അക്ഷരങ്ങൾ എനിക്ക് ആയുധം
ഞാൻ ഒരു കൂലിപ്പണിക്കാരനാണ്.ക്യാഷ് കിട്ടാൻ പണിയെടുക്കണം. എഴുതിയിരുന്നാൽ ഒരു മാങ്ങയും കിട്ടില്ല. എഴുത്തു ലോകത്ത് തിളങ്ങി നിൽക്കണം എന്ന് ആഗ്രഹിക്കുന്നുമില്ല. എനിക്ക് പറയാനുള്ളത് നേരോടെ എന്നും പറയും, എഴുതും അത്രമാത്രം.
പ്രകാശ് ചെന്തളം എന്ന വ്യക്തിയ്ക്ക് സമൂഹത്തോട് തുറന്നു പറയണമെന്ന് തോന്നുന്ന ഒരുപാട് കാര്യങ്ങൾ ഉണ്ടാവും,എന്നാൽ ഒരു കവി എന്ന നിലയ്ക്ക് എത്രമാത്രം സ്വന്തം ജീവിതം, ജീവിതസാഹചര്യം, ചുറ്റുപാടുകൾ എന്നിവയെപ്പറ്റി തുറന്നെഴുതാൻ സാധിച്ചിട്ടുണ്ട്?.
സത്യത്തിൽ ഞാൻ പറയാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ എന്നും തുറന്നെഴുതാറുണ്ട് . അതിൽ എനിയ്ക്ക് പ്രശ്നങ്ങളില്ല . എന്നാൽ ചില തുറന്നെഴുത്തുകൾ എന്നെ കല്ലെറിയാറുമുണ്ട്. ഉദാഹരണത്തിന് ‘ചരിത്രത്തില്ലില്ലാത്ത രാമൻ’ എന്ന കവിത വന്നപ്പോൾ ഒരുപാട് ആളുകൾ നേരിൽത്തന്നെ വിമർശിച്ചിട്ടുണ്ട്. ‘രാഷ്ട്രീയം’എന്ന കവിത വന്നപ്പോഴും ഇത് തന്നെയായിരുന്നു അവസ്ഥ. എന്നിരുന്നാലും ഭയമില്ല. അക്ഷരങ്ങൾ എനിക്ക് ആയുധമാണ്, അമ്പാണ് അത് ചിലരെ നോവിയ്ക്കും എന്റെ തുറന്നെഴുത്ത്. എന്റെ ജീവിതവും അനുഭവങ്ങളും തന്നെയാണ് മിക്ക കവിതകളിലും ഉണ്ടാവുന്നത്.
ആളുകൾ സെൽഫ് പ്രമോഷൻ പോലെ അവരുടെ സോഷ്യൽ മീഡിയ മുഴുവനും ചിത്രങ്ങളും എഴുത്തുകളും പോസ്റ്റുകളും കൊണ്ടു നിറയ്ക്കുമ്പോൾ താങ്കൾ ആ ഭാഗത്തെക്ക് ശ്രദ്ധിക്കാറു പോലും ഇല്ലെന്നൊരു അവസ്ഥയാണല്ലോ. എന്താണതിന് കാരണം? സമയക്കുറവോ താല്പര്യമില്ലായ്മയോ?. പുസ്തകങ്ങളെക്കാൾ ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത് സോഷ്യൽ മീഡിയയല്ലേ?.
എഴുത്തുകാരൻ എന്ന് കരുതി നിരന്തരം എഴുതാറില്ല. കവിയായത് കൊണ്ട് എന്ത് കണ്ടാലും കവിതയാക്കാറില്ല എന്നതാണ് സത്യം. എന്നിലേക്ക് വരുന്ന കവിതകളെ വരച്ചിടുന്നു എന്നു മാത്രം. സ്വന്തം പേരിൽ ഒരു ഗോത്രഭാഷ കവിത സമാഹാരം ഇറക്കിയിട്ടില്ല. മലവേട്ടുവ ഗോത്രത്തിലെ ആദ്യത്തെ കവിയാണ് ആ ഭാഷയെ ലോകത്തിനു മുന്നിൽ അക്ഷരങ്ങളിലൂടെ പരിചയപ്പെടുത്തിയതും ഞാനാണ്. പക്ഷെ വേണമെങ്കിൽ എന്തും എന്റെ ഭാഷയിൽ എഴുതി ഒരു പുസ്തകം ഇറക്കാം.നേരുണ്ടാവണം ഓരോ എഴുത്തും നാളെയ്ക്കു വേണ്ടിയാണ് നീതിയോടെ അടയാളപ്പെടുത്തേണ്ടതാണ്. അതാണ് കാരണം. നിരന്തരം എഴുതി സോഷ്യൽ മീഡിയയിൽ ശ്രദ്ധക്കപ്പെടണം എന്ന് ആഗ്രഹിക്കുന്നില്ല. എഴുതുന്ന ഒരോ കവിതകളിലും നേരുണ്ടാവണം എന്നാഗ്രഹിക്കുന്നു.
