ആത്മസൗരഭം
മനുഷ്യത്വം
പ്രൈമറി പരീക്ഷ കഴിഞ്ഞപ്പോള്‍ ഇനിയെന്ത് എന്ന ചോദ്യം മാതയുടെയും പത്മനാഭന്റെയും മനസില്‍ തീയായി. പല്പ്പുവിനെ കഴിയുന്നത്ര പഠിപ്പിക്കണമെന്നുണ്ട്. പക്ഷെ വീട്ടിലെ സാമ്പത്തിക സ്ഥിതി അനുദിനം മോശമായി വരികയാണ്. ഒരു അഭിപ്രായം തേടാന്‍ പോലും സ്വന്തബന്ധുക്കളായി പലരുമുണ്ടെങ്കിലും അവര്‍ക്കൊക്കെ അവരുടെ കാര്യം മാത്രം. ഫെര്‍ണാണ്ടസ് സായിപ്പിനെ പോയി കാണാമെന്ന് പറഞ്ഞത് പത്മനാഭന് തന്നെയാണ്. സര്‍ക്കാര്‍ സ്കൂളിലെ ഇംഗ്ളീഷ് മാഷാണ് ഫെര്‍ണാണ്ടസ് സായിപ്പ്. നാട്ടുകാര്‍ സ്വകാര്യമായി അദ്ദേഹത്തെ സായിപ്പ് എന്ന് വിളിക്കും. ചിലര്‍ പരസ്യമായും…
സായിപ്പുമായി ചര്‍ച്ച ചെയ്തപ്പോള്‍ അദ്ദേഹം കൂസലെന്യേ പറഞ്ഞു.
‘ഇതിലിത്ര ആലോചിക്കാനെന്തിരിക്കുന്നു? അവന് പഠിക്കാന്‍ കഴിവുളള കുട്ടിയല്ലേ. പഠിപ്പിക്കുക തന്നെ’…
പത്മനാഭന് എന്തോ പറയാനായി ചുണ്ടനക്കി. അയാള്‍ പറയാതെ തന്നെ കാര്യം ഗ്രഹിച്ച സായിപ്പ് പറഞ്ഞു.
‘ചിലവിന്റെ കാര്യല്ലേ? അതൊക്കെയങ്ങ് നടന്നു പോകും’…
‘…എന്നാലും കാശിന് കാശ് തന്നെ വേണ്ടേ സര്’…
പപ്പൂവിന്റെ ആശങ്ക ന്യായമായിരുന്നു.
‘നയാപൈസയ്ക്ക് വകയില്ലാത്ത കുടുംബത്തില്‍ നാലും അഞ്ചും പെണ്‍കുട്ടികള്‍ ജനിക്കും. ഇവരെ എങ്ങനെ കല്യാണം കഴിപ്പിച്ച് അയക്കുമെന്നോര്ത്ത് വീട്ടുകാര്‍ ആശങ്കപ്പെടും. ഒടുവില്‍ വിചാരിച്ചതിലും ഭംഗിയായി അതൊക്കെ നടന്നു പോകും. കാശില്ലാത്തതിന്റെ പേരില്‍ ഏതെങ്കിലും പെണ്‍കുട്ടി കെട്ടാമറിയയായി നിന്നു പോകുന്നുണ്ടോ? ആത്മഹത്യ ചെയ്യുന്നുണ്ടോ? മുങ്ങിക്കൊണ്ട് തപ്പാന്‍ പറ്റില്ല പപ്പൂ’…
പപ്പൂ ചിരിച്ചുകൊണ്ട് പറഞ്ഞു.
‘സായിപ്പ് ഞങ്ങടെ പഴമൊഴികള്‍ ഞങ്ങളേക്കാള്‍ നന്നായി ഉപയോഗിക്കുന്നു’…
സായിപ്പ് ഉറക്കെ പൊട്ടിച്ചിരിച്ചു.
‘ചേരയെ തിന്നുന്ന നാട്ടില്‍ ചെന്നാല്‍ നടുക്കണ്ടം തിന്നണമെന്നല്ലേ. ഇതും അതുപോലേയുളളൂ. പിന്നെ ഞാന്‍ കല്യാണം കഴിച്ചിരിക്കുന്നത് നിങ്ങടെ നാട്ടുകാരിയെയല്ലേ? മുല്ലപ്പൂമ്പൊടിയേറ്റു കിടക്കും…’
പപ്പു പെട്ടെന്ന് കൈ ഉയര്‍ത്തി തൊഴുതു.
