പതിപ്പുകള്‍ എന്ന വ്യാജനിര്‍മ്മിതി

പുസ്തകപ്രസാധനം എന്ന കലയുടെ വിചാരപരമായ തളര്‍ച്ചയ്ക്ക് ബദല്‍ അന്വേഷിച്ച് സമാന്തര പ്രസാധകരിലേക്കും മറ്റും പോകേണ്ടി വരുന്ന എഴുത്തുകാരനെ കുറ്റപ്പെടുത്താനാകുമോ ? ചില ലൈബ്രറികള്‍ പുസ്തകങ്ങളുടെ മ്യൂസിയങ്ങള്‍ മാത്രമാണ്. മലയാളിത്തം കുറവായ ഒരു പുസ്തക സംസ്‌കാരത്തിലേക്ക് നാം പ്രവേശിച്ചു കഴിഞ്ഞു. കൃത്രിമമെന്നു പലരും വിധിയെഴുതിയ പതിപ്പുകളുടെ പിന്നാലെയാണ് ഇവിടുത്തെ ‘സാധാരണ ‘ വായനക്കാരന്‍ പായുന്നത്

When I am writing a book I prefer
not to speak about it, because only when the
book is finished can I try to understand
what I have really done and to compare
my intentions with the result.

Italo Calvino

ഒട്ടുംതന്നെ പ്രത്യുല്‍പാദനപരമല്ലാത്ത വിഷയങ്ങള്‍ കൊണ്ട് ശ്വാസം മുട്ടുന്ന ഒരു മേഖലയാണ് പുസ്തകപ്രസാധനരംഗം. പുസ്തകസംസ്‌കാരത്തെ ഒരു വൈകാരികജ്വാലയ്ക്കപ്പുറം പ്രതിഷ്ഠിക്കാനും ഒരു വേറിട്ട സമൃദ്ധി നല്‍കാനും നമ്മുടെ മുഖ്യധാരാ പ്രസാധകര്‍ക്കാവുന്നുണ്ടോ?