ഒരിക്കൽ ഒരു അവതാരകൻ വേടൻ എന്ന റാപ് സിംങറോട് ചോദിച്ച ഒരു ചോദ്യത്തിന് ഉത്തരമായി അദ്ദേഹം പറഞ്ഞ ഒരു മറുപടിയുണ്ട് ” എന്തേലും ഒക്കെ എഴുതിയാൽ പോരല്ലോ, എന്തെങ്കിലും ഒക്കെ എഴുതണ്ടേ?.” ഇന്നത്തെ കവികളോട് ഉള്ളൊരു ചോദ്യം കൂടിയാണല്ലോ ഇത്. താങ്കളുടെ കവിതകളിൽ എപ്പോഴും “എന്തെങ്കിലും ഒക്കെ ” ഉണ്ടാവാറുണ്ട്. താങ്കളിൽ ഇത്തരം കവിതകളുടെ ജനനം എങ്ങിനെയാണ്?
ഗോത്രഭാഷയിലൂടെ കവിതകൾ രചിക്കപ്പെടുമ്പോൾ അത് ഒരു കണ്ടത്തല്ലല്ല. പുതിയ ആശയവും അല്ല . ഞാനും എന്റെ തലമുറക്കാരും ജീവിച്ച ജീവിതമാണ്, നേരാണ് ഇന്ന് എന്റെ രചനകളിലൂടെ അക്ഷരങ്ങളിലൂടെ വരുന്നത്. ‘നാറി’എന്ന കവിത അത് എന്റെ ഭാഷയാണ്. അങ്ങനെ എന്റെ സ്വന്തമായതിനെ അടയാളപ്പെടുത്തുന്നു. അത് മറ്റുള്ളവർക്ക് കൗതുകമായിരിക്കാം. എന്റെ ഗോത്ര ജീവിതം എന്റെ അനുഭവമാണ്.
‘റങ്കാത്തെ മണ്ണിന്റെ മണം ഇണ്ട് ‘ എന്ന കവിത സംസാര ഭാഷയിൽ ഉള്ളതാണല്ലോ. സാധാരണ ഏതു ശൈലിയിൽ സംസാരിച്ചാലും എഴുത്തിലേക്ക് വരുമ്പോൾ അച്ചടി ഭാഷ എന്നൊരു ഭാരം എഴുത്തുകാർ എടുത്തു തലയിൽ വെക്കാറുണ്ട്. ഞാൻ ഈ ചോദ്യം ചോദിക്കാൻ കാരണം അതെ കവിത തന്നെ ‘ഉറങ്ങാത്ത മണ്ണിന്റെ മണമുണ്ട്’ എന്ന പേരിൽ പുസ്തകത്തിൽ അച്ചടിച്ചിട്ടുള്ളതിനാലാണ് എന്റെ ഈ അഭിപ്രായത്തോട് താങ്കൾ എത്രമാത്രം യോജിക്കുന്നു?.
സംസാര ഭാഷയിലുള്ളതാണ് ഗോത്രഭാഷകൾ
എഴുത്തിലേക്ക് വരുമ്പോൾ പരിഭാഷപ്പെടുത്തുമ്പോൾ മലയാളത്തിൽ അത് വരുന്നു. നാം ഇപ്പോൾ എഴുതാൻ ഉപയോഗിക്കുന്നതു പോലും അച്ചടി ഭാഷ തന്നെയല്ലെ ഗോത്രഭാഷ സംസാരിക്കാൻ മാത്രമാണ് പറ്റുന്നത്. എഴുത്തിൽ ചില വാക്കുകൾ . എഴുതുന്നത് പോലെയല്ല . വായിക്കുന്നത്.
എല്ലാ മേഖലകളിലും നിലനിൽപ്പ് എന്നത് വലിയ പ്രശ്നം തന്നെയാണ്. താങ്കളെ സംബന്ധിച്ച് എഴുത്തു ലോകത്തിലെ നിലനിൽപ്പ് ശ്രമകരമാണോ?.
എന്റെ കാഴ്ചപ്പാടിൽ ഒന്നും തോന്നുന്നില്ല.കാരണം ഞാൻ ഒരു കൂലിപ്പണിക്കാരനാണ്.ക്യാഷ് കിട്ടാൻ പണിയെടുക്കണം എഴുതിയിരുന്നാൽ ഒരു മാങ്ങയും കിട്ടില്ല. എഴുത്തു ലോകത്ത് തിളങ്ങി നിൽക്കണം എന്ന് ആഗ്രഹിക്കുന്നുമില്ല. എനിക്ക് പറയാനുള്ളത് നേരോടെ എന്നും പറയും, എഴുതും അത്രമാത്രം. എഴുത്തു ലോകത്തിലെ സിംഹാസനമോ,പട്ടങ്ങളോ ആഗ്രഹിക്കുന്നവർക്ക് ശ്രമകരമായിരിക്കും. എനിക്കില്ല.