‘എന്തായാലും ഈ മലയാളിയുടെ വാക്കുകള്‍ ഞങ്ങള്‍ നിരസിക്കുന്നില്ല. പല്പ്പൂനെ സര്‍ക്കാര്‍ സ്കൂളില്‍ ചേര്‍ക്കാം. അവിടെയാകുമ്പം ഫീസില്ല. മറ്റ് ചിലവുകള്‍ നോക്കിയാല്‍ മതി’…
പല്‍പ്പുവിന്റെ മുഖം റോസാപ്പൂ പോലെ വികസിച്ചു. അവന്റെ കവിളില്‍ അരുമയായി തലോടിക്കൊണ്ട് സായിപ്പ് പറഞ്ഞു.
‘പപ്പൂ…ഇവന് എന്റെയും മകനാണ്..’
അടഞ്ഞ വാതിലില്‍ നിന്ന് വിശാലമായ ഒരു ഭൂമികയിലേക്ക് എത്തിപ്പെട്ടതിന്റെ തീവ്ര ആഹ്ളാദങ്ങളിലായിരുന്നു പല്‍പ്പുവിന്റെ മനസ്.
തിരുവനന്തപുരം സര്‍ക്കാര്‍ സ്കൂളിന്റെ പടികയറുമ്പോള്‍ ജീവിതത്തില്‍ ഒരുപടി മുന്നോട്ട് വച്ച അനുഭവമാണ് അവന് തോന്നിയത്.
പല തരം കുട്ടികള്‍. ധാരാളം അദ്ധ്യാപകര്‍. നിറയെ സ്ഥലവും ക്ളാസ് മുറികളും തണല്‍മരങ്ങളും നിറഞ്ഞ ഒരിടം.
ജീവിതം മറ്റൊരു തലത്തിലേക്ക് വഴിമാറുകയാണ്. എന്നും ഉത്സാഹം മനസില്‍ കൊണ്ടു നടന്ന പല്‍പ്പുവിന് ഓരോ വഴിത്തിരിവുകളും ഓരോ അത്ഭുതങ്ങളാണ്.
പ്രവേശന പരീക്ഷയിലുടെയാണ് അവിടെ കുട്ടികളെ തെരഞ്ഞെടുത്തിരുന്നത്. സ്കൂളിന്റെ നിയമാവലികളും മറ്റും പ്രിന്‍സിപ്പല്‍ വിശദമായി പറഞ്ഞുകൊടുത്തു.
സവര്‍ണ്ണരുടെ സഹജമായ അധീശഭാവങ്ങളില്ലാത്ത ഒരു സാത്ത്വികനായിരുന്നു പ്രിന്‍സിപ്പല്‍. പല്‍പ്പു വേലായുധന്റെ അനുജനാണെന്ന് അറിഞ്ഞപ്പോള്‍ അദ്ദേഹത്തിന് വലിയ ഉത്സാഹമായി.
‘വേലായുധന് ഈ സ്കൂളിന് അഭിമാനമായിരുന്നു. ഇവനും ആ പാരമ്പര്യം കാത്തുസൂക്ഷിക്കുമെന്ന് എനിക്കുറപ്പുണ്ട്. ഇല്ലേ പല്പ്പൂ..’
അദ്ദേഹം വാത്സല്യത്തോടെ പപ്പുവിന്റെ മുഖത്തേക്ക് നോക്കി. അവന് നിഷ്കളങ്കമായി ചിരിച്ചു.
‘ഫെര്‍ണാണ്ടസ് എന്റെ സുഹൃത്താണ്. അദ്ദേഹം ഇവനെക്കുറിച്ച് എല്ലാം പറഞ്ഞിരുന്നു’
പല്‍പ്പു വിസ്മയത്തോടെ തല ചെരിച്ച് പ്രിന്‍സിപ്പലിനെ നോക്കി. അവനറിയാം ഈ ഭൂമിയില്‍ മാതാപിതാക്കളും ജ്യേഷ്ഠനും കഴിഞ്ഞാല്‍ അവന്റെ അഭ്യുന്നതി ആഗ്രഹിക്കുന്ന ഒരേയൊരാള്‍ ഫെര്‍ണാണ്ടസാണ്.
ക്ളാസിനകത്തും പുറത്തും പ്രിന്‍സിപ്പല്‍ പല്‍പ്പുവിന് പ്രത്യേക പരിഗണന നല്കി. സായിപ്പിന്റെ ശിപാര്‍ശയില്‍ സ്കൂളിന് അടുത്തുളള ഒരു വീട്ടില്‍ നിന്നും ഉച്ചഭക്ഷണം കഴിക്കാനുളള ഏര്‍പ്പാടുകളും ചെയ്തിരുന്നു. ഇതെല്ലാം വരേണ്യവര്‍ഗത്തില്‍ പെട്ട കുട്ടികളുടെ രക്ഷിതാക്കളെ ക്ഷുഭിതരാക്കി. അവര്‍ പരാതിയുമായെത്തി.
