വേറെ വഴിയിൽ ഒരു കലാഫ്ളെക്സിബിളിസം

പാരമ്പര്യത്തിന്റെ നാടകീയ മറയ്ക്കലുകളെ ചിത്രകാരികൾ ഉപേക്ഷിക്കുന്നതിന്റെ നിരവധി തെളിവുകൾ സമകാലീന പെൺചിത്രകലയിൽ നിന്നും നമുക്ക് ഒപ്പിയെടുക്കാവുന്നതാണ്. സ്ത്രീയുടെ ശരീരനില എന്ന സംസ്കാരരൂപം നിറങ്ങളുടെ നിഗൂഢതയിലേക്കെന്നതിനേക്കാൾ സുതാര്യതയിലേക്കു സഞ്ചരിക്കുന്നതിന്റെ രേഖകളും ടോമിനയുടെ ചിത്രങ്ങളിൽ നിന്നും കണ്ടെടുക്കാം. ലിംഗനില കൊണ്ട് വിഭജിതമായ ഒരു കലാസമൂഹത്തിലല്ല ഇന്ന് ടോമിനയടക്കമുള്ള ചിത്രകാരികളുള്ളത്. അതുകൊണ്ടു തന്നെ പുരുഷൻ നടത്തിയ അതേ മൂല്യത്തിലുള്ള കലാലോകസഞ്ചാരം നടത്താൻ വുമൺ ആർട്ടിസ്റ്റ് എന്ന നിലയിൽ ടോമിന കരുത്താർജ്ജിച്ചു കഴിഞ്ഞു.

തെളിച്ചത്തിന്റെ ഭാഷയെയും കാഴ്ചയെയും യാന്ത്രികമായി വഴുതാതെ തരികയെന്നത് പെൺകലയുടെ ഏറ്റവും പുതിയ മന:ശാസ്ത്രമാണ്. സ്കില്ലും റിസ്കും സന്ധിക്കുന്ന ചില ചുവരുകളെ സൃഷ്ടിക്കാൻ പെൺകല വല്ലാതെ കഠിനപ്രയത്നം ചെയ്യുന്നതു കാണാം. മലയാളിയുടെ ദൃശ്യചിന്തയിലേക്ക് സ്ത്രീയുടെ മിടിപ്പുകളെ പുതിയ മട്ടിൽ പിടഞ്ഞുയർന്നു വന്ന് പ്രൗഢമാകാൻ വഴിയൊരുക്കുന്ന ചിലത് ലോകത്തെവിടെയും എന്നപോലെ നമ്മുടെ പ്രാദേശിക ചുറ്റളവുകളിലും സംഭവിക്കുന്നുണ്ട്. പുരുഷാധിപത്യം വലിച്ചു കീറിയൊട്ടിച്ച മുഴുമുതലായ പെൺശരീരത്തിന്റെ കരിനിഴലുകളെ മാറ്റിയെഴുതുക വഴി മനുഷ്യവംശശാസ്ത്രത്തിന്റെ തന്നെ ആകാംക്ഷയെ തിരുത്തുകയാണ് ചിലർ ചെയ്യുന്നത്. ചിത്രകാരിയെ ജീവിപ്പിക്കുന്നതും ജീവിക്കാൻ നിരന്തരം പ്രേരിപ്പിക്കുന്നതും ആക്രമോത്സുകമായ നിറങ്ങളാണെന്ന് ഫ്രഞ്ച് ചിത്രകാരി റോസ ബോൺഹർ അഭിപ്രായപ്പെട്ടത് വെറുതെയല്ല. സൗന്ദര്യത്തിന്റെ ഭരണകൂടത്തിലെ നിറം എന്ന ഭരണാധികാരിയെ സ്ത്രീമേധാവിത്വത്തിന്റെ വ്യഗ്രതപ്പെട്ട ടൂളായി വിനിയോഗിക്കുന്ന രീതി ടോമിന മേരി ജോസിനെ പോലെയുള്ള ചിത്രകാരികൾ അവലംബിച്ചു വരികയാണ്.

