ആത്മസൗരഭം

മൂല്യച്യുതി

തിരുവനന്തപുരം നഗരത്തിലെ നിധിയാണ് മ്യൂസിയം. ചരിത്രത്തിന്റെ തിരുശേഷിപ്പുകള്‍ ഉറങ്ങുന്ന ഇടം. പിന്നിട്ട കാലത്തിന്റെ അടയാളമുദ്രകള്‍ ചിത്രങ്ങളായും വസ്തുക്കളായും രേഖകളായും സൂക്ഷിക്കപ്പെടുന്ന ഇടം. ആ ബഹുനിലക്കെട്ടിടത്തിന് ചുറ്റും പച്ചപ്പിന്റെ ഒരു ഹരിതസ്വര്‍ഗ്ഗം. സദാ നേരവും ഇലകളെ തഴുകിതലോടി കടന്നു വരുന്ന കാറ്റ്. മദ്ധ്യാഹ്നത്തിലും തണലും തണുപ്പും ഇണചേരുന്ന ഭൂമിക.

അത്തരമൊരു ഇടത്തിന് ഓരം ചേര്‍ന്ന് ഒരു വസതി എന്നത് ഒരു നിമിത്തം പോലെ സംഭവിക്കുകയായിരുന്നു പല്‍പ്പുവിന്റെ ജീവിതത്തില്‍.
വൈകുന്നേരങ്ങളില്‍ വീടിന് തൊട്ടപ്പുറത്തുളള മ്യൂസിയം പാര്‍ക്കില്‍ നടക്കാനിറങ്ങുമ്പോള്‍ പല്‍പ്പു സ്വയം വിശകലനം ചെയ്തു. ഒരു മനുഷ്യന്‍ എന്ന നിലയില്‍ താന്‍ പരിപൂര്‍ണ്ണനാണോ? ആരും പൂര്‍ണ്ണരല്ല എന്നറിയാം. എങ്കിലും…
കഴിയുന്നത്ര ധാര്‍മ്മികതയെ മുറുകെ പിടിച്ച് ജീവിച്ചു. മനസാക്ഷിക്ക് വിരുദ്ധമായി ഒന്നും പ്രവര്‍ത്തിച്ചില്ല. മാനുഷികത, സഹാനുഭൂതി, കാരുണ്യം…ഈ ഗുണങ്ങളെല്ലാം ഒപ്പം കൊണ്ടു നടന്നു.

പക്ഷെ മക്കള്‍ക്ക് വേണ്ടി എന്ത് ചെയ്തു എന്ന് ചോദിക്കുന്നവരുണ്ട്. ഒരച്ഛന് സമൂഹത്തോടെന്ന പോലെ സ്വന്തം മക്കളോടും ചില ബാധ്യതകളുണ്ട്. തൃപ്തികരമാം വിധം താനത് നിറവേറ്റിയിട്ടുണ്ടോ?
ഇല്ലെന്ന് പറയാനാവില്ല. ലക്ഷങ്ങള്‍ സമ്പാദിച്ചുകൊടുക്കുന്നതല്ല പിതാവിന്റെ കടമ..

മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കി. അവര്‍ നല്ല നിലയിലെത്തി.
ഗംഗാധരന്‍ ഇംഗ്ളീഷ് പത്രപ്രവര്‍ത്തകനായി. ഹരിഹരന്‍ ലോകം അറിയുന്ന ചിത്രകാരനായി. ടാഗോറിന്റെ വിശ്വഭാരതിയില്‍ വരെ പോയി പഠിച്ചു. ദാക്ഷായണിയുടെ ഭര്‍ത്താവ് കൃഷിവകുപ്പില്‍ ഉദ്യോഗസ്ഥനാണ്. അവള്‍ മാത്രം പഠനത്തില്‍ കാലിടറി. ആനന്ദി ബി.എ പാസായി.വീണവായനയിലും സംഗീതത്തിലും പ്രാവീണ്യം നേടി.

