുതിയിട്ടുണ്ട്. ‘ മരണം അഥവാ കലയുടെ അസ്തമയം ‘ എന്ന് നമുക്കതിനെ മൊഴിമാറ്റാം. ഈ ലേഖനം മുന്നോട്ടു വെയ്ക്കുന്ന പ്രധാനപ്പെട്ട ഒരാശയമിതാണ് – ‘ ജനപ്രിയ സംസ്കാരത്തിന് അനുഗുണമായി അധമവും ദുര്‍ബ്ബലവുമായ ഒരു തലത്തില്‍ മനുഷ്യാസ്തിത്വത്തെ സൗന്ദര്യവത്കരിക്കാനുള്ള നീക്കമാണ് ചില കലാകാരന്മാര് പിന്തുടരുന്നത്. മലയാള സാഹിത്യകലയില്‍ കെ. ആര്.മീരയുടെ ‘ആരാച്ചാരും ‘, ‘ഘാതകനും ‘ ഭാഷയുടെ തന്നെ ആരാച്ചാരും ഘാതകനുമായി മാറുന്നതിന്റെ സാക്ഷ്യമാണ് ഈ പുസ്തകാഘോഷങ്ങള്. ഏറ്റവും ആധികാരികമായ കല നിശബ്ദതയെ ശരണം പ്രാപിക്കുമെന്നാണ് ഗ്യാനി വത്തിമോ അഭിപ്രായപ്പെടുന്നത്. ഹാന്‍സ് ജോര്‍ജ് ഗഡാമര്‍ കല ഗ്ലോബലാകേണ്ടുന്നതിന്റെ ആവശ്യകതയെ കുറിച്ചാണ് സംവദിച്ചതു മുഴുവന്‍. ഏതൊരു കലാസൃഷ്ടിയും ലോകത്തെവിടെയുമുള്ള മനുഷ്യരുടെ വ്യാഖ്യാന ശാസ്ത്രത്തിന് വഴങ്ങുന്ന ഒരു വസ്തുവായി മാറണമെന്ന അര്ത്ഥമാണതിലുള്ളത്. സത്യമിതായിരിക്കെ പുതിയകാല മലയാള സാഹിത്യകലയെ ഒരു വായനക്കാരന് എങ്ങനെ വിശ്വാസത്തിലെടുക്കുമെന്നത് ഒരു ചെറിയ ചോദ്യമല്ല.
നമ്മുടെ നാടിനെ പറ്റിയുള്ള സത്യസന്ധമായ ചിത്രങ്ങള്‍ നമുക്ക് എത്തിച്ചു നല്‍കിയിരുന്നത് ചരിത്രകാരന്മാരായിരുന്നില്ല മറിച്ച് എഴുത്തുകാരായിരുന്നു. തകഴി ‘ പതിതപങ്കജം ‘ എന്ന നോവലെഴുതിയപ്പോള്‍ ഭാഷയുടെ സൗന്ദര്യശാസ്ത്രപരമായ വിശ്വാസലഹരിയെക്കാള് യാഥാര്‍ത്ഥ്യത്തിന്റെ പൊരുളുകളാണ് ഇതള്‍ വിടര്ന്നെത്തിയത്. ഒ.വി.വിജയന്റെ ” ഖസാക്കിന്റെ ഇതിഹാസ’ത്തിലും ആനന്ദിന്റെ ‘ആള്‍ക്കൂട്ട’ത്തിലും നാം ജീവിക്കുന്ന സമൂഹത്തിന്റെ സ്വഭാവരഹസ്യങ്ങള്‍ ഉള്‍ച്ചേര്‍ന്നിട്ടുണ്ട്. അവ നാം ജീവിക്കുന്ന കാലത്തെക്കുറിച്ചുള്ള അഗാധഗ്രന്ഥങ്ങളായിരുന്നു. ഇന്ന് ചുള്ളിക്കാടും മീരയുമൊക്കെ നിര്‍മ്മിക്കുന്നത് പരന്ന ഗ്രന്ഥങ്ങളെയാണ്. കാലത്തിന്റെ സാന്നിദ്ധ്യമില്ലാത്ത അത്തരം ഗ്രന്ഥങ്ങളും രചനകളുമാണ് ഇന്ന് ആഘോഷിക്കപ്പെടുന്നത്. അവരുടെ പുതിയ ഭാഷാഖ്യാനങ്ങളില്‍ നിന്ന് കാലത്തിന്റെ സ്പ്രിങ്ങ് പൊട്ടി വീഴുന്നു. കാലം