അവാര്‍ഡിതം

സര്‍ക്കാര്‍ വക പുരസ്‌കാരങ്ങള്‍ കഴിഞ്ഞാല്‍ പിന്നെ ശ്രദ്ധിക്കപ്പെടുന്ന രണ്ടു സാഹിത്യ പുരസ്‌കാരങ്ങളാണ് വയലാര്‍ അവാര്‍ഡും മുട്ടത്തുവര്‍ക്കി അവാര്‍ഡും. ഇതു രണ്ടും രണ്ടു ജനപ്രിയസാഹിത്യകാരന്മാരുടെ പേരിലുള്ളതാണെങ്കിലും ബുദ്ധിജീവി സാഹിത്യകാരന്മാര്‍ക്ക് അവാര്‍ഡ് കൊടുക്കുന്ന പരിപാടിയാണ് രണ്ടിടത്തുമുള്ളത്. അവാര്‍ഡ് ആരുടെ പേരിലായാലും ജനപ്രിയ സാഹിത്യം ഇന്നും അവാര്‍ഡിന്റെ പുറംപോക്കില്‍ തന്നെയാണു കുടിയിരിക്കുന്നത്.

അവാര്‍ഡ് വ്യവസായത്തിന്റെ നാനാവശങ്ങളെക്കുറിച്ചുള്ള ചര്‍ച്ചയാണു കഴിഞ്ഞ മൂന്നു ലക്കങ്ങളായി യോഗനാദത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇഷ്ടക്കാര്‍ക്കു കൊടുക്കാനും ഇഷ്ടമില്ലാത്തവര്‍ക്കു കിട്ടാതെ നോക്കാനുമുള്ള അവസരമായി പ്രമുഖര്‍ അവാര്‍ഡ് നിര്‍ണ്ണയത്തെ മാറ്റുന്നതിന്റെ തുറന്നെഴുത്താണു ബാബു കുഴിമറ്റം നടത്തിയത്.

അവാര്‍ഡ് ഒരിക്കലും നിഷ്പക്ഷമാവില്ലെന്നും പക്ഷമാണു അവാര്‍ഡ് നിര്‍ണ്ണയത്തിന്റെ ആത്മാവെന്നുമാണ് എന്റെ സുചിന്തിതമായ അഭിപ്രായം. അവാര്‍ഡ് കൃതിയുടെയോ രചയിതാവിന്റെയോ ഉത്കൃഷ്ടതയുടെ മാനദണ്ഡമല്ല. മറിച്ച് ശ്രദ്ധിക്കപ്പെടാനുള്ള ഒരു ഉപാധിയാണ്. സാഹിത്യ അക്കാദമി അവാര്‍ഡ് കിട്ടുന്ന കൃതിയാണ് ആ വര്‍ഷത്തെ ആ ഇനത്തിലെ ഏറ്റവും മുന്തിയ ഐറ്റമെന്ന് ആരെങ്കിലും കരുതുന്നുണ്ടാവുമോ? ഒരിക്കലുമല്ല. ഏതാനും പേര്‍ അവരുടെ മുമ്പിലെത്തുന്ന പുസ്തകങ്ങളില്‍ നിന്നും അവര്‍ക്ക് മെച്ചമെന്നു തോന്നിയ ഒരെണ്ണത്തിനെ തിരഞ്ഞെടുക്കുന്നു. പക്ഷേ ഈ തിരഞ്ഞെടുപ്പും പ്രഖ്യാപനവും കൃതിക്കും രചയിതാവിനും ബഹുജനശ്രദ്ധ നേടിക്കൊടുക്കുന്നു. അവാര്‍ഡിന്റെ പേരും പെരുമയും അനുസരിച്ച് കിട്ടുന്ന ശ്രദ്ധയുടെ ആയതിയും കൂടും. എല്ലാ അവാര്‍ഡിനും പിന്നിലെ മനശ്ശാസ്ത്രമിതാണ്. അവാര്‍ഡിനു പിന്നാലെ വാലാട്ടി നില്‍ക്കാന്‍ എഴുത്തുകാരെ പ്രേരിപ്പിക്കുന്നതും ഇതുതന്നെ.

