ചരിത്രത്തിന്റെ പുനർവായന

എല്ലാവരും വിശ്വസിച്ചു എന്നു പറയാനാകാത്തത് കൊണ്ടല്ലേ ‘തമ്പിമാർ കതൈ’ പോലുള്ള കൃതികൾ ഉണ്ടായത്. നമ്മൾ ചരിത്രത്തെ സമീപിക്കേണ്ടത് പഠനാത്മകമായാണ്. നമുക്ക് മഹിമയാർന്ന ഒരു ചരിത്രം ഉണ്ടെന്ന് ഇനിയും വിശ്വസിച്ചിട്ട് കാര്യമില്ല. നമ്മൾ ജനാധിപത്യത്തിലെത്തിയത് പോരാട്ടത്തിലൂടെയാണ്. രാജഭരണവും മാടമ്പി ഭരണവും തൂത്തെറിയേണ്ടതാണെന്ന് തിരിച്ചറിഞ്ഞ ജനതയാണ് ജനാധിപത്യം സ്ഥാപിച്ചത്.

സലിന്‍ മാങ്കുഴി

സലിൻ മാങ്കുഴിയുടെ ‘എതിർവാ’ വായനയിൽ ഒരു ചലചിത്രം കാണുന്ന അനുഭവം തരുന്ന . വായനക്കാരന്റെ സ്വസ്ഥതയ്ക്ക് മേൽ കടലിരമ്പവും കൊടുങ്കാറ്റും നൽകുന്ന നോവലാണ്. തിരുവതാംകൂർ ചരിത്രത്തിന്റെ അതിഭാവുകത്വത്തെ പൂർണ്ണമായി ഒഴിവാക്കി ഒരു പുനരാവിഷ്കാരം നടത്തുകയാണ് നോവലിസ്റ്റ്.

ഒരു ചരിത്ര നോവലിന് പറ്റിയ പേരായി ‘എതിർവാ’തിരഞ്ഞെടുക്കാൻ ഉണ്ടായ സാഹചര്യം എന്താണ്?
‘എതിർവാ’ ചരിത്ര പശ്ചാത്തലത്തിൽ എഴുതിയ കൽപ്പിത കഥയാണ്.1721 മുതൽ 1737 വരെയുള്ള കാലമാണ് ഈ നോവലിൽ പറയുന്നത്.രാജഭരണകാലത്ത് എതിർ ശബ്ദം പാടില്ല തിരുവായ്ക്ക് എതിർവാ അനുവദിക്കില്ല.
ആ ഉഗ്രശാസനത്തിന്റെ കാലത്തും ചൂണ്ടുവിരൽ ഉയർത്താനും ചോദ്യം ചെയ്യാനും ആളുണ്ടായി.എട്ടുവീട്ടിൽ പിള്ളമാരുടെ ചരിത്രപ്രസക്തി അതാണ്.
മാർത്താണ്ഡവർമ്മയെ (1706-1758) എതിർക്കുകയും ചോദ്യം ചെയ്യുകയും വിറപ്പിക്കുകയും ചെയ്ത എട്ടുവീട്ടിൽ പിള്ളമാരെ കേന്ദ്ര കഥാപാത്രങ്ങളാക്കിയാണ് എതിർവാ അവതരിപ്പിക്കുന്നത്.രാജാവിനെ എതിർക്കുകയും മരുമക്കത്തായ സമ്പ്രദായം അവസാനിപ്പിച്ചു മക്കത്തായ സമ്പ്രദായം വരണമെന്ന് വാദിക്കുകയും അതിനായി പൊരുതുകയും ചെയ്ത തമ്പിമാരും അവരുടെ മാതാവ് അഭിരാമിയും കേന്ദ്രകഥാപാത്രങ്ങളായി നോവലിൽ വരുന്നു അതുകൊണ്ടാണ് ‘എതിർവാ’എന്ന തലക്കെട്ട് വന്നത് .