കലങ്ങിയ ബോധത്തില്‍ തകിടം മറിഞ്ഞു സ്തംഭിക്കുകയും അത് ഒരൊറ്റ ബിന്ദുവിലേക്ക് ചുരുങ്ങി ഇല്ലാതാവുകയും ചെയ്യും. കവിതയില്‍ ഒരു നവീന മഹര്‍ഷിയുടെ മുഖം സംരക്ഷിച്ചു കൊണ്ടു നടക്കുന്ന ചുള്ളിക്കാടിന്റെ ‘തോട്ടിയും മുദ്രാവാക്യ കവിതയും കൊണ്ട് ആര്‍ക്ക് എന്തു പ്രയോജനം? എഴുത്തിന്റെ കലയിലെ ഭാവി നിശ്ചലതകള്ക്കുള്ള തീറ്റ കൊടുക്കലാണ് ആഘോഷിക്കപ്പെടുന്ന പുസ്തകങ്ങള്‍. തങ്ങള്‍ കേരളത്തിലെ എഴുത്തു രാജാക്കന്മാരും രാജ്ഞികളുമാണെന്ന വ്യാജ പ്രചരണമാണിന്ന് ആഘോഷിക്കപ്പെടുന്ന എഴുത്തുകാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ആഘോഷിക്കപ്പെടാത്ത പുസ്തകങ്ങള്‍ ഗൂഢാര്‍ത്ഥ വാക്യങ്ങളുടെ സങ്കലനമാണെന്നും കീറാമുട്ടികളും പിടി തരാത്തവയുമാണെന്നും പ്രചരിപ്പിക്കുന്നത്. ആഘോഷിക്കപ്പെടുന്നവരുടെ പി.ആര്. വര്ക്കുകാരാണ്. രാഷ്ട്രീയ ബൗദ്ധിക കഥകളെഴുതിയ പട്ടത്തുവിള കരുണാകരനൊക്കെ ചരിത്രത്തിന്റെ സ്ക്രീനിനു പുറത്തായതു പോലും മോശം കൃതികളുടെ കനിവില്ലാത്ത ആഘോഷങ്ങള്‍ കൊണ്ടാണ്.
കഥയിലെ
വ്യാജവിഗ്രഹങ്ങള്
മനുഷ്യന് എന്ന സത്തയുടെ ജീവിതവിരോധത്തെ കുറിച്ചെഴുതിയും കുറ്റാന്വേഷണം എന്ന ഫാഷന്റെ പിന്നാലെ സഞ്ചരിച്ചും മുരടിപ്പിന്റെ കല തീര്‍ക്കുന്നവരാണ് നമ്മുടെ നവാഗത കഥാകാരന്മാരിലധികവും. വായനയുടെയോ അന്വേഷണങ്ങളുടെയോ അധ്യായങ്ങള്‍ ഒന്നും തന്നെ തുറന്നു നോക്കാന്‍ ശേഷിയില്ലാത്ത അത്തരം എഴുത്തുകാര്‍ പക്ഷെ വായനയുടെ കമ്പോളത്തിലെ പ്രിയപ്പെട്ടവരായി തീരാറുണ്ട്. അവരുടെ ഭാവനയ്ക്കു പിന്നിലുള്ള വ്യാജ ഇച്ഛാശക്തി തിന്മയാണ്. അവര്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന്റെ പ്രഭുത്വശക്തി പോലും നുണകൊണ്ടു നിര്‍മ്മിക്കപ്പെട്ടവയാണ്. ഒരു തരത്തിലുമുള്ള ഫിലോസഫിക് ഹ്യൂമനിസം പ്രവര്‍ത്തിപ്പിക്കാത്ത ചില കഥാകാരന്മാര് ആഘോഷിക്കപ്പെടുന്നതു കാണാം. കഥയുടെ പൂര്വ്വികഭാരത്തെ ഒരതിരുവരെ സംരക്ഷിച്ചു നിര്‍ത്തുന്നത് ഇ സന്തോഷ് കുമാര്‍, ഉണ്ണി ആര്, സന്തോഷ് ഏച്ചിക്കാനം അങ്ങനെയുള്ള ഒരു നന്നേ ചെറിയ സംഘമാണ്.
