ആദ്ധ്യാത്മികതയുടെ മനഃശാസ്ത്രപരമായ പ്രയോജനം

ആദ്ധ്യാത്മികതയുടെ
മനഃശാസ്ത്രപരമായ പ്രയോജനം

ഗുരു നിത്യചൈതന്യയതി നാരായണഗുരുവിന്റെ ഏതാനും കൃതികള്‍ക്കെഴുതിയ വ്യാഖ്യാനങ്ങളും ആസ്വാദനങ്ങളും സമാഹരിച്ച് ഒരൊറ്റ വാല്യം പ്രസിദ്ധീകരിക്കാന്‍ പ്രണത ബുക്സിന്റെ ഉടമയായ ശ്രീ. ഷാജി ജോര്‍ജ്ജ് തീരുമാനിച്ചതില്‍ വളരെധികം സന്തോഷമുണ്ട്.

ഗുരു നിത്യയോടൊത്ത് അദ്ദേഹത്തിന്റെ അവസാനകാലത്ത് ജീവിച്ചവരും അടുത്തു പരിചയിച്ചവരും കത്തിടപാടുകള്‍ നടത്തിയവരും വിലയിരുത്തിയത്, അദ്ദേഹം സ്നേഹത്തിന്റെ മൂര്‍ത്തരൂപമായിരുന്നു എന്നാണ്. അതിലധികമൊന്നും അവര്‍ക്ക് അദ്ദേഹത്തെപ്പറ്റി പറയാനുമില്ല. ലേഖനങ്ങള്‍വഴി അദ്ദേഹത്തെ വിലയിരുത്തിയവര്‍ പറഞ്ഞു, അദ്ദേഹം സഞ്ചരിക്കുന്ന സര്‍വകലാശാലയായിരുന്നു എന്നാണ്.

ഈ അടുത്ത കാലത്ത് യതിസാരസര്‍വസ്വം എന്ന പേരില്‍ ഡി. സി. ബുക്സ് മൂന്നു വാല്യങ്ങള്‍ ഒന്നിച്ച് പ്രസിദ്ധീകരിച്ചപ്പോള്‍ യതിയുടെ ശ്രദ്ധ പതിഞ്ഞ രംഗങ്ങളെ വകതിരിച്ചത്, ‘ദര്‍ശനശാസ്ത്രം’, ‘മനഃശാസ്ത്രം’, ‘സാമൂഹ്യശാസ്ത്രം’ എന്നിങ്ങനെയാണ്.

അടിസ്ഥാനപരമായി നോക്കിയാല്‍ അദ്ദേഹത്തിന്റെ ചിന്തയെ നയിച്ചിരുന്നത് നാരായണഗുരുദര്‍ശനമാണ്. ചിന്താപദ്ധതിയെ നയിച്ചിരുന്നത് തന്റെ ഗുരുവായ നടരാജഗുരുവിന്റേതും. നാരായണഗുരുവിന്റെ ദര്‍ശനം അദ്വൈതവേദാന്തമാണ്. അതിനെ ഗുരു അവതരിപ്പിച്ചതാകട്ടെ കാവ്യമയമായും, അതേസമയം ശാസ്ത്രസമ്മതിയുള്ള രീതിയിലും. നാരായണഗുരുദര്‍ശനത്തിലെ ശാസ്ത്രീയതയിലാണ് നടരാജഗുരുവിന്റെ ശ്രദ്ധ പതിഞ്ഞത്.
എന്താണ് നടരാജഗുരുവിന്റെ ശാസ്ത്രീയചിന്തയുടെ രീതി? അത് ആധുനികഭൗതികശാസ്ത്രത്തിന്റേതല്ല. പ്രാചീന ഗ്രീക്ക് സംസ്‌കാരത്തില്‍ ‘ഡയലക്ടിക്സ്’ എന്നു വിളിച്ചിരുന്നതും പ്രാചീന ഭാരതത്തില്‍ ‘യോഗാനുഗതമായ ചിന്ത’ എന്നു വിളിച്ചിരുന്നതും സാരത്തില്‍ ഒന്നുതന്നെയാണ്. ജീവിതത്തില്‍ സംഗതമായി വരുന്ന രണ്ടു വിരുദ്ധവശങ്ങളെ വെച്ചുകൊണ്ട് ആ ജീവിതസന്ദര്‍ഭത്തിന്റെ ആകെ സ്വരൂപം ഉള്‍ക്കണ്ണുകൊണ്ട് കാണുക. ഇതാണ് ആ രീതിയുടെ സ്വഭാവം. ഉദാഹരണത്തിന് പിതാവ്-പുത്രന്‍ എന്നിവ വെച്ചുകൊണ്ട് ആ ബന്ധത്തിന്റെ സന്ദര്‍ഭത്തെ കാണുക. സുഖം-ദുഃഖം എന്നിവവെച്ചുകൊണ്ട് നിഷ്പക്ഷമായ ആനന്ദാനുഭവസന്ദര്‍ഭത്തെ കാണുക. ഭൗതികം-ആദ്ധ്യാത്മികം എന്നിവവെച്ചുകൊണ്ട് ഉണ്മയുടെ സ്വരൂപം അന്തര്‍മുഖമായി കാണുക. ഇതു വെളിവാക്കാന്‍ നടരാജഗുരു സ്വീകരിച്ചത് ഗ്രാഫില്‍ സ്വീകരിച്ചുപോരുന്ന കാര്‍ട്ടീഷ്യന്‍ കോ-ഓര്‍ഡിനേറ്റ്സ് ആണ്. അനുപ്രസ്ഥം , ഉപരിതനം എന്നീ രണ്ടക്ഷങ്ങള്‍ തമ്മില്‍ സന്ധിക്കുന്ന ബിന്ദുസ്ഥാനം അനുപ്രസ്ഥവുമല്ല ഉപരിതനവുമല്ല, പ്ലസ്സും അല്ല മൈനസും അല്ല. അനുപ്രസ്ഥാക്ഷം വേദാന്തത്തിലെ വ്യാവഹാരികതയെ സൂചിപ്പിക്കുന്നു എങ്കില്‍ ഉപരിതനാക്ഷം പാരമാര്‍ത്ഥികതയെ സൂചിപ്പിക്കുന്നു. രണ്ടക്ഷങ്ങളുടെയും ബിന്ദുസ്ഥാനം അദ്വൈതത്തെയും.

