കവിതയുടെ വൈദ്യുതി നിറച്ച ശില്പങ്ങൾ !
കലയുടെ പഴകിയ ദർശനങ്ങളെ ലംഘിച്ചാലേ പുതിയതിന് പിറവി കൊള്ളാനാകുകയുളളുവെന്നു വിശ്വസിക്കുന്ന ഒരു കലാകാരൻ കാനായിയുടെ ഉളളിൽ താമസിക്കുന്നുണ്ട്. സൃഷ്ടിയിലൂടെ ചരിത്രാതീത സംബന്ധിയായ ഒരു പാർപ്പിടം കാലത്തിന് (time) കൊത്തി നൽകുക എന്ന രഹസ്യലക്ഷ്യത്തെയാണ് ഒരു വലിയ അളവുവരെ ” മുക്കോലപ്പെരുമാൾ ” അവതരിപ്പിക്കുന്നത്. ഭൂത / വർത്തമാന / ഭാവി കാലങ്ങളുടെ സാധാരണ വ്യാഖ്യാനങ്ങളുടെ ദൃശ്യസമൃദ്ധിയായിട്ടും ഇതിനെ നമുക്ക് കണക്കാക്കാം.
ശില്പകലയെ നമുക്ക് ഇണങ്ങുന്ന കലയെന്നും ഇടപഴകുന്ന കലയെന്നും ഒക്കെ കള്ളിതിരിക്കാനായേക്കും. പക്ഷെ കലയുടെ ഈ പ്രധാന സാധ്യത തെളിയുന്നത് ബാഹ്യലോകവുമായുള്ള ഭിന്നിപ്പിൽ നിന്നാണ്. ഒരു ശില്പിയുടെ പ്രഥമ പ്രേരണ എന്തായിരിക്കുമെന്നതിനെ കുറിച്ച് നമുക്ക് തർക്കങ്ങളുണ്ടാവില്ല. ഒരു ശില്പിയുടെ ബാഹ്യലോകവുമായി ബന്ധപ്പെടാനുള്ള അഭിലാഷത്തിന്റെ ഊർജ്ജമാണ് ഇന്ന് നാം പരക്കെ കണ്ടുകൊണ്ടിരിക്കുന്ന ഓരോ ശില്പങ്ങളും. ഇതിൽ പലതും പൊതുബോധവുമായുള്ള ഭിന്നിപ്പിൽ നിന്നും രൂപമെടുത്തവയാണ്. എല്ലാ ചരിത്രപരമായ പ്രാധാന്യങ്ങളും ചെന്ന് ഉടക്കി നിൽക്കുന്നത് സാക്ഷരതയുടെ സാമ്പ്രദായിക പ്രത്യയശാസ്ത്രങ്ങളുമായുള്ള വലിയൊരു തർക്കത്തിലുംഭിന്നിപ്പിലുമായിരിക്കും. ശില്പകലയിൽ വ്യാപരിക്കുന്ന ഒരു സജീവമായ മനസ്സിനെ വർണ്ണക്കൊടികൾ ഉയർത്തി അംഗീകരിക്കാൻ പാകത്തിൽ പക്ഷെ മലയാളിയുടെ ദൃശ്യസാക്ഷരതയ്ക്ക് അസ്ഥിബലം കൈവന്നിട്ടുണ്ടോ എന്നത് സംശയാസ്പദമായ കാര്യമാണ്. ഒരുപക്ഷെ ഇത്തരം ഒരു മാനസികനിലയെ പൊരുതി തോൽപ്പിക്കുകയും ശില്പകലയെ ജനകീയമാക്കുകയും ചെയ്തത് ഉള്ളിൽ ദാർശനിക കവിതയുടെ തീയുള്ള കാനായി കുഞ്ഞിരാമനാണ്. കൊത്തിയെടുക്കുന്ന ഓരോ ശില്പത്തിലേക്കും കവിതയുടെ വൈദ്യുതി നിറച്ചുവെയ്ക്കുന്ന കാനായിയുടെ ശില്പങ്ങളെ വായിക്കാൻ ഒരു രഹസ്യ ഇന്ദ്രിയം ആവശ്യമാണ്. കവിതയുടെ ഈർപ്പമുള്ള ഒരു ഞരമ്പിനെ ഉളളിൽ നിന്നും കടഞ്ഞെടുത്തു ആ രഹസ്യ ഇന്ദ്രിയവുമായി തുന്നിപ്പിടിപ്പിക്കുന്നവർക്കേ നഗ്നത ഭിന്നിപ്പല്ലെന്നും അതു പ്രകൃതിയുടെ സ്വതന്ത്രമായിരിക്കാനുള്ള അലിഖിത രാഷ്ട്രീയമാണെന്നും ബോദ്ധ്യമാകുകയുള്ളു. ഇതുവരെ മലയാളി കാനായിയെ വായിച്ചിട്ടുള്ളത് ലൈംഗിക മന:ശാസ്ത്രം ഉപയോഗിച്ചാണ്. ശില്പകലയെ ജനകീയമാക്കിയ ഒരു കലാകാരനോട് ഇവിടുത്തെ സദാചാര സ്കൂളുകൾ കാട്ടിയ അനീതിയെ ചെറുത്തു തോൽപ്പിച്ചേ മതിയാകൂ. എവിടെയോ കള്ളവാതിലുകളുള്ള ഒരു കുടില മാർഗ്ഗമാണ് ഇവിടുത്തെ എല്ലാ സദാചാര സ്കൂളുകളും. ആ താഴ് പൊളിക്കാൻ കാനായിയുടെ ശില്പങ്ങൾക്കേ കഴിയൂ. കാരണം അതു കവിതയുടെ ഇലസ്ട്രേറ്റഡ് രൂപമാണ്. അത് കാഴ്ചക്കാരന്റെ ബോധമണ്ഡലത്തിലെ ഒരു തിയറ്റർ നിർമ്മിതിയാണ്.
കാനായിയെ
വായിക്കേണ്ടുന്ന വിധം
ജീവിതം എന്ന യാഥാർത്ഥ്യത്തെ നമ്മൾ കാണുംപോലെ അത്ര ലളിതമായി കാണുന്ന ഒരാളല്ല കാനായി. തത്വചിന്തകരുടെ തലമുറയ്ക്ക് ചെയ്യാനാവാതെ പോയത് കാനായിയെ പോലൊരു ശില്പി ചെയ്യുമ്പോൾ അത് പുതിയ മട്ടിലുള്ള യാഥാർത്ഥ്യനിർവ്വചനമായി മാറുന്നു. അത്തരം ഒരു റിയലിസത്തിന്റെ ശക്തമായ സാന്നിദ്ധ്യമുള്ള ശില്പമാണ് ” ദമ്പതികൾ’ . നല്ല പ്രവർത്തനശേഷിയുള
ഒരു ശില്പിക്കേ ഒറ്റ ശരീരമായിരിക്കേണ്ട ദാമ്പത്യത്തിന്റെ കണ്ണിയെ ഒറ്റ ശില്പത്തിൽ പ്രതീകാത്മമകമായി ചിത്രീകരിക്കാനാവൂ. ദമ്പതികൾ എന്നു കേൾക്കുമ്പോൾ സ്ത്രീ/പുരുഷ സംയോഗത്തിന്റെ മാത്രം രൂപങ്ങൾ മനസ്സിലേക്ക് ഇരച്ചെത്തുന്ന നമ്മുടേതു പോലൊരു സംസ്കാരത്തിനുള്ള കനത്ത പ്രഹരമായിട്ടു വേണം ഈ ശില്പത്തെ വായിക്കാൻ. ഇതിൽ ഒരേസമയം പ്രകൃതിയുടെയും മനുഷ്യന്റെയും ശരീര താളമുണ്ട്. ഇതൊരു നിശ്ചല ശില്പമല്ല. മനുഷ്യരോട് സംവദിക്കുന്ന ഒന്നിനെയും നിശ്ചലമെന്ന ബ്രാക്കറ്റിൽ കൊണ്ടു കുടുക്കിയിടാനാവില്ല. താൻ സൃഷ്ടിക്കുന്ന ഒരു ശില്പവും അമൂർത്തതയുടെ തുരങ്കത്തിലേക്ക് കടന്ന് ഒറ്റപ്പെടാതിരിക്കാൻ അവയിലൊക്കെയും പ്രകൃതിയുടെ സത്ത കലർത്തുകയും സൗന്ദര്യ സംഹിതകൾ തുളുമ്പി നിൽക്കുന്ന മുഖരൂപങ്ങൾ കൊത്തുകയും ചെയ്യുന്നു. പ്രകൃതിയുടെ മിനുപ്പുകളെ പുതിയ ഭാഷ്യത്തിൽ ആവിഷ്ക്കരിക്കാൻ കാനായി നടത്തിയ ആദ്യ ശ്രമത്തിന്റെ അവതാരിക മാത്രമാ ണ് ദമ്പതികൾ. പുതിയൊരു റിയലിസം കാനായി മലയാളിക്കു നൽകുന്നത് തന്റെ “അമ്മ” എന്ന ശില്പത്തിലൂടെയാണ്. ഇതു കാനായി വികസിപ്പിച്ചെടുക്കുന്ന ഐതിഹ്യമാണ്. അമ്മ എന്ന ശില്പം അവതരിപ്പിക്കുക വഴി സ്വന്തം വേരുകൾ ഉന്മത്തമായി തിരയുന്ന കേരളത്തിലെ ആദ്യത്തെ കലാകാരനായി കാനായി മാറുകയാണ്. കേരളത്തിന്റെ സാംസ്കാരിക കലാരൂപങ്ങളായ തിറയുടെയും തെയ്യത്തിന്റെയുമൊക്കെ പശ്ചാത്തല സൗന്ദര്യം ആവാഹിച്ചിട്ടുള്ള അമ്മയും നമ്മിൽ നിന്നും സാമ്പ്രദായിക വായനയ്ക്കു വിരുദ്ധമായ ഒരു വായന ആവശ്യപ്പെടുന്നു. ഈ അമ്മ ശില്പത്തിന് മൂന്നു കണ്ണുകളുണ്ട്. അതിനെ ഇന്ത്യൻ തത്വചിന്തയുടെ വെളിച്ചത്തിൽ സൃഷ്ടി / സ്ഥിതി /സംഹാരം എന്ന ദർശനബോധത്തിൽ വെച്ചു വായിക്കാം. എല്ലാറ്റിലും പ്രകൃതിയുടെ തുടിപ്പും ശ്വാസവും നിലനിർത്തുന്ന ഒരു ശില്പിയുടെ സൃഷ്ടിയെ അങ്ങനെ മാത്രം വായിച്ചാൽ മതിയോ ?
ഇതിനെ കുറേക്കൂടി ഒരു പ്രായോഗിക തത്വവാദത്തിലേക്ക് കൊണ്ടുവെച്ചു വായിച്ചാൽ എന്താ കുഴപ്പം ? അമ്മ എന്ന ശില്പത്തിലെ മൂന്ന് കണ്ണുകളിൽ ഒന്ന് പ്രകൃതിയുടേതും മറ്റ് രണ്ടു കണ്ണുകൾ അമ്മയുടേതുമായി വായിച്ചെടുത്തു കൂടെ. അങ്ങനെയെങ്കിൽ ഭൂമിയിലെ എല്ലാറ്റിനെയും മുലയൂട്ടുന്ന പ്രകൃതിയുടെ ഒരു സ്തനം മധ്യത്തിലും നെഞ്ചിന്റെ ഇരുവശങ്ങളിലുമായിട്ടുള്ള രണ്ടു സ്തനങ്ങൾ ഒരു സ്ത്രീയുടെ അമ്മത്വത്തിന്റെ സൂക്ഷ്മ വിശാലതയായും വായിച്ചെടുത്തുകൂടെ. അപ്പോഴും കാലാകാലങ്ങളിലായി നാം വെച്ചുപുലർത്തുന്ന അമ്മദൈവ സങ്കല്പത്തിന്റെ വ്യാഖ്യാനമായും കാനായിയുടെ അമ്മ മാറുന്നു.
കലയുടെ പഴകിയ ദർശനങ്ങളെ ലംഘിച്ചാലേ പുതിയതിന് പിറവി കൊള്ളാനാകുകയുളളുവെന്നു വിശ്വസിക്കുന്ന ഒരു കലാകാരൻ കാനായിയുടെ ഉളളിൽ താമസിക്കുന്നുണ്ട്. സൃഷ്ടിയിലൂടെ ചരിത്രാതീത സംബന്ധിയായ ഒരു പാർപ്പിടം കാലത്തിന് (time) കൊത്തി നൽകുക എന്ന രഹസ്യലക്ഷ്യത്തെയാണ് ഒരു വലിയ അളവുവരെ ” മുക്കോലപ്പെരുമാൾ ” അവതരിപ്പിക്കുന്നത്.
