ഹൃദയബന്ധങ്ങളുടെ പച്ച
ഒരിക്കല്‍പോലും നേരിട്ട് കണ്ടിട്ടില്ലാത്ത ഈ മനുഷ്യര്‍ തമ്മില്‍ ചെസ്സ് കളിക്കുന്ന രംഗമുണ്ട്. കുതിരയെ വീഴ്ത്തി ആനയെ വരുത്തി മന്ത്രിയെയും വീഴ്ത്തി ഒടുക്കം രാജാവ് തനിച്ചാവുന്നു. കേണലെ രാജാവ് തനിച്ചായല്ലോ എന്ന അഹല്യയുടെ ചോദ്യത്തിന് ഇപ്പോള്‍ മനസ്സിലായില്ലേ ഏതൊരു രാജാവും ഒടുക്കം ഒറ്റപ്പെടും. രാജ്യമില്ലാതെ അതിര്‍ത്തികളില്ലാതെ ഒറ്റപ്പെടുന്നവര്‍. മനുഷ്യര്‍…! രാജാധികാരം ദൈവത്വമാണ് എന്ന് വിശ്വസിച്ചിരുന്ന ആ പഴയ കാലഘട്ടത്തില്‍ നിന്നും നവ നാഗരികതയെ പുല്കുന്ന പുതിയ കാലഘട്ടത്തിലും അധികാരം എന്നതിന്റെ ക്ഷണികതയെ ദാര്‍ശനികമായി വരച്ചിടുകയാണ് നോവലിസ്റ്റ്.
നിലനില്ക്കാന് കഥകള്‍ പറഞ്ഞു കൊണ്ടിരിക്കണം എന്ന് ലോകത്തോട് ആദ്യമായി വിളിച്ചുപറഞ്ഞത് ഉംബര്‍ട്ടോ എക്കോയാണ്. ഹെല്ലനിക്ക് ട്രാവലേഴ്സിന്റെ ആദ്യകാല അത്ഭുതങ്ങളുടെ കണ്ടെത്തലുകളില്‍ പോലും ഒരിക്കലും ഇടം പിടിക്കാത്ത മനുഷ്യന് എന്ന അത്ഭുത ജീവിയുടെ കഥ. അവന്റെ ജീവിതങ്ങളും സങ്കീര്‍ണതകളും പ്രണയവും സ്വപ്നങ്ങളുമെല്ലാം മനോഹരമായ ഭാഷയില്‍ അടയാളപ്പെടുത്തുന്ന മലയാളത്തിലെ ഏറ്റവും മികച്ച കഥാകാരന്മാരില് ഒരാളാണ് അര്‍ഷദ് ബത്തേരി. കേരളം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്ത പെണ് കാക്ക എന്ന കഥാസമാഹാരത്തിന് ശേഷം അദ്ദേഹത്തിന്റെ ഏറ്റവും പുതിയ പുസ്തകവും ആദ്യ നോവലുമാണ് ‘നമ്മുടെ കിടക്ക ആകെ പച്ച.’
സ്വപ്നങ്ങളും പ്രതീക്ഷകളും തമ്മില്‍ ചേര്‍ത്തുവെച്ച് ഒടുക്കം ജീവിതത്തിന്റെ കണ്സമ്മേഷനില് നില്ക്കുന്ന രണ്ടുപേര്‍.. കേണല്‍ ജോണ്‍ ഫിലിപ്പും അഹല്യയും.
പ്രതീക്ഷയുടെ കനലുകള്‍ ഇരുട്ടി തുടങ്ങിയ ജീവിതത്തിന്റെ തീര്‍ത്തും ഒബ്സ്കേര്ഡ് ആയ ഒരു നിമിഷത്തില്‍ പ്രതീക്ഷയുടെ ചൂട്ടുവെളിച്ചം രണ്ടു മനുഷ്യരുടെ ജീവിതത്തിലേക്ക് തെളിയുന്നിടത്താണ് കഥയുടെ ആരംഭം.