ഓരോ വര്‍ഷവും ഇറങ്ങുന്ന നൂറുകണക്കിനു കൃതികള്‍ക്കിടയില്‍ നിന്നും തന്റെ കൃതി ഒരു പടി മുന്നില്‍ കയറിനിന്നു ശ്രദ്ധ പിടിച്ചു പറ്റുന്നു. അതിനൊരു അവസരം കാത്താണ് അവാര്‍ഡ് ആസ്പിരന്‍സ് അവാര്‍ഡ് കൊടുക്കുന്ന ഏജന്‍സികള്‍ക്കു ചുറ്റും കറങ്ങി നടക്കുന്നത്. അവിടെ തനിക്കു വേണ്ടപ്പെട്ടവരെ കണ്ടെത്തുന്നതും ഉണ്ടാക്കുന്നതും. ഒരു അവാര്‍ഡ് നല്‍കാനോ നല്‍കാതിരിക്കാനോ ത്രാണിയുള്ളവരുടെ തെറ്റുകളൊന്നും എഴുത്തുകാര്‍ കാണാതെ പോകുന്നതും ധാര്‍മ്മികരോഷം മടക്കിച്ചുരുട്ടി പോക്കറ്റിലിട്ട് സ്തുതിപാഠകരായി മാറുന്നതും അതുകൊണ്ടാണ്.

മലയാളത്തില്‍ അവാര്‍ഡിനൊരു പഞ്ഞവുമില്ല. അതുകൊണ്ടുതന്നെ പഴക്കം കൊണ്ടും പേരുകൊണ്ടും പ്രസിദ്ധമായ ഏതാനും എണ്ണത്തെ മാത്രമേ പൊതുജനം ശ്രദ്ധിക്കാറുള്ളൂ. സര്‍ക്കാര്‍ വക പുരസ്‌കാരങ്ങള്‍ കഴിഞ്ഞാല്‍ പിന്നെ ശ്രദ്ധിക്കപ്പെടുന്ന രണ്ടു സാഹിത്യ പുരസ്‌കാരങ്ങളാണ് വയലാര്‍ അവാര്‍ഡും മുട്ടത്തുവര്‍ക്കി അവാര്‍ഡും. ഇതു രണ്ടും രണ്ടു ജനപ്രിയസാഹിത്യകാരന്മാരുടെ പേരിലുള്ളതാണെങ്കിലും ബുദ്ധിജീവി സാഹിത്യകാരന്മാര്‍ക്ക് അവാര്‍ഡ് കൊടുക്കുന്ന പരിപാടിയാണ് രണ്ടിടത്തുമുള്ളത്. അവാര്‍ഡ് ആരുടെ പേരിലായാലും ജനപ്രിയ സാഹിത്യം ഇന്നും അവാര്‍ഡിന്റെ പുറംപോക്കില്‍ തന്നെയാണു കുടിയിരിക്കുന്നത്.

2012 മുതല്‍ വയലാര്‍ അവാര്‍ഡ് നിര്‍ണ്ണയ പ്രകിയയില്‍ പല ഘട്ടങ്ങളിലായി പങ്കുചേര്‍ന്നിട്ടുണ്ട്. 2018ല്‍ ജൂറി അംഗവുമായി. ഈ അവാര്‍ഡിന്റെ ഒന്നാം ഘട്ടം ഇരുനൂറു പേരില്‍ നിന്നും നോമിനേഷന്‍ സ്വീകരിക്കലാണ്. ഒരാള്‍ക്ക് മുന്‍ഗണനാ ക്രമത്തില്‍ മൂന്നു കൃതികള്‍ ശുപാര്‍ശ ചെയ്യാം. ഇങ്ങനെ വരുന്ന ശുപാര്‍ശകളില്‍ നിന്നും ഏറ്റവും അധികം പോയിന്റു നേടിയ 5 കൃതികളാണ് രണ്ടാം ഘട്ടത്തിലെത്തുന്നത്. ഇവ വായിച്ച് റാങ്ക് ചെയ്ത് വിശദമായി ഗുണദോഷക്കുറിപ്പ് തയ്യാറാക്കാന്‍ ശേഷിയുള്ള 20 പേരിലേയ്ക്കാണ് ഇവ എത്തുന്നത് . അവിടെ നേടുന്ന പോയിന്റിന്റെ അടിസ്ഥാനത്തില്‍ ഏറ്റവും മുന്നിലെത്തുന്ന 3 കൃതികള്‍ മാത്രമാണ് ജൂറി പരിഗണിക്കുന്നത്. അവയിലൊന്നാവും അവാര്‍ഡിനര്‍ഹമാകുന്ന കൃതി. അവാര്‍ഡ് നിര്‍ണ്ണയത്തിന്റെ രീതിശാസ്ത്രം ഇതാണെങ്കിലും രണ്ടാം ഘട്ട പരിശോധനയ്ക്ക് 5 പുസ്തകങ്ങള്‍ എത്തിക്കഴിഞ്ഞാല്‍ ഒരു പരിചയവുമില്ലാത്ത സാഹിത്യ പ്രണയികളില്‍ നിന്നും ഫോണ്‍കോള്‍ വരുക ഒരാചാരമാണ്. അവര്‍ ചില പുസ്തകങ്ങളുടെ പ്രസക്തിയും പ്രസിദ്ധിയുമൊക്കെ ഭംഗിയായി അവതരിപ്പിക്കും. ടീച്ചറതു വായിക്കണം കേട്ടോ എന്ന ഉപദേശവും തരും. ആ സമയം ആ പുസ്തകം നമ്മുടെ മേശപ്പുറത്ത് ഗുണദോഷക്കുറിപ്പും കാത്തിരിപ്പുണ്ടാവും. ഈ രണ്ടാം ഘട്ട പരിശോധകരുടെ കാര്യം ഒരു രഹസ്യമാണെന്നാണ് സങ്കല്പം’. പക്ഷേ എല്ലാ രഹസ്യവും പോലെ ആ രഹസ്യവും എവിടൊക്കെയോ ചോരുന്നുണ്ട്. ആ ചോര്‍ച്ചയുടെ ഫലമാണ് സാഹിത്യ പ്രണയികള്‍ നടത്തുന്ന പി ആര്‍ വര്‍ക്ക്. കാരണം രണ്ടാം ഘട്ടത്തിലെ റാങ്കിംഗും കുറിപ്പുമാണ് കൃതിയെ മൂന്നാം ഘട്ടത്തിലേയ്ക്കു നയിക്കുന്നത്. അവാര്‍ഡിനായി ഒളിഞ്ഞും തെളിഞ്ഞുമുള്ള പി. ആര്‍ പണി മിക്ക അവാര്‍ഡിന്റെയും ഭാഗമാണ്.

