നന്നായി വരും! ഗുരുവിന്റെ അനുഗ്രഹം!
പ്രകൃതിയാകെ സൗമ്യം, സുന്ദരം! നൂറ്റാണ്ട് തുടങ്ങി അധികം വര്‍ഷങ്ങള്‍ ആയിട്ടില്ല ! 1914… ആ ചെറിയ പെണ്‍കുട്ടി അച്ഛന്റെ വിരല്‍ത്തുമ്പ് പിടിച്ച് ചാടിത്തുള്ളി ഒപ്പം നടന്നു. വഴിയിലെ ഉരുളന്‍ കല്ലിനോടും തൊടിയിലെ പൂച്ചെടികളോടും പാറിപ്പറക്കുന്ന പൂതുമ്പികളോടും പുന്നാരം പറഞ്ഞു. അച്ഛന് പറഞ്ഞു. ‘വേഗം നടന്നോളൂ ,ഗുരു പ്രതീക്ഷിക്കുന്നുണ്ട്!’അവള് തലയുയര്‍ത്തി അച്ഛനെ നോക്കി. ആദ്യമായി കേള്ക്കുന്നവാക്കുകള് ചാടി പിടിച്ച് ഹൃദയത്തില്‍ സൂക്ഷിക്കുന്ന സ്വഭാവം അന്നേ അവള്‍ക്കുണ്ട് ‘ഗുരു ‘ ആദ്യമായി കേള്‍ക്കുന്ന വാക്ക്. അച്ഛനങ്ങനെ ഭക്തിയോടെ ഒരു വാക്ക് പറയുന്നത് കേട്ടിട്ടില്ല. മുത്ത് പോലെ പൊഴിഞ്ഞ ആ വാക്ക് സ്വന്തം സ്വത്ത് പോലെ അവള് ഹൃദയാകാശത്തിന് കീഴിലെ ഭൂമിയില്‍ കുഴിച്ചിട്ടു.വളരാന്‍, വളര്‍ന്നു പന്തലിക്കാന്‍ !
എല്ലാ ബന്ധവും ഗുരു ശിഷ്യ ബന്ധമാണെന്നവള് മനസ്സിലാക്കി. ഒരാളില്‍ നിന്നും ഒരാള്‍ ജ്ഞാനം സമ്പാദിക്കുന്നു. ഒന്നില്‍ നിന്നും മറ്റൊന്നിന് അറിവ് കിട്ടുന്നു.സ്ഥലം മാറുന്നു, ആളുകള്‍ മാറുന്നു,സാമഗ്രികള്മാറുന്നു, എല്ലാം മാറുന്നു. പക്ഷേ എല്ലാം പരസ്പരം കൈമാറ്റംചെയ്യപ്പെടുന്നു. കൊടുക്കുന്നു,നിറക്കുന്നു, ഒഴിക്കുന്നു. കാലം, പ്രപഞ്ചത്തിന് കൊടുക്കുന്നു. ‘ സഹനാഭവതു, സഹനോ ഭുനക്തു, സഹവീര്യം കരവാവഹൈ ‘എന്ന വേദമ ന്ത്രം ഒന്നും തന്റെ അച്ഛനെ പോലെ എന്നാലന്ന് ആ പെണ്കുട്ടിയ്ക്കറിയുമായിരുന്നില്ല.
അവള് തുള്ളിച്ചാടി,’ ഗുരു അപ്പുപ്പനല്ലേ? അപ്പുപ്പനെ കാണാന്‍ പോകാണ് എന്നാ ണല്ലോ അമ്മ പറഞ്ഞത്’ അച്ഛന് പതിയെ ഒന്ന് ചിരിച്ചതേയുള്ളു. ശിവഗിരി കുന്നുകള്‍ കയറുമ്പോള്‍ ക്ഷീണിച്ചതേയില്ലയവള്. നല്ല കാറ്റ്..