ചരിത്രം എന്നു പറയപ്പെടുന്ന ഒന്നിനെ തിരുത്തി എഴുതാൻ ഒരു ശ്രമം നടത്തുമ്പോൾ അതിൽ വരാൻ സാധ്യതയുള്ള പ്രതിസന്ധികൾ മുൻകൂട്ടി കണ്ടിരുന്നോ?
ചരിത്രത്തെ തിരുത്തുകയോ രചിക്കുകയോ അല്ല ലക്ഷ്യം. പുനർവായന നടത്തുകയാണ് ചെയ്യുന്നത് .വീര മാർത്താണ്ഡ ചരിതം ആട്ടക്കഥ, ശ്രീ മാർത്താണ്ഡവർമ്മ മാഹാത്മ്യം കിളിപ്പാട്ട്,സി വി രാമൻപിള്ളയുടെ നോവലുകൾ എന്നീ സർഗാത്മക നിർമ്മിതികളാണ് നാം ചരിത്ര രചനയ്ക്ക് പോലും ആധാരമാക്കിയത് . രാജഭരണകാലത്ത് എഴുതിയ ചരിത്ര ഗ്രന്ഥങ്ങളിൽ രാജാവിനെ വിമർശിക്കാൻ സാധിക്കില്ല അത് രാജപക്ഷ ചരിത്രമാണ്. തിരുവിതാംകൂർ ചരിത്രം എഴുതിയ പി ശങ്കുണ്ണി മേനോൻ രാജകൊട്ടാരത്തിലെ ഉദ്യോഗസ്ഥൻ ആയിരുന്നു എന്നാൽ നാഞ്ചിനാട്ടിൽ പ്രചാരത്തിലുള്ള വിൽപ്പാട്ടുകളിൽ തമ്പിമാർ വീരന്മാരും മക്കത്തായത്തിനായി വാദിച്ചവരും ചതിയിൽ കൊല്ലപ്പെടുകയും ചെയ്ത ധീരന്മാരും ആണ് . നാടാർ സമുദായത്തിന്റെ ‘തമ്പിമാർ കതൈ ‘ എന്ന വിൽപ്പാട്ടിൽ മാർത്താണ്ഡവർമ്മ ക്രൂരനാണ്.
എങ്ങനെയാണ് ഒരു നാടിന്റെ ചരിത്രം മേൽജാതിക്കാരുടെയും കീഴാളരുടെയും രചനകളിൽ നേർ വിപരീതമാകുന്നതെന്ന് പഠനവിധേയമാക്കേണ്ടതാണ് ഇനി അത്തരത്തിലുള്ള പഠനങ്ങൾ ആണ് വേണ്ടത് .

വായനക്കാർക്ക് വായനയിൽ ഉണ്ടാവാൻ സാധ്യത ഉള്ള ചില സംശയങ്ങൾ ദുരീകരണരൂപത്തിൽ ചിത്രകാരനോടുള്ള സംഭാഷണമായി പറയുന്നുണ്ടല്ലോ അത് ഒരു യാഥാർത്ഥ്യമാണോ ?
അതോ ഇങ്ങനെയൊരു സംഭാഷണം മനപ്പൂർവ്വ സൃഷ്ടിയാണോ ?
വർത്തമാനകാലത്ത് നിന്ന് ചരിത്രത്തെ നോക്കുകയാണ് ചെയ്യുന്നത്. നോവലിസ്റ്റും ഇതിൽ കഥാപാത്രമാണ് . എഴുത്തുകാരൻ എല്ലാ അധ്യായത്തിലും ഉണ്ട് .
എന്റെ നിരീക്ഷണങ്ങൾ ആദിമധ്യാന്തം ഉൾച്ചേർത്തിട്ടുണ്ട്. നോവലിസ്റ്റ്, ചിത്രകാരൻ,എഡിറ്റർ എന്നിവർ ചരിത്രത്തിൽ (ഒരു സംഭവത്തിൽ) ഇടപെടുന്നത് എങ്ങനെയെന്നും കാണാം. കഥയും യാഥാർത്ഥ്യങ്ങളും പരസ്പരം വേർതിരിച്ചറിയാനാകാത്ത വിധം ഒന്നിപ്പിക്കുകയാണ് ഇവിടെ. ഒരു ഗ്ലാസ് സത്യത്തിൽ ഒരു തുള്ളി കല്പിച്ചത് കലർത്തിയാൽ എല്ലാം കഥയായി മാറുകയാണ് ചെയ്യുന്നത് അങ്ങനെ ഇതിനെയും കണ്ടാൽ മതിയാകും.

നോവലിൽ ഇടയ്ക്ക് പറയുന്നുണ്ടല്ലോ ‘ചരിത്ര കഥ ‘എന്ന് യഥാർത്ഥത്തിൽ ഈ നോവലിനെ ചരിത്രമായിട്ടാണോ കഥയായിട്ടാണോ എഴുത്തുകാരൻ എന്ന നിലയിൽ സമീപിക്കാൻ ആഗ്രഹിക്കുന്നത് ?
എന്തുകൊണ്ടാണ് അനിഴം തിരുനാൾ മാർത്താണ്ഡവർമ്മയെ ഇത്ര ക്രൂരനായി ചിത്രീകരിച്ചത് ?
പുസ്തകങ്ങളിലുള്ള ചരിത്രം എല്ലാവരും വിശ്വസിക്കുന്നില്ല എന്നതല്ലേ സത്യം. എല്ലാക്കാലത്തും അതൊരു പക്ഷപാത രചനയല്ലേ? ഇന്ന് നടക്കുന്ന ഒരു (രാഷ്ട്രീയ) സംഭവത്തെ ഓരോ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നത് വ്യത്യസ്തമായിട്ടല്ലേ?.