വിവാഹം വേണ്ടെന്നത് അവളുടെ മാത്രം തീരുമാനമായിരുന്നു. എതിര്‍ക്കാന്‍ നിന്നില്ല. ഓരാരുത്തരും അവരവര്‍ ആഗ്രഹിക്കുന്ന വിധത്തില്‍ ജീവിക്കട്ടെ.
ഒരുപക്ഷെ വയസുകാലത്ത് മാതാപിതാക്കളെ ശുശ്രൂഷിക്കുക എന്നതാവാം അവളുടെ നിയോഗം.
ഭഗവതിയുടെ കാര്യത്തില്‍ മാത്രമാണ് സങ്കടം. കളിച്ചും ചിരിച്ചും സുഖദു:ഖങ്ങള്‍ പങ്കിട്ടും ഒപ്പം നിന്ന ആളാണ്. ഒരു ദിവസം തീരെ പ്രതീക്ഷിക്കാതെ അവളെ നഷ്ടപ്പെട്ടു. മരിച്ചുപോയിരുന്നെങ്കില്‍ പോലും ഇത്രമേല്‍ വിഷമം ഉണ്ടാവുമായിരുന്നില്ല.
മനസിന്റെ തന്ത്രികള്‍ പൊട്ടിപ്പോയ ഭഗി. അതുവരെ കാണാത്ത ഒരു ഭഗി.ചികിത്സിക്കാത്ത ഇടങ്ങളില്ല. പക്ഷെ കൈവിട്ട മനസ് തിരിച്ചെടുക്കാന്‍ പിന്നീട് ഒരിക്കലും കഴിഞ്ഞില്ല.

ജീവിതത്തില്‍ താന്‍ കരഞ്ഞിട്ടുളളത് അവളെയോര്‍ത്ത് മാത്രമാണ്.
എന്നിട്ടും കുട്ടികള്‍ക്ക് ധൈര്യം നല്‍കി.
‘കരയരുത്. നിങ്ങള്‍ കരഞ്ഞാല്‍ അമ്മ വീണ്ടും തകരും. അവള്‍ക്ക് സന്തോഷം നല്‍കണം. ഒന്നും സംഭവിച്ചിട്ടില്ലെന്ന മട്ടില്‍ പെരുമാറണം’
ആനന്ദി അവളെ ഒരു കുഞ്ഞിനെ പോലെ മാമൂട്ടിയും താരാട്ട് പാടിയും പരിചരിച്ച് കൊണ്ടു നടക്കുന്നത് കാണുമ്പോള്‍ ഉളളം വിങ്ങും.
ചില ജീവിതങ്ങള്‍ ഇങ്ങനെയാണ്.
ചിലരുടെ കാര്യത്തില്‍ പ്രകൃതിയുടെ തീരുമാനങ്ങളും ഇങ്ങനെയാണ്.
നമ്മള്‍ നിന്നുകൊടുക്കുക.
വെറുതെ നിന്നുകൊടുക്കുക.
പരാതികളില്ലാതെ…പരിഭവങ്ങളില്ലാതെ…
ഇപ്പോള്‍ ഒരു ദുഖമേയുളളു മനസില്‍. ഒരു കുഞ്ഞിനെ പോലെ ഊട്ടി വളര്‍ത്തിയ പ്രസ്ഥാനം എവിടെയോ നഷ്ടപ്പെട്ടിരിക്കുന്നു. കൈമോശം വന്നിരിക്കുന്നു.
ഒപ്പം നിന്നവര്‍ ഓര്‍മ്മയായി. അവര്‍ ഭാഗ്യവാന്‍മാര്‍. ഇതൊന്നും അധികനാള്‍ കാണേണ്ടി വന്നില്ലല്ലോ?
ആദ്യം പോയത് കുമാരുവാണ്. രാത്രിയുടെ മറവില്‍ ഒരു ബോട്ട് അപകടം പല്ലനയാറിന്റെ ആഴങ്ങളിലേക്ക് അവനെ കൂട്ടിക്കൊണ്ടു പോയി.
അധികം വൈകാതെ സ്വാമികളും..
സ്വാമികള്‍ എല്ലാം അറിയുന്ന മഹാജ്ഞാനി.
സ്വന്തം മൃത്യു പോലും മുന്‍കൂട്ടി കണ്ടു.
ഒപ്പം കൂട്ടാതെ തനിച്ച് പോയതില്‍ പരിഭവമുണ്ട്. ജീവിച്ചിരിക്കുമ്പോള്‍ ഏത് വലിയ ദൗത്യത്തിലും സ്വാമിക്ക് കൂടെ ഞാന്‍ വേണമായിരുന്നു. എന്നിട്ടാണ് ഒടുവില്‍…

ഒറ്റപ്പെട്ടു എന്ന തോന്നലിനിടയിലും ജീവിതത്തില്‍ ആദ്യമായി സ്വാസ്ഥ്യം എന്തെന്നറിയുന്നു. ഇപ്പോള്‍ മുന്നില്‍ ചിരിച്ച് പിന്നില്‍ നിന്ന് കുത്തുന്നവരെ ഭയപ്പെടേണ്ടതില്ല. മനസില്‍ അരക്കിട്ടുറപ്പിച്ച മൂല്യങ്ങള്‍ എറിഞ്ഞുടയ്ക്കപ്പെടുന്നതിന്റെ വേദന അനുഭവിക്കേണ്ടതില്ല. മക്കളും ചെറുമക്കളുമായി കളിച്ചും രസിച്ചും കഥകള്‍ പറഞ്ഞും കുടുമ്പോള്‍ ഇമ്പമുളള കുടുംബജീവിതത്തിന്റെ പരമമായ ആനന്ദം അറിയുന്നു. അനുഭവിക്കുന്നു.
ചതുരംഗവും ക്യാരംസും പഞ്ചുപിടിത്തവും കളിക്കാന്‍ ചങ്ങാതിമാര്‍ ഏറെ. എല്ലാം പേരക്കുട്ടികളാണെന്ന് മാത്രം. രാവിലെയും വൈകിട്ടും ചെടികള്‍ക്ക് വെളളം ഒഴിച്ചും വളമിട്ടും ശുദ്ധവായുവിന്റെ കുളിര്‍മയും ഉന്മേഷവും നുകരും. സന്ധ്യയ്ക്ക് ചെറുമക്കള്‍ക്കൊപ്പം നടക്കാനിറങ്ങും.
അവര്‍ക്ക് ഇഷ്ടമുളളതൊക്കെ വാങ്ങികൊടുക്കും. അവിചാരിതമായി വീണു കിട്ടുന്ന സമ്മാനങ്ങളില്‍ അവരുടെ മുഖത്ത് വിടരുന്ന സന്തോഷം ഉളള് നിറയ്ക്കും.

രാത്രികാലങ്ങളില്‍ വായനയുടെ ആനന്ദം മനസ് നിറയ്ക്കും. തിരക്കുളള കാലത്ത് നഷ്ടപ്പെട്ടതെന്താണെന്ന് അറിയും. ഓരോ പുസ്തകവും വായിക്കുമ്പോള്‍ ഒരുപാട് ജീവിതങ്ങള്‍ നാം അടുത്തറിയുകയാണെന്ന് തോന്നും. തോന്നലല്ല. സത്യമാണ്.
സ്വാമിയെ പോലെ കുമാരുവിനെ പോലെ എഴുതാന്‍ കഴിയാത്തതില്‍ പരിതപിക്കും. അക്ഷരങ്ങളിലൂടെ വാക്കുകളിലൂടെയുളള ആത്മാവിഷ്‌കാരം നല്‍കുന്ന അനുഭൂതികളെക്കുറിച്ച് നേരിട്ട് അനുഭവമില്ലെങ്കിലും അടുപ്പമുളളവര്‍ പറഞ്ഞു കേട്ടിട്ടുണ്ട്. ഡോക്ടര്‍ക്കും എഴുതിക്കൂടെയെന്ന് പലരും ചോദിക്കും. ഞാന്‍ പറയും. കത്ത് എഴുത്തല്ലല്ലോ സാഹിത്യം?
ഉറക്കെ കരഞ്ഞുകൊണ്ട് ഒരു കാക്ക തലയ്ക്ക് മുകളിലുടെ പറന്നു.
ചിന്തകളില്‍ നിന്ന് ഉണര്‍ത്താനാവണം.
ചുറ്റിലും ആരവങ്ങള്‍ ഉയര്‍ന്നു കേട്ടു.
മ്യൂസിയത്തില്‍ തിരക്ക് ഏറി വരുന്നു.
തലയ്ക്ക് കുറുകെ മഫ്‌ളര്‍ ചുറ്റിയിരിക്കുന്നതു കൊണ്ട് അധികം പേര്‍ തിരിച്ചറിയുന്നില്ല. ഭാഗ്യം..
ചിന്തകള്‍ കൊതുകുകളെ പോലെയാണ്. എത്ര ആട്ടിയകറ്റിയാലും മൂളിപ്പറന്നുകൊണ്ട് അടുത്തു തന്നെ വരും. കുത്തിചോരയെടുത്തിട്ടേ പിന്‍വാങ്ങു.

