ആശങ്കകളുടെ കൊടുമുടി
മലയോര പ്രദേശങ്ങളിലെ ജനങ്ങള്‍ സമരമുഖത്താണ്. പരിസ്ഥിതിലോല പ്രദേശങ്ങളുടെ ഒരുകിലോമീറ്റര്‍ ചുറ്റളവ് ബഫര്‍സോണായി പ്രഖ്യാപിക്കുകയും, അവിടെ മനുഷ്യന്റെ ഇടപെടലുകള്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍ ഉണ്ടാവണമെന്നും ഉള്ള സുപ്രീംകോടതിയുടെ വിധി ഈ സോണുകളില്‍ പെടാന്‍ സാധ്യതയുള്ള ജനങ്ങളെ ആശങ്കയില്‍ ആഴ്‌ത്തിയിരിക്കുകയാണ്.
എന്താണ് ബഫര്‍സോണ്‍
ഇവിടെ ആ വാക്കുകൊണ്ട് അര്‍ത്ഥമാക്കുന്നത് പരിസ്ഥിതിലോലമേഖല എന്നാണ്. 2022 ജൂണ്‍ 3 ന് ടി.എന്‍.ഗോദവര്‍മ്മന്‍ തിരുമുല്‍പ്പാട് എന്ന വനസംരക്ഷണ പ്രവര്‍ത്തകന്റെ ഹര്‍ജിയില്‍ സുപ്രീംകോടതി ഒരു ഉത്തരവ് പുറപ്പെടുവിച്ചു. അതുപ്രകാരം എല്ലാ വന്യജീവിസങ്കേതങ്ങളുടെയും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ബഫര്‍ സോണ്‍ നിര്‍ണ്ണയിക്കണം. നിര്‍ണ്ണയിച്ചാല്‍ മാത്രം പോരാ, അവിടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പാടില്ല. ഖനനപ്രവൃത്തികള്‍ പാടില്ല. പ്രകൃതിയെ അതിന്റെ എല്ലാ തനതായ പ്രത്യേകതകളോടെയും സംരക്ഷിക്കണം. പരിസ്ഥിതിലോല മേഖലയെ മനുഷ്യന്റെ ചൂഷണങ്ങളില്‍ നിന്ന് രക്ഷിക്കുക എന്നതാണ് ഇതിന്റെ ആത്യന്തിക ലക്ഷ്യമെന്ന് കോടതി വ്യക്തമായി പറഞ്ഞുവച്ചു. എന്നാല്‍ പൊതുജനതാല്പര്യാര്‍ത്ഥം ഇതില്‍ ഇളവ് ആവശ്യമെങ്കില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സുപ്രീംകോടതി നിയോഗിച്ച എംപവേര്‍ഡ് കമ്മിറ്റിയെയും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തെയും സമീപിക്കാമെന്നും കോടതി പറഞ്ഞിരുന്നു.
പ്രതിഷേധങ്ങള്‍ ഉയരുമ്പോള്‍
കേള്‍ക്കുമ്പോള്‍ നല്ല ഒരു തീരുമാനം തന്നെയാണ് സുപ്രീംകോടതി കൈക്കൊണ്ടിരിക്കുന്നത് എന്ന് പറയാതിരിക്കാന്‍ കഴിയില്ല. എന്നാല്‍, അതുണ്ടാക്കുന്ന ചില പ്രത്യാഘാതങ്ങളുണ്ട്. ഈ നിയന്ത്രണം പൂര്‍ണ്ണമായും നിലവില്‍ വന്നാല്‍ നഗരഗ്രാമ വ്യത്യാസമില്ലാതെ കേരളത്തിലെ പലയിടത്തും കടുത്ത നിയന്ത്രണങ്ങള്‍ വരും. വയനാട്ടിലെ ബത്തേരി, കാട്ടിക്കുളം എന്നീ പ്രദേശങ്ങള്‍ ബഫര്‍സോണിലാണ് സ്ഥിതിചെയ്യുന്നത്.
