വികാരങ്ങളുടെ വിന്യാസവ്യാപ്തി !
കാഴ്ചയുടെ വിസ്തൃതിയെ വർദ്ധിപ്പിക്കാനുളള ബാഹ്യമായ നിർബന്ധക്രിയയുമാണ് മഞ്ഞൾപ്പൊടിയിൽ നിക്ഷിപ്തമായിരിക്കുന്ന ദൗത്യം. സജിത ആർ. ശങ്കർ എന്ന ചിത്രകാരിയെ അതിന്റെ എല്ലാ ആത്മീയ തോതുകളോടെയും പഠിക്കാൻ ശ്രമിച്ചാൽ ഒന്നു മനസ്സിലാകും – ‘ ഇന്ത്യൻ തത്വചിന്തയുടെ ആദിമമായ . മിടിപ്പുകളുടെ ഇന്ദ്രിയങ്ങളാണ് ഈ കലാകാരിയെ നയിക്കുന്നത്. പ്രകൃതിയുടെയും സ്ത്രീയുടെയും വികാരങ്ങളുടെ വിന്യാസവ്യാപ്തി അത്രയ്ക്കുണ്ട് ഈ ചിത്രങ്ങളിൽ !
സ്വശരീരത്തെ കലയുടെ അസംസ്കൃത വസ്തുവാക്കി മാറ്റുകയും അതിന്റെ പ്രതിബിംബനമൂല്യത്തെ അന്വേഷണ വിധേയമാക്കുകയും ചെയ്യുന്ന കലാകാരികൾ നന്നേ കുറവുളള മണ്ണാണ് കേരളം.പുരുഷദൃഷ്ടിയുടെ വോയറിസത്തിനും സൗന്ദര്യാസ്വാദനത്തിനും അദൃശ്യതയുടെ ഒരു മൂടുപടം കൂടിയേ കഴിയൂ എന്നു വാദിക്കുന്ന വുമൺ ആർട്ടിസ്റ്റുകൾ പക്ഷെ ഈ ന്യൂനപക്ഷത്തിനിടയിലുണ്ട്.സ്ത്രീപക്ഷ സൗന്ദര്യശാസ്ത്രത്തിന്റെ ഒരു മുഖ്യപദ്ധതി പുരുഷകേന്ദ്രീകൃത സർവേക്ഷണത്തിന്റ ആധികാരികതയെ അപഹരിക്കുക എന്നതാണ്. അങ്ങനെയെങ്കിൽ കലാകാരിയും സ്ത്രീസമൂഹവും തമ്മിലുള്ള സംയുക്തതയെ ക്രിയാത്മകവും വിപ്ലവാത്മകവുമായ ഇടപെടലുകളിലൂടെ ജീവിപ്പിക്കാൻ ശ്രമിക്കുന്ന കലാകാരിയാണ് സജിത ആർ. ശങ്കർ. സ്ത്രൈണാവബോധത്തിന്റെ ഭാഷ ഉൾക്കൊള്ളുമ്പോഴും ബഹുതല പ്രതീകങ്ങളിലൂടെ ഒരു തീയറ്റർ സൗന്ദര്യം സൃഷ്ടിക്കാനാണ് സജിത ശ്രമിക്കുന്നത്. അതിനാൽ തന്നെ സജിതയുടെ ചിത്രലോകം രാഷ്ട്രീയ നിലപാടുകളുടെ വിപുലമായ ഒരു വിന്യാസപരിധി അഭിവ്യഞ്ജിപ്പിക്കുവാൻ പര്യാപ്തമായ വിവിധയിനം സീരീസുകൾ നിർമ്മിച്ചിട്ടുണ്ട്. സ്ത്രീയുടെ ലോകവീക്ഷണത്തെ കലയിലൂടെ പുന:സംഘടിപ്പിക്കാൻ സ്ത്രീകേന്ദ്രിത പരിപ്രേക്ഷ്യത്തെ ഒരു ബഹുഭാവസിദ്ധാന്തമാക്കാൻ സജിത നടത്തുന്ന ചില വേറിട്ട ശ്രമങ്ങളുണ്ട്. തന്റെ ക്രിയാത്മകമായ സ്ത്രൈണേച്ഛയുടെ ആംഗ്യങ്ങളാലും സ്പർശനങ്ങളാലും എഴുതപ്പെട്ട ഒരു പാഠമായി മാറുന്ന ശരീരവിന്യാസത്തെ സജിത ശീർഷകപ്പെടുത്തിയിരിക്കുന്നത് ” Alter bodies ” എന്നാണ്. ഫ്രീഡ കാഹ് ലോയുടെ ” The Broken Column “ഉം വനീസ്സ ബെല്ലിന്റെ ” The Tub” ഉം സോണിയ ഡിലനായിയുടെ ” Simultaneous Contrasts “ഉം സൂസന്ന വലഡോണിന്റെ ” The blue room ” ഉം ആൾട്ടർ ബോഡീസ് എന്ന ആംഗിളിൽ വെച്ച് വായിക്കാൻ സജിതയുടെ ചിത്രങ്ങൾ നമ്മെ നിർബന്ധിക്കുന്നു. ഇത് അനുഭവങ്ങളുടെ രണ്ടാം പാഠം എന്നതിനേക്കാൾ ചിത്രകാരിയുടെ തന്നെ കായിക പ്രഭയുടെയും ആത്മീയ തെളിച്ചത്തിന്റെയും ബൗദ്ധികത്വരയുടെയും ഗൂഢസൗന്ദര്യത്തിന്റെയും പ്രകൃതിയിലുളള മുങ്ങി നിൽപ്പാണ്. ഒരാളുടെ സ്ഥലപ്പെടലിലെ രൂപത്തിന്റെയും ഘടനയുടെയും സൗന്ദര്യത്തിന്റെയും സൂക്ഷ്മമായ അനുഭവത്തിന്റെ സാകല്യമാണത്. ഒരാളുടെ ശരീരം എന്ന സ്വരൂപത്തിന്റെ എണ്ണിയാലൊടുങ്ങാത്ത സാധ്യതകളിലേക്കുള്ള പ്രയാണം എന്ന നിലയ്ക്കാണ് സജിത ഇത്തരം കലാസൃഷ്ടികളിൽ വ്യാപരിക്കുന്നത്. വികാരങ്ങളുടെ ഇത്തരം വിന്യാസവ്യാപ്തിയെ സോണിയ നോക്സിനെ (Sonia Knox ) പോലെയുള്ളവർ എങ്ങനെ വിനിയോഗിച്ചുവെന്ന് പരിശോധിച്ചാൽ സജിതയുടെ കലാലോകത്തെ എളുപ്പത്തിൽ മനസ്സിലാക്കാൻ സാധിക്കും. വികല്പത്തിന്റെ ഈ സ്പേസിന്റെ നിരാസം സോണിയ നോക്സിന് ഒരു മുഖ്യതാത്പര്യമായിരുന്നു. സ്വശരീരത്തെയും കാണിക്കൂട്ടത്തെയും വിട്ടുവീഴ്ചയില്ലാത്ത വെളിച്ചത്തിൽ നിമജ്ജിക്കുന്നതിലൂടെ അവർ ദൃഷ്ടി കർമ്മത്തെ അഭിസംബോധന ചെയ്യുന്നു. അപ്പോൾ കാണിയായ ആസ്വാദകൻ ഏതെല്ലാം വിധമാണ് തന്നെ സ്വീകരിക്കേണ്ടതെന്ന് കലാകാരി തന്നെ തീരുമാനിക്കുന്നു. എന്നുവെച്ചാൽ, സ്ത്രീ/ പുരുഷഭേദമെന്യേ ഒരു കാണിയെ സൃഷ്ടിക്കാനുള്ള ശരീരകലയുടെ സൈദ്ധാന്തിക ടോണുകളാക്കി ചിത്രകലയെ പരിവർത്തനപ്പെടുത്തുകയാണ്. ഇവിടെ സജിത എന്ന