ഇവര്‍ പറയും – ഒ.വി. വിജയനും കാക്കനാടനും എം. സുകുമാരനുമൊക്കെ ഞങ്ങള്‍ക്ക് വലിയ പാഠമായിരുന്നുവെന്ന്. അത് കഥയുടെ രൂപത്തെയോ അലങ്കാരപ്പണിയെയോ ചുറ്റിപ്പറ്റിയുള്ള പാഠമല്ല, മറിച്ച് ഭാവനയുടെ പിന്‍ബലമുപയോഗിച്ച് രാഷ്ട്രീയത്തെ എങ്ങനെ ഒളിച്ചു കടത്താമെന്നതിന്റെ പാഠമായിരുന്നു. കാക്കനാടന്റെ ‘ബാബേല്‍’ എന്ന കഥ പുതിയ കഥാകാരനുള്ള പാഠ്യപുസ്തകമാണ്. ബൈബിളിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു പ്രതീകമാണ് ബാബേല്‍ ഗോപുരം. ഈ പ്രതീകത്തിന്റെ സാംസ്കാരിക സാധ്യതയെ കാക്കനാടന് കഥയാക്കിയതു പോലും ഒരു ആദര്‍ശ രാഷ്ട്രീയത്തിന്റെ പ്രത്യയ ശാസ്ത്രത്തിനേറ്റ ഉടവിനെ കുറിച്ച് സംവദിക്കാനാണ്. ബാബേല്‍ ഗോപുരത്തിന്റെ തകര്‍ച്ചയെക്കുറിച്ചുള്ള പാരഡിയാണ് കാക്കനാടന്റെ ബാബേല്‍. പക്ഷെ ഇത് ഒരു വെറും പാരഡിയല്ല. മറിച്ച് ലോകകമ്യൂണിസത്തിന്റെ പതനത്തെ പ്രതീകാത്മകമായി ചിത്രീകരിക്കാനാണ് കാക്കനാടന് കഥയിലൂടെ ശ്രമിച്ചത്. കമ്യൂണിസത്തിന്റെ ആശയങ്ങളെ തന്നെയാണ് കഥയിലെ ഗുരുവിന്റെ പ്രത്യക്ഷാഖ്യാനത്തിലൂടെ കാക്കനാടന് അനാവരണം ചെയ്തത്. ഈ വിധത്തില്‍ പൊതുബോധത്തെ തൊടുന്ന എത്ര എഴുത്തുകാരുടെ പുസ്തകങ്ങള്‍ നമുക്കിന്നുണ്ട് ? രണ്ടു തരം സാംസ്കാരിക ഘടനകളെ ഒരൊറ്റ കഥയുടെ പ്ലോട്ടില്‍ കയറ്റി വെയ്ക്കാന്‍ നമ്മുടെ എത്ര പുതിയ കഥാകാരന്മാര്ക്കാകുന്നു? കഥയിലെ നിലവിലുള്ള വ്യാജവിഗ്രഹങ്ങള് ഒ വി.വിജയനെയും കാക്കനാടനെയും എം. സുകുമാരനെയും ഒക്കെ ഒന്നു മനസ്സുവെച്ച് വായിച്ചിരുന്നെങ്കില്‍. ഫിക്ഷന്‍ കലയുടെ നാളെയെ പണിതുയര്‍ത്താന്‍ ഈ കഥാഇടപെടലുകള് പോരായെന്നു മാത്രം പറയട്ടെ.