അവള് ജനിച്ച അന്നു മുതല്‍, ഇടക്ക് ,അറിയാതെ പറഞ്ഞു പോകുന്ന ,’പാവം..എന്റെ കുഞ്ഞ്, ഒന്നുമറിയില്ല..!’ എന്ന ആത്മഗതവുമായി , പേടമാന് പോലെ തുള്ളി നടക്കുന്ന തന്റെ മകളുടെ പിന്നാലെ ആ അച്ഛന്നടന്നു,മുന്‍ തലമുറക്കെന്നും ബലം, പിന് തലമുറ തന്നെ എന്ന സത്യം ഓര്‍ത്തുകൊണ്ട്.
ഗുരു ഒരു അരുവിപോലെ ഒഴുക്കോടെയും, ഒരു പാറ പോലെ ഉറപ്പോടെയും, അവിടെയുണ്ടായിരുന്നു. തന്റെ അച്ഛനും ഈ അപ്പുപ്പനും കൂട്ടുകാരാണെന്ന് കണ്ട് അവരുടെ വര്‍ത്തമാനം ശ്രദ്ധിച്ചവള്‍ നിന്നു’എല്ലാവര്ക്കും സംസ്കൃതം പഠിക്കാന്‍ അവസരമൊരുക്കണം. പൊതുവായി എല്ലാവര്‍ക്കുമായി ഒരു സംസ്കൃത വിദ്യാലയം തുടങ്ങണം ‘അപ്പുപ്പന് പറയുന്നു. ‘അതിനുള്ള സ്ഥലവും പണവും എന്റെ വക. ‘അച്ഛന് പറയുന്നു അവര്‍ സംസാരിക്കുന്നതൊന്നും അവള്‍ക്ക് മനസ്സിലായില്ല. ദൂരെ മാറി നിന്ന് കളിക്കുന്ന കുട്ടികളെ കണ്ട് അവള് കൗതുകത്തോടെ അവരെ നോക്കി.
‘പോയി കളിച്ചോളൂ മിടുക്കി .’
അപ്പുപ്പനാണത് പറഞ്ഞത്.
അവള് ഒറ്റയോട്ടം !
എത്ര കുട്ടികള്‍! എത്ര പൂക്കള്‍ ചെടികളില്‍! എത്ര മാമ്പഴം മാവില്‍! എത സുഗന്ധം ചുറ്റും! ഹായ്..ഹായ്! എത്ര മാത്രം പച്ചക്കിളികള്‍ ..! പച്ച പച്ച നിറവും ചുമന്ന ചുമന്ന കൊക്കും നീണ്ട നീണ്ട വാലും എന്തൊരു ഭംഗിയാണീകിളികള്ക്ക്!
അവ ചിറകൊതുക്കി മുറ്റത്ത് വന്നിരുന്നു. കുട്ടികള്‍ ഒന്നിനെ കിട്ടിയെങ്കില്‍ എന്നു പറഞ്ഞ് അതിനെ പിടിക്കാനോടി. അവളും കൂടെ ഓടി. കിളി പറന്നൊരുമരക്കൊമ്പിലിരുന്നു .കുട്ടികള്‍ മരം കേറി, കിളി മുകളിലേക്ക് മുകളിലേക്ക് പറന്നു. കുട്ടികള്‍ മുകളിലേക്ക് മുകളിലേക്ക് കയറി. കിളി, മരം വിട്ട് ആകാശത്തേക്ക് പറന്നു പോയി. കുട്ടികള്‍ താഴെയിറങ്ങി. ഇങ്ങനെ കുറേ ഓടി അവരെല്ലാവരും.അവള് തളര്‍ന്നു. ക്ഷീണിച്ച് പകുതിയടഞ്ഞ കണ്ണുകളുമായി അവള് അച്ഛന്റെ അടുത്തെത്തി
‘വാ അച്ഛാ.. പോവാം. ‘
തന്നെത്തന്നെ നോക്കിയിരിക്കുന്ന അപ്പുപ്പനെ അവള് കണ്ടു. തന്നെ കൈകാട്ടി വിളിക്കുന്നു. ഓടിച്ചെന്നു. ചേര്‍ത്ത് നിര്‍ത്തി ചോദിച്ചു. ‘കിളിയെ പിടിച്ചോ? ‘ ഈ അപ്പുപ്പനിവിടല്ലേയിരുന്നത്! പിന്നെങ്ങനാ വീടിന് പിറകില്‍ ഞങ്ങള്‍ കളിച്ചത് കണ്ടത്.’അത്ഭുതത്തോടെ അവള് പറഞ്ഞു. ‘ഇല്ല പിടിച്ചില്ല’
‘അതെന്താ പിടിക്കാത്തത്’ അപ്പുപ്പന് ചോദിക്കുന്നു.