പാരമ്പര്യത്തിന്റെ നാടകീയ മറയ്ക്കലുകളെ ചിത്രകാരികൾ ഉപേക്ഷിക്കുന്നതിന്റെ നിരവധി തെളിവുകൾ സമകാലീന പെൺചിത്രകലയിൽ നിന്നും നമുക്ക് ഒപ്പിയെടുക്കാവുന്നതാണ്. സ്ത്രീയുടെ ശരീരനില എന്ന സംസ്കാരരൂപം നിറങ്ങളുടെ നിഗൂഢതയിലേക്കെന്നതിനേക്കാൾ സുതാര്യതയിലേക്കു സഞ്ചരിക്കുന്നതിന്റെ രേഖകളും ടോമിനയുടെ ചിത്രങ്ങളിൽ നിന്നും കണ്ടെടുക്കാം. ലിംഗനില കൊണ്ട് വിഭജിതമായ ഒരു കലാസമൂഹത്തിലല്ല ഇന്ന് ടോമിനയടക്കമുള്ള ചിത്രകാരികളുള്ളത്. അതുകൊണ്ടു തന്നെ പുരുഷൻ നടത്തിയ അതേ മൂല്യത്തിലുള്ള കലാലോകസഞ്ചാരം നടത്താൻ വുമൺ ആർട്ടിസ്റ്റ് എന്ന നിലയിൽ ടോമിന കരുത്താർജ്ജിച്ചു കഴിഞ്ഞു. ഇരുട്ടിന്റെ തന്നെ ആന്തരീകഭാവമായ ഇരുണ്ട അഥവാ അരണ്ട വെളിച്ചത്തിൽ പാർക്കപ്പെട്ടിട്ടുള്ള ക്ലാസിക്കുകളെ സൂക്ഷ്മതയോടെ പഠിക്കുകയും അതിനെ റീപ്രൊഡ്യൂസ് ചെയ്യുകയും ചെയ്ത ചിത്രകാരിയാണ് ടോമിന. ക്ലാസിക് ആർട്ടിന്റെ മൂലധനത്തെ വെറും കാപ്പിറ്റൽ മൂല്യമായി മാത്രം തർജ്ജിമപ്പെടുത്താത്ത ഒരാൾക്ക് വീണു കിട്ടുന്ന ഭാഗ്യം തന്നെയാണ് ഈ പുനർനിർമ്മാണധൈര്യം. കലയുടെ നവസ്ഥാപന രൂപങ്ങളിലൊരിടത്തും പുനർനിർമ്മിതി എന്ന വിസ്മയം വിജയിച്ചു കണ്ടിട്ടില്ല. സ്ത്രീയുടെ കല ഘടനാപരമായ സങ്കുചിതത്വം എങ്ങനെയൊക്കെയാണ് മറികടക്കുന്നത് എന്നറിയാൻ ടോമിനയുടെ ഈ പുനർനിർമ്മിതിയെയും സ്വകാര്യകളക്ഷനെയും താരതമ്യം ചെയ്യേണ്ടതുണ്ട്.

ക്ലാസിക് എന്ന ആധികാരിതാശ്രേണിയും
പുനർനിർമ്മിതിയും
പെൺചിത്രകലാസംസ്കാരത്തിലെ മറ്റൊരു തരം ചരിത്രനിർമ്മാണവിപ്ലവമാണ് ക്ലാസിക് രചനകളുടെ പുനർനിർമ്മിതിയെന്നു പറയുന്നത്. ചരിത്രപരമായ ഒരു ജ്ഞാനനിർമ്മാണത്തെ നവമായി അടുക്കുമ്പോൾ ഒരുപക്ഷെ അതിന്റെ കളർടോണുകൾക്ക് മങ്ങലേറ്റേക്കാം. നമ്മുടെ പ്രാദേശിക ഫെമിനിസത്തിന് ഉൾക്കൊള്ളാൻ കഴിയാത്ത അത്തരം ചില ക്ലാസിക് കലാരചനകളെ റീലോഞ്ച് ചെയ്യാൻ ഈ കലാകാരി നടത്തിയ ചങ്കുറപ്പിനെ ചെറുതായി കണ്ടുകൂടാ. സ്ത്രീയുടെ കലാപരിസരത്തിന്റെ അതിർത്തി തിരിക്കപ്പെട്ടിട്ടുണ്ടെങ്കിലും അതിനെയെല്ലാം പൊളിച്ചു മാറ്റികൊണ്ട് ലോകകലയെ തന്റെ ഗൃഹാന്തർഭാഗമാക്കിയതിന്റെ തെളിവുകളായിരുന്നു “A study of great Artists” എന്ന സോളോ പരമ്പര. ലിയാനാർഡോ ഡാവിഞ്ചി, സാൽവദോർ ദാലി, റെംബ്രാൻഡ് തുടങ്ങിയവരുടെ രചനകളെയാണ് ടോമിന പുനരാവിഷ്കരിച്ചത്. ഡാവിഞ്ചിയുടെ മൊണാലിസ’ യും മറ്റും റീക്രിയേറ്റ് ചെയ്യണമെങ്കിൽ ബഹുസ്വരമായ സൗന്ദര്യ ബോധവും അപരസംസ്കൃതിയെക്കുറിച്ചുള്ള അവബോധവും അതിഗംഭീരമായി ഉൾക്കൊള്ളാൻ കഴിയണം. ഗ്ലോബൽആർട്ടിന്റെ (globalart ) വഴികളെ ഗാലറിക്കും മ്യൂസിയത്തിനും പുറത്തേക്കു കൊണ്ടുവരാൻ ടോക്കൻ ലഭിച്ച കലാകാരിയാണ് ടോമിന. ആന്തരികമായ അനക്കങ്ങൾ ഒരു കലാകാരിക്ക് കൊണ്ടുകൊടുത്ത ബാഹ്യമായ ദൃഷ്ടാന്തമായി വേണം ഈ ക്ലാസിക് പുനർനിർമ്മിതിയെ വായിക്കാൻ. ഒരു ചുളിവോ മടക്കോ ഇല്ലാതെയും അരണ്ട വൈകല്യങ്ങളുടെ കടുപ്പം കൂടാതെയും നിറങ്ങളെ സമന്വയിപ്പിക്കാനും മാസ്റ്റേഴ്സിന്റെ അതേ ചാരുതയെ നിലനിർത്താനുമാണ് ടോമിന ശ്രമിച്ചിരിക്കുന്നത്. റീമേക്ക് (remake) എന്ന പാഠാന്തരത്തിന് സാധ്യതയുണ്ടായിരുന്നിട്ടും അത്തരം ഒരു അപനിർമ്മിതിയുടെ കൂട് പൊളിച്ചു പുറത്തുകടക്കാനാണ് ഈ കലാകാരി ശ്രദ്ധവെച്ചത്. കമ്പോളവിജയത്തിന് ഒരുപക്ഷെ സാധ്യതയേറുന്ന ഒരു എൻഡവറാണ് റീസ്ട്രക്ച്ചറിങ് എന്ന വ്യവസ്ഥ. സർഗാത്മകമായി ഏകതാനത പുലർത്തുന്ന ഈ ചിത്രങ്ങൾ പക്ഷെ കാണിയെ മാസ്റ്റേഴ്സിലെത്തിക്കുകയാണ് ചെയ്യുന്നത്. ക്ലാസിക് എന്ന ആധികാരികതാശ്രേണിയ്ക്ക് പുതിയ കാലം നൽകുന്ന ആദരവിന്റെ നരേറ്റീവായി വേണം ടോമിനയുടെ പുനർനിർമ്മിതിയെ വായിക്കാൻ. ഇതു മനസ്സിലാക്കിയാലേ മെറ്റഫറുകളിൽ ചിത്രമുദ്ര പതിപ്പിച്ച ടോമിനയെ നമുക്ക് വായനയ്ക്കെടുക്കാൻ കഴിയൂ.

