ജയപാലപ്പണിക്കർ ചിത്രകലയിലെ നഷ്ടശരീരം

സങ്കര സംസ്കാരത്തിന്റെ കലയായ ചിത്രഭാഷയെ സങ്കുചിതമതബോധത്തിന്റെ ഉത്പന്നമാക്കിമാറ്റാൻ ശ്രമിച്ച ഒരു കാലഘട്ടത്തെ നിറങ്ങൾ കൊണ്ട് എതിർക്കാനാണ് ജയപാലപ്പണിക്കർ എന്ന ചിത്രകാരൻ ശ്രമിച്ചത്. കലാചരിത്രത്തിലെ സവർണ്ണഭൂതകാലത്തെ പുനരാനയിക്കലല്ല പ്രതിരോധം എന്നു തിരിച്ചറിഞ്ഞ കലാകാരനായിരുന്നു ജയപാലൻ.

ഒരു പ്രത്യേക സാമൂഹിക കാരണത്തിൽ നിന്നാണ് ഓരോ കലയും പിറവിയെടുക്കുന്നത്. മേൽക്കൈ നേടുന്ന പാശ്ചാത്യാധുനികതയെ പ്രതിരോധിച്ച കേരളീയ സമഗ്രതയായിട്ടാണ് ഇവിടെ ചിത്രകലയുടെ സംസ്കാരം അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്.

സങ്കര സംസ്കാരത്തിന്റെ കലയായ ചിത്രഭാഷയെ സങ്കുചിതമതബോധത്തിന്റെ ഉത്പന്നമാക്കിമാറ്റാൻ ശ്രമിച്ച ഒരു കാലഘട്ടത്തെ നിറങ്ങൾ കൊണ്ട് എതിർക്കാനാണ് ജയപാലപ്പണിക്കർ എന്ന ചിത്രകാരൻ ശ്രമിച്ചത്. കലാചരിത്രത്തിലെ സവർണ്ണഭൂതകാലത്തെ പുനരാനയിക്കലല്ല പ്രതിരോധം എന്നു തിരിച്ചറിഞ്ഞ കലാകാരനായിരുന്നു ജയപാലൻ. മലയാളിയുടെ നൂറ്റാണ്ടിനെ നിർവ്വചിക്കാൻ തക്കശേഷിയുള്ള സങ്കല്പങ്ങളെ ഈ ചിത്രകാരൻ പൊതുബോധത്തിലേക്ക് നിഗൂഹനം ചെയ്തുവച്ചു. കല കലയ്ക്കുള്ളിൽത്തന്നെ വ്യവഹരിക്കപ്പെടുന്ന വിനിമയപദ്ധതിയുടെ റീസ്ട്രക് ചറലൈസേഷനായിരുന്നു അത്. സ്ഥലം ഒരു ബോധരൂപമാണ്. അതിനുള്ളിലെ ഓരോ ഭാഷാനിർമ്മിതിയെയും അതിന്റെ വ്യാഖ്യാനമായി വേണം കണക്കാക്കാൻ. ജയപാലപ്പണിക്കർക്ക് ഭാഷ നിറങ്ങളായിരുന്നു. ദേശം എന്ന അമൂർത്ത സങ്കല്പത്തെ സമൂർത്തമാക്കി തീർക്കാൻ നിറം എന്ന ഭാഷയെയും അതിനുള്ളിലെ സാംസ്കാരിക വിഭവ സ്രോതസ്സിനെയും അനായാസമായി ജയപാലപ്പണിക്കർ വിനിയോഗിക്കുകയായിരുന്നു. നിറങ്ങളാൽ സ്വരൂപിക്കപ്പെട്ട അർത്ഥങ്ങളെ കാഴ്ചയുടെ സമാന്തരലോകത്തിലെ അബോധചരിത്രമായി കണ്ട് പരിചരിക്കുകയായിരുന്നു ജയപാല പ്പണിക്കർ. സമൂഹഭാവനക്കുള്ളിൽ നിരവധി അർത്ഥകലഹങ്ങളെ കെട്ടഴിച്ചുവിടുന്ന കാഴ്ചയുടെ ചരിത്രമാണ് ഈ ചിത്രകാരൻ തീർത്തിരുന്നത്. അതുകൊണ്ടുതന്നെ ജയപാലപ്പണിക്കരുടെ ചിത്ര ലോകത്തിന് ഒരു സാധാരണ കാണി നൽകുന്ന നിർവ്വചനങ്ങൾ പാകമാവാതെ വരും. കലയുടെ മണ്ഡലത്തിൽ നടക്കുന്ന രീതിവ്യത്യാസങ്ങളും നയവ്യത്യാസങ്ങളും ആരും ഇതുവരെ ഉന്നം വെച്ചിട്ടില്ലാത്ത അഭിരുചികൾ കൊണ്ട് നിരീക്ഷിക്കേണ്ടിയിരിക്കുന്നു.

ജയപാലപ്പണിക്കരുടെ ഒന്നോ രണ്ടോ പരമ്പരകളെ നിരീക്ഷിച്ചതുകൊണ്ടുമാത്രം ഈ കലാകാരന്റെ കലയുടെ രാഷ്ട്രീയം നമുക്ക് വെളിപ്പെട്ടു കിട്ടണമെന്നില്ല. പണിക്കരുടെ ചിത്രങ്ങൾ രൂപത്തെ മാത്രമല്ല അടിസ്ഥാനപ്പെടുത്തുന്നത്. അവ കാലത്തെ ധ്വനിപ്പിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ പ്രകൃതിയിൽത്തന്നെയുള്ള നിയതരൂപങ്ങളോ പ്രകൃതിയിലില്ലാത്ത അനിയതരൂപങ്ങളോ നിറങ്ങളുടെ ഭാഷയായി രൂപമെടുക്കുകയാണ്. പണിക്കരുടെ കലയുടെ ഊഷ്മാവ് തിരിച്ചറിയണമെങ്കിൽ ക്രമാതീതമായ വ്യതിയാനം സംഭവിക്കുന്ന രണ്ട് പരമ്പരകളെ നിരീക്ഷിച്ചേ മതിയാകൂ.

