എ. രാമചന്ദ്രന്റെ വർണ പ്രവാഹം

പ്രകൃതിയുടെ ചോരയ്ക്ക് പല നിറങ്ങളാണെന്നും അവ മനുഷ്യവേഷം കെട്ടിയ പ്രതിഷേധങ്ങളാണെന്നും നാം തിരിച്ചറിയുന്നത് രാമചന്ദ്രന്റെ വരകളിലൂടെയാണ്. നിറങ്ങൾ മാന്ത്രികമായ കരുത്തോടെയാണ് ആ വരകളിൽ വന്ന് സ്ഥാനപ്പെടുന്നത്. നിറാനുഭവങ്ങളുടെ ചൂടുള്ള ഈ നിഘണ്ടുവിനെ വായിക്കുന്നത് പ്രകൃതിയെ പുനർവായിക്കുന്നതിനു സമമാണ്. നിറങ്ങളുടെ ഈ തീ പിടിച്ച നൃത്തത്തെ ഒരു മൂന്നാം കണ്ണുകൊണ്ട് വായിക്കുക എന്നതാണ് പ്രധാനം.

തനിക്കു മുമ്പുണ്ടായിരുന്ന കലയുടെ സൗന്ദര്യ സ്തംഭങ്ങളെ ആദരപൂർവ്വം നിരാകരിക്കുക എന്നത് ചിത്രകലയിലെ ഒരു പതിവുശീലമല്ല. ഇതിനെ അജ്ഞാതമായ കുറേ ഉള്ളൊരുക്കങ്ങളുടെ കലയാണെന്നതിന്റെ വലിയ തെളിവുനിർമ്മാണത്തിനുള്ള വീര്യമാക്കി മാറ്റിയവരും നന്നേ കുറവാണ്. ഈവിധം ഏകാന്തതയുടെ വിത്തിൽ ലഹരി കണ്ടെത്തുകയും അതുവഴി കലയിൽ ധന്യമായ സൗന്ദര്യങ്ങളെ കോർത്തെടുക്കുകയും ചെയ്ത ചിത്രകാരനാണ് എ. രാമചന്ദ്രൻ. തനിക്കും നിറങ്ങൾക്കുമിടയിൽ ആരും ഇതുവരെ രേഖപ്പെടുത്തികാണാത്ത ഒരു ജീവിതമുണ്ടെന്ന് രാമചന്ദ്രൻ തിരിച്ചറിഞ്ഞു. ഡി. വിജയമോഹൻ രാമചന്ദ്രനുമായി നടത്തിയ ഒരു അഭിമുഖത്തിൽ ഇങ്ങനെ കുറിച്ചിട്ടുണ്ട് – ” എനിക്കു ചിത്രകാരനേ ആകാനൊക്കൂ. അതാണു സത്യം. എന്നു വച്ചാൽ എന്റെ potential മുഴുവൻ അതിലായിരുന്നു. കുഞ്ഞുനാൾതൊട്ട് ഈ വയസ്സുകാലം വരെ എന്റെ അടുത്ത് ഒരു കടലാസ്സും പെൻസിലുമുണ്ടെങ്കിൽ അതിൽ ഞാൻ വരച്ചു നാശമാക്കും. അത് ഒരുതരം വിചിത്രമായ കാര്യമാണ്. ഞാൻ ശാന്തിനികേതന്റെ ഒരു true product ആണ്. വേറെ ഒരു നിർവചനവുമില്ല. ഞാൻ വെളിയിൽ പോയി പഠിച്ചിട്ടില്ല. വേറെ ഏതെങ്കിലും ചിത്രകാരനോ സ്കൂളോ ശൈലിയോ എന്നെ സ്വാധീനിച്ചിട്ടില്ല. പലരെയും പരിചയപ്പെട്ടിട്ടുണ്ട് , കണ്ടിട്ടുണ്ട് , ഇടപഴകിയിട്ടുണ്ട് എന്നു മാത്രം. ” രാമചന്ദ്രന്റെ ചിത്രലോകത്തിലൂടെയുള്ള ഓരോ യാത്രയും ഈ അഭിമുഖശകലത്തെ കേന്ദ്രീകരിച്ചായിരിക്കണം. കാരണം ചിത്രകലയുടെ വർണ്ണസങ്കല്‌പങ്ങൾ സ്ഫടിക പ്രവാഹം പോലെ ആ വാക്കുകളുടെ കണ്ണിൽ വെട്ടിത്തിളങ്ങുന്നുണ്ട്. നിറങ്ങളെ പടക്കുതിരയുടെ കുതിപ്പാക്കി മാറ്റുന്ന ഈ ചിത്രകാരൻ പ്രകൃതിയെ സന്തോഷിപ്പിക്കാൻ ഉപയോഗിക്കുന്ന ടെ ക് നിക്കുകൾ മലയാളചിത്രകലയിൽ അധികമാരും വിനിയോഗിച്ചിട്ടില്ലാത്ത രീതികൾ തന്നെയാണ്. നിറങ്ങളെ ചിത്രകലയുടെ പ്രതലത്തിൽ അഥവാ പശ്ചാത്തലത്തിൽ ചിറകുവെച്ച പർവ്വതം പോലെ പണിതുവെയ്ക്കുമ്പോൾ നിറങ്ങൾക്കുള്ളിൽ നിന്നും ഒരു ദേവഭാഷ നമ്മുടെ കണ്ണുകളിലേക്ക് പാഞ്ഞടുക്കുന്നതു കാണാം. പ്രകൃതിയിലൂടെ ചൂഷകൻ നിഷ്ഠൂരമാംവിധം തേരോടിച്ചു പോകുമ്പോൾ അതിനെ വർണ്ണങ്ങളിൽ വീണ്ടെടുക്കാനാണ് രാമചന്ദ്രൻ ശ്രമിക്കുന്നത്. പ്രകൃതിയുടെ ചോരയ്ക്ക് പല നിറങ്ങളാണെന്നും അവ മനുഷ്യവേഷം കെട്ടിയ പ്രതിഷേധങ്ങളാണെന്നും നാം തിരിച്ചറിയുന്നത് രാമചന്ദ്രന്റെ വരകളിലൂടെയാണ്. നിറങ്ങൾ മാന്ത്രികമായ കരുത്തോടെയാണ് ആ വരകളിൽ വന്ന് സ്ഥാനപ്പെടുന്നത്. നിറാനുഭവങ്ങളുടെ ചൂടുള്ള ഈ നിഘണ്ടുവിനെ വായിക്കുന്നത് പ്രകൃതിയെ പുനർവായിക്കുന്നതിനു സമമാണ്. നിറങ്ങളുടെ ഈ തീ പിടിച്ച നൃത്തത്തെ ഒരു മൂന്നാം കണ്ണുകൊണ്ട് വായിക്കുക എന്നതാണ് പ്രധാനം.