ഒരു ടെററിസ്റ്റ് അറ്റാക്കില്‍ ഭാര്യയും മകളെയും നഷ്ടപ്പെട്ട ജോണ്‍ ഫിലിപ്പ് എന്ന വൃദ്ധന് മരണം ഓര്‍മ്മകളെ പോലും വിഴുങ്ങി തുടങ്ങുന്ന അവസാനഘട്ടത്തില്‍ നില്‍ക്കെ ആ വീട്ടിലെ ടെലഫോണ്‍ ശബ്ദിച്ചു തുടങ്ങുന്നു. അടഞ്ഞുകൊണ്ടിരിക്കുന്ന ജോസഫിന്റെ കണ്ണുകള്‍ ജീവിതത്തിന്റെ ഇലാസ്റ്റിസിറ്റിയിലേക്ക് മടങ്ങി വരുന്ന കാഴ്ചയാണ് പിന്നീട് നാം കാണുന്നത്. ആ തെറ്റി വന്ന ഫോണ്‍ കോള്‍ അഹല്യയുടേതാണ്. ജീവിതത്തിന്റെ പച്ചപ്പ് ആകെ നഷ്ടപ്പെട്ട മറ്റൊരു ഏകാകിനി. പിന്നീട് തന്റെ ഏകാന്തമായ ജീവിതത്തില്‍ പെയ്ത നനവുള്ള മഴയായി അവര്‍ രണ്ടുപേരും ആ ഫോണ്‍കോളിനെ അടയാളപ്പെടുത്തുന്നുണ്ട്. പ്രണയവും രതിയും സ്വപ്നങ്ങളുമെല്ലാം പ്രായാധിവര് ത്തിയായി നിലനില്‍ക്കുന്ന ഒന്നാണെന്നും പ്രണയം നമ്മളെ നിരന്തരം റിന്യൂവ് ചെയ്യുന്ന ഒന്നാണെന്നും പ്രണയത്തിന്റെ മഷി കൊണ്ട് കുറിച്ചിടുന്നു കഥാകാരന്.
ഏറ്റവും ഭയാനകമായ ദാരിദ്ര്യം ഏകാന്തതയും സ്നേഹിക്കാന്‍ ആരുമില്ല എന്ന തോന്നലമാണെന്ന് മദര്‍ തെരേസയെ അടയാളപ്പെടുത്തിക്കൊണ്ട് ആമുഖത്തില്‍ പറയുന്നുണ്ട് ബെന്യാമിന്.
സ്നേഹരാഹിത്യത്തിലും ഏകാന്തതയിലും പെട്ടുഴറുന്ന, വേദനിക്കുന്ന രണ്ടു മനുഷ്യരുടെ പച്ചയായ ജീവിതാവിഷ്കാരമാണ് ഈ നോവല്‍.
അത്രയേറെ ദാര്ശനികമായിട്ടല്ല അര്‍ഷാദ് നോവലിലെ സംഭവങ്ങളെ അടയാളപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ നോവല്‍ സംവദിക്കുന്ന ഭാഷ അത് ദാര്‍ശനികമാണ്. ‘വൃദ്ധരുടെ മരണം പക്ഷികളുടെ മരണം പോലെയാണ് കൂട്ട നിലവിളികള്‍ ഒന്നുമില്ലാതെ അങ്ങനെ കിടക്കും… പിന്നെ തോണ്ടി കളയും.
ഇവിടെ ജീവിതത്തിന്റെയും മരണത്തിന്റെയും കാല്പനികവല്ക്കരണത്തേക്കാള് ദാര്‍ശനികമായാണ് മരണത്തെ കഥാകൃത്ത് ദര്‍ശിക്കുന്നത്. കൂട്ടിന് ആരുമില്ലാത്തവരുടെ വീട് ശവപ്പറമ്പ് പോലെയാണ് എന്നുകൂടി പറഞ്ഞുവെക്കുന്നുണ്ട് കഥാകാരന്. പ്രായമായവര്‍ മരിച്ച വീടുകളില്‍ ഒരിക്കലെങ്കിലും സന്ദര്‍ശിച്ചിട്ടുള്ളവര്‍ക്കറിയാം. ‘മരിക്കുന്ന സമയത്ത് ഞാന്‍ അടുത്തുണ്ടായിരുന്നു. ഭാഗ്യമാണ്.. എന്ന സന്തോഷപ്പെടല് തൊട്ട് അധികം കിടക്കാതെ ആരെയും ബുദ്ധിമുട്ടിക്കാതെയാണ് പോയത് എന്ന ആശ്വാസപ്പെടല്‍ വരെ നിങ്ങള്‍ക്കവിടെ നിന്ന് ഉയര്‍ന്നു കേള്‍ക്കാം.