പ്രിന്‍സിപ്പല്‍ അതൊക്കെ നിസാരമായി തളളി.
‘പഠിക്കാന്‍ കഴിവുളള ഒരു കുട്ടിക്ക് അതിനുളള അവസരം നിഷേധിക്കുന്നത് ന്യായമാണോ?…
‘…അവന്റൊപ്പം ഞങ്ങളുടെ കുട്ടികളും പഠിക്കണമെന്നാണോ സര് പറയുന്നത്?’…
‘…അവനെപ്പോലെ സമര്‍ത്ഥനായ കുട്ടിക്കൊപ്പം പഠിക്കാന്‍ കഴിയുന്നത് അവരുടെ ഭാഗ്യം..’
‘സര് ഞങ്ങളെ പരിഹസിക്കുകയാണോ?’
‘സത്യം പറയുമ്പോള്‍ അത് പരിഹാസമായി തോന്നിയാല്‍ എനിക്കെന്ത് ചെയ്യാന്‍ പറ്റും?’
സവര്‍ണ്ണരുടെ നാവിറങ്ങി. ഒരു വാദമുഖം കൊണ്ടും പ്രിന്‍സിപ്പലിനെ തോല്‍പ്പിക്കാന്‍ കഴിയില്ലെന്ന് അവര്‍ക്ക് ബോധ്യമായി.
പ്രിന്‍സിപ്പലിന് പുറമെ മറ്റ് ചില അദ്ധ്യാപകരും പല്പ്പുവിനെ തിരിച്ചറിഞ്ഞു. പല്‍പ്പു സ്കുളിന് ഒരു മുതല്‍ക്കൂട്ടാണെന്ന് അവര്‍ക്ക് ബോധ്യപ്പെട്ടു.
വീട്ടിലെത്തുമ്പോള്‍ പത്മനാഭന് പതിവായി സ്കൂള്‍ വിശേഷങ്ങള്‍ തിരക്കും. സവര്‍ണ്ണരായ അദ്ധ്യാപകര്‍ പോലും മകനെ പിന്താങ്ങുന്നു എന്ന അറിവ് അദ്ദേഹത്തെ സന്തോഷിപ്പിച്ചു. അവര്‍ എന്തുകൊണ്ടാണ് മറ്റ് ചിലരെ പോലെ ജാതിക്കുശുമ്പ് പ്രകടിപ്പിക്കാത്തതെന്ന് പല്‍പ്പു സംശയം പ്രകടിപ്പിച്ചു. പത്മനാഭന് നേര്‍ത്ത ചിരിയോടെ പറഞ്ഞു.
‘പഠിപ്പും വിവരവും ഉളളവര്‍ക്ക് കാര്യങ്ങള്‍ ശരിയായ ദിശയില്‍ കാണാന്‍ കഴിയും മകനെ. എല്ലാ സവര്‍ണ്ണരും ദോഷകാരികളല്ല. സങ്കുചിത മനസുള്ള വിഷജന്തുക്കള്‍ അവരുടെ വഴിക്ക് പോട്ടെ. നീ പഠിച്ച് നമുക്കും ചിലതൊക്കെ ചെയ്യാന്‍ സാധിക്കുമെന്ന് കാണിച്ചുകൊടുക്കണം’
പല്‍പ്പു ഗൗരവത്തില്‍ തലയാട്ടിയതല്ലാതെ മറിച്ചൊന്നും പറഞ്ഞില്ല. പക്ഷെ അവന്റെ മനസ് ഒരുങ്ങുകയായിരുന്നു.
താഴ്ത്തി താഴ്ത്തി കുനിഞ്ഞു പോയ ശിരസ് ഉയര്‍ത്തിപിടിച്ച് നെഞ്ച് വിരിച്ച് അഭിമാനബോധത്തോടെ നില്ക്കുന്ന ഒരു നാളയെക്കുറിച്ച് ഓര്‍ത്ത്.