ഗുരു നിത്യയുടെ ചിന്തയില്‍ ഉടനീളം ഈ ചിന്താശൈലിയുടെ പ്രയോഗമുണ്ട് – ചിലയിടത്തു തെളിഞ്ഞും ചിലയിടത്തു മറഞ്ഞും. മറച്ചുവെയ്ക്കാനാണ് അദ്ദേഹം കൂടുതല്‍ ഇഷ്ടപ്പെട്ടത്. തന്റെ ചിന്തയുടെ ഉള്ളില്‍ മറച്ചുവെച്ചിരിക്കുന്ന ഈ യോഗാനുഗതമായ ചിന്താശൈലിയാണ് അതിനെ അനുവാചകര്‍ക്ക് ആകര്‍ഷകമാക്കിത്തീര്‍ത്തത്; അതിലെ രഹസ്യം അറിയാതെതന്നെ. അത് അദ്ദേഹത്തെ വായനക്കാര്‍ക്ക് പ്രിയപ്പെട്ട ഒരെഴുത്തുകാരനാക്കി മാറ്റുകയും ചെയ്തു.

ഒരിക്കല്‍ ഞാന്‍ അദ്ദേഹത്തോടു നേരിട്ടു ചോദിച്ചു, ”ഗുരുവിന്റെ എഴുത്തുകളെ വായനക്കാര്‍ക്ക് വളരെ ഇഷ്ടകരമാക്കുന്ന അതിലെ രഹസ്യം അവരാരും കാണുന്നില്ല. എന്നാല്‍ ഞാനതു കാണുന്നു.” ഗുരു പറഞ്ഞു, ”ഒരാളെങ്കിലും കാണുന്നുണ്ടല്ലോ അതുമതി.”
ഇതേ യോഗാനുഗതമായ അന്തര്‍ദൃഷ്ടിവെച്ചുകൊണ്ടുതന്നെയാണ് നാരായണഗുരുവിന്റെ കൃതികള്‍ക്ക് ഗുരു നിത്യ വ്യാഖ്യാനമെഴുതിയത്. എല്ലാ കൃതികള്‍ക്കും എഴുതിയില്ല. ആത്മോപദേശശതകത്തിനാകട്ടെ ഒന്നിലധികം വ്യാഖ്യാനങ്ങള്‍ എഴുതുകയും ചെയ്തു. എങ്കിലും അതെല്ലാം ഇതില്‍ ചേര്‍ത്തിട്ടില്ല.
നാരായണഗുരു ഓരോ കൃതിയും, അതിലെ ഓരോ ശ്ലോകവും, എഴുതിയത് ധ്യാനപൂര്‍വകമായ ഒരു അന്തര്‍ദൃഷ്ടിയോടുകൂടിയാണ്. ഗുരു നിത്യയാകട്ടെ തന്റെ മുമ്പില്‍ വന്നിരിക്കുന്ന മനുഷ്യന്‍ നേരിടുന്ന മാനസികപ്രശ്നത്തിന്റെ ആഴങ്ങളിലേക്കു കടന്നുചെന്നിട്ട്, അതിനുള്ള ആദ്ധ്യാത്മികപരിഹാരമായി ഗുരുവിന്റെ ഓരോ ശ്ലോകത്തിന്റെയും ധ്യാനാത്മകമായ അന്തര്‍ഹൃദയത്തെ ഒരുക്കിക്കാണിക്കുകയാണ് തന്റെ വ്യാഖ്യാനങ്ങളില്‍ ചെയ്യുന്നത്. ആത്മോപദേശശതകത്തിന്റെ കാര്യത്തില്‍ ഇത് എടുത്തുകാണുകതന്നെ ചെയ്യാം. നാരായണഗുരുവിന്റെ സുപ്രധാനകൃതിയായ ദര്‍ശനമാലയുടെ കാര്യത്തില്‍ ഇതേ തരത്തിലുള്ള വ്യാഖ്യാനം ഇംഗ്ലീഷില്‍ മാത്രമേ ലഭ്യമായുള്ളൂ. ആദ്ധ്യാത്മികതയുടെ പ്രയോജനത്തിന്റെ മറ്റൊരു മുഖമാണ് നാമിവിടെ കാണുന്നത്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ആദ്ധ്യാത്മികതയുടെ മനഃശാസ്ത്രപരമായ പ്രയോജനമാണ് ഗുരു നിത്യയുടെ രചനകളില്‍ പൊതുവേ കാണാവുന്നത്.
(മുഖവുരയില്‍ നിന്ന്)

Author

Scroll to top
Close
Browse Categories