കവിതയിലെ
ഉടഞ്ഞു തെറിച്ച വിഗ്രഹങ്ങള്‍
കവിതയുടെ ചരിത്രത്തില്‍ ഉരുക്കുപോലത്തെ യുക്തിയായി നിലനില്ക്കാന് കഴിയാതെപോയവരാണ് ഉള്ളൂരും വള്ളത്തോളും. കവിതയുടെ കലയില്‍ സവര്‍ണ ബോധത്തിന്റെ ഊക്ക് കൊണ്ടു മാത്രം പ്രതിഷ്ഠിക്കപ്പെട്ട ഇവര്‍ ഇന്ന് പാഠപുസ്തകങ്ങളില്‍ നിന്നുപോലും പുറത്താക്കപ്പെട്ടു. ഭാവിയുടെ അര്‍ത്ഥം ഗ്രഹിക്കുന്നവര്‍ക്കു മാത്രമേ നിത്യകാലത്തിന്റെ ഉടമയാകാന്‍ കഴിയുകയുള്ളൂ. അസമത്വങ്ങളുടെ കാലത്ത് ചാരുകസേരയിലിരുന്ന് കവിത കുറിച്ച ഉള്ളൂരും വള്ളത്തോളും മഹാകവിപട്ടമൊക്കെ സ്വീകരിച്ച് ഇന്നും ഗ്രന്ഥശാലകളിലെ ഷെല്ഫുകളില് വിശ്രമിക്കുകയാണ്. പക്ഷെ ‘ദുരവസ്ഥയും ‘ , ‘ ചണ്ഡാലഭിക്ഷുകി’യും ‘ വീണപൂവും’ എഴുതിയ കുമാരനാശാന് ഇന്നും ചര്‍ച്ചയാകുകയാണ്. ആശാന്റെ കവിതകള്‍ വ്യക്തിപരതയില്‍ തടഞ്ഞു കിടന്നവയല്ല. അതില്‍ സമൂഹപരതയുടെ മുഴക്കം നിലനിന്നിരുന്നു. ചുറ്റുപാടിനെ വെറുക്കാത്ത ഒരാള്‍ക്കേ അസമത്വങ്ങളെ എതിര്‍ക്കാനാവൂ. തൊട്ടാല്‍ ചലിക്കുന്ന സ്വഭാവക്കാരായ ഉള്ളൂരിനും വള്ളത്തോളിനും ജീവിതത്തിന്റെ ഉപരിതലത്തിലെ ഓളങ്ങളെ കാണാനായില്ല. അവരുടെ ആത്മാവിന്റെ ചലനങ്ങള്‍ പെട്ടെന്ന് ഇളകിപ്പോകുകയും പ്രതിരോധത്തിന്റെയും
പ്രതിഷേധത്തിന്റെയും ശക്തി ക്ഷയിച്ചുപോകുകയും ചെയ്തു. ജാതി മേല്‍ക്കോയ്മയുടെ മനോവിലാസം കണ്ട് ചിന്തിച്ചകമലിഞ്ഞു നില്ക്കുന്ന ഒരു കവിയെ ആശാന്റെ മിക്ക കവിതകളുടെയും കണ്ണായ സ്ഥലങ്ങളിലെല്ലാം നാം കണ്ടുമുട്ടുന്നു. ആശാന്റെ ദുഃഖങ്ങളുടെ ഏറ്റവും വലിയ സവിശേഷത അത് ജനതതിയെ കൊടും ദുഃഖത്തില്‍ താഴ്ത്തുന്നതിനു പകരം അതില്‍ നിന്നും വലിച്ചൂരിക്കൊണ്ട് വരുന്നുവെന്നതാണ്. നമ്മുടെ ദൈനംദിന സൗന്ദര്യാത്മകത ശുഷ്കിച്ചു പോയതിനെ കുറിച്ചാണല്ലോ ആശാന് വീണപൂവില്‍ കുറിച്ച ഒരു ഭാഗം.
