വാർദ്ധക്യപർവം

വന്നുവല്ലോ നീയെന്നെക്കാണുവാ, നുരിയാടാന്‍!
നന്ദിയോതുന്നേന്‍ നാണൂ നിനക്കും നിന്‍ പുത്രനും !
ഭൂമിയിലേറ്റം ഭാഗ്യമുള്ളവന്‍ ഞാനെന്നത്രെ
ഹാ മനക്കോട്ട പടുത്തുയര്‍ത്തീയൊരിക്കല്‍ ഞാന്‍!’
പോയ കാലത്തിന്നോരോ വേളകള്‍ മനസ്സിലേ –
ക്കോടിയെത്തുന്നു; മേനോന്‍ ഓര്‍ത്തെടുക്കുന്നു വീണ്ടും:
‘അന്നൊക്കെ പഠിക്കുവാനെന്റെ കുട്ടികള്‍ നാലും
പിന്നിലായിരുന്നി,ല്ലെന്‍ ധനവും തുണച്ചേറെ .
രണ്ടുപേര്‍ ഡോക്ടര്‍, നടുക്കുളളവരെന്‍ജിനീയര്‍;
കണ്ടു ഞാന്‍ സ്വയം മറ,ന്നാത്മനിര്‍വൃതികൊണ്ടു!
നാളെതന്‍ അദൃശ്യമാം പാഴിരുളറിയാതെ
നേടിയെല്ലാമെന്നപ്പോള്‍ നിനച്ചൂ , ഞാനാം മൂഢന്‍!
മക്കളോരോന്നായ് വാഴ് വിന്നര്‍ത്ഥ, മഴകും തേടി,
ഒക്കെയും പറന്നോരോ ദിക്കിലായ് ചേക്കേറവേ
ജീവിതാസ്തമയത്തിലൊറ്റയായ് ഞങ്ങള്‍; സ്വയം
ജീവപര്യന്തം ശിക്ഷ വരിച്ച രണ്ടാത്മാക്കള്‍!
പിഴച്ചോ എനി ക്കില്ലില്ലവര്‍തന്നുയര്‍ച്ചയൊ-
ന്നൊഴിച്ചില്ലല്ലോ വേറെ സ്വപ്‌നവുമാഹ്‌ളാദവും !

ഓര്‍മ്മയുണ്ടിന്നെന്നപോല്‍ നിന്റെ പ്രാരാബ്ധങ്ങ; ള-
ന്നോരോ പകലും രാവും മുട്ടിക്കാന്‍ ക്ലേശിച്ചെത്ര!
എങ്കിലും അയല്‍ക്കാരനെന്നോടും കൈനീട്ടാതെ,
സങ്കടം പുറത്തൊന്നും കാട്ടാതെ തുഴഞ്ഞു നീ .
മൂത്തവന്‍ വില്ലേജാപ്പീസ്‌ക്ലാര്‍, ക്കവനടുത്തല്ലീ
മൂന്നാമന്‍ കൃഷിയുമായൊപ്പമുണ്ടെന്നോ ചൊല്ലി?
ദൂരെയല്ലല്ലോ വാസം മകളും; നിനയ്ക്കുകില്‍
വേറെയെന്തിനി വേണ്ടൂ,സ്വാസ്ഥ്യമോടുള്‍ക്കണ്‍ പൂട്ടാന്‍!
വന്നല്ലോ കാണാനായിട്ടിത്രയും ദൂരം താണ്ടി;
നന്ദിയെന്‍ ചങ്ങാതീ, നീ എത്രയും പുണ്യംചെയ്‌തോന്‍ !’

ഇനിയും കാണാ, മിപ്പോള്‍ യാത്രയാകട്ടെ ‘ – നാണു
മകനോടൊപ്പം പടിക്കെട്ടുകളിറങ്ങവേ
ഹൃദയം തേങ്ങീ മേനോന്‍ നോക്കിനില്ക്കുന്നു, വൃദ്ധ-
സദനം നിര്‍വ്വികാരം സാക്ഷിയായ് നില്പൂ പിന്നില്‍!

Author

Scroll to top
Close
Browse Categories