രാമചന്ദ്രന്റെ
കലയിലെ മനുഷ്യൻ

രാമചന്ദ്രന് മനുഷ്യൻ എന്ന പദം ഒരു ഡിവൈ ൻ വൊക്കാബുലറിയാണ്. ആ ബലിത്തറയാണ് ഈ കലാകാരനെക്കൊണ്ട് മനുഷ്യ കേന്ദ്രീകൃത രചനകൾ ചെയ്യിച്ചത്. മനുഷ്യനെ ആവിഷ് കരിക്കാൻ ഒന്നിലധികം ക്യാൻവാസുകൾ ചേർത്തുവെച്ച് ഒരു വലിയ ചുമരു സൃഷ്ടിക്കുന്ന രീതിയും രാമചന്ദ്രൻ അവലംബിച്ചിട്ടുണ്ട്. രാമചന്ദ്രന്റെ ഒരു ബൃഹദാഖ്യാനമാണ് “ദി സെൽസ്. “പന്ത്രണ്ട് അടിയോളം നീളം വെച്ച മൂന്നു ക്യാൻവാസുകളെ ക്ലബ് ചെയ്ത് സൃഷ്ടിച്ച ഈ ചിത്രം വിദേശചിത്രകലയുടെ സാങ്കേതിക അനുകരണത്തിൽ നിന്നും വിട്ടുനിൽക്കുന്നുമുണ്ട്. വ്യത്യസ്ത ബിംബങ്ങളുടെ സങ്കലന നിർമ്മിതിക്കായിട്ടാണ് പലപ്പോഴും ഈ രീതിയിൽ ക്യാൻവാസിനെ വിനിയോഗിക്കുന്നതുപോലും .
ഇത്ര വിശാലമായ ക്യാൻവാസിൽ രാമചന്ദ്രൻ സൃഷ്ടിക്കുന്നത് ഓരോരോ രൂപങ്ങളെയാണ്. അവ ആറ് അധ്യായങ്ങൾ പോലെയാണ് പ്രത്യക്ഷമാകുന്നത്. ക്യാൻവാസിന്റെ പ്രതലത്തിലേക്ക് മിഴികൾ കൂർപ്പിച്ചാൽ നമുക്ക് ബോദ്ധ്യമാകുന്ന ഏറ്റവും വലിയ ദർശനമിതായിരിക്കും – ” വളരെ ചെറിയ മീറ്ററിൽ പരേഡ് നടത്തുന്ന മനുഷ്യശരീരങ്ങൾ. ” അപ്പോഴും അവ സ്ഥലപ്പെടുത്തപ്പെട്ടിരിക്കുന്നത് വളരെ ചുരുങ്ങിയ ഇടത്തായതിനാൽ മനുഷ്യൻ എന്ന പ്രദർശനവസ്തുവിന്റെ നഗ്നാർത്ഥം വിവരിക്കാൻ അതു വഴിയൊരുക്കുന്നു. ഇത്രയും വലിയ ഒരു ക്യാൻവാസിലെ മനുഷ്യരൂപങ്ങളെ പരസ്പരം ബന്ധിപ്പിക്കാൻ രാമചന്ദ്രൻ വിനിയോഗിക്കുന്ന നിറവിദ്യയാണ് ഈ ചിത്രത്തെ ശ്രദ്ധിപ്പിക്കുന്നത്. കാഴ്ചക്കാരന്റെ കണ്ണുകളെ ചലിപ്പിക്കുന്ന ഈ നിറവിദ്യ മറ്റാരും പരീക്ഷിച്ചതായി കാണാൻ കഴിഞ്ഞിട്ടില്ല. ഒരേ പ്രതലത്തിലെ മനുഷ്യരൂപങ്ങളെ ബന്ധിപ്പിക്കാൻ ഉതകുന്ന വിധത്തിൽ കണ്ണുകളെ ചലിപ്പിക്കുന്ന നിറങ്ങളെയാണ് രാമചന്ദ്രൻ വിനിയോഗിക്കുന്നത്. രാമചന്ദ്രന്റെ ഈ ചിത്രത്തെയും ( മറ്റു മനുഷ്യാഖ്യാനങ്ങളെയും) ഇടത് / വലത് ആംഗിളുകളിൽ നിന്ന് ഒന്ന് സ്കാൻ ചെയ്തെടുത്താൽ വെളിപ്പെടുന്ന ഏറ്റവും വലിയ സംഗതി ശ്രദ്ധേയമാണ്. നിഴൽ പടർന്ന ചിത്രത്തിന്റെ അകത്തളത്ത് ശിരസ്സ് കൈമോശം വന്ന ഒരു മനുഷ്യരൂപത്തെയാണ്. മനുഷ്യന്റെ ബോധവും അതു സ്ഥിതി ചെയ്യുന്ന ശിരസ്സും എപ്പോഴും കട്ട പിടിച്ച ഇരുട്ടിലേക്കു കുമ്പിട്ടിരിക്കുകയാണെന്ന് പറയാതെ പറയുന്ന ഒരു തത്വം അവിടെ അണമുറിച്ചെത്തുന്നുണ്ട്.