ജീവിതത്തില്‍ കയ്‌പേറിയ എത്രയോ അനുഭവങ്ങള്‍. എല്ലാം മറക്കാന്‍ ശ്രമിച്ചു. പക്ഷെ എത്ര ശ്രമിച്ചിട്ടും യോഗത്തിന് സംഭവിച്ച അപചയം മറവികൊണ്ട് മൂടാന്‍ സാധിക്കുന്നില്ല. മഹത്തായ ഒരു ആശയമായിരുന്നു സ്വാമികളുടേത്. ഒരുപക്ഷെ ലോകത്ത് ആരും വിഭാവനം ചെയ്യാത്ത വിധം നൂതനം. മൗലികം.എന്നിട്ടും…
പ്രതീക്ഷകളുടെ തായ്‌വേര് അറക്കുകയാണ് നിലവിലുള്ള സമുദായനേതാക്കള്‍. പലര്‍ക്കും ഗുരുധര്‍മ്മത്തിന്റെ അന്തസത്തയെക്കുറിച്ച് പ്രാഥമിക ധാരണ പോലുമില്ല. യോഗ നേതൃത്വത്തിലിരുന്നാല്‍ ലഭിക്കുന്ന സാമൂഹ്യമാന്യതയും അധികാരവും പദവികളും പിന്നെ പണവും മാത്രമാണ് ലക്ഷ്യം. നിസ്വാര്‍ത്ഥത എന്ന വാക്കിന്റെ അര്‍ത്ഥം പോലും അവര്‍ക്കറിയില്ല. പൊതുജനക്ഷേമം എന്നൊന്ന് അവരുടെ വിദൂരചിന്തകളില്‍ പോലുമില്ല.
‘അവനവനാത്മ സുഖത്തിനാചരിക്കുന്നവ
അപരന് സുഖത്തിനായ് വരേണം’
അതാണ് ഗുരുവിന്റെ കാഴ്ചപ്പാടുകളുടെ അന്തസത്ത.
ഏകലോകസങ്കല്‍പ്പമാണ് അദ്ദേഹത്തെ നയിക്കുന്നത്. വിവാഹവും പന്തിഭോജനവും കൊണ്ട് ജാതികള്‍ക്കിടയിലെ ദൂരം അകറ്റി എല്ലാവരും തുല്യതാ ഭാവത്തില്‍ വിഹരിക്കുന്ന ഒരു മനോമോഹനലോകം അദ്ദേഹം സ്വപ്‌നം കണ്ടു. ഇക്കൂട്ടര്‍ക്ക് ഇതൊന്നും പ്രശ്‌നമല്ല. ഇവര്‍ക്ക് യോഗം കേവലം ഒരു സമുദായ സംഘടന മാത്രമാണ് .അതിനപ്പുറം അതിന്റെ ചരിത്രപരമായ മാനങ്ങളും ആഴവും പരപ്പും അറിയാന്‍ ശ്രമിക്കുന്നതു പോലുമില്ല. സ്വാമികളെ ഇവര്‍ കേവലം ഒരു സന്ന്യാസിയായി മാത്രം ഗണിക്കുന്നു. മഹാദാര്‍ശനികനായ വിശ്വഗുരുവായിരുന്നു അദ്ദേഹം. അടുത്തു നിന്നപ്പോഴാണ് ആ ആഴം ഞാന്‍ ആത്മാവില്‍ അറിഞ്ഞത്.