അത്യന്ത കോമളതയാര്ന്നൊരു നിന്റെ മേനി-
യെത്തുന്നകണ്ടവനിതന്നെയധീരയായി
സദ്യ: സ്ഫുടം പുളകിതാംഗമിയന്നു പൂണ്ടോ-
രുദ്യോഗമോതുമുപകണ്ഠതൃണാങ്കുരങ്ങള്.
സര്‍വ്വതും നശിപ്പിക്കാന്‍ (കല, സാഹിത്യം, സംസ്കാരം, പരിസ്ഥിതി etc) ആയുധമെടുത്തു നില്ക്കുന്ന മനുഷ്യമനസ്സിന്റെ അതിരുകടന്ന സ്വാര്‍ത്ഥതയെയും ആദര്‍ശ രാഹിത്യത്തെയും ആശാന് ആവിഷ്കരിച്ചപ്പോള്‍ അതില്‍ നിത്യസ്രവന്തിയായ കാലം കതിരിട്ടു വന്നു. അസമത്വത്തിനെതിരെ ഒരു വാക്കുപോലും ഉരിയാടാതെ ഇസ്തിരിയിട്ട ഭാഷയില്‍ കവിത പണിതുവിട്ട ഉള്ളൂരും വള്ളത്തോളും സവര്‍ണാധിപത്യത്തിന്റെ മുട്ടില്‍ തട്ടി ഉടഞ്ഞു തെറിച്ച വിഗ്രഹങ്ങളായി ശേഷിക്കുമ്പോള്‍ ആശാന് കവിതയിലെ പ്രബലലനായി തുടരുകയാണ്. ആശാന്റെ കൃതികള്‍ ഇന്നും ആഘോഷിക്കപ്പെടുകയാണ്. കാരണം അസമത്വം നിലനില്‍ക്കുകയാണ്.
ഈയാഴ്ചയിലെ
പുസ്തകം
പറക്കും സ്ത്രീ/ സക്കറിയ
(ഡി.സി. ബുക്സ്)
കഥയില്‍ പുതുരൂപകങ്ങള് തീര്‍ക്കുന്ന കഥാകൃത്താണ് സക്കറിയ. അഴുക്കുപിടിച്ച നമ്മുടെ കഥാസാഹിത്യത്തെ അനുഭവങ്ങളുടെ ഇരട്ട പ്രകൃതങ്ങള്കൊണ്ട് അനുനിമിഷം ശുദ്ധക്രിയ ചെയ്യുന്നുവെന്നതാണ് ഈ കഥാകാരന്റെ പ്രത്യേകത. മലയാള കഥയുടെ ഘടനാ വാദങ്ങള്ക്കപ്പുറത്തേക്ക് കടന്നും നവീനധാരകള്‍ പണിതും കഥയുടെ ജീര്ണ്ണാവസ്ഥകളെ പുതുക്കി പണിതും സക്കറിയ പ്രബോധന പരതയുള്ള കഥകള്‍ തീര്‍ക്കുന്നുണ്ട്. അത്തരത്തില്‍ എഴുതപ്പെട്ട ഏഴു കഥകളുടെ പുസ്തകമാണ് സക്കറിയയുടെ ‘പറക്കും സ്ത്രീ ‘ എന്ന കഥാസമാഹാരം.