കലാകാരി തന്റെ മസ്തിഷ്കത്തിന്റെ ഓരോ അറയിലും ഞരമ്പിലും നിറച്ചുവെച്ചിരിക്കുന്നത് തന്റെ തന്നെ ആട്ടോബയോഗ്രഫിക്കൽ തീസിസുകളും ആന്റി തീസിസുകളും സിന്തസിസുകളുമാണ്. അവിടെ നിന്നും പൊട്ടിപ്പിളർന്ന് കണ്ണുകളിലൂടെയും കാതുകളിലൂടെയുംപ്രകൃതിയിൽ ലയിക്കുന്ന ഒരു സമ്മിശ്രബോധത്തിൽ നിന്നാണ് സജിത തന്റെ alter bodies എന്ന കൺസപ്റ്റിനെ വികസിപ്പിച്ചിരിക്കുന്നത്. മനുഷ്യകോശങ്ങളെ കുറിച്ചുള്ള ഓർമ്മ ജനിപ്പിക്കുന്നത് ബൗദ്ധിക ഇടപെടൽ എന്നതിനേക്കാൾ ശാരീരിക ബുദ്ധിയുടെ കൈയ്യേറ്റ മികവുകൊണ്ടാണെന്ന് സ്ഥാപിക്കുന്നവയാണ് alter bodies സീരീസിലെ ഓരോ ചിത്രങ്ങളും. ഇന്ത്യൻ തത്വചിന്തയുടെ സൂക്ഷ്മദർശനങ്ങളിലേക്ക് പ്രവേശിച്ച ഒരു കലാകാരിയുടെ സ്പിരിച്വൽ എന്റവറായി വേണം സജിതയുടെ ഇത്തരം ചിത്രങ്ങളെ വായിക്കാൻ. ഇവിടെ കലാകാരി തന്നെ കലയിലെ റോമെറ്റീരിയലായി തീരുന്നതാണ് alter bodies സീരീസിലെ ഓരോ ചിത്രങ്ങളിലും നാം കാണുന്നത്.
സജിതയുടെ
സ്ത്രീ !
സ്ത്രൈണാവബോധാവിഷ്കാരത്തിന്റെ സമസ്ത സാധ്യതകളെയും പരിമിതപ്പെടുത്തിയിരുന്ന മുഖ്യധാരാ സൗന്ദര്യശാസ്ത്രത്തിൽ കുടുങ്ങിപ്പോയിരുന്ന കലാകാരികൾക്ക് തങ്ങളുടെ ഉൾപ്രകൃതിയുടെ വൈകാരികവും ലൈംഗികവുമായ അനുഭൂതികൾ ആവിഷ്കരിക്കാനുള്ള സ്വാതന്ത്ര്യത്തിന്റെ അന്വേഷണത്തിന് പ്രേരണ നൽകിയത് സ്വകാര്യപരതയുടെ പൊളിറ്റിക്സ് എന്ന ആശയമാണ്. ഒരുപക്ഷെ സജിത ഈ ആശയത്തെയാണ് തന്റെ സ്ത്രീയാഖ്യാനങ്ങളിൽ കതിരിട്ടു നിർത്തുന്നത്. സ്ത്രീയാഖ്യാനത്തെ സ്വവ്യക്തിത്വത്തിന്റെ നിർമ്മാണ പ്രക്രിയയായി കാണുന്ന ഒരാൾക്കേ സ്ത്രൈണമായ അംശങ്ങളെ ഇത്രയും സജീവമായി എഴുന്നേൽപ്പിച്ചു നിർത്താനാവൂ. സജിത ചാർക്കോളിൽ തീർത്തിട്ടുളള Poem of nostalgia, Tamil Ponnu, women & reality, faces series ചിത്രങ്ങളും മിശ്ര മീഡിയത്തിൽ ചെയ്തിട്ടുള്ള Motherഉം Archetypes series