സമകാലിക പെൺചിത്രകല: അനുഭവവും ആഖ്യാനവും !
കാഴ്ചക്കാരനെ ആഴത്തിൽ കൊളുത്തി വലിക്കുന്ന സന്ദേഹങ്ങൾ കൊണ്ടും മറവിയിൽ തല പൂഴ്ത്തിക്കിടക്കുന്ന കുറ്റസ്മൃതികൾ കൊണ്ടും തടഞ്ഞു നിർത്താൻ ചില പെൺചിത്രങ്ങൾക്കാവുന്നു. പുതിയ ചിത്രകാരിക്ക് സഹജമായുള്ള നുരയുന്ന കുസൃതി അങ്ങിങ്ങു ലാഘവം പകരുന്ന ആശയനിവേദനമാകുമ്പോൾ തന്നെ അവ മെച്ചപ്പെട്ട ഉൾക്കാഴ്ചകളായി നമ്മെ പിൻതുടരുന്നതു കാണാം.
വ്യവസ്ഥിതിയുടെ നേർക്കുള്ള ചോദ്യം ചെയ്യൽ വൈകാതെ പരിഷ്കരണ വാദത്തിൽ അധിഷ്ഠിതമായ പ്രത്യാശയിൽ മുട്ടിത്തിരിഞ്ഞു വരുന്നതിനു സാക്ഷികളായി മാറുന്ന കുറച്ചധികം ചിത്രകാരികൾ മലയാളത്തിലുണ്ട്. ഇവിടെ ഒരു സംഗതി വ്യക്തമാക്കേണ്ടിയിരിക്കുന്നു.
ഒരു ചിത്രകാരി പലതരം വിഷയങ്ങൾ കൈകാര്യം ചെയ്തുവെന്നു വരാം. ടി.കെ. പത്മിനിയെപ്പോലുള്ള ചിത്രകാരികളുടെ ചിത്രങ്ങളെ ഉപജീവിച്ചുവെന്നും വരാം. ഈ സംഗതികൾ വലിയൊരു പരിധിവരെ ഒരു ചിത്രകാരി സൃഷ്ടിയിൽ ഏർപ്പെടുന്ന സാഹചര്യങ്ങളെ ആശ്രയിച്ചു നിലകൊള്ളുന്നു. അപ്പോഴും പുതിയ ചിത്രകാരിയിലെ ഏറ്റുപറച്ചിലിന്റെ സ്വരമുൾക്കൊള്ളുന്ന ആത്മാലാപന കൗതുകം മികച്ച പ്രേരണയായി വർത്തിക്കുന്നതു കാണാം. ജീവിക്കുന്ന കാലം ഒരു ചിത്രകാരിക്കു മുന്നിൽ കൂടിക്കുഴഞ്ഞു കിടക്കുന്ന ശ്ലഥമായൊരു രൂപമാണ്. അവിടെ ചിത്രകാരി സ്വയമൊരു കഥാപാത്രമായി വന്ന് കാലത്തെ വിവരിക്കുന്നു. അപ്പോൾ കാഴ്ചക്കാരനെ ആഴത്തിൽ കൊളുത്തി വലിക്കുന്ന സന്ദേഹങ്ങൾ കൊണ്ടും മറവിയിൽ തല പൂഴ്ത്തിക്കിടക്കുന്ന കുറ്റസ്മൃതികൾ കൊണ്ടും തടഞ്ഞു നിർത്താൻ ചില പെൺചിത്രങ്ങൾക്കാവുന്നു. പുതിയ ചിത്രകാരിക്ക് സഹജമായുള്ള നുരയുന്ന കുസൃതി അങ്ങിങ്ങു ലാഘവം പകരുന്ന ആശയനിവേദനമാകുമ്പോൾ തന്നെ അവ മെച്ചപ്പെട്ട ഉൾക്കാഴ്ചകളായി നമ്മെ പിൻതുടരുന്നതു കാണാം. ചിത്രകല പോലെ പ്രദർശനപരതയാർന്ന ഒരു മാധ്യമത്തിലൂടെ കാലത്തിന്റെ കള്ളറകൾ തിരയുന്ന നമ്മുടെ ചിത്രകാരികൾ ആത്മോപാഖ്യാനപരമായ വിദ്യ പ്രയോഗിക്കുന്നതു കാണാം. പീഡിതമായ സ്ത്രീത്വത്തിന്റെ അംശങ്ങൾ ഉൾക്കൊള്ളിച്ചിട്ടുള്ളതായി പ്രത്യക്ഷപ്പെടുന്ന ചിത്രങ്ങളിൽ പോലും വേരോടി നിൽക്കുന്നത് ആത്മശിഥിലീകരണ വാസനയാണെന്നു കാണാൻ കഴിയും. ആത്മകഥാപരമായ അന്തർഭാവം കലർന്ന ഇത്തരം ചിത്രങ്ങൾ നാം ജീവിക്കുന്ന കാലത്തിന്റെ വ്യാഖ്യാനം കൂടിയായി മാറുന്നതുകൊണ്ടാണ്. ചിത്രകലാചരിത്രത്തിന്റെ നിർണായകമുഹൂർത്തത്തിൽ കലാസമൂഹത്തിലെ സംവേദനശീലരായ ഒരു വിഭാഗം ചിത്രകാരികൾ അഭിമുഖീകരിച്ച പ്രത്യയശാസ്ത്രപരമായ തിരഞ്ഞെടുപ്പുകളുടെയും ചിന്താക്കുഴപ്പങ്ങളുടെയും സംക്ഷിപ്ത രാഷ്ട്രീയത്തെ പക്ഷപാതങ്ങൾക്കപ്പുറമുള്ള പ്രകാശനമാക്കി മാറ്റിയതെങ്ങനെയെന്ന അന്വേഷണത്തിന് ഇന്നും സാധ്യതയേറുന്നു. സമകാലിക പെൺചിത്രകലയിലെ ഇമ്പമാർന്ന ചില മുഹൂർത്തങ്ങളിലൂടെ യാത്ര ചെയ്താലേ ഈ വസ്തുതകൾ നമുക്കു ബോദ്ധ്യമാകൂ.
മനുഷ്യത്വത്തെ കുറിച്ചുള്ള
കനിവാർന്ന പ്രസ്താവനകൾ !
ചിത്രകാരികൾ വിട്ടുമാറാത്ത കൗതുകത്തോടെ ഉപയോഗിക്കുന്ന ചില പ്രമേയങ്ങൾ അയഞ്ഞ കാലത്തിലെ മനുഷ്യത്വത്തെ അടയാളപ്പെടുത്തുന്ന സൂചകങ്ങളായി പരിണമിക്കുന്നതു കാണാം. ഈ രചനാശൈലിയെക്കുറിച്ചുള്ള എല്ലാ ആലോചനകളും പി. എം. യാമിനി മോഹൻ എന്ന ചിത്രകാരിയിൽ നിന്നും ആരംഭിക്കേണ്ടതുണ്ട്. യാമിനിയുടെ “സെൽഫി’ എന്നു ശീർഷകപ്പെടുത്തിയ ഒരു ചിത്രമുണ്ട്. നിറയെ പച്ചപ്പടർപ്പുകളും പൂവുകളുമുള്ള ഒരു പശ്ചാത്തലഭംഗിയുടെ നടുവിൽ ഒരുപാട് ഭാവങ്ങളുടെ ഭാവം പേറുന്ന ഒരു സ്ത്രീയുടെ മുഖത്തെയാണ് യാമിനി വരച്ചിരിക്കുന്നത്. ഇവിടെ സെൽഫി എന്ന ശീർഷകം കാലം തന്നെയാണെന്നു കാണാൻ കഴിയും. എല്ലാ സെൽഫികളും കൃത്രിമ ഭാവങ്ങളെ നിർമ്മിക്കലല്ല എന്ന തീർച്ചയിലേക്ക് നയിക്കാൻ ഈ ചിത്രത്തിനാവുന്നു. മനുഷ്യൻ എന്ന കഥാപാത്രത്തിന്റെ ലോകാവബോധത്തിലുള്ള ഗതിമാറ്റം കുറിക്കുന്ന വിസ്മയമെഴുന്ന സൂചനകൾ കൂടിയാണ് യാമിനിയുടെ ചിത്രലോകം. അതുകൊണ്ടാണ് റിയോട്ട് ( riot ) പോലെയുള്ള രചനകൾ കൊണ്ട് ചിത്രകലയിൽ പ്രകൃതിയുടെ സജീവ സാന്നിദ്ധ്യത്തെ കല്പനാവിശേഷമാക്കി നിലനിർത്താൻ യാമിനിക്കു കഴിയുന്നത്.
