ആത്മസൗരഭം
ആത്മശുദ്ധി
ജോലിയില്‍ പുനപ്രവേശിക്കും മുന്‍പ് ഒന്ന് നാട്ടില്‍ പോയി വരണം. അമ്മയെയും അച്ഛനെയും മാഷിനെയും കാണണം. അതിലുപരി സ്വാമികളെ സന്ദര്‍ശിക്കണം.
നാട്ടിലെത്തുന്നതിന്റെ സന്തോഷവും സ്വാമികള്‍ക്കൊപ്പമുളള നിമിഷങ്ങളും പല്‍പ്പുവിന് എന്നും ഉന്മേഷദായകമായിരുന്നു.
അവധിക്കാലങ്ങള്‍ പല്‍പ്പുവിന് ആത്മശുദ്ധിയുടെ വേളകള്‍ കൂടിയായിരുന്നു. മരുന്നുകളുടെയും രോഗങ്ങളുടെയും രോദനങ്ങളുടെയും ലോകത്തു നിന്ന് താത്കാലികമായ ഒരു മോചനം. ആ സമയത്ത് ഒക്കെയും അരുവിപ്പുറത്ത് ഗുരുസന്നിധിയിലെത്തും. അരുവിപ്പുറത്തെ പ്രശാന്തസുന്ദരമായ അന്തരീക്ഷം സ്വാമികളെ പോലെ തന്നെ ഉന്മേഷദായിനിയായിരുന്നു. അരുവിയെ തഴുകി വരുന്ന ഇളം തണുപ്പുള്ള കാറ്റും കുളിര്‍മ്മയേകുന്ന സസ്യങ്ങളും അതിന്റെ പശ്ചാത്തലത്തിലുളള സ്വാമിയുടെ സാന്നിദ്ധ്യവും ആ വാക്കുകളും എത്രകണ്ട് മനസിനെ വിമലീകരിക്കുന്നുവെന്ന് തനിക്ക് തന്നെ അറിയില്ല.
അടിസ്ഥാനപരമായി താനൊരു ആത്മീയജീവിയല്ല. ഭൗതിക ജീവിതയാഥാര്‍ത്ഥ്യങ്ങളിലൂന്നി നിന്ന് ശാസ്ത്രീയ അടിത്തറയിലും യുക്തിചിന്തയിലും അധിഷ്ഠിതമായി പ്രവര്‍ത്തിക്കുകയും പ്രായോഗികമായി എന്ത് ചെയ്യാന്‍ കഴിയുമെന്ന് പര്യാലോചിച്ച് അതനുസരിച്ചുളള പദ്ധതികള്‍ നടപ്പിലാക്കുന്നതുമാണ് തന്റെ രീതി. സ്വാമികളില്‍ ഞാന്‍ കണ്ട ഏറ്റവും വലിയ സവിശേഷത അദ്ദേഹം ആത്മീയതയെയും ലൗകികതയെയും വേര്‍തിരിക്കുന്നില്ല. രണ്ടും പരസ്പരപൂരകമെന്ന ധ്വനിയും അദ്ദേഹത്തിന്റെ വാക്കുകളിലുണ്ട്. ആത്മീയത നമ്മെ കൂടുതല്‍ നല്ല മനുഷ്യരാക്കുന്നു. ലൗകിക ജീവിതത്തില്‍ അഭിരമിക്കുന്നവര്‍ക്കും മികച്ച ആദ്ധ്യാത്മിക ജീവിതം നയിക്കാന്‍ കഴിയുമെന്നതാണ് ഗുരുവിന്റെ കാഴ്ചപ്പാട്.
ഞങ്ങളുടെ കൂടിക്കാഴ്ചകളില്‍ ഏറെയും ചര്‍ച്ച ചെയ്യപ്പെട്ടിരുന്നത് ആത്മീയ കാര്യങ്ങള്‍ക്കുപരി സമുദായം ഇന്ന് അനുഭവിക്കുന്ന അവശതകളും പരിഹാരമാര്‍ഗങ്ങളുമായിരുന്നു. അതില്‍ തന്നെ എന്റെയും സ്വാമികളുടെയും കാഴ്ചപ്പാടിലെ ഒരു സമാനത എന്നെ വല്ലാതെ മോഹിപ്പിച്ചിരുന്നു. ഞങ്ങള്‍ ഒരേ സമുദായത്തില്‍ ജനിച്ചവരാണെങ്കിലും ഈഴവരുടെ മാത്രം മോചനമായിരുന്നില്ല ലക്ഷ്യം. സ്വാമികളും എപ്പോഴും ഊന്നിപ്പറയാറുളളത് പിന്നോക്കാവസ്ഥ അനുഭവിക്കുന്ന എല്ലാ വിഭാഗം ജനങ്ങള്‍ക്കും തുല്യനീതി ലഭ്യമാക്കുന്നതിനെക്കുറിച്ചായിരുന്നു.