ഭൂത / വർത്തമാന / ഭാവി കാലങ്ങളുടെ സാധാരണ വ്യാഖ്യാനങ്ങളുടെ ദൃശ്യസമൃദ്ധിയായിട്ടും ഇതിനെ നമുക്ക് കണക്കാക്കാം. ഈ ശില്പസമുച്ചയത്തിലെ വർത്തമാന കാലത്തെ അടയാളപ്പെടുത്തുന്ന ശില്പത്തിന് മൂന്നു കണ്ണുകളാണുള്ളത്. ഇവിടെയും മൂന്ന് എന്ന പൂർണ്ണ സംഖ്യയുടെ ഗണിത തത്വചിന്തയാണ്. പോയകാലത്തിന്റെ ഓർമ്മ നന്മകളിൽ ജീവിക്കാൻ നമ്മെ ക്ഷണിക്കുകയും ഭാവിയെ പ്രതീക്ഷകളുടെ പ്രഭയിൽ നിന്ന് സ്വാഗതം ചെയ്യാനുമുള്ള ജൈവഊർജ്ജമാണ് കൈമാറുകയും ചെയ്യുന്നു.. ഭാവിയിലേക്ക് / ഉയരങ്ങളിലേക്കാണ് എല്ലാ സ്വപ്നങ്ങളും അതിന്റെ കുതിച്ചു ചാട്ടത്തിന്റെയും ആഞ്ഞുപറക്കലിന്റെയും ചിറകുകളെ മൂർച്ചപ്പെടുത്തി വയ്ക്കുന്നത്. അതിന്റെ കാഴചപ്പെരുപ്പത്തെ ചിത്രീകരിക്കുന്ന , ഒരു പറക്കമുറ്റിയ പക്ഷിയുടെ രൂപമാണ് ” ഭാവികാലം ” എന്ന ശില്പത്തിന്റെ ശിരസ്സിൽ ഘടിപ്പിച്ചു വെച്ചിട്ടുള്ളത്. ജീവിതം തളിരിട്ടതിന്റെയും ഇപ്പോഴും തുടരുന്നതിന്റെയും നാളെ തളിരിടാനിരിക്കുന്നതിന്റെയും ആന്തരിക പ്രത്യക്ഷമാണ് മുക്കോലപ്പെരുമാൾ .
ശില്പത്തെ ഒരു ടെക്സ്ചറാക്കുക. അതിൽ ഭാവനയുടെ മുഴക്കങ്ങളെ പ്രതിഷ്ഠിക്കുക. അതിനും മീതേ ഒരു സ്ത്രീരൂപത്തിന്റെ ആകൃതി രൂപപ്പെടുത്തുക. ഇതൊക്കെ
അധികമാരും പ്രവർത്തിപ്പിച്ചിട്ടില്ലാത്ത ശില്പമാണ് മാജിക്ക്. കാനായിയുടെ “അസ്തമയം ” അത്തരത്തിൽ രൂപപ്പെട്ടിട്ടുള്ള ഒന്നാണ്. ഒരേ സമയം അർദ്ധ യാഥാർത്ഥ്യവും അർദ്ധ അമൂർത്തതയുമായിട്ടുള്ള ഈ ശില്പത്തെ അസ്തമയത്തെ എതിരേൽക്കാൻ കാൽ ഉയർത്തി കാത്തു കിടക്കുന്ന സ്ത്രീരൂപമായി ഉൾക്കൊളളാം . ഇതിലെ ഭാവനയുടെ തൂക്കം നാം കാണുന്നത് സൂര്യനെ പ്രതീകവൽക്കരിച്ചിരിക്കുന്ന വൃത്താകൃതിയിലുള്ള ചുവന്ന ദ്വാരത്തിലൂടെയാണ്. നമ്മുടെ പ്രകൃതി സങ്കൽപങ്ങളെ ചികിത്സിക്കുന്ന ക്ലിനിക്കൽ സ്കൾപ്ച്ചറാണ് ( clinical sculptor) കാനായി നിർമ്മിച്ച അസ്തമയം.
യക്ഷിക്ക് ഒരു
അർച്ചനാഗീതം !