സ്വയംപ്രഖ്യാപിത പുരസ്‌കാരങ്ങളും
സോഷ്യല്‍ മീഡിയ തള്ളും.

ഇതിനെയൊക്കെ കടത്തിവെട്ടുന്ന പുതിയ രീതിയാണു സ്വയംപ്രഖ്യാപിത പുരസ്‌കാരങ്ങള്‍. ‘ എനിക്കു വയലാര്‍ അവാര്‍ഡ് വേണം. അതിനായി ഞാനിതാ തുനിഞ്ഞിറങ്ങുന്നു ‘ എന്നു പറഞ്ഞു സ്വന്തം പുസ്തകത്തെ പരിചയപ്പെടുത്തിയ വയോധികന്‍ മുതല്‍ ഇരുപത്തിനാലോളം പുരസ്‌കാരങ്ങളാല്‍ സമ്പന്ന എന്നു fb പേജില്‍ രേഖപ്പെടുത്തിയ കവികുലതിലകം വരെ ഈ വിഭാഗത്തില്‍ പെടുന്ന നേരിട്ടറിയാവുന്ന മഹത്തുക്കളാണ്. ഇതില്‍ വയലാര്‍ അവാര്‍ഡ് വേട്ടക്കാരനായ ചങ്ങാതി തന്റെ കൃതികള്‍ക്ക് ഓരോ ആഴ്ച ഓരോ അവാര്‍ഡ് കിട്ടിയതായി കാണിച്ച് കുറിപ്പിടും. ഷാളും പുതച്ച് ഫലകവുമേന്തി നില്‍ക്കുന്ന പടവും കാണും. ഈ അവാര്‍ഡ് ഒക്കെ ആ വോളില്‍ ജനിച്ചു മരിക്കുന്നവയാണ്. കാരണം വേറൊരിടത്തും ഒരിക്കലും ഈ പേരിലൊരു പുരസ്‌കാരം ആരും കണ്ടിട്ടില്ല.
കവിത മുതല്‍ കളംവരയ്ക്കല്‍ വരെ പരന്നുകിടക്കുന്ന കലാസപര്യയാണ് കവികുലതിലകത്തിനുള്ളത്. ഇതിലെല്ലാം പുരസ്‌കാരങ്ങളുമുണ്ട്. വാരിയത്തമ്മ മുതല്‍ വായില്ലാക്കുന്നിലപ്പന്‍ വരെയാണ് പുരസ്‌കാരങ്ങളുടെ പേരുകള്‍. പക്ഷേ ഇതൊന്നും മറ്റാര്‍ക്കും മുമ്പോ പിമ്പോ കൊടുത്ത ചരിത്രമില്ല.
രണ്ടു വാക്കുകള്‍ വീതമുള്ള എട്ടുവരി നീട്ടിയെഴുതിയ ഇരുപതു കവിതകളുടെ സമാഹാരം. മുന്നിലും പിന്നിലും രണ്ട് ആങ്ങളമാരുടെ വക 30 പേജ് പഠനം. അങ്ങനെ 50 പേജുള്ള 60 പുസ്തകം ഇറക്കി കവിപ്പട്ടവും സാംസ്‌കാരിക നായികാ പദവിയും കരസ്ഥമാക്കിയവരുമുണ്ട്.

