പുലയരുടെ നീതിക്കായുള്ള നിലവിളി
ഒരു നാടിന്റെയും സമൂഹത്തിന്റെയും സമഗ്രവികസനത്തിനും പുരോഗതിയ്ക്കും അതിലെ ഓരോ സമുദായത്തിന്റെയും കൂട്ടായ പ്രവര്‍ത്തനവും പരിഷ്‌കരണശ്രമങ്ങളും ഏറെ സഹായകമായി ഭവിക്കുമെന്ന് ആശാന്‍ വിശ്വസിച്ചു. ആ കാഴ്ചപ്പാടോടുകൂടി അദ്ധ്വാനിക്കുമ്പോഴും, മറ്റു സമുദായങ്ങളുടെ വിശേഷിച്ചും താഴെത്തട്ടില്‍ ജീവിക്കുന്ന ജനവിഭാഗങ്ങളുടെ പ്രശ്‌നങ്ങളെ അതീവതാല്‍പര്യത്തോടെ മനസ്സിലാക്കാനും അഭിസംബോധന ചെയ്യാനും ആശാനിലെ മാനവികന്‍ മറന്നില്ല.
നായര്‍സമുദായത്തിനു ആക്ഷേപകരമായ ഒരു സര്‍ക്കുലര്‍ 1916 – വക ദേവസ്വം 719/966-ാം നമ്പറായി സര്‍ക്കാര്‍ ഇറക്കുകയുണ്ടായി31. ‘ഒരു അകാലോചിതമായ രാജശാസനം അല്ലെങ്കില്‍ പുല’ എന്ന ശീര്‍ഷകത്തില്‍ എഴുതിയ മുഖപ്രസംഗത്തിലുടെ ആശാന്‍ അതിനെ അതിനിശിതമായി വിമര്‍ശിച്ചു. സര്‍ക്കുലര്‍പ്രകാരം ജ്ഞാതികള്‍ മരിച്ചാല്‍ പതിനഞ്ച് ദിവസത്തെ പുല ആചരിച്ചു കുളി കഴിഞ്ഞല്ലാതെ സര്‍ക്കാര്‍ അമ്പലങ്ങളില്‍ നായന്മാര്‍ കടക്കാന്‍ പാടില്ല. ഒരു നായര്‍ പത്രമോ, നായര്‍സമുദായനേതാവോ പ്രതികരിച്ചേക്കാവുന്നതിനേക്കാള്‍ രൂക്ഷമായിട്ടാണു സര്‍ക്കാര്‍ ഉത്തരവിനെ ആശാന്‍ വിമര്‍ശിച്ചത്:
‘നായന്മാര്‍ക്കു പ്രത്യേകം ആരാധനാ സ്ഥലങ്ങളുണ്ടായിരിക്കേണ്ടതാണെന്നുള്ളതിനെപ്പറ്റി ചില യോഗ്യന്മാര്‍ ഏതാനും കൊല്ലങ്ങളായി അഭിപ്രായപ്പെട്ടുവരുന്നതിന്റെ അര്‍ത്ഥം ഇപ്പോഴാണ് ഞങ്ങള്‍ക്കു വെളിവാകുന്നത്. ബ്രാഹ്മണതന്ത്രിമാരുടെ ചൊല്‍പ്പടിയിലും അവരുടെ ഹിതങ്ങള്‍ക്കുവഴിപ്പെട്ടും നടന്നില്ലെങ്കില്‍ നായന്മാര്‍ക്ക് അമ്പലവും ദൈവവും ഇല്ലെന്ന് ഇതുകൊണ്ട് വന്നുകൂടുന്നില്ലേ. ആത്മാഭിമാനത്തെ പീഡിപ്പിക്കുന്ന ഇത്തരം അമ്പലങ്ങളും ദൈവങ്ങളും അവര്‍ ഇനിയും ആവശ്യപ്പെടുമെന്നത് സ്വാഭാവികമാണോ? അതുകൊണ്ട് അവര്‍ സര്‍ക്കാരും ഊരാണ്മയുമായ ക്ഷേത്രങ്ങളെല്ലാം വെറുത്ത് അഭിമാനത്തെപ്പോറ്റാന്‍ നോക്കേണ്ടകാലം അതിക്രമിച്ചിരിക്കുന്നു. ഗവണ്‍മെന്റ് ഈ വെടിപ്പില്ലാത്ത സര്‍ക്കുലര്‍ കൊണ്ട് അവരെ അതിലേക്കായി ഞെരുക്കുകയാണ് ചെയ്യുന്നത്. അവര്‍ അങ്ങനെ തന്നെ ചെയ്‌വാന്‍ തീര്‍ച്ചയാക്കി എന്നുവിചാരിക്കുക. പിന്നെ അടിക്കാനും തളിക്കാനും സകല ശുശ്രൂഷകള്‍ക്കും തൊഴാനും വഴിപാട് കഴിപ്പാനും എന്നുവേണ്ട എല്ലാറ്റിനും ബ്രാഹ്മണര്‍ തന്നെയായി; അതായത് ബ്രാഹ്മണരും ക്ഷേത്രങ്ങളും മാത്രമായി’32.