‘അത് പറന്നു പോയി, പിന്നെങ്ങനെ പിടിക്കും?’ അവള്‍ക്കിത്തിരി ദേഷ്യം വന്നു. ‘അതെന്താ കൂടെ പറക്കാത്തത് ?’
അപ്പുപ്പന്റെചോദ്യം അവളെ നിരാശപ്പെടുത്തി.
‘ഓ..ഒന്നുമറിയാത്ത ഒരപ്പുപ്പന്‍. ഹും… ഇനി ഞാന്‍ പറഞ്ഞു കൊടുക്കണം. അതേയ് … കൂടെ പറക്കാന്‍ എനിക്ക് ചിറകുകളില്ലല്ലോ!’
ക്ഷീണിച്ചതെങ്കിലും അല്പം കടുപ്പത്തില്‍ തന്നെ അവള് പറഞ്ഞു .
‘ചിറകുകള് ഉണ്ടാവണം ,അതാണ് മിടുക്ക്!’ഒരു നിമിഷം കുട്ടി കുട്ടിയല്ലാതായി .അമൂല്യാര്ത്ഥമുള്ള ഒരു വാക്ക് വന്നവളുടെ ഹൃദയ മന്ദിരത്തില്‍ മുട്ടുന്നു.
ഒറ്റ സ്വര്ശത്തില് ലോകത്തെ എല്ലാ വാതിലുകളും തുറക്കപ്പെടുന്നു.
സത്യത്തിന്റെ ,നന്മയുടെ, സ്നേഹത്തിന്റെ ഉറവ പൊട്ടി പ്രവഹിക്കുന്നു.
‘ഗുരോ.. പ്രപഞ്ച ഗുരോ.’
ഒന്നുമറിയാതെ എല്ലാമറിഞ്ഞവള് നിന്നു.
പ്രായമായെങ്കിലും, വിറക്കാത്ത, ഉറപ്പുള്ള, വിരലുകളാല്‍ മൂര്‍ദ്ധാവില്‍ തഴുകി അനുഗ്രഹിച്ച് ആ പെണ്‍കുട്ടിയോട് ഗുരു പറഞ്ഞു.
‘നന്നായി വരും’ അവള് കണ്ണടച്ചു നിന്നു.
അതൊരു നിമിഷമായിരുന്നില്ല. അതൊരു ജന്മമായിരുന്നു.
പിന്നീടുള്ള കാലം മുഴുവന്‍, പിടിക്കാന്‍ ശ്രമിക്കുമ്പോള്‍, പറന്നു പോകുന്ന ജീവിതമെന്ന പച്ചക്കിളിയുടെ കൂടെ പറക്കാന്‍ ശേഷിയുള്ള ചിറകുകള് മുളപ്പിച്ചു സൂക്ഷിച്ചു ആ കുട്ടി.നന്നായി വരണം എന്ന് പറഞ്ഞത് പുതിയ തലമുറകളോടാണ്, ചിറകുണ്ടായി പറക്കാന്‍ തയാറാകുന്ന തലമുറയോട്.
ഗുരുവിന്റെ വാക്കുകള്‍ തേടുമ്പോള്‍, ഈ ലോകത്തെ തിന്മയൊക്കെ അതിജീവിച്ച്, ആകാശം കിഴടക്കാന്‍ പോന്ന ശക്തിയുള്ള ചിറകുകളുമായി യുവത്വം ഇവിടെ വഴികാട്ടികളാവും, ആവണം! പ്രഭാതം മുതല്‍ സന്ധ്യവരെ നീണ്ട ആ പകല്‍ അവളുടെ ജീവിതം തന്നെയായിരുന്നു!