ദാർശനിക ഗരിമയും ഹൃദയാനുഭവവുമാകുന്ന ജീവിതമെഴുത്ത്

ദസ്തയവ്സ് കിയുടെ ജീവിതത്തേയും സർഗാത്മകതയേയും അപഗ്രഥിച്ച് കൊണ്ടുള്ള എണ്ണമറ്റ പഠനങ്ങൾ നിരവധി ഉണ്ടായിട്ടുണ്ട്.’ അവയിൽ നിന്നും വേറിട്ട് നിൽക്കുന്ന ആഖ്യാന സ്വരതയും ലാവണ്യവും’ പ്രിയപ്പെട്ട ഫയദോർ ‘എന്ന നോവലിനെ അത്രമേൽ പ്രിയപ്പെട്ടതാക്കുന്നു. ചുഴികളും മലരികളും നിറഞ്ഞ ദസ്തയവ്സ് കിയുടെ ജീവിതക്കടലിനെ ഈ നോവലിൻ്റെ ഭൂമികയിൽ പി.സുനിൽകുമാർ കോരിയെടുക്കുന്നു.

കാൾ സാഗൻ പറഞ്ഞിട്ടുണ്ട്. ” ഏതെങ്കിലും പുസ്തകത്തിലേക്കുള്ള വെറുമൊരു നോട്ടം മതി – നിങ്ങൾ മറ്റൊരാളുടെ ശബ്ദം കേട്ടു തുടങ്ങും. ഒരു പക്ഷേ സഹസ്രാബ്ദങ്ങൾക്ക് മുൻപ് മരിച്ചു പോയ ഒരാളുടെ ശബ്ദം ‘ വായിക്കുകയെന്നാൽ കാലത്തിന് കുറുകേയുള്ള കപ്പലോട്ടമാണ്. “പി.സുനിൽകുമാർ എഴുതി സൈൻ ബുക്സ് പ്രസിദ്ധീകരിച്ച’ പ്രിയപ്പെട്ട ഫയദോർ’ എന്ന നോവൽ കാലത്തിന് കുറുകേയുള്ള കപ്പൽയാനത്തിന്റെ അനുഭവസ്ഥലിയിൽ വായനക്കാർ ഉൾച്ചേരുന്നു. മനുഷ്യ മനസിന്റെ അഗാധതകളെ പ്രക്ഷുബ്ധമാക്കുന്ന കുറ്റബോധവും ആത്മപീഡയും അന്ത ക്ഷോഭവും സംത്രാസങ്ങളും ആകുലതകളും ഇരുണ്ട ഭാവങ്ങളും ചിത്രീകരിച്ച വിശ്വസാഹിത്യകാരൻ ദസ്തയവ്സ് കിയുടെ ജീവിതത്തിലൂടെയുള്ള ഭ്രാന്തമായ അക്ഷര തീർത്ഥാടനത്തിന്റെ ഫലശ്രുതിയാണ് പി.സുനിൽകുമാറിന്റെ ‘പ്രിയപ്പെട്ട ഫയദോർ ‘എന്ന നോവൽ. 1930 കളോടെയാണ് ദസ്തയവ്സ് കിയുടെ ജീവിതത്തിലേക്കും സാഹിത്യത്തിലേക്കുമുള്ള വാതായനങ്ങൾ മലയാളിക്ക് മുന്നിൽ തുറന്ന് കിട്ടിയത്. ഇടപ്പള്ളി കരുണാകരമേനോൻ, എൻ.കെ.ദാമോദരൻ എന്നിവരിലൂടെയാണ് ദസ്തയവ്സ് കി മലയാളത്തിലേക്ക് കടന്നുവന്നത്. ജി.എൻ.പണിക്കരുടെ ‘ദസ്തയവ്സ് കി കലയും ജീവിതവും’, പി.കെ.ബാലകൃഷ്ണന്റെ “നോവൽ സിദ്ധിയും സാധനയും, കെ.സുരേന്ദ്രന്റെ ‘ദസ്തയവ്സ് കിയുടെ കഥ’, പി.കെ.രാജശേഖരന്റെ ‘ദസ്തയവ്സ് കി ഭൂതാവിഷ്ടന്റെ ഛായാപടം’, വേണു.വി.ദേശത്തിന്റെ വിവർത്തനങ്ങൾ എന്നിവ പ്രത്യേകം പരാമർശിക്കപ്പെടേണ്ടതാണ്. എന്നാൽ ദസ്തയവ്സ് കി മലയാളിയുടെ ഹൃദയത്തിൽ കയ്യൊപ്പിടുന്നത് പെരുമ്പടവം ശ്രീധരന്റെ ‘ഒരു സങ്കീർത്തനം പോലെ’ എന്ന നോവലിലൂടെയാണ്.

