ലാൻഡ് മാർക്കുകൾ

ഒറ്റ നിറമായിരുന്നു.
അപ്രതീക്ഷിതമായൊന്നും
സംഭവിക്കാത്ത ചൂണ്ടുപലകകളായിരുന്നു.
പച്ചപ്പുകള്‍ കോര്‍ത്തിണക്കി
ഹൃദയ താളം കൈവിടാതെ
പിടികൂടുമായിരുന്നു.
അര്‍ബേനിയന്‍ പുതപ്പണിഞ്ഞ്,
നെഞ്ചിലഗ്‌നികണം
വിടര്‍ത്തിയെത്തിയാലും.
നീരറ്റു വീണ സ്ഥാര്‍ത്ഥ മോഹങ്ങള്‍
വിലാപ കതിര്‍മണി കൊഴിച്ചാലും.
ഉപേക്ഷയുടെ ദാഹമിറ്റു വീണ –
ഹൃദയ കവാടങ്ങള്‍ തുറന്നില്ലെങ്കിലും,
ഓര്‍ത്തു വെയ്ക്കാനൊരിടമുണ്ടായിരുന്നു.
നിറങ്ങള്‍ നോക്കി പറയാത്ത
തെളിനീര്‍ തുള്ളികള്‍ പോലെ,
മഴവില്ലുപോലെയല്ലാതെ
നിറം മാറിയത്.
മിഴികളിലിപ്പോള്‍
വേറിട്ടു നില്‍ക്കുന്നത്
സ്വപ്‌നങ്ങള്‍ക്കുമേറെയകലെയാണ്….
ഇത്രത്തോളം വഴി തിരിച്ച്
അവസ്ഥാന്തരങ്ങളില്ലാത്ത
മറുകരയാക്കുവാനല്ലാതെ,
മയില്‍ പീലി തുണ്ടില്ലാതെ,
ഹൃദയ രേണുവിന്‍
നിലാപൊയ്കയില്ലാതെ,
ഇത്രവേഗം കവര്‍ന്നെടുത്ത് പോയത്
നൂറ് നൂറ് സൂക്ഷിപ്പുകളുടെ
ഫോസിലുകളെയാണ്.
വഴി തിരിച്ച് വിടാനെങ്കില്‍
ഇനിയെന്തിനിവിടെ തിരയണം നിങ്ങളെ .
ഒറ്റയടിപ്പാത അറിയാനാകാതെ
അസ്ഥിമാടങ്ങളിലേക്കു പോലും
കൂട്ടില്ലാതെ,
ഏകനിറവാതിലുകള്‍
സ്വപ്‌നങ്ങളാകുന്നു.
ഇനിയെനിക്കാവില്ല,
തീ മഷിപാടുകള്‍ പടരുന്നൊരീ-
തിരയിളക്കത്തിലേകനാകാന്‍.
ഞാനിവിടെയിരുന്നു കൊള്ളട്ടെ
നാട്ടുവഴി പച്ചയറിയാതെ.

Author

Scroll to top
Close
Browse Categories