ആശാന്‍ പറയുന്നതെല്ലാം ശരിയാണെങ്കിലും ബ്രാഹ്മണരുടെ ബന്ധുത്വം വിട്ടൊരുകളി നായന്മാര്‍ക്ക് അചിന്ത്യമാണ്. കേരളീയസമൂഹത്തില്‍ നായന്മാര്‍ നേടിയ സര്‍വ്വാഭിവൃദ്ധിക്കുപിന്നിലും, കാണിപ്പയ്യൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാട് പറയുമ്പോലെ ബ്രാഹ്മണബന്ധുത്വം ആധാരമായിട്ടുണ്ട്. നമ്പൂതിരി – നായര്‍ സംബന്ധത്തിലൂടെ ഊട്ടിയുറപ്പിച്ച പൈതൃകത്വത്തെ വിച്ഛേദിച്ചെറിയാന്‍ ആവില്ലല്ലോ. തിരുവിതാംകൂറിലെയും കൊച്ചിയിലെയും രാജാക്കന്മാരുടെ പിതാക്കളും ഉപദേശകരും, നാട്ടിലെ സമ്പന്നരും ഭൂസ്വാമികളും വലിയ പണ്ഡിതന്മാരുമായി വിലസുന്ന ഒരു സമുദായത്തെ ഒരു സര്‍ക്കുലറിന്റെ പേരില്‍ വെറുക്കാനും പിണക്കാനും ആവുന്നതെങ്ങനെ? നായന്മാരുടെ മനോഭാവം എന്തുതന്നെയായാലും, പൊതുവില്‍ അവര്‍ക്കു സ്വാതന്ത്ര്യഭംഗവും അവജ്ഞയുമുണ്ടാക്കുന്ന രാജശാസനം ഗവണ്‍മെന്റ് ഭേദപ്പെടുത്തണമെന്നും അതിനായി നായര്‍സമുദായനേതാക്കാള്‍ പ്രവര്‍ത്തിക്കണമെന്നും ആശാന്‍ ആവശ്യപ്പെട്ടു.
ഒരു നാടിന്റെയും സമൂഹത്തിന്റെയും സമഗ്രവികസനത്തിനും പുരോഗതിയ്ക്കും അതിലെ ഓരോ സമുദായത്തിന്റെയും കൂട്ടായ പ്രവര്‍ത്തനവും പരിഷ്‌കരണശ്രമങ്ങളും ഏറെ സഹായകമായി ഭവിക്കുമെന്ന് ആശാന്‍ വിശ്വസിച്ചു. ആ കാഴ്ചപ്പാടോടുകൂടി അദ്ധ്വാനിക്കുമ്പോഴും, മറ്റു സമുദായങ്ങളുടെ വിശേഷിച്ചും താഴെത്തട്ടില്‍ ജീവിക്കുന്ന ജനവിഭാഗങ്ങളുടെ പ്രശ്‌നങ്ങളെ അതീവതാല്‍പര്യത്തോടെ മനസ്സിലാക്കാനും അഭിസംബോധന ചെയ്യാനും ആശാനിലെ മാനവികന്‍ മറന്നില്ല.