സ്ത്രീശരീരത്തെ കാവ്യവസ്തുവായി സ്വീകരിച്ചുകൊണ്ട് സദാചാരബോധം മലയാളി യിൽ കെട്ടിവെച്ച അറപ്പുളവാക്കുന്ന ലൈംഗിക വ്രണങ്ങളെ ചോദ്യം ചെയ്യാൻ കാനായി കണ്ടെത്തിയ കലാമാർഗമായിരുന്നു “യക്ഷി ‘ എന്ന ശില്പം. സ്ത്രീയെന്നാൽ പുരുഷന് ലൈംഗികതയുടെ വിരുന്നുകാരനായി എത്താനുള്ള കൊഴുപ്പിടമാണെന്ന ധാരണയെയാണ് കാനായി തവിടുപൊടിയാക്കുന്നത്. കേരളത്തിന്റെ ശില്പകലാ ചരിത്രത്തിലെ എക്കാലത്തെയും വിസ്ഫോടനമാണീ ശില്പം. അമ്പലച്ചുവരുകളെ ഭക്തിയുടെ ചതുരപ്രതലങ്ങളാക്കാൻ വിനിയോഗിച്ചിരുന്ന നഗ്ന ഭാവനയെ കാനായി സ്വതന്ത്രമാക്കുകയായിരുന്നു. പ്രകൃതിയിലെ സർവ്വ വികാരങ്ങളും സ്ത്രീയിലേതുപോലെ സ്ത്രൈണമാണെന്നും അതിന്റെ മൂർത്തീരൂപം ശില്പത്തിൽ കടഞ്ഞെടുത്താൽ ഒരു സ്ത്രീയുടേതിനു സദൃശമായിരിക്കുമെന്നും ഉള്ള വ്യാഖ്യാനങ്ങളേക്കാൾ സർവ്വസ്വതന്ത്രയായ പ്രകൃതിയുടെ കാവൽക്കാരിയായിട്ടാണ് യക്ഷി എന്ന ശില്പം ശരീരരൂപമെടുക്കുന്നത്. പ്രകൃതിയുടെ ഊർജ്ജത്തെ മാതൃത്വത്തിന് മിഴിവേകാൻ സംഭരിക്കുന്ന ഏതൊരു സ്ത്രീയുടെയും വിശുദ്ധരൂപത്തെ നമുക്ക് ഇനി ഈ ശില്പത്തിൽ തിരുത്തി വായിക്കാം.
അനുബന്ധം
ശില്പകലയെ വാക്കുകളുടെ ചടുല പല്ലവികൾ കൊണ്ടു പൂരിപ്പിക്കുക എന്ന വലിയ ദൗത്യത്തെ വിട്ടുപോയ ചില ശില്പങ്ങൾ കൊണ്ടു തന്നെ പൂരിപ്പിക്കാമെന്നു വിചാരിക്കുന്നു. സാഗര കന്യക നിർമ്മിച്ചിരിക്കുന്നതു പ്രകൃതിയുടെ ഭാഗമായി തന്നെയാണ്. പ്രകൃതിയെ കലാപരമായി പിരിച്ചുവെച്ച പെണ്ണുടൽ വാർപ്പായി സാഗര കന്യക മാറുകയാണ്. പാമ്പുകളുടെ വികാരവിക്ഷോഭ നിമിഷങ്ങളിലേതുപോലെ ചുറ്റുപ്പിണഞ്ഞിരിക്കുന്ന ശില്പനിർമ്മിതി വഴിയാണ് കാനായി ആലിംഗനത്തെ ഭാവന ചെയ്തിതിക്കുന്നത്. ആ നേട്ടം കേരളത്തിന്റെ നൃത്തകലകളെ ഓർമ്മിപ്പിക്കുന്നവയാണ്. മലയാളിയുടെ പുരസ്കാര ശില്പത്തിന്റെ മാറുന്ന ഭാവുകത്വവഴികളിലും ആർക്കും നൽകാനാവാത്ത സംഭാവനയാണ് കാനായിക്ക് കൂട്ടിച്ചേർക്കാനായത്. പട്ടം താണുപിള്ള , ശ്രീചിത്തിര തിരുനാൾ മഹാരാജാവ്, നേതാജി സുഭാഷ് ചന്ദ്രബോസ് , ഇ. എം. എസ് നമ്പൂതിരിപ്പാട്. മന്നത്ത് പത്മനാഭൻ , ടാഗോർ, കുമാരനാശാൻ തുടങ്ങി എത്രയോ പേരുടെ രേഖാശിൽപങ്ങളാണ് കാനായി മലയാളിക്ക് സംഭാവന ചെയ്തിട്ടുള്ളത്. ശില്പങ്ങളിൽ കവിതയുടെ വൈദ്യുതി നിറച്ച ഈ ലോകപ്രശസ്ത ശില്പിയുടെ ദാർശനികത മുറ്റിയ ശില്പങ്ങളെ എങ്ങനെ നിരാകരിക്കാനാവും.