വിഷുച്ചിത്രങ്ങൾ
കണിക്കൊന്നത്താലി ചാര്‍ത്തി,കനകത്തില്‍ കുളികഴിഞ്ഞ് –
മണിചൈത്രം വരവായി കാഴ്ചയുമായി
കനിവിന്റെ കൈനീട്ടം മേടരാശിപ്പൊന്‍പണവും ,
അഴകുമായ് വന്നുചേര്‍ന്നു ‘വിഷുവ’ മിപ്പോള്‍…….
നാട്ടുമാവിന് കൊമ്പിലൊരു വിഷുപ്പക്ഷി മധുരമായ്
പാട്ടുപാടിയിരുന്നോര്മ്മക്കാഴ്ച നീട്ടുന്നു ……
നറുവെയില്ക്കമ്പി പാകും വയലിലും തൊടിയിലും
മണിമേടത്തിളക്കത്തിന് തങ്കരശ്മികള്‍
കുളിച്ചീറന്മുണ്ടുമായി കരംകൂപ്പി മുത്തശ്ശിയാ –
ക്കറുത്തോട്ടു വിളക്കിനെ തങ്കമാക്കുന്നു .
അരിത്താലം , കായ്കനികള്‍ , കുങ്കുമച്ചെപ്പും അഴകില്‍
മണിവര്‍ണ്ണ വിഗ്രഹവും മഞ്ഞത്തൊങ്ങലും –
ഒരുക്കുമ്പോള്‍ വിഷുവായി , സമൃദ്ധിതന്‍ വരവായി
കന്നിവിളയ്ക്കിളയൊരുങ്ങും നേരവുമായി
കസവാട ചുറ്റിയെത്തും വിഷുവാസരമെത്രയെത്ര
കനിവിന്റെ ചിത്രമല്ലേ പകര്‍ന്നിടുന്നു……. !
കാണാത്ത കാറ്റിലുണ്ട് വെള്ളിനാണ്യക്കിലുക്കങ്ങള്
കാടുചുറ്റിവരുന്നുണ്ട് മഞ്ഞപൈങ്കിളികള്
ചെമ്പഴുക്കാനിറമെഴും നൂറുകൂട്ടം കനികളീ
താംബാളത്തില്‍ നിറയുന്നു വിഷുവണയുമ്പോള്
എനിയ്ക്കുളം കുളിക്കുമോര്മ്മകള് -വിഷുക്കൈനീട്ടമായ് വന്ന് –
മുഴുക്കാപ്പും പൂപ്പടയും ഒരുക്കിനില്പ്പൂ ,
തിളക്കത്തില്‍ മഞ്ഞലോഹ നിറക്കൂട്ടില്‍ വിരുന്നെത്തുന്ന
വിഷുവമേ , വിഷുക്കാറ്റേ വന്നണഞ്ഞാലും
പൂമ്പരാഗം പൂശിയെത്തും മേട പൈങ്കിളിപ്പെണ്ണേ –
പാടിയാലും നീ മധുര ചൈത്രഭൂപാളം .
വയല്പ്പച്ചയില്പ്പൂക്കും പൂവള്ളിയില്‍ മലമേട്ടില്‍
സമൃദ്ധിതന്‍ താലങ്ങള്‍ നീ നിറച്ചുവെച്ചു
കണികാണാന്‍ എനിയ്ക്കിത്തിരി കണിക്കൊന്നപ്പൂങ്കുലയും
കരുതലായ് കൈനീട്ടവും കൊണ്ടുവന്നാലും .
മലനാടിനു താലിതീര്ക്കും സുഭഗസുന്ദരങ്ങളാം
മണിച്ചിത്രം തീര്‍ത്തുവെയ്ക്കും ചൈത്രമാസമേ……. !
പൂത്തുലഞ്ഞുവിലസുന്ന താഴ്വരപ്പൂങ്കൊന്നയായി
കാറ്റിലാടിയുലഞ്ഞു നീ മോടി തീര്‍ത്താലും
എനിക്കേറ്റം പ്രിയമെഴുന്ന വിഷുച്ചിത്രമെഴുതുന്ന –
മണിമേടക്കണിയായി നീയണഞ്ഞാലും ,
കിഴക്കുപൂക്കും കുന്നിന്റെ നിറുകയില്‍ പൊന്നുപൂശാന്‍
കസവുതാലവുമായി ഒരുങ്ങിയെത്തൂ .
മധുരിക്കും സ്മൃതികള്‍ തന് കണിക്കൊന്ന വിരിയിച്ചു
മനസ്സിലും പൂക്കണിയായ് പൂത്തുനില്പ്പൂ നീ .
മേടരാവേ, പുലരിയില്‍ നീ കണിവെച്ചൊരുക്കുന്ന
മോഹനമാം കാഴ്ച്ചയിലെന് കണ്കുളിരട്ടെ !
നീ തരുന്ന കൈനീട്ടമാം വെള്ളിനാണ്യക്കിലുക്കങ്ങള്
കാതിലെങ്ങും ഇമ്പമായിമുഴങ്ങി നില്ക്കട്ടെ