വര്‍ഷങ്ങള്‍ ഒരു പടക്കുതിരയുടെ കരുത്തിലും വേഗതയിലുമാണ് കുളമ്പടി കേള്‍പ്പിച്ച് ഓടിയകലുന്നതെന്ന് പല്‍പ്പുവിന് തോന്നി. ഹൈസ്കൂളില്‍ ചേര്‍ന്ന ദിവസം ഇന്നലെയെന്ന പോലെ കണ്മുന്നിലുണ്ട്. ഇന്ന് പല്‍പ്പു മെട്രിക്കുലേഷന്‍ പാസായിരിക്കുന്നു.
തച്ചക്കുടി വീട് ഇന്ന് ഒരു ആഘോഷ തിമിര്‍പ്പിലാണ്.
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും എത്തിയിരിക്കുന്നു. മാതയും പപ്പുവും ചേര്‍ന്ന് എല്ലാവര്ക്കും വിഭവസമൃദ്ധമായ സദ്യയും പാല്‍പ്പായസവും വിളമ്പി. ഈ സന്തോഷം പ്രിയപ്പെട്ടവര്‍ക്കൊപ്പം പങ്കിടേണ്ടത് തന്നെയാണ്.
അങ്ങനെ വേലുവിന്റെ പാത പിന്തുടര്ന്ന് പല്‍പ്പുവും പഠനത്തില്‍ ഒരു അംഗീകാരമുദ്ര കൈവരിച്ചിരിക്കുന്നു.
ഉയര്‍ന്ന മാര്‍ക്കോടെ തന്നെയാണ് പല്പ്പൂ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയിരിക്കുന്നത്. അത് ആഘോഷങ്ങളില്ലാതെ നിശ്ശബ്ദമായി കടന്നു പോകരുത്.
കടം വാങ്ങിയും ഏറെ ബുദ്ധിമുട്ടിയുമാണ് പപ്പു സദ്യക്കുളള വിഭവങ്ങള്‍ സംഘടിപ്പിച്ചത്. ഇതൊക്കെ വേണ്ടിയിരുന്നോ എന്ന് ചോദിച്ച് പല്പ്പൂ ആവുന്നത്ര വിലക്കിയെങ്കിലും മാതുവും പപ്പുവും കാര്യമാക്കിയില്ല.
‘പണം വരും. പോകും. പക്ഷെ ഇത്തരമൊരു നിമിഷം പിന്നീടുണ്ടാവുമോ?’
എന്നാണ് മാത ചോദിച്ചത്. അത് വാസ്തവമാണെന്ന് പല്പ്പുവിനും തോന്നി.
അങ്ങനെ ഉടുതുണിക്ക് മറുതുണിയില്ലാത്ത കുടുംബം ആഘോഷങ്ങളാല്‍ സമൃദ്ധമായി.
അതിഥികളും ആരവങ്ങളും ഒഴിഞ്ഞപ്പോള്‍ ഇനിയെന്ത് എന്ന ചോദ്യം അവശേഷിച്ചു. കുടുംബത്തിന്റെ ഇന്നത്തെ പരിതസ്ഥിതിയില്‍ ഉപരിപഠനം കീറാമുട്ടിയാണ്. ബിരുദം എടുത്തിട്ടും ഇതുവരെ വേലുവിന് ഒരു തൊഴില്‍ ആയിട്ടില്ല. പല്പ്പുവിനെക്കൂടി കോളജില്‍ അയച്ച് പഠിപ്പിക്കുക എളുപ്പമല്ല. അതിനുളള പണം എങ്ങിനെ കണ്ടെത്തുമെന്ന് പപ്പുവിന് ഒരു രൂപവും കിട്ടിയില്ല. ഭാര്യയുമായി ആലോചിച്ചപ്പോള്‍ മാതയും കൈമലര്‍ത്തി. പക്ഷെ അവര്‍ ഒരു കാര്യം ഉറപ്പിച്ച് പറഞ്ഞു.
‘പഠിക്കണംന്ന് അവന് വലിയ ആശയുണ്ട്…’
പപ്പൂ അതുകേട്ട് വിഷാദം മറച്ചു വച്ച് മൂളി.
ഒരു വഴി തെളിയാതിരിക്കില്ലെന്ന് മനസ് പറഞ്ഞു.
ഒരിക്കലും വഴികള്‍ പൂര്‍ണ്ണമായി കൊട്ടിയടക്കാറില്ല നിയതി. അദൃശ്യകോണുകളില് എവിടെയെങ്കിലും സാധ്യതകളുടെ ഒരു നേരിയ ചലനം കാത്തിരിപ്പുണ്ടാവും.
ഹൈസ്കൂള്‍ പഠനത്തിന് പോലും പല്‍പ്പു പണം കണ്ടെത്തിയിരുന്നത് വീടുകളില്‍ പോയി കുട്ടികള്‍ക്ക് ട്യൂഷന് എടുത്തായിരുന്നു.
