ജീവിതസത്യങ്ങളുടെ നീരുറവകള്‍
രാമായണത്തെ സാമാന്യവല്‍ക്കരണത്തിന്റെ ശരാശരികളിലേക്ക് വലിച്ചു താഴ്ത്താതെ ഭാവനയുടെ ഉത്തുംഗതകളിലേക്ക് പിടിച്ചു കയറ്റുകയാണ്. കൃത്യതയും കണിശതയുമുള്ള ഒരു വാസ്തുശില്പിയുടെ ഭാവനാവിരുതകളോടെ പുതിയൊരു ഭാഷ്യം ചമയ്ക്കുവാനുള്ള ഉദ്യമമാണ് മുല്ലക്കര രത്നാകരന് ‘രാമായണം അറിഞ്ഞതും അറിയാത്തതും’ എന്ന പുസ്തകത്തിലൂടെ നടത്തുന്നത്.
കൊടുങ്കാറ്റും കാറും കോളും ഇടിമുഴക്കങ്ങളും മിന്നല്പിണറുകളും എല്ലാമൊടുങ്ങി തെളിഞ്ഞ പകല്‍ വെളിച്ചത്തിലേക്ക് ഇറങ്ങി നടക്കുമ്പോഴുള്ള ഒരനുഭവത്തിന്റെ സംഭൃത ഊര്‍ജ്ജ ഉറവിടങ്ങളാണ് .മുല്ലക്കര രത്നാകരന് ‘രാമായണം അറിഞ്ഞതും അറിയാത്തതും’ എന്ന പുസ്തകത്തിലൂടെ കാട്ടിത്തരുന്നത്.
രാമായണം എന്ന അക്ഷയ ഖനിജസ്രോതസ്സില്നിന്നും നാല് കഥാപാത്രങ്ങള്‍ ശ്രീരാമന്, സീത, രാവണന്, ഹനുമാന്, അവരുടെ വ്യത്യസ്തതകളില്‍ ഖനനവും മനനവും നടത്തി സാമാന്യവല്‍ക്കരണത്തിന്റെ ശരാശരികളിലേക്ക് വലിച്ചു താഴ്ത്താതെ ഭാവനയുടെ ഉത്തുംഗതകളിലേക്ക് പിടിച്ചു കയറ്റുകയാണ്. കൃത്യതയും കണിശതയുമുള്ള ഒരു വാസ്തുശില്പിയുടെ ഭാവനാവിരുതകളോടെ പുതിയൊരു ഭാഷ്യം ചമയ്ക്കുവാനുള്ള ഉദ്യമമാണ് മുല്ലക്കര രത്നാകരന് ഈ ഗ്രന്ഥത്തിലൂടെ നടത്തുന്നത്. അസാധാരണത്തിന്റെ പരുപരുപ്പുകളില്ലാതെ തെളിവെള്ളം പോലുള്ള അനുഭവമണ്ഡലം പകരുന്ന ഈ രചന, രാമനും സീതയും രാവണനും ഹനുമാനും ജീവിതവൈരുദ്ധ്യങ്ങളുടെ കഠിനമായ പ്രതിസന്ധികളില്‍ സുന്ദര പ്രഹേളികകളായി നില്ക്കുന്ന ഒരുതരം വീണ്ടെടുപ്പാണ്.
വസ്തുനിഷ്ഠതയും കാവ്യാത്മകതയും ക്രമത്തില്‍ കോര്ത്തെടുത്തതുപോലെയുള്ള സവിശേഷമായ ഭാഷാപ്രയോഗത്തിലൂടെ മുല്ലക്കര സൃഷ്ടിക്കുന്ന ലാവണ്യസമൃദ്ധി അദ്വിതീയമത്രേ. രാമായണ കഥാപാത്രങ്ങളുടെ സങ്കീര്‍ണതകളെ സമഗ്രമായി അനുഭവിച്ചറിഞ്ഞ് ആസ്വാദകന്റെ ബുദ്ധിയേയും ഹൃദയത്തേയും ആഴത്തില്‍ തൊടുന്ന വിധത്തിലാണ് അദ്ദേഹം പുനരാഖ്യാനം നടത്തുന്നത്. അപഗ്രഥന പാടവത്തിന്റെ അതിശയിപ്പിക്കുന്ന ഗരിമ ഈ ഗ്രന്ഥത്തിലുടനീളം കാണാം. രാമായണത്തിന്റെ കാതലായ മൂലപ്രമേയത്തിന്റെ ഗഹനതയെ തകര്‍ക്കാതെ അന്വേഷണത്തിനുള്ളിലെ ദാര്‍ശനികമായ അന്വേഷണവുമായി സ്വാഭാവികതയുടെ നേര്‍വരയില്‍ ഗ്രന്ഥകാരന് സഞ്ചരിക്കുന്നു. ഈ നാല് കഥാപാത്രങ്ങളെക്കുറിച്ചും പിശകിപ്പോയ അനുമാനങ്ങളല്ല മറിച്ച് സ്പടികസമാനമായ ഉന്നത നിഗമനങ്ങളാണ് അവതരിപ്പിക്കുന്നത്. മൂല്യങ്ങളെയും ആശയങ്ങളെയും തന്റേതായ രീതിയില്‍ വ്യാഖ്യാനിക്കുന്നു.
