ഇലസ്ട്രേഷനിലെ നെടുനായികാരൂപം !
സങ്കീർണ്ണമായ ക്രമഭംഗങ്ങളുടെ ഏകത തീർക്കാൻ ഈ കലാകാരി വിനിയോഗിക്കുന്നത് തന്റെ തന്നെ ആത്മപ്രതിഫലന ശേഷിയെയാണ്. തന്റെ ഉളളിലെ സാധ്യതകളുടെ പര്യവേഷണമായി വേണം അത്തരം ചിത്രങ്ങളെ വായിച്ചെടുക്കാൻ. സാന്ദ്രസങ്കല്പങ്ങളെക്കാൾ മിശ്രനിറ സങ്കേതങ്ങൾ ഉപയോഗിച്ച് ഉപരിതലലാവണ്യസൗന്ദര്യം തീർക്കാനാണ് മറിയം ശ്രമിക്കുന്നത്
ജൈവപരമായ സമഗ്രതയെന്ന കാല്പനിക സങ്കല്പത്തിൽ നിന്നും കലാസൃഷ്ടിയുടെ അംശങ്ങളെ മോചിപ്പിക്കുന്ന ചിത്രഇടപെടലുകളെ നാം ഏത് സിദ്ധാന്തത്തിൽ കൊണ്ടു കെട്ടുമെന്ന തർക്കം അവിടെ നിൽക്കട്ടെ. ഒരു കലാകാരി ഉപാധികളുടെ ലഭ്യതയുളളതുകൊണ്ട് ഉള്ളടക്കത്തിൽ മന:പൂർവ്വമായ ശോഷിപ്പുകൾ കാത്തുവെയ്ക്കുമെന്ന് നമുക്ക് പറയാനാവില്ല. ഇലസ്ട്രേഷനെ സ്ഥാപനവത്കൃതകലയാക്കാൻ വിദേശചിത്രകാരികൾക്ക് അധികം പണിപ്പെടേണ്ടതില്ല. കാരണം അവരുടെ ലൈൻ ആർട്ടുകൾക്കു പോലും മുന്തിയ വിപണി ലഭിക്കാറുണ്ട്. പക്ഷെ ഇവിടെ മനുഷ്യരൂപ നിർമ്മിതിയിലെ അസംസ്കൃതമായ ഊർജ്ജം സ്വീകരിക്കാൻ ഒരു ചിത്രകാരി ഇലസ്ട്രേറ്റർ പദവി കരസ്ഥമാക്കിയേ മതിയാകൂ എന്ന ഒരു അലിഖിത നിയമം നിലനിൽക്കുന്നുണ്ട്. ഈവിധം മണ്ണും പ്രകൃതിയും കാലവുമായി ഒരു ഗോത്രബന്ധമനുഭവപ്പെടുത്തുന്ന ചില ഇലസ്ട്രേഷനുകൾ കൊണ്ട് പരിചിതയായി മാറിയ കലാകാരിയാണ് മറിയം ജാസ്മിൻ. രോഗാതുരമായ ഒരു പ്രാദേശികതയുടെ ഭാരത്തെ സ്വയം ശിക്ഷണം കൊണ്ട് ലിഖിതകലകളായ കവിതയുടെയും കഥയുടെയും ഒക്കെ തുറസ്സുകളിലേക്ക് പ്രതിഷ്ഠിക്കാനാണ് ഈ കലാകാരി ശ്രദ്ധവെയ്ക്കുന്നത്. എമിലിനോ ഡി കാവൽക്കാന്റിയുടെ ” തത്തയും മുള്ളാട്ടയും ” കറുത്ത വർഗ്ഗക്കാർക്കും വെളുത്ത വർഗ്ഗക്കാർക്കും ജനിച്ചവൾ എന്ന അർത്ഥത്തിലാണല്ലോ വായിക്കപ്പെട്ടത്. അതുമല്ലെങ്കിൽ ബ്രസീലിയൻ ചിത്രകാരിയായ തർസിലദോ അമരാലിന്റെ ” അബാപ്പോരു” അഥവാ മനുഷ്യരെ തിന്നുന്ന മനുഷ്യൻ പോലെയുള്ള ചിത്രീകരണങ്ങളും , മരിയ ഇസ്ക്വറെഡോയുടെ ” പാവപ്പെട്ട അമ്മ ” പോലെയുളള ചിത്രങ്ങളും മറിയം ജാസ്മിനെ അബോധമായി സ്വാധീനിച്ചിട്ടുണ്ടാകാം എന്നതാണ് വാസ്തവം. മലയാളത്തിന്റെ നവീന ഇലസ്ട്രേഷൻ സംസ്കാരത്തിലെ നടുനായികാരൂപമാണ് മറിയം ജാസ്മിൻ എന്നതിൽ തർക്കമില്ല. ഇവിടുത്തെ വെർണാകുലർ ദൃശ്യസംസ്കാരത്തിൽ വേരൂന്നിയ സമകാലിക സൗന്ദര്യശാസ്ത്രം സൗന്ദര്യാനുഭൂതിയുടെ നിരപേക്ഷതയെ നിർവ്വചിക്കാൻ നടത്തുന്ന ചില ശ്രമങ്ങൾ മറിയത്തിലുമുണ്ട്. സങ്കീർണ്ണമായ ക്രമഭംഗങ്ങളുടെ ഏകത തീർക്കാൻ ഈ കലാകാരി വിനിയോഗിക്കുന്നത് തന്റെ തന്നെ ആത്മപ്രതിഫലന ശേഷിയെയാണ്. തന്റെ ഉളളിലെ സാധ്യതകളുടെ പര്യവേഷണമായി വേണം അത്തരം ചിത്രങ്ങളെ വായിച്ചെടുക്കാൻ. സാന്ദ്രസങ്കല്പങ്ങളെക്കാൾ മിശ്രനിറ സങ്കേതങ്ങൾ ഉപയോഗിച്ച് ഉപരിതലലാവണ്യസൗന്ദര്യം തീർക്കാനാണ് മറിയം ശ്രമിക്കുന്നത്.
മറിയം ജാസ്മിന്റെ
സ്ത്രീകൾ !
സ്ത്രീയെ ആഖ്യാനപ്പെടുത്തുമ്പോൾ എന്ത് , എവിടെ നിന്ന് അഴിച്ചുമാറ്റണമെന്ന് ഭാവനയിൽ കാണുന്നതുകൊണ്ടായിരിക്കണം കലാകാരി എന്ന പദം സ്ത്രീലിംഗത്തിനപ്പുറത്തേക്കു പോയി സ്ത്രീയെ ചിത്രപ്പെടുത്തുന്നത്. മറിയം വരയ്ക്കുന്ന സ്ത്രീ വെറുമൊരു ആൾത്തലയല്ല. ഒരു വീട്ടിനകത്തെന്ന പോലെ തൂക്കിയിട്ട തിരശ്ശീലയായിട്ടാണ് എഴുന്നുവരുന്നത്. ഏറ്റവും സാധാരണക്കാരിയായ സ്ത്രീയെയും അവളുടെ പുറത്തേക്കുള്ള സാധാരണ തൊഴിലുകളുടെ വലിക്കലുകളെയുമാണ് ഈ ചിത്രകാരി ദൃശ്യപ്പെടുത്തുന്നത്. സ്ത്രീയിലേക്കുള്ള ഇടവഴികളെയും നടവഴികളെയും ആഢ്യത്വം എന്ന വലിയ പ്രെമിസിൽ വെച്ച് നിരീക്ഷിക്കുന്ന രീതിയല്ല മറിയം പിന്തുടരുന്നത്.