പക്ഷെ ഇനിയുളള അവസ്ഥ നിസാരമല്ല. അപ്പോത്തിക്കിരി പരീക്ഷയിലാണ് പല്‍പ്പുവിന്റെ കണ്ണ്. പ്രവേശന പരീക്ഷ പാസായി വൈദ്യശാസ്ത്രം പഠിച്ച് ഡോക്ടറാവണം. ആകെയുളള ധൈര്യം തിരുവിതാംകൂറില്‍ ജോലി ലഭിക്കാതിരുന്ന ജ്യേഷ്ഠന് വേലായുധന് ബ്രിട്ടീഷ് സര്‍വീസില്‍ ജോലി ഏതാണ്ട് ഉറപ്പായി എന്നത് മാത്രമായിരുന്നു. എന്തായാലും പുറംനാടുകളില്‍ അനായാസമായി ആശയവിനിമയം സാധിക്കണമെങ്കില്‍ ഇംഗ്ളീഷ് പഠിക്കണം.
നാട്ടില്‍ ഇംഗ്ളീഷ് നന്നായി പഠിപ്പിക്കുന്നത് ഫെര്‍ണാണ്ടസ് മാഷ് മാത്രമാണ്.
നല്ല തുക ഫീസ് വാങ്ങിയാണ് അധ്യയനം. അദ്ദേഹത്തിന്റെ അടുത്തു പോയി പഠിച്ചാല്‍ നല്ലത് തന്നെ. പക്ഷെ എങ്ങിനെ എന്നതും പ്രശ്നമാണ്. പല്‍പ്പു വീട്ടില്‍ ആരോടും ആലോചിക്കാന്‍ നില്‍ക്കാതെ ഫെര്‍ണാണ്ടസിനെ പോയി കണ്ടു. പഴയ മാതൃകയിലുളള ഒരു തറവാടാണ് അദ്ദേഹത്തിന്റേത്. കുലമഹിമയുളള ഒരു ക്രൈസ്തവ കുടുംബത്തിന്റെ അഭിജാത ലക്ഷണങ്ങള്‍ വീടിന്റെ വാസ്തുശില്‍പ്പത്തിലും പരിസരത്തിന്റെ ചിട്ടയായ ക്രമീകരണങ്ങളിലും ദൃശ്യമായിരുന്നു.
കാളിംഗ്ബെല്ലടിച്ച് ശല്യപ്പെടുത്താന്‍ നില്‍ക്കാതെ ചുമച്ച് ശബ്ദമുണ്ടാക്കി.
അകത്ത് ഫെര്‍ണാണ്ടസ് മാഷ് ഉച്ചത്തില്‍ ക്ളാസെടുക്കുന്നത് പുറത്തു നിന്നാലും കേള്‍ക്കാം. വീട്ടുമുറ്റം നിറയെ കുട്ടികളുടെ പല തരത്തിലുള്ള ചെരിപ്പുകളാണ്.
പല്പ്പൂ തേഞ്ഞു തേഞ്ഞ് നിറം മങ്ങിയ സ്വന്തം റബ്ബര്‍ ചെരിപ്പിലേക്ക് വേദനയോടെ നോക്കി. ഒരാളുടെ കാല് കണ്ടാല്‍ അയാളുടെ സ്ഥിതി അറിയാമെന്ന് പഴമക്കാര്‍ പറയുന്നത് എത്ര ശരിയാണ്.
രണ്ടു മൂന്ന് തവണ ഉച്ചത്തില്‍ ചുമച്ചപ്പോള്‍ വാതില്‍ തുറക്കപ്പെട്ടു. വീട്ടുകാര്‍ വന്ന് വഴക്ക് പറയുമെന്ന് ഭയന്നിരുന്നെങ്കിലും മാഷ് തന്നെയാണ് പുറത്തേക്ക് വന്നത്. അദ്ദേഹം കാര്യം ചോദിച്ചു.പല്പ്പൂ കുറഞ്ഞ വാക്കുകളില്‍ തന്റെ ആഗ്രഹവും വീട്ടിലെ സ്ഥിതിയും തുറന്ന് പറഞ്ഞു. ആ സത്യസന്ധത മാഷിന് ഇഷ്ടപ്പെട്ടു. അദ്ദേഹം കൂടുതല്‍ ആലോചിക്കാന്‍ നില്‍ക്കാതെ പറഞ്ഞു.