സൗന്ദര്യത്തെ ജ്വലിപ്പിക്കുന്ന വാക്കുകള്‍ കൊണ്ട് വിരിയിച്ച വസന്തമാണിത്. നിശ്ചലതയും മരവിപ്പും സൃഷ്ടിക്കാത്ത താളബദ്ധമായ ചലനാത്മകത മുല്ലക്കരയുടെ എഴുത്തിനുണ്ട്. ദിവ്യവല്ക്കരിക്കപ്പെട്ടതും സങ്കുചിതമായതുമായ വിചാരധാരകള്‍ക്ക് മാനുഷിക മുഖം നല്കി സര്‍ഗ്ഗാത്മകമായി അവതരിക്കപ്പെട്ടപ്പോള്‍ രാമനും സീതയും രാവണനും ഹനുമാനും വായനക്കാരനുമായി ഉറ്റ ചങ്ങാത്തത്തിലാകുന്നു. രാമായണത്തിന് ഒരു താക്കോല്ദ്വാരശസ്ത്രക്രിയയാണ് മുല്ലക്കരയിലെ ഭിഷഗ്വരന് വിധിക്കുന്നത്. അതിവിദഗ്ധമായ കൈയടക്കത്തോടെ അതദ്ദേഹം നിര്‍വഹിച്ചു വിജയം കണ്ടെത്തുന്നു.
തിന്മയുടെ സ്ഥിരവാസകേന്ദ്രമായ, മൂല്യങ്ങള്‍ തിരസ്കൃതമായ, ധനദേവതയുടെ പ്രചണ്ഡവിളയാട്ടങ്ങളില് ഭ്രമിച്ച് അധാര്‍മിക മുന്നേറ്റം നടത്തുന്ന രാവണന്. വിവേകത്തെയും സദ്ബുദ്ധിയെയും നിത്യമായി ഉറക്കാന്‍ കിടത്തിയിട്ട് ഉഗ്രശാസനങ്ങളുമായി അയാള്‍ ഹുങ്കാരം പുറപ്പെടുവിക്കുന്നു. ആ മദയാനയെ മാതംഗ ലക്ഷണവിചക്ഷണമായ മുല്ലക്കരയുടെ തൂലിക നിസ്സാരമായി തളയ്ക്കുന്നു.
മനുഷ്യവര്‍ഗ്ഗത്തെ പീഡിപ്പിക്കുന്ന എല്ലാ ഭരണസംവിധാനങ്ങളും തകര്‍ന്നടിയുമെന്നും ധാര്‍മികതയിലൂന്നിയ മൂല്യസംസ്കൃതികള്ക്കേ നിലനില്‍പ്പുള്ളൂ എന്നും അവ ജീവിതസത്യങ്ങളുടെ ആഴങ്ങളില്‍ അനുസ്യൂതമൊഴുകുന്ന നീരുറവ കളാണെന്നും ഇവിടെ വിശകലനം ചെയ്യപ്പെടുന്നു. എല്ലാവിധ അധികാരങ്ങള്ക്കുമെതിരായ ലോകവീക്ഷണം സ്ഫോടനാത്മകമായ ശക്തിയോടെ അവതരിപ്പിക്കുന്നു. അധികാരം നല്കുന്ന പാരതന്ത്ര്യം കൊണ്ട് അസ്വീകാര്യങ്ങളായ യാഥാര്‍ത്ഥ്യങ്ങളോട് അത് കൈയാളുന്നവന് പൊരുത്തപ്പെടേണ്ടിവരുന്നു. ഇത്തരം യാഥാര്‍ത്ഥ്യങ്ങളുടെ കനത്ത പ്രഹരം അയാള്‍ക്ക് സമ്മാനിക്കുന്ന അന്യവല്‍ക്കരണവും ഏകാന്തതയും പകര്‍ന്ന് മുല്ലക്കര ശ്രീരാമനെ പുനരവതരിപ്പിക്കുന്നു.