അന്നും പതിവുപോലെ പലതും സംസാരിച്ചിരുന്നു. ഇടയ്ക്ക് അല്‍പ്പം തടിച്ച് ഉയരം കുറഞ്ഞ് വെളുത്ത ഒരു പയ്യന്‍ സ്വാമിയുടെ ചുറ്റുവട്ടത്ത് കറങ്ങുന്നതും ഞങ്ങള്‍ക്ക് ചുക്കുകാപ്പിയും ഊണും എടുത്തു വയ്ക്കുന്നതും മറ്റും കണ്ടു. സ്വാമി ആളെ പരിചയപ്പെടുത്തിയില്ല. പല്‍പ്പു ചോദിക്കാനും നിന്നില്ല.
യാത്ര പറഞ്ഞിറങ്ങിയപ്പോള്‍ ഒപ്പം വന്ന സന്ന്യാസിമാരോട് പല്‍പ്പു ചോദിച്ചു.
‘അതേതാ..സ്വാമികളുടെ പരിസരത്ത് ചുറ്റിപ്പറ്റി നില്‍ക്കുന്ന ആ ചിന്നസ്വാമി’
ശിഷ്യര്‍ ചിരിച്ചു. അവരിലൊരാള്‍ മറുപടിയും കൊടുത്തു.
‘അതോ…അത് കുമാരു. പലചരക്ക് കടയില്‍ കണക്കെഴുതാന്‍ നിന്ന പയ്യനാ..മിടുക്കന്‍. നന്നായി കവിത എഴുതും.ഇപ്പോള്‍ സ്വാമിയുടെ ശിഷ്യത്വവുമുണ്ട്’
‘ങും..’
പല്‍പ്പു മൂളിയതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല.
അടുത്ത സന്ദര്‍ശനത്തില്‍ പതിവ് ചര്‍ച്ചകള്‍ക്ക് ശേഷം ഒരുമിച്ച് ഭക്ഷണം കഴിക്കാനിരുന്നപ്പോള്‍ പല്‍പ്പു ചുറ്റും നോക്കി.
‘എന്തേ?’
ഗുരു ചോദിച്ചു.
‘കഴിഞ്ഞ തവണ വന്നപ്പോള്‍ കണ്ട പയ്യനെ പിന്നെ കണ്ടില്ല’
‘ആര് കുമാരുവോ? ഡോക്ടര്‍ അവനെക്കുറിച്ച് അന്വേഷിച്ചതായറിഞ്ഞു. പാവം..ജ്വരം ബാധിച്ച് കിടപ്പാണ്..’
‘സന്ന്യാസത്തിന്റെ വഴിയാണോ…ഉദ്ദേശം..’
‘ഏയ്…സമയം കിട്ടുമ്പോള്‍ കുറച്ച് വേദാന്തവും മറ്റും പറഞ്ഞുകൊടുക്കുന്നു. സംസ്‌കൃതത്തില്‍ അവന് അസാരം ഗ്രാഹ്യമുണ്ട്. ഇനി കുറച്ച് ഇംഗ്ളീഷ് പഠിക്കണംന്നുണ്ട്. മദ്രാസിലോ മൈസൂരിലോ മറ്റോ അതിനുളള അവസരം ഉണ്ടാവുമോ?’
പല്‍പ്പു കുടുതല്‍ ആലോചിക്കാന്‍ നില്‍ക്കാതെ പറഞ്ഞു.
‘പിന്നെന്താ..വേണ്ടത് ചെയ്യാം’
‘ബുദ്ധിമുട്ടാവുമോ?’