‘നാളെ തന്നെ ചേര്‍ന്നോളൂ. ഒരു സ്ലേറ്റും കല്ലുപോലും പിന്നെ വരയിട്ട രണ്ട് ബുക്കും പേനയും കരുതിക്കൊളളണം’
പല്‍പ്പു ഒന്ന് വിളറി. ഫീസ് എത്രയാണെന്ന് ചോദിച്ചപ്പോള്‍ ശബ്ദം വിറയാര്‍ന്നിരുന്നു.
‘എന്റെ ഫീസ് ഇത്തിരി കൂടുതലാ. നീ അത് കാര്യമാക്കണ്ട. പഠിക്കാന്‍ ആഗ്രഹമുളള കുട്ടിക്ക് അതിനുളള അവസരം നിഷേധിക്കാന്‍ പാടില്ല. നിനക്ക് പറ്റുന്നതെന്തോ അത് തന്നാല്‍ മതി’
അടുത്ത മാസം മുതല്‍ പല്‍പ്പു കൊടുക്കുന്നതെന്തോ അതായിരുന്നു മാഷിന്റെ ഫീസ്.
‘ങാ…പിന്നെ…നമുക്കിടയിലെ വ്യവസ്ഥകള്‍ മറ്റ് കുട്ടികള്‍ അറിയണ്ട. അവരുടെ മുന്നില്‍ നീ ചെറുതാകുന്നത് എനിക്ക് ഇഷ്ടമല്ല’
പല്‍പ്പുവിനോട് ആ മനുഷ്യനോട് വല്ലാത്ത ഒരു തരം സ്നേഹം തോന്നി. മാനുഷികതയുടെ ഉറവകള്‍ വറ്റിയെന്ന് പരിതപിക്കപ്പെടുന്ന ഒരു കാലത്ത് ഇങ്ങനെയും മനുഷ്യരുണ്ടെന്ന തിരിച്ചറിവിന്റെ പേരായിരുന്നു അവന് ഫെര്‍ണാണ്ടസ്. അവന് കൃതഞ്ജതാപൂര്വം അദ്ദേഹത്തെ നോക്കി നിന്നു. പൈജാമ പോലെ നീണ്ട കുര്‍ത്തയും പാന്റ്സും തോളില്‍ ഷാള്‍ പോലൊന്നും ധരിച്ച പച്ചപരിഷ്കാരിയായിരുന്നു മാഷ്.
അന്നത്തെ ക്ളാസ് കഴിഞ്ഞിരുന്നു. കുട്ടികള്‍ എല്ലാം വീടു പറ്റിയിട്ടും മാഷ് പല്പ്പുവിനെ വിളിച്ചിരുത്തി കുറച്ച് കാര്യങ്ങള്‍ അധികമായി പറഞ്ഞുകൊടുത്തു. അവന് വൈകി ചേര്‍ന്ന കുട്ടിയാണല്ലോ?
യാത്ര പറഞ്ഞ് ഇറങ്ങാന്‍ നേരം അവന് പതിവ് പോലെ മാഷ്ടെ കാല്ക്കല് വന്ദിച്ചു. ഫെര്‍ണാണ്ടസ് ചിരിച്ചുകൊണ്ട് പറഞ്ഞു.
‘ഇത് ഒരു വഴിപാട് പോലെ എല്ലാ ദിവസവും വേണന്നില്ല. സ്നേഹവും ഗുരുത്വവും മനസിലുണ്ടായാല്‍ മതി’
പല്‍പ്പു ചിരിച്ചു. അവന് അധികം സംസാരിക്കാത്ത മിതഭാഷിയായ കുട്ടിയാണെന്ന് മാഷിനറിയാം. പക്ഷെ ആ മൗനത്തിന് പിന്നില്‍ അര്‍ത്ഥപൂര്‍ണ്ണമായ വാചാലതയുണ്ടെന്നും അറിയാം.
അവന്റെ ഒട്ടിയ ഉദരത്തിലേക്ക് നോക്കി മാഷ് ചോദിച്ചു.
‘കാലത്ത് എന്തായിരുന്നു പ്രാതലിന്?’
പല്പ്പൂ മറുപടി പറയാതെ നിലത്തേക്ക് നോക്കി നിന്ന് പെരുവിരല്‍ കൊണ്ട് ചിത്രം വരച്ചു. കണ്ണുകള്‍ നിറഞ്ഞ് രണ്ട് നീര്‍ത്തുളളികള്‍ അടര്‍ന്ന് വീഴുന്നത് മാഷ് കണ്ടു. അവന്റെ ഉത്തരം അയാള്‍ ആ കണ്ണീരില്‍ വായിച്ചു.