‘ദുരവസ്ഥ’ എഴുതാന്‍ തുടങ്ങിയപ്പോള്‍ മാത്രമാണ് ആശാന്റെ ദൃഷ്ടി താഴെത്തട്ടിലേക്കുപതിച്ചതെന്ന തായാട്ടുശങ്കരന്റെ വാദം വസ്തുതകള്‍ക്ക് വിരുദ്ധമാണ്. ആശാന്റെ ഗദ്യലേഖനങ്ങള്‍ വായിച്ചാല്‍ത്തീരാവുന്ന തെറ്റിദ്ധാരണയാണിത്. കേരളത്തിലെ പുലയരുടെ പ്രശ്‌നങ്ങള്‍ അദ്ദേഹത്തിന്റെ അനേകം മുഖപ്രസംഗങ്ങളില്‍ കടന്നുവരുന്നുണ്ട്. എസ്.എന്‍.ഡി.പി.യോഗത്തിന്റെ വാര്‍ഷികസമ്മേളനങ്ങളിലും പുലയരെ ഉയര്‍ത്തേണ്ടതിന് യോഗം ചെയ്യേണ്ട സഹായങ്ങളെപ്പറ്റി ആശാന്‍ അഭിപ്രായപ്പെടുകയും തീരുമാനങ്ങളെടുത്തു നടപ്പാക്കുകയും ചെയ്തിരുന്നു33. 1904 ല്‍ സ്ഥാപിതമായ ശ്രീമൂലംപ്രജാസഭയുടെ ആദ്യസമ്മേളനത്തില്‍, ഈഴവരില്‍ താണസമുദായങ്ങളുടെ സങ്കടങ്ങള്‍ ബോധിപ്പിക്കാന്‍ അവരുടെ പ്രതിനിധിയായി ആരും തന്നെ ഇല്ലാതെ പോയതില്‍ പ്രതിഷേധിക്കുന്ന ആശാന്റെ ശബ്ദം ഒരു മുഖപ്രസംഗത്തില്‍ കേള്‍ക്കാം34. ശ്രീനാരായണഗുരുവിന്റെ ആദര്‍ശം തന്നെ തങ്ങളെക്കാള്‍ താഴ്ന്നവരെ അനുകമ്പയോടുകണ്ട് സഹായിക്കുക എന്നതാണെന്ന് ആശാന്‍ തന്നെ രേഖപ്പെടുത്തുന്നുണ്ട്35.
നായന്മാരോടുചേര്‍ന്നു പുലയരുടെ സ്‌കൂള്‍ പ്രവേശനത്തെ തടയുന്ന ഈഴവരുടെ നീചപ്രവൃത്തിയെ അതിരൂക്ഷമായി വിമര്‍ശിക്കുന്ന മുഖപ്രസംഗത്തിലെ ഒരു ഭാഗം ശ്രദ്ധിക്കുക: ‘ഉയര്‍ന്ന ജാതിക്കാര്‍ നിങ്ങളുടെ മുകളില്‍ ചവിട്ടിച്ചതച്ച വൃണം ഇനിയും ഉണങ്ങാന്‍ കാലമായില്ലല്ലോ. അതിനിടയില്‍ നിങ്ങള്‍ അതെല്ലാം മറന്ന് അവരെ സഹായിക്കുകയും നിങ്ങളെക്കാള്‍ കഷ്ടപ്പെടുന്ന ഈ സാധുക്കളെ വീണ്ടും ദ്വേഷിക്കുകയും ചെയ്യാനാണ് ഒരുങ്ങുന്നതെങ്കില്‍ നിങ്ങള്‍ക്കു തിരിച്ചറിവുണ്ടോ? ഈശ്വരഭയമുണ്ടോ? വിശേഷിച്ച് ബ്രഹ്മശ്രീ നാരായണഗുരുസ്വാമി തൃപ്പാദങ്ങള്‍ക്ക് പുലയരോടും ഉയര്‍ന്നതോ താഴ്ന്നതോ ആയ സര്‍വ്വവര്‍ഗ്ഗക്കാരോടുമുള്ള തുല്യമായ മമതയെയും അനുകമ്പയെയുംപ്പറ്റി നിങ്ങള്‍ അറിയുന്നില്ലേ?