പുസ്തകപ്രസാധനം എന്ന കലയുടെ വിചാരപരമായ തളര്‍ച്ചയ്ക്ക് ബദല്‍ അന്വേഷിച്ച് സമാന്തര പ്രസാധകരിലേക്കും മറ്റും പോകേണ്ടി വരുന്ന എഴുത്തുകാരനെ കുറ്റപ്പെടുത്താനാകുമോ ? ചില ലൈബ്രറികള്‍ പുസ്തകങ്ങളുടെ മ്യൂസിയങ്ങള്‍ മാത്രമാണ്. മലയാളിത്തം കുറവായ ഒരു പുസ്തക സംസ്‌കാരത്തിലേക്ക് നാം പ്രവേശിച്ചു കഴിഞ്ഞു. കൃത്രിമമെന്നു പലരും വിധിയെഴുതിയ പതിപ്പുകളുടെ പിന്നാലെയാണ് ഇവിടുത്തെ ‘സാധാരണ ‘ വായനക്കാരന്‍ പായുന്നത്. മലയാണ്മയുടെ വര്‍ണ്ണങ്ങളും രുചികളും ഏതാണ്ടപ്രത്യക്ഷമായ, കളവിന്റെ സ്വാധീനം വഹിക്കുന്ന ഒരുതരം വ്യാജനിര്‍മ്മിതിയുടെ തെരഞ്ഞെടുപ്പിനു പിന്നില്‍ പലതരം വ്യാജസ്വരങ്ങളുടെയും സംസ്‌കാരങ്ങളുടെയും ഒരു പ്രേരണ തങ്ങി നില്‍പ്പുണ്ട്. സമകാലിക സാഹിത്യം ഉയര്‍ത്തുന്ന സൈ്വരം കെടുത്തുന്നതും വ്യാപ്തിയുള്ളതുമായ ഒരു പ്രശ്‌നത്തിന്റെ തുമ്പില്‍ പിടിച്ചു പോകുമ്പോള്‍ മുഖ്യധാരാ പ്രസാധകരുടെ നാടുകടത്തല്‍ രീതികളെ ആക്രമിക്കേണ്ടിവരും. സമാന്തര പ്രസാധകരില്‍ താവളമടിച്ച എഴുത്തുകാരുടെ സമൂഹം ഏറിയ പങ്കും ബഹിഷ് കൃതരും ബൗദ്ധിക മൂല്യമുളള പ്രതിഭാശാലികളെക്കൊണ്ടും നിറഞ്ഞ ഒന്നായിരുന്നു. ഈ യുഗത്തിലെ മനുഷ്യാവസ്ഥയെക്കുറിച്ചുളള ഏറ്റവും മൂര്‍ച്ചയുള്ളതും ആഴമേറിയതുമായ വ്യാഖ്യാനം ഉള്‍ച്ചേര്‍ന്ന
പുസ്തകങ്ങള്‍ രൂപമെടുത്തിട്ടുളളത് സമാന്തര പ്രസാധകരിലൂടെയാണ്. പക്ഷെ അത്തരം കൃതികള്‍ക്ക് വ്യാജപ്പതിപ്പുകള്‍ ഉണ്ടാകാറില്ല. മലയാളഭാഷയില്‍ വേരുകള്‍ നഷ്ടപ്പെട്ട ചില പുസ്തകങ്ങളുണ്ട്. അത് വ്യാജപ്പതിപ്പിന്റെ നിര്‍മ്മാണരഹസ്യങ്ങളെ ഒരു ഭാരം പോലെ കൊണ്ടുനടക്കുന്നതുകൊണ്ടാണ്. ഭാഷയിലൂടെ എഴുത്തുകാരന്‍ സൃഷ്ടിച്ചെടുക്കുന്ന യാഥാര്‍ത്ഥ്യമാണ് അയാളുടെ പുസ്തകത്തിന്റെ നിലനില്പിന്റെ അടിസ്ഥാനം. അതിലൂടെയാണ് പതിപ്പ് എന്ന ബാഹ്യയാഥാര്‍ത്ഥ്യത്തിന്റെ അപരിചിതത്വത്തെ ഒരെഴുത്തുകാരന്‍ മറികടക്കുന്നത്. പുസ്തകങ്ങളുടെ ആയുസ്സിനെ കുറിച്ചുള്ള വാസ്തവബോധം വീണ്ടെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമെന്നോണമാണിപ്പോള്‍ വ്യാജപ്പതിപ്പുകള്‍ ഉണ്ടാകുന്നത്. പ്രതിഭ നശിച്ചവരെ ഇടുങ്ങിയതും നിരുന്മേഷകരവുമായ പരിസരങ്ങളില്‍ കയറ്റിയിരുത്തുന്നതും മോചിപ്പിക്കുന്നതും പ്രതിഭയുടെ വികാസത്തെ മുരടിപ്പിക്കുന്നതും പുസ്തകങ്ങളുടെ ഈ വ്യാജ രേഖകളാണ്. കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന ഒരു പ്രസാധക കമ്പനി വ്യാജ പതിപ്പുകളുടെ പേരില്‍ ഒരു പ്രസാധകാഭയാര്‍ത്ഥിയായി തീര്‍ന്നിട്ടുണ്ട്. എന്നാല്‍ ഇളവില്ലാത്ത അര്‍പ്പണ ബുദ്ധിയോടെ പ്രസാധക പ്രവര്‍ത്തനത്തില്‍ മുഴുകിക്കഴിയുന്ന സമാന്തര പ്രസാധകരുടെ പുസ്തകങ്ങള്‍ പല പതിപ്പുകള്‍ വരുന്നതിന്റെ നിരവധി ഉദാഹരണങ്ങള്‍ നമുക്കു മുമ്പിലുണ്ട്. വ്യാജപ്പതിപ്പു നിര്‍മ്മിതിയുടെ ശ്വാസം മുട്ടിക്കുന്ന പതിവുകളെ നീണ്ടകാലം ചെറുത്തുനിന്നതിന് ശേഷം പ്രസാധകകലയില്‍ വിപ്ലവം തീര്‍ക്കുന്ന ചില പ്രസാധകര്‍ ഒട്ടും വളച്ചുകെട്ടും ഘനസ്വഭാവമില്ലാത്തതുമായ പ്രൗഢമായ ഒരു പ്രസാധകകലയെ സൃഷ്ടിച്ചെടുക്കുന്നുണ്ട്. വി. എസ്. അജിത്തിന്റെ ‘ എലിക്കെണി’ (ലോഗോസ് ബുക്‌സ് ) എന്ന കഥാപുസ്തകം നാലാം പതിപ്പിലേക്കെത്തിച്ചത് ഒരു സമാന്തര പ്രസാധകരാണ്. ഇവിടെയിരുന്ന് പടിഞ്ഞാറന്‍ അര്‍ദ്ധഗോളത്തിന്റെ ഒരു ഭാഗത്തിലേക്ക് നോക്കി നൂതനമായൊരു വീക്ഷണകോണിലൂടെ പുസ്തകങ്ങളുടെ ആത്മാവിനെ തൊടാന്‍ പതിപ്പ് എന്ന റിവേഴ്‌സ് ആവശ്യമില്ല. ഇവിടുത്തെ മുഖ്യധാരാ പ്രസാധകരുടെ അമരക്കാര്‍ മ്യൂസിയം ക്യൂറേറ്ററെ പോലെ ഊഹാപോഹങ്ങള്‍ കൊണ്ടുനടക്കുന്നവരാണ്. ഇതിനു വിപരീതമായ സംഗതികള്‍ പക്ഷെ ഇവിടെ അരങ്ങു തകര്‍ക്കുന്നുണ്ട്.