നമ്മൾ അവകാശപ്പെടുന്ന പാരമ്പര്യങ്ങൾ കെട്ടുകാഴ്ചയാണ് എന്നറിയണം. നാലാളു കൂടുന്നിടത്തൊക്കെ തറവാട്ടു മഹിമകൊട്ടിഘോഷിക്കാതെ സത്യമെന്തെന്ന് തിരിച്ചറിയണം. തീർച്ചയായും ചരിത്രം പുനർ പഠനത്തിന് വിധേയമാകണം

ഇതിനിടയിൽ സത്യം ചിലപ്പോൾ കൊല്ലപ്പെടും. നമ്മുടെ ചരിത്രവും നമ്മുടെ ചരിത്രത്തെക്കുറിച്ച് വിദേശികൾ രേഖപ്പെടുത്തി വെച്ചിരിക്കുന്നതും വ്യത്യസ്തമല്ലേ? എത്രയോ സുപ്രധാന ചരിത്രസംഭവങ്ങളെയും സാമൂഹിക പരിഷ്കർത്താക്കളെയും രക്തസാക്ഷികളായ മനുഷ്യരെയും നാം തമസ്കരിച്ചു .ഇപ്പോഴും അത് തുടരുകയല്ലേ? ചരിത്രത്തിലെ എത്രയോ കുലംകുത്തികളെയും വഞ്ചകരേയും ഇന്ന് വെള്ളപൂശി മഹത്വവൽക്കരിച്ച് അവതരിപ്പിക്കുന്നില്ലേ ?
എക്കാലത്തും ചരിത്രത്തിന്മേൽ സർഗ്ഗാത്മകത കടത്തിവിട്ട് കളിക്കാനാണ് നമുക്കിഷ്ടം കുത്തഴിഞ്ഞതും മനുഷ്യാവകാശങ്ങളെ ഹനിക്കുന്നതും മനുഷ്യരെ മൃഗങ്ങളെക്കാളും താഴെയുള്ളവരായി കണ്ടിരുന്നതുമായ ഒരു സമൂഹവും അധികാരഘടനയുമാണ് പഴയകാലത്ത് ഉണ്ടായിരുന്നത്.
ജാതി വേർതിരിവ്,അടിമ വ്യാപാരം, ജാതി തിരിച്ചുള്ള ക്രൂരമായ ശിക്ഷാവിധികൾ വഴി നടക്കാനും വസ്ത്രം ധരിക്കാനും പഠിക്കാനും ഉള്ള അവസരം നിഷേധിക്കൽ തുടങ്ങിയ മനുഷ്യത്വരഹിതമായ എത്രയോ ആചാരങ്ങളുമായല്ലേ നമ്മൾ നൂറ്റാണ്ടുകൾ ജീവിച്ചത് .എല്ലാ ജാതിയിലെയും സ്ത്രീകൾ നരകയാതന അനുഭവിച്ചില്ലേ ? അതൊക്കെ മൂടി വെച്ചിട്ട് സുവർണ്ണകാലം എന്ന് കാണാതെ പഠിച്ചിട്ടെന്തു കാര്യം? നമ്മൾ അവകാശപ്പെടുന്ന പാരമ്പര്യങ്ങൾ കെട്ടുകാഴ്ചയാണ് എന്നറിയണം. നാലാളു കൂടുന്നിടത്തൊക്കെ തറവാട്ടു മഹിമകൊട്ടിഘോഷിക്കാതെ സത്യമെന്തെന്ന് തിരിച്ചറിയണം. തീർച്ചയായും ചരിത്രം പുനർ പഠനത്തിന് വിധേയമാകണം

എന്തുകൊണ്ടാണ് ചരിത്രം എന്ന് ഏവരും വിശ്വസിച്ച , ആലേഖനം ചെയ്യപ്പെട്ട കാര്യങ്ങളെ, രാജപാരമ്പര്യത്തെ തന്നെ ചോദ്യം ചെയ്യും വിധം തിരുത്തി കുറിക്കണം എന്ന ഒരു ചിന്ത ഉണ്ടായത് ?
എല്ലാവരും വിശ്വസിച്ചു എന്നു പറയാനാകാത്തത് കൊണ്ടല്ലേ ‘തമ്പിമാർ കതൈ’ പോലുള്ള കൃതികൾ ഉണ്ടായത്. നമ്മൾ ചരിത്രത്തെ സമീപിക്കേണ്ടത് പഠനാത്മകമായാണ്. നമുക്ക് മഹിമയാർന്ന ഒരു ചരിത്രം ഉണ്ടെന്ന് ഇനിയും വിശ്വസിച്ചിട്ട് കാര്യമില്ല. നമ്മൾ ജനാധിപത്യത്തിലെത്തിയത് പോരാട്ടത്തിലൂടെയാണ്. രാജഭരണവും മാടമ്പി ഭരണവും തൂത്തെറിയേണ്ടതാണെന്ന് തിരിച്ചറിഞ്ഞ ജനതയാണ് ജനാധിപത്യം സ്ഥാപിച്ചത്. നിരന്തര നവീകരണത്തിലൂടെയാണ് നമ്മൾ ഇവിടെ എത്തിയത്. ഇനിയും ദീർഘദൂരം സഞ്ചരിക്കേണ്ടതുണ്ട്. പിന്നിലേക്ക് നോക്കി അഭിമാനിക്കുകയല്ല മുന്നിലേക്ക് നോക്കി പ്രതീക്ഷിക്കുകയാണ് വേണ്ടത്. അതുകൊണ്ട് തിരുത്തലുകൾ ഇനിയും തുടരണം.

Author

Scroll to top
Close
Browse Categories