‘സ്വാമി ഒരു കാര്യം പറഞ്ഞാല്‍ അത് ചെയ്യുക എന്നതാണ്. അതിനുവേണ്ടി കുറച്ച് ബുദ്ധിമുട്ടുന്നതില്‍ സന്തോഷമേയുളളു’
‘താമസത്തിന് നല്ല ഹോസ്റ്റലുകളൊക്കെ ഉണ്ടാവില്ലേ അവിടെ?’
‘എന്റെ വീടുളളപ്പോള്‍ ഹോസ്റ്റലെന്തിന്?’
‘കുട്ടികളും കുടുംബവുമൊക്കെയായി താമസിക്കുന്നിടത്ത് അസൗകര്യാവില്ലേ?’
‘അതൊന്നും സാരല്ല. അടുത്ത അവധിക്ക് വരുമ്പോ കുമാരു എനിക്കൊപ്പം പോരട്ടെ’
സ്വാമി കൃതജ്ഞതാപൂര്‍വം മന്ദഹസിച്ചു. പിന്നെ വാത്സല്യത്തോടെ പറഞ്ഞു.
‘കഴിക്കൂ..ചൂടാറിയാല്‍ അവിയലിന്റെ രുചി കുറയും.’
പല്‍പ്പു ചിരിച്ചു. പിന്നെ ചോറിലേക്ക് സാമ്പാര്‍ ഒഴിച്ച് ഒരുപിടി പിടിച്ചു.
പല്‍പ്പുവിനറിയാം. സ്വാമികള്‍ക്കൊപ്പം ഭക്ഷണം കഴിക്കാന്‍ കഴിയുന്നത് തന്നെ ഒരു പുണ്യമാണ്.
നാട്ടില്‍ വന്നപ്പോള്‍ അറിഞ്ഞു. ഫെര്‍ണാണ്ടസ് സായിപ്പിന്റെ സ്ഥിതി കുറച്ച് കഷ്ടത്തിലാണ്. ജോലിയില്‍ നിന്ന് വിരമിച്ചു. തുച്ഛമായ പെന്‍ഷന്‍ കൊണ്ട് മാത്രം ജീവിതം മുന്നോട്ട് പോവില്ല. രോഗാരിഷ്ടതകള്‍ ഏറെയുണ്ട്. പഴയതു പോലെ ട്യൂഷനെടുക്കാനും മറ്റും വയ്യ. കൂടുതല്‍ സമയവും കിടപ്പും വിശ്രമവുമാണ്. പലരുടെയും സഹായം കൊണ്ടാണ് കാര്യങ്ങള്‍ നടന്നു പോകുന്നത്.
മാത എല്ലാം വിശദീകരിച്ച് പറയുമ്പോള്‍ ഒരക്ഷരം മിണ്ടാതെ പല്‍പ്പു എല്ലാം മൂളിക്കേട്ടു.
പിറ്റേന്ന് കുളിയും പ്രാതലും കഴിഞ്ഞ് എവിടേക്കെന്ന് പോലും പറയാതെ സായിപ്പിന്റെ വീട്ടിലേക്ക് ചെന്നു. വാതില്‍ തുറന്നത് അപരിചിതയായ ഏതോ സ്ത്രീയാണ്. ബന്ധുക്കള്‍ ആരെങ്കിലുമാവാം. സായിപ്പിന്റെ ശിഷ്യനെന്ന് പറഞ്ഞപ്പോള്‍ അകത്തേക്ക് ക്ഷണിച്ചു.
മുഖം ആകെ കരുവാളിച്ച് ശ്മശ്രുക്കള്‍ വളര്‍ന്ന് ആകെ ക്ഷീണിതനായിരുന്നു സായിപ്പ്. പല്‍പ്പുവിനെ കണ്ട് ആ മുഖം വിടര്‍ന്നു.
‘നിന്നെയൊന്ന് കാണണംന്ന് കുറെയായി വിചാരിക്കുന്നു വന്നൂല്ലോ..സന്തോഷം..’
സായിപ്പ് പറഞ്ഞു.
പല്‍പ്പു ഒന്നും മിണ്ടാതെ തളര്‍ച്ചയിലും ജ്വലിക്കുന്ന ആ കണ്ണുകളിലേക്ക് നോക്കി കിടക്കയ്ക്ക് അരികെ ഇരുന്നു.