ഉം പുരുഷാധിപത്യകലയിലെ സ്ത്രീയുടെ പ്രതിനിധാനവും സ്ത്രീയുടെ ജീവിതയാഥാർത്ഥ്യവുമായി വായിച്ചെടുത്തേ മതിയാകൂ. പുരുഷന്റെ ഭയാശങ്കകളാണ് സ്ത്രീയെ കന്യകയോ അഭിസാരികയോ ഒക്കെയായി പിളർന്നുവെയ്ക്കുന്നത് എന്ന യാഥാർത്ഥ്യം തിരിച്ചറിഞ്ഞ ഈ കലാകാരി അത്തരം പൗരുഷധാരണകളെ ചുഴറ്റിയെറിയുന്നത് ഇത്തരം ആഖ്യാനങ്ങളിലൂടെയാണ്. സ്ത്രീവർണ്ണനയെ ഇനി ഇത്തരം ദ്വിത്വങ്ങളിൽ ഒതുക്കിവെയ്ക്കരുതെന്ന കനംവെച്ച താക്കീതാണ് സജിതയുടെ ഓരോ സ്ത്രീയാഖ്യാനങ്ങളിലും പ്രോജ്വലിച്ചു നിൽക്കുന്നത്. സ്ത്രീയെ പുതിയ മട്ടിലുളള , ഉചിതമെന്നു നിശ്ചയിക്കപ്പെട്ട പെരുമാറ്റ സംഹിതയുടെ ഒരു സാംസ്കാരിക ഭൂമികയിലേക്ക് ജൈവാവസ്ഥകളോടെ പ്രതിഷ്ഠിക്കാൻ സജിതയുടെ പല ചിത്രങ്ങൾക്കുമാവുന്നു.
സ്ത്രൈണതയെയും അതിന്റെ സൗന്ദര്യ സംഹിതയെയും സുഖദു:ഖ സമ്മിശ്രണങ്ങളോടെ ആവിഷ്കരിച്ചിട്ടുള്ള ഒരു ഇൻസ്റ്റലേഷനാണ് ‘ Installation of feminity ‘. ഈ ട്രിയാങ്കിളിൽ മഞ്ഞൾപ്പൊടി വിതറിയിട്ടുണ്ട്. സ്ത്രൈണഭാവങ്ങളുടെ സ്വകാര്യവും രഹസ്യവുമായ തുരുത്തുകളെ ഒരുതരം മിസ്റ്റിക്ക് തലത്തിലേക്ക് ഉയർത്തിവെയ്ക്കാനാണ് സജിത ശ്രമിക്കുന്നത്. വികാരങ്ങളുടെയും വിചാരങ്ങളുടെയും പ്രതീകാത്മക വീര്യമാണ് കുങ്കുമത്തിലുള്ളത്. ഭൂമിമാതാവിന്റെ വേരാഴങ്ങളിലേക്ക് നമ്മുടെ ശ്രദ്ധയെ അയച്ചുകെട്ടാനുള്ള സ്പിരിച്വൽ എക്സർസൈസും കാഴ്ചയുടെ വിസ്തൃതിയെ വർദ്ധിപ്പിക്കാനുളള ബാഹ്യമായ നിർബന്ധക്രിയയുമാണ് മഞ്ഞൾപ്പൊടിയിൽ നിക്ഷിപ്തമായിരിക്കുന്ന ദൗത്യം. സജിത എന്ന ചിത്രകാരിയെ അതിന്റെ എല്ലാ ആത്മീയ തോതുകളോടെയും പഠിക്കാൻ ശ്രമിച്ചാൽ ഒന്നു മനസ്സിലാകും – ‘ ഇന്ത്യൻ തത്വചിന്തയുടെ ആദിമമായ . മിടിപ്പുകളുടെ ഇന്ദ്രിയങ്ങളാണ് ഈ കലാകാരിയെ നയിക്കുന്നത്. പ്രകൃതിയുടെയും സ്ത്രീയുടെയും വികാരങ്ങളുടെ വിന്യാസവ്യാപ്തി അത്രയ്ക്കുണ്ട് ഈ ചിത്രങ്ങളിൽ !