തിന്മയുടെ സ്ഥിരവാസകേന്ദ്രമായ, മൂല്യങ്ങള്‍ തിരസ്കൃതമായ, ധനദേവതയുടെ പ്രചണ്ഡവിളയാട്ടങ്ങളില് ഭ്രമിച്ച് അധാര്‍മിക മുന്നേറ്റം നടത്തുന്ന രാവണന്. വിവേകത്തെയും സദ്ബുദ്ധിയെയും നിത്യമായി ഉറക്കാന്‍ കിടത്തിയിട്ട് ഉഗ്രശാസനങ്ങളുമായി അയാള്‍ ഹുങ്കാരം പുറപ്പെടുവിക്കുന്നു. ആ മദയാനയെ മാതംഗ ലക്ഷണവിചക്ഷണമായ മുല്ലക്കരയുടെ തൂലിക നിസ്സാരമായി തളയ്ക്കുന്നു.
മാനുഷിക ജീവിതത്തിന്റെ വിവിധ തലങ്ങളെ തൊട്ടു തലോടിക്കൊണ്ട് നഗരവല്‍ക്കരണത്തിന്റെ പരിണിതഫലങ്ങളെ ആഖ്യാനം ചെയ്യുന്നത് ‘അനേകം പല്ചക്രങ്ങളില് മനുഷ്യമാംസം കോര്‍ത്ത് ചോരയും നീരും ഊറ്റിയെടുത്ത് ചണ്ടിയാക്കുന്ന ഭീമമായ യന്ത്രം’ എന്ന് നഗരത്തെ കവി എന്‍.എന്‍.കക്കാട് വിശേഷിപ്പിച്ചത് ഓര്‍മ്മിപ്പിക്കുന്നു. ഹിംസ, പക, വഞ്ചന എന്നിവയില്‍ സ്വയം സമര്‍പ്പിതമായ നഗരജീവിതത്തിന്റെ ഭൗതികമായ അശ്ലീലങ്ങളെക്കുറിച്ചുള്ള മുല്ലക്കരയുടെ നിരീക്ഷണങ്ങള്‍ സാരവത്താകുന്നു. ശാലീനതയും കരുണയും ഒത്തിണങ്ങിയ ചന്ദന സുഗന്ധം പേറുന്ന പെണ്‍കരുത്തായി സീതയെയും പ്രകൃതിയുടെ പ്രതീകമായി ഒരു വനശീതളിമപോലെ ഹനുമാനെയും അവതരിപ്പിക്കുന്നു. വനജീവിതത്തിന്റെ സ്മൃതി മാധുര്യവും വനപ്രകൃതിയുടെ നൈസര്‍ഗിക ചാരുതയില്‍ അലിയാന്‍ കൊതിക്കുന്ന തീവ്രമായ ഗൃഹാതുരത്വത്തിന്റെ ചൈതന്യവത്തുമായ അന്തര്‍ധാരകള്‍! ജീവിതത്തിന്റെ അഗാധതലങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനുള്ള അന്തര്‍ദൃഷ്ടി! ഗതാനുഗതികത്വത്തിന്റെ ചെടിപ്പനുഭവപ്പെടാത്ത രീതിയില്‍ സമീപകാലത്തെ രാഷ്ട്രീയ സാമൂഹിക ജീവിതത്തെ അടുത്തറിഞ്ഞുകൊണ്ട് അവയിലേക്ക് രാമായണ കഥാപാത്രങ്ങളെ സന്നിവേശിപ്പിക്കുന്ന സ്വാതന്ത്ര്യം പ്രകാശിപ്പിക്കുന്ന ചിന്തകള്‍! അവയെ കാലഘട്ടത്തിന്റെ സാമൂഹ്യ സാംസ്കാരിക അവസ്ഥകളുടെ വിവിധ ശിഖരങ്ങളുമായി കൂട്ടിക്കെട്ടുന്നതില്‍ മുല്ലക്കര രത്നാകരന് വിജയിച്ചിരിക്കുന്നു. അറിയാത്ത രാമായണത്തെ അങ്ങനെ അടുത്തറിയുംപടി അവതരിപ്പിച്ചുകൊണ്ട് വായനയുടെ മറ്റൊരു പൂന്തോട്ടം നിര്‍മിച്ചിരിക്കുന്നു
9995469432.
[email protected]