രോഗത്തെക്കുറിച്ച് കൂടുതല്‍ ചോദിച്ച് വിഷമിപ്പിക്കാതെ മദ്രാസിലെ വിശേഷങ്ങളും പൊതുക്കാര്യങ്ങളും മറ്റും പറഞ്ഞു. വയ്യാഴിക മറന്ന് ഇടയ്ക്ക് സായിപ്പ് പൊട്ടിച്ചിരിച്ചു. താത്കാലിമായി മടങ്ങി വന്ന ആഹ്‌ളാദം.
പിരിയും മുന്‍പ് പല്‍പ്പു ഒരു കവര്‍ അദ്ദേഹത്തിന്റെ കയ്യില്‍ വച്ചുകൊടുത്തു.
‘ചികിത്സയ്‌ക്കൊക്കെ ഒരുപാട് പൈസ ആവശ്യമുളളതല്ലേ..ഇതിരിക്കട്ടെ’
‘എന്തായിത്? ഇതൊന്നും വേണ്ട..’
‘അങ്ങനെ പറയരുത്. ഒരായുസ് മുഴുവന്‍ ശ്രമിച്ചാലും വീട്ടാവുന്ന കടങ്ങളല്ല എനിക്ക് അങ്ങയോടുളളത്. ഇതെന്റെയൊരു സന്തോഷത്തിനാണ്. എതിര് പറയരുത്’
മടങ്ങും മുന്‍പ് വീട്ടിലാരും കേള്‍ക്കാത്ത വിധം പതിഞ്ഞ ശബ്ദത്തില്‍ പല്‍പ്പു പറഞ്ഞു.
‘ഇവിടത്തെ അഡ്രസ് എനിക്ക് മനപാഠമാണ്. അതുകൊണ്ട് അത് ചോദിച്ച് ബുദ്ധിമുട്ടിക്കേണ്ടി വന്നില്ല. ഇനി മുതല്‍ എല്ലാ മാസവും ശമ്പളം വരുമ്പോള്‍ 10 രൂപ മണിയോര്‍ഡര്‍ അയക്കാന്‍ ആഫീസില്‍ ഏര്‍പ്പാട് ചെയ്തിട്ടുണ്ട്’
‘പല്‍പ്പു..’
സായിപ്പിന് ശബ്ദം തൊണ്ടയില്‍ കുരുങ്ങി.
‘മാഷ് സമാധാനമായിരിക്കൂ. മാഷ്‌ക്ക് മനസ് തോന്നിയിരുന്നില്ലെങ്കില്‍ ഞാന്‍ ഈ അവസ്ഥയില്‍ നില്‍ക്കുമായിരുന്നോ..മാഷ് എന്നും എനിക്കൊപ്പം വേണം. ഒരു ശക്തിയാണത്..ധൈര്യം..’
പല്‍പ്പു ചുക്കിച്ചുളിഞ്ഞ് മെലിഞ്ഞ ആ കൈകള്‍ ചേര്‍ത്തുപിടിച്ച് നെറുകയില്‍ വച്ചു.
‘അനുഗ്രഹിക്കണം..’
‘നല്ലത് വരും. നല്ലതേ വരൂ..’
മാഷിന് ഈ വാക്കുകള്‍ പതിവുളളതാണ്. കാലം അതില്‍ മാറ്റം വരുത്തിയിട്ടില്ല.
പല്‍പ്പുവിന്റെ കണ്ണുകള്‍ നനഞ്ഞു.
മൗനം കൊണ്ട് യാത്ര പറഞ്ഞ് അയാള്‍ പടിയിറങ്ങി.
പിന്നില്‍ വാതില്‍ കൊട്ടിയടഞ്ഞു.
അടുത്തുളള കുടിപ്പളളിക്കൂടത്തില്‍ നിന്നും ഏതോ ബാലികയുടെ ശബ്ദത്തില്‍ മലയാളം അക്ഷരമാല ചൊല്ലിപ്പഠിക്കുന്നത് കേള്‍ക്കാം.
അ…ആ…ഇ…ഈ…ഉ…ഊ..
കരിയിലകള്‍ വീണ വഴിത്താരയിലൂടെ പല്‍പ്പു പുറപ്പെട്ടിടത്തേക്ക് തിരിച്ചു നടന്നു.
(തുടരും)