‘പോട്ടെ മാഷേ..’
പല്പ്പൂ യാത്രാനുവാദം ചോദിച്ചപ്പോള്‍ മാഷ് അകത്തേക്ക് നോക്കി ഭാര്യയെ വിളിച്ചു. മധ്യവയസ്കയായ ഒരു സ്ത്രീ പുറത്തു വന്നു.
‘ആഗ്നസ് ഭക്ഷണം എടുത്തോളൂ…ഇന്ന് ഊണിന് പല്പ്പൂ കൂടിയുണ്ട്’
അവന് ഒരു നടുക്കത്തോടെ മുഖം ഉയര്‍ത്തി മാഷിനെ നോക്കി.
‘വേണ്ട മാഷെ…ഫീസ് തന്നെ തരണില്ല. ഇനിയും മാഷിനെ ബുദ്ധിമുട്ടിക്കുന്നത് ശരിയല്ല’
‘ബുദ്ധിമുട്ടാണെന്ന് ആര് പറഞ്ഞു? നിന്നേപ്പോലൊരു മിടുക്കന് കുട്ടിയെ പഠിപ്പിക്കാന്‍ കഴിയുന്നതാണ് എനിക്ക് സന്തോഷം’
മാഷ് അവന്റെ തോളില്‍ കൈവച്ചു.അതില്‍ അംഗീകാരമുദ്രകള്‍ പതിഞ്ഞതായി പല്‍പ്പുവിന് തോന്നി. അവന് പിന്നെ വിയോജിച്ചില്ല. മാഷിനൊപ്പം വിഭവസമൃദ്ധമായ ഭക്ഷണം കഴിച്ച് മടങ്ങുമ്പോള്‍ റോഡ് വരെ അദ്ദേഹം അനുഗമിച്ചു.
‘പല്പ്പൂ…സൂക്ഷിച്ച് പോണം. ഓരോന്ന് ആലോചിച്ച് നടന്ന് വാഹനങ്ങളുടെ മുന്നില്‍ ചെന്ന് ചാടണ്ട.’
മാഷിന് തന്റെ കാര്യത്തിലുളള കരുതല്‍ അവനെ അഗാധമായി സ്പര്‍ശിച്ചു.
പിരിയും മുന്‍പ് മാഷ് ശബ്ദം താഴ്ത്തി പറഞ്ഞു.
‘നാളെ മുതല്‍ മറ്റ് കുട്ടികള്‍ വരുന്നതിന് അരമണിക്കൂര്‍ മുന്‍പ് എത്തണം. പ്രാതല്‍ കഴിഞ്ഞിട്ട് മതി ക്ളാസ്. വിശന്നിരുന്ന് പഠിച്ചാല്‍ തലയില്‍ കയറില്ല’
‘ചില ദിവസങ്ങളില്‍ വീട്ടില്‍ കഞ്ഞിയുണ്ടാവും മാഷേ..’
മാഷ് ചിരിച്ചു.
”അതവര് കഴിച്ചോട്ടെ..നീ ഇനി മുതല്‍ എനിക്കൊപ്പം കഴിച്ചാ മതി’
പല്‍പ്പു നിറകണ്ണുകളോടെ തലയാട്ടി.
മാഷ് അവന്റെ ശിരസില്‍ തലോടി. പല്പ്പൂ കണ്ണുകള്‍ കൊണ്ട് യാത്ര പറഞ്ഞ് പതിയെ നടന്നു.
ചരിത്രത്തിന്റെ വഴിത്താരകളിലേക്കുള്ള ആ നടത്തം നോക്കി മാഷ് നിര്‍ന്നിമേഷനായി നിന്നു.
വീട്ടില്‍ മടങ്ങിയെത്തിയ പല്‍പ്പുവിന് സന്തോഷം അടക്കാനായില്ല. തിരുവിതാംകൂറില്‍ ജോലി നിഷേധിക്കപ്പെട്ട വേലുവിന് മദ്രാസില്‍ ജോലി തരപ്പെട്ടിരിക്കുന്നു. അത് അറിയിച്ചുകൊണ്ടുളള കത്ത് ഇന്നത്തെ പോസ്റ്റില്‍ ലഭിച്ചു. ഒന്നാം തീയതി തന്നെ ജോലിയില്‍ പ്രവേശിക്കണം. വേലു തിടുക്കപ്പെട്ട് ഉളള വസ്ത്രങ്ങള്‍ കഴുകി ഇസ്തിരിയിട്ടു. പുതുതായി ചിലത് വാങ്ങണമെന്നുണ്ടെങ്കിലും തത്കാലം നിവൃത്തിയില്ല.