ഗുരുവിന്റെ മനസില്‍ ഈഴവന്‍ മാത്രമല്ല ഉണ്ടായിരുന്നത്. മനുഷ്യനെക്കുറിച്ചുളള മഹാസങ്കല്‍പ്പമായിരുന്നു അത്. എല്ലാവര്‍ക്കും ക്ഷേമവും സ്വാതന്ത്ര്യവും പരിഗണനയും ലഭിക്കുന്ന സമത്വസുന്ദരമായ ഒരു ലോകം.
അതിനെക്കുറിച്ച് പറയുമ്പോള്‍ ഇക്കൂട്ടര്‍ക്ക് ഉള്‍ക്കൊളളാന്‍ കഴിയുന്നില്ല. അതൊക്കെ ഇവരുടെ ചിന്താപദ്ധതികള്‍ക്ക് അന്യമാണ്.
ഒരേ തരംഗദൈര്‍ഘ്യമുളളവര്‍ തമ്മിലേ ചേര്‍ന്ന് പോകൂ. സ്വാമികളും ആശാനും സഹോദരന്‍ അയ്യപ്പനും ഇല്ലാത്ത സ്ഥിതിക്ക് തന്റെ ആശയഗതികളെ പിന്‍തുണയ്ക്കുന്ന ഒരാളെ പോലും യോഗ നേതൃത്വത്തില്‍ പ്രതീക്ഷിച്ചിട്ട് കാര്യമില്ല. അവര്‍ക്ക് താനും താന്‍ അവര്‍ക്കും ചതുര്‍ത്ഥിയായി മാറിയിരിക്കുന്നു. അല്ലെങ്കിലും നേതൃത്വവും പദവികളും ഒരു കാലത്തും തന്നെ പ്രലോഭിപ്പിച്ചിട്ടില്ല. നിഷ്‌കാമകര്‍മ്മിയാകാനായിരുന്നു മോഹം. സ്വാമികളുടെ നിര്‍ബന്ധം കൊണ്ട് മാത്രമാണ് യോഗത്തിന്റെ ഉപാദ്ധ്യക്ഷപദവി ഏറ്റെടുത്തത്.
അതില്‍ നിന്നൊഴിയുമ്പോഴും ലവലേശം പതറിയില്ല. സാമൂഹ്യസേവനത്തിന് പദവികള്‍ അനിവാര്യമല്ലെന്ന് അനുഭവം കൊണ്ട് തെളിയിച്ചവനാണ് ഞാന്‍.
സാമൂഹ്യബോധം എന്നത് ഉളളിന്റെയുളളില്‍ നിന്ന് വരുന്നതാണ്. കറകളഞ്ഞ ആത്മാര്‍ത്ഥതയില്‍ നിന്നുരുവം ചെയ്തതാണ്.

ആരെയും ദ്രോഹിക്കാതെ ആരെയും വേദനിപ്പിക്കാതെ മറ്റുളളവരുടെ ജീവിതം കഴിയുന്നത്ര മോഹനസുരഭിലമാക്കണം എന്ന ഉദ്ദേശത്തോടെയാണ് ഇക്കണ്ട കാലമത്രയും പ്രവര്‍ത്തിച്ചത്. അതിന് ഫലമുണ്ടായിരിക്കുന്നു. ജാതിപ്പിശാച് കേരളീയ സമൂഹത്തില്‍ നിന്ന് ഒഴിഞ്ഞു പോയിരിക്കുന്നു.

മദ്രാസ് നഗരത്തില്‍ തുളളിക്കൊരുകുടം പേമാരിയില്‍ വഴിവക്കിലെ കടത്തിണ്ണയില്‍ തണുത്തു വിറങ്ങലിച്ച് കിടന്നുറങ്ങുന്ന മനുഷ്യരെ അവരറിയാതെ കമ്പിളിപുതപ്പ് പുതപ്പിച്ച് നിശ്ശബ്ദനായി പിന്‍വാങ്ങിയ ഒരു പല്‍പ്പുവുണ്ട്. പ്രത്യയശാസ്ത്രങ്ങളുടെയും സൈദ്ധാന്തികതയുടെയും വെളിച്ചമായിരുന്നില്ല അന്നൊന്നും എന്നെ നയിച്ചത്. ഉളളില്‍ തട്ടിയ മനുഷ്യത്വം മാത്രമാണ്.