മലയാളത്തിന്റെ പ്രിയകവി ഒ.എന്‍. വി. രചിച്ച ഗസലുകളുടെ സമാഹാരമാണ് ‘ ഗസലുകള്‍ പൂക്കുന്ന രാത്രി’ (ഒലിവ്). നമ്മള്‍ മൂളിപ്പാടിയ ‘ കദളികള്‍ പൂക്കുന്ന / വയല്‍ക്കുരുവികള്‍ പാടുന്ന കാലം എന്നൊക്കെയുളള വരികളെ ജനപ്രിയമാക്കിയത് ഷഹബാസ് അമന്‍ സംഗീതം നിര്‍വ്വഹിച്ച ‘സഹയാത്രികേ ‘ എന്ന ആല്‍ബമായിരുന്നില്ല. മറിച്ച് ‘ഗസലുകള്‍ പൂക്കുന്ന രാത്രി’ എന്ന നിരവധി പതിപ്പുകളുണ്ടായ പുസ്തകമായിരുന്നു. മലയാളകവിതാപുസ്തകങ്ങള്‍ മൂന്നും അഞ്ചും പതിപ്പുകള്‍ പിന്നിടുമ്പോള്‍ അതിന്റെ കോപ്പികള്‍ എന്നു പറയുന്നത് നൂറും ഇരുന്നൂറുമൊക്കെയാണ്. ഈ സംസ്‌കാരത്തെപ്പോലും വെല്ലുവിളിച്ചു മുന്നിലുള്ളതും പതിപ്പുകള്‍ വന്നുകൊണ്ടിരിക്കുന്നതും ആത്മഹത്യചെയ്ത ഒരു കവിയുടെ (നന്ദിത ) ‘ നന്ദിതയുടെ കവിതകള്‍’ ( ഒലിവ് ) എന്ന പുസ്തകമാണ്.

ബന്യാമിന്‍
പെരുമ്പടവം ശ്രീധരന്‍

എന്നെ അറിയാത്ത ,
എന്നെ കാണാത്ത,
ഉറക്കത്തില്‍ എന്നെ
പേരു ചൊല്ലി വിളിച്ച,
എന്റെ സ്വപ്‌നമേ
എന്റെ മുഖത്ത് തറച്ച നിന്റെ കണ്ണുകള്‍
അവ ആണ്ടിറങ്ങിയത്
എന്റെ ഹൃദയത്തിലാണ്,
ആഴമേറിയ രണ്ട് ഗര്‍ത്തങ്ങള്‍ സൃഷ്ടിച്ച്.