ചിലർ ചില നിറങ്ങളോടു കാട്ടുന്ന കമ്പം അവരിലെ മൗലിക പ്രതിഭാശാലിയായ ചിത്രകാരനെ/കാരിയെ മൊത്തം ചിത്രകലയുടെ ചരിത്രത്തിലെ പുതിയ അധ്യായമായി അടയാളപ്പെടുത്തുന്നതു കാണാം. ഒറ്റ തിരിഞ്ഞതെന്ന് ആദ്യം തോന്നിക്കുന്ന ചില ന്യൂവേവ് ചിത്രങ്ങൾ ആശയപരമായും ശില്പപരമായും സമകാലീന സ്ത്രീജീവിതത്തിന്റെ ഭാഗ്യനിർഭാഗ്യങ്ങളുടെ വിവരമാണെന്നു കാണാൻ കഴിയും. ആ ജനുസ്സിൽപ്പെട്ട ചില ചിത്രങ്ങളാണ് ബിന്ദി രാജഗോപാൽ പണിതെടുക്കുന്നത്. പലതരം നിറങ്ങളുടെ പശ്ചാത്തല ഭംഗിയിൽ വരഞ്ഞുവെച്ച ഒരു ചിത്രമാണ് ” കരിമീൻ “. പാകം ചെയ്യാനായി മാംസത്തിൽ ആറ് വെട്ടുകൾ കൊത്തി കിടത്തിയിരിക്കുന്ന കരിമീനിന്റെ രൂപം ഒരു പ്രതീകാത്മക അർത്ഥത്തെ കൂടി സംവഹിക്കുന്നുണ്ട്. കാരണം അതിന്റെ ബാക്ക് സ്കോറിലെ നിറങ്ങൾ ഒരു സ്ത്രീയുടെ മനസ്സിനെ അനാവരണം ചെയ്യുന്ന കുറച്ചധികം സങ്കരനിറങ്ങളാണ്. അത്തരം ഒരു പ്രതലത്തിൽ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന മീനിന്റെ ശരീരത്തിലെ ആഴമുള്ള മുറിവുകൾ സ്ത്രീയുടെ തന്നെ ആന്തരികവും ബാഹ്യവുമായ മുറിവുകളുടെ പ്രതിനിധാനമാണ്. ഒരു സ്ത്രീയുടെ അവയവഘടന തന്നെ ഒരിക്കലും ഉണങ്ങാത്ത മുറിവുകളുടെ സമുച്ചയമാണല്ലോ. അതുകൊണ്ടു തന്നെ ബിന്ദി എന്തു വരയ്ക്കുമ്പോഴും അതിൽ ഒരു സ്ത്രീയുടെ സ്വത്വം പരോക്ഷമായി കൂടിക്കലരുന്നു.