കേരളത്തിലെ ഏതാണ്ട് എല്ലാ ജില്ലകളിലും ഇത്തരം പ്രകൃതിലോല പ്രദേശങ്ങള്‍ നിലവില്‍ ഉണ്ട് (ആലപ്പുഴയും കാസര്‍ഗോഡും ഒഴികെ). ഇടുക്കി ജില്ലയില്‍ മാത്രം ഒന്‍പതു വന്യജീവിസങ്കേതങ്ങള്‍ ആണ് നിലവിലുള്ളത്. ഇവിടെയൊക്കെ നടന്നുകൊണ്ടിരിക്കുന്ന പല നിര്‍മ്മാണപ്രവര്‍ത്തനങ്ങളും അവസാനിപ്പിക്കേണ്ടിവരും. ഏറ്റവും പ്രധാനം ജനങ്ങളുടെ വാസസ്ഥാനങ്ങളില്‍ പലതും ബഫര്‍സോണില്‍ പെടുന്നതുമൂലം അവര്‍ക്കു അവിടെനിന്നു ഒഴിയേണ്ടിവരും എന്നതാണ്. ഇവിടെ സര്‍ക്കാര്‍ പരിസ്ഥിതിക്കൊപ്പമോ, പൊതുജനത്തിനൊപ്പമോ എന്നതാണ് പ്രശ്‌നം. സര്‍ക്കാര്‍ ഇത് പരിഹരിക്കുവാന്‍ നടത്തുന്ന ശ്രമങ്ങള്‍ ഒന്നും ആ പ്രശ്‌നത്തെ കൃത്യമായും, ക്രിയാത്മകമായും അഭിസംബോധന ചെയ്യുന്നില്ല എന്ന പരാതിയാണ് ഉയര്‍ന്നിരിക്കുന്നത്.
നിയന്ത്രണങ്ങള്‍ ഉണ്ടായിരിക്കില്ല.
വിധിയ്ക്കെതിരെ എതിര്‍പ്പുകള്‍
സുപ്രീംകോടതിയുടെ ഈ ഉത്തരവിനെതിരെ ധാരാളം പുനഃപരിശോധനാഹര്‍ജികള്‍ എത്തുകയുണ്ടായി. സുപ്രീംകോടതിയാവട്ടെ ഈ വിഷയത്തില്‍ മൂന്നുമാസത്തിനുള്ളില്‍ പഠിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ ഉത്തരവിട്ടു. എന്നാല്‍ കേരളത്തിലെ സര്‍ക്കാര്‍ ഈ വിഷയത്തില്‍ പ്രതികരിക്കുവാനും, തീരുമാനം കൈക്കൊള്ളുവാനും വൈകിയെന്ന പരാതി വ്യാപകമായി ഉയര്‍ന്നു. കോടതിയുടെ ഉത്തരവിനുശേഷം ഒരുമാസത്തോളം കഴിഞ്ഞാണ് സര്‍ക്കാര്‍ ‘സ്റ്റേറ്റ് റിസോഴ്സ് ആന്‍ഡ് എന്‍വയോണ്‍മെന്റ് സെന്ററിനെ’ ഇതിനെ കുറിച്ച് പഠനം നടത്തുവാന്‍ ഏല്‍പ്പിക്കുന്നത്. അന്‍പതുദിവസം അവര്‍ക്ക് നല്‍കിയെങ്കിലും വെറും 42 ദിവസത്തിനുള്ളില്‍ അതായത് ആഗസ്റ്റ് 29 നു അവര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എന്നാല്‍ കരടുരേഖ സര്‍ക്കാര്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കാന്‍ പിന്നെയും വൈകി. ഡിസംബര്‍ 12 ന് ആയിരുന്നു അത് സര്‍ക്കാര്‍ വെബ്സൈറ്റില്‍ വന്നത്. ഇതില്‍ത്തന്നെയും തെറ്റുകളും പിഴവുകളും പ്രത്യക്ഷപ്പെട്ടതോടെയാണ് പ്രതിഷേധം ഉയരാന്‍ തുടങ്ങിയത്.
ഇളവ് ലഭിക്കുമോ?
ജനങ്ങളെയും, സംസ്ഥാനത്തിനെ ആകമാനവും വലിയതരത്തില്‍ ബാധിക്കുന്ന ഒരു വിധി ആയതുകൊണ്ടുതന്നെ ഇതില്‍ എന്തെങ്കിലും ഇളവ് നേടുക എന്നതാണ് സംസ്ഥാനസര്‍ക്കാരിനു ഇനി ചെയ്യുവാനുള്ളത്. പൊതുജനങ്ങളെ ബാധിക്കുന്ന പ്രശ്‌നം ആയതിനാല്‍ ഇളവുനല്‍കാന്‍ കോടതി സന്നദ്ധതയും പ്രകടിപ്പിച്ചിട്ടുണ്ട്. അതിനായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തെ ബോധ്യപ്പെടുത്തണം എന്നുമാത്രം. സംസ്ഥാനസര്‍ക്കാരും, മന്ത്രാലയവും ചേര്‍ന്നാണ് കോടതിയെ അറിയിക്കേണ്ടത്.
സമരസമിതിയുടെ
വാദങ്ങള്‍
ജനങ്ങള്‍ ഒന്നടങ്കം ഇതിനെതിരെ സമരപാതയിലാണ്. സര്‍ക്കാര്‍ പ്രതീക്ഷിച്ചതിലും വലിയ പ്രതിഷേധമാണ് ഈ വിഷയത്തില്‍ നാള്‍ക്കുനാള്‍ ഉയര്‍ന്നുവന്നുകൊണ്ടിരിക്കുന്നത്. എസ്.എന്‍.ഡി.പി യോഗം ഉള്‍പ്പെടെ പ്രമുഖ സാമൂഹ്യ മതസംഘടനകള്‍ ജനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകഴിഞ്ഞു. സമരസമിതി പ്രധാനമായും ഉന്നയിക്കുന്ന വാദങ്ങള്‍ ഇവയാണ്. ഇപ്പോള്‍ നടത്തിയിരിക്കുന്ന ഉപഗ്രഹസര്‍വ്വേ അപൂര്‍ണ്ണമാണ് എന്നും അഞ്ചംഗ സമിതി നേരിട്ട് സര്‍വ്വേ നടത്തണമെന്നുമാണ് സമരസമിതി ആവശ്യപ്പെടുന്നത്. ഒപ്പം ഇപ്പോള്‍ ഉണ്ടാക്കിയിരിക്കുന്ന റിപ്പോര്‍ട്ട് അംഗീകരിക്കില്ല എന്നും പരാതിനല്‍കുവാനുള്ള സമയം നീട്ടി നല്‍കണമെന്നും ഇവര്‍ വാദിക്കുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ട് ആവില്ല കോടതിയില്‍ സമര്‍പ്പിക്കുക എന്നതാണ് സര്‍ക്കാര്‍ വാദം. വിദഗ്ദ്ധസമിതിയെ വച്ച് ഇതിന്റെ പോരായ്മ പരിഹരിച്ചതിനുശേഷമേ കോടതിയില്‍ നല്‍കൂ എന്നും സര്‍ക്കാര്‍ വാദിക്കുന്നു.
ബഫര്‍സോണിന്റെ ഭാവിയെന്ത്?
ജനങ്ങള്‍ ആരോപിക്കുന്നത് ഇത് സര്‍ക്കാരിന്റെയും, പ്രതിപക്ഷത്തിന്റെയും ഒത്തുകളി മാത്രമാണെന്നും അവരവരുടെ രാഷ്ട്രീയം ചര്‍ച്ചചെയ്യുക മാത്രമാണവര്‍ ചെയ്യുന്നത് എന്നുമാണ്. എന്നാല്‍ കൃത്യമായി ജനങ്ങളുടെ ആശങ്ക അകറ്റിക്കൊണ്ട് നമ്മുടെ വനമേഖലയെ സംരക്ഷിക്കേണ്ടത് ഒരു ജനപ്രിയ സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. അത് നിറവേറ്റപ്പെടുകയാണ് ചെയ്യേണ്ടത്. ജനങ്ങളെ ഒപ്പംനിര്‍ത്തിക്കൊണ്ടും സമരമുഖത്തിറങ്ങുന്ന സംഘടനകളെ വിശ്വാസത്തിലെടുത്തുകൊണ്ടും, ചര്‍ച്ചയിലൂടെയും ആവണം പ്രശ്‌നപരിഹാരം ഉണ്ടാവേണ്ടത്. കോടതിയെ സംബന്ധിച്ച് ജനങ്ങളുടെ ആശങ്കയ്ക്ക് പ്രധാന പരിഗണനയാണുള്ളത്. അത് കൃത്യമായി കോടതിയെ ബോധ്യപ്പെടുത്തുവാന്‍ സര്‍ക്കാരിന് കഴിയണം. ഒരുവശത്തു ജനങ്ങളെയും മറുവശത്തു പരിസ്ഥിതിയെയും ആണ് സംരക്ഷിക്കേണ്ടത്. രണ്ടും ഒരുപോലെതന്നെ പ്രാധാന്യമുള്ള വിഷയങ്ങള്‍. അതുകൊണ്ടുതന്നെ ക്രിയാത്മകമായ തീരുമാനം കൊണ്ടുമാത്രമേ ഈ പ്രശ്‌നം പരിഹരിക്കപ്പെടുകയുള്ളൂ. ഇതില്‍ ബഫര്‍സോണ്‍ വിഷയത്തിന്റെ ഭാവി എന്തുമായിക്കൊള്ളട്ടെ, ജനങ്ങളുടെ ഭാവിയെ അത് ബാധിക്കരുതെന്നുമാത്രമാണ് പറഞ്ഞവസാനിപ്പിക്കാനുള്ളത്.