  • (നന്ദിതയുടെ കവിതകള്‍ / 1987 )

കവിതാപുസ്തകങ്ങള്‍ മറവി എന്ന അതിന്റ ശിക്ഷ നേരിടുമ്പോഴാണ് നന്ദിതയുടെ കവിതകള്‍ നിരവധി പതിപ്പുകള്‍ ശേഷിപ്പിക്കുന്നത്. ഒ.വി. വിജയന്റെ ‘ഖസാക്കിന്റെ ഇതിഹാസവും ‘ പെരുമ്പടവം ശ്രീധരന്റെ ‘ഒരു സങ്കീര്‍ത്തനം പോലെയും ‘, ബന്യാമിന്റെ ‘ആടുജീവിതവും ‘ ഒന്നും വ്യാജപ്പതിപ്പുകളായിരുന്നില്ലല്ലോ.

നേരുകളും നുണകളുമാവുന്ന ഫിക്ഷന്‍

വികാരങ്ങളോടുള്ള സമരസപ്പെടലാണ് ചില കഥകള്‍. എഴുതുന്നയാളുടെ പക്ഷത്തും വായിക്കുന്ന ആളുടെ പക്ഷത്തും അത് വൈകാരികമായ മുറിവുകള്‍ തീര്‍ക്കും. ജീവിതത്തെ ജീവിക്കാനുതകുന്നതാക്കുന്നത് കെട്ടിയെടുക്കപ്പെടുന്ന ചില ഭാവനകളാണ്. ഏതു കണ്ണീരിനിടയിലും പ്രതീക്ഷയുടെ തിരിനാളം കാണാനും ഭാവനകൊണ്ട് ആ കണ്ണീരിനെ പ്രതിരോധിക്കാനും ചില കഥകള്‍ക്കാവും. ഒരു നല്ല കഥയിലെ ഓരോ വാക്യവും ഈ ലോകത്ത് ജീവിച്ചിരിക്കുകയെന്നാല്‍ എന്തെന്ന ബോധവും ആ ബോധത്തിന്റെ സ്വരൂപനിര്‍മ്മിതിയുമാണ്. ഒരു കഥാപാത്രത്തിന് തന്നെത്തന്നെ വിവരിക്കാന്‍ പുതിയ ഉപാധികള്‍ കണ്ടെത്തേണ്ടി വരുന്നതിനെയും മനുഷ്യനായി തുടരാന്‍ പുതിയ മാര്‍ഗ്ഗങ്ങള്‍ തേടേണ്ടതിന്റെയും ശകലിതമായ ഭാവനയിലൂടെ ആവിഷ്‌കരിക്കാന്‍ ശ്രമിക്കുന്നതിന്റെ ഒരു വലിയ ക്യാന്‍വാസാണ് മനോജ് വെള്ളനാടിന്റെ ‘ചിന്ന ചിന്ന ആസൈ ‘ (സമകാലിക മലയാളം വാരിക 2023 ജൂലൈ 24) എന്ന കഥ. ദേശാന്തരഗമനത്തിലൂടെ ഇതിലെ കേന്ദ്രകഥാപാത്രങ്ങളായ ദീപകിന്റെയും റോസിന്റെയും വ്യക്തിസത്ത അജ്ഞാതമായ സ്ഥലങ്ങളിലേക്കു വഹിക്കപ്പെടുകയും , അതിലൂടെ പുതിയ രൂപാന്തരങ്ങള്‍ക്കു വിധേയമാവുകയുംചെയ്യുന്നു. യാഥാര്‍ത്ഥ്യമെന്നത് നിയതമോ നിശ്ചിതമോ ആയ ഒന്നല്ലെന്നും , മറിച്ച് തങ്ങള്‍ക്കത് ഓരോ ഘട്ടത്തിലും നിര്‍മ്മിക്കേണ്ടതായുണ്ട് എന്നും ഇതിലെ റോസ് എന്ന കഥാപാത്രം കണ്ടെത്തുന്നു. തമിഴ് സിനിമാഗാനങ്ങളുടെ പശ്ചാത്തല രാഗത്തില്‍ കാഴ്ചയില്ലാത്ത റോസിന്റെ മൂന്നാം കണ്ണിന്റെ കാഴ്ചകളിലൂടെയാണ് കഥ പുരോഗമിക്കുന്നത്. കുറ്റബോധം കൊണ്ട് റോസിനെ പ്രണയിച്ച രോഹന്‍ എന്ന ഡോക്ടറും സഹതാപം കൊണ്ട് റോസിനെ പ്രണയിക്കുന്ന ദീപക്കും ഫിക്ഷന്റെ കലയിലെ മാത്രം നേരുകളും നുണകളുമല്ല. ദീപക് എങ്ങനെയാണ് അന്ധയായ റോസിനെ പ്രണയിക്കുന്നത് എന്ന് അവളുടെ പപ്പ ചോദിക്കുമ്പോള്‍ അവള്‍ പറയുന്ന മറുപടി ശ്രദ്ധേയമാണ്- ‘പ്രേമം അന്ധമാണ്. ‘ പ്രേമിക്കാതെയും സുഹൃത്തുക്കളായി തുടരാനാവുന്നതിന്റെ മന:ശാസ്ത്രത്തെ മനോജ് അനാവരണപ്പെടുത്തുന്നുണ്ട്. പ്രണയം എന്ന യാഥാര്‍ത്ഥ്യത്തിന് പല എടുപ്പുകള്‍ നിര്‍മ്മിച്ചുകൊണ്ട് ഈ കാലത്തെയാണ് മനോജ് സൂചകങ്ങളിലൂടെ പരിചിതമാക്കുന്നത്.