… പ്രിയ സഹോദരരെ, നിങ്ങളില്‍ താഴ്ന്നവരെ നിങ്ങള്‍ സഹായിച്ചില്ലെങ്കില്‍ ഉയര്‍ന്നവരുടെ സഹായത്തിന് നിങ്ങള്‍ ഒരിക്കലും അര്‍ഹരാകുന്നതല്ല… പുലയരെ സഹായിപ്പിന്‍, അവരുടെ ഗതി തന്നെ നിങ്ങളുടെയും എന്നുകരുതുവിന്‍. സ്വാമി തൃപ്പാദങ്ങള്‍ ഇങ്ങനെ കല്‍പ്പിച്ചിരിക്കുന്നു;
അയലുതഴപ്പതിനായതിപ്രയത്‌നം
നയമറിയും നരനാചരിച്ചിടേണം’36
1907 ആകുമ്പോഴേക്കും എസ്.എന്‍.ഡി.പി.യോഗത്തിന്റെ പ്രവര്‍ത്തനം കണ്ണൂര്‍ വരെ വ്യാപിച്ചിരുന്നു. കേരളത്തില്‍ ഏതുഭാഗത്തും നടക്കുന്ന സാമൂഹിക – രാഷ്ട്രീയചലനങ്ങളെ സവിശേഷ ശ്രദ്ധയോടെ വീക്ഷിച്ച് സ്വസമുദായവും ഇതരസമുദായങ്ങളും പ്രത്യേകിച്ച് പുലയവിഭാഗങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളെ; ഭരണാധികാരികളുടെയും പൊതുജനങ്ങളുടെയും മുന്നില്‍ അവതരിപ്പിക്കാന്‍ ആശാന്‍ യത്‌നിച്ചിരുന്നു. കൊച്ചിയിലെ പുലയരുടെ നേതാവായ കൃഷ്ണാതിയുടെ നേതൃത്വത്തില്‍ സമാജം സ്ഥാപിച്ച് പ്രവര്‍ത്തനം ആരംഭിച്ചതിന് ‘പുലയര്‍ – കൊച്ചി’ എന്ന ശീര്‍ഷകത്തിലെഴുതിയ മുഖപ്രസംഗത്തില്‍ ആശാന്‍ അഭിനന്ദിക്കുന്നുണ്ട്37. ശ്രീനാരായണഗുരുവിനും ആശാനും സുപരിചിതനായ കൃഷ്ണാതി പലപ്പോഴും മതവിഷയത്തില്‍ ഗുരുവിന്റെ ഉപദേശം തേടിയിരുന്നു. ഞാറയ്ക്കല്‍ വച്ചുനടന്ന പുലയരുടെ മഹായോഗത്തില്‍ അഗ്രാസനം വഹിച്ച അപ്പന്‍തമ്പുരാനെയും അതില്‍ പങ്കെടുത്ത കൊച്ചിയിലെ രണ്ടുമൂന്ന് തമ്പുരാക്കന്മാരെയും ആശാന്‍ ശ്ലാഘിക്കുകയുണ്ടായി. ‘സമുദായ കല്‍പ്പടയില്‍ ഏറ്റവും താണുനില്‍ക്കുന്നവരെ ഉയര്‍ത്താന്‍ ഏറ്റവും ഉയര്‍ന്നുനില്‍ക്കുന്നവരാണ് ഇറങ്ങേണ്ടതെന്നുള്ള സംഗതി ഞങ്ങള്‍ക്ക് അനുഭവവേദ്യമാകുന്നു’ എന്ന് ആശാന്‍ എഴുതി. ചില യഥാര്‍ത്ഥസമുദായപരിഷ്‌കാര പ്രിയന്മാരിലൊരാളായ ടി. കെ. കൃഷ്ണമേനോന്‍ കൊച്ചിയിലെ പുലയമഹാസമാജകാര്യത്തില്‍ ദൃഷ്ടി വെച്ചിരിക്കുന്നതിനെയും ആശാന്‍ പ്രശംസിക്കുന്നുണ്ട്.