വേദന അറിഞ്ഞ് വളര്‍ന്നവനാണ് ഞാന്‍. ഇല്ലവല്ലായ്മകള്‍ അറിഞ്ഞു. പട്ടിണിയും പരിവട്ടവും അറിഞ്ഞു. പിച്ചതെണ്ടി പഠിച്ച ബാലന്‍ എന്ന് പറയാന്‍ മടിയില്ല. അദ്ധ്വാനിച്ച് പണമുണ്ടാക്കിയും പഠിച്ചിട്ടുണ്ട്.
ആരെയും ദ്രോഹിക്കാതെ ആരെയും വേദനിപ്പിക്കാതെ മറ്റുളളവരുടെ ജീവിതം കഴിയുന്നത്ര മോഹനസുരഭിലമാക്കണം എന്ന ഉദ്ദേശത്തോടെയാണ് ഇക്കണ്ട കാലമത്രയും പ്രവര്‍ത്തിച്ചത്. അതിന് ഫലമുണ്ടായിരിക്കുന്നു. ജാതിപ്പിശാച് കേരളീയ സമൂഹത്തില്‍ നിന്ന് ഒഴിഞ്ഞു പോയിരിക്കുന്നു.
അതിന് നേതൃത്വം കൊടുത്ത പ്രസ്ഥാനം വ്യതിചലിക്കുമ്പോഴും ദുഖമില്ല. കാലം എന്നെങ്കിലും അവരെ സത്യം ബോധ്യപ്പെടുത്തും. സംഭവിച്ച തെറ്റുകള്‍ ഏറ്റു പറഞ്ഞ് അവര്‍ ഗുരുചരണം ശരണം എന്ന മഹാമന്ത്രവുമായി സ്വാമി തെളിയിച്ച വഴിയേ സഞ്ചരിക്കും.

നയവ്യതിയാനങ്ങള്‍ താത്കാലികം മാത്രമാണ്. ഒരിക്കലും അത് സ്ഥായിയായി നിലനില്‍ക്കില്ല.
ഇപ്പോള്‍ പ്രശ്‌നം ഇതൊന്നുമല്ല. തന്നെ പോലെ സ്വാമികളുടെ വഴി പിന്‍തുടരുന്നവരെ കാണുന്നത് പോലും പലര്‍ക്കും പഥ്യമല്ല. ചിലര്‍ പ്രകടമായി തന്നെ അനാദരവ് പ്രകടിപ്പിച്ച് തുടങ്ങിയിരിക്കുന്നു ചിലര്‍ പരോക്ഷമായും. ഇരുകൂട്ടരുടെയും ലക്ഷ്യം ഒന്നാണ്. ഒരു ഉപദേശകനായി പോലും താന്‍ യോഗനേതൃത്വത്തില്‍ ഉണ്ടാവാന്‍ പാടില്ല.
ഞങ്ങളെ ഞങ്ങളുടെ ഇഷ്ടത്തിനും വഴിക്കും വിട്ട് തരിക എന്ന പറയാതെ പറയലുകളുണ്ട് അവരുടെ ഭാവഹാവാദികളിലും ചിലപ്പോള്‍ സംഭാഷണങ്ങളിലും. അത് അറിയാത്ത മട്ടില്‍ കടിച്ചു തുങ്ങേണ്ട ആവശ്യം തനിക്കില്ല.

താന്‍ പൊതുപ്രവര്‍ത്തനം കൊണ്ട് ജീവിക്കുന്ന ആളല്ല. സമൂഹത്തോടുളള സ്‌നേഹം ഒന്ന് മാത്രമായിരുന്നു എക്കാലത്തും പ്രേരണ. അത് നിലവിലുള്ള നേതൃത്വം ആഗ്രഹിക്കുന്നില്ലെങ്കില്‍ വേണ്ട. സ്വമനസാലെ ഈ പടിയിറങ്ങുന്നു. ഇനിയൊരിക്കലും തിരിച്ചു വരാത്ത വണ്ണം.
ഒരു കാര്യത്തിലേയുളള വേദന. തന്റെ സന്ന്യാസി പരമ്പരയുടെ പിന്‍ഗാമിയായി സ്വാമികള്‍ നിര്‍ദ്ദേശിച്ചിരുന്നത് നടരാജഗുരുവിനെയായിരുന്നു. എന്റെ മകനായി എന്ന ഏക കാരണത്താല്‍ അദ്ദേഹവും അനഭിമതനായിരിക്കുന്നു. അസ് പർശ്യനും.