എ. രാമചന്ദ്രന്റെ മനുഷ്യാഖ്യാനങ്ങളിൽ സ്ത്രീയുടെ സ്വത്വാന്വേഷണവും നടക്കുന്നുണ്ട്. ഇതേ ചിത്രത്തിന്റെ അടുത്ത ഫ്രെയിമിൽ ഒരു ജാലകം കാണാം. അതിനടുത്തായി ഒരു സ്ത്രീ ഏകാന്തതയിലിരിക്കുന്നതു കാണാം. അവിടെയും നിഴൽ പടർന്നുനിൽക്കുന്നു. അതിലിരിക്കുന്ന സ്ത്രീ തന്റെ മാറിടം പിളർന്നു കാട്ടുന്നതും കാണാം. ഇതൊരു പ്രതീക നിർമ്മിതിയാണ്. ഇതു ജീവിതത്തിലെ മടുപ്പിന്റെ മൂകനിർമ്മിതിയാണ്. ഒന്നും ചെയ്യാതിരിക്കുമ്പോൾ കടുത്ത മടുപ്പിന്റെ ആകൃതിയായി മനുഷ്യൻ പരിണാമപ്പെടുമെന്നതിന്റെ വലിയ തെളിവായി മാറുന്നു. മൂന്നാമത്തെ അധ്യായം അഥവാ മൂന്നാമത്തേ സെല്ലിലേക്കു വരുമ്പോൾ ഇതേ മനുഷ്യ / സ്ത്രീ രൂപത്തെ നാം പിറകിൽ നിന്നും കാണുകയാണ്. കൈകൾ ചുമലിലേക്ക് കെട്ടി മുലകൾ മുന്നോട്ടാഞ്ഞ് അപരിചിതരായ കാഴ്ചക്കാർക്കു മുന്നിലേക്ക് പ്രദർശന മൂല്യ നിർണ്ണയത്തിനായി സമർപ്പിക്കുമ്പോൾ അവിടെ സ്തനങ്ങൾ രതിയുടെ എന്നതിനേക്കാൾ അമ്മത്വത്തിന്റെ സാധ്യതകളെയാണ് അനാവരണം ചെയ്യുന്നത്. നാലാം ഖണ്ഡത്തിൽ ഒരു വൈരുദ്ധ്യ സംഹിത ശരീര രൂപമെടുക്കുന്നു. തലകീഴായി വർച്ചിരിക്കുന്ന ശിരസ്സില്ലാത്ത സ്ത്രീരൂപം ബോധത്തിനുള്ളിലെ ജീവിതത്തിന്റെ ദുർരൂപങ്ങളെ കുലുക്കിക്കളയുന്നതായി നമുക്കു തോന്നും. ഇവിടെ മടുപ്പ് എന്ന വിശ്രമഭാഷയ്ക്ക് ഉടയൽ സംഭവിക്കുന്നു. തൂങ്ങി നിൽക്കുന്ന മുലകളും ശേഷി കുറഞ്ഞ കൈയാംഗ്യങ്ങളും പ്രതീക്ഷ നഷ്ടപ്പെട്ട ഏതൊരു സ്ത്രീയുടെയും ജീവിത വീഴ്ചയുടെ പ്രതീകമായുയർന്നു വരുന്നു. രാമചന്ദ്രൻ എന്ന ചിത്രകാരനിലെ ജീനിയസ് ഇതേ പ്രതലത്തിൽ ഇതേ ടോണിൽ മനുഷ്യന്റെ (പുരുഷൻ / സ്ത്രീ) സ്വാർത്ഥതയുടെ ഭാഷയെയും ആവിഷ്കരിക്കുന്നുണ്ട്. ഈ മടുപ്പുകളിലൊന്നും ആന്തരിക ക്ഷതം