മനോജ് വെള്ളനാട്
അലി അന്‍വര്‍
അനിത തമ്പി

കവിതയെന്ന ദുര്‍സ്വാതന്ത്ര്യം

മലയാളകവിതയിലെ സമകാലിക പ്രവണതകള്‍ ആവര്‍ത്തനവിരസവും നീചവുമായ ഒരു സംസ്‌കാരത്തെ പ്രഖ്യാപിക്കലും സ്ഥാപിക്കലുമാണ്. കവിതയുടെ ആത്മാവ് കവിക്ക് കൂടുതല്‍ കീറിമുറിക്കാനോ മാറ്റിമറിക്കാനോ ഉള്ള ഒരു വസ്തുവായി ചുരുങ്ങിവന്നിട്ടുണ്ട്. കവിതയെ ഒരു ‘ലഘു സമ്പാദ്യ പദ്ധതി ‘യോളം തരംതാഴ്ത്തുന്ന ഒരു കോക്കസ് ഇവിടെയുണ്ട്. അവിടെ ചില കവികള്‍ പരസ്പരം അനുകരിക്കുകയാണ്. ജോസഫ് അന്‍വറിനെയും അന്‍വര്‍ പി. എന്‍. ഗോപീകൃഷ്ണനെയും ഇവരെല്ലാം ചേര്‍ന്ന് അനിത തമ്പിയെയും അനുകരിക്കുകയാണ് ചെയ്യുന്നത്. ആ കണ്ണിയിലെ ഉപയോഗശൂന്യനായ കവിയാണ് അന്‍വര്‍ അലി. ‘ആടിയാടി അലഞ്ഞ മരങ്ങളേ ‘ എന്ന കാവ്യപുസ്തകത്തിന്റെ പൂമുഖവാതിലില്‍ അന്‍വര്‍ ഇങ്ങനെ എഴുതിയിട്ടുണ്ട് – ‘എനിക്കു പിടികിട്ടിയിടത്തോളം ഇക്കാണുന്ന ലോകം അത്ര ലളിതമൊന്നുമല്ല. മനുഷ്യബോധത്തോളം പഴക്കമുള്ള ( അതെത്രയാണോ എന്തോ ), സ്ഥലജലങ്ങളും സ്ഥാവരജംഗമങ്ങളും തകര്‍പ്പുയിര്‍പ്പുകളും ഇടതൂര്‍ന്ന ഭാഷ തന്നെയല്ലേ ഈ ലോകം ? സംശയം പങ്കിടാന്‍ സൗമനസ്യമുള്ളവര്‍ക്ക് ഒരുപക്ഷേ , ഈ പുസ്തകം കുറച്ചൊക്കെ ബോധ്യപ്പെട്ടേക്കാം.’

