എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ 5 സ്വയംതൊഴില്‍ വായ്പാ പദ്ധതികള്‍

സംസ്ഥാനത്തെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ തൊഴിലിനായി രജിസ്റ്റര്‍ ചെയ്യുന്ന ഒരു സ്ഥാപനം മാത്രമല്ല ഇപ്പോള്‍. സ്വയംതൊഴില്‍ വായ്പാ പദ്ധതികള്‍, നൈപുണ്യ വികസന പരിപാടികള്‍, ജോബ് ഫെയറുകള്‍ പരീക്ഷാ പരിശീലനങ്ങള്‍ അങ്ങനെ പലതും ചെയ്ത് വരുന്നുണ്ട്. 5 സ്വയം തൊഴില്‍ വായ്പാ പദ്ധതികളാണ് നടപ്പാക്കി വരുന്നത്.

  1. കെസ്‌റു (KESRU)
    കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത തൊഴില്‍രഹിതകര്‍ക്കുള്ള സ്വയം തൊഴില്‍ വായ്പാപദ്ധതി

പദ്ധതി ആനുകൂല്യങ്ങള്‍
വ്യക്തിക്ക് ഒരു ലക്ഷം രൂപ വരെ വായ്പ അനുവദിക്കുന്നു. ഗ്രൂപ്പ് സംരംഭങ്ങളും ഇതില്‍ ആരംഭിക്കാവുന്നതാണ്. ഒരു അംഗത്തിന് ഒരു ലക്ഷം രൂപ എന്ന നിരക്കില്‍ വായ്പ ലഭിക്കുന്നു. പദ്ധതി ചെലവിന്റെ 20% സബ്‌സിഡിയായി ലഭിക്കും. സംരംഭകന്റെ വിഹിതം പ്രത്യേകം പറയുന്നില്ല. എങ്കിലും 10% സാധാരണഗതിയില്‍ ബാങ്കുകള്‍ ആവശ്യപ്പെടുന്നുണ്ട്. പ്രായപരിധി 21നും 50നും ഇടയില്‍ ആയിരിക്കണം.

  1. മള്‍ട്ടിപര്‍പസ് ജോബ് ക്ലബ് (MPJC)
    ഗ്രൂപ്പ് സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് അനുവദിക്കുന്ന ഒരു പദ്ധതിയാണ് ഇത്. 2 മുതല്‍ 5 വരെ അംഗങ്ങള്‍ അടങ്ങുന്ന ഗ്രൂപ്പുകള്‍ക്കാണ് വായ്പ അനുവദിക്കുക. കുറഞ്ഞത് രണ്ട്‌പേര്‍ ചേര്‍ന്നുകൊണ്ടുള്ള സംരംഭങ്ങള്‍ക്ക് വായ്പ അനുവദിക്കും. അംഗങ്ങള്‍ വ്യത്യസ്ത കുടുംബങ്ങളില്‍പ്പെടുന്നവര്‍ ആയിരിക്കണം.

പദ്ധതി ആനുകൂല്യങ്ങള്‍
പദ്ധതി ചെലവ് 10 ലക്ഷം രൂപയില്‍ അധികരിക്കാത്ത എല്ലാത്തരം സംരംഭങ്ങള്‍ക്കും വായ്പ അനുവദിക്കും. പദ്ധതി ചെലവിന്റെ 25ശതമാനമാണ് സര്‍ക്കാര്‍ സബ്‌സിഡിയായി അനുവദിക്കുക. ഇത് പരമാവധി രണ്ട് ലക്ഷം രൂപ വരെ അനുവദിക്കും. 10 ശതമാനം സംരംഭകന്റെ വിഹിതമായി കണ്ടെത്തണം. പ്രായം 21നും 40 നും ഇടയില്‍ ആയിരിക്കണം.