എം.കെ. സാനു

സാഹിത്യ രംഗത്തു മാത്രമല്ല കലാരംഗത്തെ സമസ്തമേഖലകളിലും പുരസ്‌കാരദാഹികള്‍ ഉണ്ട്. മാനിപ്പുലേഷനുമുണ്ട്. എഴുത്തുകാരെന്നാല്‍ ഏതോ വിശുദ്ധജന്മങ്ങളാണെന്ന ധാരണയൊക്കെ സമൂഹം എന്നേ വെടിഞ്ഞു കഴിഞ്ഞു. ഇവര്‍ സമൂഹത്തിന്റെ നാവോ മനസ്സാക്ഷിയോ മനസ്സാക്ഷി സൂക്ഷിപ്പുകാരോ ഒന്നുമല്ല. മഹാഭൂരിപക്ഷം ‘ സ്വന്തം കാര്യം സിന്ദാബാദ് ‘ എന്ന മന്ത്രമുരുവിട്ട് അവാര്‍ഡ് മണത്തു നടക്കുന്ന സാംസ്‌കാരിക നായകളാണ്. അധികാരത്തിന്റെ അകത്തളങ്ങളിലെ സ്‌തോതാക്കളാണ് . ഇതൊന്നുമല്ലാത്ത ഒരു ന്യൂനപക്ഷത്തിന്റെ പറ്റില്‍ , കവികള്‍ സമൂഹത്തിലെ അനൗദ്യോഗിക നിയമനിര്‍മ്മാതാക്കളാണെന്നും സമൂഹമനസ്സാക്ഷിയുടെ കാമ്പ് കൈയിലേന്തിയവരാണെന്നുമൊക്കെ മേനി നടിച്ചു നടക്കുന്നു എന്നേയുള്ളൂ.
അവാര്‍ഡ് കിട്ടിയ കൃതികള്‍ കാലാതിവര്‍ത്തിയാകുമെന്നോ അവാര്‍ഡ് കിട്ടാത്തവ വായിക്കപ്പെടാതെ ശ്വാസംമുട്ടിച്ചാകുമെന്നോ ഒരു നിയമവും പ്രവര്‍ത്തിക്കുന്നില്ല.

അതുകൊണ്ട് അവാര്‍ഡിതരെ നമുക്കു വെറുതെ വിടാം. അവര്‍ എഴുതുന്നു. ചില പുരസ്‌ക്കാരങ്ങള്‍ തരാക്കുന്നു എന്നല്ലാതെ കൊലപാതകമോ കഞ്ചാവുകച്ചവടമോ ഒന്നും നടത്തുന്നില്ലല്ലോ. തരാക്കാന്‍ പറ്റാത്ത വര്‍ സ്വന്തമായി ഓരോ അവാര്‍ഡ് കണ്ടുപിടിച്ച് തന്റേതാക്കുന്നു. അതും അഭംഗുരം തുടരട്ടെ. എഴുത്തുകാരുടെ എണ്ണം കൂടുന്നതനുസരിച്ച് പുരസ്‌കാരങ്ങളും പെരുകട്ടെ. എല്ലാവരും എഴുത്തുകാര്‍. എല്ലാവരും പുരസ്‌കൃതര്‍. അങ്ങനൊരു കിനാച്ചേരിയുമാവാം. ഒരു കുഴപ്പവുമില്ല. മനുഷ്യര്‍ക്ക് ഒത്തുകൂടാനും വര്‍ത്തമാനം പറയാനും ചായകുടിക്കാനും പറ്റുന്ന ഒരവസരവും ഇല്ലാതാക്കരുത്.
കൂടാതെ വിദ്യാഭ്യാസ രംഗത്ത് വര്‍ദ്ധിച്ചു വരുന്ന ആവശ്യങ്ങളെ മുന്‍നിര്‍ത്തി സിലബസ് എക്‌സ്‌പോകള്‍ കൂടി സംഘടിപ്പിക്കുകയുമാവാം. കാലത്തിനൊപ്പം സഞ്ചരിക്കുക. കാലികമായ സാധ്യതകളെ പ്രയോജനപ്പെടുത്തുക.

Author

Scroll to top
Close
Browse Categories