ഇതിഹാസ പ്രസിദ്ധമായ പ്രമേയങ്ങളെയാണ് ഭാവനകളാക്കി സക്കറിയ പരിഭാഷപ്പെടുത്തുന്നത്. സക്കറിയയ്ക്ക് ഭാവന വെറും കറവപ്പശുവല്ല. അതു കഥാവസ്തു തന്നെയാണ്. ബൈബിളിന്റെ വ്യത്യസ്തമായ വായനാ വിപുലീകരണങ്ങള്‍ സക്കറിയയെ ബാധിച്ച ആധിയാണ്. അതുകൊണ്ടയാള്‍ പുതിയ അനക്കങ്ങള്‍ സൃഷ്ടിക്കുന്നു. അങ്ങനെ കഥയ്ക്കുള്ളിലെ ഭാവന പുതിയ ആകൃതി നേടുന്നു. ഈ പുസ്തകത്തിലെ ഏറ്റവും ശ്രദ്ധേയമായ ഒരു കഥയാണ് ‘യേശുവിന്റെ ചില ദിവസങ്ങള്‍’ യേശുവിനെക്കുറിച്ച് ബഹുസ്വരവ്യവസ്ഥകള് തീര്‍ക്കാന്‍ ഈ കഥാകൃത്ത് നടത്തുന്ന ശ്രമങ്ങളെ നമുക്ക് തള്ളിക്കളയാനാവില്ല. ഒരു ചരടില്‍ കോര്ത്തിടാവുന്ന കഥകളല്ല അപ്പോഴും സക്കറിയയുടെ യേശു പ്രമേയ കഥകള്‍. ഇതു ഭാവനകളുടെ ആജ്ഞയാണ്. ആ ആജ്ഞയില്‍ നിന്നും രൂപപ്പെടുന്ന ജ്ഞാനമാണ് ‘ യേശുവിന്റെ ചില ദിവസങ്ങള്‍ എന്ന കഥ ‘. സക്കറിയ ചരിത്രത്തെ കുടഞ്ഞു കളയാതെ തന്നെ ചരിത്രത്തിന് ഒരു വ്യംഗ്യഭംഗി ചാര്‍ത്തിക്കൊടുക്കുന്നതാണ് നാം കാണുന്നത്. ഇതു വര്‍ത്തമാനകാലത്ത യേശു എന്ന ശരീരം ഉപയോഗിച്ച് അപനിര്‍മ്മിക്കലാണ്. ഇതുപോലെ തന്നെ കരുത്തുള്ള ഒരു കഥയാണ് ‘ രാജേഷും മറിയയും’. ഇടതുപക്ഷ രാഷ്ട്രീയ പൗരത്വത്തിന്റെ പുതിയ വേര്‍ഷനെ ക്കുറിച്ച് ഈ കഥയിലെ കേന്ദ്ര കഥാപാത്രങ്ങളായ രാജേഷിനെയും മറിയയെയും കൊണ്ടും സംവദിപ്പിക്കുക വഴി പുതിയ കമ്യൂണിസം പ്രോത്സാഹിപ്പിക്കുന്നത് ഒരു കൃത്രിമ ആത്മീയ ജാതി മന:ശാസ്ത്രത്തെയാണെന്ന് കഥ സ്ഥാപിക്കുകയാണ്. ഈ കഥാ പുസ്തകത്തിലെ ‘ രഹസ്യപ്പോലീസ് ‘ , ‘ഭക്തി ഗായകന്’, ‘പറക്കും സ്ത്രീ, ‘അമ്മാളു’, ‘ കരുണന് പൂച്ച ‘ എന്നീ കഥകളും കാലത്തിന്റെ വേരോട്ടമുള്ളവയാണ്. തണുത്തുറഞ്ഞ ജീവിതത്തെ തന്നെയാണ് ഈ പുസ്തകം അഡ്രസ് ചെയ്യുന്നത്.