ചരിത്രശരീരങ്ങളുടെ
നിർമ്മാതാവ്
ജൂലിയ കാമറോൺ എലൻ ടെറിയുടെ ഛായാ ചിത്രം വരച്ചിട്ടുണ്ട്. മേരി ലാറൻസിൻ എപ്പോഴും ആർട്ടിസ്റ്റ് ഗ്രൂപ്പുകളെ തന്റെ ക്യാൻവാസിൽ പകർത്തിയിരുന്നു. ടോമിനയെന്നല്ല ലോകത്തെ എല്ലാ ചിത്രകാരികളും അത്തരം ചില ശ്രമങ്ങൾ നടത്തിയിരുന്നു. ബുദ്ധന്റെ വരയിൽ ബുദ്ധമതം നിലനിൽക്കുന്ന രാജ്യങ്ങളുടെ ഭൂപടമാണ് ഈ ചിത്രകാരി വരച്ചു ചേർത്തത്. ഗാന്ധിജി എന്ന ദേശീയ ശരീരത്തെ ആവിഷ്കരിക്കുമ്പോൾ അതിൽ പുരുഷാധിപത്യത്തേയെന്നതിനേക്കാൾ ചർക്കയുടെ ഭാഗധേയമാകുന്ന സ്ത്രീ സാന്നിധ്യത്തെയാണ് ടോമിന സ്ഥലപ്പെടുത്തുന്നത്. ക്രിസ്തുവിനെയും മറിയത്തെയും വരയിൽ കൊണ്ടുവെയ്ക്കുമ്പോൾ വൈദേശിക ക്ലാസിക്കുകളുടെ മുന്തിയ പ്രേരണകൾ അവയിൽ നിന്നും കണ്ടെടുക്കാവുന്നതാണ്. മദർ തെരേസ എന്ന വിശുദ്ധ ശരീരത്തെ വെള്ളയും നീലയും മാത്രം കലർന്ന കരകളിൽ അല്ല ടോമിന വരച്ചെടുക്കുന്നത്. മറിച്ച് മുഖത്തും കൈകളിലും കറുത്ത ചുളിവുകളെയാണ് വീഴ്ത്തുന്നത്. ലോകത്തെവിടെയുമുള്ള സ്ത്രീയുടെ മുഖപ്രതലത്തിൽ തറച്ച ഭീതികളുടെയും ദുഃഖങ്ങളുടെയും ആട്ടിയകറ്റലുകളുടെയും ചുളിവുകളാക്കി അതിനെ വായിക്കാവുന്നതാണ്. ദൈന്യതയേറിയ സ്ത്രീകളെയാണ് ടോമിന തന്റെ നിറസമുച്ചയത്തിൽ കൊണ്ടു പ്രതിഷ്ഠിക്കുന്നത്. വരയെ പോസിറ്റീവ് സ്ട്രോക്കുകളാക്കി രൂപാന്തരപ്പെടുത്തുന്ന ചില രീതികളും ടോമിന പരീക്ഷിക്കുന്നുണ്ട്. അതുകൊണ്ടാണ് ‘ ചായയുണ്ടാക്കുന്ന പുരുഷൻ ‘ എന്ന ചിത്രത്തെ പ്രകൃതിയുമായി സങ്കലിപ്പിക്കുന്നത്. തേയിലയും കരിമ്പും പശുവിനുള്ള പുല്ലും പിണ്ണാക്കും ഭക്ഷ്യവിഭവങ്ങളും എല്ലാം പ്രകൃതിയുടെ ദാനങ്ങളാണെന്ന ധ്വനിപ്പിക്കൽ ഈ പ്രകൃതി സങ്കല്പത്തിൽ ആഴ്ന്നിറങ്ങുന്നുണ്ട്. ഈവിധമൊക്കെ നോക്കുമ്പോൾ പുതിയ സംവേദനങ്ങളും ഭാവുകത്വങ്ങളുമാണ് ഈ ചിത്രകാരി പിഞ്ചെല്ലുന്നതെന്നു കാണാൻ കഴിയും. ഒരു ചിത്രകാരി ഈവിധം ഇടപെടലുകൾ നടത്തുമ്പോൾ അവരുടെ വ്യക്തിജീവിത സാഹചര്യം മാത്രമല്ല പരിഷ്കരിക്കപ്പെടുന്നത്. മറിച്ച് ചുറ്റിനുമുള്ള വുമൺ ആർട്ടിസ്റ്റുകൾ ഇതിന്റെ ശകലങ്ങൾ മനസ്സിലേക്ക് ശേഖരിച്ചെടുക്കുന്നുമുണ്ട്. ടോമിനയുടെ കലാലോകം വേറെ വഴിയിൽ ഒരു കലാഫ്ളെക്സിബിളിസം തരപ്പെടുത്തിക്കാനാണ് ശ്രമിക്കുന്നത്.