ഒന്ന്
പരിമാണം

അളവുള്ള
അളവുണ്ട്
അളവില്ലാത്ത
അളവുണ്ട്.
ആ അളവാണ്
അനന്തത.
ജയപാലപ്പണിക്കർ

പരിമാണം പരമ്പരയിലെ ചിത്രങ്ങൾ ഓരോന്നും അമൂർത്ത രൂപങ്ങളാണെന്ന് പറഞ്ഞ് നീക്കി വയ്ക്കാനാവില്ല. ലിത്തോ കളർ, ജലച്ചായം എന്നീ മീഡിയങ്ങളിലുള്ള പരമമായ സുതാര്യ പ്രതലങ്ങൾ ജയപാലന്റെ ആത്മീയ സങ്കല്പങ്ങൾ ഉൾക്കൊള്ളുന്നവ കൂടിയായിരുന്നു. അതിലെ വെള്ളനിറത്തിന്റെ അമിതമായ സാന്നിദ്ധ്യത്തെ പണിക്കരുടെ ദൈവബോധമായി കൂടി വായിച്ചെടുക്കേണ്ടതുണ്ട്. ശങ്കരാചാര്യരുടെ ദാർശനിക സിദ്ധാന്തങ്ങളുടെ ദൃശ്യരൂപമായും ഈ ചിത്രങ്ങളെ വായിക്കാവുന്നതാണ്. സ്പേസിനുള്ളിൽ മറ്റൊരു സ്പേസ് കാഴ്ചക്കായി ഒഴിച്ചിടുന്ന രീതി അക്കാലത്ത് മറ്റാരും പരീക്ഷിച്ചിരുന്നില്ല. ചിത്രകലയിലെ ജ്ഞാനിയാണ് പണിക്കർ. അതുകൊണ്ടുതന്നെ നിറങ്ങളെ മലിനതയിലേക്ക് അലയാൻ വിടാൻ പണിക്കർക്കാവില്ല. വാർദ്ധക്യം പിടിച്ച നിറാലങ്കാരങ്ങളുടെ പ്രദർശന സുഖമല്ല പരിമാണം സീരിയസ് ചിത്രങ്ങൾ.

രണ്ട്
റിലീഫ് പരമ്പരയുടെ രാഷ്ട്രീയം

ചെമ്പു തകിടിനെ ഗ്രാഫിക് മാധ്യമമാക്കി ഒരുപാട് ചിത്രപരമ്പരകൾ പണിക്കർ ചെയ്തിട്ടുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു മെറ്റൽ റിലീഫ് ശില്പമാണ് “ആദിരൂപങ്ങൾ”. മനുഷ്യൻ എന്ന സത്തയിലേക്ക് എത്തും മുമ്പുള്ള മനോജ്ഞങ്ങളായ പ്രപഞ്ച രൂപങ്ങൾ ഇവിടെ പണിക്കർ എന്ന കലാകാരനിലേക്ക് പ്രവേശിക്കാനുള്ള നിമിത്തങ്ങളായി പ്രത്യക്ഷപ്പെടുന്നു. അതിൽ നാഗങ്ങളും മൃഗശിരസ്സുകളും മത്സ്യങ്ങളും മറ്റു ഇഴജന്തുക്കളും ഒക്കെ കാണാം. പ്രപഞ്ചത്തിന്റെ ജ്ഞാന രഹസ്യം വിളംബരം ചെയ്യുന്ന ആദിരൂപത്തിൽ നിന്ന് വീണ്ടും നാം എത്തുന്നത് ‘സൂര്യ മുഖം’പോലുള്ള ശില്പങ്ങളിലാണ്. കത്തിജ്വലിക്കുന്ന സൂര്യനിലേക്ക് ഇന്നോളം ആരും കണ്ണുകൾ അയച്ചിട്ടുണ്ടാവില്ല. പ്രപഞ്ചഗന്ധിയായ ഒരു കലാകാരന്റെ കണ്ണുകൾ സൂര്യനുള്ളിലെ വെളിച്ചത്തിന്റെ പുരുഷ ഗോപുരത്തെ തെളിച്ചു കാട്ടുന്നു. പണിക്കരുടെ മനസ്സ് ഇവിടെ ഇന്ദ്രിയ സമുച്ചമായ ദർശന ഇടമായി മാറുന്നു. ഇവയിലൊക്കെ പ്രകടമായി നിൽക്കുന്നത് മനുഷ്യോൽപത്തിയും സ്ത്രീപുരുഷ ബന്ധങ്ങളും ശിവശക്തി പരിണയവുമാണ്. ചിത്രകലയുടെ സാമ്പ്രദായിക ഹോർമോൺ വ്യതിയാനങ്ങളെ സസൂക്ഷ്മം നിരീക്ഷിക്കുന്ന ഒരാൾക്കേ അനന്തത എന്ന അളവിനെ നിറത്തിന്റെ ഭാവാർത്ഥങ്ങൾ കൊണ്ട് ചിട്ടപ്പെടുത്താനാവൂ. കേരളീയ ചിത്രകലയിലെ ഈ ഐതിഹാസിക ശരീരത്തെ ചിത്രങ്ങളിലൂടെ വീണ്ടെടുത്തിരുന്നെങ്കിൽ.

Author

Scroll to top
Close
Browse Categories