മ്യൂസിയങ്ങൾ ഇതുവരെ ആലോഷിച്ചിട്ടില്ലാത്ത ക്യാൻവാസിലേക്ക് സ്ത്രീയെയും അവളുടെ തൊഴിലുകളെയുമാണ് ചില ഘട്ടങ്ങളിൽ മറിയം ചിത്ര കോളങ്ങളിൽ സ്ഥലപ്പെടുത്തുന്നത്. പുരുഷാധിപരുടെ കണക്കുക്കൂട്ടലുകളെ തെറ്റിക്കുന്നതും , ചരിത്രം കുഴിച്ചുമൂടാൻ ശ്രമിക്കുന്ന സ്ത്രീയുടെ മാൻഹോൾ ജീവിതത്തിന്റെ അടരുകൾ ഒന്നൊന്നായി മുറിച്ചെടുക്കുകയും ചെയ്യുന്ന വിദ്യയാണ് മറിയം പരിചരിക്കുന്നത്. ഈ ചിത്രകാരിയുടെ കട്ടൗട്ട് വർക്കുകളിൽ സ്വച്ഛതയിൽ നിന്നും നിഷ്കാസിതരാകുന്ന സ്ത്രീകളാണധികവുമുള്ളത്. സ്ത്രീക്ക് ഒരു പുതുജീവിതം വെട്ടിയെടുത്തു നൽകുന്ന അത്തരം ചില ചിത്രങ്ങളെ നിരീക്ഷിച്ചാൽ മുകളിൽ വിവരിച്ച സാരസ്യങ്ങൾ എളുപ്പത്തിൽ ബോദ്ധ്യമാകും. ‘പങ്കായം കയ്യിലേന്തിയ സ്ത്രീ ‘ – ഇന്നും സ്ത്രീയുടെ ജീവിതം സഹനങ്ങളിലൂടെയുള്ള നെടുങ്കൻ തുഴച്ചിലാണെന്നും, പ്രതികൂല സാഹചര്യങ്ങളെ തുഴഞ്ഞു തോൽപ്പിക്കുന്നവളാണ് സ്ത്രീയെന്നുമൊക്കെയുള്ള വിശദീകരണങ്ങൾക്ക് പിടിതരുന്നുണ്ട്. സ്ത്രീകൾ കുളിക്കുന്നതും നിലക്കണ്ണാടി നോക്കുന്നതും നൃത്തം ചെയ്യുന്നതും ഒന്നുമല്ല മറിയത്തെ അലട്ടുന്നത്. ഏകാന്തതയുടെ ചിത്രീകരണമുള്ള മറ്റൊരു സ്ത്രീയാഖ്യാനം അതാണ് പറഞ്ഞുതരുന്നത്. ” കൈതൊഴിലിലേർപ്പെടുന്ന ശിരോവസ്ത്രം ധരിച്ച സ്ത്രീയും “, ” തൊഴിലുറപ്പ് പദ്ധതിയെ അനുസ്മരിപ്പിക്കുന്ന പണിയായുധം കയ്യിലേന്തിയ സ്ത്രീയും “, ” അസ്വാതന്ത്ര്യത്തിന്റെ വസ്ത്രമായ പർദ്ദ ധരിച്ച സ്ത്രീയും കുട്ടികളും ” ഒക്കെ നമുക്കു മുമ്പിൽ തുറന്നിടുന്നത് ഒരു വുമൺ ആർട്ടിസ്റ്റ് സ്റ്റുഡിയോയിലെ വിവിധതരം സ്ത്രീഭാഷ്യങ്ങളെയാണ്. ഒരു ഡൊമസ്റ്റിക് സ്പേസിനു (domestic space ) പുറത്തേക്കു പോകുന്ന സ്ത്രീകളെയാണ് നിരന്തര പ്രതിപക്ഷ സ്ത്രീ മോബായി മറിയം വളർത്തിയെടുക്കുന്നത്.
മറിയത്തിന്റെ
പ്രകൃതിയും മനുഷ്യരും !