എന്നാൽ നാളിതുവരെ ആരും സഞ്ചരിച്ചിട്ടില്ലാത്ത ചരിത്രത്തിന്റെയും ഭാവനയുടേയും വഴികളിലൂടെ ദസ്തയവ്സ് കിയേയും അദ്ദേഹത്തിന്റെ സർഗജീവിതത്തേയും ഹൃദയം തൊടുന്ന അനുഭവമാക്കി മാറ്റുന്നു എന്നതാണ്’ പ്രിയപ്പെട്ട ഫയദോർ ‘എന്ന നോവലിന്റെ വായനാ പാഠം’. ചുഴികളും മലരികളും നിറഞ്ഞ ദസ്തയവ്സ്കിയുടെ ജീവിതക്കടലിനെ ഈ നോവലിന്റെ ഭൂമികയിൽ പി.സുനിൽകുമാർ കോരിയെടുക്കുന്നു. ഒപ്പം ദസ്തയോവ്സ്കിയുടെ വിഖ്യാത കൃതികളുടെ നിർമ്മാണത്തിലെ രസതന്ത്രവും ഗ്രന്ഥകാരൻ അനാവരണം ചെയ്യുന്നു.

പെട്രഷവസ് കി യുടെ നേതൃത്വത്തിലുള്ള ചർച്ചാവേദിയിൽ അംഗമായതി നെ തുടർന്ന് വധശിക്ഷക്ക് വിധിക്കപെട്ട ദസ്തയവ്സ് കിയുടെ മാനസിക നില വിവരിച്ച് കൊണ്ട് ഇതിഹാസമാനമായ ദസ്തയവ്സ് കിയുടെ ജീവിതത്തിൻ്റെ ഉള്ളടരുകൾ തുറക്കുന്നു.

ആസന്നമരണശയ്യയിൽ കിടക്കുന്ന ദസ്തയവ്സ് കിയെ അവതരിപ്പിച്ച് കൊണ്ടാണ് നോവൽ ആരംഭിക്കുന്നത്. ഇവിടം മുതൽ അനന്യമായ രചനാ തന്ത്രം കൊണ്ട് വിശ്വസാഹിത്യ പ്രതിഭയുടെ സങ്കീർണ്ണ ജീവിതത്തിലേക്ക് പി. സുനിൽകുമാർ വായനക്കാരന്റെ ഹൃദയത്തെ പരിവർത്തനപ്പെ ടുത്തുന്നു. മരണത്തെ കുറിച്ചുള്ള നോവലിസ്റ്റിന്റെ നിരീക്ഷണം മുതൽ ദാർശനിക ഗരിമയിലേക്ക് വായനക്കാരനും ചുഴറ്റി എറിയപ്പെടുന്നു ‘”മരണം എവിടെ നിന്നോ വരുന്നു. പതുക്കെ ആദ്യം അത് ഇരുട്ടിന്റെ കമ്പളം നമ്മുടെ മുകളിൽ വിരിക്കും. എന്നിട്ട് സാവധാനം വല വലിച്ച് കയറ്റുന്ന പോലെ പതുക്കെ പതുക്കെ അങ്ങനെ നമ്മളെ കൈകളിലേക്കൊതുക്കി ഒതുക്കി ഹൃദയത്തോട് ചേർക്കും. ജീവൻ പയ്യെ പയ്യെ ഒരു ശബ്ദം പോലുമുണ്ടാക്കാതെ ശേഷിച്ച ശ്വാസം വെടിഞ്ഞ് ചിറകുകൾ കുഴഞ്ഞ് തളർന്ന് വീഴും.ചെറിയ നിശബ്ദതക്ക് ശേഷം ജീവൻ പറന്നു തുടങ്ങും. അതിന്റെ ലക്ഷ്യം കണ്ടപോലെ ‘സുഗന്ധങ്ങൾ വിരിഞ്ഞ് പരന്ന് താഴ്‌ന്ന് വന്ന് ഒരു കാറ്റിനൊപ്പം ജീവനെ കൂട്ടികൊണ്ടു പോകും”