ഈയാഴ്ചയിലെ
ഇലസ്ട്രേഷന്
സാംസ്കാരിക ഭാവനകളുടെ വന്‍ വിചാരമണ്ഡലങ്ങളെ ഇന്ത്യന്‍ ചിത്രകലയുടെ ചരിത്രത്തിലേക്ക് കൊണ്ടു വെയ്ക്കുന്ന ചില കലാകാരന്മാരുണ്ട്. പക്ഷെ അവര്‍ ആഘോഷിക്കപ്പെട്ടു കാണുന്നില്ല. അനുഭവങ്ങളുടെ പ്രയോഗ മേഖലയില്‍ നിന്നു കൊണ്ട് ഉള്ളിലെ മിടിപ്പിനെ സജീവമാക്കുന്ന കലാകാരനാണ് നേമം പുഷ്പരാജ്. പ്രതിരോധാത്മകമായി അലങ്കരിച്ചതും എന്നാല്‍ വെറും ഭാവനാത്മകമായി വസ്തുവല്ക്കരിക്കാത്തതുമായ ഒരു വലിയ ശേഖരം ചിത്രങ്ങള്‍ പുഷ്പരാജിന്റേതായിട്ടുണ്ട്. കലയുടെ പാരമ്പര്യശീലങ്ങളെ കൂസലില്ലാതെ പൊട്ടിച്ചെറിയാനുള്ള ധൈര്യം പുഷ്പരാജിന് നല്‍കുന്നത് നാം ജീവിക്കുന്ന കാലം തന്നെയാണ്. ആകര്‍ഷകമായ നവീനതയില്‍ അകന്നു നിന്നുകൊണ്ടു കാണാവുന്ന ഓരോരോ വിചിത്രങ്ങളായ ഊര്ജ്ജസ്ഥാനങ്ങള് ആ ചിത്രങ്ങളിലുണ്ട്. ആണ് ചിത്രഭാഷയുടെ വെറും വിചിത്രവല്‍ക്കരണം എന്നതില്‍ കവിഞ്ഞ് പുതിയ രീതിയില്‍ നാം ജീവിക്കുന്ന കാലത്തെ കാഴ്ചപ്പെടുത്താന് പുഷ്പരാജ് വിനിയോഗിക്കുന്ന ചിത്രവഴികളെ കുറിച്ച് കൂടുതല്‍ നിരീക്ഷണങ്ങള്‍ ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു. നിറങ്ങള്‍ കൊണ്ടുള്ള അതിലെ ഉടലുണര്ത്തുകള് പോലും കാലത്തെ വ്യാഖ്യാനിക്കലാണ്. ചില ചിത്രങ്ങളെ ഉദ്ധരിച്ചാല്‍ പുഷ്പരാജിന്റെ ചിത്രങ്ങളിലെ പ്രതിരോധത്തിന്റെ മന:ശാസ്ത്രത്തെ നമുക്ക് വേഗത്തില്‍ മനസ്സിലാകും. പുതിയ ആത്മീയ ഗുരുക്കന്മാര് പങ്കുവെയ്ക്കുന്ന ശാന്തി മന്ത്രത്തെ ചോദ്യം ചെയ്യുന്ന ഒരു എണ്ണച്ചായാ ചിത്രമുണ്ട്. ചിന്തയെ ആയുധപ്പുരയാക്കുകയും കൈയില്‍ പടക്കോപ്പണിയുകയും ചെയ്തുകൊണ്ടു നേരുന്ന സമാധാനത്തിന്റെ രേഖകളാണ് ‘ശാന്തി മന്ത്രം’ എന്ന ചിത്രത്തിലുള്ളത്. ‘ശിരോലിഖിതം ‘ മൂല്യമില്ലാത്ത അധികാര കസേരയെയാണ് സൂചിപ്പിക്കുന്നത്. ‘മതോന്മാദം ‘ എന്ന ഡ്രോയിംഗ് തകര്‍ക്കപ്പെടുന്ന സമാധാനത്തിന്റെ ദൃശ്യരേഖയാണ്. ‘ കോടതി ‘ എന്ന് ശീര്ഷകപ്പെടുത്തിയ പെയിന്റിംഗ് വിലയ്ക്കെടുക്കപ്പെടുന്ന നീതി പീഠത്തിന്റെ ചിത്രീകരണമാണ്. വളരെയേറെ രൂപപരമായി വിനിമയം ചെയ്യപ്പെടുന്ന ഈ വിദ്യ കൊണ്ടാണ് പലപ്പോഴും ഫാസിസത്തെ ചോദ്യം ചെയ്യാനും അതിന്റെ ഘടനകളെ കൂസാതെ അതിവര്‍ത്തിക്കാനും ഈ കലാകാരന്മാര് ശ്രമിക്കുന്നത് എന്നിട്ടും എന്തു കൊണ്ടായിരിക്കും കലയിലെ ഈ ധീരന് ആഘോഷിക്കപ്പെടാത്തത്?
ഈയാഴ്ചയിലെ
അഫോറിസം
എല്ലാ
ഇരുട്ടുകളും
മരിച്ചവരുടെ
രേഖാചിത്രങ്ങളാണ്.