പ്രകൃതി ഈ ചിത്രകാരിക്ക് മനുഷ്യരെ പ്രതിഷ്ഠിക്കാനുള്ള ഒരു മോഡലാണ്. ഈ മോഡലിൽ ഉറപ്പിച്ചിരിക്കുന്ന ചിത്രകാരിയുടെ ദൃഷ്ടി അപ്പോൾ കാണിയിലും പതിയുന്നു. ഇവയിലൊക്കെയും ചിത്രീകരിക്കപ്പെടേണ്ട മോഡൽ പക്ഷെ പല സമയങ്ങളിലും പ്രതിനിധാനത്തിനു പുറത്താണ് സ്ഥിതി ചെയ്യുന്നത്. മറിയത്തിന്റെ പ്രകൃതിയാഖ്യാനങ്ങളിൽ ആകമാനമുള്ളത് മനുഷ്യരാണ്. മനുഷ്യന് പ്രകൃതിയെ കൂടാതെ ഒരു ജീവിതം സാധ്യമല്ലെന്ന സത്യദർശനമാണ് അത്തരം ചിത്രങ്ങളിലുടനീളം നിഴലിച്ചുകാണുന്നത്. പ്രകൃതിയിൽ മനുഷ്യന്റെ സാന്നിദ്ധ്യത്തിന്റെയും അസാന്നിദ്ധ്യത്തിന്റെയും സങ്കുലലീലയെ പ്രതിഷ്ഠിക്കുക വഴി ഒരുതരം ഇക്കോ- ലൈഫിനാണ് ( eco- life) മറിയം വഴിമരുന്നിടുന്നത്. മനുഷ്യന് പ്രകൃതിയോട് ഒരു അസ്ഥിരമായ ബന്ധവുമായി മുന്നോട്ടുപോകാൻ കഴിയില്ലെന്ന ദർശനത്തെയാണ് ഒട്ടുമിക്ക പ്രകൃത്യാഖ്യാനങ്ങളും നമുക്ക് കാട്ടിത്തരുന്നത്. പ്രകൃതിവർണ്ണനകളുടെ ദൃശ്യപരമായ സ്പേസിൽ തന്നെ ഒരു കാണിയെ സൃഷ്ടിക്കുകയും കാണി കാഴ്ചയായും കാഴ്ച കാണിയായും ഭവിക്കുകയും ചെയ്യുന്നു. പ്രകൃതി ദൃശ്യങ്ങളിൽ ഒരു മോബിനെ പ്രതിഷ്ഠിക്കുകവഴി ആ ചിത്രത്തിനുള്ളിൽ തന്നെ കാണിയെ നിർമ്മിച്ചെടുക്കുന്ന വിദ്യ മുമ്പാരും പരീക്ഷിച്ചു കണ്ടിട്ടില്ല. മറിയത്തിന്റെ പ്രകൃതിദൃശ്യങ്ങളുടെ ഗ്യാലറി സന്ദർശകർ അങ്ങനെ ചിത്രങ്ങളിൽ നിന്നും തന്നെ ഇറങ്ങിവരുന്ന കാണികളായി മാറുകയാണ്. ഉദാഹരണത്തിന് ഒരു പ്രകൃതിദൃശ്യത്തിൽ തന്നെ വെള്ളമെടുക്കാൻ വരുന്ന സ്ത്രീയും എടുത്തിട്ടു മടങ്ങുന്ന സ്ത്രീയും മാർക്കറ്റിൽ നിന്നും ക്യാരിബാഗുമായി മടങ്ങുന്ന ആളെ പിന്തുടരുന്ന നായയും സൈക്കിൾ യാത്രികനും പാത്രം കഴുകുന്ന സ്ത്രീയും കോഴിയും ഓടുന്ന കുട്ടിയും നടക്കുന്ന കുട്ടിയും നിൽക്കുന്ന സ്ത്രീയെയും ഒക്കെ കാണാം. ഈ വലിയ ക്യാൻവാസ് മറിയം അടുക്കളയിലും ഊണുമുറിയിലും വെച്ച് ചെയ്തതല്ല. മറിച്ച് പ്രകൃതി എന്ന വലിയ ക്യാൻവാസിന്റെ ഏറ്റവും തുറസ്സായ ഇടത്തിരുന്ന് ആകാശത്തോളം വിശാലമായ പ്രദർശനശാല തീർക്കുകയായിരുന്നു. മറിയം ജാസ്മിന്റെ വരകൾ ഇന്ന് സാഹിത്യാധിഷ്ഠിത രചനകളുടെ സ്പേസ് നേടിയെടുക്കുന്നതു പോലും ചിത്രകലയിൽ ഒരു നെടുനായികാരൂപം സാധ്യമാക്കിയതു കൊണ്ടാണ്.