പല്‍പ്പു പിന്നിലൂടെ ചെന്ന് ജ്യേഷ്ഠനെ അത്ഭുതപ്പെടുത്തി.
‘കണ്‍ഗ്രാറ്റ്സ് ഡിയര്‍ ബ്രദര്‍. പ്രൗഡ് ഓഫ് യു മൈ ബോയ്..’
അവന്റെ പറച്ചില് കേട്ട് വേലു ഉറക്കെ പൊട്ടിച്ചിരിച്ചു പോയി.
‘ഇനി മുതല്‍ വീട്ടില്‍ ഇംഗ്ളീഷ് സംസാരിക്കണമെന്നാണ് മാഷ് പറഞ്ഞിരിക്കുന്നത്. ഇവിടെ എല്ലാവര്ക്കും ഇംഗ്ളീഷ് അറിയാമെന്ന് അദ്ദേഹത്തിന് മനസിലായി’
‘അതൊക്കെ നീ അവിടെ ചെന്ന് വിളമ്പി കാണും. ഇവനിപ്പോ അവിടത്തെ വീട്ടുകാരനല്ലേ? കാപ്പിയും ഊണും അവിടെയായ സ്ഥിതിക്ക് ഇനി പൊറുതി കൂടി
അവിടെയാക്കാം’
മാത പാതി കളിയായിട്ടാണ് പറഞ്ഞത്. വേലു അതില്‍ ഏറ്റുപിടിച്ചു.
‘ഇനി ഇവനെങ്ങാനും ആ സായിപ്പിന്റെ മോളെ കെട്ടിക്കൊണ്ട് വരുമോന്നാ എന്റെ പേടി’
‘എന്നാല്‍ പിന്നെ എനിക്കുളള അയിത്തം തീര്‍ന്നു കിട്ടി. വിദേശികള്‍ക്കും മതംമാറുന്നവര്ക്കുമൊന്നും തീണ്ടലില്ലല്ലോ?’
പല്‍പ്പു കൂട്ടിച്ചേര്‍ത്തു. ആ പറഞ്ഞതിനെക്കുറിച്ച് പത്മനാഭനും അപ്പോഴാണ് ആലോചിച്ചത്.
ഒരാള്‍ ഹിന്ദുമതത്തില്‍ അധ:കൃത സമുദായത്തില്‍ ജനിക്കുന്നതോടെ തെറ്റുകാരനാകുന്നു. അവന് മറ്റൊരു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്താല്‍ വിശുദ്ധനും. കുട്ടികള്‍ പോലും ഈ അനീതിയെക്കുറിച്ച് ചിന്തിച്ച് തുടങ്ങിയിരിക്കുന്നു.
രാത്രി ഉറക്കം വരാതെ പലതും ആലോചിച്ച് കിടന്നപ്പോള്‍ പല്‍പ്പു മനസില്‍ ചില കണക്ക് കൂട്ടലുകള്‍ നടത്തി.
പഠിച്ച് ഒരു ഡോക്ടറാവണം. അതാവുമ്പോള്‍ ദേഹത്ത് തൊടാന്‍ പാടില്ലെന്ന് സവര്‍ണ്ണര്‍ പറയില്ല. മരിക്കാന്‍ പോകുന്നവന് ജീവന് തിരിച്ചു കിട്ടുകയെന്നതാണ് പ്രധാനം .അസുഖം ബാധിച്ചവന് അത് ഭേദമാകുകയെന്നതും.
അവിടെ ഡോക്ടര്‍ ദൈവമാണ്. അല്ലെങ്കില്‍ ദൈവതുല്യനാണ്.
ഒരിക്കല്‍ ഞാനും ദൈവതുല്യനാവും.
പല്‍പ്പു മനസില്‍ പറഞ്ഞു.
ആ സുന്ദര സ്വപ്നത്തിന്റെ ഓര്‍മ്മയില്‍ അവന് നിദ്രയുടെ താഴ്വരകളിലേക്ക് പതിയെ ചുവട് വച്ചു.
പുറത്ത് മേടക്കാറ്റ് ആഞ്ഞു വീശി.
പല്‍പ്പു ഒന്നും അറിഞ്ഞില്ല.
അവന് ഉറക്കത്തിന്റെ അഗാധതയിലായിരുന്നു.
വലിയ ഒരു ഉണര്വിന് മുന്നോടിയായുളള ഉറക്കം…
(തുടരും)