ഒരിക്കല്‍പോലും നേരിട്ട് കണ്ടിട്ടില്ലാത്ത ഈ മനുഷ്യര്‍ തമ്മില്‍ ചെസ്സ് കളിക്കുന്ന രംഗമുണ്ട്. കുതിരയെ വീഴ്ത്തി ആനയെ വരുത്തി മന്ത്രിയെയും വീഴ്ത്തി ഒടുക്കം രാജാവ് തനിച്ചാവുന്നു. കേണലെ രാജാവ് തനിച്ചായല്ലോ എന്ന അഹല്യയുടെ ചോദ്യത്തിന് ഇപ്പോള്‍ മനസ്സിലായില്ലേ ഏതൊരു രാജാവും ഒടുക്കം ഒറ്റപ്പെടും. രാജ്യമില്ലാതെ അതിര്‍ത്തികളില്ലാതെ ഒറ്റപ്പെടുന്നവര്‍. മനുഷ്യര്‍…! രാജാധികാരം ദൈവത്വമാണ് എന്ന് വിശ്വസിച്ചിരുന്ന ആ പഴയ കാലഘട്ടത്തില്‍ നിന്നും നവ നാഗരികതയെ പുല്കുന്ന പുതിയ കാലഘട്ടത്തിലും അധികാരം എന്നതിന്റെ ക്ഷണികതയെ ദാര്‍ശനികമായി വരച്ചിടുകയാണ് നോവലിസ്റ്റ്.
ജോണ്‍ ഫിലിപ്പും അകലെയും തമ്മിലുള്ള പ്രണയവും അതിമനോഹരമായി പോര്‍ട്രേ ചെയ്തിട്ടുള്ള ഒന്നാണ്. ‘മരണം പോലെയാണ് ഒരാളോടുള്ള ഇഷ്ടവും അത് ഏതു നിമിഷത്തിലാണ് വരിക എന്ന് പറയാനാവില്ല എന്ന വരി മുതല്‍ ‘അഹല്യ നീ നിന്നെ സൂക്ഷിക്കുന്നതിനേക്കാള്‍ ആഴത്തിലും ഭദ്രതയിലും ഞാന്‍ നിന്നെ സൂക്ഷിച്ചോളാം എന്ന് ജോണ്‍ ഫിലിപ്പ് ഉറപ്പ് കൊടുക്കുമ്പോള്‍ പ്രണയത്തിന്റെ മൃദു വികാരത്തിന് പോലും ദാര്‍ശനികമായ ഒരു ഭാവം കൈവരുന്നു.
ഒറ്റപ്പെടുന്ന മനുഷ്യരുടെ സങ്കോചങ്ങളിലൂടെ പരസ്പരമുള്ള കരുതലിലൂടെ രണ്ടു മനുഷ്യര്‍ക്കിടയില്‍ ഉടലെടുക്കുന്ന ഏറ്റവും ആത്മാര്‍ത്ഥമായ ഒരു ബന്ധത്തെ ഏറ്റവുമാഴത്തില്‍ അടയാളപ്പെടുത്തുകയും ഒപ്പം ഓര്‍മ്മിക്കാന്‍ സംസാരിക്കാന്‍ ശ്രദ്ധിക്കാന്‍ മറ്റൊരാളുണ്ട് എന്നറിയുമ്പോള്‍ അതുവരെ അനുഭവിച്ചിരുന്ന കടുത്ത ഏകാന്തതയുടെ കുടഞ്ഞറിയല് കൂടിയാണ് ഈ നോവല്‍.ഓരോ മനുഷ്യരും ഒറ്റപ്പെട്ട ഓരോ തുരുത്തുകള്‍ ആണ് എന്ന് പറയുമ്പോഴും അവരിലേക്ക് പ്രത്യാശയുടെ വെളിച്ചപ്പൊട്ടുകള്‍ ചിതറിച്ചുകൊണ്ട് ആരെങ്കിലുമൊക്കെ കടന്നുവരാം എന്ന് ഓര്‍മ്മിപ്പിച്ച് കൊണ്ട് ഹൃദയ ബന്ധങ്ങളുടെ വിശുദ്ധിയെ ആവിഷ്കരിക്കുന്ന മനോഹരമായ രചനയാണ് ‘നമ്മുടെ കിടക്ക ആകെ പച്ച..’