ലിപികളുടെ വഴങ്ങുന്ന ദുശ്ശാഠ്യ പ്രകൃതി
ലിപികള്‍ കൊണ്ടുള്ള ഈ അത്ഭുത ഗെയിമില്‍ കലയുടെ വേരുകളെ പതിപ്പിച്ചിടുന്ന ഒരേയൊരു ഭട്ടതിരിയേ നമുക്കുള്ളൂ. ഒരു പിരിയന്‍ ഗോവണി പോലെയോ വളഞ്ഞു പുളഞ്ഞൊഴുകുന്ന പുഴ പോലെയോ ഒക്കെ അക്ഷരങ്ങളെ അടുക്കുമ്പോള്‍ അതിനൊരു രൗദ്രരസം ഉണ്ടാകുന്നുവെന്നു മാത്രമല്ല, ആകാശവും ഭൂമിയും അതിനു മുന്നില്‍ തല കുനിക്കുകയും ലിപികളുടെ ഈണവും താളവും കാണാന്‍ കൂടിയുള്ളതാണെന്ന അലിഖിതനിയമം നടപ്പില്‍ വരികയും ചെയ്യുന്നു.
ലിപികളുടെ വികാസത്തിന് അപാരമ്പര്യത്തിന്റെ ഊര്‍ജ്ജവും സൗന്ദര്യവും ആവശ്യമാണ്. നമ്മുടെ പാരമ്പര്യജ്വരമാണ് പലപ്പോഴും കലാരൂപങ്ങളില്‍ നിന്നും അതിന്റെ സംവാദ സാധ്യതകളില്‍ നിന്നും നമ്മെ പിറകോട്ട് പിടിച്ചു വലിക്കുന്നത്. ഏതു കലയും നമ്മില്‍ നിന്നും ആവശ്യപ്പെടുന്നത് വിശാലമായ ഒരു മനസ്സാണ്. കലയുടെ സാംസ്കാരം ഇടുങ്ങിയ വാതിലായി ചുരുങ്ങുന്ന ചില നിമിഷങ്ങളുണ്ട്. കാലമാണ് ഒരു കലാകാരന് ജീനിയസ്സിന്റെ പദവികള്‍ കല്പ്പിച്ചു നല്‍കുന്നത് എന്ന വസ്തുതയെ ഉള്‍ക്കൊണ്ടു കൊണ്ട് കലയുടെ മേഖലയില്‍ നിരന്തരം വ്യാപരിക്കുന്നവരുണ്ട്. പാരമ്പര്യത്തിന്റെ രക്ഷാകവചങ്ങളെ തകര്‍ക്കുന്നവരെ മലയാളി വളരെ വൈകിയേ സ്വീകരിക്കാറുള്ളൂ. കലയുടെ ആനന്ദ വികാരങ്ങളെ ( ചിലപ്പോള്‍ ) പെട്ടെന്ന് സ്വീകരിക്കുന്നുണ്ടെങ്കില്‍ അതിനെ പുരാവസ്തുവിനോളം പഴക്കത്തിലേക്ക് താഴ്ത്തിവെക്കുന്നതും മലയാളിസത്തിന്റെ ഭാഗമാണ്. കലയുടെ ഇത്തരം യുദ്ധക്കളങ്ങളില്‍ നിന്നു പൊരുതുന്ന നിരവധി കലാകാരന്മാര് നമുക്കു ചുറ്റുമുണ്ട്. അത്തരം കലാവിഭവങ്ങളുടെ മൂല്യം നാം നമ്മുടെ ദേശത്തിനു പുറത്തു പോയി തേടേണ്ടുന്ന സാഹചര്യങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുകയാണ്. വളരെ വ്യത്യസ്തമായ കലകളുടെ രാഗത്തിന് ചെവി കൊടുക്കാന്‍ വിസമ്മതിക്കുന്നവരുടെ നടുവിലാണ് ഒരേയൊരു കലിഗ്രഫറായ ഭട്ടതിരി ഇപ്പോഴും നില്‍ക്കുന്നത്. ലിപികളുടെ ഈ ആര്‍ക്കിടെക്റ്റിനെ നാം പഠിപ്പിച്ച വിധത്തില്‍ എന്തോ തകരാറ് സംഭവിച്ചിട്ടുണ്ട്. വായനയുടെ കാഠിന്യം ആവശ്യപ്പെടുന്ന ഒരു കലയല്ല കലിഗ്രഫി. ഇതിനെ നാം വാസ്തുവിദ്യയുടെ സദസ്സില്‍ ഒക്കെ കൊണ്ടു കെട്ടി വള്ഗറാക്കാന് സാധ്യതയുള്ളതിനാലും നാളെ ഇത് അത്ഭുത കലയാകുമ്പോള്‍ ചിലര്‍ സൈദ്ധാന്തിക ഉപകരണങ്ങളുമായി രംഗത്തെത്താന്‍ സാധ്യതയുള്ളതിനാലും ഭട്ടതിരിയുടെ കലിഗ്രഫിയിലൂടെ ഒരു ആത്മീയ യാത്ര സാധ്യമാക്കാന്‍ ഈ ലേഖിക ആഗ്രഹിക്കുന്നു. കലാകാരന്മാരുടെ അവകാശ സംഘടനയിലെ അംഗമല്ലാത്ത ഒരാളുടെ കലയിലൂടെ സഞ്ചരിക്കുമ്പോള്‍ പുതിയ സൗന്ദര്യ നിയമങ്ങള്‍ കൊത്തിയെടുക്കണമെന്ന അലിഖിത ചട്ടങ്ങളുണ്ടിവിടെ. ആസ്വാദനത്തിന്റെ പ്രത്യേക ശിക്ഷണം ലഭിക്കാത്ത ഒരാളെയെങ്കിലും ഈ അക്ഷരകല വിസ്മയിപ്പിക്കുന്നുണ്ടെങ്കില് അത് കേരളത്തിലെ കലിഗ്രഫി എന്ന കലയുടെ ആങ്കറിങ്ങായിരിക്കും. ലിപികളെ സുഭിക്ഷമായി തീറ്റിപ്പോറ്റുന്ന ഈ കലാരീതി മലയാളത്തില്‍ ആരും പരീക്ഷിച്ചിട്ടില്ലാത്തതു കൊണ്ടു തന്നെ ഒരു പുതിയ വായന തമ്മില്‍ നിന്നും ആവശ്യപ്പെടുന്നു.
ആഖ്യാനത്തിന്റെ
രാഷ്ട്രീയം
മലയാള ലിപികളെ മറ്റൊരു രൂപത്തിലേക്ക് കൊത്തിയെടുക്കുമ്പോള്‍ അര്‍ത്ഥ സന്ദിഗ്ധതയുടെ കല ( art of ambiguity) എന്നൊരു ഫോമിലേക്കെത്താനാണ് സാധ്യത കൂടുതല്‍. കാരണം മലയാള ലിപികള്‍ അതില്‍ത്തന്നെ ചിത്രരൂപങ്ങളല്ല, മറിച്ച് അര്ത്ഥരൂപങ്ങളാണ്. പക്ഷെ ഭട്ടതിരിയുടെ കയ്യില്‍ ഒരു ലിപിയെത്തിയാല് അതൊരു ചരിത്ര നിശ്ചയ അത്ഭുതമായി അവതരിക്കും. പരമാവധി സംവേദന തീവ്രത കൈവരിക്കാനുള്ള മാര്‍ഗ്ഗമെന്ന നിലയിലാവണം ഒരു ലിപിയെ ഇത്രയധികം അലങ്കരിക്കാന്‍ ഭട്ടതിരി ശ്രമിക്കുന്നത്. ദൈനംദിന വൃത്തികളില്‍ ഇഴുകിപ്പിടിക്കുന്ന സാന്നിദ്ധ്യമായി ചില അക്ഷരങ്ങള്‍ പരിണമിക്കുന്നതാണ് നാം കാണുന്നത്. ഒരു അക്ഷരത്തിന് പുതിയ അര്‍ത്ഥത്തിന്റെ ജീവന് വെയ്പിക്കുന്ന ഈ ഗൂഢ സൗന്ദര്യ തന്ത്രത്തെ ചിത്രകലയിലെ തന്നെ വലിയ അത്ഭുതങ്ങളില്‍ ഒന്നാക്കി തീര്‍ക്കുന്നത് ചെറിയ ബാക്ക് സ്കോര്‍ കളറുകളില്‍ ചെറിയ ഷെയ്ഡുകള്ക്കുള്ളില് ആന കറുപ്പിനാല്‍ അക്ഷരങ്ങളെ പണിതു വെയ്ക്കുന്നതു കൊണ്ടാണ്.
എല്ലാ അക്ഷരങ്ങളും ഉള്ള അര്‍ത്ഥങ്ങളെ ഒന്നു കൂടി തെളിച്ചു വെയ്ക്കുകയാണ്, അതിന്റെ അടുക്കിലൂടെ ചെയ്യുന്നത്. ഒരു ലിപിയെ കേര്‍വ് (curve) ചെയ്യുമ്പോള്‍ അര്‍ത്ഥങ്ങളുടെ ഇല്ലാത്ത സാന്നിധ്യത്തെ ( absent presence) പിടിച്ചു കൊണ്ടു വരാനാണ് ഭട്ടതിരി ശ്രമിക്കുന്നത്. എല്ലാ കണ്ണുകളും കാഴ്ചയെ വിലക്കുന്ന ഒരു മതില് സ്ഥാപിച്ചിട്ടുണ്ട്. അതു ഏതു കാഴ്ചാപദാര്ത്ഥത്തോടുമുള്ള നമ്മുടെ അടുപ്പത്തെ തടയുന്നു. അപ്പോള്‍ ഭാഷയുടെ മാദകമായ ആകര്‍ഷണം സാധ്യമാക്കാന്‍ ഒരാള്‍ നടത്തുന്ന കാഴ്ചയുടെ അത്ഭുത സംവേദനമാണിത്. ലിപികള്‍ക്ക് അപ്പോള്‍ ലഭിക്കുന്ന മഷിയുടെ ഗന്ധ സംവേദം കാഴ്ചയുടെ എല്ലാ തടസ്സങ്ങളെയും മറികടന്ന് ഒരു ഗന്ധ ബിംബമായി പ്രത്യക്ഷമാകുന്നു. ഒരു അക്ഷരത്തിന്റെ ഈണവും അതിലെ അര്‍ത്ഥങ്ങളുടെ കൊഴുപ്പും മറഞ്ഞിരിക്കുന്ന വശ്യതയും അപ്പോള്‍ നേരത്തെ പറഞ്ഞ absent presence ആയി മാറുന്നു. അപ്പോള്‍ ആ അക്ഷര രൂപത്തിന്റെ നിശ്ശബ്ദാര്ത്ഥം വിവരിക്കാനാവാത്ത ഒരു വിടവായി ഉയര്‍ന്നു വരികയും മൗനാര്ത്ഥങ്ങള് കലമല് കൂട്ടുകയും ചെയ്യും. അങ്ങനെ അക്ഷരങ്ങള്‍ക്കു പുതിയ ശബ്ദവും ചലനവും ഉണ്ടാകുന്നു. നാള് തോറും പുതുജീവന്‍ വെച്ചു വളരുന്ന അക്ഷരങ്ങളായി മലയാള ലിപികളെ കൊത്തിയെടുക്കുന്ന ഈ രീതി ഇവിടുത്തെ ചിത്രകാരന്മാരൊന്നും പരീക്ഷിച്ചു കണ്ടിട്ടില്ല. മലയാള ഭാഷയെ ചൊല്ലിയുള്ള വിഷാദാര്‍ദ്രമായ സംഗതികളെ അതിജീവിക്കാന്‍ ഭട്ടതിരിയുടെ കലിഗ്രഫി വഴിയൊരുക്കുകയാണ്. പശ്ചാത്തലത്തിലുള്ള മൗനവും അക്ഷരങ്ങളുടെ ഇരുട്ടുമാണ് ഒരു സാധാരണ ചിത്രാസ്വാദ്യത്തെ ഈ അക്ഷര കലയിലേക്ക് അടുപ്പിക്കുന്നത്. അക്ഷരങ്ങളുടെ ഈ കൊത്തു വിദ്യയുടെ സമയതലത്തില്‍ മൗനം അര്‍ത്ഥമായി ഘനീഭവിച്ചു കിടക്കുന്നതു പോലെ തന്നെയാണ് നമ്മുടെ ബോധസ്ഥലത്തില് അര്‍ത്ഥം പരന്നു കിടക്കുന്നത്. ഈ ലിപി അത്ഭുതങ്ങള്‍ കണ്ടിട്ട് ഒന്നു തിരിഞ്ഞു നിന്നാലോചിക്കുമ്പോള്‍ സാഹിത്യത്തിലെ സ്വാധീനത്തെയും കടം കൊള്ളലിനെയും സംബന്ധിക്കുന്ന അടിസ്ഥാനപരമായ ചില ധാരണകള്‍ ഇതില്‍ അടങ്ങിയിരിക്കുന്നതായി മനസ്സിലാക്കാം. അതുകൊണ്ടാണല്ലോ ഒ.വി വിജയന്റെ ഏറ്റവും ശ്രദ്ധേയമായ ‘ഖസാക്കിന്റെ ഇതിഹാസം’ എന്ന നോവലിനെ മുപ്പത് പടങ്ങളാക്കി ഭട്ടതിരി അവതരിപ്പിച്ചത്. ഒരു ലിപി അത്രത്തോളം വലിയൊരു ക്യാന്വാസിനായി കാത്തിരിക്കുകയാണെന്ന വലിയ പാഠമാണ് ഭട്ടതിരി കൈമാറുന്നത്.
മലയാളത്തിന്റെ മീര്‍ അലി
കയ്യെഴുത്തു ചരിത്രത്തിലേക്ക്
കടക്കുമ്പോള്‍
നാം അവിചാരിതമായി കണ്ടുമുട്ടുന്ന ഒരു കഥാപാത്രമാണ് മീര്‍ അലി. ജഹാംഗീറിന്റെ കൊട്ടാരം കലിഗ്രഫിയുടെ പേരിലാണല്ലോ പില്ക്കാലത്ത് അറിയപ്പെട്ടിരുന്നത്. അവിടുത്തെ കയ്യെഴുത്തുകാരനായിരുന്നു മീര്‍ അലി . ഇവിടെ കയ്യെഴുത്തുകല ഒരു മത്സര ഇനമോ പൈതൃക സുകൃതമോ ഒന്നും അല്ലാത്തതിനാല്‍ മീര്‍ അലിയുടെ കയ്യെഴുത്തു ചരിത്രം നാം കേട്ടിട്ടു പോലുമുണ്ടാവില്ല. അങ്ങനെയെങ്കില്‍ മലയാളത്തിന്റെ മീര്‍ അലിയാണ് ഭട്ടതിരി. മീര്‍ അലി തന്നെ പറയുന്നുണ്ടല്ലോ , പേനയും ബോധവും തമ്മിലുള്ള ഒരു അവിഹിത ബന്ധത്തില്‍ നിന്നും അക്ഷരങ്ങളെ വെളിപ്പെടുത്തുന്ന പേന അത്ഭുതങ്ങള്‍ തീര്‍ക്കുമെന്ന് . ഈ വിധം അക്ഷരങ്ങള മുറിച്ചിട്ട് കല തീര്‍ക്കുന്ന ആളാണ് ഭട്ടതിരി. ലിപികള്‍ കൊണ്ടുള്ള ഈ അത്ഭുത ഗെയിമില്‍ കലയുടെ വേരുകളെ പതിപ്പിച്ചിടുന്ന ഒരേയൊരു ഭട്ടതിരിയേ നമുക്കുള്ളൂ. ഒരു പിരിയന്‍ ഗോവണി പോലെയോ വളഞ്ഞു പുളഞ്ഞൊഴുകുന്ന പുഴ പോലെയോ ഒക്കെ അക്ഷരങ്ങളെ അടുക്കുമ്പോള്‍ അതിനൊരു രൗദ്രരസം ഉണ്ടാകുന്നുവെന്നു മാത്രമല്ല, ആകാശവും ഭൂമിയും അതിനു മുന്നില്‍ തല കുനിക്കുകയും ലിപികളുടെ ഈണവും താളവും കാണാന്‍ കൂടിയുള്ളതാണെന്ന അലിഖിതനിയമം നടപ്പില്‍ വരികയും ചെയ്യുന്നു. ഇത് ലിപികളുടെ പുതിയ എച്ചിങ്ങാക്ക്. ഒരു ലിപിക്ക് അതിനെ സ്ഥലപ്പെടുത്തിയിരിക്കുന്ന അര്‍ത്ഥത്തേക്കാള്‍ കൂടുതല്‍ മികവ് കൂട്ടാന്‍ ഭട്ടതിരിയുടെ കലിഗ്രഫിക്കാവുന്നു. ചില ഉദാഹരണങ്ങളെ ചൂണിക്കാട്ടാം. :
ഒന്ന്
ഭട്ടതിരി ‘ ആ’ എന്നെഴുതുമ്പോള്‍ അവിടെ ‘ആനയെ’ എഴുന്നള്ളിക്കും.
രണ്ട്.
ഭട്ടതിരിയുടെ ‘അം’ വെറുമൊരു അക്ഷരമല്ല, അത് എല്ലാറ്റിനെയും ( ദുഃഖങ്ങളെയും സന്തോഷങ്ങളെയും ) ഉള്ളില്‍ പൂട്ടിയിടുന്ന കട്ടി കൂടിയ ഒരു ശ്വാസമാണ്.
മൂന്ന്
ഭട്ടതിരിയുടെ (”ദീര്‍ഘ നിര്‍മ്മാണങ്ങള്‍”) നസീമമായ ചക്രവാളങ്ങളുടെ രേഖീകരണമാണ്. ലിപികള്ക്കുള്ളിലെ കലയുടെ ബീജത്തെ വളച്ചു കെട്ടിയെടുക്കാന്‍ എല്ലാവര്‍ക്കുമാവില്ല. അക്ഷരങ്ങളുടെ ഈ പുതിയ വാസ്തുകലയെ തമ്മില്‍ കെട്ടിപ്പുണരുന്ന ലിപികളുടെ ലീലയായിട്ടൊക്കെയാണ് ചിത്രം തന്നെയായ ജാപ്പനീസ് ഭാഷയൊക്കെ പ്രകീര്‍ത്തിക്കുന്നത്. വളഞ്ഞും പിരിഞ്ഞും എത്തുന്ന ഈ അക്ഷര കലയെ മലയാളി ഉള്‍ക്കൊള്ളാന്‍ ഇനിയും കാലങ്ങള്‍ ഏറെയെടുക്കും. ഭട്ടതിരിയുടെ അക്ഷരങ്ങള്‍ക്ക് ഇത്തിരി എടുത്തുചാട്ടം കൂടുതലാണെന്ന് ഒരാള്‍ പ്രസ്താവിക്കുമ്പോള്‍ അതിനെ കലയുടെ ബോധത്തില്‍ വെച്ചു മനസ്സിലാക്കുകയാണ് പ്രധാനം.