ഏൽക്കാതെ മറ്റൊരു സ്ത്രീ കരങ്ങൾ കൊണ്ട് തന്റെ മുലകൾ മറച്ച് ഒട്ടും സൗന്ദര്യ നിർമ്മിതമല്ലാത്ത ശിരസ്സുമായി മറ്റൊരു അധ്യായത്തിൽ / സെല്ലിൽ പ്രത്യക്ഷമാകുന്നതു കാണാം. ഒരു മനുഷ്യന് മറ്റൊരു മനുഷ്യനോടുള്ള അകൽച്ചയുടെ രേഖാശാസ്ത്രം തരപ്പെടുത്താനാണ് സെൽസ് പോലൊരു ചിത്രം രാമചന്ദ്രൻ വരച്ചത്. അവസാനത്തെ സെല്ലിലേക്കു വരുമ്പോൾ ഇതൊക്കെ കണ്ട് ലജ്ജ പൂണ്ട ഒരു പുരുഷശരീരത്തെയാണ് നാം കാണുന്നത്. അയാൾ സെൽ വിട്ടു പുറത്ത് കടക്കാൻ തിടുക്കം വെയ്ക്കുന്നതു കാണാം. മനുഷ്യൻ എന്ന സത്താരൂപത്തിന്റെ വികൃതമായ അധ്യായങ്ങളെ പൂരിപ്പിക്കാനാണ് രാമചന്ദ്രൻ ” ദി സെൽസ് ” എന്ന ചിത്രം വരച്ചത്. സെൽസിനെക്കുറിച്ച് ഇത്രയും ദീർഘമായി എഴുതിയതു തന്നെ തുടർന്നുള്ള ചിത്രങ്ങളുടെ പ്രിയാമ്പിളായിട്ടാണ്.
ഈ ചിത്രത്തിന്റെ തുടർച്ചയായി വായിക്കാവുന്ന ഒരു ചിത്രമാണ് ” ഇന്ത്യൻ റിസറക്ഷൻ ” ( Indian resurection ) എന്ന രചനയും. ക്യാൻവാസിൽ ബന്ധിക്കപ്പെട്ട നിലയിലുള്ള മനുഷ്യരൂപങ്ങളുണ്ട്. ശിരസ്സില്ലെങ്കിൽ പോലും ഒരു വേലി പൊത്തിനുള്ളിൽ കിടന്നു ഞെരുങ്ങുന്ന മനുഷ്യബോധത്തെയാണ് നാം ചിത്രത്തിലും കാണുന്നത്. ചിത്രത്തിലെ സെൻട്രൽ പാനൽ പക്ഷെ നമ്മെ കൊണ്ടെത്തിക്കുന്നത് തടങ്കൽ പാളയത്തിലകപ്പെട്ട മനുഷ്യന്റെ നിസ്സഹായവസ്ഥയിലേക്കല്ല മറിച്ച് തടങ്കലിനെ മറികടക്കുന്ന പോരാട്ടവീര്യമുള്ള മനുഷ്യന്റെ പരിണാമസത്തയിലേക്കാണ്. ” എൻകൗണ്ടർ ” ( encounter) സീരീസിലേക്കു വരുമ്പോഴും ഇത്തരം ഒരു കെമിസ്ട്രിയാണ് രാമചന്ദ്രൻ പ്രവർത്തിപ്പിക്കുന്നത്. “സീലിംഗ് ” , ” അനാട്ടമി ലെസ് ” , ” ഗ്രേവ് ഡിഗ്ഗേഴ്സ് ” എന്നിവയിലൊക്കെ “മാൻ മാനറിസമാണ് ( man mannerism) പ്രവർത്തിപ്പിച്ചിരിക്കുന്നത്.