ഈഴവന്‍ തന്നില്‍ താഴെയുള്ള കീഴ്ജാതിക്കാരോട് എങ്ങിനെ പെരുമാറിയിരുന്നുവോ ആ തലത്തിലാണ് ഇവര്‍ നടരാജനെ സമീപിക്കുന്നത്.
വാസ്തവത്തില്‍ അവന്റെ ആഴം അറിഞ്ഞിട്ടും ഇവര്‍ അജ്ഞത നടിക്കുകയാണ്.
ഗുരുദര്‍ശനങ്ങളുടെ അന്തസത്ത ലോകം മുഴുവന്‍ പ്രചരിപ്പിക്കാന്‍ ഇറങ്ങിത്തിരിച്ച മഹാമനീഷി. അദ്ദേഹത്തെയാണ് അവഗണിക്കുന്നതും പരിഹസിക്കുന്നതും. ഞങ്ങളുടെ വഴിയില്‍ നിന്ന് ഒഴിഞ്ഞു പോകൂ എന്ന നിശ്ശബ്ദ സന്ദേശമാണ് അത്.

നടരാജന്‍ വിദേശത്തു നിന്നും മടങ്ങി വരുമ്പോള്‍ തന്റെ മുറിയും കസേരയും നല്‍കണമെന്നാണ് ഗുരു അരുളിചെയ്തിരുന്നത്. തിരിച്ചെത്തിയ നടരാജന്‍ കണ്ടത് ആ പവിത്ര സന്നിധിയില്‍ ഉപവിഷ്ഠരായ നരാധമന്‍മാരെയാണ്.
ഗുരുവിന്റെ സന്ന്യാസി ശിഷ്യര്‍ പോലും നടരാജനെ ഗൗനിക്കാന്‍ കൂട്ടാക്കിയില്ല. എല്ലാവരും ചേര്‍ന്ന് ബോധപൂര്‍വം ഒരു പ്രതിരോധ കവചം തീര്‍ക്കുകയായിരുന്നു.
നടരാജന്‍ അവന്റെ സ്വന്തം വാക്കുകളില്‍ ആ അവസ്ഥ വിവരിച്ചപ്പോള്‍ ശരിക്കും ഞാന്‍ തകര്‍ന്നു പോയി.
‘കഞ്ഞിയില്‍ വീണ പാറ്റയെ പോലെയോ മുറിക്കുള്ളില്‍ കടന്നു വന്ന തവളയെ പോലെയോ ആണ് അവരെന്നെ കണ്ടത്’
ഗുരുമാര്‍ഗം പ്രചരിപ്പിക്കുന്ന ഒരാളെ അവര്‍ക്ക് ആവശ്യമില്ല. അവരുടെ ലക്ഷ്യം മറ്റ് ചിലതാണല്ലോ?
പിന്നെ അറിവ്‌കൊണ്ടും പ്രതിഭകൊണ്ടും പഠിപ്പ് കൊണ്ടും അവര്‍ക്ക് മുകളില്‍ പറക്കുന്ന പക്ഷിയെ നിരാകരിക്കുകയെന്നത് അവരുടെ ആവശ്യം.
ചോര പൊടിയുന്ന മനസുമായാണ് നടരാജന്‍ ആ പടി ഇറങ്ങിയത്. സര്‍വസംഗപരിത്യാഗികള്‍ക്ക് വികാരങ്ങള്‍ നിഷിദ്ധമാണെന്ന് പറയുമ്പോഴും ധര്‍മ്മത്തിന് സംഭവിക്കുന്ന അപചയം അവരെ മുറിപ്പെടുത്തും.
ശരീരം തളര്‍ന്ന് തുടങ്ങുകയാണ്. മനസും..
മ്യൂസിയത്തിനപ്പുറം വെളിച്ചം മങ്ങിയ ആകാശത്തില്‍ ഒരു അസ്തമയം കൂടി പൂര്‍ണ്ണമാവുകയാണ്.
ഇനി ഒരു ഉദയമുണ്ടാവുമോ? ആര്‍ക്കറിയാം
(തുടരും)

Author

Scroll to top
Close
Browse Categories