തീരെ തെളിച്ചം വരാത്ത ഒരു കവിയുടെ വലിപ്പം കൂടിയ വാക്യങ്ങളാണ് മുകളില്‍ ഉദ്ധരിച്ചത്. കവിതയുടെ നിര്‍മ്മാണകലയില്‍ ഒരിഞ്ചുപോലും മുന്നോട്ടു വളര്‍ന്നിട്ടില്ലാത്ത ഈ കവി ഇന്ന് നിലനില്‍ക്കുന്നത് സിനിമാപ്പാട്ടിന്റെ പേരിലാണ്. വാക്കുസര്‍ക്കസ്സിനെ ഇനി കവിതയായി മലയാളി ചുമക്കില്ലായെന്ന് ആര് അന്‍വറിനെ ബോധിപ്പിക്കും. കവിതയെന്ന ലേബലില്‍ ഒരു മോശം ചരക്ക് ‘ സ്വപ്‌നമാണോ ? ‘ (മാധ്യമം ആഴ്ചപ്പതിപ്പ് 2023 ജൂലൈ 24 ) എന്ന ശീര്‍ഷകത്തില്‍ എത്തിയിട്ടുണ്ട്. അന്‍വറിന്റെ എല്ലാ വാക്കുകളുടെയും അര്‍ത്ഥം ഒന്നാണ്. ഇതൊരു അകവിതയാണ്. അനുകരണമാണ്. കാല്പനികതയുടെ ഉപേക്ഷിക്കപ്പെട്ട പുതിയ വേര്‍ഷനാണ്. ആസ്വാദകന്റെ ബോധത്തിന് ജീര്‍ണ്ണതയുടെ താപാഘാതം ഏല്‍പ്പിക്കുന്ന ഇത്തരം കവിതകള്‍ നിരോധിക്കാന്‍ സാംസ്‌കാരിക വകുപ്പ് മുന്‍കൈയെടുക്കണം.

റോഡ് സൈഡില്‍ കെട്ടിക്കിടക്കുന്ന
ഓര്‍മയാണോ
ഉടമ്പില്‍ ഓര്‍മ തെറിപ്പിച്ചു പായുന്ന
വാഹനമാണോ
ഏതാണ് നമ്മിലെ സ്വപ്‌നം എന്ന്
കെട്ടിപ്പിടിച്ച്
കടിച്ചു പറിക്കുന്നു ഒരു സ്വപ്‌നം .

  • സ്വപ്‌നമാണോ എല്ലാം ?
    ഈ വരികളും.
  • സ്വപ്‌നമാണോ ? / അന്‍വര്‍ അലി
    ഈ ഉദ്ധരിക്കപ്പെട്ട വരികള്‍ക്കു മുമ്പുള്ള ഇരുപത്തിമൂന്നു വരികള്‍ നല്ല ഒന്നാന്തരം നേഴ്‌സറി റൈം ആണ്. കവിതയെന്നു തോന്നിപ്പിക്കുന്ന ശേഷിച്ച വരികളെ കാറ്റു കൊണ്ടുപോയി.