അനുബന്ധം

കാഴ്ചയുടെ അശാന്തി പരത്തുന്ന ഈ വർണ്ണപ്രവാഹത്തെ കുറിച്ച് കൂടുതൽ വായനകൾ ഉണ്ടായേ മതിയാകൂ. ചിത്രപ്പണിയുടെ ആവിഷ് കകരണരീതിയിൽ മനുഷ്യൻ എന്ന പ്രതീകം കൂടുതലായി കടന്നുവരുന്നുവെന്നതു തന്നെ ഒരു ചിത്രകാരന്റെ മൊത്തം രാഷ്ട്രീയത്തെ മൂടി മാറ്റി കാണിക്കുന്നുണ്ട്. രാമചന്ദ്രന്റെ ചിത്രങ്ങളുടെ ഭാവഘടനയിൽ മനുഷ്യൻ വഹിക്കുന്ന പങ്ക് എടുത്തു പറയേണ്ടുന്ന ഒന്നു തന്നെയാണ്. മനുഷ്യനുമായി നിറങ്ങളിലൂടെ ഒരു ആത്മബന്ധം വളർത്തിക്കൊണ്ടുവന്ന് അതിലൂടെ മനുഷ്യജീവിതത്തിന്റെ താഴ്ച്ചയുയർച്ചകളെ സംബന്ധിക്കുന്ന ദുരന്ത പ്രതീതി കലർന്ന സൂചനകൾ കാഴ്ചക്കാർക്ക് സമ്മാനിക്കുകയാണ് രാമചന്ദ്രൻ . ഇതൊരു തരം ആക്ടിവിസമാണ്. വർണ്ണ പ്രവാഹത്തിലൂടെ സാധ്യമാക്കുന്ന ഈ ആക്ടിവിസവും ഒരു രാഷ്ട്രീയ പ്രവർത്തനം തന്നെയാണ്.

Author

Scroll to top
Close
Browse Categories