  1. ശരണ്യ (SARANYA)
    ഒരു സാമൂഹ്യ സുരക്ഷാ പദ്ധതിയും അതുപോലെ തന്നെ സ്വയംതൊഴില്‍ വായ്പാ പദ്ധതിയുമാണ് ഇത്. വിധവകള്‍, വിവാഹമോചനം നേടിയ സ്ത്രീകള്‍, ഭര്‍ത്താവിനെ കാണാതെ പോയ സ്ത്രീകള്‍ എസ്‌സി/എഎസ് ടി വിഭാഗത്തില്‍പ്പെട്ട അവിവാഹിതരായ അമ്മമാര്‍ തുടങ്ങിയവര്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക

പദ്ധതി ആനുകൂല്യങ്ങള്‍
50,000 രൂപ വരെ സ്വയംതൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിന് വായ്പ അനുവദിക്കുന്നു. 50% വരെ സബ്‌സിഡി ലഭിക്കുന്നു. പരമാവധി 25000 രൂപ പദ്ധതി ചെലവിന്റെ 10 ശതമാനം സംരംഭകന്റെ വിഹിതമാണ്. പ്രായം 18നും 55നും മദ്ധ്യേ 30 വയസ്സിലും അവിവാഹിതരായി കഴിയുന്ന സ്ത്രീകള്‍ക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കും. സര്‍ക്കാരിന്റെ സ്വന്തം ഫണ്ടില്‍ നിന്നുമാണ് വായ്പയും സബ്‌സിഡിയും അനുവദിക്കുന്നത്. പലിശ ഇല്ലാതെ ത്രൈമാസ തവണകളായി തിരിച്ചടച്ചാല്‍ മതി.

  1. കൈവല്യ
    ഭിന്നശേഷിക്കാരായ തൊഴില്‍രഹിതര്‍ക്ക് നല്‍കുന്ന ഒരു പദ്ധതിയാണ് ഇത്. ഇത് ഒരു വായ്പാ പദ്ധതി മാത്രമല്ല. കരിയര്‍ ഗൈഡന്‍സ് പ്രോഗ്രാം, കപ്പാസിറ്റി ബില്‍ഡിംഗ് പ്രോഗ്രാം, മത്സരപരീക്ഷാ പരിശീലനം എന്നിവയും പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്നുണ്ട്.

സ്വയംതൊഴില്‍ പദ്ധതി ആനുകൂല്യങ്ങള്‍
ഭിന്ന ശേഷിയുള്ള ഒരു വ്യക്തിക്ക് 50,000 രൂപ വരെ വായ്പ അനുവദിക്കുന്നു. ആവശ്യമായി വരുന്ന പക്ഷം ഒരു ലക്ഷം വരെ ആയി ഉയര്‍ത്താവുന്നതാണ്. ഇതില്‍ ഗ്രൂപ്പ് സംരംഭങ്ങളും അനുവദിക്കും. ഓരോ അംഗത്തിനും ഇതേ നിരക്കില്‍ വായ്പ ലഭിക്കും. പലിശരഹിത വായ്പയാണ് നല്‍കുക. 50% സബ്‌സിഡി അനുവദിക്കും. പരമാവധി 25000 രൂപ വരെയാണ് ഇങ്ങനെ നല്‍കുക. സംരംഭകന്റെ വിഹിതം. 10% കരുതുന്നത് നന്നായിരിക്കും. പ്രായം 21നും 55നും ഇടയില്‍ ആയിരിക്കണം.

  1. നവജീവന്‍
    എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടും സ്ഥിരം ജോലി ലഭിക്കാത്തവര്‍ക്ക് വേണ്ടിയാണ് ഈ പദ്ധതി. 50-65 വയസ്സ് വരെ ഉള്ളവരെയാണ് ഈ ആനുകൂല്യത്തിന് പരിഗണിക്കുക.