ഈ യാഴ്ചയിലെ പുസ്തകം

സലിന്‍ മാങ്കുഴി

പത U/A / സലിന്‍ മാങ്കുഴി ( ഡി.സി. ബുക്‌സ് , നാലാം പതിപ്പ് )
മനുഷ്യനെ കേന്ദ്രമാക്കി വളര്‍ന്നുവന്ന പ്രപഞ്ചവീക്ഷണം വിഭാഗീയതകള്‍ വളര്‍ത്തിക്കൊണ്ടുവന്നു. അഹംബോധത്തിന്റെ സമാഹൃതരൂപമായി സംഘബോധം മാറി. എവിടെയും മനുഷ്യന് വേഷപ്പകര്‍ച്ചകള്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണെന്നും അതിന്ന് ലോകനീതിയായി തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നുവെന്നും സമര്‍ത്ഥിക്കാനാണ് ഒരുപക്ഷെ സലിന്‍ മാങ്കുഴി എന്ന കഥാകാരന്‍ ശ്രമിക്കുന്നത്. കഥയുടെ കലയില്‍ നിന്നും നമ്മിലേക്ക് പ്രവഹിക്കുന്ന അമൃതധാരയാണ് ഇവിടെ ഭാഷയുടെ നീതി എന്നു പറയുന്നത്. നന്മതിന്മകളുടെ നൂല്‍പ്പാലങ്ങളെ ധ്യാനാത്മകമായ അനുഭവങ്ങളാക്കി ആവിഷ്‌കരിക്കുന്ന ഒരാള്‍ക്കേ മനുഷ്യന്റെ സ്വത്വ പ്രതിസന്ധികളെ കഥയുടെ ശരീരത്തില്‍ കൊണ്ടുവയ്ക്കാനാവൂ. ‘ ബന്ദി ‘ എന്ന കഥ ലോക് ഡൗണ്‍ കാലത്തിന്റെ അകലത്തിന്റെ മന:ശാസ്ത്രത്തെയാണ് അടുക്കിയെടുക്കുന്നത്. തമസ്‌കരിക്കപ്പെട്ട ജീവിതങ്ങളുടെ പുരാരേഖ തിരയാനാണ് ‘ഭൂതം ‘ എന്ന കഥയില്‍ ശ്രമിക്കുന്നത്. ‘ ഫാന്റം ഫീലിംഗ് ‘ എന്ന കഥ മനുഷ്യനുണ്ടായിരിക്കേണ്ട ജൈവിക സത്തയെ കുറിച്ചുള്ള ആലോചനകളാണ് . ഗന്ധവും ഒരു തരം ഭാഷയാണെന്നും അത് ഉല്ലാസത്തിനുള്ള വിനോദോപാധിയല്ലെന്നും പ്രതീകങ്ങളിലൂടെ സ്ഥാപിക്കാനാണ് സലിന്‍ ശ്രമിക്കുന്നത്. Time and Space എന്നത് തത്വചിന്തയിലെ വലിയൊരു ക്യാന്‍വാസാണ്. സലിന്‍ തന്റെ ഒരു കഥയെ ശീര്‍ഷകപ്പെടുത്തിയിരിക്കുന്നത് ‘ സ്ഥലകാലം’ എന്നാണ്. തെറ്റിച്ചടുക്കപ്പെട്ട സ്ഥലകാലങ്ങളിലേക്ക് ഊളിയിട്ടുപോകാനാണ് കഥാകാരന്‍ ശ്രമിക്കുന്നത്. വിക്രം സാരാഭായിയുടെ മരണത്തിന്റെ ‘അകാരണ’ ങ്ങളെ തിരയുന്ന കഥാകാരന്‍ പുതിയ കാലത്തിലേക്ക് എത്തിവലിഞ്ഞെത്തുന്നത് പുതിയ കാഴ്ചകളെ അരിഞ്ഞെടുത്ത് മുന്നില്‍ വയ്ക്കാനാണ്. മനുഷ്യന്‍ എന്ന സത്തയെ കുറിച്ചെന്നതിനേക്കാള്‍ ആ സത്തയുടെ കുഴപ്പങ്ങളെകുറിച്ച് മിണ്ടിയതുകൊണ്ടായിരിക്കണം സലിന്‍ മാങ്കുഴിയുടെ ‘ പത U/A അഞ്ചാം പതിപ്പിലേക്കെത്തിച്ചത്. ഇതൊരു വ്യാജപ്പതിപ്പല്ല.