പെട്രഷവസ് കി യുടെ നേതൃത്വത്തിലുള്ള ചർച്ചാവേദിയിൽ അംഗമായതിനെ തുടർന്ന് വധശിക്ഷക്ക് വിധിക്കപെട്ട ദസ്തയവ്സ് കിയുടെ മാനസിക നില വിവരിച്ച് കൊണ്ട് ഇതിഹാസമാനമായ ദസ്തയവ്സ് കിയുടെ ജീവിതത്തിന്റെ ഉള്ളടരുകൾ തുറക്കുന്നു. ഒപ്പം സാറിസ്റ്റ് റഷ്യയുടെ സംഘർഷ നിർഭരമായ ചരിത്ര ഭൂപടം നിവർത്തുന്നു. അതിശയോക്തികളോ ന്യൂ നീകരണമോ ഇല്ലാതെ വസ്തുതകളുടേയും ചരിത്രത്തിന്റെയും നിലപാട് തറയിൽനിന്ന് കൊണ്ടാണ് പി.സുനിൽകുമാർ ദസ്തയവ്സ് കിയുടെ ജീവിതമെഴുതുന്നത്.

മരിയ, പോളിന തുടങ്ങിയവരുമായുള്ള ബന്ധത്തിന്റെ വൈചിത്ര്യങ്ങൾ, അന്നയുമായുള്ള തീവ്രാഭിനിവേശം, ചൂതാട്ടത്തോടുള്ള ദസ്തയവ്സ് കിയുടെ അമിതാസക്തിയും അതിന്റെ ദുരന്തങ്ങളും, യൂറോപ്യൻ യാത്ര, ദസ്തയവ്സ് കിയുടെ കൃതികളുടെ പിറവി – സാഹിത്യ രംഗത്തെ ഗതി വിലയങ്ങൾ, സാറിസ്റ്റ് ഭരണകൂട ഭീകരത തുടങ്ങിയവയെല്ലാം ഒരു തിരശ്ശീലയിലെന്നവണ്ണം വായനക്കാരന്റെ മനസിൽ മുദ്രിതമാക്കുന്ന ദൃശ്യവാങ്മയങ്ങൾ കൊണ്ടാണ് പി.സുനിൽകുമാർ പ്രിയപ്പെട്ട ഫയദോർ രൂപകല്പന ചെയ്തിട്ടുള്ളത്.

ദസ്തയവ്സ് കി സാഹിത്യത്തിൽ സൃഷ്ടിച്ച മനുഷ്യകുലത്തിന്റെ ജീവിതവൈപരീത്യങ്ങളും ദസ്തയോവ്സ്കിയുടെ ആത്മവിനാശം നിറഞ്ഞ ജീവിതരീതികളുടേയും മിഴിവാർന്ന ആഖ്യാനമാണ് ഈ നോവൽ. ‘സാഹിത്യവും ജീവിതവും ഈ നോവലിൽ ശരിയായ അനുപാതത്തിൽ സങ്കലനപ്പെടുന്നു. പ്രമേയത്തിന് അനുരൂപമായ ഭൂമികയുടെ നിറവ് ഗ്രന്ഥകാരന്റെ സമർപ്പിതമായ അന്വേഷണങ്ങളുടെ സാക്ഷ്യപത്രമാണ്. ദസ്തയവ്സ് കിയുടെ ജീവിതത്തെ അപഗ്രഥിച്ച് കൊണ്ട് മനുഷ്യരാശിയുടെ നൈതികവും ധാർമ്മികവുമായ സമസ്യകളെ ദാർശനികമായ ഉൾക്കാഴ്ചയോടെ വിലയിരുത്തുന്നു എന്നതാണ് ‘പ്രിയപ്പെട്ട ഫയദോർ’ എന്ന നോവലിന്റെഏറ്റവും വലിയ സവിശേഷത.
75 10775971′

Author

Scroll to top
Close
Browse Categories