കുറിപ്പുകൾ
- ചട്ടമ്പിസ്വാമിയുടെ ശിഷ്യപ്രധാനന്‍ നീലകണ്ഠതീര്‍ത്ഥപാദസ്വാമികള്‍ നായന്മാരുടെ അപരക്രിയ സംബന്ധിച്ച് എഴുതിയ ആചാരപദ്ധതിപ്രകാരം, അമ്പലപ്പാട്ടു രായിങ്ങന്‍ ശങ്കരനാശാനും മന്നത്ത് പത്മനാഭനും പത്തുദിവസത്തെ പുല ആചരിച്ചശേഷം അടിയന്തിരവും ക്ഷേത്രദര്‍ശനവും നടത്തിയതില്‍ പ്രതിഷേധിച്ച് യാഥാസ്ഥിതികരായ ബ്രാഹ്മണര്‍ മഹാരാജസമക്ഷം നല്‍കിയ സങ്കടഹര്‍ജിയുടെ ഫലമായിരുന്നു സര്‍ക്കുലര്‍ (നായര്‍ സര്‍വ്വീസ് സൊസൈറ്റി ചരിത്രം, പുറം. 129 – 130).
- വിവേകോദയം, 1091 മീനം.
ഈഴവരെപ്പോലെ നായര്‍ക്കും പ്രത്യേകം ക്ഷേത്രം വേണമെന്നു മള്ളൂര്‍ ഗോവിന്ദപ്പിള്ള നായര്‍സമാജത്തില്‍ വച്ചുനടത്തിയ പ്രസംഗത്തില്‍ ആവശ്യപ്പെട്ടിരുന്നു. അതിങ്ങനെ: ‘ഈ വക കാര്യങ്ങളെപ്പറ്റി നായന്മാര്‍ ആലോചിച്ചുതുടങ്ങിയതേ ഉള്ളൂവെങ്കിലും ഇപ്പോള്‍ ഉയര്‍ന്നനിലയിലായിരിക്കുന്ന ഈഴവര്‍ താലൂക്കുതോറും പ്രത്യേകക്ഷേത്രങ്ങള്‍ സ്ഥാപിച്ചിട്ടുള്ളതുകൊണ്ടും, അതിലേക്ക് വേണ്ടുന്ന കര്‍മ്മങ്ങള്‍ക്കൊക്കെ ആ സമുദായംഗങ്ങളെത്തന്നെ നിയമിച്ചിരിക്കുന്നതുകൊണ്ടും മതസംബന്ധമായി അവരുടെ ഇടയില്‍ ഉണ്ടായിട്ടുള്ള ഉയര്‍ച്ചയും ഉത്സാഹവും നായന്മാര്‍ക്കു പാഠമായിരിക്കേണ്ടതാണ്’. തുടര്‍ന്നു സംസാരിച്ച സി.പി. കേശവപിള്ള മള്ളൂരിനെ പിന്താങ്ങുകയും ചെയ്തു. (മിതവാദി, 1916 ഏപ്രില്‍). - ‘യോഗ’ ത്തിന്റെ 1912 (വിവേകോദയം, 1087 ഇടവം), 1915 (വിവേകോദയം, 1090 മേടം), 1917 (വിവേകോദയം, 1092 മേടം, ഇടവം) വര്‍ഷങ്ങളിലെ റിപ്പോര്‍ട്ടുകള്‍ കാണുക. ‘യോഗ’ത്തിന്റെ പതിനാലാം വാര്‍ഷികറിപ്പോര്‍ട്ടില്‍ പുലയവിദ്യാര്‍ത്ഥിയായ ടി.നാരായണനു പുലയവിദ്യാര്‍ത്ഥികള്‍ക്കുള്ള സഹായധനത്തില്‍ നിന്നു ഇരുപത്തിയഞ്ച് രൂപ അനുവദിച്ചതായി കാണുന്നു.
- വിവേകോദയം, 1080 തുലാം.
1905 – ല്‍ ‘യോഗ’ത്തിന്റെ പ്രതിനിധിയായി പ്രജാസഭയിലേക്ക് ആശാന്‍ നോമിനേറ്റ് ചെയ്യപ്പെടുകയുണ്ടായി. അപ്പോള്‍ നടത്തിയ കന്നിപ്രസംഗത്തിലും ഈ പ്രതിഷേധം ആവര്‍ത്തിക്കുകയുണ്ടായി. (മഹാകവി കുമാരനാശാന്‍, സി.ഒ.കേശവന്‍, പുറം. 551 – 552). - വിവേകോദയം, 1099 മിഥുനം, കര്‍ക്കിടകം.
- അതേപുസ്തകം.
- അതേപുസ്തകം, 1090 വൃശ്ചികം.