ചിതറിയ ചിന്തകളുമായി വേഗത്തിൽ കടന്നുപോകുന്ന ഒരു കാലം എല്ലാ ചിത്രകാരികൾക്കു മുമ്പിലും ആഴമായ മുദ്രകളായി പ്രത്യക്ഷമാകുന്നുണ്ട്. അത് ഒരു സ്ത്രീയുടെ ഉൾനാടൻ സ്വത്വത്തെ പിടിച്ചിറക്കികൊണ്ടുവരാൻ എങ്ങനെ സഹായകമാകുന്നുവെന്ന അന്വേഷണം ചെന്നു മുട്ടിനിൽക്കുന്നത് അഞ്ജു പിള്ള എന്ന ചിത്രകാരിയിലാണ്. അഞ്ജുവിന്റെ “സൈലന്റ് വോസ് ” ( silent woes) എന്നൊരു ചിത്രമുണ്ട്. നേരിയ ഇരുണ്ട പശ്ചാത്തലത്തിൽ വെളുത്ത ആടുകളുടെ ഒരു കൂട്ടത്തെ കാണാം. ആട് ഒരു പ്രതീകം മാത്രമാണിവിടെ. അതു ചിതറിക്കിടക്കുന്ന ആളുകളെയെല്ലാം പൊതുവായ ചില താൽപര്യങ്ങളുടെ അടിസ്ഥാനത്തിൽ ഒന്നിപ്പിക്കുന്ന വൈകാരികമായ മണ്ഡലം സൃഷ്ടിക്കുന്നതിന്റെ പ്രതീകാത്മക പ്രതിനിധാനമാണ് അഞ്ജുവിന്റെ സൈലന്റ് വോസ്. ചിത്രങ്ങളുടെ വർണ്ണഗാത്രത്തിൽ ആവർത്തിച്ചു കടന്നുവരുന്ന പ്രതീകങ്ങൾ വിവരണത്തിനിടയിൽ അത്ര തന്നെ നിശിതമായി നിർവചിക്കപ്പെടാത്ത വേറൊരു കലാലക്ഷ്യം മെല്ലെ ഉയിർക്കൊള്ളുന്നതു കാണാം. അതിനെ നമുക്ക് മനുഷ്യത്വത്തെ കുറിച്ചുള്ള കനിവാർന്ന പ്രസ്താവനകൾ എന്നു വിശേഷിപ്പിക്കാം.
സ്ത്രീയും സ്ത്രീയും
തമ്മിലെന്ത് ?
ഒരു സ്ത്രീ സ്ത്രീയെ വരയുമ്പോൾ മുമ്പറിയാത്ത ചില വികാരങ്ങൾ അവരിൽ നാമ്പിടാറുണ്ട്. ഒരു ചിത്രകാരന് സ്ത്രീയുടെ രൂപത്തെ ചെത്തിയെടുക്കാൻ എളുപ്പമാണ്. കാരണം അയാൾക്ക് ശരീരത്തിന്റെ ആകൃതിയും പ്രകൃതിയുടെ വശ്യതയും മതി. പക്ഷെ ഒരു സ്ത്രീ സ്ത്രീയെ വരയുമ്പോൾ അവൾ കടന്നുപോകുന്നത് കുരിശേറ്റത്തിലൂടെയാണ്. എണ്ണിയാലൊടുങ്ങാത്ത ഭാവങ്ങൾ തമ്മിലുള്ള സംഘർഷങ്ങളിൽ നിന്നാണ് സ്ത്രീയുടെ രചനകൾ പിറവിയെടുക്കുന്നത്.
അപ്പോൾ അവൾ ആഖ്യാനിക്കുന്ന നഗ്നത പോലും പ്രതിരോധത്തിന്റെ ഭാഷ്യമായി മാറും. പക്ഷെ അർത്ഥവത്തായ വിശദാംശങ്ങൾ തെരഞ്ഞെടുത്ത് ആവശ്യമായ വെളിച്ചം പതിപ്പിച്ചെടുത്താൽ സമകാലിക പെൺചിത്രവിദ്യയുടെ രാഷ്ട്രീയം നമുക്ക് എളുപ്പത്തിൽ ബോദ്ധ്യമാകും. സ്ത്രീയുടെ ചിത്രലോകം ഒരു അടഞ്ഞ ഗുഹയല്ലെന്ന് സ്ഥാപിക്കാൻ ശേഷിയുളളവരാണ് അനുപമ ഏലിയാസ് , അശ്വതി ബൈജു , പി. എസ്. ജലജ തുടങ്ങിയവർ. സമകാലിക ചിത്രകലയിലെ പെൺസാന്നിദ്ധ്യത്തെ മലയാളിക്ക് നിരാകരിക്കാനാവില്ല. അവ അർത്ഥസന്ദിദ്ധതയുടെ കലയായി പരിണാമപ്പെടുന്നത് നിർമ്മാണത്തിന്റെ സാഹചര്യങ്ങൾക്കനുസരിച്ചാണ്. പരസ്പരം വ്യത്യസ്ത ദിശകളിലേക്കു നീങ്ങുന്ന ഈ ചിത്രകാരികൾ സവിശേഷമായ വൈകാരികാവസ്ഥകൾ സൃഷ്ടിച്ച് നമ്മെ ചിത്രകലയുടെ മറ്റൊരു യുറാനസിലേക്കു നയിക്കുന്നു.