പദ്ധതി ആനുകൂല്യങ്ങള്‍
ഓരോ വ്യക്തിക്കും സമര്‍പ്പിക്കുന്ന പ്രോജക്ടുകള്‍ക്ക് 50,000 രൂപ വരെ വായ്പ അനുവദിക്കുന്നു. ധനകാര്യസ്ഥാപനങ്ങള്‍ വഴിയാണ് വായ്പാവിതരണം ചെയ്യുക. വായ്പയുടെ 25% പരമാവധി 12500 രൂപ വരെയാണ് സബ്‌സിഡി ലഭിക്കുക. സംയുക്ത സംരംഭങ്ങള്‍ക്കു ഇത്പ്രകാരം വായ്പ അനുവദിക്കും. 25% സ്ത്രീകള്‍ക്കും 25% ബി.പി.എല്‍ വിഭാഗങ്ങള്‍ക്കും സംവരണം ചെയ്തിട്ടുണ്ട്.

പൊതുയോഗ്യതാ മാനദണ്ഡങ്ങള്‍

  1. എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കണം.
  2. പ്രായപരിധിയില്‍ ഇളവുകള്‍ ഉണ്ട്. എസ്.സി/എഎസ് ടി വിഭാഗങ്ങള്‍ക്ക് 5 വര്‍ഷവും, മറ്റ് പിന്നോക്ക സമുദായങ്ങള്‍ക്ക് മൂന്ന വര്‍ഷവും ഇളവ് അനുവദിച്ചു വരുന്നു (നവജീവന്‍ ഒഴികെ)
  3. ഒരു ലക്ഷം രൂപയില്‍ താഴെയാണ് കുടുംബവാര്‍ഷിക വരുമാന പരിധി. എന്നാല്‍ കൈവല്യപദ്ധതിക്ക് 2 ലക്ഷം ആണ്.
  4. ഗ്രൂപ്പ് സംരംഭങ്ങള്‍ക്ക് വ്യത്യസ്ത കുടുംബങ്ങളില്‍പ്പെട്ട വ്യക്തികള്‍ ആയിരിക്കണം.
  5. ഈ പദ്ധതികളുടെ ഒരു പ്രധാന സവിശേഷത വരുമാനവര്‍ദ്ധനവിന് ഉതകുന്ന ഏത് സംരംഭങ്ങളും ഏറ്റെടുക്കാം എന്നുള്ളതാണ്. കച്ചവടം, സേവനം, വ്യവസായം, കൃഷി, ഫാമുകള്‍ തുടങ്ങി ഏത് സംരംഭങ്ങളും തിരഞ്ഞെടുക്കാവുന്നതാണ്. കാറ്ററിംഗ്, പലചരക്ക് കട, സ്റ്റേഷനറികള്‍, ഗാര്‍മെന്റ്‌സ്, കുട, മെഴുകുതിരി, സോപ്പ്, ഡിടിപി, ഇന്റര്‍നെറ്റ്, സേവനകേന്ദ്രങ്ങള്‍ തുടങ്ങി വരുമാനവര്‍ദ്ധനവിന് പര്യാപ്തമായ ഏത് തരം സംരംഭങ്ങളും തിരഞ്ഞെടുക്കാവുന്നതാണ്.

എങ്ങനെ അപേക്ഷിക്കാം
ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍/ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസുകള്‍ /employment.kerala.gov.in എന്നിവിടങ്ങളില്‍ ലഭിക്കുന്ന സൗജന്യ അപേക്ഷാഫോറവും, അനുബന്ധ രേഖകളും സഹിതം അപേക്ഷ സമര്‍പ്പിക്കണം. ജില്ലാ തലത്തിലുള്ള സമിതി ഇന്റര്‍വ്യൂ നടത്തിയാണ് അപേക്ഷകരെ പ്രാഥമികമായി തിരഞ്ഞെടുക്കുന്നത്. വായ്പ അനുവദിക്കുന്ന മുറയ്ക്ക് സബ്‌സിഡിയും ലഭ്യമാകും.

Author

Scroll to top
Close
Browse Categories