നമ്പൂതിരി

ഈയാഴ്ചയിലെ ഇലസ്‌ട്രേഷന്‍

വരയുടെ മന:ശാസ്ത്രത്തില്‍ കൊതിപ്പിക്കുന്ന നോട്ടവുമായി പുളഞ്ഞുനില്‍ക്കുന്നതോ ഞെട്ടിത്തിരിഞ്ഞ് നില്‍ക്കുന്നതോ ആയ കഥാപാത്രങ്ങളെ സൃഷ്ടിക്കുകയും വഴിയരുകുകളില്‍ വച്ച് അവരെ നേരിട്ട് കാണാനും മലയാളിയെ പരിശീലിപ്പിച്ചത് നമ്പൂതിരി എന്ന ഇല്ലസ്‌ട്രേറ്ററാണ്. കാണിക്ക് ഈ ആനന്ദപുളകവ്യവസ്ഥയില്‍ ഇടപാടുണ്ടെന്നും അത് ആല്‍ബപ്പെടുത്തിയെടുക്കാന്‍ വൈകാരികതയുടെ ഒരു അധിക പരിശ്രമം ആവശ്യമാണെന്നും മലയാളിയെ പഠിപ്പിച്ചതും നമ്പൂതിരിയാണ്. കളര്‍ പേസ്റ്റലുകള്‍ ഉപയോഗിക്കാതെ തന്നെ ദൃശ്യപരമായ സമ്പന്നത പ്രകടിപ്പിക്കാന്‍ നമ്പൂതിരിയുടെ കഥാപാത്രങ്ങള്‍ക്കു കഴിഞ്ഞു. ആയിരത്തിത്തൊള്ളായിരത്തി എണ്‍പതുകളില്‍ കലാകൗമുദിയിലും കഥയിലുമൊക്കെ നമ്പൂതിരി കൊടുത്ത സ്‌കെച്ചുകള്‍ സവിശേഷമായ ഒരു ആള്‍നോട്ടക്കാരനെ നമുക്ക് ചൂണ്ടിക്കാണിച്ചു തരുന്നു. കഥ പറയുന്ന ശരീരങ്ങളെ മലയാളിക്കു മുമ്പിലേക്കെത്തിക്കുകയും ഭൂതവും ഭാവിയും ഒരേ ശരീരത്തില്‍ പ്രകടിപ്പിക്കുകയും ചെയ്യാന്‍ നമ്പൂതിരിക്കു കഴിഞ്ഞു. തകഴിയുടെ ‘ ഏണിപ്പടികള്‍ ‘ എന്ന നോവലിലെ ‘പ്രേമവും ചുവപ്പുനാടയും ‘ എന്ന അധ്യായത്തിന് വരച്ച സ്ത്രീരൂപത്തെയൊക്കെ അക്കാലത്തെ സദാചാരക്കണ്ണുകള്‍ ആക്ഷേപിച്ചിട്ടൊക്കെയുണ്ട്. ഒരുതരം മുദ്രാക്ഷര ചിത്രണപരതയായി മലയാളിയുടെ കാഴ്ചാസംസ്‌കാരത്തെ അത് പിന്‍തുടര്‍ന്നത് ഏറെ പണിപ്പെട്ടു തന്നെയാണ്. നമ്പൂതിരി വരച്ച വൈദ്യരത്‌നം പി.എസ്. വാരിയരുടെ ചിത്രവും ജോസഫ് മുണ്ടശ്ശേരിയുടെ ചിത്രവും ഒക്കെ മൗലിക പ്രതിഭയുടെ അമൂര്‍ത്ത സ്ഫുരണം പ്രകടിപ്പിക്കുകയും ഗൗരവതരമായ ഒരു ഭാവുകത്വത്തെ അടയാളപ്പെടുത്തുകയും ചെയ്തു. ഇവിടെ മാസ്സും സ്‌പേസും വോള്യവും കറുപ്പും / വെളുപ്പും രേഖകളില്‍ വന്ന് കാണിയെ സംതൃപ്തപ്പെടുത്തുകയായിരുന്നു. കാഴ്ചയുടെ ഇന്ദ്രിയാവേഗങ്ങളെ പ്രീണിപ്പിക്കുന്നതിനേക്കാള്‍ കഥ പറയുന്ന ശരീരങ്ങളെ സൃഷ്ടിക്കുകയായിരുന്നു നമ്പൂതിരിയുടെ ലക്ഷ്യം.

ഈയാഴ്ചയിലെ അഫോറിസം
വാക്കിന്റെ പഴയ
അര്‍ത്ഥമാണ്
ചരിത്രം.

Author

Scroll to top
Close
Browse Categories